Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • വലിയനോമ്പ്

വിശ്വാസികൾ ഉപവാസം, ആശയടക്കം, മംസാഹാരവർജനം, ആഡംബരങ്ങൾ ഒഴിവാക്കൽ എന്നിവയിലൂടെ നോമ്പ് ആചരിക്കുന്നു. നോമ്പ് കാലം ഇറച്ചിയും മീനും വർജ്ജിക്കുക എന്നതാണ് പൊതു തത്വം. എന്നാൽ നോമ്പിന് എന്തൊക്കെ വർജ്ജിക്കണമെന്ന് കൃത്യമായ രൂപരേഖയൊന്നുമില്ല, അതുകൊണ്ട് പ്രാദേശികമായും വ്യക്തിപരമായും വ്യത്യസ്ത ഭക്ഷണ പാനീയങ്ങളാണ് പലരും വർജ്ജിക്കുന്നത്. അതിൽ മദ്യം, പുകവലി തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ ഉപേക്ഷിക്കുന്നവർ മുതൽ സൈബർ ലോകത്തെ പ്രവർത്തനം ഉപേക്ഷിക്കുന്നവർ വരെ നീണ്ടുപോകുന്നു.

നോമ്പ് കാലത്ത് ഏതെങ്കിലും ഒരു സമയത്തെ ഭക്ഷണം പൂർണ്ണമായും ഉപേക്ഷിക്കുക, വെള്ളിയാഴ്ച ഒരുനേരം ഭക്ഷണം കഴിക്കുക, സൂര്യാസ്തമയം വരെ ഭക്ഷണപാനീയങ്ങൾ വർജ്ജിക്കുക തുടങ്ങി നോമ്പിന് വിവിധ രൂപങ്ങളാണുള്ളത്. കുട്ടികളും പ്രായമായരും അസുഖമുള്ളവരും ഒഴിച്ച് എല്ലാവരും നോമ്പ് അനുവർത്തിക്കേണ്ടതാണ്. എന്നാൽ ഇന്ന് ഇത് വെറുമൊരു ആചാരം മാത്രമായി മാറിയിരിക്കുന്നു.

ക്രിസ്തീയ സഭകളിൽ വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങളുള്ളതുപോലെ നോമ്പ് ആചരിക്കുന്ന കാര്യത്തിലും വ്യത്യസ്ത രീതികളും വ്യത്യസ്ത സമയക്രമങ്ങളുമാണുള്ളത്. എല്ലാ സഭകളും എല്ലാവിധ നോമ്പുകളും ആചരിക്കുന്നുമില്ല. മലയാളത്തിൽ ‘ഉപവാസം’ എന്നാൽ ഒരുമിച്ചു ജീവിക്കുക (ഉപ=ഒരുമിച്ച്, വാസം = ജീവിക്കുക) എന്നാണ് അർത്ഥം. അതായത് ദൈവത്തോട് ഒരുമിച്ചു ജീവിക്കുക/ ആയിരിക്കുക. നോമ്പ് എന്ന വാക്ക് പഴയ മലയാളത്തിലെ ‘നോയ് അമ്പ്’ എന്നതിൽ നിന്നാണ്. ‘സ്‌നേഹത്തോടെയുള്ള സഹനം’ (നോയ് =വേദന, അമ്പ് = സ്‌നേഹം) എന്നാണു അതിന്റെ അർത്ഥം. ദൈവസ്‌നേഹത്തിൽ നാം സ്വയം കഷ്ടം സഹിക്കുന്നതാണ് നോമ്പ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

വലിയ നോമ്പ്.

ഏറെ പ്രധാനപ്പെട്ടതായി കണക്കാക്കുന്ന നോമ്പ് വലിയ നോമ്പാണ്. ഈസ്റ്ററിനു തൊട്ടുപിറകിലുളള 50 ദിവസങ്ങൾ കണക്കാക്കിയുളളതാണ് വലിയ നോമ്പ്.

മൂന്ന് നോമ്പ് പഴയ നിയമപാരമ്പര്യങ്ങളോടു കണ്ണിചേർക്കപ്പെട്ടിരിക്കുന്നു. അമ്പതുനോമ്പിനു രണ്ടാഴ്ച മുമ്പുളള തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് മൂന്നു നോമ്പാചരിക്കുന്നത്. യോനാ പ്രവാചകൻ മൂന്ന് ദിവസങ്ങൾ തുടർച്ചയായി ഒരു വലിയ മത്സ്യത്തിന്റെ ഉദരത്തിൽ സുരക്ഷിതമായി വസിച്ചുകൊണ്ട് നാലാം ദിവസം നിനെവേയുടെ (പേർഷ്യ) തീരത്ത് സുരക്ഷിതമായി നിക്ഷേപിക്കപ്പെട്ട സംഭവമാണ് മൂന്ന് നോമ്പു ദിവസങ്ങളിൽ ക്രിസ്ത്യാനികൾ അനുസ്മരിക്കുന്നത്.

ഓഗസ്ത് ഒന്നുമുതൽ 15 വരെ ദിവസങ്ങളിൽ യേശുവിന്റെ അമ്മയായ പരിശുദ്ധ മറിയത്തിന്റെ സ്മരണയെ മുൻനിർത്തി 15 നോമ്പ് സഭയിൽ ആചരിച്ച് വരുന്നു. ജൂൺ 16 മുതൽ 29 വരെ യേശുവിന്റെ 12 ശിഷ്യന്മാരെ അനുസ്മരിച്ചു നടത്തി വരുന്ന ശ്‌ളീഹാ നോമ്പും പ്രശസ്തമാണ്. സെപ്തബർ ഒന്നു മുതൽ എട്ട് വരെ പരിശുദ്ധ മറിയത്തിന്റെ സ്മരണയെ ഓർത്ത് നടത്തുന്ന നോമ്പാണ് മറ്റൊന്ന്. ഇതിനൊക്കെ പുറമെ എല്ലാ ആഴ്ചയിലും ബുധൻ, വെള്ളി ദിവസങ്ങളിൽ നോമ്പനുഷ്ഠിക്കുന്നവരുണ്ട്.

നോമ്പിനെ 'വിശുദ്ധം' എന്നാണ് ആരാധനക്രമ ഗ്രന്ഥങ്ങൾ വിശേഷിപ്പിക്കുക. സിറോ മലബാർ, അന്ത്യോക്യൻ ആരാധനക്രമങ്ങളിൽ ഈ വിശേഷണങ്ങൾ കാണാം. പരിപാവനമായ നോമ്പ്, പരിപാവനമായ ഉപവാസം, വിശുദ്ധ നോമ്പ് തുടങ്ങി ആവർത്തിച്ചു വരുന്ന പദങ്ങൾ ഇതിനു തെളിവുകളാണ്. യേശു ഉപവസിച്ചതുകൊണ്ടും (മത്തായി:4:2, മർക്കോസ്:1:13, ലൂക്കോ:4:2). വിശുദ്ധരായ മൂശ (പുറ:24:18, 34:28, നിയ: 9:18) ഏലിയാ (1.രാജാ:19:89) തുടങ്ങിയവർ നോമ്പ് നോറ്റതുകൊണ്ടുമാകാം നോമ്പിനെ വിശുദ്ധമെന്ന് ശ്ലൈഹിക സഭകൾ വിശേഷിപ്പിക്കുന്നത്. കൂടാതെ വിശുദ്ധമായി അനുഷ്ഠിക്കേണ്ട ഒരു കർമ്മമാണ് നോമ്പും ഉപവാസവുമെന്ന് വിശ്വാസികളെ ഉദ്‌ബോധിപ്പിക്കനുംഇതുവഴി സാധിക്കുന്നു.

നോമ്പ് വിശുദ്ധ ഗ്രന്ഥത്തിൽ.

