Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ഫോൾബ്രെഷ്റ്റ് നാഗൽ.

‘സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു’ എന്നത് മലയാളിക്കൊരു വിലാപഗാനമാണ്. എന്നാൽ യഥാർഥത്തിൽ ഇതു വിലാപഗാനമായി എഴുതപ്പെട്ടതല്ല. എഴുതിയത് മലയാളിയുമല്ല.

കേരളം രൂപീകൃതമാകും മുൻപ് മലയാളമണ്ണില്‍ പ്രവർത്തിച്ച ഫോൾബ്രെഷ്റ്റ് നാഗൽ എന്ന ജർമൻ മിഷനറിയാണ് രചയിതാവ്. ജർമനിയിലെ ഹേസനിലെ സ്റ്റാംഹൈമില്‍ തുകൽപ്പണിക്കാരനായ ഹെൻറിക് പീറ്റർ നാഗലിന്റെയും എലിസബത്തിന്റെയും മകനായി 1867 നവംബർ മൂന്നിനാണ് ഫോൾബ്രെഷ്റ്റ് നാഗലിന്റെ ജനനം. നന്നേ ചെറുപ്പത്തിൽ മാതാപിതാക്കൾ മരിച്ച നാഗലിന്റെ സംരക്ഷണം ഏറ്റെടുത്തത് അധ്യാപകനായ ബിൽഡേവാൾഡാണ്.

സമയമാം രഥം വന്ന വഴി

വാഹനസൗകര്യങ്ങൾ വളരെ കുറവായിരുന്നു അന്ന്. ദൂരയാത്രകള്‍ കാളവണ്ടിയിലായിരുന്നു. യാത്രയിൽ എപ്പോഴോ കാളവണ്ടിച്ചക്രത്തിന്‍റെ ശബ്ദം കേട്ട് നാഗൽ മനസ്സിൽ കോറിയിട്ട വരികളാകാം ‘സമയമാം രഥത്തിൽ’ എന്ന പ്രത്യാശാഗാനം എന്നാണു കരുതപ്പെടുന്നത്.ലോക ജീവിതത്തിന്റെ ക്ഷണികതയിൽ നിന്നു സ്വർഗീയ അനുഭവത്തിന്റെ പ്രത്യാശ ഉണർത്തുന്ന ഗാനമാണിത്.

പതിനേഴാം നൂറ്റാണ്ടിൽ വാലസ് വില്ലിസ് രചിച്ചതെന്നു കരുതപ്പെടുന്ന ‘സ്വിങ് ലോ സ്വീറ്റ് ചാരിയറ്റ്’ എന്ന ആത്മീയഗാനവും ഇതെഴുതുന്നതിൽ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും ചില പഠനങ്ങളിൽ പറയുന്നു.

പതിനേഴാം നൂറ്റാണ്ടിൽ അമേരിക്കയിലെ കലിഫോർണിയ ‘ഗോൾഡ് റഷിന്റെ’ സമയത്ത് മെക്സിക്കൻ ഖനിത്തൊഴിലാളികൾ ജനപ്രിയമാക്കിയ ‘ഓ മൈ ഡാർലിങ്, ക്ലെമെന്റയിൻ’ എന്ന സ്പാനിഷ് നാടോടി ഗാനത്തിന്റെ സംഗീതമാണ് നാഗൽ സമയമാം രഥത്തിന് ഉപയോഗിച്ചത്. നാഗലിന്റെ ‘ദൈവത്തിന്റെ ഏക പുത്രൻ’ എന്ന ഗാനത്തിനും ഇതേ സംഗീതം തന്നെയാണു സ്വീകരിച്ചത്.

1956ൽ റിലീസായ സിഐഡി എന്ന ഹിന്ദി ചിത്രത്തിൽ മുഹമ്മദ് റഫിയും ഗീത ദത്തും ആലപിച്ച ‘യേ ദിൽ ഹൈ മുഷ്‌കിൽ ജീനാ യഹാൻ’ എന്ന ഗാനം  ഇതേ ഈണത്തിലാണ് ഒ.പി. നയ്യാർ ചിട്ടപ്പെടുത്തിയത്.

1970ൽ പാറപ്പുറത്തിന്റെ നോവൽ ‘അരനാഴികനേരം’ കെ.എസ്.സേതുമാധവൻ സിനിമയാക്കിയപ്പോഴാണ് ‘സമയമാം രഥത്തിൽ ഞാൻ സ്വര്‍ഗയാത്ര  ചെയ്യുന്നു’ എന്ന ഗാനത്തിനു പ്രചാരമേറിയത്. ചിത്രത്തിൽ അംബികയും രാഗിണിയും ഇതൊരു പ്രാർഥനാഗാനമായാണ് പാടുന്നത്. കൊട്ടാരക്കര ശ്രീധരൻ നായർ അവതരിപ്പിച്ച കുഞ്ഞോനാച്ചൻ എന്ന കഥാപാത്രം ഗാനം കേൾക്കുമ്പോൾ കട്ടിലില്‍ എഴുന്നേറ്റിരിക്കുന്നതും    ദൃശ്യങ്ങളിലുണ്ട്. വയലാർ – ദേവരാജൻ കൂട്ടുകെട്ടായിരുന്നു ചിത്രത്തിലെ ഗാനങ്ങൾക്കു പിന്നിൽ.

കുഞ്ഞോനാച്ചൻ ഇടയ്ക്ക് ഉപയോഗിക്കുന്ന ‘അരനാഴികനേരം’ എന്ന വാക്ക് നോവലിന്‍റെ പേരായതു കൊണ്ട്,  ഒരുപക്ഷേ പിതാവിന്റെ നിര്‍ദേശപ്രകാരമാകാം, ഈ വാക്കു കൂടി വയലാർ ഗാനത്തിൽ ചേർത്തതെന്ന് നോവലിസ്റ്റ്‌ പാറപ്പുറത്തിന്റെ മകൻ സാം പാറപ്പുറത്ത് പറയുന്നു.

നാഗൽ എഴുതിയ ഗാനത്തിലെ ചില വരികൾ വയലാർ മാറ്റിയെഴുതി.

‘എൻ സ്വദേശം കാൺമതിനായ് ബദ്ധപ്പെട്ടോടീടുന്നു’ എന്നത് വയലാറിന്‍റെ വരികളില്‍ ‘എൻ സ്വദേശം കാൺമതിനായ്‌ ഞാൻ തനിയെ പോകുന്നു’ എന്നായി.

‘ആകെയൽപ്പ നേരം മാത്രം എന്റെ യാത്ര തീരുവാൻ
യേശുവേ നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാൻ’  എന്നത് ‘ആകെയൽപ്പ നേരം മാത്രം എന്റെ യാത്ര തീരുവാൻ, ആകെ അരനാഴിക മാത്രം ഈയുടുപ്പു മാറ്റുവാൻ’ എന്നായി.

അടുത്ത വരികളുടെ സ്ഥാനം തന്നെ മാറ്റി. നാഗലിന്‍റെ വരികൾ ഇങ്ങനെ:

‘രാവിലെ ഞാന്‍ ഉണരുമ്പോള്‍ ഭാഗ്യമുള്ളോര്‍ നിശ്ചയം
എന്‍റെ യാത്രയുടെ അന്ത്യം ഇന്നലെക്കാള്‍ അടുപ്പം'

രാത്രിയില്‍ ഞാന്‍ ദൈവത്തിന്‍റെ കൈകളില്‍ ഉറങ്ങുന്നു
അപ്പോഴും എന്‍ രഥത്തിന്‍റെ ചക്രം മുന്നോട്ടോടുന്നു’

വയലാറിന്‍റെ വരികൾ:

‘രാത്രിയില്‍ ഞാൻ ദൈവത്തിന്റെ കൈകളില്‍ ഉറങ്ങുന്നു
അപ്പോഴുമെന്‍ രഥത്തിന്റെ ചക്രം മുന്നോട്ടോടുന്നു

രാവിലെ ഞാൻ ദൈവത്തിന്റെ കൈകളില്‍ ഉണരുന്നു
അപ്പോളുമെന്‍ മനസ്സിന്റെ സ്വപ്നം മുന്നോട്ടോടുന്നു’.

അടുത്ത വരികൾ നാഗൽ എഴുതിയത് ഇങ്ങനെ:

‘തേടുവാന്‍ ജഡത്തിന്‍ സുഖം ഇപ്പോൾ അല്ല സമയം
സ്വന്തനാട്ടില്‍ ദൈവമുഖം കാണ്‍കയത്രെ വാഞ്ഛിതം’

വയലാര്‍ ഇതിനെ കാവ്യാത്മകമാക്കി മാറ്റിയത് ഇങ്ങനെ:

‘ഈ പ്രപഞ്ച സുഖം തേടാന്‍ ഇപ്പോഴല്ല സമയം
എന്‍ സ്വദേശത്തു ചെല്ലേണം യേശുവിനെ കാണണം.’

അരനാഴികനേരം സിനിമയിലൂടെ അങ്ങനെ 'സമയമാം രഥത്തിൽ' എന്ന ഗാനവും ഹിറ്റായി. ഗാനം മാറ്റിയെഴുതിയതിനെക്കുറിച്ച് കുന്നംകുളം ആസ്ഥാനമായ നാഗൽ മിനിസ്ട്രീസ് വയലാറുമായി ബന്ധപ്പെട്ടപ്പോൾ നാഗൽ  സായ്പ്പിന്റെ ഗാനം എനിക്കു വളരെ ഇഷ്ടമായിരുന്നു, അതുകൊണ്ട് ഞാനതു മാറ്റിയെഴുതി എന്ന ലളിതമായ മറുപടിയിലൂടെ ആ വിവാദത്തിനു വിരാമമിട്ടു.

നാഗലിന്റെ മറ്റൊരു ഗാനവും വയലാർ മാറ്റിയെഴുതിയിട്ടുണ്ട്. ‘അഴകുള്ള സെലീന’ എന്ന സിനിമയ്ക്കായി യേശുദാസ് സംഗീത സംവിധാനം നിർവഹിച്ച ‘സ്നേഹത്തിൻ ഇടയനാം യേശുവേ...’ എന്ന ഗാനം.

21 വര്‍ഷമായിരുന്നു നാഗലിന്റെ കേരളത്തിലെ പ്രവർത്തനം. ഏഴു മക്കളായിരുന്നു നാഗൽ - ഹാരിയറ്റ്‌ ദമ്പതികൾക്ക്. ഇതിൽ രണ്ടുപേർ ശൈശവത്തിൽത്തന്നെ മരിച്ചു. മൂത്തമക്കളായ സാമുവലിനെയും തിയോഡറിനെയും ഉപരിപഠനത്തിനു ചേർക്കാൻ നാഗൽ 1914ൽ ജർമനിയിലേക്കു പോയി. ഭാര്യയും മറ്റു മൂന്നു മക്കളും തൃശൂരിൽ തുടർന്നു. നിർഭാഗ്യവശാൽ അപ്പോഴേക്കും ഒന്നാം ലോകയുദ്ധത്തിനു കാഹളം മുഴങ്ങി. 1918ൽ യുദ്ധം അവസാനിച്ചശേഷം ഇന്ത്യയിലേക്കു വരാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ജർമനിയിലെ വീഡനസ്റ്റിനിലുള്ള വേദപഠനശാലയിൽ അധ്യാപകനായി.

1921 ഫെബ്രുവരിയിൽ രോഗാതുരനായ നാഗലിനെ ശുശ്രൂഷിക്കാന്‍ ഭാര്യ ഹാരിയറ്റ് ജർമനിയിലെത്തി. ഇതിനിടെ ഇന്ത്യയിലേക്കു മടങ്ങിയെത്താന്‍ അനുമതി ലഭിച്ചെങ്കിലും 1921 മേയ് 21ന് നാഗല്‍ 'സമയമാം രഥത്തില്‍' മടങ്ങി.

സംസ്കാരച്ചടങ്ങിൽ, ഭാര്യ ഹാരിയറ്റും മക്കളായ സാമുവലും തിയോഡറും മാതാപിതാക്കൾ മരിച്ചപ്പോൾ നാഗലിന്റെ സംരക്ഷണച്ചുമതല ഏറ്റെടുത്ത ബിൽഡേവാൾഡ് ദമ്പതികളും ഇരിങ്ങാലക്കുടയിലെ അനാഥാലയത്തിന്റെ ചുമതല വഹിച്ചിരുന്ന മിഷനറി കൊച്ചറും പങ്കെടുത്തതായി നാഗലിന്റെ മകൻ കാൾ ഹെൻറിക്‌ എഴുതിയ ഡയറിക്കുറിപ്പിൽ പറയുന്നു. കാൾ മദ്രാസിൽ ബ്രിട്ടിഷ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു.

വേരുകൾ തേടി...

11 വർഷം  മുൻപ് നാഗലിന്റെ കൊച്ചുമകൾ പൗളിൻ ഭർത്താവുമൊത്ത് കുടുംബവേരുകൾ തേടി കേരളത്തിലെത്തി. കാൾ ഹെൻറിക്കിന്റെ മകളായ പൗളിൻ ആറു വയസ്സുവരെ വളർന്നതു മദ്രാസിലാണ്.

‘അരനാഴികനേരം’ സിനിമ റിലീസായിട്ട് ഡിസംബർ 25 ന് 50 വർഷവും. ‘സമയമാം രഥം’ നൂറ്റാണ്ടു പിന്നിട്ട് യാത്ര തുടരുകയും ചെയ്യുന്നു.

വോൾബ്രീറ്റ് നാഗൽ.

മലയാളത്തിലുള്ള നിരവധി ക്രിസ്തീയ കീർത്തങ്ങളുടെ രചയിതാവായ ഒരു ജർമ്മൻ വൈദികൻ ആണ് വോൾബ്രീറ്റ് നാഗൽ (Volbreet Nagel). നാഗൽ സായിപ്പ് എന്ന പേരിൽ ആണു ഇദ്ദേഹം കേരള ക്രൈസ്തവരുടെ ഇടയിൽ അറിയപ്പെട്ടിരുന്നത്. വി.നാഗൽ എന്നും അറിയപ്പെടുന്നു. ജനനം 1867 നവംബർ 3നു ജർമ്മനിയിലെ ഹാസൻ എന്ന നഗരത്തിൽ. മരണം 1921 മെയ് 12-നു ജർമ്മനിയിൽ.

ഇപ്പോൾ കേരളക്രൈസ്തവർ സാധാരണ ശവസംസ്കാരശുശ്രൂഷയുടെ സമയത്ത് പാടാറുള്ള സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു എന്നാരംഭിക്കുന്ന പ്രശസ്ത കീർത്തനത്തിന്റെ രചയിതാവ് വി. നാഗൽ ആണ്. പിന്നീട് 21 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഗാനത്തിന്റെ പ്രശസ്തി മലയാളത്തിനപ്പുറത്തേക്കും വളരുകയായിരുന്നു. അരനാഴികനേരം എന്ന സിനിമയിൽ കേട്ടതോടെയാണു് സമയരഥത്തിന്റെ ഗാനം മലയാളത്തിൽ പ്രശസ്തമായത്.

ജീവിതരേഖ

ജർമനിയിലെ ഹാസെൻ നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. തുകൽപ്പണിക്കാര നായ ഹെൻറി പീറ്ററും എലിസബേത്ത് മേയും ആയിരുന്നു മാതാപിതാക്കൾ. ശൈശ വത്തിൽ തന്നേ അവർ മരിച്ചു. ഭക്തി പൂർണ്ണമായ അന്തരീക്ഷത്തിലാണ് പിന്നീട് അദ്ദേഹം വളർന്നത്.സഞ്ചാര സുവിശേഷകനായിരുന്ന ഒരു ചെരുപ്പുകുത്തിയുടെ പ്രസംഗം കേട്ട് പതിനെട്ടാമത്തെ വയസ്സിൽ നാഗലിനു മാനസാന്തരം ഉണ്ടായെന്നും, അതോടെ സുവിശേഷകനായി ജീവിക്കണം എന്നു തീരുമാനിച്ചെന്നും പറയപ്പെടുന്നു. ആ തീരുമാനത്തെ തുടർന്ന് സിറ്റ്‌‌സ്വർലാൻഡിലുള്ള ബാസൽ പട്ടണത്തിലെ ലൂഥറൻ വൈദികപാഠശാലയിൽ പ്രവേശിച്ചു. ആറു വർഷത്തെ അഭ്യസനത്തിനു ശേഷം 1892-ൽ അദ്ദേഹത്തെ ഇവാഞ്ചലിക്കൽ ലൂതറൻ മിഷന്റെ ഇന്ത്യയിലെ പ്രവർത്തനത്തിനായി നിയോഗിച്ചു. ഇന്ത്യയിലേക്കു പുറപ്പെടുന്നതിനു മുൻപ് വൈദികപ്പട്ടവും ഏറ്റു. പ്രേക്ഷിത സംഘത്തിൻെറ പ്രവർത്തകനായി കണ്ണൂരിലെത്തി.

കേരളത്തിലെ പ്രവർത്തനം.

1893-ഡിസംബർ മാസത്തിലാണു അദ്ദേഹം കണ്ണൂരിൽ എത്തിയത്. വാണിയങ്കുളത്തെ ബാസൽ മിഷൻ കേന്ദ്രത്തിന്റെ ചുമതല ഏറ്റെടുത്തു. മിഷൻ സ്ഥാപനങ്ങളായ സ്കൂളുകളും വ്യവസായ സ്ഥാപനങ്ങളും അവയുടെ നടത്തിപ്പും പണത്തിന്റെ ഉത്തരവാദിത്തവും എല്ലാം സ്വതന്ത്രമായ സുവിശേഷഘോഷണത്തിനു തടസ്സമായി നാഗലിനു തോന്നി. അതിനാൽ മുന്നു വർഷത്തിനു ശേഷം സ്വതന്ത്ര സുവിശേഷ പ്രവർത്തനം നടത്തുന്നതിനു വേണ്ടി മിഷൻ കെന്ദ്രത്തിന്റെ ഉത്തരവാദിത്തം ഉപേക്ഷിച്ചു. അധികം താമസിയാതെ ലൂതറൻ സഭയുടെ അധികാരത്തിൻ കീഴുള്ള പ്രവർത്തനം ബന്ധനമായി തോന്നുകയാൽ അതും ഉപേക്ഷിച്ചു.

കുന്നംകുളത്തേക്ക്.

കണ്ണൂരിൽ നിന്നു എങ്ങോട്ടു പോകണം എന്നു ലക്‌ഷ്യം ഇല്ലാതെ നാഗൽ തെക്കോട്ടു യാത്ര ചെയ്തു. കാളവണ്ടിയിലായിരുന്നു യാത്ര. കുന്നംകുളം പട്ടണത്തിലെത്തിയപ്പോൾ ഒരു പ്രാർത്ഥനാകേന്ദ്രം കണ്ട് അവിടെ കയറി വിശ്രമിച്ചു. ആ പുരാതന ക്രൈസ്തവ കേന്ദ്രത്തിൽ തന്റെ മിഷനറി പ്രവർത്തനം തുടങ്ങാൻ നിശ്ചയിച്ചു. സുവിശേഷപ്രചരണം കൂടുതൽ കാര്യക്ഷമമാക്കാൻ നാഗൽ മലയാളം പഠിച്ചു. ചുരുങ്ങിയ കാലം കൊണ്ട് മലയാള ഭാഷയിൽ പ്രസം‌ഗം നടത്തുന്നതിനും, പാട്ടുകൾ എഴുതുന്നതിനും പാടവം നേടി. മലയാളത്തിൽ പാടുകയും പ്രസം‌ഗിക്കുകയും ചെയ്യുന്ന നാഗൽ സായിപ്പ് നാട്ടുകാർക്ക് പ്രിയംകരനായി. കുന്നംകുളം പട്ടണത്തിലും ചുറ്റുപാടുമുള്ള ഗ്രാമങ്ങളിലും അദ്ദേഹം തന്റെ മിഷനറി പ്രവർത്തനം തുടർന്നു.

വിവാഹം, കുടുംബം.

1897-ൽ കുന്നംകുളത്ത് താമസിച്ച് മിഷനറി പ്രവർത്തനം ചെയ്യുന്ന സമയത്ത്, നാഗൽ സായിപ്പ് ഹാരിയറ്റ് മിച്ചൽ എന്ന ആംഗ്ലോ-ഇന്ത്യൻ വനിതയെ തന്റെ ജീവിതപങ്കാളിയായി സ്വീകരിച്ചു.

വിവാഹത്തിനു ശെഷം ചില മാസങ്ങൾ നവദമ്പതികൾ നീലഗിരിയിൽ ചെന്നു പാർത്തു. ആ സമയത്താണു ഇംഗ്ലീഷ്‌കാരനായ ബ്രദറൺ മിഷനറി ഹാൻലി ബോർഡുമായി നാഗൽ പരിചയപ്പെടുന്നത്. ബോർഡിന്റെ പഠിപ്പിക്കലിനെത്തുടർന്ന് നാഗലും ഭാര്യയും അദ്ദേഹത്തിന്റെ കൈകൊണ്ടു തന്നെ മുതിർന്ന സ്നാനം ഏൽക്കയും ബ്രദറൻ സഭയോട് ചേർന്നു പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്തു. നാഗലിന്റെ പ്രവർത്തനത്തിനു ഏറ്റവും നല്ല കൂട്ടാളിയായിട്ടാണു മിച്ചൽ പ്രവർത്തിച്ചത്. ജർമ്മൻകാരനായിരുന്ന നാഗലിന് ഇംഗ്ലീഷിലുള്ള എഴുത്തുകുത്തുകളിലും മറ്റുമുണ്ടായിരുന്ന പോരായ്മ പരിഹരിക്കാൻ മിച്ചൽ സഹായിച്ചു. ഇവർക്കു 5 ആൺകുട്ടികളും 2 പെൺകുട്ടികളും ഉണ്ടായി. ഇതിൽ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ശൈശവത്തിൽ തന്നെ മരിച്ചു പൊയി.

പറവൂരിലേക്ക്.

ഒരു സ്ഥലത്തു തന്റെ മിഷനറി പ്രവർത്തനം മൂലം സഭ സ്ഥാപിക്കപ്പെട്ടാൽ പിന്നീടു പുതിയ സ്ഥലത്തെക്ക് പോകണം എന്നായിരുന്നു നാഗലിന്റെ ആഗ്രഹം. അതിനാൽ 1899-ൽ 32-ആമത്തെ വയസ്സിൽ കുന്നംകുളത്തു നിന്നു ഏകദേശം 32 കി.മീ. അകലെയുള്ള പറവൂർ എന്ന സ്ഥലത്തേക്ക് തന്റെ പ്രവർത്തനവും താമസവും മാറ്റി. ഇതിനകം അദ്ദേഹം അറിയപ്പെടുന്ന ഒരു പ്രഭാഷകനും അദ്ധ്യാപകനും ആയി തീർന്നതു മൂലം ധാരാളം കൺവെൻഷൻ വേദികളിലെക്കു ക്ഷണം ലഭിച്ചു. 1898-ൽ 31-ആമത്തെ വയസ്സിൽ ക്രിസ്തീയ സ്നാനം എന്ന പേരിൽ ഒരു പുസ്തകം എഴുതിയിരുന്നു. മുതിർന്ന സ്നാനം(Anabaptism) എന്ന പേരിൽ എന്നറിയപ്പെടുന്ന സ്നാനത്തെ സാധൂകരിച്ചു കൊണ്ടു മലയാളത്തിലെഴുതപ്പെട്ട ആദ്യത്തെ പുസ്തങ്ങളിൽ ഒന്നായി ഇതു കരുതപ്പെടുന്നു. നാളുകൾക്കു ശെഷം 1906-ൽ, 39-ആമത്തെ വയസ്സിൽ നാഗൽ തൃശൂർ നഗര പ്രാന്തത്തിലുള്ള നെല്ലിക്കുന്നത്തു കുറേ സ്ഥലം വാങ്ങി ഒരു അനാഥശാലയും വിധവാ മന്ദിരവും ആരംഭിച്ചു. ആ മിഷൻ കേന്ദ്രത്തിനു 'റഹബോത്ത്' എന്നാണു നാമകരണം ചെയ്തത്. ഈ അനാഥശാല നൂറുവർഷത്തിലേറെയുള്ള സേവന പാരമ്പര്യത്തോടെ ഇപ്പോഴും നിലനിൽക്കുന്നു.

അവസാനകാലം.

1914-ൽ 47-ആമത്തെ വയസ്സിൽ, ജന്മദേശം ഒന്നു സന്ദർശിച്ച് ആറു മാസം കഴിഞ്ഞ് തിരിച്ചു വരാമെന്നുള്ള ആശയോടെ രണ്ട് മക്കളുമായി നാഗൽ ജർമ്മനിയിലെക്ക് പൊയി. രണ്ടു മക്കളെ ഉപരിപഠനത്തിനു വേണ്ടി ഇംഗണ്ടിലാക്കിയിട്ടു മടങ്ങാനായിരുന്നു പദ്ധതി. പക്ഷെ ആ സമയത്ത് ഒന്നാം ലോകമഹായുദ്ധം പൊട്ടി പുറപ്പെട്ടതിനാൽ തിരിച്ചു വരവ് സാദ്ധ്യമായില്ല. അദ്ദേഹത്തിന് ഇന്ത്യയിലേക്ക് വരാനുളള അനുമതിയും നിഷേധിക്കപ്പെട്ടു. 1914-ൽ തന്നെ അദ്ദേഹം നിഷ്പക്ഷരാജ്യമായ സ്വിറ്റ്സ്വർലാന്റിൽ അഭയം നേടി. ഭാര്യ ഹാരിയറ്റും മൂന്നു മക്കളും കേരളത്തിൽ, മൂത്ത രണ്ടു മക്കൾ ഇംഗണ്ടിൽ. കേരളത്തിലേക്കു വരാൻ സാധിക്കാത്തതിൽ ഏറെ ദുഃഖിതനായിരുന്നു അദ്ദേഹം.

“ഞാൻ എന്റെ രാജ്യത്തായിരുന്നുവെങ്കിൽ, നിയമ പ്രകാരം ജർമ്മനിയുടെ വിജയത്തിനു വേണ്ടി പ്രാർത്ഥിക്കാൻ നിർബന്ധിതനാവുമായിരുന്നു. ഇംഗ്ലണ്ടോ ജർമ്മനിയോ ജയിക്കേണ്ടതെന്നും രണ്ടു കൂട്ടരും ദൈവത്തിന്റെ ശിക്ഷണത്തിനു വിധേയരാകണമോ എന്നും നിശ്ചയിക്കെണ്ടതു ഞാനല്ല ദൈവമാണ്. എന്റെ രാഷ്ട്രീയം ദൈവരാജ്യത്തിന്റെ രാഷ്ട്രീയമായതു കൊണ്ട് ജർമ്മൻ സാമ്രാജ്യം തവിടു പൊടിയായാലും ക്രിസ്തുവിന്റെ ശിഷ്യനെന്ന നിലയിൽ എനിക്കതിൽ ഏതുമില്ല.

ജർമ്മനിയിലുള്ള അനേക സുവിശേഷവേലക്കാർ യുദ്ധത്തിന്റേയും വാളിന്റേയും സേവനത്തിൽ മരിച്ചു. എന്തൊരു അജ്ഞത? ഭീകരമായ അടിമത്തം! യൂറോപ്പിലെ ക്രൈസ്തവരാണ്‌ ക്രൂരമായ ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികൾ. യേശുക്രിസ്തുവിലുള്ള പൂർണ്ണമായ സൗന്ദര്യം കണ്ടെത്തേണ്ടതിനു പകരം, അവരിപ്പോഴും പഴയനിയമത്തിന്റെ ആശയങ്ങളീലാണ്‌ പൂണ്ടു കിടക്കുന്നത്. അതു കൊണ്ട് ക്രിസ്ത്യാനിയും യുദ്ധവും എന്ന പേരിൽ ജർമ്മൻ ഭാഷയിൽ ഞാനൊരു പുസ്തകം എഴുതിയത് അച്ചടിച്ചു കൊണ്ടിരിക്കുന്നു.

സ്വിറ്റ്സർലാൻഡിലുള്ള എന്റെ താമസത്തിന്റേയും വേലയുടേയും ഫലമായി വിലപ്പെട്ട അനേകം ആത്മാക്കളെ ദൈവം എനിക്കു തന്നു. അതാണു വലിയൊരു ആശ്വാസം. എന്നാൽ ഇന്ത്യയിലുള്ള നിങ്ങളാണു എന്റെ വില തീരാത്ത നിധികൾ. അതു കൊണ്ട് അവിടെയാണു എന്റെ ഹൃദയവും ആകാംക്ഷയും ഇരിക്കുന്നത്. വാഗ്ദാനപ്രകാരം നിങ്ങളോടൊപ്പമെത്തി സ്നേഹത്തിന്റെ മധുരിമ അനുഭവിപ്പാനും സംസർഗ്ഗസുഖം ആസ്വദിപ്പാനും പ്രയത്നിപ്പാനും അവന്റെ വരവിനു കാലതാമസമുണ്ടെങ്കിൽ എന്റെ പ്രിയമുള്ള ഇന്ത്യയിലും ഇന്ത്യൻ ജനതയ്ക്കു വേണ്ടിയും മരിപ്പാനുള്ള എന്റെ ആഗ്രഹം അവൻ നിറവേറ്റട്ടെ.

പറവൂർ സഭയിലെ വാത്സല്യഭാജനങ്ങളായ കൂട്ടു വിശ്വാസികൾക്കു സ്നേഹസലാം ചൊല്ലിക്കൊണ്ടു കർത്താവിൽ നിങ്ങളുടെ സഹോദരൻ വി. നാഗൽ.

ഈ കത്ത് എഴുതി അധികനാൾ കഴിയുന്നതിനു മുമ്പ് നാഗൽ പക്ഷവാതരോഗബാധിതനായി. 1921 മെയ് 12-ആം തീയതി ജന്മസ്ഥലമായ ജർമ്മനിയിൽ നാഗൽ അന്തരിച്ചു.

നാഗൽ സായിപ്പിന്റെ ഗാനങ്ങൾ.

കേരളത്തിൽ വന്നു മിഷനറി പ്രവർത്തനം ലക്‌ഷ്യമാക്കി നാഗൽ സായിപ്പ് മലയാളം പഠിച്ചു എന്നു മാത്രമല്ല അതിൽ പ്രാവീണ്യം ഉള്ളവനുമായി തീരുകയും ചെയ്തു. ചെറുപ്പം മുതൽ തന്നെ പാട്ടുകൾ ഈണത്തിൽ പാടാനും ജർമ്മൻ ഭാഷയിൽ കൊച്ചു കൊച്ചു ഗാനങ്ങൾ എഴുതാനും നാഗൽ സായിപ്പ് താത്പര്യംപ്രദർശിപ്പിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ഈ വാസന മലയാള ഗാനരചനയ്ക്ക് അദ്ദേഹം ഉപയോഗിച്ചു. തനിക്ക് പ്രിയങ്കരങ്ങളായ ഇംഗ്ലീഷ് രാഗങ്ങൽ അവലംബിച്ച് ഉപദേശ നിഷ്ഠയിൽ ആശയ സമ്പുഷ്ടതയോടെ ഭക്തി സംവർദ്ധകങ്ങളായ ഒട്ടേറെ ഗാനങ്ങൾ അദ്ദേഹം രചിച്ചു. അതൊക്കെ ഇപ്പോൾ സഭാവ്യത്യാസം കൂടാതെ കേരള ക്രൈസ്തവർ അവരുടെ ആരാധനകളിൽ ഉപയോഗിക്കുന്നു.

അദ്ദേഹത്തിന്റെ പ്രശസ്തമായ ചില മലയാള ക്രൈസ്തവ ഗാനങ്ങൾ താഴെ പറയുന്നവ ആണ്‌.

സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു
യേശുവേ നിന്റെ രൂപമീയെന്റെ കണ്ണുകൾക്കെത്ര സൗന്ദര്യം
സ്നേഹത്തിൽ ഇടയനാം യേശുവേ 
വഴിയും സത്യവും നീ മാത്രമേ
വിതച്ചീടുക നാം സ്വർഗ്ഗത്തിന്റെ വിത്താം
യേശുവിൻ തിരുപ്പാദത്തിൽ ഇരുന്നു കേൾക്ക നാം (Sing them over again to me എന്ന ആംഗലേയ ഗാനത്തിന്റെ സ്വതന്ത്രവിവർത്തനം)
ഗോൽഗോത്തായിലെ കുഞ്ഞാടെ
വീശുക ദൈവാത്മാവേ സ്വർഗ്ഗീയമാം.

Recommended

  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • റമ്പാൻ.
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • മോർ കൗമ - വിലാപ സന്യാസിയായ മോർ ശെമവൂൻ കൗമ.
  • Church Fathers Memorial Day
  • സേലൂൻ ബശ്ലോമോ....
  • തിരുവെഴുത്തിലെ കിടക്കകള്‍.
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • എന്റെ ജനം
  • സംഗീതം എന്ന ഔഷധം. Music Therapy
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • നാല്പതാം വെള്ളിയുടെ പ്രാധാന്യം എന്താണ്?
  • വിശുദ്ധ കന്യകമറിയാമും അപ്പോസ്തോലന്മാരും.
  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • നാം യേശുവിന്റെ സാക്ഷാൽ ശിഷ്യരായി മാറുന്നു.
  • The various flavors of Christianity
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്.
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ
  • സിറിയൻ ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • മൊർത് ശ്മൂനിയും ഏഴ് മക്കളും.
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.
  • ഊറീമും തുമ്മീമും. (Urim and Thummim).
  • 24 തോടുകൾ/നദികൾ. (brook, river, stream).
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • നീതിമാനായ യൗസേപ്പിനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച
  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും
  • കഷ്ടാനുഭവാഴ്ച.
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • കഴിവിനനുസരിച്ചും അപ്പുറവും പങ്കിട്ടു നൽകാം
  • സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.
  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • ചെറുതാക്കലല്ല എളുപ്പവഴി.
  • വലിയ നോമ്പിൽ തുടർച്ചയായി 4 ദിവസം വിശുദ്ധ കുർബാന അർപ്പിക്കേണ്ടി വരുന്ന വർഷങ്ങൾ.
  • ശ്ലോമ്മോ ല്കുൽകൂൻ.
  • ക്രിസ്ത്യാനിക്ക് വിവാഹം കൂദാശയോ അതോ റിയാലിറ്റി ഷോയോ ???
  • എന്തുകൊണ്ടാണ് നമ്മള്‍ പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത്?
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • പുതുഞായറാഴ്ച

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved