Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • വിശുദ്ധ കുർബ്ബാന. (ഒരു ചെറുപഠനം).

സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശുദ്ധ കുർബ്ബാനയെപ്പറ്റി വളരെ ആഴമായി പഠിക്കാനുണ്ട്. എന്നാൽ അതിനവസരം ലഭിക്കാത്ത വിശ്വാസികൾക്ക് വിശുദ്ധ കുർബ്ബാനയെപ്പറ്റി പെട്ടെന്ന് കുറച്ചു കാര്യങ്ങൾ മനസിലാക്കാൻ വേണ്ടിയുള്ളതാണ് ഈ ചെറുലേഖനം.

വിശുദ്ധ കുര്‍ബാനയുടെ ഒരുക്കം.

സിറിയൻ ഓര്‍ത്തഡോക്സ്‌ വിശ്വാസത്തില്‍ ഒരു ദിനം ആരംഭിക്കുന്നത് രാത്രി മുതലല്ല, സന്ധ്യ മുതലാണ് (സന്ധ്യ മുതല്‍ സന്ധ്യ വരെ). അപ്രകാരം വിശുദ്ധ കുര്‍ബാനയുടെ ഒരുക്കവും സന്ധ്യ മുതല്‍ ആരംഭിക്കുന്നു. വിശുദ്ധ കുമ്പസാരവും ഏഴു നേരത്തെ യാമപ്രാര്‍ത്ഥനകളും കല്പിക്കപ്പെട്ട പ്രാര്‍ത്ഥനകളും നടത്തിയിട്ട് വേണം വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുവാനെന്ന് പരിശുദ്ധസഭ നിഷ്കര്‍ഷിക്കുന്നു. സിമിയൻ ഓര്‍ത്തഡോക്‍സ്‌ സഭയുടെ ആശ്രമങ്ങളില്‍ സന്ധ്യാനമാസ്കാരത്തിന്‍ ശേഷം ആരും പരസ്പരം സംസാരിക്കുക പോലുമില്ല. അത്രയേറെ പ്രാധാന്യത്തോടെയാണ് വിശുദ്ധ കുര്‍ബാനയ്ക്ക് ഒരുങ്ങേണ്ടത്. ഇത്രയും ഒരുക്കത്തിന് ശേഷം പട്ടക്കാരന്‍റെ കരങ്ങളാല്‍ “ഹൂസോയോ” എന്ന പാപപരിഹാര പ്രാര്‍ത്ഥനയും കുര്‍ബാന സ്വീകരിക്കുവാൻ വന്ന വിശ്വാസികള്‍ പ്രാപിക്കേണ്ടതാകുന്നു. നമസ്കാരങ്ങള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം വചനശ്രുശ്രൂഷയും സുദീര്‍ഘമായ അനുതാപ പ്രാര്‍ത്ഥനകള്‍ക്കും (പ്രോമിയോന്‍, ഹൂസോയോ, സെദറാ) ശേഷം മാത്രമാണ് വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നത്. സിറിയൻ ഓര്‍ത്തഡോക്‍സ്‌ സഭയിലെ വിശുദ്ധ കുര്‍ബാനയെ മൂന്നുഭാഗങ്ങളായി തിരിക്കാം: തൂയോബോ (ഒരുക്ക ശ്രുശ്രൂഷ – Prothesis), പരസ്യ ശ്രുശ്രൂഷ, കൃതജ്ഞതാ ശ്രുശ്രൂഷ (post communion).

തൂയോബോ (ഒരുക്ക ശ്രുശ്രൂഷ) – Prothesis.

വിശ്വാസികള്‍ പള്ളിയകത്തെ പ്രാകാരത്തില്‍ നിന്നു നമസ്കരിക്കുമ്പോള്‍ പുരോഹിതൻ വിശുദ്ധ മദ്ബഹായില്‍ കയറി രഹസ്യമായി നടത്തുന്ന ശ്രുശ്രൂഷയാണ് തൂയോബോ. ഈ സമയം മദ്ബഹാ തിരശീലയിട്ട് മൂടിയിരിക്കും. യേശുവിന്‍റെ ജനനത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരുന്ന യഹൂദരേപ്പോലെയാണ് വിശ്വാസികള്‍ പുറത്തു നിന്ന് പ്രാര്‍ത്ഥിക്കുന്നതും പുരോഹിതൻ മദ്ബഹായുടെ അകത്ത് ഒരുങ്ങുന്നതും. തൂയോബോയ്ക്ക്‌ രണ്ട് ക്രമങ്ങളുണ്ട്:

1. മൽക്കിസദേക്കിന്‍റെ ക്രമം. 

ഇവിടെ പുരോഹിതന്‍ ചിട്ടയായ പ്രാര്‍ത്ഥനകളിലൂടെ അപ്പവീഞ്ഞുകളെ ത്രോണോസ്സിന്മേലായി (ബലിപീഠം) ക്രമപ്പെടുത്തുന്നു. ഇവിടെ മാതാവിനോടും പരിശുദ്ധന്മാരോടുമുള്ള മധ്യസ്ഥപ്രാര്‍ത്ഥനകളും അവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും കുര്‍ബാനയില്‍ ഓര്‍ക്കേണ്ട ആളുകൾക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഈ പ്രാര്‍ത്ഥനകളെല്ലാം പാപമോചനം യാചിക്കുന്നവയും അനുതാപപൂരിതവുമാണ്.

2. അഹരോന്‍റെ ക്രമം. 

പുരോഹിതൻ അംശവസ്ത്രങ്ങൾ ധരിച്ചുകൊണ്ട് പഴയ നിയമ യാഗങ്ങളുടെ പൂര്‍ത്തീകരണമാണ് വിശുദ്ധ കുര്‍ബാന എന്നതിന്‍റെ സൂചകമായി ഈ ശുശ്രൂഷ നടത്തുന്നു. തൂയോബോയ്ക്ക് ശേഷം വിശുദ്ധ കുര്‍ബാന പരസ്യമായി ആരംഭിക്കുന്നതിനു മുമ്പായി പഴയനിയമ വായന ക്രമീകരിച്ചിരിക്കുന്നു. ഇത് പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണമാണ് പുതിയനിയമമെന്നും, പഴയനിയമമില്ലാതെ പുതിയനിയമമില്ലെന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം ക്രിസ്തുവിന്‍റെ ജനനം കാത്തിരുന്ന യിസ്രായേല്യരുടെ അവസ്ഥയും നമ്മെ ധ്യാനിപ്പിക്കുന്നു.

പരസ്യാരധന. (The Public Rite).

പരസ്യാരധന എന്ന വിശുദ്ധ കുര്‍ബാനയുടെ രണ്ടാം ഭാഗത്തെ വീണ്ടും രണ്ടു ഭാഗങ്ങളായി തിരിക്കാം: പൊതുവായുള്ള പരസ്യാരാധനയും അനാഫോറയും. പരസ്യാരാധന ആരംഭിക്കുന്നത് “നിന്നെ പ്രസവിച്ച മറിയാമും….” എന്നാണ്, അപ്പോള്‍ മറ നീക്കുന്നു. ഇതിനൊരു അര്‍ത്ഥമുണ്ട്. വിശുദ്ധ മര്‍ത്തമറിയം അമ്മയുടെ ഉദരമാകുന്ന മറവിടത്തില്‍നിന്നും ലോകത്തിലേക്ക്‌ യേശു ജനിച്ചു വീണു. ആ സമയം മദ്ബഹാ പുല്‍ക്കൂടിനെയും ത്രോണോസില്‍ ജാതംചെയ്ത ക്രിസ്തുവിന്‍റെ സാന്നിദ്ധ്യത്തെയും പ്രതിനിധാനം ചെയ്യുന്നു. അതിനാല്‍, കാഴ്ചകള്‍ അര്‍പ്പിച്ചു വണങ്ങിയ വിദ്വാന്മാരെപ്പോലെ പുരോഹിതന്‍ ധൂപമര്‍പ്പിച്ച് ബലിപീഠം ചുറ്റി നാലു കോണുകളും ചുംബിക്കുന്നു. പുരോഹിതന്‍റെ മുന്നിലും പുറകിലും ചിറകടിക്കുന്ന മാലാഖമാരെപ്പോലെ മറുവഹ്സാകള്‍ (സുറിയാനി ഓര്‍ത്തഡോക്‍സ്‌ ആരാധനയില്‍ ഉപയോഗിക്കുന്ന മാലാഖമാരുടെ രൂപം കൊത്തിയ മണികളോട് കൂടിയ കിലുക്കുന്ന ഒരു ഉപകരണം) പറന്നു ശബ്ദമുണ്ടാക്കുന്നു. പുരോഹിതന്‍റെ മുമ്പിൽ നടക്കുന്ന ശുശ്രൂഷകൻ കത്തിച്ച മെഴുകുതിരി പിടിച്ചുകൊണ്ട് പോകുന്നു. അത് ഇടയന്മാരെ വഴികാണിച്ച വാനിലെ താരത്തെ സൂചിപ്പിക്കുന്നു. ഈ സമയം “നിന്മാതാവ് വിശുദ്ധന്മാർ…..”എന്ന ഗാനം ആലപിക്കുന്നു. ഈ ഗാനത്തില്‍ യേശു ആരാണെന്നും എന്താണെന്നും എന്തിനുവേണ്ടി മനുഷ്യനായി എന്നുള്ളതും ഓര്‍ത്തു ധ്യാനിച്ചുകൊണ്ട് ദൈവത്തോട് കൃപ യാചിക്കുന്നു. യേശുവിന്‍റെ ജനനം സര്‍വ്വജനത്തിനും വേണ്ടിയാണെന്നുള്ളതുകൊണ്ട് എല്ലാവര്‍ക്കും ധൂപംവീശിയിട്ട് പുരോഹിതന്‍ 'ദൈവമേ! നീ പരിശുദ്ധനാകുന്നു' എന്ന ത്രൈശുദ്ധ കീര്‍ത്തനത്തിലേക്ക് കടക്കുന്നു. ഇത് കര്‍ത്താവ്‌ പരിശുദ്ധനും, ശക്തിമാനും, മരണമില്ലാത്തവനുമാണെന്ന് എടുത്തു പറഞ്ഞു ദൈവത്തെ സ്തുതിക്കുകയും നമുക്കായി ക്രിസ്തു സഹിച്ച കഷ്ടതയും ക്രൂശുമരണവുമോര്‍ത്ത് ദൈവത്തോട് കരുണ യാചിക്കുകയും ചെയ്യുന്നു.

പൊതുവായുള്ള പരസ്യാരാധന. (Rite of Catechumens).

ആദ്യം അപ്പോസ്തോല പ്രവര്‍ത്തികളിൽ നിന്നോ പൊതു ലേഖനത്തില്‍ നിന്നോ വായിക്കുന്നു. ഇത് ആദ്യം വചനം യഹൂദരോടറിയിച്ചതിനെ സൂചിപ്പിക്കുന്നു. പിന്നീട് പൗലോസ് ശ്ലീഹാ എഴുതിയ ലേഖനം വായിക്കുന്നു. ഇത് ജാതികളോടു സുവിശേഷം അറിയിച്ചതിനെ ഒര്‍പ്പിക്കുന്നു. ശേഷം പുരോഹിതന്‍ ഏവന്‍ഗേല്യേയോന്‍ (സുവിശേഷം) വായിക്കുന്നു. സഭ ദിവസങ്ങളുടെ പ്രത്യേകത അനുസരിച്ച് ക്രിസ്തുവിന്‍റെ ജീവിതത്തെ ആധാരമാക്കി ഓരോ ദിവസവും വായിക്കേണ്ട വേദഭാഗങ്ങളെ വളരെ ചിട്ടയോടും ചേര്‍ച്ചയോടും കൂടെ ക്രമീകരിച്ചിരിക്കുന്നു. അതോടെ വചന ശ്രുശ്രൂഷ അവസാനിക്കുന്നു. ശേഷം അനാഫോറ ആരംഭിക്കുന്നതിനു മുമ്പേ അവസാനഘട്ട ഒരുക്കം എന്നതുപോലെ പ്രോമിയോന്‍ (preface) വായിച്ച് ഹൂസോയോ (പാപപരിഹാര പ്രാര്‍ത്ഥന) ചൊല്ലി സെദറാ വായിക്കുന്നു. വളരെ ആഴമേറിയ അര്‍ത്ഥങ്ങളെ വഹിക്കുന്ന ഈ പ്രാര്‍ത്ഥനകള്‍ കരുണയും പാപമോചനവും നിത്യജീവനും യാചിക്കുന്നതും വാങ്ങിപ്പോയവരെ ഓര്‍ക്കുന്നതും ദൈവത്തില്‍ നിന്നും അനുഗ്രഹങ്ങളെ ചോദിച്ചു വാങ്ങുന്നതുമാകുന്നു. നിരയായുള്ള ഈ പ്രാര്‍ഥനകളുടെ അവസാനത്തിലായി ധൂപക്കുറ്റി വാഴ്വ്. (കര്‍ത്താവിന്‍റെ മാമൂദീസ). ഇവിടെ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും സ്തുതിക്കയും അവര്‍ മൂന്നു വ്യക്തികളും ഏകസാരാംശമാണെന്നും നമ്മെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.

(ധൂപക്കുറ്റിയില്‍ പലതായി വെവേറെയുള്ള ചങ്ങലകളെ ക്രമമായി ചേര്‍ത്ത് പിടിച്ചു ഒന്നാക്കുന്നത് മൂലം ഇത് സാധിക്കുന്നു). ഒരേ സമയത്തുള്ള ത്രിത്വത്തിന്‍റെ സാന്നിധ്യത്തെ കാരണം ഇത് നമ്മെ കര്‍ത്താവിന്‍റെ മാമോദീസയെ ഓര്‍പ്പിക്കുന്നു. അവിടെ എല്ലാവരും ചേര്‍ന്ന് വിശ്വാസപ്രമാണം ഏറ്റുചൊല്ലുന്നു. ഇനിയുള്ള ആരാധന സത്യവിശ്വാസികള്‍ക്ക് മാത്രമുള്ളതാണ്. അതിനാല്‍ അന്യരും അവിശ്വാസികളും പുറത്തുപോകൂ എന്ന മൗനാഹ്വാനവുമായി ശ്രുശ്രൂഷക്കാരന്‍ ധൂപം വീശി പള്ളിയുടെ പടിഞ്ഞാറേ നട വരെ വരുന്നു. ഈ സമയം “യാചിക്കെണ്ടും സമയമിതാ...”എന്ന ഗാനം പാടുന്നു. പാട്ടിനെ അര്‍ത്ഥവത്താക്കിക്കൊണ്ട് പുരോഹിതന്‍ പേരുകള്‍ ഓര്‍ത്തു എല്ലാവര്‍ക്കുമായി കരുണകളും പാപമോചനവും യാചിക്കുന്നു. “സ്തൗമെന്‍കാലൊസ്” (Let us stand well): ശ്രുശ്രൂഷക്കരന്‍റെ നല്ലവണ്ണം നില്‍ക്കുക (വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നു) എന്ന ആഹ്വാനത്തോടെ അനാഫോറ ആരംഭിക്കുന്നു.

അനാഫോറ. (Anaphora / Rite of the Faithful).

“അനാഫോറ” എന്ന ഗ്രീക്ക് വാക്കിന്‍റെ അര്‍ത്ഥം “ഉയര്‍ത്തുക” (To lift up) എന്നാണ്. ഇതുവരെ നടന്നത് വിശുദ്ധ കുര്‍ബാനക്കുള്ള ഒരുക്കമായിരുന്നതിനാല്‍ ഇവിടെയാണ് വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നത്. മത്തായി 5:23,24; 6:12 വചനങ്ങളെ ആധാരമാക്കി പരസ്പരമുള്ള സമാധാന യാചനയോടെ അനാഫോറ ആരംഭിക്കുന്നു. ദൈവം തരുന്ന സ്വര്‍ഗ്ഗീയ സമാധാനം പുരോഹിതനിലൂടെ ജനങ്ങളില്‍ എത്തുന്നു. തുടര്‍ന്ന് വിശുദ്ധ രഹസ്യങ്ങളെ മറച്ചിരിക്കുന്ന ശോശപ്പായെടുത്ത് ആഘോഷിച്ചു മാറ്റുന്നു. ഇത് സ്വര്‍ഗ്ഗീയ രഹസ്യങ്ങള്‍ വിശുദ്ധ കുര്‍ബാനയിലൂടെ ഭൂമിയില്‍ വെളിപ്പെടുന്നുവെന്ന് സൂചിപ്പിക്കുന്നു. പിന്നീട് ത്രിത്വനാമത്തില്‍ ആശീര്‍വദിക്കുന്നു. ഹൃദയവിചാരങ്ങളെ മഹോന്നതനായ ദൈവത്തിലേക്ക് കേന്ദ്രീകരിക്കുകയും മാലാഖമാരോട് ചേര്‍ന്ന് ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു (“നാം എല്ലാവരുടെയും ഹൃദയങ്ങളും…”).

വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനം. (Words of Institution).

സെഹിയോന്‍ മാളികയില്‍‍ വച്ച് നമ്മുടെ കര്‍ത്താവ് അപ്പവും വീഞ്ഞും തന്‍റെ കരങ്ങളില്‍ എടുത്തു സ്വര്‍ഗ്ഗത്തിലേക്ക് നോക്കി വാഴ്ത്തി തന്‍റെ ശരീരരക്തങ്ങളാക്കി ശിഷ്യര്‍ക്ക് കൊടുക്കുകയും നിത്യജീവനും പാപമോചനത്തിനുംവേണ്ടി ഇതില്‍ നിന്നും ഭക്ഷിക്കുകയും പാനം ചെയ്യുകയും വേണം എന്ന് കല്പിക്കുകയും താന്‍ ഇനിയും വരുന്നതുവരെ (അന്ത്യ ന്യയവിധി നടത്താന്‍) ഓര്‍മ്മക്കായി ഇപ്രകാരം ചെയുവിന്‍ എന്ന് പറഞ്ഞു ശിഷ്യരെ ഭാരമെല്പിച്ച വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനം വീണ്ടും അടിവരയിട്ടു നമ്മെ ഒര്‍പ്പിക്കുകയും, കര്‍ത്താവ്‌ ചെയ്തതുപോലെ അപ്പവീഞ്ഞുകള്‍ പുരോഹിതന്‍ തന്‍റെ കരങ്ങളില്‍ എടുത്തു വാഴ്ത്തി മുറിക്കുന്നു. ശേഷം കര്‍ത്താവിന്‍റെ രണ്ടാംവരവ് വരെ നാം ഇതുചെയ്യണം എന്ന് വൈദികന്‍ നമ്മെ ഒര്‍പ്പിക്കുന്നു. അപ്പോള്‍ ജനം ക്രിസ്തുവിന്‍റെ മരണത്തിലും ഉയിര്‍ത്തെഴുന്നെല്പിലും രണ്ടാംവരവിലും വിശ്വസിക്കുകയും അതിനായി കാത്തിരിക്കയും ചെയ്യുന്നു എന്ന് ഏറ്റുപറയുന്നു (Anamnesis).

പരിശുദ്ധാത്മ ആഹ്വാനം. (Epiclesis).

തുടര്‍ന്ന് അപ്പവീഞ്ഞുകളെയും ജനങ്ങളെയും രൂപാന്തരപ്പെടുത്താന്‍ പരിശുദ്ധ രൂഹായുടെ ആവസത്തിനായി പുരോഹിതന്‍ പ്രാര്‍ത്ഥിക്കുന്നു. ഇതാണ് വിശുദ്ധ കുര്‍ബാനയുടെ മര്‍മ്മപ്രധാനമായ ഭാഗം.

മധ്യസ്ഥ പ്രാര്‍ത്ഥനകള്‍. (Dyphtics).

തുബ്ദേനെന്ന വിശുദ്ധ കുര്‍ബാനയിലെ പ്രധാനപെട്ട പ്രാര്‍ത്ഥനകളാണ് ഈ മധ്യസ്ഥപ്രാര്‍ത്ഥനകള്‍. സഭയ്ക്ക് മുഴുവനും വേണ്ടിയുള്ള (ഭൂമിയിലുള്ളവര്‍ക്കും വാങ്ങിപ്പോയവര്‍ക്കും) പ്രാര്‍ത്ഥനകളാണ് തുബ്ദേനുകള്‍. ഒന്നാം തുബ്ദേനിലായിട്ടു ജീവിച്ചിരിക്കുന്ന ആത്മീയ പിതാക്കന്മാരുടെ പേരുകള്‍ ചൊല്ലി ഓര്‍ത്തു പ്രാര്‍ത്ഥന നടത്തുന്നു. രണ്ടാമതായി ജീവനോടിരിക്കുന്ന എല്ലാ സഹോദരങ്ങളെയും സഭാവിശ്വാസികളെയും ഓര്‍ക്കുന്നു. മൂന്നാമതായി ജീവനോടിരിക്കുന്ന എല്ലാ ഭരണകര്‍ത്താക്കള്‍ക്ക്‌ വേണ്ടിയും നാം ഓര്‍ത്തു പ്രാര്‍ത്ഥിക്കുന്നു. നാലാമതായി ദൈവമാതാവിനെയും വാങ്ങിപ്പോയ സകല പരിശുദ്ധന്മാരെയും ഓര്‍ത്തു പ്രാര്‍ത്ഥിക്കുന്നു. അഞ്ചാമതായി വാങ്ങിപ്പോയ സകല പൂര്‍വ്വപിതാക്കന്മാരെയും ഓര്‍ത്തു പ്രാര്‍ഥിക്കുന്നു. അവസാനമായി വാങ്ങിപ്പോയ സകലരെയും വിശുദ്ധ കുര്‍ബാനയില്‍ ഓര്‍ക്കുന്നു.

ഖണ്ഡനവും സമ്മേളനവും. (Fraction and Commixture).

ശേഷം രണ്ടാമത്തെ ആശീര്‍വാദത്തിനുശേഷം പുരോഹിതന്‍ മറയിട്ടു രഹസ്യമായി തിരുശരീരത്തെ മുറിക്കുന്നു. തിരുശരീരവും രക്തവും തമ്മില്‍ കലര്‍ത്തുന്നു. ക്രിസ്തുവിന്‍റെ ക്രൂശീകരണത്തെ സൂചിപ്പിക്കുന്ന ഭാഗമായതുകൊണ്ട് ക്രൂശീകരണ സമയത്തെ അന്ധകാരത്തേ സൂചിപ്പിക്കാനാണ് തിരശ്ശീലയിടുന്നത്. വിശുദ്ധ രഹസ്യങ്ങള്‍ സ്വീകരിക്കുന്നതിനു മുമ്പുള്ള ഒരുക്കമാണ് ഈ സമയത്തുള്ള ഗീതങ്ങളിലായിട്ട് ആഹ്വാനം ചെയ്യുന്നത്. ശേഷം ലുത്തിനിയ (Litany) എന്ന ദൈവത്തിന്‍റെ കൃപയും അനുഗ്രഹങ്ങളും ചോദിച്ചുവാങ്ങുന്ന മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ നടത്തുന്നു.

കര്‍ത്തൃപ്രാര്‍ത്ഥന. (Lord’s Prayer).

മത്തായി:6:9-13 നമ്മുടെ കര്‍ത്താവ്‌ നമ്മെ ചൊല്ലി പഠിപ്പിച്ച ഈ കര്‍ത്തൃപ്രാര്‍ത്ഥന എല്ലാവരും ഒരുമിച്ചു ഏറ്റുചൊല്ലുന്നു. ഇത് വിശുദ്ധ കുര്‍ബാനയില്‍ കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കുള്ള പ്രാധാന്യവും വിശുദ്ധ കുര്‍ബാനയ്ക്കുള്ള ഒരുക്കത്തിന്‍റെ പ്രാധാന്യവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ആഘോഷം. (The Celebration).

ഇനി തിരുരക്തശരീരങ്ങളുടെ ആഘോഷമാണ്. ഇവിടെ പുരോഹിതന്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കെണ്ടവരുടെ യോഗ്യത നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഉടനെ നാം വിശ്വാസിയാണെന്നും ത്രിത്വം ഒപ്പമുള്ളതിനാല്‍ നാമും ശുദ്ധിയുള്ളവരാണെന്നും നാം ഏറ്റുപറയുന്നു

(ഈ വിശുദ്ധതകള്‍…. പരിശുദ്ധനായ പിതാവ് നമ്മോടു കൂടെ……….. പുത്രന്‍ നമ്മോടു കൂടെ……. റൂഹാ നമ്മോടുകൂടെ......). ആയതിനാല്‍ നമ്മുടെ മനഃസാക്ഷിയോടും ദൈവത്തോടും നാം പറയുകയാണ്‌ ഈ രഹസ്യങ്ങള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ യോഗ്യരാണ്‌ (യോഗ്യരാക്കണം എന്ന് പ്രാര്‍ത്ഥിക്കുന്നു). യേശു ക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തെ സൂചിപ്പിക്കുന്നു ഈ ദിവ്യരഹസ്യങ്ങളുടെ ആഘോഷം.

ധൂപപ്രാര്‍ത്ഥനകള്‍.

തിരുശരീരരക്തങ്ങളെ സ്വീകരിക്കുന്നതിനു മുമ്പേ നാം വാങ്ങിപ്പോയ സകലരോടും നമുക്കായി പ്രാര്‍ത്ഥിക്കണമെന്നും നമ്മുടെ വാങ്ങിപ്പോയവരോട് ദൈവം കരുണ കാണിക്കാനും നാം പ്രാര്‍ത്ഥിക്കുന്നു. ഇത് ഒരു പ്രാര്‍ത്ഥനഗാനസഞ്ചയമാണ്. ഇതില്‍ വേദവചന ഉദ്ധരണികളും ഉള്‍പ്പെടുത്തി ക്രമീകരിച്ചിരിക്കുന്നു. യഥാക്രമം ദൈവമാതാവ്, പരിശുദ്ധന്മാര്‍, വാങ്ങിപ്പോയ ആചാര്യന്മാര്‍, വാങ്ങിപ്പോയ വിശ്വാസികൾ, വിശുദ്ധ സ്ലീബാ എന്നിങ്ങനെ നടത്തുന്നു.

നിന്നാല്‍ സ്തുതിയോ - സങ്കീ:45:9-11

നയവാന്‍ പനപോലെ – സങ്കീ:92:12-14

ചാര്‍ത്തും നീതിയെ – സങ്കീ:132:9-12

മക്കളിലപ്പന്‍ കൃപ - സങ്കീ:103:13-15

വെല്ലും ശത്രുക്കളെ – സങ്കീ:44:5-7

ധൂപപ്രാര്‍തനകൾക്കു ശേഷം വീണ്ടും മറയിടുന്നു. സ്വര്‍ഗ്ഗാരോഹണം ചെയ്ത ക്രിസ്തുവിനെ നാം കാണുന്നില്ല എന്നതുകൊണ്ടാണ് മറയിട്ട് അവനെ കാത്തിരിക്കുന്ന സഭയുടെ അവസ്ഥയെ സൂചിപ്പിക്കുന്ന ഈ ഭാഗം നിവര്‍തിക്കുന്നത്.

പരസ്യമായ എഴുന്നള്ളിപ്പ്. (Procession).

വളരെ പ്രാര്‍ത്ഥനയോടെ പടിഞ്ഞാറോട്ട് എഴുന്നള്ളിക്കുന്നത് ജനങ്ങൾക്ക് വിശുദ്ധ കുർബ്ബാന കൊടുക്കാനാണ്. (“നാം അട്ടഹസിച്ചു പറയണം ….”) അതെ തുടര്‍ന്ന് പെട്ടെന്ന് മറ വലിക്കുകയും ചെയ്യുന്നു. അപ്രകാരം തന്നെ വിശുദ്ധ രഹസ്യങ്ങളുടെ സ്വീകരണം മൂലം ലഭിക്കുന്ന രക്ഷ അന്ത്യന്യായവിധി ദിവസം ലഭിക്കേണ്ട വലിയരക്ഷയെ ഓര്‍മ്മപ്പെടുത്തുന്നു. 

അങ്ങനെ മദ്ബഹായുടെ വാതില്‍ക്കലെത്തി പുരോഹിതന്‍ വിശ്വാസികള്‍ക്ക് വിശുദ്ധ കുര്‍ബാന നല്‍കുന്നു. 

"ആരേ മിന്നലുടുത്തോർ നോക്കുകിൽ

എരിയുന്നുടനേ, 

അവനെ മണ്മയർ ഭക്ഷിച്ച് മുഖം

തെളിയുന്നേറ്റം..."

എന്ന അർത്ഥവത്തായ വരികൾ വിശ്വാസികൾ പാടുന്നൂ. ഇവിടെ അനാഫോറ അവസാനിക്കുന്നു.

കൃതജ്ഞത ശ്രുശ്രൂഷ. (Post Communion/ Thanks giving).

ഈ നിത്യരക്ഷക്കും ഒരു ദിനം കൂടി തിരുശരീരത്തിന്‍റെ പങ്കാളിയാകാന്‍ സാധിച്ചതിലും ദൈവം തരുന്ന സൗഭാഗ്യങ്ങള്‍ക്കും നന്ദിയോടെ ദൈവത്തെ സ്തുതിച്ചു കൃതജ്ഞത അര്‍പ്പിക്കുന്നു. സമാപനഗാനമായ ഹൂത്തോമ്മോ ചൊല്ലി വിശുദ്ധ ബലിയില്‍ നിന്നും ലഭിച്ച സ്വര്‍ഗ്ഗീയ സമാധാനത്തോടൊപ്പം വിശ്വാസികളെ ആശീര്‍വ്വദിച്ച് യാത്രയക്കുന്നു. അപ്പോൾ മറയിടുന്നത് കർത്താവിനോടൊത്തുള്ള സഭയുടെ നിത്യതയെ സൂചിപ്പിക്കുന്നു. ശേഷം വീണ്ടും പുരോഹിതൻ ത്രോണോസിന്‍ മുമ്പില്‍ മുട്ടുകുത്തി എല്ലാവര്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നു. തനിക്കു ഒരു ബലി കൂടി അര്‍പ്പിക്കാന്‍ തന്ന യോഗ്യതയോര്‍ത്ത് പ്രാര്‍ത്ഥിക്കുന്നു. തുടര്‍ന്ന് ശേഷിക്കുന്ന തിരുശീരരക്തങ്ങൾ അനുഭവിച്ച് പൂജാപാത്രങ്ങള്‍ തുടച്ച്, അംശവസ്ത്രങ്ങള്‍ മാറ്റി ഒരു കര്‍ത്തൃ ദിവസത്തെ പൊതുവായ ആരാധന അവസാനിപ്പിക്കുന്നു.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • റമ്പാൻ.
  • കയ്പ്പിനെ മധുരമാക്കുന്ന ദൈവം.
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • ഫോൾബ്രെഷ്റ്റ് നാഗൽ.
  • ആരാധനാ വർഷത്തിലെ കൂദോശ്-ഈത്തോ ഞായർ.
  • നരകം. (Hell)
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • അഞ്ചാം തുബ്ദേനിലെ പരിശുദ്ധ പിതാക്കന്മാർ.
  • പെന്തക്കോസ്തി പെരുന്നാൾ
  • സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ പോകുന്നത്.
  • കുമ്പിടീൽ
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • ആഹാസിന്റെ ഘടികാരം. (Clock).
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • കുരിയാക്കോസ് സഹദാ
  • നോമ്പ്.
  • സുറിയാനി സഭയുടെ പ്രദക്ഷിണം - ഒരു പഠനം.
  • 24 തോടുകൾ/നദികൾ. (brook, river, stream).
  • സംഗീതം എന്ന ഔഷധം. Music Therapy
  • സാറാഫുകൾ
  • പരാജയപ്പെട്ടവര്‍ സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?
  • സുറിയാനി സഭയും കൊന്തയും.
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • പെസഹാ ചിന്തകൾ.
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.
  • നേരം പുലരും മുമ്പേ
  • നമ്മൾ നക്ഷത്രത്തെ വരയ്ക്കുമ്പോൾ അധികവും 5 മൂലകൾ ഉള്ളത് വരയ്ക്കുന്നത് എന്തുകൊണ്ട് ?
  • സിറിയൻ ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ
  • വിശുദ്ധ കുർബാനാനുഭവം
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • ബൈബിളിലെ പേരുകൾ
  • ഗർബോ (കുഷ്ഠ രോഗിയുടെ) ഞായർ
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • കടമറ്റത്ത് കത്തനാർ.
  • വലയ വെള്ളിയാഴ്ച
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • പഴയനിയമ പൗരോഹിത്യം.
  • കന്തീല ശുശ്രൂഷ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved