Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.

ആമുഖം.

വിശുദ്ധ മാതാവിനെ പറ്റി പഠിക്കുവാൻ ഏറ്റവും ആധികാരികവും ഉചിതവുമായ ഒരു മാർഗ്ഗം സുറിയാനി പാരമ്പര്യവും ആരാധനയും പഠിക്കുക എന്നുള്ളതാണ്. കാരണം അപ്പോസ്തോലിക കാലം മുതലുള്ളതും, പഴയ നിയമ പ്രവചനങ്ങളിലൂടെ ദൈവം വെളിപ്പെടുത്തിയതുമായ വിശുദ്ധ അമ്മയിലൂടെയുള്ള ദൈവത്തിന്റെ മനുഷ്യ രക്ഷാകര പദ്ധതി പരിശുദ്ധ സഭയുടെ ദിനചര്യയായ വിശുദ്ധ ആരാധനയിലൂടെയും, പാരമ്പര്യങ്ങളിലൂടെയും ഈ സഭയിൽ അപ്പസ്തോലന്മാരുടെ കാലം മുതൽ വെളിവാക്കപ്പെട്ടുവരുന്നു. 

പരിശുദ്ധ അമ്മയുടെ പേരിൽ വിവിധ പെരുന്നാളുകൾ നടത്തപ്പെടുന്നതുകൊണ്ടും, വളരെ ദൈവാലയങ്ങൾ സ്ഥാപിക്കപ്പെട്ടു എന്നുള്ളതുകൊണ്ടും ഏതൊരു സാധാരണ സുറിയാനി സഭാ വിശ്വാസിക്കും ആരാധന പാരമ്പര്യത്തിൽ ദൈവ മാതാവിനുളള സ്ഥാനവും, മഹിമയും ബുദ്ധിമുട്ടില്ലാതെ മനസ്സിലാക്കുവാൻ സാധിക്കും. ഇതിലൂടെ സഭ നമ്മെ പഠിപ്പിക്കുന്നത് ദൈവമാതാവിനെ ഒഴിവാക്കിക്കൊണ്ട് മനുഷ്യാവതാര രഹസ്യത്തിന് നിലനിൽപ്പില്ല എന്നും അത് വിശദീകരണ യോഗ്യവുമല്ലാ എന്നുമാണ്. 

പരിശുദ്ധ സഭയിൽ ഒരു വിശുദ്ധ എന്ന നിലയിൽ നമ്മുടെ കർത്താവിന്റെതല്ലാതെ വിശുദ്ധ മാതാവിന്റെതും, യൂഹാനോൻ മാംദോനായുടെയും മാത്രമാണ് ജനനവും മരണവും കൊണ്ടാടുന്നത്. ജനനം എന്നതിന് പശ്ചാത്യ സ്വാധീനഫലമായി നാം കൊടുക്കുന്ന നിർവചനം വളരെ സങ്കുചിതമായതും (Narrow) യുക്തിസഹവും (Rational) ആകുന്നു. എന്നാൽ സുറിയാനി പാരമ്പര്യത്തിൽ വളരെ വിശാലമായ കാഴ്ചപ്പാടാണ് ഒരു മനുഷ്യന്റെ ജനനത്തെക്കുറിച്ചുള്ളത്. മാതൃ ഉദരത്തിൽ ജീവൻ നാമ്പിടുന്ന ആ നിമിഷത്തിൽത്തന്നെ ഒരു മനുഷ്യന്റെ ജനനമായി കാണുന്നു. ആ നിമിഷം എപ്പോഴെന്ന് മനുഷ്യന് സാധാരണയായി അറിയുവാൻ കഴിയുന്നതല്ല.(യിര.1:5a; സങ്കി.138:15a).  ദൈവം തന്റെ ദൂതനിലൂടെ യുയാക്കിമിനും (മദറോശോ രാത്രി ഒന്നാം കൗമ), സഖറിയാക്കും (ലൂക്ക.1:13), മറിയാമിനും (ലൂക്കോ. 1:31) വെളിപ്പെടുന്ന നിമിഷത്തിൽ തന്നെ ജീവൻ ഉദരത്തിൽ ഉടലെടുക്കുന്നു. ഈയൊരു പശ്ചാത്തലത്തിലാകുന്നു മാർച്ച് 25 ന് ദൈവ മാതാവിന്റെ വചനിപ്പ് പെരുന്നാളിന് സഭ വലിയ പ്രാധാന്യം നൽകുന്നത്.

മാതാവിന്റെ പെരുന്നാളുകളുടെ പ്രത്യേകത.     

