സുറിയാനി ചാന്റ്, അറബി (മുസ്ലീം നിസ്ക്കാരങ്ങളിലും ബാങ്ക് വിളിയിലും) കർണ്ണാടക - ഹിന്ദുസ്ഥാനി, റഷ്യൻ, പേർഷ്യൻ തുടങ്ങിയ പല സംഗീത ശാഖകളിലും മൈക്രോടോണുകൾ ഉപയോഗിച്ചാണ് സ്റ്റാഫ് നൊട്ടേഷൻ ചെയ്യുന്നത്. നിർഭാഗ്യവശാൽ ഈ ചിഹ്നങ്ങൾ എന്താണെന്നോ എന്തിനാണെന്നോ നമ്മുടെ നാട്ടിലെ പാശ്ചാത്യ സംഗീത അദ്ധ്യാപകരും (അവർക്ക് അറിയാമോ എന്നും ചിന്തിക്കേണ്ടതുണ്ട്) പഠിപ്പിക്കാറില്ല. ശാസ്ത്രവും ടെക്നോളജിയും ഒരുപാട് വികസിച്ചു. ലോകത്തിന്റെ ഏതു കോണിൽപ്പോയി പഠിക്കാനുള്ള സൗകര്യങ്ങളും കൂടി. അതുമല്ലെങ്കിൽ ഇന്റർനെറ്റിലോ മൊബൈൽ ഫോണിലോ ഒന്നു വിരലമർത്തിയാൽ സ്വദേശത്തും വിദേശത്തുമുള്ള ഉന്നത അദ്ധ്യാപകരിൽനിന്നും നേരിട്ട് അറിവുകൾ ലഭിക്കുന്ന ഓൺലൈൻ ക്ലാസുകളും സുലഭമാണ്. അതിനാൽത്തന്നെ മടിയന്മാരും, മുടന്തൻ ന്യായക്കാരും, 'ദീപസ്തംഭം മാഹാശ്ചര്യം നമുക്കും കിട്ടണം പണം' എന്ന മട്ടിൽ വിദ്യാർത്ഥികളെ കറവപ്പശുവായി കാണുന്ന അദ്ധ്യാപകരും, തങ്ങളുടെ മിടുക്കന്മാരായ വിദ്യാർത്ഥികൾക്ക് ഇരട്ടി ഫീസ് അങ്ങോട്ടു കൊടുത്ത് പഠിക്കേണ്ടുന്ന കാലം അതി വിദൂരമല്ല. 'എന്നെ പഠിപ്പിച്ച സാറാണ്' (ഗുരുഭക്തി) എന്നല്ല, 'ഞാൻ പഠിപ്പിച്ച സാറാണ് ആ പോകുന്നതെന്ന്' അവർ പലരോടും പറയുമ്പോൾ ഉണ്ടാകുന്ന മാനക്കേട് വേറെയും. അതിനാൽ ഉറങ്ങുന്നവരും, ഉറക്കം നടിക്കുന്നവരുമായ സാറന്മാരേ... ഇനിയെങ്കിലും update ആയില്ലെങ്കിൽ outdate ആയിപ്പോകുമെന്ന് നന്നായി ഓർത്തുകൊള്ളണം. ഇപ്പോൾ ഒന്നും പഴയതുപോലെയല്ല. എല്ലാത്തിനും വേഗം കൂടി. കാലത്തിന്റെ പോക്ക് അങ്ങനെയാ. പഴയ മരുന്ന് പുതിയ കുപ്പിയിലാക്കി വില കുറച്ചു കൊടുത്താലും അധികം ചെലവാകില്ല. കാരണം purity, quality and quantity എല്ലാം നന്നായി നോക്കുന്നവരാ ഇന്നത്തെ (ഇനിയുമുള്ള) തലമുറ. എന്തായാലും പഠന താല്പര്യത്തോടെ വരുന്ന വിദ്യാർത്ഥികൾക്കുവേണ്ടി മൈക്രോടോണൽ നൊട്ടേഷനെപ്പറ്റി ഒരാമുഖം എന്ന നിലയിൽ ഒരു ചെറിയ ലേഖനമെഴുതുന്നു. അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇതിൽ ചില വിമർശനവും എഴുതിയിട്ടുണ്ട്. ആയതുകൊണ്ടുതന്നെ വളരെ ക്ഷമയോടെ വായിക്കണം. എന്നാലും, 'ചിലരിതു വായിച്ചാൽ എന്റപ്പൻ തുമ്മും, പിന്നെയും