ഊശാന ദിവസത്തിലെ പ്രദിക്ഷണ ഗീതത്തിൽ വരവാഹനനായി എന്ന് പാടുന്നത് തെറ്റാണ്. 'ഖര' വാഹനനായി എന്നതാണ് ശരി. 'വര' എന്നത് കാലങ്ങളായി തുടർന്നു വരുന്ന ഒരച്ചടി പിശകാണ്. ഖരം = കഴുത എന്നർത്ഥം. (ശബ്ദതാരാവലി, page 1377).
ഹാശാ ബുധനാഴ്ചയുടെ കൗമ വളരെ വ്യാപകമായി പ്രാർത്ഥനാ പുസ്തകങ്ങളിൽ തെറ്റായ രീതിയിലാണ് അച്ചടിച്ചിരിക്കുന്നത്.
നിന്നെ വധിപ്പനായ് വന്ന ജനം എന്നതിനു പകരം... വിധിപ്പാനായ് എന്നാണ് മിക്കവാറും പുസ്തകങ്ങളിൽ കാണുന്നത്...
സദയം ശ്ര-ദ്ധി ക്ക-ണേ.
സുറിയാനി പ്രാർത്ഥനകളിൽനിന്നു സാംശീകരിച്ച മലയാള പ്രാർത്ഥനകളിൽ ചിലപ്പോൾ "സൊപ്രെന്മാർ" പ്രത്യക്ഷപ്പെടുന്നുണ്ട്. പലരും ഈ വാക്ക് അശ്രദ്ധമായി "സ്രോപ്പെന്മാർ" എന്നു ഗ്രഹിച്ച് അങ്ങനെ വായിക്കുന്നു. നമ്മുടെ ചില പ്രാർത്ഥനാ പുസ്തകങ്ങളിൽ ഈ Maxima Culpa (എന്റെ പിഴ) കണ്ടിട്ടുണ്ട്. "ഭൂമിയിൽ പട്ടക്കാർ നിന്നെ ദുഷിക്കുകയും സ്രോപ്പെന്മാർ നിന്നെ ആക്ഷേപിക്കുകയും ചെയ്തതിനെ ക്ഷമയോടെ..... എന്ന് നീട്ടി വായിക്കുമ്പോൾ ഈ വാക്ക് ഒന്നു ശ്രദ്ധിക്കുമല്ലോ.
സുറിയാനിയില്‍ ലളിതമായ ഭാഷയില്‍ അര്‍ത്ഥഗാംഭീര്യത്തോടെ സഭാപിതാക്കന്മാർ രചിച്ച പദ്യങ്ങള്‍, അഭ്യസ്തവിദ്യരായ മലയാളികൾക്കു പോലും മനസ്സിലാകാത്ത കടിച്ചാൽ പൊട്ടാത്ത ഭാഷയിൽ പാടി എത്തിക്കുന്ന ആഴ്ചയാണ് ഹാശാ ആഴ്ച. അപ്പോൾ 'ഖരം' 'വര'മാകും... മനസ്സിലാക്കാൻ ശ്രമിച്ചാലല്ലേ ഇതൊക്കെ ശ്രദ്ധിക്കൂ. മേഷം, തോഷം, പൂപം, ക്ഷോണിക്കോണ് (ഔഗേൻ ബാവായുടെ തർജ്ജമ, MSOT, 2000, p. 9), വ്യംഗാമമ (p.92), "രണ്ടാൾ മാ, മല ചരിവോള മനുഗാമി, കളിസഹാക്കിന്നും" (p.93), ഖലരാലാക്ഷേപിതൻ (p.99), ചതൃവിധ ജീവി (p.108), വിദിതം (p.113), ദ്വാദശയാം (p.137), "ഘാതക, രുണ്ണിയതിൽ- സ്വന, മറിയായ്വാൻ" (p.144), ദ്യോവിൽ (p.166), ക്ഷാളിച്ചും (p.187), എന്നിങ്ങനെ നമ്മൾ പാടി കൂട്ടുന്നു. അച്ചടി പിശകുകൾ മലിനമാക്കിയ സംസ്കൃത പദമേള.
ആരാധനകളിൽ ദൈവമാതാവായ വിശുദ്ധ കന്യക മോർത് മറിയാം.
"നിന്നേകസുതൻ സന്നിധിയിൽ അർപ്പിക്കണമീയടിയാരെ
കൃപയും വാഴ്വും നൽകണമേ" ഈ മദ്ധ്യസ്ഥ പ്രാർത്ഥനാഗാനത്തിൽ "നൽകണമേ"എന്നത് "നൽകാനായ്" എന്നു മാറ്റണമേ. അതുപോലെ "അമ്മേ കൃപചെയ്‌തീടണമേ" എന്നത് "അമ്മേ പ്രാർത്ഥിച്ചീടണമേ" എന്നു മാറ്റണമേ. "ചിന്മയനുടെ ജനനീ നന്മനിറഞ്ഞോളേ" എന്നതിലെ "നന്മ" മാറ്റി "കൃപയാൽ" എന്നു മാറ്റുകയല്ലേ വേണ്ടത്?
"നിന്നാൾ സ്തുതിയോടു രാജമകൾ" എന്നതിലെ "നിന്നാൾ സ്തുതിയോടു " എന്നതിനു പകരം "നിന്നൂ സ്തുതിയോടു" എന്നാക്കിയാൽ "നിൻ ആൾ"എന്ന ദുരർത്ഥം വരാതെ രക്ഷപെടാം. നിന്നു + അവൾ എന്നശരി നിന്റെ + അവൾ എന്ന തെറ്റിലേക്ക് പോകരുത്. "തിരുവുള്ളത്താൽ കന്യകയാം മറിയാമിനുൾ ജാതനതായ് ജാതിക്കാരെ വഴി നേരാക്കി രക്ഷിച്ചവൾ തൻ ഓർമ്മയ്ക്ക് എന്നു ചൊല്ലുമ്പോൾ വിശുദ്ധ മറിയാം രക്ഷക (saviour) ആണ് എന്ന അർത്ഥം ലഭിച്ചേക്കാം. രക്ഷിച്ച് + അവൾ തൻ എന്നാണ് ശരിയായ അന്വയം. രക്ഷിച്ച്: മറിയാമിൻ ഓർമ്മയ്ക്ക് എന്നു മാറ്റുന്നത് പരിഗണിക്കണമേ. സ്വീകരണം നേടി എന്നു തുടങ്ങുന്ന ഗാനത്തിൽ വിശുദ്ധ മറിയാം ലോകത്തിന്റെ ശാപം നീക്കി എന്ന അർത്ഥം ലഭിക്കുന്നു. ഈ ക്ഷിതി ശാപത്തെ നീക്കിയ ദൈവത്തിൻ മാതാവായ് സ്വീകരണം നേടിയ കന്യകയേ എന്നു recast ചെയ്ത് പ്രശ്നം പരിഹരിക്കാം.
മറ്റൊരു കാര്യംകൂടി. നമ്മുടെ വിശുദ്ധ കുർബാന ക്രമം പരിശുദ്ധ റൂഹയെ പരിശുദ്ധൻ റൂഹയാക്കിയിരിക്കുന്നു. ശ്രേഷ്ഠൻ കാതോലിക്കാ ബാവ പരിശുദ്ധൻ പത്രിയാർകീസ് ബാവ എന്നൊക്കെ തോന്നിയ പോലെ പറയുന്നതുപോലെയല്ലേ പരിശുദ്ധൻ റൂഹാ എന്ന പ്രയോഗവും?
സുറിയാനി ട്യൂൺ, മലയാള ഭാഷ, പിന്നെ പദശുദ്ധി, ഗ്രാമർ ഇവയെല്ലാം കൂടി ഒത്തു പോകില്ല.... അതിൽ നിന്നുളവാകുന്ന തർക്കങ്ങൾ ഏറെയാണ്....
ഫാ.ഗീവർഗ്ഗീസ് കോശി പുത്തർവീട്ടിൽ, പട്ടാഴി.