പരിശുദ്ധ അമ്മയുടെ എല്ലാ പെരുന്നാളുകൾക്കും പ്രത്യേകം പെങ്കിസാ (ܦܢܩܝܬܐ) നമസ്കാരത്തോടൊപ്പം, വിശുദ്ധ യുഹാനോൻ ഏവൻഗേലിസ്ഥായുടെ ക്രമത്തിൽ നിന്ന് മാത്രം വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നു എന്നുള്ളതും ആരാധനയുടെ പ്രത്യേകതയാണ്. പുരാതന കാലം മുതലുള്ള പാരമ്പര്യത്തിൽ മാതാവിന്റെ പെരുന്നാളുകളുടെ പ്രത്യേകത, ഈ വിശുദ്ധ ദിവസങ്ങളുടെ സന്ധ്യകളിൽ നമസ്കാരത്തിനുശേഷം ഏവരും ചേർന്ന് ദൈവസ്തുതികളും, മനുഷ്യാവതാര പ്രവർത്തനങ്ങളെ വിവരിക്കുന്ന ഗാനങ്ങൾ ആലപിക്കുകയും, രാത്രി നമസ്കാരത്തിനു ശേഷം പ്രാപ്തിയുള്ളവർ പ്രത്യേകിച്ച് സ്ത്രീകൾ ദൈവാലയത്തിൽ ഉണർന്നിരുന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. വിശുദ്ധ കുർബാനയ്ക്ക് ശേഷമുള്ള പൊതു ഭക്ഷണത്തിൽ പാൽ, ഗോതമ്പ് എന്നിവയിൽ നിന്നുള്ള ഉല്പന്നങ്ങളും, പഴങ്ങളിൽ പ്രധാനമായും മുന്തിരിയും ഉപയോഗിക്കുന്നു. ഒരിക്കല്പോലും മാംസമോ അവയുടെ ഉല്പന്നങ്ങൾകൊണ്ടുള്ള ഭക്ഷണമോ അപ്പസ്തോലിക കാലംമുതൽ ഉപയോഗിക്കുന്നില്ല എന്നുള്ള സത്യം മലങ്കരയിലെ സുറിയാനി സഭ അംഗങ്ങളായ നാം അറിഞ്ഞിരിക്കേണ്ടത് ഉചിതമാകുന്നു.

പരിശുദ്ധ അമ്മയുടെ ജനന പെരുന്നാളിന്റെ പെങ്കിസാ (ܦܢܩܝܬܐ)  നമസ്കാരത്തിൽ ദൈവശാസ്ത്രപരവും (theological) പ്രതീകാത്മകമായ (symbolical) പല പ്രധാനപ്പെട്ട നിരീക്ഷണങ്ങളും കാണുവാൻ സാധിക്കും. സന്ധ്യാ നമസ്കാരത്തില

കോലോയിൽ കാണുന്നു, വിശുദ്ധ ദൈവമാതാവ് അവളുടെ അമ്മയുടെ ഉദരത്തിൽ നിന്നു തന്നെ അനുഗ്രഹീതയായ തീർന്നു. 

"ܡܶܢ ܓܰܘ ܡܰܪܒܥܳܐ ܕܶܐܡܗ̇ ܩܰܕܫܗ̇ ܗܘܳܐ"

(ഇതുകൊണ്ട് പരിശുദ്ധ അമ്മ ആദാമ്യപാപത്തിൽ നിന്ന് ഒഴിവായി എന്ന് അർത്ഥമാക്കുന്നില്ല. സുറിയാനി സഭയുടെ അപ്പോസ്തോലിക കാലം മുതലുള്ള ദൈവശാസ്ത്രപരവും, ചരിത്രപരവുമായ വിശദീകരണത്തിൽ പെന്തികൊസ്തിക്ക് ശേഷം നാലാം ദിവസം യൂഹാനോൻ ശ്ലീഹാ വിശുദ്ധ കുർബാന അർപ്പിക്കുകയും, പരിശുദ്ധ അമ്മയ്ക്ക് മാമ്മോദീസ നൽകുകയും, ശേഷം വിശുദ്ധ കുർബാന കൊടുക്കുകയും ചെയ്തതിലൂടെയാണ് ആദാമ്യപാപത്തിൽ നിന്ന് മുക്തയായത്. ആയതിനാൽ ഇന്നും പരിശുദ്ധ സഭയിൽ ബുധനാഴ്ച ദൈവ മാതാവിന്റെ ദിവസമായി പ്രത്യേകം ആചരിച്ചുവരുന്നു). അവയിൽ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളെക്കുറിച്ച് നമുക്ക് അല്പം ചിന്തിക്കാം.

1. “ശരീരം ധരിക്കുക” (ܠܒܫ ܦܓܪܐ)

“ശരീരം ധരിക്കുക” (ܠܒܫ ܦܓܪܐ) എന്ന പദാവലി കർത്താവിന്റെ മനുഷ്യാവതാരത്തെ വിശദീകരിക്കുവാൻ സുറിയാനി സഭയിൽ ആദിമ കാലം മുതൽ ഉപയോഗിക്കുന്ന ഒരു പ്രയോഗം ആയതിനാൽ ഇത് സഭയുടെ ദൈവശാസ്ത്രത്തിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. ഈ ശ്രേഷ്ഠ ദിവസത്തിന്റെ നമസ്കാരത്തിൽ മുഴുവൻ പ്രത്യേകാൽ പ്രഭാത പ്രാർത്ഥനയുടെ കോലോകളിലും

"ܘܡܰܥܒܰܪ ܟܽܠܗܶܝܢ ܥܳܩ̈ܳܬܗ܇ ܒܝܰܕ ܦܓܪܐ ܕܡܢܗ ܠܒܫ"

"അവരുടെ നെടുവീർപ്പുകളെല്ലാം അവൻ ശരീരം ധരിച്ചതിലൂടെ കഴിഞ്ഞു പോയി"

രാത്രി രണ്ടാം കൗമായുടെ സെദറായിലുംഈ വിവരണം എടുത്ത് പറയുന്നു. 

"ܘܠܒܫ ܦܓܪܐ ܘܦܪܩ ܠܝ ܘܠܟܠܗܘܢ ܝܠܕ̈ܝ"

ഈ വിവരണ രീതിയിലുടെ ഏതൊരു സാധാരണക്കാരനും വളരെ എളുപ്പത്തിൽ കർത്താവിന്റെ മനുഷ്യാവതാരം മനസ്സിലാക്കുവാൻ സാധിക്കുന്നു. കാരണം ഏവരും ദൈനംദിനം ചെയ്യുന്ന പ്രവർത്തിയാണ് വസ്ത്രം ധരിക്കുക എന്നുള്ളത്. "അവൻ അവതാരം" ചെയ്തു എന്നുള്ളതിന്റെ ഏറ്റവും പഴക്കമേറിയതും, സുറിയാനി പാരമ്പര്യത്തിൽ ദൈനംദിനം നമ്മുടെ വിശ്വാസപ്രമാണത്തിലൂടെ നാം ഏറ്റുചൊല്ലുന്നതും അവൻ "ശരീരം ധരിച്ചു" എന്നാകുന്നു.

പരിശുദ്ധ സഭയിൽ "ശരീരം ധരിക്കുക” (ܠܒܫ ܦܓܪܐ) എന്ന ആലങ്കാരിക പ്രയോഗം മനുഷ്യാവതാരത്തെ മാത്രമല്ല വെളിപ്പെടുത്തുന്നത്, അതോടൊപ്പം വളരെ വ്യത്യസ്തങ്ങളായ ദൈവശാസ്ത്ര ആശയങ്ങൾ കൂടി വിവരിക്കുന്നു, അതിൽ പ്രധാനപ്പെട്ടത് മനുഷ്യ രക്ഷയും, വീണ്ടെടുപ്പുമാകുന്നു. 

ആദമും ഹവ്വായും പറുദീസയിൽ "സ്തുതിയുടെ മേലങ്കി" (Robe of Praise) അല്ലെങ്കിൽ “മഹത്വവസ്ത്രം” (Garment of Glory) ധരിച്ചിരുന്നു. എന്നാൽ അവരുടെ കല്പന ലംഘനം മൂലം അവരും അവരെ പ്രതി മനുഷ്യവർഗ്ഗം മുഴുവൻ ഇവ നഷ്ടപ്പെടുത്തി. 

ആയതിനാൽ "ശരീരം ധരിക്കുക” (ܠܒܫ ܦܓܪܐ എന്ന പ്രയോഗത്തിലൂടെ മനുഷ്യാവതാരത്തിന്റെ പരിപൂർണ്ണ ലക്ഷ്യമായ ആദിമ മാതാപിതാക്കളിലൂടെ മനുഷ്യകുലത്തിന് നഷ്ടപ്പെട്ടുപോയ "മഹത്വവസ്ത്രം" വീണ്ടും "ധരിപ്പിക്കുക" എന്നതാകുന്നു.

മഹത്വവസ്ത്രവും  വിശുദ്ധ മാമോദീസായും.

യോർദ്ദാൻ ജലത്തിലൂടെ വിശുദ്ധ മാമോദീസയുടെ സമയത്ത് ഈ മഹത്വവസ്ത്രം തിരികെ നൽകുന്നു. ഇത് ഇപ്പോഴും മാമോദീസാ സ്വീകരിക്കുന്നതിലുടെ ഓരോ വ്യക്തിക്കും ലഭിക്കുകയും ചെയ്യുന്നു (മാമോദിസ ക്രമം, സെദറാ; പഴയ മനുഷ്യനെ ഇവനിൽനിന്ന് ഉരിഞ്ഞ് കളയണമേ. നാശരഹിതമായ വസ്ത്രം ഇവനെ ധരിപ്പിക്കണമേ). പക്ഷേ ഈ ലോകത്ത് മാമോദീസ ഏറ്റ ആളുടെ "മഹത്വവസ്ത്രത്തിന്റെ" പൂർണ്ണത വെളിപ്പെട്ടു വരുന്നത് വരുവാനുള്ള ലോകത്തിൽ ആകുന്നു. ആ രക്ഷാ ദിവസത്തിന് നമ്മെ യോഗ്യരാക്കി തീർക്കുന്നതാകുന്നു വിശുദ്ധ മാമോദീസാ. (വി.മാമോദിസക്രമം, സെദറാ; ആശ്വാസകരവും ശാന്തവുമായ ജീവിതത്താൽ നല്ല അവസാനത്തിനും, ക്രിസ്തീയമായ അന്ത്യത്തിനും അർഹത ലഭിക്കത്തക്കവണ്ണം നല്ല സംരക്ഷണത്തിയിലും, പൂർണ്ണ വളർച്ചയിലും ഇവനെ എത്തിക്കേണമേ).

ആയതിനാൽ ഈ മഹത്വ വസ്ത്രത്തിന്റെ സാധ്യതകളെ മാമോദീസയിലുടെ സ്വീകരിച്ചതിന് ശേഷം പാപം മൂലം അവയെ നഷ്ടപ്പെടുത്താതെ സൂക്ഷിക്കേണ്ടത് നാമോരോരുത്തരുടെയും ചുമതലയാകുന്നു. 

ഇത് രണ്ടും രക്ഷാചരിത്രത്തിൽ പരസ്പരം ബന്ധപ്പെട്ട് കിടക്കുകയും ഓരോ ക്രിസ്തീയ വിശ്വാസിയേയും ദൈവഭവനത്തിലേക്ക് വീണ്ടും കൂട്ടിച്ചേർക്കുകയും ചെയ്യുന്നു.

ഉല്പത്തി 3:21 (ദൈവമായ കര്‍ത്താവ് ആദാമിനും അവന്‍റെ ഭാര്യയ്ക്കും തോല്‍ കൊണ്ട് ഉടുപ്പുണ്ടാക്കി അവരെ ധരിപ്പിച്ചു). പുരാതന യഹൂദ സുറിയാനി വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിൽ ആകുന്നു സുറിയാനി പിതാക്കന്മാർ ആദമും ഹവ്വായും പറുദീസായിൽ വീഴ്ചയ്ക്ക് മുമ്പ് "മഹത്വ വസ്ത്രം" ധരിച്ചിരുന്നു എന്ന് പഠിപ്പിക്കുന്നത്, ("മഹത്വ വസ്ത്രം" എന്ന് പെഷീത്താ ബൈബിളിൽ കാണുന്നില്ല). എന്നാൽ ഇതേ വാക്യത്തിന് ഹീബ്രു, ഗ്രീക്ക്, സുറിയാനി ബൈബിളുകളിൽ ആദമും ഹവ്വായും "തുകൽ വസ്ത്രം ധരിപ്പിക്കപ്പെട്ടു" എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. "തുകൽ വസ്ത്രം" എന്നതിനെ യഹൂദിയാ സുറിയാനി തർജ്ജമയിൽ "മഹത്വ വസ്ത്രം" എന്നാകുന്നു രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതേ യഹൂദ പാരമ്പര്യത്തിൽ മറ്റൊരു വ്യാഖ്യാനം കാണുവാൻ കഴിയുന്നത് പ്രസിദ്ധ യഹൂദ റബ്ബിയായിരുന്ന മേയറിന്റെ പഠിപ്പിക്കലിൽനിന്നാണ്. അദ്ദേഹം ഈ വാക്യത്തെ വ്യാഖ്യാനിച്ചിരിക്കുന്നത് "പ്രകാശ വസ്ത്രം" എന്നായിരുന്നു. നമ്മുടെ പല പ്രാർത്ഥനകളിലും ഈ പദാവലി കാണുവാൻ സാധിക്കും.

"മഹത്വ വസ്ത്രം" എന്ന പദം മറ്റു പല വേദ ഭാഗങ്ങളിലും ഉൾക്കൊള്ളിച്ചിരിക്കുന്നത് കാണുവാൻ സാധിക്കും. ഉദാഹരണത്തിന് സങ്കി. 8: 5, 131: 16 എന്നീ ഭാഗങ്ങളിൽ "മഹത്വ വസ്ത്ര"ത്തെപ്പറ്റി പ്രതിപാദിക്കുന്നു. അതുകൊണ്ട് സംശയലേശമെന്യേ നമുക്ക് പറയുവാൻ സാധിക്കും കല്പന ലംഘനത്തിന് മുമ്പ് ആദിമമാതാപിതാക്കൾ പറുദീസയിൽ മഹത്വ അവസ്ഥയിലായിരുന്നു എന്ന്.

പെഷീത്ത ബൈബിളിൽ പുതിയ നിയമത്തിലും രണ്ടിടത്ത് ശരീരം ധരിക്കുക എന്ന വാക്കാണ് കാണുവാൻ സാധിക്കുന്നത്. ഹീബ്രൂ 5: 7, 10: 5 എന്നീ ഭാഗങ്ങളിലാകുന്നു ഇത്. 

ആയതിനാൽ ഇത് കേവലം ഒരു പഴയ നിയമ ആശയമല്ല എന്നും മനുഷ്യാവതാര വിവരണവും അതിലൂടെ എങ്ങനെയാണ് മനുഷ്യകുലത്തിന് നഷ്ടപ്പെട്ടുപോയ മഹത്വം വീണ്ടും ധരിപ്പിക്കുക എന്ന ദൈവിക പദ്ധതിയെയും വെളിപ്പെടുത്തിതരുന്നു.

 2. 'രണ്ടാം ഹവ്വാ' (ܚܘܐ ܬܪܝܢܝܬܐ) 

ദൈവമാതാവ് 'രണ്ടാം ഹവ്വാ' (ܚܘܐ ܬܪܝܢܝܬܐ) എന്നുളളത് ഈ പെരുന്നാളിന്റെ പ്രാർത്ഥനകളിൽ കാണപ്പെടുന്ന മറ്റൊരു പ്രധാനപ്പെട്ട സന്ദേശമാകുന്നു. ഉദാഹരണത്തിന് സന്ധ്യാപ്രാർത്ഥനയുടെ കോലോയിൽ ഇപ്രകാരം കാണുന്നു,

"ܝܰܘܡܳܢܳܐ ܥܒܰܪ̈ܝ̱ ܥܳܩ̈ܳܬܳܐ܇ ܕܰܐܥܠܰܬ܁ ܚܰܘܐ ܩܰܕܡܳܝܬܐ"

"ഇന്നേദിവസം ഒന്നാം ഹവ്വായുടെ വിലാപം അവസാനിക്കുകയും അവൾ അകത്തു പ്രവേശിക്കുകയും ചെയ്തു" 

വേദപുസ്തകത്തിൽ ഉല്പത്തി മുതൽ വെളിപ്പാടുവരെ ഉടനീളം ഈയൊരു സന്ദേശം നിഴലിച്ച് നിൽക്കുന്നത് കാണുവാൻ കഴിയും. ഒന്നാം ആദമിന്റെയും ഹവ്വായുടെയും സാന്നിധ്യത്തിലാകുന്നു ദൈവം രണ്ടാം ആദമിനെയും ഹവ്വായെയും കുറിച്ച് പ്രവചിക്കുന്നത് (ഉല്പ്.3:15, "നിനക്കും സ്ത്രീക്കും മദ്ധ്യേയും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും മദ്ധ്യേയും ശത്രുത വയ്ക്കും. അവന്‍ നിന്‍റെ തലയില്‍ ചവിട്ടും; നീ അവന്‍റെ പാദത്തില്‍ വ്രണപ്പെടുത്തും). 

ഇതിൽ 'സന്തതി' (ܙܪܥ) എന്നത് രണ്ടാം ആദമായ യേശുക്രിസ്തുവിനെയും, 'സ്ത്രീ' (ܐܢܬܬܐ) എന്നത് മറിയത്തിനെയും സൂചിപ്പിക്കുന്നു. രണ്ടാം ഹവ്വ എന്ന ഈ പഴയ നിയമ പ്രവചനം മറിയത്തെയാണ് ഉദ്ദേശിക്കുന്നത് എന്ന് പുതിയ നിയമത്തിലൂടെ നമുക്ക് ഉറപ്പിക്കുവാൻ കഴിയും. ലൂക്കോസിന്റെ സുവിശേഷം ഒന്നാം അദ്ധ്യായം നാല്പത്തിരണ്ടാം വാക്യത്തിലെ 'ഉദരഫലം' (ܦܐܪܐ ܕܟܪܣܐ) എന്ന വാക്കിലൂടെയും, യോഹന്നാന്റെ സുവിശേഷം രണ്ടാം അദ്ധ്യായം നാലാം വാക്യത്തിലെ 'സ്ത്രീ' (ܐܢܬܬܐ) എന്ന് കർത്താവ് മറിയത്തെ സംബോധന ചെയ്യുന്നതിലൂടെയും നമുക്ക് ഇതു മനസ്സിലാക്കാം. കർത്താവിന്റെ ഈ സംബോധനയിലൂടെ സൃഷ്ടാവായ ദൈവം ഉൽപ്പത്തി 3: 15ൽ വാഗ്ദാനം ചെയ്ത 'സ്ത്രീ' (ܐܢܬܬܐ) എന്ന പ്രതീക്ഷയുടെ പൂർത്തീകരണമാകുന്നു നടക്കുന്നത്. പലപ്പോഴും പെന്തക്കോസ്തു സമൂഹങ്ങൾ ഈയൊരു അഭിസംബോധന മൂലം ദൈവ മാതാവിനെ കർത്താവു തമ്പുരാൻ ഇകഴ്ത്തുന്നതാണ് അല്ലെങ്കിൽ ബഹുമാനക്കുറവ് മൂലമാണ് എന്ന് പഠിപ്പിക്കുന്നത് നാം കാണാറുണ്ട് എന്നാൽ ഇത് അങ്ങനെയല്ല എന്നും ദൈവിക പ്രവചനത്തിന്റെ പൂർത്തീകരണമാണ് ഈ സംബോധനയിലൂടെ നടക്കുന്നത് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

'സ്ത്രീ' (ܐܢܬܬܐ) അല്ലെങ്കിൽ 'രണ്ടാം ഹവ്വാ' (ܚܘܐ ܬܪܝܢܝܬܐ) എന്ന അഭിസംബോധന തന്റെ ആദ്യ അത്ഭുത പ്രവർത്തനത്തോടനുബന്ധിച്ചാണ് ആദ്യം നടത്തുന്നത്. ഈയൊരു സത്യം കർത്താവു തമ്പുരാൻ യാദൃശ്ചികമായി ആ വിരുന്നു ഭവനത്തിൽ വച്ച് മാത്രം നടത്തുന്നതല്ല മറിച്ച്, തന്റെ അവസാന നിമിഷങ്ങളിലും ഈയൊരു സത്യത്തെ അരക്കിട്ടുറപ്പിക്കുന്നത് യോഹ.19:26 ൽ നിന്ന് കാണുവാൻ സാധിക്കും. ഇവിടെ കർത്താവ് ക്രൂശിൽ കിടന്നു കൊണ്ട് "സ്ത്രീയെ ഇതാ അവിടുത്തെ മകൻ" എന്ന് യോഹന്നാൻ ശ്ലീഹായെ കണ്ടുകൊണ്ട് കൽപ്പിക്കുന്നതിലൂടെ വി. ദൈവമാതാവ് മശിഹായിൽ നിത്യജീവൻ നേടുന്നവരുടെയെല്ലാം മാതാവായിത്തിർന്നു. കാരണം "ഹവ്വാ ജീവനുള്ള സകലരുടേയും മാതാവാകുന്നു" (ഉല്പ. 3 21). ആയതിനാൽ വി. ദൈവമാതാവിലുടെ ദൈവം ഹവ്വായുടെ സ്ഥാനം പുനസ്ഥാപിക്കുന്നു. അതുകൊണ്ട് അപ്പോസ്തോലിക കാലം മുതൽ ദൈവമാതാവിനെ രണ്ടാം ഹവ്വായായി സംബോധന ചെയ്തിരുന്നു എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

 'രണ്ടാം ഹവ്വാ' (ܚܘܐ ܬܪܝܢܝܬܐ) എന്ന സ്ഥാനം പഴയനിയമത്തിൽ 'സീയോൻ പുത്രി' (ܒܪܬ ܨܗܝܘܢ) എന്ന സംബോധനയോടെയാണ് വിവരിക്കപ്പെടുന്നത്. ഈ നാമം ഇസ്രായേൽ എന്ന ദൈവീക ജനത്തിനും, രാഷ്ട്രത്തിനും മുഴുവനായി നൽകുന്നു (സെഫ.3:14-17).

എന്നാൽ ഈ സീയോൻ പുത്രി' (ܒܪܬ ܨܗܝܘܢ)

അല്ലെങ്കിൽ രണ്ടാം ഹവ്വ എന്ന സ്ഥാനം പുതിയ നിയമത്തിൽ ദൈവമാതാവിന് ഗബ്രിയേൽ മാലാഖയുടെ അഭിസംബോധനയിലൂടെ നൽകപ്പെടുന്നു (ലൂക്കോ.1:28,30-32). ഭയപ്പെടേണ്ട എന്ന ആശ്വാസ പ്രഖ്യാപനമാണ് സീയോൻ പുത്രിയായ ഇസ്രായേൽ എന്ന പഴയനിയമത്തിലെ രണ്ടാം ഹവ്വയ്ക്കും, പുതിയനിയമ ഇസ്രായേൽ എന്ന പരി. സഭയുടെ രണ്ടാം ഹവ്വയായ വി. മറിയത്തോടുമുള്ള ദൈവിക വെളിപ്പെടുത്തലുകളിൽ കാണപ്പെടുന്ന പൊതു സംബോധന.

ആദിമസഭയുടെ കാലം മുതൽ ദൈവമാതാവിനോടുള്ള 'വെളിപ്പാട്' (ܣܘܒܪܐ) എന്നത് ഹവ്വായ്ക്ക് സാത്താനിൽ നിന്നുണ്ടായ പ്രലോഭനത്തിന്റെയും, വീഴ്ചയുടെയും വിപരീത സംഭവമായാണ് പഠിപ്പിക്കുന്നത്. കാരണം ദൈവമാതാവ് ഗബ്രിയേൽ മാലാഖയുടെ ദൂത് വിശ്വസിക്കുകയും ദൈവത്തെ അനുസരിക്കുകയും ചെയ്തപ്പോൾ, ഹവ്വാ സാത്താനെ വിശ്വസിച്ച് ദൈവത്തോട് അനുസരണക്കേട് കാട്ടി. വി. മറിയത്തിന്റെ അനുസരണയിലൂടെ ഹവ്വായുടെ അനുസരണക്കേട് തിരുത്തിയതിനാൽ ക്രിസ്തുവിലുള്ള ഒരു പുതുസൃഷ്ടിക്ക് കന്യകാമറിയാം രണ്ടാം ഹവ്വായും, അവരിൽ ജീവൻ പുനഃസ്ഥപിക്കപ്പെടുകയും ചെയ്തു. മോർ യാക്കൂബ് സെറുഗ് തന്റെ മെമ്രായിൽ ഇത് വളരെ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. 

"ܗܰܘ ܒܶܢܝܳܢܳܐ ܕܰܥܩܰܪ ܚܶܘܝܳܐ ܒܢܳܐ ܓܰܒܪܐܝܠ܇ 

ܘܬܶܪܨܰܬ̣ ܡܰܪܝܡ ܕܘ̣ܡܣ̈ܐ ܕܣܶܬܪܰܬ̣ ܚܰܘܳܐ ܒܥܶܕܳܢ"

"സർപ്പം മൂലം നശിപ്പിക്കപ്പെട്ട കൊട്ടാരം ഗബ്രിയേലിനാൽ പണിയപ്പെട്ടു; 

ഹവ്വാ ഏദനിൽ തകർത്തതിന്റെ പുനർനിർമ്മാണത്തിന് മറിയം അടിസ്ഥാനമിട്ടു".

"ܚܰܘܳܐ ܕܬܰܪܬܶܝܢ ܕܝܳܠܕܰܬ̣ ܚܰܝ̈ܐ ܒܶܝܬ ܡܳܝܘ̣ܬܳܐ܇

ܘܦܶܪܥܰܬ̣ ܬܶܠܚܰܬ̣ ܗܰܘ ܐܶܫܛܳܪܳܐ ܕܚܰܘܳܐ ܐܶܡܗ̇"

"രണ്ടാം ഹവ്വയായവൾ മണ്മയരുടെ ഇടയിൽ ജീവൻ ഉല്പാദിപ്പിക്കുകയും; അവളുടെ മാതാവായ ഹവ്വായുടെ കടം വീട്ടി അതിൽ നിന്ന് വേർപെടുത്തുകയും ചെയ്തു".

"ܛܠܝ̣ܬܳܐ ܕܝܶܗܒܰܬ̣ ܐܺܝܕܳܐ ܠܣܳܒܬ̣ܳܐ ܕܰܣܚܺܝܦܳܐ ܗ̱ܘܳܬ̣܇

ܘܗܺܝ ܐܰܩܝ̣ܡܬܳܗ̇ ܡܶܢ ܡܰܦܘ̣ܠܬܳܐ ܕܣܰܚܦܳܗ̇ ܚܶܘܝܳܐ"

"ബാലികയായവൾ വീണുപോയ വൃദ്ധയെ സഹായിച്ചു; അവൾ ആ വൃദ്ധയെ പാമ്പിനാൽ തള്ളപ്പെട്ടിടത്ത് നിന്ന് എഴുന്നേല്പിച്ചു". 

ഹവ്വായുടെ അനുസരണക്കേടും അഹങ്കാരവും മൂലം വന്നുഭവിച്ച 'ഭയം' (ܕܚܠ) എന്ന പാപത്തിന്റെ അനന്തരഫലം വി. മറിയത്തിന്റെ അനുസരണവും (ܡܫܬܡܥܢܘܬܐ) വിനയവും (ܡܟܝܟܘܬܐ) മൂലം മാറ്റപ്പെടുന്നു.

സുറിയാനി പാരമ്പര്യത്തിൽ ഇതിനെ വീണ്ടും അരക്കിട്ടുറപ്പിക്കുന്നത് എലിസബത്തിന്റെ പരിശുദ്ധാത്മാവിലുള്ള പ്രഖ്യാപനമായ 'ഉദരഫലം' (ܦܐܪܐ ܕܟܪܣܐ ലൂക്ക.1:42) എന്നതിന്റെ വ്യാഖ്യാനത്തിലൂടെയാകുന്നു. ആദം ഹവ്വായിൽനിന്ന് വിലക്കപ്പെട്ട കനി സ്വീകരിക്കുന്നത് മൂലമാണ് വീഴ്ച സംഭവിക്കുന്നത്. പക്ഷേ രണ്ടാം ഹവ്വായായ വി.മറിയാമിൽ നിന്ന് രണ്ടാം ആദമായ

(1 കൊരി.15 : 45. ഒന്നാമത്തെ ആദാം ജീവനുള്ള ദേഹിയായിത്തീര്‍ന്നു. ഒടുവിലത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവുമായി) യേശു മനുഷ്യശരീരം എന്ന 'ഉദരഫലം' (ܦܐܪܐ ܕܟܪܣܐ) സ്വീകരിക്കുന്നതിലൂടെ മനുഷ്യകുലത്തെ പറുദീസായുടെ അനുഭവത്തിലേക്ക് തിരികെ കൊണ്ടുവരികയും ഇങ്ങനെ വി. മറിയം ദൈവീകപദ്ധതിയായ മനുഷ്യന്റെ വീണ്ടെടുപ്പിൽ പങ്കാളിയായി തീരുകയും ചെയ്യുന്നു.

വി. ദൈവമാതാവിന്റെ ജീവിതം മുഴുവൻ ഹവ്വായ്ക്ക് ഏദനിൽ വീഴ്ചയ്ക്ക് മുമ്പുണ്ടായിരുന്ന ശുദ്ധത നിറഞ്ഞ അവസ്ഥയിലായിരുന്നു. ഇപ്രകാരം ദൈവമാതാവ് ജീവിതത്തിൽ വെടിപ്പ് നിലനിർത്തിയതിനെക്കുറിച്ചും, അവൾ രണ്ടാം ഹവ്വാ ആകുന്നു എന്ന യാഥാർത്ഥ്യത്തെ കുറിച്ചും സഭാപിതാക്കന്മാർ വിവിധ രീതികളിൽ അവതരിപ്പിക്കുന്നു എങ്കിലും എല്ലാവർക്കും ഒരേ അഭിപ്രായം ആകുന്നു. ഇപ്രകാരം ദൈവമാതാവ് ആദിമസഭയുടെ കാലം മുതൽ ഇന്നുവരെ സഭയിൽ പ്രധാന സ്ഥാനം വഹിക്കുകയും അതന്റെ ആത്മീയതയെയും, ദൈവശാസ്ത്ര കാഴ്ചപ്പാടുകളെയും ശരിയായ ദിശയിൽ നേർവഴിക്ക് നടത്തുകയും ചെയ്യുന്നു. അവളുടെ മധ്യസ്ഥയും, കാവലും നമുക്കേവർക്കും ഇന്നുമെന്നാളും കോട്ടയായിരിക്കട്ടെ. ആമ്മീൻ.

(ഗബ്രിയേൽ റമ്പാൻ-മോർ ഔഗേൻ ദയറാ).

Recommended

  • കുരിശടയാളം വരയ്ക്കുന്നത് കൊണ്ടുള്ള 21 നേട്ടങ്ങള്‍
  • 72 അറിയിപ്പുകാരുടെ ഓർമ്മ.
  • കുറ്റമെല്ലാം അച്ചനിരിക്കട്ടെ.
  • എന്താണ് മൂന്ന് നോമ്പ്?
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • ദൈവമക്കൾ എന്ന് അഭിമാനിക്കുന്നവർ ആണല്ലോ നമ്മൾ ?
  • നിരണം മുതലായ ഇടവകകളുടെ മാർ ഗ്രീഗോറിയോസു മെത്രാപ്പോലിത്തായിൽ നിന്നും.
  • ഏഴിന്റെ പ്രാധാന്യം
  • പൗരോഹിത്യം – സുറിയാനി പാരമ്പര്യത്തിൽ.
  • പെസഹ അപ്പവും & പാലും
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • മോർ ബാലായി.
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • ആരാധനാ വർഷത്തിലെ കൂദോശ്-ഈത്തോ ഞായർ.
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • കുമ്പിടീൽ
  • "ഗാഫോർ"
  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.
  • യേശു ചോദിച്ച ഏഴ് ചോദ്യങ്ങൾ.
  • വിശുദ്ധ കന്യകമറിയാമും അപ്പോസ്തോലന്മാരും.
  • വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പരിശുദ്ധ സുറിയാനി സഭയിലെ 10 പെരുന്നാളുകൾ.
  • ശ്ലോമ്മോ ല്കുൽകൂൻ.
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • കാനവിലെ കല്യാണ വീട്.
  • 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.
  • എല്ലാ മഹത്വവും ദൈവത്തിന്
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • അമാലോക്യരെ തോല്പിപ്പിൻ
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.
  • നാം യേശുവിന്റെ സാക്ഷാൽ ശിഷ്യരായി മാറുന്നു.
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • കുരിയാക്കോസ് സഹദാ
  • കെരൂബുകൾ. (Cherubs).
  • ശ്രദ്ധാലുവായിരിക്കുക
  • തൊഴിലുകൾ. (Occupations).
  • നോമ്പും ഉപവാസവും ആരാധനയും.
  • ബസ്ക്യൊമോ.
  • ബർന്നബ്ബാസ് - പ്രബോധനപുത്രൻ.
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • സുറിയാനി ക്രിസ്ത്യാനികളുടെ പേരിടീൽ.
  • ഉത്സവങ്ങൾ. (Feasts).

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved