സെഖര്യ പുരോഹിതന്റെയും എലിസബത്തിന്റെയും മകനായി യോഹന്നാൻ ജനിച്ചു (ലൂക്കോ: 1: 13). യേശുക്രിസ്തുവിന്റെ ജനനത്തിന് ആറുമാസം മുമ്പായിരുന്നു യോഹന്നാന്റെ ജനനം (ലൂക്കോ1 :26, 31). സുറിയാനി സഭയിലെ പെരുന്നാളുകളിൽ ഏറെ പഴക്കമുള്ളതാണ് ജൂൺ 24-ാം തീയതി സഭ ആഘോഷിക്കുന്ന യോഹന്നാന്റെ ജനനപ്പെരുന്നാൾ. ക്രിസ്തുമസ്സിന് ഏകദേശം രണ്ടാഴ്ച മുമ്പും സഭയിൽ ഈ പെരുന്നാൾ ആചരിക്കുന്നു. (കൃത്യമായ തിയതിയില്ല).
എ. ഡി. ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ യെഹൂദ്യ ദേശത്ത് എൻ കെരെം (En.Kerem or Ain Karim) എന്ന സ്ഥലത്താണ് യോഹന്നാൻ ജനിച്ചത്. ഈ സ്ഥലം ജറുസലേമിന് 6 മൈൽ പടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്നു. മറ്റുവിശുദ്ധന്മാരിൽ നിന്ന് വിഭിന്നമായി യോഹന്നാൻ മാംദോനായുടെ ജന്മദിനം സഭ പെരുന്നാളായി ആഘോഷിക്കുന്നു.ഇതിനടിസ്ഥാനം വി.കന്യകമറിയാം എലിസബത്തിനെ സന്ദർശിച്ചപ്പോൾ ഗർഭസ്ഥ ശിശുവായ യോഹന്നാൻ പരിശുദ്ധാത്മാവിനാൽ വിശുദ്ധീകരിക്കപ്പെട്ടു (ലൂക്കോ: 1 : 15, 39, 45). മറ്റു വിശുദ്ധന്മാരുടെ ജനന പെരുന്നാളുകൾ ആഘോഷിക്കാതിരിക്കുന്ന സുറിയാനി സഭയുടെ പാരമ്പര്യത്തിന്റെ പശ്ചാത്തലമാണ് ഇവിടെ സൂചിപ്പിക്കുന്നത്.
വി.യോഹന്നാൻ സ്‌നാപകൻ കർത്താവിന്റെ മുന്നോടിയാണ് (മത്തായി 11 :10; ലൂക്കോ : 1 : 76). കർത്താവിന്റെ വഴിയൊരുക്കുന്നതിന് ഏലിയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ വന്നവനാണ് (ലൂക്കാ :1 : 17 ). യോഹന്നാനെക്കുറിച്ച് യേശുവിന്റെസാക്ഷ്യം ശ്രദ്ധേയമാണ്. സ്ത്രീകളിൽനിന്ന് ജനിച്ചവരിൽ യോഹന്നാൻ സ്‌നാപകനേക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല .(മത്തായി 11 : 11 ; ലൂക്കോ 7 : 28).
യോഹന്നാന്റെ വസ്ത്രം ഏലിയാവിനെ പോലെ ഒട്ടകരോമം കൊണ്ടുള്ളതും അരക്കെട്ട് തോൽ കൊണ്ടുള്ളതുമായിരുന്നു (2രാജ 1 :8 ). അവന്റെ ആഹാരമോ കംസയും (ഒരു ഇനം കിഴങ്ങ്) കാട്ടുതേനും (1 ശാമുവേൽ 14 : 25-26) ആയിരുന്നു (മത്തായി 3 :4).പ്ശീത്ത ബൈബിൾ വിവർത്തകർ ?കാട്ടുകിഴങ്ങുകളും എന്നാണ് "വെട്ടുകിളി"എന്നതിനുപയോഗിച്ചിരിക്കുന്ന പദം.
യോഹന്നാൻ സ്‌നാപകനെ സന്യാസികൾക്ക് മാതൃകയായി കണക്കാക്കുന്നു. സന്യാസികൾ ഭക്ഷണത്തിൽ മാംസം (ഇറച്ചി) ഉൾപ്പെടുത്തിയിരുന്നില്ല എന്നതിനാൽ "വെട്ടുകിളി" എന്നതിന് Carob pods എന്ന പുനർവ്യാഖ്യാനവും ജറോമിന്റെ വ്യാഖ്യാനത്തിൽ കാണുന്നു. Locust - tree എന്ന് പറയുന്നത് മെഡിറ്ററേനിയൻ പ്രദേശങ്ങളിലെ ഒരു അമരിവർഗ്ഗ വൃക്ഷമാണ്. ഇതിന്റെ മാംസളമായ കനികൾ (പരിപ്പ്) മനുഷ്യന് കാട്ടിലെ വിശിഷ്ട ഭക്ഷണമാണ് (St.John's bread). ഇതിനെയാണ് Carob Pods എന്ന് പരാമർശിച്ചിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ യോഹന്നാൻ സ്‌നാപകൻ മരുഭൂമിയിൽ ലഭ്യമായ കാട്ടുകിഴങ്ങുകളും (അമരി വൃക്ഷത്തിന്റെ കായുടെ പരിപ്പും )കാട്ടുതേനും ഭക്ഷിച്ച് ജീവിച്ചു.
യോഹന്നാൻ എഴുതിയ വി. സുവിശേഷത്തിൽ യോഹന്നാൻ സ്‌നാപകനെ ക്രിസ്തുവുമായി താരതമ്യം ചെയ്യുന്നുണ്ട്. കർത്താവിനെ മണവാളനും യോഹന്നാനെ മണവാളന്റെ സ്‌നേഹിതനായും (യോഹ: 3 : 29) ചിത്രീകരിച്ചിരിക്കുന്നു. യോഹന്നാൻ ജ്വലിച്ച് പ്രകാശിക്കുന്ന വിളക്കായിരുന്നു. (യോഹ: 5 : 35) എന്നാൽ യേശു ലോകത്തിന്റെ വെളിച്ചമാകുന്നു (യോഹ. 8 : 12). യേശു വചനമായിരുന്നു (യോഹ: 1 : 1). എന്നാൽ യോഹന്നാൻ കർത്താവിന്റെ വഴി നേരെയാക്കുവിൻ എന്നു പറയുന്ന ശബ്ദമായിരുന്നു (യോഹ: 1 :23). യേശുക്രിസ്തുവിന്റെയും യോഹന്നാന്റെയും ജനനത്തിൽ സമാന്തരങ്ങളായ പല സംഭവങ്ങളും കാണാവുന്നതാണ്. ദൂതന്റെ അറിയിപ്പ്, ഗർഭധാരണം, ജനനം, ആശംസാഗാനങ്ങൾ, അവരുടെ ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങൾ എന്നിവ അതിലുൾപ്പെടുന്നു.
യോഹന്നാൻ സ്‌നാപകൻ യേശുക്രിസ്തുവിന്റെ മാതുല പുത്രനായിരുന്നു. യോഹന്നാൻ ദൈവത്തിനു നാസീറായി വ്രതമെടുത്തിരുന്നു. (ലൂക്കാ: 1 : 15; സംഖ്യ: 6 : 3-4). യോഹന്നാൻ തിബയ്യോസിന്റെ വാഴ്ചയുടെ 15-ാം വർഷം (c.A.D 28-29) തന്റെ ദൗത്യ നിർവ്വ ഹ ണം യോർദ്ദാന്റെ കരയിൽ ആരംഭിച്ചു
(Encyclopaedia Americana , 1988). യോഹന്നാൻ ശലോമിനരികത്തു ഐനോൻ (near modern Nablus ) മുതൽ ജറിഹോവിനു കിഴക്കു വരെ യോർദ്ദാൻ താഴ്‌വരയിൽ പ്രസംഗിച്ചു നടന്നു. മരുഭൂമിയിൽ എന്ന പ്രയോഗത്തിൽനിന്ന് (മരുഭൂമിയിൽ വിളിച്ചുപറയുന്നവൻ) ആൾപാർപ്പില്ലാത്ത എന്നല്ല മറ്റുപട്ടണങ്ങളെ അപേക്ഷിച്ച് ആളുകൾ വളരെ കുറച്ചുമാത്രം താമസിക്കുന്നതെന്നാണർത്ഥമാക്കുന്നത്. മരുഭൂമിയും വരണ്ടനിലവും ആനന്ദിക്കും. (യോശയ്യ: 35: 1)എന്ന പ്രവചനമാണിവിടെ നിവർത്തിയാകുന്നത്.
യോഹന്നാന്റെ വളർച്ചയുടെ നിർണ്ണായകമായ കാലഘട്ടം യെഹൂദ്യ മരുഭൂമിയിലായിരുന്നു. അവിടെ എസ്സനിസ് (Essenes) സന്യാസികളുടെ സമൂഹമായി ബന്ധപ്പെട്ടായിരിക്കാം വളർന്നത (The new Encyclopaedia Britanica, 1988). എസ്സനിസ് സന്യാസികൾ ബി. സി. രണ്ടാം നൂറ്റാണ്ടുമുതൽ എ. ഡി. ഒന്നാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന കർക്കശമായ ന്യായപ്രമാണം പാലിക്കുന്ന യഹൂദവിഭാഗത്തിലെ ഒരു കൂട്ടമാണ്. ചില പണ്ഡിതന്മാർ യോഹന്നാൻ കുമറാൻ വിഭാഗത്തിൽപ്പെട്ടവരോടു കൂടെയായിരിക്കാം സഹവസിച്ചതെന്ന് അഭിപ്രായപ്പെടുന്നു.
യോഹന്നാന്റെ പ്രസംഗത്തിന്റെ കാതൽ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നതാണ് (മത്തായി 3 :2) അന്ന് യറൂശലേമിലും യെഹൂദ്യദേശമൊക്കെയും യോർദ്ദാന്റെ ഇരുകരയിലുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ട് അവന്റെ അടുക്കൽചെന്നു തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് യോർദ്ദാൻ നദിയിൽ അവനാൽ സ്‌നാനമേറ്റു (മത്തായി 3:5). ഇപ്പോൾ തന്നെ വൃക്ഷങ്ങളുടെ ചുവട്ടിന് കോടാലി വച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു (മത്തായി 3:10) എന്നിങ്ങനെ ശക്തമായ ഭാഷയിലായിരുന്നു യോഹന്നാന്റെ മാനസാന്തര പ്രസംഗങ്ങൾ.
യോഹന്നാൻ സ്‌നാപകന്റെ നാലു പെരുന്നാളുകളാണ് സഭയിൽ ആചരിക്കുന്നത്. ജൂൺ 24- ജന്മദിനം, ഡിസംബർ മാസത്തിൽ ക്രിസ്തുമസ്സിന് ഏതാണ്ട് രണ്ടാഴ്ചമുമ്പും ജന്മദിനം ആഘോഷിക്കുന്നു. കൂടാതെ ജനുവരി 7-ന് പുകഴ്ച പെരുന്നാളും ഓഗസ്റ്റ് 29 ന് ശിരഛേദനത്തിന്റെ (രക്തസാക്ഷിത്വത്തിന്റെ) ഓർമ്മയും ആഘോഷിക്കുന്നു. യോഹന്നാൻ സ്‌നാപകന്റെ ശിരസ്സ് ഹോംസിൽ കണ്ടെത്തിയതിന്റെ ഓർമ്മയും (ഫെബ്രുവരി 24) ചിലസ്ഥലങ്ങളിൽ പെരുന്നാളായി ആചരിക്കുന്നുണ്ട്. യോഹന്നാൻ സ്‌നാപകന്റെ ശിരസ്സ് അടക്കം ചെയ്തിരിക്കുന്ന പള്ളി ദമാസ്‌കൊസിലാണ്.ഇപ്പോൾ ഈ പള്ളി ഹമീദിയ മോസ്‌ക് എന്നറിയപ്പെടുന്നു.
യോഹന്നാൻ സ്‌നാപകന്റെ പെരുന്നാളുകൾ ആചരിക്കുന്നതിലൂടെ ആ വിശുദ്ധന്റെ സുകൃതങ്ങൾ ജീവിതത്തിൽ പകർത്തുന്നതിന് ശ്രമിക്കേണ്ടതാണ്. യോഹന്നാന്റെ സുകൃതങ്ങളെ മൂന്നായി തരംതിരിക്കാം.
(1)? ദൈവത്തിന്റെ കുഞ്ഞാടിനെ? ലോകത്തിനു കാണിച്ചു കൊടുക്കുക എന്ന അടിസ്ഥാന ദൗത്യം യോഹന്നാൻ നിറവേറ്റുന്നു (യോഹ:1 : 35-36). ദൈവശുശ്രൂഷ ദൈവത്തെ മഹത്വപ്പെടു ത്തുന്നതിനും അവനു സാക്ഷികളാകുന്നതിനും (യോഹ:1:7,8) അവസരമായി കാണുന്നു. ആ ദൗത്യത്തിന്റെ ലക്ഷ്യം ഞാനോ കുറയേണം അവൻ വളരേണം എന്നതാണ് (യോഹ:3 :30).
(2) ഭയമില്ലാതെഅധാർമ്മികതക്കെതിരെ ശബ്ദിക്കുന്നയോഹന്നാന്റെ മാതൃക അനുകരണീയമാണ്. സഹോദരന്റെ ഭാര്യയെ
പരിഗ്രഹിക്കുന്നത് നിനക്ക് വിഹിതമല്ല എന്നു യോഹന്നാൻ ഹേരോദാവിനോടു പറഞ്ഞിരുന്നു (മർക്കോസ് 6:18). ഹേരോദാവിന്റെ ആദ്യഭാര്യ നമ്പറ്റിയാൻസിലെ അറേബ്യൻ രാജാവായ അരിത്താസ് നാലാമന്റെ മകളായിരുന്നു (Britanica , 1988). ഹെരോദ്യാ അരിസ്റ്റോബുലസിന്റെ മകളും, പരേതനായ ഫിലിപ്പിന്റെ ഭാര്യയുമായിരുന്നു
(Josephus,Book 18, Chapter 5). ഹെരോദാവിന്റെ സഹോദരനായ(half brother , മറ്റൊരമ്മയിൽ നിന്ന് ജനിച്ച) ഫിലിപ്പിന്റെ ഭാര്യയെ സംബന്ധിച്ച യോഹന്നാന്റെ താക്കീതിന് യോഹന്നാന്റെ ജീവൻ തന്നെ വില കൊടുക്കേണ്ടിവന്നു (മത്തായി. 14:1-12; മർക്കോസ് 6:17- 28)
(3) സത്യത്തിനും നീതിയ്ക്കും വേണ്ടിയുള്ള പോരാട്ടമാണ് യോഹന്നാന്റെ ജീവിതശൈലി. യോഹന്നാൻ മാംദോനോയുടെ പെരുന്നാളുകളിലെ പ്രാർത്ഥനകളിൽ "ഹെരോദ്യ അവളുടെ മകളെ (ശലോമിയെ) സത്യത്തിനും നീതിക്കുംവിരോധമായി യോഹന്നാന്റെ തല തളികയിൽ തരണമെന്നു പറഞ്ഞുകൊടുത്തു പഠിപ്പിച്ചതുപോലെ കർത്താവെ! സത്യത്തിനും നീതിക്കും വിരോധമായിയാതൊന്നും ആവശ്യപ്പെടാനോ പ്രവർത്തിപ്പാനോ ഇടവരാതെ ഞങ്ങളെ കാത്തുകൊള്ളണമെ"
"കർത്താവേ! കാരാഗൃഹത്തിലടക്കപ്പെട്ടാലും രാജകല്പനയുണ്ടായാലും അളവില്ലാത്ത ലോകധനം ലഭിച്ചാലും സത്യത്തിനുവിരോധമായി വിചാരിക്കയോ പ്രവർത്തിക്കുകയോ ചെയ്യാതിരിപ്പാനും . . . ധൈര്യമുള്ള ഹൃദയം കൃപയോടെ ഞങ്ങൾക്കു നൽകണമേ"
യേശുക്രിസ്തുവിന് യോഹന്നാൻ മാമോദീസ നൽകിയതിനുശേഷമാണ് ഹേരോദാവ് യോഹന്നാനെ കാരാഗൃഹത്തിലടയ്ക്കുന്നതും ഹേരോദ്യായുടെ താല്പര്യപ്രകാരം യോഹന്നാൻ മാംദോനായുടെ ശിരഛേദനം നടത്തുന്നതും. ക്രിസ്തുവിന്റെ ക്രൂശുമരണത്തിന് ഒരു വർഷം മുമ്പ് ഓഗസ്റ്റ് 29-ാം തീയതിയാണ് ഈ ക്രൂരകൃത്യം നടന്നതെന്ന് കരുതപ്പെടുന്നു. അരിത്താസിന്റെ മകളുടെ ഭർത്താവായ ഹേരോദാവുമായി (ഹേരോദ്യയെ ഭാര്യയായി സ്വീകരിച്ചതിനുശേഷം) അരിത്താസ് യുദ്ധം ചെയ്ത് വിജയിക്കുന്നതിനുമുമ്പ് c.A.D . 35-36 ൽ യോഹന്നാന്റെ ശിരഛേദനം നടന്നുവെന്ന് കരുതുന്നവരുമുണ്ട് (Britanica, 1988). യോഹന്നാൻ സ്‌നാപകന്റെ ശിഷ്യന്മാർ അദ്ദേഹത്തിന്റെ ശരീരം സെബസ്തയിൽ (ശലോമിനരികെ അയ്‌നോനടുത്ത്) അടക്കം ചെയ്തു.
കർത്താവിനെമാമോദീസ മുക്കിയ യോഹന്നാൻ നമുക്കുവേണ്ടി (മദ്ധ്യസ്ഥനായി) പ്രാർത്ഥിക്കുന്നതിനാൽ നമുക്കു അനുഗ്രഹങ്ങളുണ്ടാകട്ടെ.