Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.

[സുറിയാനി ഓർത്തഡോക്സ് സഭയിലെ പണ്ഡിതരായ വ്യക്തികളോ വൈദികരോ ഈ ലേഖനം നന്നായി വായിച്ച് ആവശ്യമായ തിരുത്തലുകൾ ചൂണ്ടിക്കാട്ടിയാൽ അവ തിരുത്താവുന്നതാണ്].

സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശുദ്ധ കുർബാനയർപ്പണത്തിന്റെ സമയം സംബന്ധിച്ച് ചിലരിലെങ്കിലും ആശയക്കുഴപ്പം വരാറുണ്ട്. പ്രത്യേകിച്ചും യൽദോ, പെസഹാ, ഉയിർപ്പ്, ദുഃഖശനി തുടങ്ങിയ ദിവസങ്ങളിലും ഏതെങ്കിലും സാഹചര്യത്തിൽ സന്ധ്യയ്ക്ക് വിശുദ്ധ കുർബാനയർപ്പിക്കേണ്ടി വരുമ്പോഴും.

അതുപോലെതന്നെ എടുത്തു പറയേണ്ടുന്ന ഒരു മറ്റൊരു കാര്യമാണ് വിശുദ്ധ കുർബാനയോട് അനുബന്ധമായി നടത്തേണ്ടുന്ന കൂദാശകളും മാറാനായപ്പെരുന്നാളുകളും എപ്പോൾ വേണമെന്നതും.

യൂദന്മാരുടെ രാത്രി പ്രാർത്ഥന മൂന്നു ഘട്ടമായിട്ടായിരുന്നു. ഇതാണ് കർത്താവ് ഗത്സീമോൻൽ ചെയ്തത്. നമ്മുടെ രാത്രി പ്രാർത്ഥന ഇതിന്റെ അനുകരണമാണ്. പക്ഷേ, നമുക്ക് മൂന്നു ഘട്ടം കഴിഞ്ഞു നാലാമത്തെ ഘട്ടം കൂടിയുണ്ട്. അതിനു കാരണം മൂന്നു ഘട്ടം കഴിഞ്ഞ് നമ്മുടെ കർത്താവ് ചുംബനം മൂലം ഒറ്റി കൊടുക്കപ്പെട്ടു, പടയാളികളാൽ ബന്ധിക്കപ്പെട്ടു. ഇതാണ് ക്രൂശിലെ ബലിയുടെ തുടക്കം. ഇത് തന്നെയാണ് മേശയിലെ ബലിയുടെ തുടക്കവും

അതുകൊണ്ട് മൂന്നാം ഘട്ടം കഴിഞ്ഞു നാലാം ഘട്ടം നമ്മൾ ദൈവത്തിന് (ഹാലേലുയ്യാ) സ്തുതി പറയുന്നു. പിന്നീട് പരസ്പരം സമാധാനം പറഞ്ഞു ചുംബിക്കുന്നു. ഈ സമയം ദേവാലയ മറ തുറക്കപ്പെടുന്നു. ബലിയർപ്പിക്കാനുള്ള പുരോഹിതൻ ബലിപീഠത്തോടും സഭയോടും ശുബ്ക്കോനോ ചോദിക്കുന്നു.

എങ്കിലും പലപ്പോഴും തങ്ങൾ പരിശീലിച്ചതിന് വിപരീതമായി അവരവർ ശുശ്രൂഷിക്കുന്ന ഇടവകയുടെ രീതികളോ, മറ്റാരെങ്കിലും ചെയ്യുന്നത് അനുകരിച്ചോ ചെയ്യുന്നതുമൂലം നടപടി ക്രമത്തിനെതിരുമാകും, ഇത്തരം സമയക്രമീകരണങ്ങളുടെ ഏകീകരണ സ്വഭാവവും നഷ്ടമാകും എന്നതിന് രണ്ടു പക്ഷമില്ല.

സമയ ക്രമീകരണം എപ്പോൾ? എങ്ങനെ?

എപ്പോൾ, എങ്ങനെ വിശുദ്ധ കുർബാനയർപ്പിക്കണമെന്ന് ചിന്തിക്കുമ്പോൾത്തന്നെ ആദ്യമേ ചില സംശയങ്ങൾ മനസ്സിൽ വരുന്നു. അവയിൽ ചിലത് എഴുതുന്നു.

യൽദോ, പെസഹാ, ക്യംതാ എന്നീ ദിവസങ്ങളിൽ രാത്രി പ്രാർത്ഥന കഴിയുമ്പോൾ വിശുദ്ധ കുർബാനയ്ക്കു (തൂയോബോ നടത്താൻ) കയറുന്ന രീതി പലപ്പോഴും കണ്ടുവരുന്നു. അപ്പോൾ എനിക്കുണ്ടായ രണ്ടു സംശയങ്ങളും അതിനുള്ള കാരണങ്ങളും ഉന്നയിക്കുന്നു.

1. ജനനപ്പെരുന്നാളിൽ (യൽദോ) രാത്രി പ്രാർത്ഥനയ്ക്കുശേഷം വിശുദ്ധ കുർബാനയ്ക്കു കയറുമ്പോൾ തൂയോബോ നടത്തുവാൻ സമയം ലഭിക്കുമോ?

2. ആറാം മണിയുടെ പ്രാർത്ഥന പൂർത്തീകരിക്കാതെ വിശുദ്ധ കുർബാന അർപ്പിക്കാനാകുമോ?

സംശയമുണ്ടാകുവാനുള്ള കാരണങ്ങൾ:-

സൂത്താറായ്ക്കു ശേഷം തിരശ്ശീലയിട്ടാൽ രാത്രി പ്രാർത്ഥനയുടെ ഹല്ലേലുയ്യായ്ക്കാണ് തിരശ്ശീല മാറ്റുന്നത്. അതുവരെയുള്ള സമയത്ത് വിശുദ്ധ മദ്ബഹയിലേക്ക് ആരും പ്രവേശിക്കുവാൻ പാടില്ല. യൽദോയ്ക്ക് രാത്രി നമസ്ക്കാരത്തിൻ്റെ ഹല്ലേലുയ്യാ കഴിയുമ്പോൾത്തന്നെയാണ് പ്രദക്ഷിണവും തീജ്വാല ശുശ്രൂഷയും നടക്കുന്നത്. അതിനുശേഷം ഉടനേതന്നെ കാർമ്മികൻ വിശുദ്ധ കുർബാനയ്ക്കു കയറുന്നു. വിശുദ്ധ കുർബാനയിൽ ഓർക്കേണ്ടവരുടെ പേരുകൾകൂടി ഓർത്തുകൊണ്ട് തൂയോബോയുടെ ചെറിയ ക്രമം പൂർത്തിയാക്കണമെങ്കിൽ ചുരുങ്ങിയത് 25 മിനിറ്റ് സമയമെങ്കിലും വേണ്ടി വരില്ലേ? അപ്പോൾ തൂയോബോ നടത്തുന്നത് എപ്പോഴാണ്? അതോ തൂയോബോ ഇല്ലാതെയാണോ അന്ന് വിശുദ്ധ കുർബാനയിലേക്ക് പ്രവേശിക്കുന്നത്? (മറ്റുള്ള ദിവസങ്ങളിൽ പുരോഹിതൻ, തൂയോബോയ്ക്കു കയറിയതിനു ശേഷവും, നമസ്ക്കാരമേശയിൽ നിന്നുകൊണ്ട് വേറെ പുരോഹിതൻ്റെയോ ശെമ്മാശൻ്റെയോ ശുശ്രൂഷക്കാരുടെയോ നേതൃത്വത്തിൽ യാമപ്രാർത്ഥനകൾ പൂർത്തീകരിക്കുന്നു. തുടർന്ന് പഴമ വായന നടന്നുന്നു. അതിനു ശേഷം ''വെളിവുനിറഞ്ഞോരീശോ!..." തുടങ്ങിയ ഗീതങ്ങൾ പാടുന്നു. ഈ സമയങ്ങളിൽ തൂയോബോ നടത്തുകയാണല്ലോ പതിവുരീതി).

എങ്കിലും പരിശുദ്ധ സുറിയാനി സഭയിൽ പ്രധാനമായും രണ്ട് സമയങ്ങളിലാണ് വിശുദ്ധ കുർബാന അർപ്പിക്കുവാൻ നിലവിൽ അനുവാദമുള്ളത്.

1) സന്ധ്യയ്ക്കും പാതിരാത്രിക്കുമിടയിൽ. (പരിശുദ്ധ സുന്നഹദോസിന്റെ കല്പന പ്രകാരം).

2) പാതിരാത്രിക്കും ആറാം മണിക്കുമിടയിൽ.

മൂന്നാമത് ഒരു സമയക്രമമുള്ളത് നോമ്പുകൾ പൂർത്തിയാക്കുമ്പോൾ ദയറാക്കാർ ആറാം മണിക്കും ഒമ്പതാം മണിക്കുമിടയിൽ വിശുദ്ധ കുർബാനയർപ്പിക്കുന്നു. നോമ്പിൽ വിശുദ്ധ കുർബാനയില്ലാത്തതിനാൽ ഹൂദായ കാനോനിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം 'റ് ശോം കോസോ' എന്നൊരു ക്രമവുമുണ്ട്. നോമ്പുകാലങ്ങളിൽ ഉച്ചവരെ ഉപവാസം കഴിഞ്ഞശേഷം വിശുദ്ധ കുർബാന അനുഭവിച്ചിട്ടുവേണം ഭക്ഷണം കഴിക്കാൻ എന്നൊരു നടപടി ദയറാക്കാർക്കുണ്ട്. വിശുദ്ധ കുർബാന അനുഭവിക്കണമെന്നുണ്ടെങ്കിൽ അന്ന് കുർബാന ചൊല്ലണം. നോമ്പിൽ കുർബാനയില്ലല്ലോ. അപ്പോൾ അങ്ങനെയുള്ള ദിവസങ്ങളിലേക്ക് മാത്രമുള്ള ഒരു ക്രമം അന്ത്യോഖ്യയുടെ മോർ സേവേറിയോസ് എഴുതിയിട്ടുണ്ട്. "റ് ശോം കോസോ" അഥവാ "കാസായുടെ ശുദ്ധീകരണം" എന്നാണ് അതിന്റെയർത്ഥം. വാഴ്ത്തപ്പെട്ട അഥവാ, തിരുശരീരമാക്കപ്പെട്ട അപ്പം കൊണ്ട് കാസായ ശുദ്ധീകരിക്കുന്നു എന്നതാണ്. വിശുദ്ധ കുർബാനയിലെപ്പോലെ ഈ ക്രമത്തിൽ പ്രുമിയോനും സെദ്റകളുമൊക്കെ അടങ്ങിയിട്ടുണ്ട്. എന്നാൽ ''ബാറക് കാദേശ്'' മാത്രം ഈ അപ്പം കൊണ്ടാണ് ചെയ്യുന്നത്. അതുപോലെതന്നെ അപ്പം കൊണ്ടാണ് "ക്രൊയ്ത്തുദ് റൂഹോ" ചെയ്യുന്നതും. സാധാരണ വിശുദ്ധ കുർബാനയിലെപ്പോലെ (ദിയാഫ്തുക്കെ) തുബ്ദേനുകളില്ല. ശീമ രാജ്യങ്ങളിലെ ദയറാകളിൽ ഈ ക്രമം ഉപയോഗിച്ച് വിശുദ്ധ കുർബാന ചൊല്ലിയതിന് ശേഷമാണ് വലിയ നോമ്പിലെ ദിവസങ്ങളിൽ അവർ കുർബാന അനുഭവിക്കുന്നത്. ഇംഗ്ലീഷിലും സുറിയാനിയിലുള്ള ഈ ക്രമത്തിന്റെ മലയാള പരിഭാഷ മലങ്കരയിലുമുണ്ട്. എങ്കിലും പഠനാവശ്യത്തിനല്ലാതെ അത് മലങ്കരയിൽ നിലവിൽ ഉപയോഗിക്കുന്നില്ലെന്ന് മാത്രം.

ഇതിൽ ഒന്നാം രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ പാതിരാത്രിവരെയുള്ള നമസ്കാരം പൂർത്തിയായിരിക്കണം. (വളരെ അത്യാവശ്യം പരിഗണിച്ച് വിദേശരാജ്യങ്ങളിലും മറ്റു ചില സ്ഥലങ്ങളിലെ പ്രത്യേക സാഹചര്യങ്ങളിലേക്കുമായി ഒരു താൽക്കാലിക അനുവാദം മാത്രമാണ്. പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന്റെ തീരുമാനപ്രകാരമുള്ളതാണ് ഈ രീതി).

രണ്ടാം രീതിയിലുള്ളത് അർപ്പിക്കുമ്പോൾ ആറാം മണിവരെയുള്ള നമസ്കാരം പൂർത്തിയാക്കണം. (ഇതാണ് സുറിയാനി സഭയുടെ പാരമ്പര്യം).

പ്രാദേശിക സഭകളിൽ പെരുന്നാൾ കാലങ്ങളിൽ ഏത് സമയക്രമം വേണമെന്ന് തീരുമാനം എടുക്കേണ്ടത് പ്രാദേശിക സുന്നഹദോസുകളാണ്.

ഇതുപോലെ സന്ധ്യയ്ക്കു ശേഷമുള്ള വിശുദ്ധ കുർബാന പാതിരാത്രി നമസ്കാരം കഴിഞ്ഞും, പകൽ കുർബാന ആറാം മണിവരെ പൂർത്തീകരിച്ചതിനുശേഷവും അർപ്പിക്കുന്നു. അങ്ങനെ വരുമ്പോൾ പാതിരാത്രിയാണ് രണ്ട് സമയക്രമങ്ങളുടെയും അതിർത്തി.

മൂന്നാം രീതിയിലുള്ളത് നോമ്പ് അഴിക്കാനാണ്. ഒമ്പതാം മണിവരെ പൂർത്തിയാക്കി വിശുദ്ധ കുർബാന അർപ്പിക്കാം. (ദുഃഖ ശനി, നിനുവേ നോമ്പിന്റെ ബുധനാഴ്ച എന്നീ ദിവസങ്ങളിൽ ഉച്ചയ്ക്കു കുർബാന ചൊല്ലുന്നു).

ഈ സമയക്രമത്തെ ദയറാകളിൽ ഒന്നിടവിട്ടുള്ള അനുതാപത്തിന്റെ 7 മസുമൂർ ചൊല്ലുന്ന രീതിയോട് ഉപമിക്കാം.

ആദ്യ ദിവസം ഒന്നാമത്തെയും രണ്ടമത്തെയും മൂന്നാമത്തെയും നാലാമത്തെയും അനുതാപത്തിന്റെ മസുമൂറാകൾ, അടുത്ത ദിവസം നാലമത്തെയും അഞ്ചമത്തെയും ആറമത്തെയും ഏഴമത്തെയും അനുതാപ മസുമൂറാകൾ, പാതിരാത്രിയെ സൂചിപ്പിക്കുന്ന 51-ാം മസുമൂർ എല്ലാദിവസവും ആവർത്തിക്കുന്നു.

എങ്കിലും പാരമ്പര്യമായി പിൻതുടരുന്നതും, ആണ്ടു തക്സാകളുൾപ്പെടെയുള്ള ക്രമങ്ങൾക്കനുസൃതമായും ചിന്തിക്കുമ്പോൾ ഏറ്റവും അനുയോജ്യമായ രീതി എങ്ങനെയെന്നു പരിശോധിക്കാം.

കർത്താവിൻ്റെ ബലിയുടെ അത്യുന്നതമായ ഭാഗം എന്നു പറയുന്നത് ക്രൂശിലെ മരണമാണ്. ക്രൂശിക്കപ്പെടുന്നത് ആറാം മണിക്കാണ്. അതുകൊണ്ടാണ് ആറാം മണിയുടെ യാമപ്രാർത്ഥന പൂർത്തിയാക്കിക്കൊണ്ട് ആറാം മണിക്കും ഒമ്പതാം മണിക്കും ഇടയിലുള്ള സമയം വിശുദ്ധ കുർബാന നടത്തപ്പെടുന്നത്. എന്നാൽ രണ്ടു ദിവസങ്ങളിൽ മാത്രമാണ് ഇതിൽ നിന്നും വ്യത്യസ്ഥമായ രീതിയുള്ളത്. പെസഹായുടെ ദിവസം കർത്താവ് ക്രൂശിതനാകാത്തതിനാൽ മൂന്നാം മണി പ്രാർത്ഥനക്കു ശേഷം കുർബാന ആരംഭിക്കുന്നു. അറിയിപ്പിൻ്റെ ശനിയാഴ്ച കർത്താവിൻ്റെ പാതാള പ്രവേശനത്തിൻ്റെ ദിവസമാണ്. ഒമ്പതാം മണിക്ക് കർത്താവ് മരിച്ചതിൻ്റെ ശേഷമാണ് പാതാള പ്രവേശനത്തിൻ്റെ സമയം. അതുകൊണ്ട് ഒമ്പതാം മണിയുടെ പ്രാർത്ഥനയ്ക്കു ശേഷം വിശുദ്ധ കുർബാന ആരംഭിക്കുന്നു.

നമ്മുടെ ആരാധനകളെല്ലാം യേശുവിൻ്റെ ജീവിതത്തോട് ബന്ധപ്പെട്ടതല്ലേ?

ജനനം, പെസഹാ, ഉയിർപ്പ് എന്നിവ മൂന്നും രാത്രിയിലായതിനാൽ ആ ദിവസങ്ങളിലെ കുർബാനകൾ പാതിരാത്രിയിൽ തുടങ്ങി പ്രഭാതത്തിൽ പൂർത്തിയാകുന്ന രീതിയിൽ നടത്തുന്നു.

നമ്മുടെ രക്ഷയുടേയും ക്രൈസ്തവ ജീവിതത്തിൻ്റേയും അടിസ്ഥാനം, കർത്താവിൻ്റെ ജീവിതവും ബലിയുമായതുകൊണ്ട് അതിനോട് ബന്ധപ്പെട്ട കാര്യങ്ങൾക്കൊന്നും മാറ്റം വരുത്താതെ, അതിശ്രേഷ്ഠരായ നമ്മുടെ പൂർവ്വീകപിതാക്കന്മാർ പരിശുദ്ധാത്മ നടത്തിപ്പിൻപ്രകാരം ക്രമീകരിച്ചിരിക്കുന്ന യാമപ്രാർത്ഥനകളും തൂയോബോയും പൂർത്തീകരിച്ചതിനു ശേഷം മാത്രം വിശുദ്ധ കുർബാന ചൊല്ലുന്ന രീതിതന്നെ പിൻതുടരുന്നതല്ലേ നല്ലത്?

യേശുക്രിസ്തുവിൻ്റെ ജനനവും, പരസ്യ ശുശ്രൂഷയും, മരണവും, ഉയിർപ്പും എല്ലാമെല്ലാം തിരുവെഴുത്തുകളിൻ പ്രകാരംതന്നെ ആയതിനാൽ അതുമായി ബന്ധപ്പെട്ട് നമ്മൾ നടത്തുന്ന ആരാധനാ സംവിധാനങ്ങൾക്ക് നമ്മുടെ താല്പര്യപ്രകാരം മാറ്റം വരുത്തുന്നത് യുക്തിയോ ഭൂഷണമോ ആണോ? മറ്റേതെങ്കിലും മതസ്ഥർ, വിശ്വാസികളുടെ സൗകര്യം നോക്കി അവരുടെ ആരാധനാ ആചരങ്ങൾക്ക് മാറ്റം വരുത്തുന്നതായി കണ്ടിട്ടില്ല. നമുക്കു മാത്രം എന്താ ഇങ്ങനെ?

സമയ പരിഷ്‌കരണം-ഒരു പുനർവിചിന്തനം.

സ്തുതിചൊവ്വാക്കപ്പെട്ട പരിശുദ്ധ സുറിയാനി ഓർത്തഡോക്സ് സഭയിൽ പരിശുദ്ധാത്മ പ്രചോദിതരായി പൂർവ്വപിതാക്കന്മാർ ക്രമീകരിച്ച് നൂറ്റാണ്ടുകളായി ആചരിച്ചു വന്നിരുന്ന, നമ്മുടെ കർത്താവിൻ്റെ ജനനം, പെസഹാ, ഉയിർപ്പ് എന്നീ പെരുന്നാളുകൾ കുറച്ചുനാളുകളായി സന്ധ്യാസമയത്തു നടത്തുന്ന പുതിയ രീതി മാറ്റി താഴെപ്പറയുന്ന കാരണങ്ങൾ പരിഗണിച്ച് അതാതു ദിവസം പാതിരാത്രി 3 മണി കഴിഞ്ഞ് പുലർച്ചെ ആരംഭിക്കുന്നതിനുവേണ്ട ക്രമീകരണം ചെയ്യുന്നതു നല്ലതായിരിക്കുമെന്ന് അഭിപ്രായപ്പെടുന്നു.

നമ്മുടെ കർത്താവ് ഉയിർത്തെഴുന്നേറ്റത് ആഴ്ച്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെയാണ്. (വി.മർക്കോസ് 16:9). പെരുന്നാൾ തലേദിവസം, പ്രത്യേകിച്ച് പെസഹായുടെ തലേന്ന്, വിശുദ്ധ കുമ്പസാരം/ഹൂസോയോ നടത്തുന്നതിനുള്ള അവസരം നഷ്ടപ്പെടുന്നു. പ്രായോഗികമായി വൈദികർക്കും ഇത് ബുദ്ധിമുട്ടാണ്. വിശ്വാസികൾ ശുശ്രൂഷകൾ കഴിഞ്ഞ് ഭവനങ്ങളിലേക്ക് രാത്രിയിൽ തിരികെ പോകുന്നത് എത്രത്തോളം സുരക്ഷിതമാണ്? ഈ ശുശ്രൂഷകളിലെ പ്രഭാത നമസ്ക്കാരങ്ങൾ എങ്ങനെ സന്ധ്യാ സമയത്ത് നടത്തുവാൻ കഴിയും? ഈ പെരുന്നാളുകളിൽ വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്നവർ മദ്ധ്യാഹ്ന സമയം മുതൽ ഉപവാസം എടുക്കേണ്ടിവരുന്നു. സന്ധ്യാആരാധന അനുവദനീയമെങ്കിൽ വിശുദ്ധ മാമോദീസ, വിവാഹം, വിശുദ്ധ കുർബ്ബാന തുടങ്ങിയവയും സന്ധ്യയ്ക്കു നടത്തുവാൻ അനുവാദമുണ്ടോ? വിശുദ്ധ കുർബ്ബാന സ്വീകരിച്ച് അല്പസമയം കഴിഞ്ഞ് പോയിക്കിടന്ന് ഉറങ്ങുന്നത് ശരിയാണോ? ഇത് പകൽ സമയത്തെങ്കിൽ അനുവദനീയമോ? ജനനം/പെസഹാ/ഉയിർപ്പു പെരുന്നാൾ ദിവസങ്ങളിൽ സന്ധ്യയെക്കാൾ പ്രഭാതത്തിലാണ് കാലാവസ്ഥ കൂടുതൽ അനകൂലം, അതിരാവിലെ ഇടിയും മഴയും ചുരുക്കമായേ ഉണ്ടാകാറുള്ളൂ. നമ്മുടെ പൂർവ്വീകർ വാഹനമോ നല്ല വഴികളോ ഇല്ലാതിരുന്നിട്ടും വെളുപ്പിന് ആരാധനയ്ക്ക് പള്ളിയിൽ കടന്നുവന്നിരുന്നു. നോമ്പു വീടേണ്ടുന്നത് സന്ധ്യയ്ക്കോ, പ്രഭാതത്തിലോ? ഉയിർപ്പു ശുശ്രൂഷ ശനിയാഴ്‌ച സന്ധ്യാസമയത്തു നടത്തുന്നതു മൂന്നാം ദിവസം ഉയിർത്തുവെന്നതു പ്രായോഗികമായി പിറ്റേദിവസമായും, ഉയിർപ്പു ഞായർ ഉയിർപ്പു ശനിയായും മാറുന്നു. അതുപോലെ പെസഹാ വ്യാഴം പെസഹാ ബുധനാഴ്ച്ചയായും മാറുന്നു. വ്യാപാരികൾക്ക് സന്ധ്യാ ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ സാധിക്കുന്നില്ല. വ്യാപാരസ്ഥാപനങ്ങൾ നടത്തുന്നവർക്ക് തൊഴിലാളികൾക്ക് ശമ്പളം കൊടുത്തശേഷം ഒരുങ്ങി സന്ധ്യയ്ക്കു പള്ളിയിൽ എത്തുന്നത് പ്രയാസമാണ്.  ഭവനങ്ങളിൽ വിശ്രമിക്കുന്ന രോഗികൾക്കും വൃദ്ധജനങ്ങൾക്കും രാത്രിയിൽ പെസഹാക്കുർബ്ബാന എത്തിച്ചു കൊടുക്കുന്നത് ബുദ്ധിമുട്ടാണ്. ശുശ്രൂഷകൾ സന്ധ്യയ്ക്കു നടത്തുന്നതുമൂലം അഭിവന്ദ്യ പിതാക്കന്മാരും വൈദികരും വിശ്വാസി സമൂഹവും ഈ വിശുദ്ധ ദിവസങ്ങളിൽ പ്രാർത്ഥനാനിരതരായിരിക്കുന്നതിനു പകരം ലൗകീക കാര്യങ്ങളിൽ വ്യാപൃതരാകുന്നു. പകലന്തിയോളം ലൗകീക കാര്യങ്ങളിൽ ഏർപ്പെട്ടതിനുശേഷം സന്ധ്യയ്ക്കു ശുശ്രൂഷയിൽ പങ്കെടുക്കുന്നത്, രാത്രി വിശ്രമത്തിനുശേഷം പ്രഭാതത്തിൽ ശുശ്രൂഷയിൽ പങ്കെടുക്കുന്നതിനോളം ഉചിതമല്ല. അതിരാവിലെ ഇരുട്ടുള്ളപ്പോഴാണ് മഗ്ദലനക്കാരത്തി മറിയയും മറ്റു സ്ത്രീകളും ഉയിർപ്പുദിവസം കർത്താവിൻ്റെ കബറിങ്കൽ എത്തിയത്. (വി. മത്തായി 28:1, മർക്കോസ് 16:2, 9, ലൂക്കോസ് 24:1, 22, യോഹന്നാൻ 20:1). പെസഹായ്ക്ക് രാത്രിയിൽ വിശുദ്ധ കുർബ്ബാന സ്വീകരിച്ച് അല്പസമയം കഴിഞ്ഞ് ഉറങ്ങുന്നതിനാൽ പിറ്റേദിവസം രാവിലെ പലരും കുർബ്ബാന സ്വീകരിച്ചകാര്യമേ മറന്നുപോയേക്കും. എന്നാൽ പ്രഭാതത്തിലാണ് വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്നതെങ്കിൽ വിശുദ്ധ കുമ്പസാരത്തിൽ എടുത്ത തീരുമാനങ്ങൾ പ്രാവർത്തികമാക്കുവാൻ ശ്രമിക്കും. സന്ധ്യാ ശുശ്രൂഷകൾ കഴിഞ്ഞ് വിശ്വാസികളെ രാത്രിയുടെ അന്ധകാരത്തിലേക്കു പറഞ്ഞുവിടുമ്പോൾ പ്രഭാത ശുശ്രൂഷകൾ കഴിഞ്ഞ് വിശ്വാസികളെ പകലിന്റെ വെളിച്ചത്തിലേക്കാണ് വിടുന്നത്. ഒരു വർഷത്തിൽ 3 പ്രാവശ്യം മാത്രമാണ് നമ്മുടെ കർത്താവിന്റെ നാമത്തിലുള്ള ശുശ്രൂഷകൾക്കായി വെളുപ്പിന് പള്ളിയിലേക്ക് പോകേണ്ടിവരുന്നത്. 'എന്നോടുകൂടി ഒരു നാഴിക ഉണർന്നിരിക്കുവാൻ കഴിയുകയില്ലേ?' എന്ന കർത്താവിൻ്റെ ചോദ്യം ഓർക്കുക. (വി.മത്തായി 26-40). ദൂരസ്ഥലങ്ങളിൽ താമസിക്കുന്നവർ ക്രിസ്‌തുമസ്, പെസഹാ, ഉയിർപ്പു ശുശ്രൂഷകൾക്കായി നാട്ടിലേക്കു വരുമ്പോൾ ഒന്നു വിശ്രമിക്കാൻപോലും അവസരം ലഭിക്കാതെ സന്ധ്യയ്ക്കുതന്നെ പള്ളിയിലേക്കു പോകുവാൻ നിർബ്ബന്ധിതരായിത്തീരുന്നു. വെളുപ്പിന് ഉണരുന്നത് കുട്ടികളുടെ മടിയും അലസതയും അകറ്റും. ഞായറാഴ്ച്ചകളുടെ ആരംഭമായ ഉയിർപ്പുഞായറാഴ്ച്ചയുടെ വിശുദ്ധ കുർബ്ബാന ശനിയാഴ്ച്ച സന്ധ്യയ്ക്കു നടത്തുന്നതിനാൽ, മറ്റെല്ലാ ഞായറാഴ്ച്ചകളിലെയും വിശുദ്ധ കുർബ്ബാനകൾ തലേ ശനിയാഴ്ച്ചകളിൽ സന്ധ്യയ്ക്കു നടത്തിയാല്പോരായോ എന്നു ചിന്തിക്കുന്നതിൽ തെറ്റുണ്ടോ? നോമ്പുവീടലിനുള്ള വിഭവങ്ങളൊരുക്കുന്ന സന്ധ്യാസമയത്ത് ശുശ്രൂഷയിൽ പങ്കെടുക്കുന്നതിനു പള്ളിയിൽ പോകേണ്ടിവരുന്നത് വീട്ടമ്മമാർക്കു തികച്ചും ബുദ്ധിമുട്ടാണ്. വിശുദ്ധ കുമ്പസാരം/ഹൂസോയോ പ്രാർത്ഥനയും വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്നതും തമ്മിലുള്ള സമയവ്യത്യാസം കൂടുതലായിത്തീരുന്നു. സാധാരണയായി വിശുദ്ധ കുർബ്ബാനയിൽ സംബന്ധിക്കുന്നതിൻ്റെ തലേദിവസം വൈകിട്ടോ, വിശുദ്ധ കുർബ്ബാന അർപ്പിക്കുന്ന പ്രഭാതത്തിലോ ആണ് വിശുദ്ധ കുമ്പസാരം/ഹൂസോയോ പ്രാർത്ഥന നടത്തുന്നതെന്നതിനാൽ മനസ്സ് മറ്റുകാര്യങ്ങളിലേക്കു പോകുന്നത് ഒഴിവാകുന്നു. സുറിയാനി സഭയിലെ പാരമ്പര്യമനുസരിച്ച് പ്രധാനപ്പെട്ട ആരാധനകൾ പ്രഭാതത്തിലാണ്, സന്ധ്യയ്ക്കല്ല നടത്തുന്നത്. അബ്രാഹാം അതികാലത്തു എഴുന്നേറ്റു ഹോമയാഗത്തിന്നു പുറപ്പെട്ടു. (ഉല്പത്തി 22:3). ഇയ്യോബ് നന്നാരാവിലെ എഴുന്നേറ്റു യാഗം കഴിച്ചു. (ഇയ്യോബ് 1:5). മുമ്പേ അവൻ്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ. (വി.മത്തായി 6:33). രാവിലത്തെ ആരാധനയെപ്പറ്റി കൂടുതൽ അറിയുവാൻ പുറപ്പാടു 24:4 (മോശെ അതികാലത്തു എഴുന്നേറ്റു), പുറപ്പാടു 34:2 (നീ രാവിലേ ഒരുങ്ങി രാവിലേതന്നേ സീനായി പർവ്വതത്തിൽ കയറി പർവ്വതത്തിന്റെ മുകളിൽ എൻ്റെ സന്നിധിയിൽ വരേണം), യോശുവ 6:12, 15 (യോശുവയും ജനവും അതികാലത്തെ എഴുന്നേറ്റു; ഏഴാം ദിവസമോ അവർ അതികാലത്തു അരുണോദയത്തിങ്കൽ എഴുന്നേറ്റു പട്ടണത്തെ ഏഴു പ്രാവശ്യം ചുറ്റി), ന്യായാധിപന്മാർ 21:4 (പിറ്റെന്നാൾ ജനം അതികാലത്തു എഴുന്നേറ്റു അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാന യാഗങ്ങളും അർപ്പിച്ചു). സങ്കീർത്തനങ്ങൾ 5:3 (യഹോവേ! രാവിലെ എൻ്റെ പ്രാർത്ഥന കേൾക്കേണമേ), സങ്കീ. 57:8, 59:16, 63:1, 108.2 (ഞാൻ അതികാലത്തെ ഉണരും), സങ്കീ 119:147 (ഞാൻ ഉദയത്തിനു മുമ്പേ എഴുന്നേറ്റു പ്രാർത്ഥിക്കുന്നു). സങ്കീ.143:8 (രാവിലെ നിൻ്റെ ദയ എന്നെ കേൾക്കുമാറാകേണമേ), വി.മർക്കോസ് 1:35, വി.ലൂക്കോസ് 21:38 (അതികാലത്തു ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്തുചെന്നു പ്രാർത്ഥിച്ചു) എന്നിവ വായിക്കുക. വിശുദ്ധ കുർബ്ബാന സന്ധ്യയ്ക്കു നടത്തിയാൽ വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നതിനുവേണ്ടി തലേന്നു സന്ധ്യയ്ക്കും രാത്രിയിലും നടത്തുവാനുള്ള പ്രാർത്ഥനകൾ എങ്ങനെ നടത്തുവാൻ കഴിയും? സുറിയാനി ഓർത്തഡോക്സ് സഭയിൽ ഒരു ദിവസം ആരംഭിക്കുന്നത് സന്ധ്യയ്ക്ക് 6 മണിക്കാണ്. (ലേവ്യപുസ്തകം 23:32). അതിനാൽ സന്ധ്യാ ആരാധനയിൽ പകൽ കുഴച്ചുവച്ച് ചുട്ടെടുത്ത അപ്പം (തലേദിവസത്തെ അപ്പം) സുറിയാനി കണക്കിൽ അടുത്ത ദിവസമാണ് ഉപയോഗിക്കുന്നത് എന്നു കാണാം. വിശുദ്ധ കുർബ്ബാനയപ്പം അതു പാചകം ചെയ്തെടുക്കുന്ന ദിവസംതന്നെ ഉപയോഗിക്കണം. (ഹൂദായ കാനോൻ 4:1). ഇനി ഈ പെരുന്നാളുകൾ വൈകിട്ടുതന്നെ തുടരുവാനാണെങ്കിൽ പെസഹാ ശുശ്രൂഷകൾ കർത്താവ് കുരിശിക്കപ്പെട്ടതിൻ്റെ തലേദിവസം, അതായത് വ്യാഴാഴ്ച്ച വൈകിട്ടല്ലേ നടത്തേണ്ടത്? ഏതെങ്കിലും പള്ളിയുടെ പെരുന്നാൾ വിശുദ്ധ കുർബ്ബാന തലേന്നു വൈകിട്ടു നടത്തുവാൻ തയ്യാറുണ്ടോ? അതിലും പ്രാധാന്യമേറിയതല്ലേ നമ്മുടെ കർത്താവിന്റെ ജനനം, പെസഹാ, ഉയിർപ്പ് എന്നീ പെരുന്നാളുകൾ? ഉയിർപ്പ് ശുശ്രൂഷയിൽ സ്ലീബാ മുത്തുമ്പോഴുള്ള ഈ പാട്ട് എങ്ങനെ രാത്രിയിൽ പാടും?

പ്രഭ നിശയെ ബന്ധിച്ചു പുലർകാലത്തിൽ പ്രഭയുദയം ചെയ്‌തതിനാലിരുൾ മായുന്നു മിശിഹായാം പൊൻപുലരി സ്തോത്രം സ്തോത്രം സ്തോത്രം തേ! താത വിശുദ്ധാത്മാവിന്നും.

നമ്മുടെ സൗകര്യാർത്ഥം ദനഹാ, പെന്തിക്കോസ്‌തി ശുശ്രൂഷകൾ തലേദിവസം നടത്താമോ? ജനുവരി 26, ആഗസ്റ്റ് 15 എന്നിവയുടെ ആഘോഷങ്ങൾ ഒരിക്കലും തലേദിവസം നടത്തുകയില്ലല്ലോ. 2011-ലെ ക്രിസ്തു‌മസ്, 2012-ലെ പുതുവത്സരാരംഭ ദിവസം എന്നിവ ഞായറാഴ്ച്ചയായിരുന്നു. എന്നാൽ ഈ ശുശ്രൂഷകൾ ശനിയാഴ്ച്ച സന്ധ്യാസമയത്തു നടത്തിയതുമൂലം വൈദികരും വിശ്വാസികളും കർത്തൃദിവസത്തിൽ പള്ളിയിൽ പോകാതെയിരിക്കുവാനിടയായി. ശുശ്രൂഷകൾ ഇങ്ങനെ സന്ധ്യയ്ക്കുതന്നെ തുടരുന്നതിനാൽ 2023-ലെ ക്രിസ്‌തുമസ് ശുശ്രൂഷകൾക്കു ഞായറാഴ്ച്ച രാവിലെ വിശുദ്ധ കുർബ്ബാനയ്ക്കുശേഷം അന്നുതന്നെ വൈകിട്ട് വീണ്ടും പള്ളിയിലേക്കുവരുവാൻ നിർബ്ബന്ധിതരായി. ഞായറാഴ്ച്ച രാവിലെ വിശുദ്ധ കുർബ്ബാന അനുഭവിച്ച വൈദികരും വിശ്വാസികളും അന്നു വൈകിട്ട് 6 മണിവരെ ഉപവസിക്കുവാനും (വി.മർക്കോസ് 2:19) പാടില്ലാത്തതിനാൽ, വൈകിട്ടത്തെ വിശുദ്ധ കുർബ്ബാനയ്ക്കുവേണ്ടി എങ്ങനെ/എപ്പോൾ മുതൽ ഉപവസിച്ച് ഒരുങ്ങും? വിശുദ്ധ കുർബാന അനുഭവിക്കുവാൻ ഏറ്റവും കുറഞ്ഞത് 6 മണിക്കൂറെങ്കിലും ഉപവാസം നിർബന്ധവുമാണ്. 2023 ഡിസംബർ 31-നും, 2024 ജനുവരി 1-നും ഇങ്ങനെതന്നെ. പരിശുദ്ധ സുറിയാനി സഭയുടെ ഏതെങ്കിലും ലഘുവായ പാരമ്പര്യത്തെ മാറ്റണമെന്നു തോന്നിയാല്പോലും, അതിൻ്റെ മേലദ്ധ്യക്ഷനായ പരിശുദ്ധ പാത്രിയർക്കീസ് ബാവായും ആ അധികാരത്തിനുകീഴുള്ള മേല്പട്ടക്കാരും ചേർന്ന സുന്നഹദോസിനല്ലാതെ അധികാരമില്ലെന്നു 'സുറിയാനിസഭയുടെ മതോപദേശപാലനം' (1893 ൽ പ്രസിദ്ധീകരിച്ചത്. പേജ് 78) എന്ന പുസ്‌തകത്തിൽ സഭാചരിത്രകാരൻ ഇടവഴിക്കൽ ശ്രീ.ഇ.എം.ഫിലിപ്പ് പ്രസ്‌താവിച്ചിരിക്കുന്നു.

സത്യവിശ്വാസികളായ പൂർവ്വപിതാക്കന്മാർ കലർപ്പുകൂടാതെ നമ്മെ ഭരമേല്പിച്ച ശ്രേഷ്ഠമായ സുറിയാനി ആരാധനകൾ അതേപടി ആചരിച്ച് അടുത്ത തലമുറകൾക്ക് കൈമാറാം. വിശ്വാസ സമൂഹത്തിൻ്റെ അഭിപ്രായത്തിനും അഭിവന്ദ്യ മെത്രാപ്പോലീത്താമാരുടെ അടിയന്തിര പരിഗണനയ്ക്കും തുടർ നടപടികൾക്കുമായി ഈ വിഷയം വിനയപുരസ്സരം സമർപ്പിക്കുന്നു.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്.
  • സുറിയാനി സഭയും കൊന്തയും.
  • ആദ്യജാതൻ. (Firstborn).
  • വിശ്വാസ സംരക്ഷകരാവുക.
  • വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • സിറിയൻ ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ
  • അതിഭക്ഷണം
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.
  • "സന്തോഷം ക്രിസ്തീയ ജീവിതത്തിന്റെ അടയാളം".
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.
  • ബൈബിളിലെ പേരുകൾ
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • "മാനവ സേവ മാധവ സേവ"
  • എന്താണ് ഗൂദാ?
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • യേശു ചോദിച്ച ഏഴ് ചോദ്യങ്ങൾ.
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • The various flavors of Christianity
  • നാവ് എന്ന തീ
  • പുതുഞായറാഴ്ച
  • യേശു പണിയുന്നു.
  • ചമ്മട്ടി.
  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?
  • കയ്പ്പിനെ മധുരമാക്കുന്ന ദൈവം.
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും
  • 24 തോടുകൾ/നദികൾ. (brook, river, stream).
  • കൂദാശകൾ 'ഷോ'കളാക്കരുത്
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.
  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • അന്നദാനം മഹാ ദാനം".
  • എപ്പിസ്കോപ്പൽ നാമങ്ങളുടെ അർത്ഥങ്ങൾ
  • വലിയനോമ്പ്
  • ബോവൂസോ (Petition or Request)
  • മാവുർബോ
  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പരിശുദ്ധ സുറിയാനി സഭയിലെ 10 പെരുന്നാളുകൾ.
  • ബൈബിൾ.
  • ധൂപക്കുറ്റി എന്നാൽ എന്ത്‌? അതിന്റെ ഉപയോഗം എങ്ങനെ?
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • ഒലിവു മരം (Olea europaea)

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved