സുറിയാനി സഭാപിതാക്കന്മാരില്‍ പ്രശസ്തനായ ഗ്രന്ഥകാരനും പണ്ഡിതനുമായിരുന്നു മോര്‍ അഫ്രേം. സിറിയാക്കാരന്‍ അഫ്രേം (Ephrem the Syrian), സുറിയാനിക്കാരുടെ സൂര്യന്‍ (Sun of Syrians), സഭയുടെ തൂണ് (Pillar of the Church) എന്ന പേരുകളിലും ഇദ്ദേഹം അറിയപ്പെടുന്നു.
ദക്ഷിണ തുര്‍ക്കിയിലെ നിസിബിസ് എന്ന സ്ഥലത്ത് എ.ഡി.306-ല്‍ ജനിച്ചു. ഒരു ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച അഫ്രേമിന്റെ പിതാവ് നിസിബിസില്‍ നിന്നുള്ളവനും അമ്മ ആമിദില്‍ നിന്നുള്ളവളുമായിരുന്നു. തന്റെ പിതാവ് ഒരു പ്രാകൃത പുരോഹിതനായിരുന്നു എന്ന വിവരണവും ശരിയല്ല. നിസ്സായിലെ ഗ്രിഗറി അഫ്രേമിന്റെ മാതാപിതാക്കള്‍ ഉത്തമ ക്രിസ്ത്യാനികളായിരുന്നു എന്ന് വിവരിച്ചിട്ടുണ്ട്. അഫ്രേം പിന്നിട് ക്രിസ്ത്യാനിയായിയെന്ന ചില ചരിത്രകാരന്മാരുടെ വിവരണവും ശരിയല്ല. കാരണം മോര്‍ അഫ്രേം തന്റെ എഴുത്തുകളില്‍ “ഞാന്‍ സത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ ജനിച്ചു” എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു മെമ്രായില്‍ “എന്റെ കര്‍ത്താവേ! എന്റെ പൈതല്‍ പ്രായം മുതല്‍ വാര്‍ധക്യം വരെ നിന്റെ നുകത്തെ ഞാന്‍ വഹിച്ചിരിക്കുന്നു. അലസതയോ ഉദാസിനതയോ കൂടാതെ സസന്തോഷം അന്ത്യം വരെയും ഞാന്‍ വേല ചെയ്തു” എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.
നിസിബിനിലെ മെത്രാപ്പോലീത്താ വിശുദ്ധ മോര്‍ യാക്കോബിന്റെ ശിക്ഷണത്തിലായിരുന്നു മോര്‍ അഫ്രേം പഠിച്ചത്. നിഖ്യാ സുന്നഹദോസിലേക്ക് അഫ്രേമിനെ കുട്ടിക്കൊണ്ട് പോകുമ്പോള്‍ ഏകദേശം 22 വയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. എ.ഡി 338-ല്‍ ശേമ്മാശുപട്ടം (ഡീക്കന്‍) സ്വികരിച്ചു. പട്ടം സ്വികരിച്ചത് കൈസരിയായിലെ വലിയ മോര്‍ ബസ്സേലിയോസില്‍ (St.Basil the Great) നിന്നാനന്നും, അതല്ല ഗുരുവായ മോര്‍ യാക്കോബില്‍ നിന്നാണന്നും രണ്ടഭിപ്രയങ്ങളുണ്ട്. മോര്‍ യാക്കോബ്, അഫ്രേമിനെ തന്റെ ദയറായുടെ മല്പാന്‍ (ഗുരു) ആയി നിയമിച്ചു. നിസിബിനിലെ വൈദിക വിദ്യാലയത്തില്‍ മോര്‍ അഫ്രേം 38 വര്‍ഷം അധ്യാപകനായിരുന്നു. പിന്നീട് ഈ വിദ്യാലയം സുറിയാനി സഭയുടെ കേന്ദ്രവിദ്യാലയമായി തീര്‍ന്നു. എ.ഡി.337-ല്‍ കുസ്തന്തിനോസ് ചക്രവര്‍ത്തി നിര്യാതനായ ശേഷം പേര്‍ഷ്യന്‍ രാജാവായ സാപ്പോര്‍ രണ്ടാമന്‍ നിസിബിന്‍ ആക്രമിക്കാന്‍ വന്നു. മോര്‍ അഫ്രേം ഗുരുവായ യാക്കോബ് മെത്രാപ്പോലിത്തായുടെ അനുഗ്രഹത്തോടെ നഗരത്തിന്റെ കോട്ട മുകളില്‍ കയറി പ്രാര്‍ത്ഥനകളാല്‍ കീടങ്ങളെ ക്ഷണിച്ചു വരുത്തി. അവർ ശത്രുമദ്ധ്യേ പ്രവേശിച്ചു. പേര്‍ഷ്യന്‍ സൈനം ചിനി ചിതറി ഓടിപ്പോയി.
ഏ.ഡി.363-ല്‍ നിസിബിസിനെ പേര്‍ഷ്യയ്ക്കു കൈമാറാന്‍ നിര്‍ബ്ബന്ധിതനായ റോമാ ചക്രവര്‍ത്തി ജോവിനിയന്‍, നഗരത്തിലെ ക്രിസ്ത്യാനികളോട് അവിടം വിട്ടുപോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അഫ്രേം എഡേസ്സായിലേക്ക് (ഉറഹാ) താമസം മാറുകയും അവിടെ അധ്യാപനത്തിലും ഗ്രന്ഥരചനയിലും മുഴുകി കഴിയുകയും ചെയ്തു. ഉറഹായിലെ വിദ്യാലയത്തിന്റെ വികസനത്തിനും ഖ്യാതിക്കും മോര്‍ അഫ്രേം കാരണമായി. ഈ ദയറായുടെ പ്രസിദ്ധി പാശ്ചാത്യ സഭയിലേക്കും വ്യാപിച്ചു. പോപ്പ് അഗപ്പെറ്റസ് ഒന്നാമന്‍ ഇത്തരത്തിലുള്ള ഒന്ന് ഇറ്റലിയിലും സ്ഥാപിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അന്നത്തെ സാഹചര്യം കൊണ്ട് അത് സംഭവിച്ചില്ല. വേദപുസ്തക വ്യാഖ്യാതാവ്, വേദവിപരീതങ്ങളുടെ വിമര്‍ശകന്‍ എന്നീ നിലകളിലും മികവു കാട്ടിയെങ്കിലും, അഫ്രേമിന്റെ ഏറ്റവും സ്ഥായിയായ സംഭാവന ഭക്തിഗാനരചയിതാവ് എന്ന നിലയിലാണ്. പരിശുദ്ധാത്മാവിന്റെ കിന്നരം (Harp of the Holy Spirit - കെനോറോ ദ്റൂഹോ) എന്ന് അഫ്രേം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. സുറിയാനി ക്രിസ്തീയ പാരമ്പര്യത്തിലെ ഏറെ മാനിക്കപ്പെടുന്ന ഘടകങ്ങളിലൊന്നാണ് അഫ്രേമിന്റെ സംഗീത പൈതൃകം. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ സുറിയാനി ഭക്തിസാഹിത്യത്തിലെ ഏറ്റവും മികച്ച കൃതികളാണ്. ഗ്രീക്ക് ഭാഷയിലെ ഭക്തിഗീതങ്ങള്‍ക്ക് പോലും അവ പ്രചോദനമായി. ചുരുങ്ങിയ പദങ്ങളിലുടെ ഏറെ അര്‍ത്ഥങ്ങള്‍ പ്രകടപ്പിക്കുന്നതില്‍ അഫ്രേം സമര്‍ത്ഥനായിരുന്നു. പശ്ചാത്താപത്തിന്റെയും സമര്‍പ്പണത്തിന്റെയും ആരാധനയുടെയും ഉന്നതിയിലേക്ക് വായനക്കാരെ കൊണ്ടെത്തിക്കുന്നതില്‍ അഫ്രേമിന് അസാമാന്യ പാടവമുണ്ടായിരുന്നു. പാശ്ചാത്യ സഭയുമായുള്ള താരതമ്യത്തില്‍ പൗരസ്ത്യ സഭയിലെ ആരാധനാക്രമം കൂടുതല്‍ സംഗീതമയമാകുന്നതിന് അഫ്രേമിന്റെ രചനകള്‍ കാരണമായി. അനേകം മെമ്രാകളിലും മദ്റോശോകളിലുമായി മുപ്പതുലക്ഷം വരികളാണ് അഫ്രേം രചിച്ചത്. നാം ഇന്ന് ആരാധനയില്‍ ഉപയോഗിക്കുന്ന കുറെയേറെ പാട്ടുകള്‍ മോര്‍ അഫ്രേമിന്റെ രചനയാണ്. (ഉദാ: ശയന പ്രാര്‍ത്ഥനയിലെ അഫ്രേമിന്റെ മിമ്രോ). തിരുവെഴുത്തുകളിലെ ഒട്ടുമിക്ക ഗ്രന്ഥങ്ങള്‍ക്കും അഫ്രേം വ്യാഖ്യാനം എഴുതിയിട്ടുള്ളതായി നിസ്സായിലെ ഗ്രിഗറി പറയുന്നു. എന്നാല്‍ പലതും ഇന്ന് ലഭ്യമല്ല. ബാര്‍ദൈസാന്റെയും മാര്‍ക്കിയാന്റെയും വേദവിപരിതങ്ങള്‍ക്ക് എതിരായി മോര്‍ അഫ്രേം ശക്തിയായി എഴുതി.
ബര്‍ ദാസിയാന്‍ തന്റെ വേദവിപരിതങ്ങള്‍ പദ്യരൂപത്തില്‍ എഴുതി തന്റെ വിദ്യാര്‍ഥികളെ പഠിപ്പിച്ചപ്പോള്‍ മോര്‍ അഫ്രേം അതിനെ ബന്ധിപ്പിച്ചുകൊണ്ട് പദ്യമെഴുതി തന്റെ വിദ്യാര്‍ഥികളെ പഠിപിച്ചു. പൗരോഹിത്യ ശ്രേണിയില്‍ ഒരു ശെമ്മാശന്‍ മാത്രമായിരുന്നിട്ടും ആകമാന സഭയുടെ മല്പാനായി (Doctor of the Church, Doctor of the World) മോര്‍ അഫ്രേം ബഹുമാനിക്കപ്പെടുന്നു. ഫലിത കുശുലുവുമായിരുന്നു മോര്‍ അഫ്രേം. ഒരിക്കല്‍ തന്റെ സുഹൃത്ത് അഫ്രേമിനോട് ഇപ്രകാരം പറഞ്ഞു; “മാഗ്ദലന മറിയം കര്‍ത്താവിന്റെ പാദങ്ങള്‍ എങ്ങനെ തന്റെ കണ്ണുനീര് കൊണ്ട് കഴുകിയോ അപ്രകാരം കര്‍ത്താവിന്റെ പേര് എവിടെ കണ്ടാലും ഞാന്‍ കണ്ണുനീരുകൊണ്ട് അവ കഴുകാറുണ്ട്”. അതിനു അഫ്രേം മറുപടി പറഞ്ഞത്, “താങ്കളുടെ നിറഞ്ഞ പശ്ചാത്താപം ദൈവം സ്വീകരിക്കട്ടേ. പക്ഷേ, പുസ്തകങ്ങളെ വെറുതെ നശിപ്പിക്കരുത്”. എന്നായിരുന്നു. മോര്‍ അഫ്രേം തീവ്ര സന്യാസിയായിരുന്നു. തറയില്‍ കിടന്നാണ് അദ്ദേഹം ഉറങ്ങിയിരുന്നത്. ബാര്‍ലി അപ്പവും ഇല കറികളുമായിരുന്നു ആഹാരം. വെള്ളം മാത്രമായിരുന്നു കുടിച്ചിരുന്നത്. രാത്രിയില്‍ ദീര്‍ഘനേരം പ്രാര്‍ത്ഥനയിൽ ഇരിക്കുമായിരുന്നു. തന്നെ ബിഷപ്പാക്കുവാന്‍ തെരഞ്ഞെടുത്തപ്പോള്‍ തനിക്കു അതിനുള്ള അര്‍ഹതയില്ലെന്ന് പറഞ്ഞുകൊണ്ട് വയലില്‍ പോയി ഒളിച്ചിരുന്നു എന്ന് പറയപ്പെടുന്നു. അറുപത്തേഴു വയസുള്ളപ്പോള്‍, എ.ഡി 373-ല്‍ ജൂണ്‍ ഒമ്പതാം തിയതി അഫ്രേം കാലം ചെയ്തു. വിശുദ്ധന്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്ന പ്രകാരം അദ്ദേഹത്തെ കബറടക്കി. “എന്നെ പോലെ ആശുദ്ധനായവന്‍ വിശുദ്ധ സ്ഥലത്ത് കിടക്കുവാന്‍ അര്‍ഹനല്ല. എന്നെ പള്ളിയകത്ത് അടക്കരുത്. ആ മഹത്വത്തിന് ഞാന്‍ യോഗ്യനല്ല” എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
മോർ അഫ്രേം മല്പാന്റെ ഓർമ്മ ദിവസം സംബന്ധിച്ച്.
വലിയ നോമ്പിലെ ആദ്യ ശനിയാഴ്ച സുറിയാനിക്കാരനായ മോർ അഫ്രേം മല്പാന്റെ (മോർ തേവോദോറോസ് സഹദായുടെയും) ഓർമ്മ ആചരിക്കേണ്ട ദിവസമാണെന്ന് എല്ലാവർക്കും അറിയാം. പക്ഷേ, എന്തുകൊണ്ടാണ് ആ ഓർമ്മ വലിയ നോമ്പിൽ, ഒരു Variable Date-ൽ, ഈ വിധം കൊടുത്തു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. പൊതുവെ വലിയ നോമ്പിൽ മാത്രമേ വന്നു ചേരുകയുള്ളൂ എന്ന തീയതികളിലെ പെരുന്നാളുകളാണ് ഈ വിധത്തിൽ ക്രമപ്പെടുത്തേണ്ടതുള്ളൂ. ഉദാ: നാല്പത് സഹദേന്മാരുടെ ഓർമ്മ.
വലിയ നോമ്പിലെ ഒരു ശനിയാഴ്ച ആചരിക്കണമെന്ന് പറയുമ്പോൾ തന്നെ അത് വിശുദ്ധമായി, നിർബന്ധമായി, ആചരിക്കേണ്ട പെരുന്നാളാണെന്ന് വ്യക്തമാണ്. മോർ അഫ്രേം മല്പാന്റെ ഓർമ്മ അദ്ദേഹം കാലം ചെയ്ത ജൂൺ 9-നാണ് (Rarely ജൂൺ 10 / ജൂൺ 18 also) ലോകത്തിലെ ഭൂരിഭാഗം സഭകളും ആചരിക്കുന്നത്. ബൈസാന്റൈൻ സഭകൾ ജനുവരി 28-നാണ് സ്മരണ പുതുക്കുക. പക്ഷേ ആ തീയതിക്കും വലിയ നോമ്പുമായി ഏറെ അകലമുണ്ട്.
ചില സഭകൾ വലിയ നോമ്പിന്റെ പേത്രത്താ ഞായറിനു മുമ്പുള്ള ശനിയാഴ്ച (Cheesefare Saturday) സന്യസ്‌ത വിശ്വാസികളുടെ ഓർമ്മയുടെ വിശേഷ ദിനത്തിൽ അദ്ദേഹത്തിന്റെ ഓർമ്മ കൊണ്ടാടാറുണ്ടെന്നും വായിച്ചു. ആ ശനിയാഴ്ചക്കു ഒരാഴ്ച്ച കൂടി മുമ്പോട്ട് നീക്കി വിശുദ്ധന്റെ ഓർമ്മ വലിയ നോമ്പിന്റെ ശനിയാഴ്ചയായി നിജപ്പെടുത്തിയതാണെന്നുള്ള സംശയം ബാക്കി നിൽക്കുന്നു. പരിശുദ്ധ അഫ്രേം പ്രഥമൻ ബാവായുടെ ‘ചിതറിയ മുത്തുകൾ’ എന്ന പുസ്തകത്തിൽ എഡേസ്സായുടെ പ്രാന്തപ്രദേശത്തതു വിശുദ്ധന്റെ തിരുശേഷിപ്പുകളുടെ മേൽ ദയറോ തഹത്തായോ Lower Monastry എന്ന പേരിൽ ഒരു ദയറാ സ്ഥാപിച്ചതായി എഴുതിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടാണോ ഈ ഓർമ്മ തീയതി എന്നും വ്യക്തമല്ല.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.