തർക്കിച്ചാൽ അവന്റപ്പൻ തുമ്മും'. എന്തായാലും ഇതൊക്കെ വായിക്കുന്ന സംഗീത വിദ്യാർത്ഥികൾക്ക് അവരുടെ അദ്ധ്യാപകരോട് വിശദമായി ചർച്ച ചെയ്യാൻ ഉപകരിക്കുമെല്ലോ. അതിനാണെല്ലോ ചിലർക്ക് ലോകത്തെങ്ങുമില്ലാത്ത ഫീസൊക്കെ കൊടുത്ത് പഠിക്കുന്നത്. എന്തുകൊണ്ട് ഇതൊന്നും അവരെ പഠിപ്പിച്ചില്ല എന്നതിന് അദ്ധ്യാപകർതന്നെ മറുപടി പറയട്ടെ. അറിഞ്ഞതൊക്കെ മതി, അറിയാത്തതൊന്നും ഇനി അറിയേണ്ട, ഇവിടെ ഇതിന്റെയൊന്നും ആവശ്യം വരുന്നില്ല എന്നൊക്കയാണ് മറുപടിയെങ്കിൽ, 'വടികൊടുത്ത് അടി വാങ്ങിച്ച' ശിഷ്യന്മാരേ, 'പോത്തിനെന്ത് ഏത്തവാഴ' എന്ന പഴഞ്ചൊല്ല് നിങ്ങളുടെ അദ്ധ്യാപകന് സ്വന്തം. നിങ്ങളുടെ അദ്ധ്യാപകരോട് ധൈര്യമായി ചോദ്യങ്ങൾ ചോദിക്കുക, കൂടുതൽ അറിവ് നേടുക. വിശുദ്ധ മത്തായിയുടെ സുവിശേഷം 5-ാം അദ്ധ്യായം 11-ാം വാക്യം ഒാർത്തിരിക്കുക. 'എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ'.
സുറിയാനി, അറബി, കർണ്ണാടക, തുർക്കിഷ്, കുർദ്ദിഷ് മുതലായ അനേക ശൈലിയിലുള്ള സംഗീതം നൊട്ടേഷൻ ചെയ്യാൻ ഉപയോഗിക്കുന്നത് (Quarter tone) ക്വാർട്ടർ ടോൺ (Micro tonal Notation) മൈക്രോടോണൽ എന്നീ രീതികളാണ്. എന്നാൽ കൂടുതൽ ആളുകളും (പ്രത്യേകിച്ചും കീബോർഡ് പോലെയുള്ള ഉപകരണം വായിക്കുന്നവർ) ടോൺ-സെമിടോൺ രീതിയിൽ ഷാർപ്പ്, ഫ്ലാറ്റ് എന്നിവ മാത്രമാണ് അറിയാവുന്നത് (ഫ്ലാറ്റ് ചിഹ്നം ഉപയോഗിക്കുന്നവരിൽ പലർക്കും അവ എവിടെയൊക്കെ, എങ്ങനെയൊക്കെ, ഏതൊക്കെ സന്ദർഭങ്ങളിൽ വേണമെന്നുപോലും അറിയാമോ എന്ന കാര്യത്തിലും സംശയമുണ്ട്. കാരണം, പലരും ഫ്ലാറ്റ് ഉപയോഗിക്കാറില്ല, അവർക്ക് എല്ലാ കറുത്ത കീകളും ഷാർപ്പാണ്). പ്രത്യേകിച്ചും പള്ളികളിൽ സുറിയാനി ചാന്റുകൾ അതിന്റെ തനിമയിലും നിറത്തിലും, രീതിയിലും ആലപിക്കുന്നതിന് മൈക്രോടോണൽ സിസ്റ്റം നിർബന്ധമായും അറിഞ്ഞിരിക്കണം. തദ്ദേശീയ രീതിയിൽ സുറിയാനി ആലപിക്കുന്നവർക്ക് ഇതൊന്നും ആവശ്യമായി വരുന്നില്ല.
Sharp - അര സെമിടോൺ കൂട്ടുക.
Flat - അര സെമിടോൺ കുറയ്ക്കുക.
Double sharp - ഒരു ടോൺ കൂട്ടുക.
Double flat - ഒരു ടോൺ കുറയ്ക്കുക.
Natural - ഏത് accidental ഉണ്ടെങ്കിലും ആ accidental ചിഹ്നം മാത്രം cancel ചെയ്യുക.
1. Quarter Sharp - quarter എന്നാൽ കാൽ അതായത് 1/4. ഇത് അര സെമിടോൺ അഥവാ, ഷാർപ്പിന്റെ പകുതി കൂട്ടുക എന്നർത്ഥം.
2. Three quarter sharp - ഇത് മുക്കാൽ സെമിടോൺ അഥവാ, ഒരു ഷാർപ്പും അതിന്റെ പകുതിയും കൂട്ടുക എന്നർത്ഥം.
3. Quarter flat - ഇത് അര സെമിടോൺ അഥവാ, ഫ്ലാറ്റിന്റെ പകുതി കുറയ്ക്കുക എന്നർത്ഥം.
4. Three quarter flat - ഇത് മുക്കാൽ സെമിടോൺ കുറയ്ക്കുക എന്നർത്ഥം.
ഇവയുടെ ചിത്രങ്ങൾ സ്റ്റാഫ് നൊട്ടേഷൻ ചെയ്തത് കാണുവാൻ ഈ ലിങ്ക് തുറക്കുക.
ഇവ കൂടാതെ ഇനിയും കുറച്ചു ചിഹ്നങ്ങൾകൂടിയുണ്ട്. അവയെല്ലാം പല സ്റ്റാഫ് നൊട്ടേഷനിലും M score, Finale പോലെയുള്ള മ്യൂസിക് എഡിറ്റിങ്ങ് സോഫ്റ്റ്വയറിലുമുണ്ട്. അവയൊക്കെ പണ്ടും ഇന്നും ധാരാളമായി ഉപയോഗിക്കുന്നുമുണ്ട്. പിന്നെ എന്തുകൊണ്ട് പലർക്കും ഇതൊന്നും അറിയാത്തതെന്ന് ചിന്തിച്ചാൽ അതിന് ഒരുത്തരമേയുള്ളൂ; അവർ കൂടുതലായി കണ്ടതും, കാണുന്നതും, കാണിക്കുന്നതുമെല്ലാം യൂറോപ്യൻ സംഗീതം മാത്രമാണ്. അതിൽത്തന്നെ അത്യാവശ്യം വേണ്ടുന്ന കാര്യങ്ങൾപോലും പഠിച്ചിട്ടുമില്ല. 'പണ്ടേ ദുർബല, പിന്നെ ഗർഭിണി' എന്ന അവസ്ഥയാണ്. പിന്നെ എങ്ങനെ സാധിക്കും? മാത്രമല്ല, നൂറ്റാണ്ടുകൾക്കു മുമ്പേയുള്ള മറ്റ് സ്ഥലങ്ങളിലെ സംഗീതങ്ങൾ പാശ്ചാത്യ രീതിയിൽ സ്റ്റാഫ് നൊട്ടേഷൻ ചെയ്തത് ആരും ശ്രദ്ധിക്കുന്നില്ല. അതുകൂടാതെ, എല്ലാവരും കൂടുകലായി ശ്രദ്ധിക്കുന്നതാകട്ടേ, പിയാനോ വായിക്കാനുള്ള നൊട്ടേഷനും. Equal Temperament സിസ്റ്റമുള്ള പിയാനോയിൽ മൈക്രോടോണൽ നൊട്ടേഷൻ എങ്ങനെ വായിക്കും? അഥവാ വായിക്കണമെങ്കിൽത്തന്നെ ഓരോ നോട്ടുകളുടെയും കൃത്യമായ ട്യൂണിങ് frequency ഏതൊക്കെയാണെന്ന് എങ്ങനെ മനസ്സിലാക്കും? പിയാനോ ട്യൂണിങ് ഇടയ്ക്കിടെ ആര് ക്രമീകരിക്കും? അഥവാ ഇവയെല്ലാം ശരിയായാൽത്തന്നെ ഓരോ നാടുകളിലും ഓരോ കാലങ്ങളിലും ഉപയോഗിച്ചിരുന്ന frequency എങ്ങനെ മനസ്സിലാക്കും? ബീഥോവനും, മൊസാർട്ടും ഉപയോഗിച്ചിരുന്നതല്ല ജോൺ സെബാസ്റ്റ്യൻ ബാക്കിന്റെ കാലത്തേത്. അതൊന്നുമല്ല ഗ്രിഗോറിയൻ ചാന്റിൽ ഉപയോഗിച്ചിരുന്നത്, എന്തിനേറെ പറയുന്നു, കർണ്ണാടക സംഗീതത്തിലെ രാഗങ്ങളിൽ ഉപയോഗിച്ചിരുന്നതും വ്യത്യാസമുണ്ട്, അന്നത്തേതും ഇന്ന് ഉപയോഗിക്കുന്നതും തമ്മിലും വ്യത്യാസമുണ്ട്. 1978 കാലഘട്ടം വരെ മലയാള സിനിമാ ഗാനങ്ങൾ റെക്കോഡ് ചെയ്തിരുന്നതും ഒരു ഏകീകൃത frequency ആയിരുന്നില്ല. പിൽക്കാലത്ത് കമ്പ്യൂട്ടറർ വന്നപ്പോൾ ഇലട്രോണിക്ക് കീബേഡിലെപ്പോലെ equal temperament രീതി അടിസ്ഥാനമാക്കി എല്ലാ ഉപകരണങ്ങളും frequency ഏകീകൃതമായി ക്രമീകരിച്ചു, അപ്പോൾ രാഗങ്ങളുടെ യഥാർത്ഥ സ്വഭാവം frequency നഷ്ടപ്പെട്ടു. ഇപ്പൊഴത്തെ ഇലക്ട്രോണിക് കീബോർഡിലും സോഫ്റ്റ്വയറിലും ഇവ അനായാസം സാധിക്കും. പക്ഷേ, ഓരോ ട്യൂണിങ് സിസ്റ്റവും ഓരോ നോട്ടിന്റെയും Ratio, frequency, cent, commas ഇവയൊക്കെ കൃത്യമായി അറിയാൻ ഏത് ഫിസിക്സ് അദ്ധ്യാകൻ സഹായിക്കും? വീണ്ടും കീബോർഡ് പഴയപടി frequency മാറ്റി സെറ്റ് ചെയ്യാൻ ഏത് അദ്ധ്യാപകൻ കണക്കു പഠിപ്പിക്കും? ഓരോ രാജ്യത്തും ഓരോ സംഗീത പാരമ്പര്യത്തിലും ഓരോ കാലഘട്ടത്തിലും ഉപയോഗിച്ചിരുന്ന frequency ഏതൊക്കെയെന്ന് ഏത് ചരിത്രാദ്ധ്യാപകൻ പറഞ്ഞു തരും? Frequency കണക്കുകൂട്ടുമ്പോൾ കണക്കിലെ പിഴവുകൾ കാരണം കണക്കു കൂട്ടലുകൾ തെറ്റിയാൽ പിന്നെ ഇപ്പേൾ വായിച്ചുകൊണ്ടിരിക്കുന്ന പാട്ടുകൾ കീബോഡിൽ എങ്ങനെ വായിക്കും? ഇത്രയും വായിച്ചപ്പോൾത്തന്നെ തലയ്ക്കു മുഴു ഭ്രാന്ത് പിടിച്ചോ? പേടിക്കേണ്ട, ഇങ്ങനെ എന്റെ കൈയിൽ നിരവധി ചോദ്യങ്ങളുണ്ട് (അവയുടെ ഉത്തരങ്ങളും വിശദമായി എഴുതിയിട്ടുണ്ട്. ലേഖനത്തിന് വലുപ്പം കൂടുമെന്ന ഭയത്താൽ അവ പിന്നീടൊരിക്കലാകാം. അല്ലെങ്കിൽ ഈ ലേഖനമൊരു പ്രബന്ധമായിപ്പോകും). എന്നാലും ഇവയെക്കുറിച്ച് പഠിക്കാൻ ഞാൻ സഞ്ചരിച്ച വഴികളിലൂടെ തത്ക്കാലത്തേക്ക് മാത്രം ഒറ്റ ഉത്തരം തരാം. ഫിസിക്സിലെ ശബ്ദശാസ്ത്രവും, സംഗീവും, ഗണിതശാസ്ത്രവും, ചരിത്ര രേഖകളിൽ നിന്നും 21-ാം നൂറ്റാണ്ടുവരെയുള്ള ട്യൂണിങ് സിസ്റ്റവും നന്നായി പഠിക്കുക. ഈ വിഷയത്തിൽ ധാരാളം പഠനങ്ങളും ഗവേഷണങ്ങളും നടന്നിട്ടുണ്ട്. ഇന്നും നടക്കുന്നു. ഡോക്ടേറ്റ് നേടിയ ധാരാളം പ്രബന്ധങ്ങളും ലഭ്യമാണ്. അതുകൊണ്ട് ആഴമായും, ആത്മാർത്ഥമായും പഠിക്കാൻ ആഗ്രഹിക്കുന്ന സംഗീത വിദ്യാർത്ഥികളെങ്കിലും ഇതൊന്നും അത്ര നിസ്സാരമായി തള്ളിക്കളയരുത്. അല്പമെങ്കിലും അറിയാൻ ശ്രമിക്കണം, പറ്റിയാൽ ഏറെ ആഴമായിത്തന്നെ പഠിക്കണം. Frequency കണക്കുകളൊക്കെ ഭാവിയിൽ ഏറെ ഗുണം ചെയ്യുന്നതും, പഠിക്കാൻ എളുപ്പമുള്ളതും, പഠിച്ചാൽ പ്രയോജനമുള്ളതുമാണ്.
കർണ്ണാടക സംഗീതം നൊട്ടേഷൻ ചെയ്താൽ അതിന്റെ യഥാർത്ഥ ഈണവും ഭാവവും ലഭിക്കുന്നില്ലെന്ന പരാതി പലപ്പോഴും കേൾക്കുന്നുണ്ട്. പക്ഷേ വെറുതെ ഷാർപ്പ്, ഫ്ലാറ്റ് എന്നിവ മാത്രം ഉപയോഗിച്ചാലും 12 സ്വരസ്ഥാനങ്ങൾ മാത്രമല്ലേ ലഭ്യമാകൂ? പക്ഷേ കർണ്ണാടക സംഗീതത്തിൽ 22 ശ്രുതികളുണ്ട്. 12 ആയാലും 16 ആയാലും അവയൊക്കെ 12 ശ്രുതികളിലാക്കിയാൽ പിന്നെ ബാക്കി 10 സ്വരങ്ങൾ എങ്ങനെ നൊട്ടേഷൻ ചെയ്യും? വെസ്റ്റേൺ ക്ലാസ്സിക്കൽ നൊട്ടേഷൻ അല്പം ആഴമായി പഠിക്കുന്നവർക്ക് മൈക്രോടോണൽ നൊട്ടേഷനറിയാം. അല്പം അതും ഇതും പഠിച്ചിട്ട് കർണ്ണാടക സംഗീതം സ്റ്റാഫ് നൊട്ടേഷൻ ചെയ്യാൻ പറ്റില്ലെന്നു തർക്കിക്കാൻ നിന്നിട്ട് കാര്യമുണ്ടോ? അറിവില്ലായ്മ ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നവരോട് എന്തിന് തർക്കിക്കാൻ പോകണം? (സംഗീത ശാസ്ത്ര പ്രവേശിക. കേരളാ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം. മുദ്രണം1974 ആഗസ്റ്റ് 02. പേജ് 10 നോക്കുക. 22 ശ്രുതികൾ, 16 സ്വരങ്ങൾ, 12 സ്വരസ്ഥാനങ്ങൾ ഹാർമ്മോണിയം പാശ്ചാത്യ സംഗീത ഉപകരണമാണ്. പേജ് 221. വയലിൻ ഫിഡിൽ എന്നിവ പാശ്ചാത്യ സംഗീതോപകരണമാണ്. കർണ്ണാടക, ഹിന്ദുസ്ഥാനി എന്നീ രീതികളിൽ അവ ട്യൂൺ ചെയ്ത് പഠിക്കാം. പേജ് 216). പുസ്തകങ്ങൾ ഇനിയുമുണ്ട്. എന്നാലും ഒരു തെളിവിനും നിങ്ങളുടെ വിശ്വാസത്തിനും ഇത്രയും മതിയെന്നു കരുതുന്നു.
കർണ്ണാടക സംഗീതത്തിലെ രാഗങ്ങൾ അതിന്റെ തനിമ ഒട്ടും നഷ്ടപ്പെടാതെ പിയാനോയിൽ വായിക്കുന്നതിനെപ്പറ്റിയോ, അതിന്റെ വിശദമായ പഠനരീതികളെപ്പറ്റിയോ കർണ്ണാടക സംഗീതശാസ്ത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലോ, (പലരും ഇങ്ങനെ തർക്കിക്കാറുണ്ട്) മറ്റേതെങ്കിലും ആധികാരികമായ രേഖകളോ പുസ്തകങ്ങളോ ഉണ്ടെങ്കിൽ അവയെപ്പറ്റിയും കൂടുതലായി അറിയുവാനും പഠിക്കുവാനും എനിക്കും താല്പര്യമുണ്ട്.
കർണ്ണാടക സംഗീതത്തിലെ അതിമനോഹരമായ രാഗങ്ങളുടെ വെസ്റ്റേൺ കോഡ് തപ്പി നടക്കുന്നവരെയും, അതെടുത്ത് പാശ്ചാത്യ സംഗീത ശാസ്ത്രമനുസരിച്ച് അല്പം മസാല ചേർത്ത് ഹാർമ്മണി ചെയ്യാൻ നടക്കുന്നവരെയും, അത്തരം കലാസൃഷ്ടികൾ ആസ്വദിക്കുന്നവരെയും, അവയ്ക്ക് അവർഡ് കൊടുക്കുന്നവരെയും, വാങ്ങിക്കുവരെയും, ദയവായി ആരും ശല്യപ്പെടുത്തരുതേ, അവരെ അവരുടെ വഴിയേ വിട്ടേക്കൂ. 'അമ്മവന്റെ നിക്കർ അനന്തരവന് ചേരില്ലെന്ന്' അവർക്കറിയില്ലല്ലോ. എന്തായാലും ഇട്ടതിട്ടു, പിന്നെ ഊരിപ്പാകാതിരിക്കാൻ ഒരു വാഴ വള്ളികൊണ്ടെങ്കിലും കെട്ടുന്നതിന് കുഴപ്പമില്ല. മാനം രക്ഷിക്കാനല്ലേ, സാരമില്ല.
ഇതിനെ ഒരു (Academic intrest) പഠന താല്പര്യത്തോടെ മൈക്രോടോണുകളെ നമുക്കൊന്നു പരിശോധിക്കാം.
ഒരുപക്ഷേ ഇന്നത്തെ പല ഗാനശാഖകളും ഉണ്ടാകുന്നതിനും നൂറ്റാണ്ടുകൾക്കു മുമ്പേ സുറിയാനി സംഗീതത്തിലെ 'എക്കാറ' രൂപം പ്രാപിച്ചിരുന്നു എന്ന് സുറിയാനി പാട്ടുകളുടെ ചരിത്രം വായിച്ചാൽ മനസ്സിലാകും. എക്കാറയിലെ ഈണങ്ങൾ കേരളത്തിൽ തന്നെ തുറബ്ദീൻ, മൊസൂൾ പാരമ്പര്യങ്ങളുണ്ട്. അരമായ ഭാഷയാണ് യേശു സംസാരിച്ചിരുന്നത്. ആരാം, അരാമ്യൻ, അരാമ്യ എന്നത് പിന്നീട് സിറിയ, സിറിയൻ, സുറിയാനി എന്നായി മാറി. 7-ാം നൂറ്റാണ്ടിലെ അറബികളുടെ മുന്നേറ്റത്തോടെ അറബി ഭാഷയും സ്ഥാനം പിടിച്ചു.
ഹിന്ദുസ്ഥാനി, കർണ്ണാടക തുടങ്ങിയ ഇന്ത്യൻ സംഗീതശാഖകളിൽ മാത്രല്ലാതെ തുറബ്ദീൻ, മൊസൂൾ, സിറിയ, ഗ്രീക്ക്, റഷ്യ, അറബിക്ക്, അസ്സീറിയൻ, അരാമിക്, തുർക്കി, ഇറാൻ, ഇറാക്ക്, ബൈസന്റൈൻ, ഇസ്താംബുൾ, അലക്സാഡ്രിയ, അർമേനിയ, കുർദ്ദിഷ്, ഈജിപ്ത് തുടങ്ങിയ ചില രാജ്യങ്ങളുടെ സംഗീത ശൈലി ഏകദേശം സാമ്യമുള്ളതാണ്. അവയെല്ലാം ക്വാർട്ടർ ടോണുകളും മൈക്രോടോണുകളുമടങ്ങിയ സിസ്റ്റം അനുസരിച്ചാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. Greek Modes, Arabic Makam, Turkish Maqam, Indian Ragas തമ്മിൽ രൂപത്തിലും പ്രയോഗത്തിലും ഏറെ വ്യത്യാസമുണ്ട്. ഇവയെ അടിസ്ഥാനമാക്കി കുറേ പാശ്ചാത്യ സംഗീത പുസ്തകങ്ങൾ എന്റെ കൈവശമുണ്ടായിരുന്നെങ്കിലും അത് വായിച്ചപ്പോൾ ഈ വിഷയത്തെ അത്ര കാര്യമായി എടുത്തിരുന്നില്ല. എന്നാൽ, ഒരു പ്രബന്ധം തയ്യാറാക്കാനായി കുറെ യൂണിവേഴ്സിറ്റികളിലെ പുസ്തകങ്ങൾ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് ഈ ദേശത്തിന്റെ എല്ലാം സംഗീത ശൈലിയും അവയുടെ പ്രയോഗവും കൂടുതലായി അറിയുവാൻ സാധിച്ചത്.
ആധുനിക അറബ് ടോൺ സമ്പ്രദായം, അല്ലെങ്കിൽ മ്യൂസിക്കൽ ട്യൂണിംഗ് സിസ്റ്റം, ഒരു ഒക്റ്റേവിന്റെ സൈദ്ധാന്തിക വിഭജനം (24 തുല്യ ഡിവിഷനുകളായി) 24 ക്വാർട്ടർ ടോൺ അടിസ്ഥാനമാക്കിയുള്ളതാണ്, തുടർച്ചയായ ഓരോ സ്വരങ്ങളും തമ്മിലുള്ള ദൂരം ക്വാർട്ടർ ടോണാണ്. (കീബോർഡിലെ നോട്ടുകൾ ഒരു സെമിടോൺ വ്യത്യാസത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്) എന്നിരുന്നാലും, ഈ 24 ടോണുകളിൽ നിന്ന്, ഒരു സ്കെയിൽ നിർമ്മിക്കാൻ ഏഴ് നോട്ടുകളാണ് സാധാരണയായി തെരഞ്ഞെടുക്കുന്നത്.
യൂറോപ്യൻ സിസ്റ്റത്തിൽ ഒരു ഒക്റ്റേവിനെ പന്ത്രണ്ട് തുല്യ ഡിവിഷനുകളായി തിരിച്ചിരിക്കുന്നു, അത് അറബ് സമ്പ്രദായത്തിന്റെ പകുതിയോളം വരും. ക്വാർട്ടർ ഫ്ലാറ്റിനായി സ്ലാഷ് ചെയ്ത ഫ്ലാറ്റ് (ചില സിസ്റ്റങ്ങൾ പകരം വിപരീത ഫ്ലാറ്റ് ചിഹ്നം ഉപയോഗിക്കുന്നു), അര ഫ്ലാറ്റ്, മുക്കാൽ ഫ്ലാറ്റ്, അര ഷാർപ്പ്, മുക്കാൽ ഷാർപ്പ് എന്നിവ ഉപയോഗിച്ച് യൂറോപ്യൻ മ്യൂസിക്കൽ നൊട്ടേഷനിൽ എഴുതുന്നു.
ഒരു പാട്ടിൽ 24 ക്വാർട്ടർ ടോണുകളും ഒരുമിച്ച് ഉപയോഗിക്കുന്നത് കുറവാണ്. സംഗീതത്തിന്റെ ആധാരശ്രുതി ആരംഭിക്കുന്നതും സാധരണപോലെ ഒരു സ്വരത്തിൽ (Tone) നിന്നാണ്. എന്നാൽ, ആ ഗാനത്തിൽ സഞ്ചാരത്തിൽ അപൂർവ്വമായി സംഭവിക്കുന്നതായ സ്വരങ്ങളെ കാണിക്കാനാണ് 24 ക്വാർട്ടർ നോട്ട് സിസ്റ്റം ഉപയോഗിക്കുന്നത്.
Major ആയാലു Minor ആയാലും ഒരു സ്കെയിലിലെ 8 നോട്ടുകളിൽ 2 നോട്ടുകൾ semitones ആയിരിക്കുമല്ലോ. അപ്പോൾ ശരിക്കും ഒരു ഒക്ടേവിൽ 6 tones, 12 semitones, 24 quarter tones എന്നിവയാണ് വരുന്നത്. അതാണ് ശരിയായതും. പക്ഷേ പലരും കരുതുന്നത് 7 tones, 5 semitones ചേർന്ന് 12 നോട്ടുകളാണ് ഒരു ഒക്ടേവിൽ അടങ്ങിയിരിക്കുന്നതെന്നാണ്.
കൃത്യമായി തുല്യമല്ലാത്ത 25 നോട്ടുകൾ ആദ്യമായി ഉപയോഗിച്ചത് (Farabi) ഫറാബി (ക്രി.വ. 950) ആണ്. എന്നാൽ കൃത്യമായ 24 ക്വാർട്ടർ ടോണുകളും ആദ്യമായി അവതരിപ്പിച്ച മിഖായേൽ മിഷാക്ക (1800–1888) എന്നിവരുടെ പ്രവർത്തനങ്ങളിൽ നിന്നാണ് നിലവിലെ മൈക്ക്രോടോൺ സമ്പ്രദായം ഉരുത്തിരിഞ്ഞത്. എന്നാൽ, ചില കർശനമായ പാരമ്പര്യവാദികളും സംഗീതജ്ഞരും 17-ടോൺ സെറ്റ് ഉപയോഗിക്കുന്നു, അവർ 24-ടോൺ ഡിവിഷൻ സിസ്റ്റത്തെ നിരസിക്കുന്നു.
എന്റെ വാക്കുകൾക്ക് അല്പം മൂർച്ച കൂടിപ്പോയെങ്കിൽ ക്ഷമിക്കുക. അനുഭവം കൊണ്ടാണ്. 'അനുഭവം ഗുരു' എന്നാണെല്ലോ. ആരും നശിക്കാനല്ല, എല്ലാവർക്കും നന്നാവാനാണ് തുറന്നെഴുതുന്നത്. 1996 കാലഘട്ടത്തിൽ ഹാർമ്മോണിയം വായിക്കുന്ന ഒരാളെ കണ്ടു. കുറച്ചു രാഗങ്ങൾ പഠിപ്പിക്കാമോയെന്ന് അഭ്യർത്ഥിച്ചപ്പോൾ, രണ്ടു കെട്ട് തെറുപ്പ് ബീഡിയും ഒരു കുപ്പി കള്ളിനുള്ള പണവുമായി വന്നാൽ അഞ്ച് രാഗങ്ങൾ പഠിപ്പിക്കാമെന്നും അന്നൊരു ബാലനായിരുന്ന എന്നോടാവശ്യപ്പെട്ടു. എന്റെ കൈയിൽ അത്രയും പണമില്ലെന്നു പറഞ്ഞപ്പോൾ ഒടുവിൽ തൊട്ടടുത്ത പെട്ടിക്കടയിൽ നിന്ന് ഒരു മുറുക്കാൻ വാങ്ങി കൊടുത്ത് എന്റെ സൈക്കിളിൽ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. കുറെ സമയംകൊണ്ട്, മോഹനം, മായാമാളവഗൗള എന്നീ രാഗങ്ങൾ എനിക്ക് മനസ്സിലാക്കിത്തന്നു. അദ്ദേഹത്തിന്റെ വീട്ടിൽനിന്നും ഞാൻ മടങ്ങി. അങ്ങനെ പല അനുഭവങ്ങളുമുണ്ട്. ഞാനേറെ വിഷമത്തോടെ പറയട്ടേ. കുട്ടിക്കാലത്ത് പിയാനോ (ഓർഗൻ എന്നാണ് പലരും പറഞ്ഞിരുന്നത്. പഠിപ്പിച്ചിരുന്നത് കീബോഡിലും) പഠിപ്പാക്കാമെന്നു പറഞ്ഞ് അന്നത്തെ പ്രമുഖരായ അദ്ധ്യാപരിൽ പലരും എന്റെ കൈയിൽനിന്ന് പലപ്പോഴായി ധാരാളം പണം തട്ടിയിട്ടുണ്ട്. ദൈവാനുഗ്രഹത്താൽ സ്വദേശികളും വിദേശികളുമുൾപ്പെടെയുള്ള അദ്ധ്യാപകരിൽനിന്നും നേരിട്ടും അല്ലാതെയും നേരായവിധത്തിൽ പാശ്ചാത്യ സംഗീതത്തെപ്പറ്റി അല്പമൊക്കെ പഠിക്കാൻ സാധിച്ചു. 'യഹോവ അനുകൂലമെങ്കിൽ പ്രതികൂലം ആർ?' എന്ന ബൈബിൾ വാക്യം പലപ്പോഴും ഓർക്കാറുണ്ട്. ദൈവകൃപയാൽ പിൽക്കാലത്ത് അവരെയും അവരുടെ മക്കളെയുമൊക്കെ സൗജന്യമായി (ചിലരിൽ നിന്നും ഫീസ് വാങ്ങിയിരുന്നു) പഠിപ്പിക്കുവാനും സാധിച്ചു. ഇന്നും ഫോണിൽ വിളിച്ച് ഒരു സംശയം ചോദിക്കുന്നവരോട് ഞാൻ യാതൊരു പണവും ആവശ്യപ്പെടാറില്ല. ചില സംശയങ്ങൾ സൗജന്യമായി പറഞ്ഞു കൊടുക്കുന്നതിൽ താല്പര്യവുമുണ്ട്. അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നതിൽ ആനന്ദം അനുഭവിക്കുന്നുമുണ്ട്. അറിവ് പകർന്നു കിട്ടുന്നതാണ്, അത് പകർന്നു കൊടുക്കുമ്പോഴാണ് കൂടുതലായി അറിയുവാൻ സാധിക്കുന്നതും.
ഞാനെഴുതിയ ഈ ലേഖത്തിലെ എല്ലാ സംഗീത ശൈലികളെപ്പറ്റിയും വിശദമായി ലേഖനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. പഠന താല്പര്യത്തോടെ (Academic intrest) വരുന്ന വിദ്യാർത്ഥികൾക്കായ് അവയൊക്കെ പിന്നീടൊരിക്കൽ വിശദമാക്കാം.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.