ആമുഖം.
'വിശുദ്ധ കന്യകമറിയാമും അപ്പോസ്തോലന്മാരും' എന്ന ഈ പുസ്തകത്തിൽ ദൈവമാതാവായ വിശുദ്ധ കന്യകമറിയാമിന്റെയും പതിമൂന്നു ശ്ലീഹന്മാരുടെയും ജീവചരിത്രങ്ങളാണ് ഉൾപ്പെടുത്തിരിക്കുന്നത്. സണ്ടേസ്കൂൾ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഈ ജീവചരിത്രസംഗ്രഹം പ്രയോജന
പ്പെടുമെന്നു കരുതുന്നു.
വിശുദ്ധ കന്യകമറിയാം ഏറെ പ്രായം ചെന്ന ശേഷമാണ് നിത്യ വിശ്രമത്തിൽ പ്രവേശിച്ചതെന്ന് ചില ജീവചരിത്രങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അബ്ദുൾ ആഹാദ് റമ്പാച്ചൻ (1948) വിശുദ്ധ കന്യകമറിയാം യേശുമശിഹായുടെ സ്വർഗ്ഗാരോഹണത്തിനുശേഷം അഞ്ചുവർഷങ്ങൾ മാത്രമേ ജീവിച്ചിരുന്നുള്ളുവെന്നും അമ്പത്തൊന്നാം വയസ്സിൽ യെരുശലേമിൽ വച്ച് നിത്യവിശ്രമത്തിൽ പ്രവേശിച്ചുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അതുമാത്രമല്ല, സുറിയാനി സഭ വിശുദ്ധ കന്യകമറിയാമിനെ എപ്രകാരം പരിഗണിക്കുന്നുവെന്നും വിശദമാക്കേണ്ടതുണ്ട്. ഈ കാലഘട്ടത്തിൽ സുറിയാനി സഭയുടെ പാരമ്പര്യങ്ങളും വിശ്വാസാചാരങ്ങളും വെല്ലുവിളികൾ നേരിടുമ്പോൾ അവ ഏതെന്ന് സ്പഷ്ടമാക്കേണ്ടതും അത്യാവശ്യമാണ്. പരിശുദ്ധ ശ്ലീഹന്മാരുടെ ജീവചരിത്ര വസ്തുതകൾ സുറിയാനി സഭയുടെ പ്രാർത്ഥനകളിൽ ഉദ്ധരിച്ചിരിക്കുന്നതും സഭയുടെ വിശ്വാസപാരമ്പര്യം ചരിത്ര വസ്തുകളുമായും, വിശുദ്ധ ഗ്രന്ഥവുമായും ഇഴചേർന്നിരി ക്കുന്നുവെന്നതും വിശ്വാസികൾ അറിഞ്ഞിരിക്കേണ്ടതാണ്.
വൈരാഗ്യക്കാരനായ ശെമവൂൻ എന്നറിയപ്പെടുന്ന ശ്ലീഹാ കാനായിൽ നിന്നുള്ളവനാണെന്ന് തെറ്റായി വ്യാഖ്യാനി ക്കപ്പെടുന്നുണ്ട്. അതുപോലെയുള്ള അബദ്ധ ധാരണകൾ ഈ പുസ്തകത്തിൽ പഠനവിധേയമാക്കിയിട്ടുണ്ട്.
ആധുനിക വിവരസാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തിൽ വിശുദ്ധ കന്യകമറിയാമിനെ സംബന്ധിച്ചും വിശുദ്ധ ശ്ലീഹന്മാരെ സംബന്ധിച്ചും ധാരാളം അറിവുകൾ ലഭ്യമാണ്. എന്നാൽ അപ്പോസ്തോലിക പിതാക്കന്മാർ നമ്മെ ഭരമേല്പിച്ചതും സുറിയാനി സഭാ പാരമ്പര്യത്തിൽ അടിത്തറയുള്ളതുമായ വസ്തുതകൾ അടുത്ത തലമുറയെ കുറവു കൂടാതെ ഏല്പിക്കുക എന്നതാണ് നമ്മുടെ ദൗത്യം.
ആശ്രിത ഗ്രന്ഥങ്ങളുമായി ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ എഴുത്തുകാരേയും നന്ദിയോടെ അനുസ്മരിക്കുന്നു. 'The search of the twelve Apostles' എന്ന പുസ്തകം എനിക്കു സമ്മാനിച്ച എന്റെ ഭാര്യാ സഹോദരൻ ശ്രീ.അജി ജേക്കബ് കുര്യൻ ഞാൻ അന്വേഷിച്ചുകൊണ്ടിരുന്ന പല ചരിത്രസത്യങ്ങളും അതിൽ നിന്ന് ലഭിക്കുന്നതിനിടയാക്കി.
ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണം ഏറ്റെടുത്ത ജെ.എസ്.സി. പ്രസിദ്ധീകരണ വിഭാഗത്തോടും അതിന്റെ പ്രവർത്തകരോടുമുള്ള നന്ദിയറിക്കുന്നു. ഈ പുസ്തകത്തിന്റെ ഡി.റ്റി.പി. ജോലികൾ നിർവ്വഹിക്കുകയും കവർ രൂപകല്പന ചെയ്യുകയും ചെയ്ത ശ്രീ.ജൂലിയസ്.സി.ഏബ്രഹാമിനോടുള്ള നന്ദി അറിയിക്കുന്നു.
സുറിയാനി സഭയുടെ വിശ്വാസപരവും ചരിത്രപരവു മായ കാര്യങ്ങൾ മനസ്സിലാക്കുന്നതിന് ഈ ജീവചരിത്ര സംഗ്രഹങ്ങൾ പ്രയോജനപ്പെടുമെന്ന് ആശിക്കുന്നു.
കുന്നംകുളം. 14 സെപ്റ്റംബർ 2017
കോറെപ്പിസ്കോപ്പ് മാണി രാജൻ
വിശുദ്ധ കന്യകമറിയാം (ബി.സി14? - എ.ഡി37?).
വി.കന്യകമറിയാമിന്റെ ജനനത്തെ സംബന്ധിച്ചും നിര്യാണത്തെ സംബന്ധിച്ചും കൃത്യമായ വിവരണങ്ങളൊന്നും വിജ്ഞാന കോശങ്ങളിൽ ലഭ്യമല്ല. കന്യകമറിയാം നേർച്ച പുത്രിയായി യെരൂശലേം ദൈവാലയത്തിൽ വളർത്തപ്പെട്ടു വെന്ന് പലരും രേഖപ്പെടുത്തിയിട്ടുണ്ട് (eng, Abdul Ahad, 1948). കന്യകമറിയാം യെഹൂദ ഗോത്രത്തിലും ദാവീദുവം ശത്തിലും പെട്ട ഏലിയാസാറിന്റെ രണ്ടാമത്തെ പുത്രനായ യൂയാക്കിമിന്റെയും (Joachim, യൂനോക്കീർ, ഹേലി) ലേവിഗോത്രത്തിൽ അഹറോന്റെ വംശത്തിൽപെട്ട ഹന്നയുടെയും (Ann, ദീന) പുത്രിയായി ബി. സി. 14-ൽ ജനിച്ചുവെന്ന് കരുതപ്പെടുന്നു.
കന്യകമറിയാമിന് വിവാഹനിശ്ചയം ചെയ്യപ്പെട്ട യൗസേഫ് യാക്കോബിന്റെ മകനാണെന്ന് വി.മത്തായിയുടെ സുവിശേഷത്തിൽ (മത്താ. 1:16) പറഞ്ഞിരിക്കുന്നു. യൗസേഫ് ഹേലിയുടെ പുത്രൻ എന്ന് വി.ലൂക്കോസിന്റെ സുവിശേഷത്തിൽ പറഞ്ഞിരിക്കുന്നു (ലൂക്കൊ. 3:23). ഇതിനുകാരണം സ്വഭാവപ്രകാരം യൗസേഫ് യാക്കോബിന്റെയും പ്രമാണമനുസരിച്ച് ഹേലിയുടെയും പുത്രനായിരുന്നു. എന്തെന്നാൽ യൗസേഫ് ഹേലിയുടെ (യൂയാക്കീം) പുത്രി മറിയാമിന് വിവാഹം നിശ്ചയിക്കപ്പെട്ടവനായിരുന്നു. യൗസേഫിന്റെയും മറിയാമിന്റെയും പിതാമഹൻ മാഥാനാണ് (Abdul Ahad, 1948). യൗസേഫ് നസ്രേത്തിൽ നിന്നുള്ള ഒരു മരപ്പണിക്കാരനായിരുന്നു. യൗസേഫിന് ഏഴ് മക്കളുണ്ടായിരുന്നു. ആ ഏഴുപേരിൽ പെട്ടവരായ യാക്കോബ്, ശെമവൂൻ, യോസി, യഹൂദ എന്നിവരെയാണ് കർത്താവിന്റെ സഹോദരന്മാന്നു പറഞ്ഞിരിക്കുന്നത് (മർക്കൊ. 6:3).
ഒരിക്കൽ കന്യകമറിയാമിന്റെ മാതാപിതാക്കളായ യൂയാക്കീമിന്റേയും ഹന്നായുടെയും കാഴ്ച (നേർച്ച) പുരോഹിതന്മാർ നിരസിച്ചു. കാരണം, ഹന്ന വന്ധ്യയായിരുന്നുവെന്നതാണ്. പ്രായമേറെ ചെന്നിട്ടും ഗലീലിയൻ ഗ്രാമത്തിൽ ജീവിച്ചിരുന്ന ഈ ദമ്പതികൾക്ക് മക്കളില്ലായിരുന്നു. ഈ അപമാനം നിമിത്തം അവർ കണ്ണുനീരോടെ പ്രാർത്ഥിക്കുകയും അവർക്കുണ്ടാകുന്ന കുഞ്ഞിനെ ദൈവത്തിനു നേർച്ചയായി കൊടുക്കുന്നതിനും തീരുമാനിച്ചു. അങ്ങനെ അവരുടെ യാചനയ്ക്ക് ഉത്തരമായി ലഭിച്ച മകൾക്ക് പ്രകാശമെന്നർത്ഥമുള്ള മറിയാം എന്നു പേരിട്ടു. ഈ മറിയാം മൂന്നു വയസ്സുള്ളപ്പോൾ നേർച്ചയായി യെരുശലേം ദൈവാലയത്തിൽ സമർപ്പിക്കപ്പെട്ടു.
മൂന്നു വയസ്സു മുതൽ 13 വയസ്സുവരെ മറിയാം ദൈവാലയത്തിൽ താമസിച്ച് വി.വസ്ത്രങ്ങളും അലങ്കാരങ്ങളും തയ്ച്ചു
ദൈവാലയത്തിൽ ശുശ്രൂഷകൾ ചെയ്തു ജീവിച്ചുവന്നു. 11 വയസ്സിനുശേഷം ദൈവാലയത്തിൽ തുടർന്ന് താമസിക്കുന്നത് യോഗ്യമല്ല എന്ന ദൈവിക ആലോചനപ്രകാരം വിവാഹം നിശ്ചയിക്കപ്പെട്ടു.
യൗസേഫിന് വിവാഹം നിശ്ചയിക്കപ്പെട്ട കന്യകമറിയാമിന്റെ അടുക്കൽ മാലാഖയുടെ അറിയിപ്പ് (ലൂക്കൊ. 1.27 മുതലാണ് പുതിയ നിയമത്തിൽ മറിയാം പ്രത്യക്ഷപ്പെടുന്നത്. കർത്താവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം പ്രാർത്ഥനയിൽ ഏകമനസ്സോടെ ഇരിക്കുമ്പോഴാണ് (അപ്പ. 1.14) മറിയാമിനെ അവസാനമായി പുതിയ നിയമത്തിൽ കാണുന്നത്. ഇതിനിടയിൽ യേശുവിനെ ദൈവാലയത്തിൽ സമർപ്പിച്ചപ്പോഴും (ലൂക്കൊ. 2: 21-25), പെസഹാ പെരുന്നാളിന് യെരുശലേമിലേക്ക് പോയപ്പോഴും (ലൂക്കൊ. 2.41-43 കാനാവിലെ കല്യാണത്തിലും , (യോഹ2.1-2) പരസ്യശുശ്രൂഷയുടെ അവസരത്തിലും (മർക്കോസ്3.31 ) കുരിശിന്റെ ചുവട്ടിലും (യോഹ 19-25-26 ) കന്യക മറിയയമിനെ പ്രവർത്തന നിരതയായി കാണുന്നുണ്ട്.
ദൈവമാതാവായ വി.മറിയാമിനോടുള്ള മധ്യസ്ഥതയും പ്രത്യേക ആദരവും അപ്പൊസ്തോലികകാലം മുതൽ നിലനിന്നിരുന്നു. സുറിയാനിസഭയിൽ ദൈവമാതാവിന്റെ 8 പെരുനാളുകളാണ് ആചരിച്ചുവരുന്നത്.
ജനുവരി 15 - വിത്തുകൾക്കുവേണ്ടി ദൈവമാതാവിന്റെ ഓർമ്മ (മധ്യസ്ഥത)
മാർച്ച് 25 - വചനിപ്പ് (അറിയിപ്പ്) പെരുന്നാൾ
മെയ് 15 - കതിരുകൾക്കുവേണ്ടി ദൈവമാതാവിന്റെ ഓർമ്മ (മധ്യസ്ഥത).
ജൂൺ 15 - ദൈവമാതാവിന്റെ നാമത്തിൽ ആദ്യം പള്ളി സ്ഥാപിച്ചതിന്റെ ഓർമ്മ
ആഗസ്റ്റ് -15 - ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ, മുന്തിരിത്തണ്ടുകൾക്കുവേണ്ടി ദൈവമാതാവിന്റെ ഓർമ്മ (മധ്യസ്ഥത).
നവംബർ 21 - കന്യകമറിയാമിനോടുള്ള അറിയിപ്പ് ക്രിസ്തുമസിന് ഏതാണ്ട് നാലാഴ്ച മുമ്പും ആചരിക്കുന്നു.
സെപ്റ്റംബർ 8 - കന്യകമറിയാമിന്റെ ജനനപെരുന്നാൾ
ഡിസംബർ26 - ദൈവമാതാവിന്റെ പുകഴ്ച പെരുന്നാൾ
വിശുദ്ധ കന്യകമറിയാമിനെ സംബന്ധിച്ച് ക്രൈസ്തവ സഭകൾ വ്യത്യസ്ത കാഴ്ചപ്പാടുകൾ പുലർത്തുന്നുവെന്നത് ഒരു വസ്തുതയാണ്. വി.മറിയാമിനെ ആദിമസഭ എങ്ങനെ പരിഗണിച്ചിരുന്നുവെന്നത് ഇന്നും തർക്കവിഷയമാണ്. വേദപുസ്തകം മാത്രം ആശ്രയിക്കുന്ന നവീന സഭകൾക്ക് ആദിമസഭയുടെ ചരിത്രവും പാരമ്പര്യവും അപ്രസക്തവുമാണ്. അപ്പൊസ്തോലന്മാർ വി.മറിയാമിനെ സംബന്ധിച്ച് എന്തു വിശ്വാസം പുലർത്തിയിരുന്നുവെന്ന് ചരിത്രപരമായ തെളിവുകളുടെയും സുറിയാനി സഭയുടെ ആരാധനാക്രമങ്ങളുടെയും അടിസ്ഥാനത്തിൽ പരിശോധിക്കേണ്ടതാണ്.
വി.കന്യകമറിയാം വിശുദ്ധ ജീവിതത്തിൽ മാതൃകയാണെന്ന് സെക്റ്റേറിയൻ സഭകളൊഴിച്ചുള്ള സഭാ വിഭാഗങ്ങൾ അംഗീകരിക്കുന്നുണ്ട്. എന്നാൽ വി.മറിയാമിനെ സംബന്ധിക്കുന്ന വിശ്വാസാചാരങ്ങളിൽ പലതിനും വേദപുസ്തകത്തിന്റെ തൃപ്തികരമായ പിൻബലമില്ലെന്നാണ് ചില സഭകളുടെ നിലപാട്. എക്യുമെനിസത്തിന്റെ കാലഘട്ടത്തിൽ ഈ വ്യത്യാസങ്ങൾ പെരുപ്പിച്ച് കാണിക്കുന്നത് അടിസ്ഥാന ക്രിസ്തീയ വിശ്വാസങ്ങളുടെ തുച്ഛീകരണത്തിന് കാരണമാകുമോ എന്നതാണ് ഗൗരവമേറിയ പ്രശ്നം.
വി.കന്യകമറിയാമിനെ സംബന്ധിച്ച് ആറു കാര്യങ്ങൾ, സുറിയാനി സഭയുടെ വിശ്വാസാടിസ്ഥാനത്തിൽ ചുരുക്കമായി ഇവിടെ പ്രതിപാദിക്കുന്നു.
(1) കർത്താവിന്റെ രക്ഷാകരപദ്ധതിയിൽ കന്യകമറിയാമിന്റെ പങ്ക്,
(2) വി.കന്യകമറിയാമിന്റെ 'സഹരക്ഷക' എന്ന അപരനാമം,
(3) അമലോത്ഭവസിദ്ധാന്തം,
(4) വി.മറിയാം നിത്യകന്യക,
(5) കന്യകമറിയാം വിശുദ്ധ ദൈവമാതാവ്,
(6) യേശു ഏക മധ്യസ്ഥൻ എന്നി ആറുകാര്യങ്ങൾ ഒന്നിൽനിന്ന് മറ്റൊന്ന് പൂർണ്ണമായി മാറ്റി നിർത്താവുന്നതല്ല.
(1) കർത്താവിന്റെ രക്ഷാകരപദ്ധതിയിൽ കന്യകമറിയാമിന്റെ പങ്ക്.
പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞന്മാർ കന്യകമറിയാമിനുള്ള പ്രത്യേക ആദരവ് തന്റെ പുത്രനായ യേശുവിൽ നിന്നുള്ള ബന്ധത്തിൽ നിന്നു മാത്രം ഉരുത്തിരിയുന്നതായി പരിഗണിക്കുന്നു. യേശുവിന്റെ അമ്മ എന്ന പദവി ഒഴിച്ചു നിർത്തിയാൽ സ്വതന്ത്രമായ ഒരു മൂല്യവും വി.കന്യകമറിയാമിനില്ലെന്നും, മറ്റേതു സ്ത്രീക്കും നൽകാവുന്ന മഹത്വം മാത്രമേ കന്യക മറിയാമിനുള്ളു എന്നുമാണ് അവരുടെ അഭിപ്രായം. ചുരുക്കത്തിൽ ദൈവത്തിന്റെ രക്ഷാകരപദ്ധതി കന്യകമറിയാം ഒരു നിഷ്ക്രിയ (passive)
ഉപകരണമായിരുന്നുവെന്നാണ് അവർ പഠിപ്പിക്കുന്നത്.
യേശുവിന്റെ ജഡധാരണത്തിനായി ഒരു സ്ത്രീ ആവശ്യമായിരുന്നു (ഉല് 3:15; ഗലാ. 4:4). എന്നാൽ യേശുവിനെ ഗർഭം ധരിക്കുന്നതും ആ ശിശുവിനെ ഉദരത്തിൽ വഹിക്കുക എന്നുള്ളതും ഏതൊരു സ്ത്രീക്കും സാധ്യമായിരുന്നു എന്ന് ചിന്തിക്കുന്നത് ശരിയായിരിക്കുകയില്ല. കാരണം "ദൈവകൃപയാൽ തെരഞ്ഞെടുക്കപ്പെടുക" (ലൂക്കൊ. 1:30) എന്നത് നിസ്സാരമായി കാണാവുന്നതല്ല. ദൈവകൃപയ്ക്ക് പാത്രമായിത്തീർന്ന സ്ത്രീ തെരഞ്ഞെടുക്കപ്പെട്ടു. വി.കന്യകമറിയാം ധൈര്യമില്ലായ്മകൊണ്ട് കീഴടങ്ങിയ (timidly submissive) ഒരു സ്ത്രീയായി ചിന്തിക്കുന്നത് തെറ്റാണ്. കാരണം ആ ഭാഗ്യവതി (ലൂക്കൊ. 148) പ്രഖ്യാപിക്കുന്നു. "പ്രഭുക്കന്മാരെ സിംഹാസനങ്ങളിൽ നിന്ന് ഇറക്കി താണവരെ ഉയർത്തിയി രിക്കുന്നു" (ലൂക്കൊ. 1.52), “നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ" (ലൂക്കൊ. 1:38) എന്ന സമർപ്പണം ബലഹീനതയിൽ നിന്നല്ല, പ്രത്യുത ദൈവത്തിൽ നിന്നുള്ള അറിയിപ്പിന്റെ സാധ്യത അംഗീകരിച്ചതുകൊണ്ടാണ് (ലൂക്കൊ. 1:45).
വി.കന്യകമറിയാം യേശുവിന്റെ അമ്മയായത് കൃപയാൽമാത്രം' (sola gratia) എന്ന ഒരു വാദഗതിയുണ്ട്. ഈ ചിന്ത മനുഷ്യന് യഥേഷ്ടം പ്രവർത്തിക്കുവാനുള്ള സ്വാതന്ത്രം (free will) എന്ന അടിസ്ഥാന ദൈവശാസ്ത്രത്തിന്റെ നിഷേധമാണ്. "നിങ്ങൾക്ക് ദൈവത്തിന്റെ കൃപ ലഭിച്ചത്. വ്യർത്ഥമായി തീരരുത്” (2 കൊരി. 6:1) എന്ന പൗലോസ് ശ്ലീഹായുടെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിൽ ചിന്തിച്ചാൽ ദൈവകൃപ വ്യർത്ഥമായി തീരാതിരിക്കാൻ മനുഷ്യന്റെ സഹായകമായ പ്രതികരണവും സഹകരണവും അത്യന്താപേ ക്ഷിതമാണെന്ന് മനസ്സിലാക്കാം.
വി.കന്യകമറിയാമിനുണ്ടായ അരുളപ്പാടിന് (ലൂക്കൊ. 1:30-31) ക്രിയാത്മകമായ പ്രതികരണം ആവശ്യമായിരുന്നു. ദൈവദൂതനുമായുള്ള സംഭാഷണം ഈ പ്രതികരണത്തിന്റെ സ്പഷ്ടീകരണമാണ്. “രക്ഷയ്ക്കായി പ്രവർത്തിപ്പിൻ (ഫിലി. 2:12) എന്ന ആഹ്വാനം ദൈവകൃപയ്ക്കും ആലോചനയ്ക്കും ആവശ്യമായ പ്രതികരണമാണ് സൂചിപ്പിക്കുന്നത്.
മനുഷ്യന്റെ 'രക്ഷ (salvation) സാധ്യമാകുന്നത് അവന്റെ സ്വയപരിശ്രമത്താൽ മാത്രമോ ദൈവത്തിന്റെ ഏകപക്ഷീയമായ പ്രവൃത്തികൊണ്ടോ അല്ല. മറിച്ച് ദൈവ പ്രചോദിതമായ മനുഷ്യസഹകരണത്തിന്റെ പരിണിതഫലമാണ്. ഈ അടിസ്ഥാനത്തിൽ ചിന്തിച്ചാൽ വി.കന്യകമറിയാമിന്റെ രക്ഷാകരപദ്ധതിയിലെ ചൈതന്യമുള്ള പങ്കിനെ തള്ളിക്കളയാവുന്നതല്ല.
'കൃപയാൽ മാത്രം' എന്ന ആശയം ശരിയാണെന്ന് ചിന്തിച്ചാൽ കൃപ ഒരു വ്യക്തിയിലേക്ക് ഏകപക്ഷീയമായി നിർബന്ധ പൂർവ്വം സംവഹിക്കുന്ന ഒരു അവസ്ഥ സംജാതമാകുന്നു. ആ അവസ്ഥയിൽ മനുഷ്യന്റെ അസ്തിത്വവും സ്വതന്ത്ര ചിന്തയും അസ്തമയ ബിന്ദുവിലെത്തുന്നു. ഉത്തരവാദിത്വം, സ്വതന്ത്രചിന്ത, വിവേചനശക്തി എന്നിവയെല്ലാം അടിയറവ യ്ക്കുന്ന ഒരവസ്ഥ അഥവാ മുൻനിർണ്ണയിക്കപ്പെട്ടതിനോടുള്ള അപ്രധാനമായ വ്യക്തിഗത കീഴടങ്ങൽ (sub personal) എന്ന നിലയിലേക്കു തരം താഴുന്നു. വി.കന്യകമറിയാം ദൈവകൃപയ്ക്ക് പാത്രമായി പ്രതികരിച്ചതിനാൽ ദൈവകൃപയുടെയും മനുഷ്യന്റെ ശരിയായ പ്രതികരണത്തിന്റെയും ഉത്തമോദാഹരണമാണ്.
(a) വി.കന്യകമറിയാമിന്റെ 'സഹരക്ഷക എന്ന അപരനാമം.
യേശുവിന്റെ രക്ഷാകരപദ്ധതിയിൽ കന്യകമറിയാമിന് ഒഴിച്ചുകൂടാനാവാത്ത പങ്കുണ്ടായിരുന്നുവെന്ന് കണ്ടുകഴിഞ്ഞു. ഈ ഒഴിച്ചു കൂടാനാവാത്ത പങ്കിന്റെ പരിമാണം സം ബന്ധിച്ച് കത്തോലിക്കാസഭയും പ്രൊട്ടസ്റ്റന്റ് സഭകളും രണ്ടു ധ്രുവങ്ങളിലാണ്. റോമൻ കത്തോലിക്കാസഭ വി.കന്യക മറിയാമിനെ സഹരക്ഷക (corredemptrix) എന്ന അപരനാമത്തിലാണ് പരാമർശിക്കുന്നത്. രക്ഷകനായ യേശു ക്രിസ്തുവിനോട് തുല്യതയുള്ള നിലയിലാണ് സഹരക്ഷക എന്ന പ്രയോഗം വ്യാഖ്യാനിക്കപ്പെടുന്നത്. പ്രൊട്ടസ്റ്റന്റ് സഭകളുടെ നിലപാട് മേൽവിവരിച്ചിരിക്കുന്നതിനാൽ ആവർത്തിക്കുന്നില്ല.
യേശുമശിഹായുടെ രക്ഷാകരബലി കന്യകമറിയാമിനു വേണ്ടിയും ആയിരുന്നില്ലേ? സുറിയാനി ഓർത്തഡോക്സ് സഭയുടെ (അന്ത്യോഖ്യൻ ക്രമം) വി.കുർബ്ബാനയർപ്പണത്തിനു ശേഷമുള്ള രഹസ്യ പ്രാർത്ഥനയിൽ "ഇന്ന് ഞങ്ങൾ അർപ്പിച്ചിരിക്കുന്ന ഈ കുർബ്ബാനയിൽ ദൈവമായ കർത്താവും തന്റെ തെരഞ്ഞെടുക്കപ്പെട്ട മാലാഖമാരും പ്രീതിപ്പെട്ട് ഇതുമൂലം തന്റെ ജനനിക്കും ആശ്വാസവും നല്ല ഓർമ്മയും ലഭിക്കുവാൻ ഇടയാകട്ടെ' എന്ന് പ്രാർത്ഥിക്കുന്നുണ്ട്. മാത്രവുമല്ല 'ആദാം മൂലം എല്ലാ മനുഷ്യരും മരിക്കുന്നതെങ്ങനെയൊ അങ്ങനെതന്നെ മശിഹാ മൂലം എല്ലാവരും ജീവിക്കുന്നു" (1 കൊരി. 15:22), "ഏക മനുഷ്യനാൽ പാപവും, പാപത്താൽ മരണവും ലോകത്തിലേക്ക് പ്രവേശിച്ച പ്രകാരം തന്നെ, സകല മനുഷ്യരും പാപം ചെയ്കയാൽ അവരിലും മരണം കടന്നിരിക്കുന്നു" (റോമർ 5:12) എന്നീ പ്രയോഗങ്ങളിൽ വി.കന്യകമറിയാം ഉൾപ്പെട്ടിരുന്നു എന്ന് ചിന്തിക്കുന്നതായിരിക്കും യുക്തിഭദ്രം. ആയതിനാൽ സുറിയാനിസഭ വി.കന്യകമറിയാമിനെ സഹരക്ഷക എന്ന് പഠിപ്പിക്കുന്നില്ല. യേശുവിന്റെ അമ്മയായ കന്യകമറിയാമിന് യേശു വിലയൊന്നും കല്പിച്ചിരുന്നില്ല എന്നു പ്രചരിപ്പിക്കുന്നതിനായി “ആരാണ് എന്റെ അമ്മ . . . ഇതാ എന്റെ അമ്മ, എന്റെ സഹോദരന്മാർ, എന്തെന്നാൽ ദൈവഹിതം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു (മർക്കൊ. 3:31-35). ഈ സുവിശേഷഭാഗം സാഹചര്യത്തിൽ നിന്നും ആത്മിക അർത്ഥത്തിൽ നിന്നും ഭിന്നമായി കാണുന്നവരുണ്ട്. എന്നാൽ ദൈവേഷ്ടം ചെയ്യുന്നവർ വി.കന്യകമറിയാമിനെപ്പോലെ യേശുവിനെ വഹിക്കുന്നവരാണ്; പിതാവിന് പുത്രന്മാരും ക്രിസ്തുവിനു സഹോദരന്മാരും സഹോദരികളുമാണ് (മാമോദീസാക്രമം) ഈ പദവിയെയാണ് യേശു എടുത്തുപറയുന്നത്.
“എന്റെ മകനേ നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്?" എന്ന കന്യകമറിയാമിന്റെ ചോദ്യവും "ഞാൻ എന്റെ പിതാവിന്റെ ഭവനത്തിൽ ആയിരിക്കേണ്ടതാകുന്നു എന്ന് നിങ്ങൾ അറി യുന്നില്ലയോ?" (ലൂക്കൊ. 2.48-49) എന്ന സംഭാഷണങ്ങളും, “സ്ത്രീയേ, എനിക്കും നിനക്കും എന്ത്?” (യോഹ. 2:4) എന്ന കാനാവിലെ സംഭാഷണവും വി.മറിയാമിന് യേശുവിന്റെ ദൗത്യത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്ന് പഠിപ്പിക്കുന്നതിന് പലരും എടുത്തുകാണിക്കുന്നുണ്ട്. എന്നാൽ കന്യകമറിയാം ഈ വചനങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച് ധ്യാനിച്ചുകൊണ്ടിരുന്നു. (ലൂക്കൊ. 2:19) അഥവാ ഹൃദയത്തിൽ സൂക്ഷിച്ചു (ലൂക്കൊ. 2:51). ഈ ചിന്തകളും ധ്യാനങ്ങളും വി.കന്യകമറിയാമിന്റെ സമർപ്പണത്തിൽനിന്നും വിഭിന്നമാകാൻ സാധ്യതയില്ല.
(3) അമലോത്ഭവ സിദ്ധാന്തം.
വി.കന്യകമറിയാം അമലോത്ഭവ (immaculate concep tion) യാണെന്ന് 1854-ൽ പോപ് പയസ് 9-ാമൻ പ്രഖ്യാപിച്ചു. റോമൻ കത്തോലിക്കാസഭയുടെ വിശ്വാസമനുസരിച്ച് വി.കന്യകമറിയാമിന് ജന്മ (ആദ്യ ) പാപമില്ലായിരുന്നുവെന്നോ അഥവാ ദൈവത്തിന്റെ പ്രത്യേക കൃപ മുഖാന്തരം ജന്മപാപ മില്ലാതെ (without original sin) വി.മാതാവിനെ മുൻകൂട്ടി കരുതിയിരുന്നുവെന്നോ അവർ വിശ്വസിക്കുന്നു. വിശുദ്ധനായ യേശുവിന് വസിക്കുന്നതിന് വിശുദ്ധയായ (ജനനത്തിങ്കൽ തന്നെ) കന്യകയെ ഒരുക്കിയെന്ന ചിന്താഗതിയിൽ നിന്നാണ് ഈ വിശ്വാസം ഉടലെടുത്തത്. റോമൻ കത്തോലിക്കാസഭ ഒഴികെ മറ്റു സഭകളൊന്നും ഇതംഗീകരിക്കുന്നില്ല.
അമലോത്ഭവം വി.കന്യകമറിയാമിനെ ആദാമിന്റെ സന്തതികളിൽനിന്ന് വ്യത്യസ്തയാക്കുന്നുവെന്ന അഭിപ്രായം പ്രബലമാണ്. ആദാമ്യപാപത്തിൽ നിന്ന് വി.കന്യകമറിയാം വിമുക്തയാണെന്ന് ചിന്തിച്ചാൽ (ആദാമിൽ എല്ലാവരും മരിക്കുന്നു) ക്രിസ്തുവിലൂടെയുള്ള (രണ്ടാം ആദാം) രക്ഷ കന്യകമറിയാമിന് ആവശ്യമില്ലായിരുന്നുവെന്നർത്ഥം. അതിനാലാണ് സഹരക്ഷകയെന്ന അപരനാമം കത്തോലിക്കാസഭ ഉപയോഗിക്കുന്നത്. ക്രിസ്തു മാത്രമേ പാപമില്ലാത്തവനായുള്ളൂ എന്നാണ് സുറിയാനി സഭ പഠിപ്പിക്കുന്നത്. മാത്രവുമല്ല, ക്രിസ്തുവിന് മുമ്പ് പാപമില്ലാത്ത വ്യക്തിയുണ്ടെങ്കിൽ പിന്നീട് ക്രിസ്തുവെന്ന പാപമില്ലാത്തവന്റെ ജനനത്തിന് പ്രസക്തിയില്ല. കന്യക മറിയാം യുയാക്കീമിൽ നിന്നും ഹന്നായിൽ നിന്നും സ്വഭാവ പ്രകാരം ജനിച്ചവളാകയാൽ പൊതുവായ ആദ്യപാപത്തിൽ ഉൾപ്പെട്ടിരുന്നുവെന്നാണ് സുറിയാനി സഭ പഠിപ്പിക്കുന്നത്.
അമലോത്ഭവ സിദ്ധാന്തത്തെ അംഗീകരിക്കാതെ തന്നെ ഒരു വ്യക്തിക്ക് നല്ല ക്രിസ്ത്യാനിയാകാൻ കഴിയുമെന്ന് ദൈവശാസ്ത്രപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. (തോമസ് അക്വിനാസിനെപ്പോലെയുള്ളവർ ഈ വിശ്വാസത്തിന്റെ ജീവ ശാസ്ത്ര സാങ്കേതികവശങ്ങൾ പരാമർശിച്ചിട്ടുള്ളത് ഇവിടെ വിവരിക്കുന്നില്ല). അമലോത്ഭവത്തിൽ വിശ്വസിക്കാത്ത '
വിശ്വാസിയെ മാറ്റിനിർത്തുന്നതിനാണ് ഈ വിശ്വാസം ഉപകരിക്കുന്നതെങ്കിൽ അത് അപകടകരമാണെന്ന് ജോൺ മെക്കുറേ അഭിപ്രായപ്പെടുന്നു (John Macquarrie, 1991, p. 76).
(4) വി.മറിയാം നിത്യകന്യക.
സുറിയാനിസഭയുടെ പ്രാർത്ഥനകളിലും ആരാധനാക്രമങ്ങളിലും വി.മറിയാമിനെ നിത്യകന്യക (perpetual virgin) എന്ന് ആവർത്തിച്ച് ഏറ്റുപറയുന്നുണ്ട്. ചില ഉദ്ധരണികൾ താഴെ ചേർക്കുന്നു.
"മുൾമരമെരിയാതെരിതീ തൻ നടുവിൽ കണ്ടതുപോൽ ചിന്മയനാം മറിയാമിൽ വസിച്ചു ശരീരം പൂണ്ടു -
അതിനാൽ ഭംഗവുമാ - കന്യാ വ്രതമുദ്രയ്ക്കുണ്ടാ -യില്ല". (പുറപ്പാട്3:2)
അദ്ഭുതമായ് സൽഫലമേകിയൊരാ തരുമൽസ്യം തീക്കൽ പാറ
ത്രയരഹസ്യാൽ തിരുസഭ വിശ്വാസത്യാഗികളോടു വാദിക്കുന്നു.
തരുവിൽ നിന്നജമുണ്ടായി (ഉല്പ. 22:13)
തോയം തിക്കല്ലിൽ നിന്നും (സംഖ്യാ 11)
മത്സ്യമതേകി എസ്തീറ (മത്താ. 17:27) ക്യാന്യാപ്രസവേ വാദിപ്പോർക്കിവയേറ്റം വാട്ടം നൽകും.
യെഹെസ്ക്കിയേൽ കണ്ടതായ അടയ്ക്കപ്പെട്ട വാതിൽ (യെഹെ. 44:2), മേൽ വിവരിച്ചിരിക്കുന്ന ഗാനങ്ങളിലെ ദൃഷ്ടാന്തങ്ങൾ നിത്യകന്യകയെന്ന വിശ്വാസം സ്പഷ്ടമാക്കുന്നു. വി.കുർബ്ബാനയിലെ നാലാം തുബ്ദേനിൽ "നിത്യ കന്യകയും ഭാഗ്യവതിയുമായ ദൈവമാതാവ് "എന്നാണ് അനുസ്മരിക്കുന്നത്. മറ്റു പല പ്രാർത്ഥനകളിലും ഈ ആശയം ആവർത്തിച്ചുറപ്പിച്ചിട്ടുണ്ട്. അന്ത്യോഖ്യായുടെ പാത്രിയർക്കീസ് യാക്കോബ് മൂന്നാമൻ കന്യകയിൽ നിന്നുള്ള ജനനത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞിരിക്കുന്നു
.....ഒമ്പതുമാസത്തിനുശേഷം അവർണ്ണനീയമായ വിധത്തിൽ കന്യകമറിയാമിൽനിന്നു ജനിച്ചു. ജനനത്തിങ്കലും അതിനുശേഷവും അവൾ കന്യകയായി തന്നെ സ്ഥിതിചെയ്യുന്നു ( Yacoub III, 1985).
യേശുവിന്റെ സഹോദരന്മാരെ സംബന്ധിച്ചുള്ള പരാമർശ ങ്ങൾ (മർക്കൊ. 6:3) കന്യകമറിയാം നിത്യകന്യകയല്ല അഥവാ പിന്നീട് പ്രസവിച്ചു എന്നു പഠിപ്പിക്കുന്നതിനായി ചിലർ ഉപയോഗിക്കുന്നുണ്ട്. എന്നാൽ കർത്താവിന്റെ സഹോദരന്മാർ എന്ന് പരാമർശിച്ചിരിക്കുന്നത് ക്ലെയോപ്പാ മറിയാമിന്റെ മക്കളെക്കുറിച്ചാണെന്നും അതല്ല. യൗസേഫിന്റെ വിഗതമായ ഭാര്യയിൽ നിന്നുള്ള മക്കളെക്കുറിച്ചാണ്ന്നും രണ്ടഭിപ്രായങ്ങളുണ്ട്. ഏതായാലും യേശു തന്റെ അമ്മയെ സംരക്ഷിക്കുന്നതിന് ശ്ലീഹായെ ഏല്പിക്കുന്നതായി കാണുന്നു. (യോഹ. 19:25-27). ഈ സന്ദർഭത്തിൽ സ്വന്തം മക്കളുണ്ടായിരുന്നിട്ടും മറ്റൊരാൾക്ക് യേശു അമ്മയെ ഏല്പിച്ചുവെന്ന് ചിന്തിക്കുന്നത് ശരിയായിരിക്കയില്ല. ആയതിനാൽ സുറിയാനിസഭ വി.മറിയാം നിത്യകന്യകയെന്ന് വിശ്വസിക്കുന്നു. ഏ.ഡി.431ൽ കൂടിയ എഫേസൂസിലെ സുന്നഹദോസിനുശേഷം കന്യകമറിയാമിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം പ്രദർശിപ്പിക്കുന്നത് ഓർത്തഡോക്സ് വിശ്വാസത്തിന്റെ അംഗീകൃത പ്രകടനമായി തീർന്നു (Encyclopaedia Britannica, 1943, pp. 999-1000).
(5) കന്യകമറിയാം വിശുദ്ധ ദൈവമാതാവ് :
കന്യകമറിയാം തന്നെക്കുറിച്ച് തന്നെ പറഞ്ഞിരിക്കുന്നത് “കർത്താവിന്റെ ദാസി' (ലൂക്കൊ. 1:38) എന്നാണ്. എന്നാൽ ആദിമ നൂറ്റാണ്ടുകളിലെ സഭാപിതാക്കന്മാരുടെ എഴുത്തുകളിൽ വി. മറിയാമിനെ ദൈവമാതാവെന്ന് (Theotokos) ആദ്യമായി വിളിച്ചത് വി.ഹിപ്പൊളിറ്റസ് (ഏ.ഡി. 170-235) ആണെന്ന് കാണാം. ഒറിഗൺ (ഏ.ഡി. 186-253) ദൈവമാതാവ് എന്നതിനു പകരം ദൈവത്തെ പ്രസവിച്ചവൾ എന്നാണ് പറഞ്ഞിരിക്കുന്നത്. വി.ഗ്രിഗറി, നസിയൻസ് (ഏ.ഡി. 328-390) ദൈവമാതാവെന്ന സംജ്ഞ ആവർത്തിച്ചു.
കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസായ (ഏ.ഡി. 428) നെസ്തോറിയസ്“ദൈവമാതാവ്"
(Theotokos) എന്ന പദപ്രയോഗം തെറ്റാണെന്നും മറിയാമിനെ “ക്രിസ്തുവിന്റെ അമ്മ (Christotokos) എന്നുമാത്രമേ വിളിക്കാവു എന്ന് പഠിപ്പിച്ചു. (A history of the Church, 1846). ക്രിസ്തു ദൈവവും മനുഷ്യനുമാണ്. ക്രിസ്തുവിലുള്ള മനുഷ്യന്റെ അമ്മ മാത്രമാണ് മറിയം എന്നായിരുന്നു. നെസ്തോറിയസിന്റെ വാദഗതി.
അലക്സാന്ത്രിയായിലെ പാത്രിയർക്കീസായ വി.കൂറിലോസ് (Cyril, A.D. 370 - 444) നെസ്തോറിയസിന്റെ വേദ വിപരീതത്തെ എതിർക്കുകയും, ക്രിസ്തു ദൈവവും മനുഷ്യനും കൂടി ചേർന്നിരിക്കുന്ന ഇരട്ട വ്യക്തിയല്ല; ദൈവസ്വഭാവവും മനുഷ്യസ്വഭാവവും ഉൾക്കൊള്ളുന്ന ഏക ദൈവിക വ്യക്തിയാണെന്നും ഉറപ്പിച്ചു സ്ഥാപിച്ചു. മറിയാമിൽ നിന്ന് ജനിച്ചത് ദൈവിക ആളായതിനാൽ ദൈവമാതാവ് എന്നു വിളിക്കുന്നതിൽ തെറ്റില്ലെന്ന് പ്രസ്താവിച്ചു (Cayre, 1935). ഏ.ഡി. 431ലെ എഫേസൂസ് സുന്നഹദോസിൽ മറിയാം ദൈവമാതാവ് എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. യോഹ. 1:1-ൽ പരാമർശിക്കുന്ന പ്രകാരം ആദിയിൽ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടെയായിരുന്നു. യോഹ. 1.14ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം “വചനം ശരീരം
ധരിച്ച് നമ്മുടെ ഇടയിൽ വസിച്ചു". “താൻ സ്വയം താഴ്ത്തി മനുഷ്യരൂപത്തിൽ കാണപ്പെട്ടു' (ഫിലി. 2:7),
മാബൂഗിലെ മോർ ഫീലക്സിനോസ് (ഏ.ഡി. 450-523) കർത്താവിന്റെ ജനനത്തെക്കുറിച്ച് എഴുതിയിരിക്കുന്നു. “വചനം സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന് കന്യകയുടെ ഗർഭ പാത്രത്തിൽ ഭേദം കൂടാതെ മനുഷ്യനായി” (Douglas, 1978). അന്ത്യോഖ്യാ പാത്രിയർക്കീസായിരുന്ന മോർ സേവേറി യോസ് (ഏ. ഡി. 460-538) കർത്താവിന്റെ ജഡധാരണത്തെ സംബന്ധിച്ച് പറഞ്ഞിരിക്കുന്നു “All the human qualities re-mained in Christ unchanged in their nature or essence but were amalgamated with the totality of the hypostasis; that they no longer had a separate existence and having no longer any kind of center or focus of their own, did not constitute a distinct monad (Smith & Wace, 1887). വി.കുർബ്ബാന പരസ്യമായി ആരംഭിക്കുമ്പോൾ ചൊല്ലുന്ന മാനീസാ മോർ സേവേറിയോസിന്റെ ജഡധാരണത്തെ സംബന്ധിക്കുന്ന പഠിപ്പിക്കൽ വെളിവാക്കുന്നുണ്ട്.
ദൈവമാതാവായ മറിയം സഭാമാതാവാണ്. കാരണം ഒന്നാം ഹവ്വ സകലർക്കും മാതാവായിരിക്കുന്ന പ്രകാരം രണ്ടാം ഹവ്വയായ മറിയാം സഭയുടെ മക്കൾക്കെല്ലാം മാതാവാണ്, ക്രിസ്തു തലയും, സഭ ശരീരവുമായതിനാൽ ദൈവമാതാവ് സഭാമാതാവുമാണ്. യോഹന്നാൻ ശ്ലീഹായെ വിളിച്ച് നിന്റെ മാതാവ് ഇതാ എന്നു പറയുന്നതിനാൽ തന്നെ അനുഗമിക്കുന്നവർക്കെല്ലാം മറിയം മാതാവായിത്തീരുന്നു അഥവാ സഭാമാതാവാകുന്നു (Bernard, 1960, pp. 172-177).
(6) യേശു ഏക മധ്യസ്ഥൻ
ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ഒരുവൻ (1 തിമൊ, 2:5) എന്നതിനാൽ യേശുക്രിസ്തു ഒഴികെ ഒരു മധ്യസ്ഥനില്ല. കന്യകമറിയാമിനെ ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനായ ക്രിസ്തുവിനോടു തുല്യമായി സുറിയാനിസഭ പഠിപ്പിക്കുന്നില്ല. എന്നാൽ നീതിമാന്റെ ശ്രദ്ധയോടുകൂടിയ
പ്രാർത്ഥന വളരെ ഫലിക്കുന്നു (യാക്കോ. 5:16-18) എന്ന അടിസ്ഥാനത്തിലാണ് മധ്യസ്ഥയായി കാണുന്നത്.
വിശുദ്ധ മറിയാമിനെ ക്രമാതീതമായി വണങ്ങുന്നതിന് (mariolatory) സുറിയാനി സഭ പഠിപ്പിക്കുന്നില്ല. എന്നാൽ വി.കന്യകമറിയാമിന് ദൈവസന്നിധിയിൽ മുഖപ്രസന്നതയുള്ള തിനാൽ നമുക്കുവേണ്ടി പ്രാർത്ഥിക്കും എന്നതാണ് വിശ്വാസം. മറിയാം ക്രിസ്തുവിനോട് പ്രാർത്ഥിച്ചു. “നിന്റെ ദാസിയുടെ പേർ വിളിച്ച് നിന്നോടപേക്ഷിക്കുന്ന ഏവർക്കും നീ അനുഗ്രഹ ങ്ങൾ നൽകണമേ.” ക്രിസ്തു മറുപടി നൽകി. “നിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരാരും ലജ്ജിതരാകയില്ല, അവർ ഈ ലോകത്തിലും എന്റെ പിതാവിന്റെ വരുവാനിരിക്കുന്ന രാജ്യത്തിലും കരുണയും സഹായവും ധൈര്യവും കണ്ടെത്തും' (Encyclopaedia Britannica, 1943, Vol. 14, pp. 999-1000).
ഏലിയാവ് മുതലായ പ്രവാചകന്മാരും അപ്പൊസ്തോലന്മാരും ക്രിസ്തുവിനോട് നടത്തുന്ന അഭയയാചന മധ്യസ്ഥ പ്രാർത്ഥനയെന്ന അർത്ഥത്തിലാണ് വിവക്ഷിക്കുന്നത്. നന്മകൾ ദൈവത്തിൽ നിന്നാണ് പ്രാപിക്കുന്നത്. സ്വർഗ്ഗത്തിൽനിന്ന് അപ്പം നിങ്ങൾക്ക് തന്നത് മോശയല്ല സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രേ (യോഹ. 6:32). ആയതിനാൽ ദൈവകൃപയുടെ ഉത്ഭവസ്ഥാനം ദൈവമാണെന്ന് മനസ്സിലാക്കാവുന്നതാണ്.
യേശുക്രിസ്തു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനാകുന്നു. (എബ്രാ. 9:15, 12:24). പിതാവിനെ മനുഷ്യവർഗ്ഗത്തോടു സംയോജിപ്പിച്ച ഏക മധ്യസ്ഥനാകുന്നു. ഈ സവിശേഷതരവും അതുല്യവുമായ മധ്യസ്ഥത വി.കന്യകമറിയാമിന്റെ മധ്യസ്ഥതയുമായി തുലനം ചെയ്യാവുന്നതല്ല. വി.കന്യകമറിയാമിനോടുള്ള മധ്യസ്ഥത “നിന്റെ ഏകപുത്രനോട് ഞങ്ങളോടൊപ്പം ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ” എന്നതാണ്. പ്രാർത്ഥനകളിലും ആരാധനകളിലും വി.കന്യകമറിയാമിനെ അനുസ്മരിച്ച് നടത്തുന്നതായ അപേക്ഷകളെ നാം “ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ” എന്ന തലത്തിലാണ് ഉദ്ദേശിച്ചിട്ടുള്ളത്.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.