പല രീതിയിലുള്ള ഉപവാസം പഴയ നിയമത്തിൽ കാണാം. ശൗലിന്റെ മരണശേഷം സഹപ്രവർത്തകർ ഏഴു ദിവസവും (1.ശമു: 31:13) ദാവിദും അനുയായികളും സന്ധ്യവരെയും (2.ശമു: 1:12) ഉപവസിച്ചു. ചെയ്ത തെറ്റിന് ശിക്ഷയുണ്ടാകുമെന്ന അറിവ് ലഭിച്ചപ്പോൾ ആഹാബ് ചാക്കു വസ്ത്രം ധരിച്ച് ഉപവസിച്ചു (1.രാജ: 21:27). ദൈവതിരുമുമ്പിൽ തന്നെത്തന്നെ എളിമപ്പെടുത്തിയതിനാൽ ആഹാബിനെ ശിക്ഷയിൽ നിന്ന് ദൈവം ഒഴിവാക്കി. യഹൂദ ജനത്തിന് ജീവനാശം സംഭവിക്കാൻ പോകുന്നുവെന്നറിഞ്ഞ എസ്ഥേർ മൂന്ന് ദിവസത്തെ ഉപവാസത്തിന് ആഹ്വാനം നൽകി (എസ്ഥേർ: 4:16). ഈ പ്രാർത്ഥനയ്ക്ക് ദൈവം കരുണയോടെ ഉത്തരം നൽകുകയും ചെയ്തു. ചില പ്രത്യേക അവസരങ്ങളിൽ സമൂഹം മുഴുവൻ ഉപവസിക്കുന്ന മറ്റ് ഉദാഹരണങ്ങളും വിശുദ്ധ ഗ്രന്ഥത്തിൽ ഉണ്ട് (ന്യായാ: 20:26, 1.ശമു: 7:6, യോനാ: 3:5, ദാനി: 10:23). ദൈവസാന്നിധ്യാനുഭവത്തിൽ മോശയും ഏലിയായും 40 ദിവസം ഉപവസിച്ചു.

സീറോ മലബാർ കുർബാനയിൽ അനാഫൊറ ആരംഭിക്കുന്നതിനു മുമ്പ് നോമ്പിന്റെ പ്രാധാന്യം വിശ്വാസികൾ ഉദ്‌ഘോഷിക്കുന്നുണ്ട്. ‘ഉപവാസവും പ്രാർത്ഥനയും അനുതാപവും വഴി മിശിഹായെയും അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമ്മുക്ക് പ്രസാദിപ്പിക്കാം.’ അനുതാപവും പ്രാർത്ഥനയും നിറഞ്ഞ, നോമ്പിലും ഉപവാസത്തിലും ദൈവം സംപ്രീതനാകുന്നു എന്നാണർത്ഥം.

പൗരാണിക സഭയിൽ കഠിനമായ വ്രതാനുഷ്ഠാനങ്ങളാണുണ്ടായിരുന്നത്. ഒരു നേരം മാത്രം ഭക്ഷിക്കുക, മത്സ്യ മാംസാദികൾ വർജ്ജിക്കുക, പള്ളിയിൽ കൂടുതൽ സമയം പ്രാർത്ഥനയിൽ ചിലവഴിക്കുക, ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുക തുടങ്ങിയവ അവയിൽ ചിലത് മാത്രം. നോമ്പ് ലംഘിക്കുന്നത് വലിയ തെറ്റായാണ് കരുതിയിരുന്നത്. ‘പള്ളിക്ക് പുറത്താക്കൽ’ പോലെയുള്ള ശിക്ഷകൾ നോമ്പു ലംഘകർക്ക് കൊടുത്തതായി പ്ലാസിഡച്ചൻ രേഖപ്പെടുത്തിയിട്ടുണ്ട്.

കുഞ്ഞുങ്ങൾ, വൃദ്ധർ, രോഗികൾ തുടങ്ങിയവർ നോമ്പിന്റെ നിയമത്തിന് വിധേയരായിരുന്നില്ല. നോമ്പ് വീടലിന് എടന (വഴന) ഇല പള്ളികളിൽ വിതറിയിരുന്നതായി ചില ഗ്രന്ഥങ്ങളിൽ കാണുന്നു. ഔഷധ ഗുണവും പ്രത്യേക സുഗന്ധവുമുള്ള എടനയില വിതറൽ ഒരുപക്ഷേ നസ്രാണികളുടെ തനതായ അലങ്കാര രീതിയായിരുന്നിരിക്കാം. സീറോ മലബാർ ആരാധനക്രമത്തിൽ നോമ്പിന്റെ ഫലങ്ങളെക്കുറിച്ച് ദിർഘമായ പ്രതിപാദനങ്ങൾ നോമ്പുകാല യാമ പ്രാർത്ഥനകളിൽ കാണാം.

പാപ ബോധവും പശ്ചാത്താപവും വർധിപ്പിക്കണമേയെന്നും പുതിയോരു ജീവൻ നൽകി രക്ഷിക്കണേയെന്നുമുള്ള പ്രാർത്ഥന നോമ്പുകാല പ്രത്യേകതയാണ്. പാപം രോഗമാണെന്നും ഈ രോഗത്തിൽ നിന്നുമുള്ള ശമനമാണ് പാപിക്ക് ആവശ്യമെന്നും പഠിപ്പിക്കുന്നു. (ഓനീസാദ്മൗത്വാ, (ചൊവ്വാ ലെലിയ;)

അനുതാപമാണ് ഉപവാസത്തിന്റെ പ്രധാന ചൈതന്യം. ഭക്ഷണ പാനീയങ്ങൾ വെടിയുക മാത്രമല്ല, കോപവും അസൂയയും എല്ലാം വെടിഞ്ഞു വേണം ഉപവസിക്കാൻ (ഓനീസാ ദ് വാസർ, (ഞായർ റംശ). ദുഃഖിതരിൽ സ്‌നേഹത്തിന്റെ കരം നീട്ടി, അപരനെ സഹായിച്ച്, സഹചരെ സേവിച്ച്, അലസത വെടിഞ്ഞ്, അഗതികളെ കനിവോടെ സ്‌നേഹിച്ച് വേണം നോമ്പ് നോക്കാൻ. (ഓനീസാ ദ് വാസാലിക്കേ (ഞായർ റംശാ); തെശ്‌ബോഹത്താ (വ്യാഴം ലെലിയാ). മനസിൽനിന്നും അനാവശ്യ ചിന്തകളകറ്റി നിർമ്മലവും സുന്ദരവുമായ ചിന്തകൾ നിറയ്‌ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. (ഓനീസാ ദക്ക്ദം (തിങ്കൾ റംശാ). പ്രാർത്ഥനയുടെ ചൈതന്യത്തിൽ എന്തെങ്കിലും കുറവ് വന്നിട്ടുണ്ടെങ്കിൽ അതും നികത്തി വേണം നോമ്പ് അനുഷ്ഠിക്കാൻ (ഓനീസാ ദക്ക്ദം, ചൊവ്വ റംശാ).

സഭാ പിതാക്കന്മാരിൽ സുറിയാനി, ഗ്രീക്ക്, ലത്തീൻ സഭാ പിതാക്കന്മാരിൽ പലരും നോമ്പിനെയും ഉപവാസത്തെയും കുറിച്ച് പ്രതിപാദിക്കുന്നു. പ്രാർത്ഥനയും ഉപവാസവും ഒരുമിച്ച് പോകുന്നതാണെന്നും ഒന്നിനെ മറ്റൊന്നിൽനിന്ന് വേർപ്പെടുത്താൻ സാധ്യമല്ലെന്നും മാർ അഫ്രേം സാക്ഷിക്കുന്നു. ആദ്യപാപം ആദാമിന്റെ ഭക്ഷണ പ്രിയത്തിൽ നിന്നും വന്നുവെങ്കിൽ, മിശിഹാ തന്റെ ഉപവാസത്താൽ ആദാമിന്റെ പാപം സുഖപ്പെടുത്തി.

അങ്ങനെ ഉപവാസത്തിന്റെ പ്രാധാന്യവും ശക്തിയും കർത്താവ് കാണിച്ചു തന്നു. പ്രാർത്ഥന കേൾക്കുന്നവൻ പ്രാർത്ഥിച്ചു കൊണ്ടും ഉപവാസം സ്വീകരിക്കുന്നവൻ ഉപവസിച്ചു കൊണ്ടും മാതൃക കാട്ടി.
ഉത്തമമായ ഉപവാസം ഔഷധം പോലെയാണെന്നും. മാർ അഫ്രേം ചൂണ്ടിക്കാണിക്കുന്നു. പാപത്തിന്റെ ഫലമായി ആത്മാവിൽ ഉണ്ടായിട്ടുള്ള രോഗങ്ങൾ നോമ്പും ഉപവാസവും വഴി മാറുന്നു. സാത്താനെതിരായ പോരാട്ടത്തിൽ നോമ്പിനെയും ഉപവാസത്തെയും ശക്തമായ സംരക്ഷണ കവചമായി അഫ്രേം മല്പാൻ കാണുന്നു. കാരണം ദുഷ്ടനെതിരായ പോരാട്ടത്തിൽ ഉപവാസം കർത്താവിന് ശക്തമായ ആയുധം ആയിരുന്നു (മത്താ: 4:1). കർത്താവ് നമുക്ക് നൽകിയ ഉപവാസമാകുന്ന ആയുധം ശരിയായ വണ്ണം ഉപയോഗിക്കേണ്ടിയിരിക്കുന്നു. അല്പം മാത്രം ഭക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും മാർ അഫ്രേം വിവരിക്കുന്നുണ്ട്.

ഭക്ഷണത്തോടുള്ള മനോഭാവം ഈശോ മിശിഹായിൽനിന്നും ശ്ലീഹന്മാരിൽനിന്നും പൂർവ്വപിതാക്കന്മാരായ മൂശ, ഏലിയാ തുടങ്ങിയവരിൽനിന്നും പഠിക്കേണ്ടിയിരിക്കുന്നു. ഉപവാസം സത്യവും നീതിയും നിറഞ്ഞതായിരിക്കണമെന്നും; നോമ്പിനെ എളിമയോടെ സമീപിക്കണമെന്നും; യഥാർത്ഥ ഉപവാസം വലിയൊരു നിധിയാണെന്നും മാർ അഫ്രേം വെളിവാക്കുന്നു. ഇപ്രകാരം നോമ്പിനെയും ഉപവാസത്തെയും കുറിച്ച് ആഴവും പരപ്പുമുള്ള ധാരാളം ഉൾക്കാഴചകൾ അഫ്രേമിന്റെ രചനകളിൽ കാണാം. അവയിൽ വളരെ കുറച്ച് മാത്രമേ ഇവിടെ പ്രതിപാദിച്ചിട്ടുള്ളൂ.

വിശുദ്ധ ഗ്രന്ഥത്തിലും ആരാധനക്രമത്തിലും സഭാപിതാക്കന്മാരിലും കേന്ദ്രീകരിച്ചായിരിക്കണം ഓരോ സഭയുടെയും ദൈവ ശാസ്ത്രവും ആധ്യാത്മികതയും വളരേണ്ടതും വ്യാഖ്യാനിക്കപ്പെടേണ്ടതും. നോമ്പുകാല ആധ്യാത്മികതയും അപ്രകാരം തന്നെ.

കാൽവരിയിലേക്ക് സഞ്ചരിക്കാനുള്ള ഊർജ്ജം നമുക്ക് ഈ വലിയ നോമ്പിൽ നിന്ന് കിട്ടണം. സ്വന്തം കുരിശ് എടുത്തുകൊണ്ട് ഇടറിയ കാലടിയോടെ രക്തം ഒഴുകുന്ന ശരീരത്തിൽ വീഴുന്ന ചാട്ടവാറടി സഹിച്ച് സഹനത്തിന്റെ കാൽവരിയിലേക്ക് നടന്ന രക്ഷകന്റെ പാതകളെ പിന്തുടരാൻ കഴിയണം. സഹനം മാത്രമല്ല കാൽവരിയിൽ കാണാൻ കഴിയുന്നത്. അവിടെ ക്ഷമയും, കരുതലും, പ്രത്യാശയും, പാപപരിഹാരവും ഒക്കെ നമുക്ക് കാണാൻ കഴിയും. കാൽവരിയിലേക്കുള്ള യാത്ര എന്നു പറയുന്നത് വളരെ വേദന നിറഞ്ഞതാണ്. പക്ഷേ അപ്പോഴും യേശു പറയുന്നത്, നിങ്ങൾ എനിക്കു വേണ്ടിയല്ല നിങ്ങളുടെ മക്കൾക്ക് വേണ്ടി കരയാനാണ്.

