പൗരോഹിത്യത്തെപ്പറ്റിയുള്ള അവലോകനവും പഠനവും ഇന്ന് ഏറ്റവും അത്യവശ്യമുള്ള വിഷയമാണ്. പൗരോഹിത്യസ്ഥാനികളെ കര്‍ത്തവ്യോന്മുഖരാക്കാന്‍ അതു പ്രേരണ നല്‍കും. മാത്രമല്ല, പൗരോഹിത്യസ്ഥാനത്തെ ചോദ്യം ചെയ്തുകൊണ്ടും വേദപുസ്തക തെളിവുകള്‍ ആവശ്യപ്പെട്ടുകൊണ്ടും ചില പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. നവീകരണ കര്‍ത്താവായ മാര്‍ട്ടിന്‍ ലൂഥര്‍ മുന്നോട്ടുവച്ച വിശ്വാസികളുടെ പൗരോഹിത്യം. (Priesthood of all believers) എന്ന വിഷയം ദുര്‍വ്യാഖ്യാനം ചെയ്ത് വേര്‍തിരിക്കപ്പെട്ട പൗരോഹിത്യത്തെ നിഷേധിക്കുവാന്‍ ഒരുമ്പടുന്നതായിട്ടാണ് കാണുന്നത്.
പൗരോഹിത്യത്തെ ചോദ്യം ചെയ്യുകയും നിഷേധിക്കുകയും ചെയ്യുന്നവര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ എന്തെന്നു നോക്കാം.
(1) പുതിയനിയമത്തില്‍ ക്രിസ്തീയ സഭയില്‍പ്പെട്ട ഒരാള്‍ക്കും പുരോഹിതന്‍ എന്ന സ്ഥാനം നല്‍കിയിട്ടുള്ളതായി കാണുന്നില്ല. നേതൃത്വം വഹിക്കുന്നവരെ വിശേഷിപ്പിച്ചിട്ടുള്ളത് മൂപ്പന്‍, അദ്ധ്യക്ഷന്‍, ശുശ്രൂഷകന്‍ തുടങ്ങിയ പദങ്ങള്‍ കൊണ്ടാണ്. അപ്പോസ്‌തോലിക കാലത്തും അപ്പോസ്‌തോലിക സഭയിലുമില്ലാത്ത ഒന്ന് പില്‍ക്കാലത്ത് വിജാതീയ സമൂഹത്തില്‍നിന്നും കടന്നുവന്നിട്ടുള്ളതാണ്. അനിവാര്യമായ ഒന്നായിരുന്നെങ്കില്‍ യേശുക്രിസ്തു അതു വെളിപ്പെടുത്തുമായിരുന്നു. അപ്പോസ്‌തോലന്മാരെ നിയോഗിക്കുന്നുവെങ്കിലും അവര്‍ക്കു പുരോഹിതന്മാര്‍ എന്ന സ്ഥാനം നല്‍കിയില്ല.
(2) പുതിയനിയമത്തില്‍, ക്രിസ്തീയ സഭ അംഗീകരിക്കുന്നതായി ഒരു പുരോഹിതന്‍ മാത്രമേയുള്ളൂ – മല്‍ക്കിസദേക്കിന്റെ ക്രമപ്രകാരം ഏന്നേക്കും മഹാപുരോഹിതനായിരിക്കുന്ന യേശുക്രിസ്തു. (എബ്രാ. 5:5 മു; 9:11 മു) എബ്രായ ലേഖനത്തിന്റെ മുഖ്യപ്രമേയം തന്നെ യേശുക്രിസ്തുവിന്റെ മഹാപൗരോഹിത്യവും, അവിടത്തെ പരമയാഗവുമാണ്. പഴയനിയമ പൗരോഹിത്യത്തിന് യേശുക്രിസ്തുവില്‍ സമ്പൂര്‍ത്തി സംഭവിച്ചു. പിന്നീടത്തരത്തില്‍ പൗരോഹിത്യക്രമം തുടരുന്നില്ല. ക്രിസ്തുവിന്റെ പൗരോഹിത്യം സഭാ മക്കളായ വിശ്വാസികള്‍ എല്ലാവര്‍ക്കുമായിട്ടു നല്‍കുകയായിരുന്നു.
വിശ്വാസികളെല്ലാവരും പുരോഹിതസ്ഥാനികളാണ്. നിങ്ങളോ….. രാജകീയ പുരോഹിതവര്‍ഗ്ഗവും വിശുദ്ധ വംശവും സ്വന്തജനവുമാകുന്നു. (1.പത്രോ. 2:9) വെളിപ്പാടു പുസ്തകത്തില്‍: ”ദൈവത്തിനു നമ്മെ രാജ്യവും പുരോഹിതന്മാരുമാക്കിത്തീര്‍ത്തു”. (വെളി. 1:6;5:10; 20:6).
ഈ വാദങ്ങള്‍ക്കുള്ള മറുപടി നല്‍കുമ്പോള്‍ത്തന്നെ നമ്മുടെ വിഷയം പ്രതിപാദിച്ചു കഴിയും.
(1) പുതിയനിയമകാലത്ത് പുരോഹിതന്‍ എന്നുള്ള പദം ഉപയോഗിച്ചാല്‍ മനസ്സില്‍ ഓടിയെത്തുന്നത് യഹൂദ പുരോഹിതന്മാരെപ്പറ്റിയും, അവരുടെ ബലിയനുഷ്ഠാനങ്ങളെപ്പറ്റിയുമായിരിക്കും. അവയുടെ ആവര്‍ത്തനമെന്ന ആശയമായിരിക്കും മനസ്സില്‍ എത്തുക. അതു ചിന്താക്കുഴപ്പം വരുത്തുന്നതാണ്. അതൊഴിവാക്കേണ്ടതാവശ്യമായിരുന്നു. ക്രിസ്തീയ സഭയിലെ ആരാധനയും പഴയനിയമ അനുഷ്ഠാനങ്ങളില്‍നിന്നു വ്യത്യസ്തമായിരുന്നു. ആ വ്യതിരിക്തത സംരക്ഷിക്കേണ്ടത് ആവശ്യമായിരുന്നു.
(2) പഴയനിയമ പൗരോഹിത്യത്തിന്റെ പൂര്‍ത്തീകരണമാണ് യേശുക്രിസ്തുവില്‍ സംഭവിച്ചത്. എന്നാല്‍ ലേവ്യ പൗരോഹിത്യത്തിന്റെ തുടര്‍ച്ചയല്ല, മല്‍ക്കിസദേക്കിന്റെ പൗരോഹിത്യമാണ് ക്രിസ്തുവിന്റെ പൗരോഹിത്യത്തിനു മാതൃക. ക്രിസ്തുവിന്റെ പൗരോഹിത്യം സഭയ്ക്കു മുഴുവനായി ലഭിച്ചു എന്നത് അനിഷേധ്യമായ സത്യമാണ്. ക്രിസ്തുവിന്റെ പൗരോഹിത്യമാണ് ക്രിസ്തീയ പൗരോഹിത്യത്തിനും അടിസ്ഥാനം.
പഴയനിയമ സമൂഹത്തെ (യിസ്രായേല്‍) മുഴുവനായി രാജകീയ പുരോഹിത വര്‍ഗ്ഗമെന്ന് വിശേഷിപ്പിച്ചിരുന്നു (പുറ.19:6.). ആ സമൂഹത്തില്‍നിന്ന് പ്രത്യേക പൗരോഹിത്യ ശുശ്രൂഷയ്ക്കായി അഹരോനെയും കുടുംബത്തെയും വേര്‍തിരിക്കാന്‍ യഹോവ കല്പിക്കുന്നു. അവരെ അഭിഷേകം ചെയ്ത് ദൗത്യനിര്‍വ്വഹണത്തിന് അവരോധിക്കുകയും ചെയ്യുന്നു. നിഴലായിരുന്ന യിസ്രയേല്യ സഭയയിലെ അനുഭവം പൊരുളാകുന്ന ക്രിസ്തീയ സഭയില്‍ പൂര്‍ണ്ണതയില്‍ കാണാം. ക്രിസ്തീയ സഭ മുഴുവന്‍ രാജകീയ പുരോഹിത വര്‍ഗ്ഗമാണ്. പൗരോഹിത്യ ധര്‍മ്മം നിര്‍വ്വഹിക്കാന്‍ നിയോഗിക്കപ്പെട്ട സമൂഹമാണ്. ആ ധര്‍മ്മം എന്താണ്? ദൈവസന്നിധിയില്‍ നിലകൊണ്ട് ആരാധന അര്‍പ്പിക്കുകയും ലോകം മുഴുവന്റയും ആവശ്യങ്ങള്‍ ദൈവസമക്ഷം സമര്‍പ്പിക്കുകയുമാണ്. മാത്രമല്ല, ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ സ്വീകരിച്ച് ലോകത്തിനു പകര്‍ന്നു കൊടുക്കുകയുമാണ്. എന്നാല്‍ ഈ പൗരോഹിത്യ ദൗത്യം നിര്‍വ്വഹിക്കുന്നതിന് സഭയെ മുഴുവന്‍ സജ്ജമാക്കേണ്ടതിനു ദൈവം പ്രത്യേക പൗരോഹിത്യ ഗണത്തെ വേര്‍തിരിച്ച് അവരോധിക്കുന്നു. അഹരോനെയും മക്കളെയും അവരുടെ പിന്‍ഗാമികളായ പുരോഹിതന്മാരെയും അവരോധച്ചതുപോലെ.
ക്രിസ്തീയ സഭയിലും അഭിഷേകവും കൈവയ്പ്പും തുടരുന്നു. യേശുക്രിസ്തുവാണ് തുടക്കം കുറിച്ചത്. മാളികമുറിയില്‍ കൂടിയിരുന്ന ശിഷ്യസമൂഹത്തിനു നടുവില്‍ പ്രത്യക്ഷനായ യേശുക്രിസ്തു ശിഷ്യന്മാരുടെമേല്‍ ഊതി പരിശുദ്ധാത്മാവിനെ അവര്‍ക്കുനല്‍കുകയും കൈവച്ച് അവര്‍ക്ക് അധികാരവും പദവിയും നല്‍കുകയുമായിരുന്നു. (യോഹ.20:22-മു).
പൗരോഹിത്യ നല്‍വ്വരം കൈവയ്പ്പില്‍ക്കൂടി തുടരുന്നു. പൗലോസ് താന്‍ സ്ഥാപിച്ച സഭയിലെ ശുശ്രൂഷയ്ക്കായി കൈവയ്പ്പില്‍ക്കൂടി സ്ഥാനികളെ നിയോഗിക്കുന്നു. എന്നാല്‍ അവരെ പുരോഹിതന്മാര്‍ എന്നല്ല മൂപ്പന്മാര്‍ എന്നാണ് വിളിച്ചിരിക്കുന്നത്. പുരോഹിതന്മാര്‍ എന്നു വിളിക്കാത്തതിന്റെ കാരണം മുകളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പുരോഹിതന്മാരെ അവരോധിക്കുന്ന കൈവയ്പ്പ് അവര്‍ക്ക് നല്‍കിയെന്നു കാണാം. തന്നെയല്ല, പുരോഹിതന്മാര്‍ നിര്‍വ്വഹിക്കുന്ന അജപാലനശുശ്രൂഷ അവര്‍ നിര്‍വ്വഹിക്കാന്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നു.
എ.ഡി.70-നു ശേഷം യഹൂദ സഭയില്‍ നിന്നു ക്രിസ്തീയ സഭ പൂര്‍ണ്ണമായി വേര്‍പെട്ടുനിന്നു. ക്രിസ്തീയ സഭയാണ് യഥാര്‍ത്ഥ യിസ്രായേല്‍ എന്നു വിശേഷിപ്പിച്ചു. പൗലോസ് വിശേഷിപ്പിക്കുന്നത് പുതിയ യിസ്രായേല്‍ എന്നാണ്. അതുപോലെ തന്നെ വിശുദ്ധ കുര്‍ബ്ബാന കര്‍ത്താവ് സ്ഥാപിക്കുകയും, അപ്പോസ്‌തോലന്മാര്‍ അന്യൂനം അത് ആചരിക്കുകയും ചെയ്തുപോന്നു. എന്നാല്‍ അത് ഒരു ബലിയാകുന്നു എന്ന ചിന്തയും വിശ്വാസവും പിന്നീടാണ് രൂപംകൊള്ളുന്നത്. രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ രചിക്കപ്പെട്ട ”ഡിഡാക്കെ” എന്ന പ്രസിദ്ധ കൃതിയില്‍ നാം ഇപ്രകാരം കാണുന്നു: Assemble on the Lord’s Day, breaking bread and celebrating the Eucharist; but first confess your sins that your Sacrifice (GK = Thusia) may be a pure one………… For it was of this the Lord spoke, “everywhere and always offer me a pure sacrifice.” കര്‍ത്തൃദിവസത്തില്‍ (ഞായറാഴ്ച) ഒരുമിച്ചു സമ്മേളിക്കുക; അപ്പം നുറുക്കലില്‍ക്കൂടി യൂക്കറിസ്റ്റ് (കുര്‍ബ്ബാന) അര്‍പ്പിക്കുവാനായി. എന്നാല്‍ നിങ്ങളുടെ ബലി വിശുദ്ധമായിരിക്കേണ്ടതാണ്. ആദ്യമേ നിങ്ങളുടെ പാപങ്ങള്‍ ഏറ്റുപറയുക……… എന്തെന്നാല്‍ ഈ ബലിയെപ്പറ്റി കര്‍ത്താവ് കല്പിച്ചിരിക്കുന്നു: ”എല്ലായിടത്തും എപ്പോഴും എനിക്കു വിശുദ്ധ ബലിയര്‍പ്പിക്കുക”. അവസാനം കാണുന്ന പരാമര്‍ശം മലാഖി പ്രവചനത്തില്‍ നിന്നാണ്. മലാ. 1:10-14 വാക്യങ്ങള്‍ വിശുദ്ധ കുര്‍ബ്ബാനയെ പരാമര്‍ശിക്കുന്ന ഒരു പ്രവചനമായിട്ടാണ് പിതാക്കന്മാര്‍ കാണുന്നത്. ’ഡിഡാക്കെ’ എന്ന കൃതിയില്‍ത്തന്നെ. ’പുരോഹിതന്‍’ എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളതായി കാണാം.
The New Testament antecedents of Priestly ministry: സഭയിലെ പൗരോഹിത്യ ശുശ്രൂഷയ്ക്കും പൗരോഹിത്യ സ്ഥാനത്തിനും രൂപം കൊടുക്കുവാന്‍ തക്കവണ്ണം പുതിയ നിയമത്തിലുണ്ടായിരുന്ന സ്ഥാനികളെപ്പറ്റിയാണ് തുടര്‍ന്നു ചിന്തിക്കുന്നത്.
(1) ശിഷ്യന്മാര്‍:
സുവിശേഷങ്ങളില്‍ യേശുക്രിസ്തുവിന്റെ ശിഷ്യന്മാരെപ്പറ്റി നല്‍കിയിട്ടുള്ള ചിത്രം പില്‍ക്കാലത്ത് പുരോഹിതന്മാരെപ്പറ്റിയുള്ള സങ്കല്പത്തിനു പ്രേരകമായിരുന്നു. എല്ലാ ക്രിസ്തീയ വിശ്വാസികളും ഒരര്‍ത്ഥത്തില്‍ കര്‍ത്താവിന്റെ ശിഷ്യന്മാരാണ്. എന്നാല്‍ കര്‍ത്താവ് ശിഷ്യസമൂഹത്തില്‍നിന്ന് 12 പേരെ വേര്‍തിരിച്ചതുപോലെ വിശ്വാസികളില്‍ നിന്നു വേര്‍തിരിക്കപ്പെട്ടവരാണ് പുരോഹിതന്മാര്‍.
ശിഷ്യന്മാരെപ്പറ്റി പറയുമ്പോള്‍ യഹൂദ പശ്ചാത്തലം ഓര്‍മ്മവരും. റാബിയും ശിഷ്യന്മാരും എന്നുള്ള ബന്ധം അവിടെ സുപരിചിതമാണ്. റാബിയോടുകൂടെ ഇരിക്കുവാനും ചരിക്കുവാനും അദ്ദേഹം ചെയ്യുന്ന സകലതും സൂക്ഷ്മമായി നിരീക്ഷിപ്പാനും കൂട്ടായ ജീവിതം നയിക്കുവാനും ശിഷ്യന്മാര്‍ ശ്രമിക്കുന്നു. മറ്റുള്ളവരുടെ മുമ്പാകെ റാബിയെ ശരിയായി പ്രതിനിധീകരിക്കുവാന്‍ ശിഷ്യന്മാര്‍ക്കു കഴിയണം. അവര്‍ തമ്മിലുള്ള അടുപ്പം വളരെ വലുതാണ്. യേശുക്രിസ്തു പറഞ്ഞു: ”നിങ്ങളെ ഞാന്‍ ദാസന്മാരെന്നു വിളിക്കുന്നില്ല; നിങ്ങള്‍ എന്റെ സ്‌നേഹിതന്മാര്‍ തന്നെ.” (യോഹ 15:14, 15).
ക്രിസ്തീയ പൗരോഹിത്യത്തില്‍ ഈ ഒരു ബന്ധവും ധാരണയും പങ്കുവഹിച്ചിട്ടുണ്ട്. പഴയ നിയമ പൗരോഹിത്യം ജന്മദത്തമാണ്. ക്രിസ്തീയ പൗരോഹിത്യം വിളിക്കപ്പെടുന്നവര്‍ക്കാണ്. അവിടുത്തെ വിളിക്കു പൂര്‍ണ്ണമായി ഉത്തരം നല്‍കുന്നവരായിരിക്കണം. ശിഷ്യത്വത്തെ ഒന്നും തടസ്സപ്പെടുത്താന്‍ പാടില്ല എന്നു പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്.
ശിഷ്യന്‍ എന്നുള്ള ആശയം ക്രിസ്തുവിനോടുള്ള ബന്ധം മനസ്സിലാക്കുന്നതിനും നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
(2) അപ്പോസ്‌തോലന്‍ (ശ്ലീഹാ):
അപ്പോസ്‌തോലന്‍ എന്ന ആശയം മറ്റുള്ളവരോടുള്ള പുരോഹിതന്റെ ഉത്തരവാദിത്തങ്ങളെ രൂപപ്പെടുത്തുന്നതാണ്. അവര്‍ അയയ്ക്കപ്പെട്ടവരായിരുന്നു. അപ്പോസ്‌തോല ത്വത്തിന്റെ അടിസ്ഥാനതത്വം സേവനം (ശുശ്രൂഷ) ആണ്. അതില്‍ എന്തെല്ലാം അടങ്ങിയിരിക്കുന്നു: ഉപദേശം, പ്രബോധനം, കൗണ്‍സലിംഗ്, സഹായം, സന്ദര്‍ശനം, സാമൂഹ്യവും സാമ്പത്തികവുമായ സഹായം എല്ലാം അതില്‍പ്പെടുന്നു.
ആരാധനയും ശുശ്രൂഷയുടെ ഭാഗമാണ്. 2.കൊരി. 9:11,12. പ്രാര്‍ത്ഥനയും യാചനയും മധ്യസ്ഥതയും ശുശ്രൂഷയുടെ ഭാഗം തന്നെ.
(3) എപ്പിസ്‌കോപ്പാ – കശീശാ:
അപ്പോസ്‌തോലന്മാര്‍ സഞ്ചരിക്കുന്നവരും പൊതുസഭയുടെ ചുമതലക്കാരുമായിരുന്നു. എന്നാല്‍ പ്രാദേശിക തലത്തില്‍ ചുമതലകള്‍ വഹിച്ച കശീശമാര്‍ (എപ്പിസ്‌കോപ്പാമാര്‍) ക്രിസ്തീയ പുരോഹിതന്റെ രൂപത്തിനും ഭാവത്തിനും മിഴിവു നല്‍കുന്ന സ്ഥാനികളായി പുതിയ നിയമത്തില്‍ കാണുന്നു. ഓരോ സഭയിലും കശീശന്മാര്‍ (മൂപ്പന്മാര്‍ എന്നു സത്യവേദ പുസ്തക പരിഭാഷ). അവരോധിക്കപ്പെട്ടു. അ.പ്ര.14:23 ”സഭ തോറും കശീശന്മാരെ നിയമിക്കയും ചെയ്തു”. കശീശാ എന്നുള്ള സ്ഥാനവും എപ്പിസ്‌കോപ്പാ എന്നതും പുതിയ നിയമകാലത്ത് വ്യതിരക്തമല്ലായിരുന്നു. രണ്ടാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ അവ രണ്ടും വ്യത്യസ്ത സ്ഥാനികളായിത്തീര്‍ന്നു.
പൗലോസിന്റെ ഇടയലേ ഖനങ്ങളില്‍ (1 & 2 തീമോ; തീത്തോ). ഇവരുടെ ചുമതലകളും യോഗ്യതകളും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇവര്‍ പില്‍ക്കാലത്ത് സഭയിലെ വ്യവസ്ഥാപിത സ്ഥാനികളും പൗരോഹിത്യ ക്രമത്തില്പെട്ടവരുമായി. അവരുടെ ചുമതലകള്‍: സത്യോപദേശം പഠിപ്പിക്കുക; ദുരുപദേശം ചെറുത്തു തോല്പിക്കുക; ആരാധന നയിക്കുക; ഭരണപരമായ ചുമതലകള്‍ നിര്‍വ്വഹിക്കുക; ശാസിക്കുകയും തിരുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക; സംഘടനാപരമായ കാര്യങ്ങള്‍ ശ്രദ്ധിക്കുക; പിന്‍ഗാമികളായി പ്രവര്‍ത്തകരെ നിയോഗിക്കുക ഇവയൊക്കെയായിരുന്നു. അതെല്ലാം എങ്ങനെ നിര്‍വ്വഹിക്കണമെന്നു പത്രോസും പൗലോസും ചൂണ്ടിക്കാണിക്കുന്നു: (അ.പ്ര. 20:28-മു; 1.പത്രോ. 5:2-4).
പുതിയ നിയമത്തില്‍ പൗരോഹിത്യ ശുശ്രൂഷയെപ്പറ്റിയും പൗരോഹിത്യ ക്രമത്തെപ്പറ്റിയും ദൗത്യത്തെപ്പറ്റിയും വ്യക്തമായ പരാമര്‍ശങ്ങളുണ്ട്. പുരോഹിതന്‍ എന്ന പദം അവിടെയില്ല എന്നതു ശരിതന്നെ. അതിന്റെ കാരണം നാം കണ്ടു. എന്നാല്‍ പുരോഹിത സ്ഥാനികള്‍ ആരെന്നും അവര്‍ തങ്ങളുടെ ദൗത്യം എങ്ങനെ നിര്‍വ്വഹിക്കണമെന്നും വിശദമായ രൂപരേഖ ലഭിക്കുന്നു.
പൗരോഹിത്യ ശ്രേണികൾ, നൽവ്വര ദാനം.
പൗരോഹിത്യത്തിലേക്കുള്ള ഏഴ് പടികൾ.
1. മ്ഹൈമ്നോ - മാമോദീസ സ്വീകരിച്ച സാധാരണ വിശ്വാസികൾ (അത്മായർ)
2. മൗമ്യോനോ - ശപഥം ചെയ്യിക്കുന്നവർ
3. മ്സമ്രോനോ - ഗായകർ
4. കോറൂയോ - വായനക്കാർ
5. അവുഫദ്യക്ക്നോ - വാതിൽ കാവൽക്കാർ
6. മ്ശംശോനോ - ശെമ്മാശൻ - (വി.മദ്ബഹയിൽ പുരോഹിതരെ സഹായിക്കുന്നവർ)
7. കാശീശോ - പുരോഹിതൻ
വാക്കുകളുടെ അർത്ഥമല്ല; ഓരോ സ്ഥാനക്കാരുടേയും ചുമതലകളാണ് എഴുതിയിരിക്കുന്നത്.
സാധാരണയായി നമ്മൾ 4, 5, 6 സ്ഥാനങ്ങളിലുള്ളവരെ "ശെമ്മാശൻ" എന്ന് പറഞ്ഞു വരുന്നു.
മ്സമറോനോ (Singer - പാട്ടുകാരൻ).
കോപ്റ്റിക് പാരമ്പര്യത്തിൽ ഇവര്‍ Epsaltos എന്നാണ് വിളിക്കപ്പെടുന്നത്. സങ്കീർത്തനം ചൊല്ലുന്നവർ എന്നർത്ഥം. എന്നാല്‍ സഭയിലെ ആരാധന ഗീതങ്ങള്‍ ആലപിക്കുവാൻ പ്രത്യേക പരിശീലനവും കൈവപ്പുമുളളവരാണ് ഇവര്‍. സുറിയാനി പാരമ്പര്യത്തിൽ ഇവരുടെ കൈവയ്പ്പും ശുശ്രൂഷയ്ക്ക് പ്രത്യേകം ക്രമം ഉപയോഗിച്ചാണ്. മ്സമറോനോ പട്ടത്തിന് മുടി വെട്ടും, സ്ഥാനാർത്തിയുടെ നെറ്റിയിൽ എപ്പിസ്ക്കോപ്പായുടെ വലതുകൈയും, വലതു തോളില്‍ എപ്പിസ്ക്കോപ്പായുടെ ഇടതുകയ്യും വച്ചുകൊണ്ട് സ്ഥാനദാത്തിന്റെ രഹസ്യ പ്രാർത്ഥനയും ചൊല്ലുന്നുണ്ട്. മറ്റ് പട്ടത്വദാന ശുശ്രൂഷകളിലെപ്പോലെ തന്നെ കാസാ - പീലാസാകൾ ഈ സമയത്ത് അനാവരണം ചെയ്യുന്നെങ്കിലും ക്രൊയ്ത്തൊദ് റൂഹാ (പരിശുദ്ധാത്മാഹ്വാനം) നടത്തുന്നില്ല. ശുശ്രൂഷകുപ്പായം വാഴ്ത്തി ധരിപ്പിക്കുന്നെങ്കിലും ഊറാറ സ്ഥാനവസ്ത്രമായി കൊടുക്കുന്നില്ല. എങ്കിലും തൊപ്പി വാഴ്ത്താതെ കൊടുക്കുന്ന രീതി നീലവിലുണ്ട്. സ്ഥാനപദവിയുടെ ചിഹ്നമായി നൽകുന്നത് സങ്കീർത്തന പുസ്തകമാണ്. കോപ്റ്റിക് സഭയില്‍ ഊറാറ ധരിപ്പിക്കുന്നുണ്ട്.
കോറൂയോ. (Reader - വായനക്കാരൻ).
സഭ കൂടിവരുമ്പോൾ വേദപുസ്തക ഭാഗങ്ങൾ വായിക്കുവാൻ നിയമിക്കപ്പെട്ടവരാണ് കോറൂയന്മാർ. വേദപുസ്തക വായനയും പ്രബോധനവും പുതിയ നിയമകാല സഭയില്‍ ശക്തമായി ആരംഭിച്ചു. (തിമോ 4:13; വെളി 1:3). രണ്ടാം നുറ്റാണ്ടിൽത്തന്നെ ആരാധന പശ്ചാത്തലത്തിൽ ഇങ്ങനെയൊരു സ്ഥാനം നിലനിന്നതായി വിശുദ്ധ യുസ്തിനോസും സാക്ഷിക്കുന്നു. ഇതൊരു പട്ടത്വദാന ശുശ്രൂഷയായി കുപ്രിയാനോസും സുചിപ്പിക്കുന്നുണ്ട്. പൗരോഹിത്യ ശുശ്രൂഷയിലേക്ക് വരുന്നവരിൽ സ്ഥാനം ഏറ്റശേഷം വിവാഹം കഴിക്കാന്‍ മ്സമറോനന്മാരേയും കോറൂയന്മാരേയും അനുവദിച്ചിരുന്നതായി അപ്പോസ്ത്തോലിക നിയമ സംഹിത (Apostolic Constitutions C. 390 AD) എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ കീഴ്സ്ഥാനികൾക്ക് മാമ്മോദീസാ നൽകുന്നതിനും അധികാരമില്ല എന്നു ഇവിടെ കാണുന്നു. പിൽക്കാലത്ത് ഈ സ്ഥാനശുശ്രൂഷകൂടി ശുശ്രൂഷകൻ നിർവ്വിക്കാൻ തുടങ്ങിയതോടെ ഇതിന്റെ പ്രസത്കിയില്ലാതായി.
കോറൂയോയ്ക്ക് പൊതു പ്രാർത്ഥനകൾക്ക് ശേഷം ശുശ്രൂഷാമദ്ധ്യേ മുടി കത്രിക്കലും, സ്ഥാനാർത്തിയുടെ നെറ്റിലും ചെന്നികളിലുമായി എപ്പിസ്ക്കോപ്പായുടെ രണ്ടു കൈകളും പിടിച്ചു കൊണ്ട് രഹസ്യ പ്രാർത്ഥനയും നടത്തുന്നു. സ്ഥാനവസ്ത്രങ്ങളായി ശുശ്രൂഷകുപ്പായവും ഊറാറയും വാഴ്ത്തി ധരിപ്പിക്കുകയും സ്ഥാന ചിഹ്നമായി പ്രവചന പുസ്തകം കൊടുക്കുകയും ചെയ്യുന്നുണ്ട്. കോപ്റ്റിക് സഭയില്‍ മുടി കത്രിക്കൽ കോറൂയോ മുതലേ തുടങ്ങുന്നുളളൂ. സുറിയാനി പാരമ്പര്യത്തിലേതുപോലെ ഊറാറ കുരിശ് രുപത്തിലാണ് അവരും ധരിപ്പിക്കുന്നത്.
ഏവ്പ്പദ്യക്നോ (Sub - Deacon).
ശെമ്മാശ പദവിക്കു തൊട്ടുമുമ്പിലുളള ഈ സ്ഥാനം വാതില്‍ കാവൽക്കാരൻ (Porters) എന്ന് പൗരാണികമായി അറിയപ്പെടുന്നു. വേദവീപരീതികളോ ദുരുപദേഷ്ടാക്കന്മാരോ ദേവാലയത്തിൽ കയറാതിരിക്കുവാൻ വാതിക്കൽ കാവൽക്കാരായി ഇവര്‍ നിൽക്കുന്നു. അവരെ തിരിച്ചറിയുവാനുളള വിശ്വാസദാർഡ്യം ഇവർക്കുണ്ടായിരിക്കണം. ശുശ്രൂഷകരുടെ സഹായിയായിട്ടാണ് ഇവരുടെ സേവനം AD 225 മുതല്‍ ഈ സ്ഥാനം നിലവിലുളളതായി വിശുദ്ധ കുപ്രിയാനോസും, റോമിലെ പുരോഹിതന്മാർക്കയച്ച കത്തില്‍ കാണുന്നത്. പൗരോഹിത്യമുളള ശുശ്രൂഷകന്റെ സഹായി എന്ന നിലയില്‍ വളരെ ഉത്തരവാദപ്പെട്ട സ്ഥാനമാണിത്.
പൊതു പ്രാർത്ഥനകൾക്കു ശേഷം മുടി കത്രിക്കലും രണ്ടു കോറൂസൂസോ വായനകളുമുണ്ട്. രഹസ്യ പരസ്യ പ്രാർത്ഥനകൾക്കു ശേഷം കാസാ പീലാസാകൾമേൽ കൈ ആവസിപ്പിക്കൽ കൂടാതെ അനുഗ്രഹം കോരിയെടുത്ത് എപ്പിസ്ക്കോപ്പാ സ്ഥാനാർത്തിയുടെ മുഖത്തു പതിപ്പിക്കുകയും തുടർന്ന് നെറ്റിയിൽ കൈകള്‍ വച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്നത് ഈ സ്ഥാനത്തിന്റെ ശ്രേഷ്ഠത വെളിപ്പെടുത്തുന്നു. ഏവ്പ്പദ്യക്നോയ്ക്ക് സ്ഥാനലബ്ദിക്കു ശേഷം വിവാഹം കഴിക്കുവാൻ എല്ലാ പാരമ്പര്യത്തിലും അനുവാദമുണ്ട്. സ്ഥാന വസ്ത്രങ്ങളായി വാഴ്ത്തപ്പെട്ട ശുശ്രൂഷക്കുപ്പായവും ഇടത്തെ തോളില്‍ വലതു കൈയുടെ കക്ഷത്തിലൂടെ പകർത്തിയിടുന്ന ഊറാറയും വാഴ്ത്താതെ തൊപ്പിയും കൊടുക്കുന്നു. പട്ടാഭിഷേക പ്രഖ്യാപനവും ഈ ശുശ്രൂഷയിലുണ്ട്. മറ്റ് കീഴ്സ്ഥാനികൾക്ക് കാണുന്നില്ല. സ്ഥാന ചിഹ്നമായി കത്തിച്ച മെഴുകുതിരി കൊടുത്ത് പ്രതിജ്ഞ ചൊല്ലിക്കുന്നതും ഇവിടെ മാത്രം കാണുന്നു.
പൂർണ്ണ ശെമ്മാശൻ. (മ്ശംശോനോ - Deacon).
പുരോഹിതനെയും എപ്പിസ്ക്കോപ്പായെയും അവരുടെ പൗരോഹിത്യ ശുശ്രൂഷകളിൽ സഹായിക്കുക എന്നതാണ് ശെമ്മാശനുളള പ്രധാന ചുമതല. (അപ്പോ 6. 2, 3). ഇവര്‍ പരിശുദ്ധാത്മാവും ജ്ഞാനവും നിറഞ്ഞവരായിരിക്കണം; ബഹുമാനിക്കപ്പെട്ടവരായിരിക്കണം; ഇരുവാക്കുകാർ ആകരുത്; മദ്യാസക്തിയുളളവരാകരുത്; ധനാർത്തിയുളളവരാകരുത്; കുടുംബം നന്നായി നടത്തുന്നവരാകണം, എന്നിങ്ങനെയാണ് ഈ ശ്രേഷ്ഠ സ്ഥാനത്തെക്കുറിച്ച് വിശുദ്ധ പൗലോസ് പഠിപ്പിക്കുന്നത്. (തിമോ. 3, 10 - 13). വേദപുസ്തക വിശദീകരണങ്ങൾക്കു പുറമേ പൗരാണിക സഭയില്‍ വ്യക്തമായ ശുശ്രൂഷാ ദൗത്യങ്ങൾ ഈ സ്ഥാനത്തിനുണ്ടായിരുന്നു. ഡിഡാക്കെ, റോമിലെ, വിശുദ്ധ ക്ലീമ്മീസ്, അന്ത്യോഖ്യയിലെ വിശുദ്ധ ഇഗ്നാത്ത്യോസ്, വിശുദ്ധ പോളിക്കാർപ്പോസ്, വിശുദ്ധ ഐറേനിയോസ്, വിശുദ്ധ കുപ്രയാനോസ്, അപ്പോസ്ത്തോലിക നിയമങ്ങള്‍ എന്നീ ക്രിസ്തീയ സഭയിലെ ആദ്യ നാല് നുറ്റാണ്ടുകളിൽ ജീവിച്ചിരുന്ന പിതാക്കന്മാരുടെ ലിഖിതങ്ങളിലും രേഖകളിലും അവ വിവരിക്കുന്നുണ്ട്.
സുറിയാനി ഓർത്തഡോക്സ് സഭാ പാരമ്പര്യത്തിൽ ഇവരുടെ പൗരോഹിത്യ നൽവ്വര ശുശ്രൂഷയിൽ പുരോഹിതന്മാർക്കു നിർവ്വഹിക്കുന്ന അതേ ക്രമത്തിലുളള പരിശുദ്ധാത്മാഹ്വാന കൈയാവസിപ്പിക്കൽ (ക്രൊയിത്തൊദ് റൂഹോ) ഈ പദവിയുടെ ശ്രേഷ്ഠതയെക്കുറിക്കുന്നു. വെടിപ്പാക്കൽ, ഒരുക്കൽ, എന്ന ശുശ്രൂഷയാണ് ശുശ്രൂഷകന്റെത്. ആയതിനാല്‍ നമ്മുടെ സഭയില്‍ പുരോഹിതന്റെ നിയോഗിപ്രകാരം വിശുദ്ധ കുര്‍ബ്ബാന കൊടുക്കുന്നതിനും, വിശുദ്ധ ഏവൻഗേല്യോൻ വായിക്കുന്നതിനും, പുരോഹിതന്റെ അസാന്നിദ്ധ്യത്തിൽ സ്വന്തമായി ധൂപക്കുറ്റിയിൽ കുന്തുരുക്കമിട്ട് ധൂപക്കുറ്റി വീശുന്നതിനും അധികാരമുണ്ട്. എന്നാല്‍ ഏവഗേല്യോനു മുമ്പും പിമ്പുമുളള ആശീർവാദം നടത്തുവാൻ അധികാരമില്ല. സ്ഥാനമേറ്റശേഷം വിവാഹം കഴിക്കുവാനനുവാദമില്ല. സ്ഥാന വസ്ത്രങ്ങൾ ശുശ്രൂഷാക്കുപ്പായവും, ഇടത്തെ തോളില്‍ മാത്രം ഇടുന്ന ഊറാറയുമാകുന്നു. തൊപ്പി വാഴ്ത്താതെ കൊടുക്കുന്നു.
അർക്കദിയാക്കോൻ. (Archdeacon).
ഈ ഗ്രീക്ക് പദത്തിന്റെ അർത്ഥം ശുശ്രൂഷകരുടെ നേതാവ് എന്നാണ്. സഭയില്‍ കാലക്രമത്തിൽ ഉടലെടുത്ത ഒരു സ്ഥാനമാണിത്. ഇദ്ദേഹം വിശുദ്ധ വേദപുസ്തകം, സഭയുടെ ആരാധന ക്രമങ്ങള്‍, എല്ലാ പദവിയിലുമുളള ശുശ്രൂഷകരുടെ ദൗത്യം, ഇവയെക്കുറിച്ച് നല്ല ബോധമുള്ള ആളായിരിക്കണം; പക്വതയും സ്വഭാവഗുണവിശേഷങ്ങളുമുളള ആളായിരിക്കണം; അദ്ദേഹം തന്റെ കീഴ്സ്ഥാനികളെ എല്ലാം നയിക്കുന്നവനായിരിക്കണം; മെത്രാസന ഇടവകയിലെ അവസ്ഥകളെക്കുറിച്ച് എപ്പിസ്ക്കോപ്പായ്ക്ക് അപ്പോഴപ്പോൾ അറിവു കൊടുക്കുന്ന ആളായിരിക്കണം; അദ്ദേഹം എല്ലാ ശുശ്രൂഷകരുടെയും പ്രതിനിധിയായും നേതാവായയും എപ്പിസ്ക്കോപ്പായുടെ നിർദ്ദേശപ്രകാരം പ്രത്യേകമായി ആരാധനയിൽ നേതൃത്വം കൊടുക്കുന്നയാളായിരിക്കണം. പൂർണ്ണ ശെമ്മാശനെയാണ് അർക്കദിയാക്കോൻ ആക്കുന്നത്. പട്ടത്വ ശുശ്രൂഷയില്ല, സ്ഥാനദാനം മാത്രമുള്ളൂ. പൂർണ്ണ ശെമ്മാശന്റെ വേഷത്തില്‍ വിശുദ്ധ കുര്‍ബാനയിൽ സംബന്ധിക്കണം. പ്രാർത്ഥനകൾക്ക് ശേഷം നെറ്റിയിൽ റൂശ്മാ ചെയ്ത് സ്ഥനദാന പ്രഖ്യാപനം നടത്തുന്നു. പുർണ്ണ ശെമ്മാശന്റെ ഇടത്തെ തോളില്‍ കിടക്കുന്ന ഊറാറയുടെ ആഗ്രങ്ങൾ വലത്തെകൈയുടെ അടിയില്‍ ബന്ധിച്ചിടുന്നതാണ് സ്ഥാനവസ്ത്രം. സ്ഥാന ചിഹ്നമായി ഒരു വടി കൊടുക്കുന്നു തുടര്‍ന്ന് അർക്കദിയാക്കോൻ പുർണ്ണ ശെമ്മാശനെപ്പോലെ തന്നെ ഏവൻഗേല്യോൻ വായിക്കുന്നു. ആമുഖ - സമാപന ആശംസകള്‍ എപ്പിസ്ക്കോപ്പാ ചെയ്യുന്നു. തുടര്‍ന്ന് മേല്പട്ടക്കാരനോടൊപ്പം എല്ലാവരും ഓക്സിയോസ് (യോഗ്യൻ) മൂന്ന് പ്രാവശ്യം ചൊല്ലി ശുശ്രൂഷകൾ സമാപിക്കുന്നു. സുറിയാനി പാരമ്പര്യത്തിൽ ഈ സ്ഥാനം നിലവിലുളളതായി കാണാം എന്നാല്‍ മലങ്കരയില്‍ ഈ സ്ഥാനം കാണുന്നില്ല.
പുരോഹിതൻ. (Presbyter).
കൊഹനോയുടെയും കാശീശോയുടെയും ബലിയർപ്പണ ഭരണച്ചുമതലകൾ ഒരുമിച്ചു പുരോഹിതനിൽ നിക്ഷിപ്തമാണ്. വിശുദ്ധ പൗലോസ് ശ്ലീഹാ സമഗ്രമായി പുരോഹിതന്റെ യോഗ്യത, ഉത്തരവാദിത്വം ഇവ വിശദമാക്കുന്നു. (1.തിമോത്തി 4:16, 5:17; തീത്തോ 1:5). പുരോഹിത സ്ഥാനികളെ ബഹുമാനിക്കയും, അംഗീകരിക്കയും, ആദരിക്കുകയും ചെയ്യണമെന്ന് റോമിലെ വിശുദ്ധ ക്ലീമ്മീസിന്റെ ലേഖനത്തിലേതാണ് സഭാചരിത്രത്തിലെ ആദ്യ പരാമർശം. പുരോഹിതസ്ഥാനം അപ്പോസ്ത്തോലന്മാരുടെ സ്ഥാനമായി അന്ത്യോഖ്യയിലെ വിശുദ്ധ ഇഗ്നാത്ത്യോസ് വിശദീകരണം നൽകുന്നു. എപ്പിസ്ക്കോപ്പാ, പുരോഹിതൻ, ശുശ്രൂഷകൻ എന്നി മൂന്ന് വ്യത്യസത സ്ഥാനങ്ങൾ സഭാ ഉപദേഷ്ടാക്കന്മാരായ പോളിക്കാർപ്പോസ്, ഹെർമാസ്, ഐറേനിയോസ്, അലക്സാന്ത്രിയായിലെ ക്ലീമ്മീസ്, തെർത്തുല്ല്യൻ, ഒറിഗൺ, കുപ്രയാനോസ്, അലക്സാന്ത്രിയായിലെ ദീവന്നാസിയോസ്, അപ്പോസ്ത്തോലിക പ്രമാണങ്ങൾ എന്നീ രേഖകളിലാണ് പുരോഹിതന്റെ യോഗ്യതകളും ദൗത്യങ്ങളും കൂടുതൽ വിശദീകരിച്ചിട്ടുളളത്. പൗരോഹിത്യ ക്രമങ്ങളിലെ പ്രഥമവും പ്രധാനവുമായ ഉന്നത പദവിയാണിത്.
"മ്ദഖിയോനോ" (വെടിപ്പാക്കുവാൻ) മനഹ്റോനോ" (പ്രകാശിപ്പിക്കുന്നവൻ) എന്ന രണ്ടു പദവികൾ പുരോഹിതനുളളതായി സുറിയാനി സഭാ പാരമ്പര്യം അനുശാസിക്കുന്നു. പഠിപ്പിക്കലുകളും കൂദാശകളിലൂടെയുളള ശുദ്ധീകരണവും പ്രകാശിപ്പിക്കലുമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. (മലാഖി 2:7; 1.തെസ്സ 3:8). പട്ടത്വദാന ശുശ്രൂഷയും പള്ളി കൂദാശയും മൂറോൻ കൂദാശയും സൈത്തുകൂദാശയും ഒഴിച്ചുള്ള എല്ലാ കൂദാശകളും നിർവ്വഹിക്കുവാനുളള അവകാശവും അധികാരവുമാണ് അദ്ദേഹത്തിന്റെ നൽവ്വരത്തിൽ ഉൾപ്പെടുന്നത്. പരിശുദ്ധാത്മാഹ്വാന പ്രാർത്ഥനയിലും മറ്റ് പ്രാർത്ഥനകളിലും ഇത് അടങ്ങിരിക്കുന്നു. അമോലോഗ്യയിൽ തദനുസൃതമായ നിർദ്ദേശങ്ങളുണ്ട്. പുരോഹിത സ്ഥാനികൾക്കു മാത്രമേ എപ്പിസ്ക്കോപ്പാ ഏവൻഗേല്യോൻ സ്ഥാനാർത്ഥിയുടെ കഴുത്തില്‍ വച്ചു വായിക്കുമ്പോൾ അയാളുടെ തലയില്‍ ഊതുന്നുളളൂ. സ്ഥാന വസ്ത്രങ്ങൾ പൗരോഹിത്യ പൂർണ്ണതയുളള വസ്ത്രങ്ങളാണ്. തൊപ്പിയുൾപ്പെടെ എല്ലാം വാഴ്ത്തി ധരിപ്പിക്കുകയും ചെയ്യുന്നു. സ്ഥാന ചിഹ്നം ധൂപക്കുറ്റിയാണ്. ആയതിനാല്‍ സ്ഥാനമേറ്റാൽ ആദ്യം അദ്ദേഹം സ്വന്തമായി ധൂപക്കുറ്റിയിൽ കുന്തുരുക്കമിട്ട് ധൂപം വീശുന്നു. മാത്രമല്ല, സ്വയമായി വിശുദ്ധ കുര്‍ബ്ബാന അർപ്പിക്കുവാനും അനുഭവിക്കുവാനുമുളള അർഹതലഭ്യമായതിനെ കാണിക്കുവാനായി കർത്താവിന്റെ തിരുശരീരരക്തങ്ങൾ സ്വയം കാസായിൽ നിന്നും എടുത്ത് ആദ്യമായി അനുഭവിക്കുന്നു. പൗരോഹിത്യ നൽവ്വരം ദാനം ചെയ്ത സഭയുടെ അദ്ധ്യക്ഷനായ എപ്പിസ്ക്കോപ്പായുടെ അംശവടി പിടിച്ചുകെണ്ട് വിശുദ്ധ കുര്‍ബ്ബാനയുടെ ശേഷമുള്ള ഭാഗങ്ങളിൽ സംബന്ധിക്കുന്നത്.
കോർ-എപ്പിസ്കോപ്പാ.
ഗ്രാമങ്ങളിലുളള പളളികൾ സന്ദർശിക്കുവാനും എപ്പിസ്ക്കോപ്പായുടെ നിർദ്ദേശപ്രകാരം ആവശ്യമായ ഭരണ ക്രമീകരണങ്ങൾ നൽകുവാനും സഭയുടെ വികസനകാലത്ത് മൂന്നാം നൂറ്റാണ്ടു മുതല്‍ രൂപപ്പെട്ട ഒരു സ്ഥാനമാണ് കൊറെപ്പിസ്കോപ്പ. എ.ഡി. 325-ലെ നിഖ്യാസുന്നഹദോസിൽ 15 കൊറെപ്പിസ്കോപ്പാമാർ സംബന്ധിച്ചതായി പറയുന്നുണ്ട്. അവരുടെ അധികാര പരിധികൾ ഓരോ ഗ്രാമത്തെ അടിസ്ഥാനാമാക്കിയായിരുന്നു. ആൻസിറാ സുന്നഹദോസിന്റെ (314 എ.ഡി) 13-ാമത് കാനോനിലും അന്ത്യോഖ്യൻ സുന്നഹദോസിന്റെ (314) 10-ാമത് കാനോനിലും ഇവരുടെ അധികാരങ്ങൾ നിജപ്പെടുത്തി. അനുസരിച്ച് ഇവര്‍ക്ക് എപ്പിസ്ക്കോപ്പായുടെ അനുവാദത്തോടെ പൂർണ്ണശെമ്മാശന്റെ കീഴ്സ്ഥാനികൾക്ക് കൈവയ്പ്പ് കൊടുക്കുവാൻ അധികാരമുണ്ട്. എന്നാല്‍ ലവുദൂക്യ സുന്നഹദോസിൽ (4-ാംനൂറ്റാണ്ടിൽ) 57-ാമത്തെ കാനോനിൽ കൂടുതല്‍ കോറെപ്പിസ്കോപ്പാമാരുടെ നിയമനം നിരോധിച്ചതായും കാണുന്നുണ്ട്. എ.ഡി. 451-ലെ കൽക്കദോൻ സുന്നഹദോസിൽ ഇവരുടെ എണ്ണം വളരെ പരിമിതമായിരുന്നു. അർക്കദിയാക്കോന്മാരുടെ സ്ഥാനം സഭയില്‍ പിൽക്കാലത്ത് നിലവിൽവന്നതോടെ ഈ സ്ഥാനം നിഷ്പ്രഭമായിതീർന്നു. സുറിയാനി സഭയുടെ പ്രഗത്ഭരായ വൈദികരുടെ ഇടവക ശുശ്രൂഷകരുടെ ബഹുമാനാർത്ഥം ഈ സ്ഥാനം കൊടുക്കുന്ന പാരമ്പര്യം നിലവിലുണ്ട്. ശുശ്രൂഷയുടെ ആരംഭത്തിൽ തലയില്‍ നിന്ന് തൊപ്പി മാറ്റി ശോശപ്പാകൊണ്ട് തല മൂടുന്നു. ഏവൻഗേല്യോൻ വായനാ സമയത്ത് തലയിലിട്ടിരിക്കുന്ന ശോശാപ്പാ നീക്കുന്നു. എപ്പിസ്കോപ്പാ സ്ഥാനാർത്ഥിയുടെ തലയില്‍ കൈവച്ച് പ്രാർത്ഥിച്ച് പട്ടാഭിഷേക പ്രഖ്യാപനം നടത്തുന്നു. കാപ്പായോടൊപ്പം ചെറുകാപ്പാ (തോൾ വസ്ത്രം - അൽമത്തി) ധരിപ്പിക്കുകയും 'ഓക്സിയോസ്' ചൊല്ലുകയും ചെയ്യുന്നു. സ്ഥാന ചിഹ്നമായി ഒരു അംശവടി നൽകുന്നുണ്ട്. സാധാരണ വേഷത്തിൽ നടക്കുമ്പോൾ വയലറ്റ് (ചുവന്ന) കുപ്പായമോ, വയലറ്റ് നിറമുള്ള (ചുവന്ന) ഇടക്കെട്ടോ ധരിക്കാം. കുരിശുമാലയും ധരിക്കാം. മറ്റെല്ലാ വൈദികരെയും പോലെ ഹമ്നീക്കാ ധരിച്ചുകൊണ്ട് മാത്രമേ മദ്ബഹായിൽ കയറുകയോ വിശുദ്ധ കുര്‍ബ്ബാന അനുഭവിക്കുയോ ചെയ്യാന്‍ പാടുള്ളൂ.
ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.