പരിശുദ്ധ സുറിയാനി ഓർത്തഡോക്സ് സഭയിലെ നോമ്പുകളിൽ മുഖ്യമായത് നിനുവെ നോമ്പും (മൂന്നു നോമ്പ്) വലിയ നോമ്പുമാണ്. കാരണം ഈ രണ്ടു നോമ്പുകളിൽ പ്രത്യേക പ്രാർത്ഥനകളും ഉപവാസവും അടങ്ങിയിരിക്കുന്നു. വലിയനോമ്പിലെ ശനിയും ഞായറും ഒഴിച്ചുള്ള ദിവസങ്ങളിൽ മാത്രമേ നോമ്പിലെ നമസ്കാരം ഉപയോഗിക്കുന്നുള്ളൂ.
ശനിയാഴ്ച അതിന്റെ ശഹീമോ നമസ്കാരവും ഞായറാഴ്ച അതിന്റെതായ നമസ്കാരവും നടത്തുന്നു. ശനിയും ഞായറും ഉപവാസ ദിവങ്ങളല്ലാത്തതുകൊണ്ട് അന്ന് വിശുദ്ധ കുർബ്ബാനയർപ്പിക്കാം.
യാമപ്രാർത്ഥനകൾ ഏഴുയാമങ്ങളിലായി നടത്താവുന്നതാണെങ്കിലും അതാതു യാമങ്ങളിൽ നടത്തുന്നത് എല്ലാവർക്കും അസൗകര്യമായതുകൊണ്ട് സാധാരണ പ്രാർത്ഥന രണ്ടു യാമങ്ങളിലായിട്ടാണല്ലോ നിർവ്വഹിക്കുന്നത്. എന്നാൽ നോമ്പിന്റെ നമസ്കാരം സാധാരണയായി മൂന്നുനേരമായി നടത്തുന്നു. അതായത് സന്ധ്യയും സൂത്താറയും സന്ധ്യയ്ക്കും, രാത്രിയും പ്രഭാതവും പ്രഭാതത്തിലും, മൂന്നാം മണി ആറാം മണി ഒമ്പതാം മണി ഇവ ഉച്ചയ്ക്കുമായി നടത്തുന്നു. (സന്ധ്യാപ്രാർത്ഥന ഉച്ചയ്ക്കു ശേഷം മൂന്നു മണിക്ക് നടത്തി സൂത്താറാ മാത്രം സന്ധ്യയിൽ നടത്തുന്നതായിരുന്നു പഴയ നടപടി. മഞ്ഞനിക്കര ദയറായിൽ ഇപ്പോഴും ഈ രീതി തുടരുന്നു).
സാധാരണ നമസ്കാരത്തിന്റെ ഘടനയിൽനിന്നും നോമ്പിലെ നമസ്കാരത്തിന് ചില വ്യത്യാസങ്ങളുണ്ട്. സന്ധ്യയുടെയും പ്രഭാതത്തിന്റെയും ഏവൻഗേലിയോൻ പ്രാർത്ഥനയുടെ അവസാനമുള്ള ബോറൂസോ കഴിഞ്ഞിട്ടാണ് വായിക്കുന്നത്. പ്രഭാത നമസ്കാരത്തിന്റെ അവസാനം പ്രത്യേകമായി നോമ്പിലെ
പ്രഭാത സ്തുതിപ്പുമുണ്ട്. അതുകഴിഞ്ഞ് സാധരണ പ്രഭാത സ്തുതിപ്പിന്റെ ആദ്യ വാചകം മൂന്നു പ്രാവശ്യം ചൊല്ലി കുമ്പിടുന്നു. ശേഷം കൗമാ ചൊല്ലി അവസാനിപ്പിക്കുന്നു. ഞായറാഴ്ച കഴിഞ്ഞുവരുന്ന സന്ധ്യയിൽ ഏവൻഗേലിയോൻ വായനയില്ല. തിങ്കളാഴ്ച്ച സൂത്താറാ പ്രാർത്ഥനയുടെ ആരംഭത്തിൽ 'ഉന്നതങ്ങളിൽ ദൈവത്തിനു സ്തുതിയും' എന്നത് ചൊല്ലി മൂന്നു പ്രാവശ്യം കുമ്പിട്ടശേഷം നാലാം മസമൂറ ചൊല്ലുന്നു. നോമ്പിന്റെ മറ്റു ദിവസങ്ങളിൽ ഇതിന്റെ ആവശ്യമില്ല. മോർ അഫ്രേമിന്റെ മെമ്രായും നോമ്പിൽ ഉപയോഗിക്കുവാൻ വേണ്ടി മാത്രമായി കുറച്ചു ഭാഗങ്ങൾകൂടി കൂട്ടിച്ചേർത്തിരിക്കുന്നു. വിശ്വാസപ്രമാണത്തിന്റെ അവസാനം സാധാരണപോലെ കുക്കിലിയോനുകളും ഹൂത്തോമോയും ചൊല്ലി അവസാനിപ്പിക്കുന്നു. പ്രഭാത പ്രാർത്ഥനയിൽ പഴമ വായനയും ശ്ലീഹാ വായനയും ഏവൻഗേലിയോനും ബോവൂസോക്കുശേഷം വായിക്കുന്നു. പ്രഭാത നമസ്കാരത്തിന്റെ അവസാനം വിശ്വാസപ്രമാണം കുക്കിലിയോനുകൾ ഹൂത്തോമ്മോയും ചൊല്ലി അവസാനിപ്പിക്കുന്നു. ഒമ്പതാം മണി നമസ്കാരത്തിന്റെ അവസാനം മോർ സേവേറിയോസിന്റെ മാനീസോ ചൊല്ലുകയും ശേഷം കൗമായും വിശ്വാസപ്രമാണവും നാല്പതു കുമ്പിടീലും നിർവ്വഹിക്കുകയും ചെയ്യുന്നു.
നിനവെ നോമ്പ് (മൂന്നു നോമ്പ്) വീടുന്ന ബുധനാഴ്ച നോമ്പുമുറയ്ക്കുള്ള ഉച്ചനമസ്കാരം വരെ നടത്തി നാല്പതു കുമ്പിടീലും തീർത്തശേഷം വിശുദ്ധ കുർബ്ബാന അർപ്പിച്ച് മൂന്ന് നോമ്പ് അവസാനിപ്പിക്കുന്നു. എങ്കിലും ചിലയിടത്ത് ബുധനാഴ്ച്ച നമസ്കാരം തീർത്ത് വ്യാഴാഴ്ച യൗനാ നബിയുടെ ഓർമ്മയുടെ കുർബ്ബാനയർപ്പിച്ച് നോമ്പ് അവസാനിപ്പിക്കുന്നു. വലിയനോമ്പിലും പാതിനോമ്പിലും നാല്പതാം വെള്ളിയാഴ്ചയും നോമ്പിന്റെ പ്രാർത്ഥനകൾ പൂർത്തീകരിച്ചതിനു ശേഷം വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നു. ആ ദിവസങ്ങളിൽ രാത്രി പ്രാർത്ഥനയുടെ ഹാലേലുയ്യാ! ഹാലേലുയ്യാ! ഹാലേലുയ്യാ! ദൈവമേ! നിനക്കുസ്തുതി... കഴിഞ്ഞ് നാം ദൈവത്തിന്റെ മക്കളായി തീരുവാൻ,
മാവൂർബോ, 132-ാം മസമൂറാ, എനിയോനോകൾ എന്നിവ ചൊല്ലണം. നിനുവെ നോമ്പിൽ മായൽത്തോ പെരുന്നാളും വലിയനോമ്പിൽ സൂബോറൊ (മാർച്ച് 25 ന് വചനിപ്പ് പെരുന്നാളും, മാർച്ച് 9ന് നാല്പതു സഹദേന്മാരുടെ ഓർമ്മയും / മാർച്ച് 14ന് മുമ്പുള്ള ഞായറാഴ്ചയാണ് സാധാരണയായി നാല്പതു സഹദേന്മാരുടെ ഓർമ്മ പലയിടത്തും നടത്താറുള്ളത്) വന്നാൽ വന്നാൽ ആ ദിവസങ്ങളിൽ നോമ്പിന്റെ പ്രാർത്ഥന ഉപയോഗിക്കേണ്ട. പകരം പെരുന്നാളിന്റെ നമസ്കാരം ഉപയോഗിക്കുന്നു. വിശുദ്ധ കുർബ്ബാനയുള്ള ദിവസങ്ങളിൽ നാല്പത് കുമ്പിടീലില്ല.