സിറിയൻ ഓർത്തഡോക്സ് സഭയുടെ സ്ലീബാപ്പെരുന്നാളിന് ജനനപ്പെരുന്നാൾ ക്രമത്തിലെപ്പോലെ തീജ്വാല ശ്രുശ്രൂഷ നടത്താറുണ്ട്. സുറിയാനിയിലും മലയാളത്തിലുമുള്ള ക്രമങ്ങൾ മലങ്കരയിലുമുണ്ട്. ചില പള്ളികളിൽ ഇത് നടത്തിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഏതെങ്കിലും പള്ളിയിൽ ഈ ശുശ്രൂഷ നടത്താറുണ്ടോ എന്നുമറിയില്ല. അറിവില്ലായ്മ കൊണ്ട് വിട്ടുപോയതാണോ അതോ അറിവുണ്ടായിട്ടും അവഗണിച്ചതാണോ എന്നും നിശ്ചയമില്ല.
ഈ പെരുന്നാളിൻ്റെ ആചാരമായി, വിശുദ്ധ കുരിശിൻ്റെ കണ്ടെത്തലിൻ്റെ വാർത്ത എല്ലാഭാഗങ്ങളിലേകും അറിയിക്കുവാൻ വേണ്ടി തീ കൂട്ടുവാൻ തന്റെ സൈനികരോട് ഹെലീന രാജ്ഞി ഉത്തരവിട്ടതിന്റെ സ്മരണയ്ക്കായി തീ കൊളുത്തുന്ന ഒരു പാരമ്പര്യമുണ്ട്. "യരുശലേമിലേക്കുള്ള യാത്രാമധ്യേ, അവൾ തന്റെ സേവകരെ ഒരോ പർവ്വതങ്ങളിലും നിർദ്ദേശങ്ങൾ നൽകി നിറുത്തി. കുരിശ് കണ്ടെടുത്തപ്പോൾ അടുത്തുള്ള ഒരു പർവ്വതത്തിന് മുകളിൽ തീ കത്തിക്കാൻ അവൾ തന്റെ സേവകരോട് ആജ്ഞാപിച്ചു. ഈ തീ ദർശിച്ച അടുത്ത പർവ്വതങ്ങളിൽ തങ്ങിയ സേവകർ മറ്റൊരു തീ കത്തിച്ചു. ഈ രീതിയിൽ വിശുദ്ധ സ്ലീബാ കണ്ടെത്തിയ വാർത്ത തലസ്ഥാനമായ കുസ്തന്തിനോസ്പ്പോലീസിലെത്തി. ഈ പെരുന്നാളിന്റെ തലേന്ന് ദൈവാലയത്തിൽ ഒത്തുചേർന്ന് വിശ്വാസികൾ തീ കൂട്ടുകയും അതിൽ നിന്നും തീ പകർന്നു മെഴുകുതിരികൾ കത്തിച്ചു ആഘോഷമായി പ്രദക്ഷിണം നടത്തുകയും ചെയ്യുന്നു. (മലങ്കരയിൽ ഈ രീതി ഇല്ലെങ്കിലും സുറിയാനിക്കാരായ നമ്മുടെ സഭാംഗങ്ങൾ ഇത് ചെയ്യുന്നുണ്ട്). പെരുന്നാൾ ദിവസം വിശുദ്ധ കുർബാനയും വിശുദ്ധ സ്ലീബാ ഏന്തിയുള്ള പ്രദക്ഷിണവും നാലു ഭാഗങ്ങളിലേക്കുമുള്ള സ്ലീബാ ആഘോഷവും ആരാധനക്രമപരമായി സഭയിലുണ്ട്.
അറിയാത്തവർക്കായി ഈ ശുശ്രൂഷയുടെ ലിങ്ക് അയക്കുന്നു.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.