തന്നെ ദ്രോഹിച്ചവർക്ക് വേണ്ടി പിതാവിനോട് ക്ഷമ ചോദിക്കൂന്ന ക്രിസ്തുവിനെ കാൽവരിയിൽ കാണാം. ‘ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു’ എന്നു പറഞ്ഞ് കള്ളന് പ്രത്യാശ നൽകുന്നുണ്ട്, അമ്മയെ ശിഷ്യനെ ഏല്പിക്കൂന്ന കരുതലും കാൽവരിയിൽ കാണാൻ കഴിയുന്നു. ഈ ജീവിത അനുഭവങ്ങൾ ഒക്കെ നമുക്കും ജീവിതത്തിൽ കൊണ്ടുവരാൻ കഴിയണം. കാൽവരിയിൽ മരണമല്ല ഉയിർപ്പാണ് ക്രിസ്ത്യാനിയുടെ പ്രത്യാശ. ആ പ്രത്യാശയിലേക്കാണ് ഈ നോമ്പ് നമ്മെ കൊണ്ടുപോകുന്നത്. ദൈവപുത്രനെപ്പോലെ നമുക്ക് ആകാൻ സാധിക്കുന്നില്ലെങ്കിലും അതിലെ ഒരംശം എങ്കിലും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ വലിയ നോമ്പിൽ കഴിയണം. വലിയ നോമ്പ് നടക്കുന്ന ഈ കാലയളവിൽ മാത്രമല്ല തുടർന്നുള്ള ജീവിതത്തിലും അത് തുടരാനാകണം. ഞാനും ഒരു ക്രിസ്ത്യാനി ആണന്ന് വെറുതെ പറയുക മാത്രമല്ല, ക്രിസ്തുവിന്റെ ജീവിത സന്ദേശം ജീവിതത്തിൽ പകർത്താൻ കൂടി കഴിയണം. കർത്താവിനോടുകൂടി വസിക്കേണ്ട സമയമാണ് നോമ്പുകാലം. മാനസാന്തരത്തിന്റെയും അനുതാപത്തിന്റെയും ദിവസങ്ങൾ. വിശ്വാസത്തിൽ ബലപ്പെടുവാനും രക്ഷയുടെ പ്രത്യാശയിലേക്കു വളരുവാനും ഈ വലിയ നോമ്പ് സഹായിക്കട്ടേ.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ക്നാനായകാർ.
  • പഴയനിയമ പൗരോഹിത്യം.
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • കാനവിലെ കല്യാണ വീട്.
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • സംഗീതം എന്ന ഔഷധം. Music Therapy
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • യേശു പണിയുന്നു.
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • അതിഭക്ഷണം
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • മാർഗം കളി
  • തെറ്റു തിരുത്താതെ തെറ്റു ചികയുന്നവര്‍.
  • വി.കുർബാനയപ്പം
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • ഏഴാം പോസൂക്കോ
  • ദൈവമക്കൾ എന്ന് അഭിമാനിക്കുന്നവർ ആണല്ലോ നമ്മൾ ?
  • സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.
  • ഫോൾബ്രെഷ്റ്റ് നാഗൽ.
  • കുരിശടയാളം വരയ്ക്കുന്നത് കൊണ്ടുള്ള 21 നേട്ടങ്ങള്‍
  • ഭവന ശുദ്ധീകരണം.
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ
  • വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.
  • തിരുശേഷിപ്പുകളപ്പറ്റി
  • ചെറുതാക്കലല്ല എളുപ്പവഴി.
  • എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?
  • കാലഗണനയുടെ ABCDE.
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • പരാജയപ്പെട്ടവര്‍ സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?
  • വിശുദ്ധ കുർബാനാനുഭവം
  • കുമ്പിടീൽ
  • മലങ്കരയിലെ സിസ്റ്റർ അന്നം
  • ഊറാറ ചുറ്റിയ കുരിശ്.
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • എന്തുകൊണ്ടാണ് നമ്മള്‍ പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത്?
  • ഒരു സോറി പറഞ്ഞാൽ
  • ഉത്സവങ്ങൾ. (Feasts).
  • യേശുവിന്റെ ചില ചോദ്യങ്ങൾ
  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?
  • നമ്മൾ നക്ഷത്രത്തെ വരയ്ക്കുമ്പോൾ അധികവും 5 മൂലകൾ ഉള്ളത് വരയ്ക്കുന്നത് എന്തുകൊണ്ട് ?
  • ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ
  • സുറിയാനി സഭയുടെ പ്രാർത്ഥനാ ചരടുകൾ.
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • രഹസ്യവും കുർബാനയും.
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • വിശുദ്ധ നോമ്പുകളുമായി ബന്ധപ്പെട്ട ചില തെറ്റായ പാരമ്പര്യങ്ങൾ.
  • ധൂപക്കുറ്റി എന്നാൽ എന്ത്‌? അതിന്റെ ഉപയോഗം എങ്ങനെ?

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved