തുർക്കിയിലെ മിഫ്രാക്തു ഗ്രാമത്തിൽ അതീവ ദൈവ ഭക്തരായ മാതാപിതാക്കളുടെ മകനായി അഞ്ചാം നൂറ്റാണ്ടിൽ ജനിച്ചതായി കരുതപ്പെടുന്നു. വിവാഹശേഷം വർഷങ്ങൾ കഴിഞ്ഞിട്ടും മകളില്ലായിരുന്നതിനാൽ, ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ ഏറെ ദുഃഖിതരായിരുന്നു. പ്രാർത്ഥനയിലും വിശുദ്ധനാട് സന്ദർശനത്തിലും സമയം ചിലവഴിച്ച ഇവർ ഒരു കുഞ്ഞിനായി ദൈവത്തോട് മുട്ടിപ്പായി അപേക്ഷിച്ചിരുന്നു. ഒരിക്കൽ, ഏകാന്തവാസിയായ ഒരു സന്യാസി ദൈവദൂത് എന്നോണം, ഇവർക്കു ഉടനെ ദൈവം രണ്ടു മക്കളെ ലഭിക്കുമെന്ന് അരുളിച്ചെയ്തു. എന്നാൽ, ഇരുവരെയും നിങ്ങൾ ദൈവത്തിനായി സമർപ്പിക്കണം എന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തു. അറിയിപ്പ് പ്രകാരം അധികം വൈകാതെ ആ മാതാവ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ആൺകുഞ്ഞിന് 'ശെമവൂൻ' എന്നും പെൺകുഞ്ഞിന് 'ആഗൂസിയാ' എന്നും മാതാപിതാക്കൾ പേര് നൽകി.
കുഞ്ഞുങ്ങൾക്കു ഒരു വയസ്സായപ്പോൾ മറ്റൊരു സന്യാസി കുഞ്ഞുങ്ങളെ സന്ദർശിക്കുകയും ചുംബിക്കുകയും ചെയ്തു മടങ്ങി. മാതാപിതാക്കൾ ആ കുഞ്ഞുങ്ങളെ ദൈവാശ്രയത്തിൽ തന്നെ വളർത്തി. കുഞ്ഞുങ്ങൾ വളർന്നു പതിനഞ്ചു വയസു ആയപ്പോൾ, സന്യാസ ജീവിതം സ്വയം തിരഞ്ഞെടുത്തു. മാതാപിതാക്കളെയും ഭവനത്തെയും ഉപേക്ഷിച്ചു ഏകാന്ത ജീവിതത്തിനായി ഇറങ്ങി തിരിച്ചു. തങ്ങളുടെ ഭവനത്തിൽ കടന്നുവന്ന സന്യാസിയെ അവർ കാണുകയും, മൂവരും ഒന്നിച്ചു മിഫ്രാക്തു മലയിൽ കഠിനമായ തപസ്സിലും പ്രാർത്ഥനയിലും ഉപവാസത്തിലും ജീവിതം മുന്നോട്ട് നയിച്ചു. അഞ്ചു വർഷങ്ങൾക്ക് ശേഷം, ഈ സന്യാസിയുടെ കാലശേഷം, അവർ ആശ്രമം വിട്ടു മറ്റൊരിടത്തേക്ക് പോകുവാൻ തീരുമാനിച്ചു. പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ, സിന്ത്രുസ് പർവ്വതത്തിനു താഴെ യിൻശുബ് അരുവിക്കരികെ അവർ എത്തി. അവിടെ, ഒരു കൂട്ടം സന്യാസിമാരെ കാണുകയും അവരുടെ നേതാവായ നഥാനിയേലിനോട് സന്യസിക്കാനുള്ള തങ്ങളുടെ ആഗ്രഹം അറിയിക്കുകയും ചെയ്തു. അദ്ദേഹം അഗൂസിയയെ പുരുഷവേഷം ധരിപ്പിച്ചു 'ഫോലോഗ്' എന്ന നാമഥേയം നൽകുകയും ചെയ്തു.
കഠിനമായ തപസ്സാണ് ഇവർ ഇവിടെയും അനുഷ്ഠിച്ചിരുന്നത്. പുല്ലു കൊണ്ടും രോമം കൊണ്ടും നിർമ്മിതമായ വസ്ത്രങ്ങൾ ധരിച്ചിരുന്ന അവർ ഗുഹകളിലാണ് വസിച്ചിരുന്നത്. ഇവിടെവെച്ച് ഇരുവർക്കും ദൈവീക വെളിപാടുകൾ ലഭിക്കുവാൻ തുടങ്ങി. 'യേശു' എന്ന് പേരുള്ള പുരുഷവേഷം കെട്ടിയ ഒരു സ്ത്രീ സന്യാസിനിയും ഇവരുടെ ശിഷ്യത്വം സ്വീകരിക്കുകയുണ്ടായി. മൂന്ന് വർഷങ്ങള്ക്കു ശേഷം മിഫ്രക്തത്തിലേക് പോകുവാൻ ദൈവീക ദർശനം ലഭിക്കുകയും മൂവരും അവിടേക്കു യാത്രയാവുകയും ചെയ്തു. കൂടുതൽ സമയവും നിന്ന് കൊണ്ട് തപസ്സു ചെയ്യുന്നതിനാൽ 'ശെമവൂൻ കൗമാ' എന്നാണ് അറിയപ്പെട്ടിരുന്നു. 'കൗമാ' എന്നാൽ 'നില്പ്' എന്നാണ് അർത്ഥം.
അവിടെ, ഒരു മലയിൽ വൃക്ഷത്തിന് മുകളിൽ ഒരു കുടിൽ കെട്ടി, ഗബ്രുനോ എന്ന പിതാവ് അമ്പത്തിമൂന്നു വർഷങ്ങളായി തപസ്സു ചെയ്തിരുന്നു. മാലാഖമാർ ആ പിതാവിനായി ഒരു നീരുറവയും വൃക്ഷച്ചുവട്ടിൽ ഒരുക്കിയിട്ടുണ്ടായിരുന്നു. അവിടെ എത്തിയ മാർ കൗമാ തന്റെ ആദ്യനാളുകൾ ഇവിടെ ഈ കുടിലിൽ തന്നെ തപസ്സു ചെയ്തു കഴിയാനാണ് ദർശനമുണ്ടായതു എന്ന് ഇരുവരെയും അറിയിക്കുകയും, അവരാരും ഒരിക്കലും കുടിലിനുള്ളിൽ പ്രവേശിക്കരുത് എന്നും അറിയിച്ചു. പിന്നീട്, മാർ കൗമാ വൃക്ഷത്തിന് മുകളിലെ കുടിലിലും ഫാലോഗ് വൃക്ഷച്ചുവട്ടിലും, യേശു തൊട്ടടുത്തുള്ള ഗുഹയിലും തപസ്സാരംഭിച്ചു. പരസ്പരം കാണുന്നില്ലായിരുന്നു എങ്കിലും ഇവർ ആത്മബലം കൊണ്ടുള്ള സമ്പർക്കത്തിൽ ആയിരുന്നു. കുടിലിനുള്ളിൽ മാർ കൗമാ മാലാഖമാരാൽ ശുശ്രൂഷിക്കപ്പെട്ടു. കടുത്ത ഉപവാസത്തിനാലും പ്രാർത്ഥനയിലും വിശുദ്ധൻ കൂടുതൽ ശോഭയുള്ളവനായി തീർന്നു.
ഒരിക്കൽ, റോമിലെ മോർ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ കബറുകൾ കാണണമെന്നുള്ള ആഗ്രഹം ഫോലോഗ്, മാർ കൗമായെ അറിയിക്കുകയും, പിതാവിനും അവിടം സന്ദർശിക്കാൻ ആഗ്രഹമുള്ളതായി പറയുകയും കർത്താവിന്റെ മാലാഖമാർ മുഖാന്തരം മൂവരും അവിടെയെത്തി കബറുകൾ സന്ദർശിക്കുകയും അവിടെ നിന്നും വിശുദ്ധ കുർബാന അനുഭവിച്ചു മടങ്ങുകയും ചെയ്തു.
തിരിച്ചെത്തിയ പിതാവ് വീണ്ടും കഠിന തപസ്സ് തുടർന്ന് പോന്നു. തന്റെ അവസാനം വരെ ഈ കുടിലിൽ തന്നെ ആയിരിക്കുമെന്നും തന്റെ അസ്ഥികൾ പോലും ഈ കുടിലിൽ ഉപേക്ഷിക്കണം എന്ന് ഫോലോഗിനോടും യേശുവിനോടും പറയുകയും അവസാനമായി സമാധാനം നൽകിയിട്ടു പോകുവാനും അറിയിച്ചു.
കുറച്ചു ദിവസം കഴിഞ്ഞു, കുടിലിൽ എത്തിയ അവർ അത്ഭുതപ്പെട്ടുപോയി. വലിയൊരു മാലാഖവൃന്ദം തന്നെ പിതാവിനെ പരിചരിക്കുവാൻ അവിടെയുണ്ടായിരുന്നു. വൃക്ഷത്തിൽ കുരിശാകൃതിയിൽ മാർ കൗമാ പിതാവ് കെട്ടപ്പെട്ടിരിക്കുന്നതായി കാണപ്പെട്ടു. ഈ അവസ്ഥയിലും, ദൈവത്തോട് പ്രാർത്ഥിക്കുന്ന പിതാവിനെയാണ് അവർ കണ്ടത്, പിതാവിന് അവർ സമാധാനം നൽകി. അധികം താമസിക്കാതെ തന്നെ പിതാവിന്റെ ആത്മാവ് ദൈവസന്നിധിയിലേക്ക് എടുക്കപ്പെടുകയും ചെയ്തു. മാർ കൗമായുടെ ദേഹവിയോഗത്തിനു ശേഷവും ഫോലോഗും യേശുവും അവിടെത്തന്നെ തപസ്സു തുടരുകയും ഏകദേശം ഒരു വർഷം കഴിയും മുമ്പ് ഇരുവരും ദൈവസന്നിധിയിൽ എത്തിയെന്നും കരുതപ്പെടുന്നു.
നാല്പത്തിയഞ്ചു വർഷമാണ് കൗമാ പിതാവ്, കുരിശാകൃതിയിൽ, നിന്നു തപസ്സു ചെയ്തത്. മരണശേഷവും ആ ശരീരം വീണു പോയില്ല. പരിശുദ്ധന്മാരിൽ ഏറ്റവും ഉയർന്ന സ്ഥാനമാണ് മാർ കൗമായ്ക്ക് സഭ കല്പിച്ചു നൽകുന്നത്. സുറിയാനി സഭയുടെ 'വിലാപികൾ അഥവാ, ആബിലെന്മാർ' എന്ന സന്യാസ ഗണത്തിലാണ് മാർ കൗമാ പിതാവിന്റെ സ്ഥാനം.
കാലങ്ങൾക്കു ശേഷം, പരിശുദ്ധ പിതാക്കന്മാർക്ക് ദൈവീക ദർശനം ലഭിച്ചതിൻ പ്രകാരം വനത്തിൽ പോയി മാർ കൗമയുടെ അസ്ഥികൾ കണ്ടെത്തുകയും, ദൈവാലയത്തിൽ സ്ഥാപിക്കുകയും ചെയ്തു. പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തിൽ നിന്നും നൽകിയ ഈ വിശുദ്ധന്റെ അസ്ഥിയുടെ തിരുശേഷിപ്പുകൾ പിതാക്കന്മാർ മലങ്കരയിൽ കൊണ്ടുവന്നിട്ടുണ്ട്. പരിശുദ്ധ സ്ലീബാ മോർ ഒസ്താത്തിയോസ് ബാവ ഈ വിശുദ്ധന്റെ അസ്ഥികൾ മലങ്കരയിലെ നിരവധി പള്ളികളിൽ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ഈ പരിശുദ്ധ പിതാവിന്റെ ഓർമ്മയും മധ്യസ്ഥതയും, സഭയ്ക്കും വിശ്വാസികളായ നമുക്കേവർക്കും കാവലും കോട്ടയുമാകട്ടേ.
മാർ കൗമായുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള മലങ്കരയിലെ സുറിയാനിസഭയുടെ ദൈവാലയങ്ങൾ:-
* വേങ്ങൂർ മാർ കൗമാ പള്ളി.
* കുണ്ടറ മാർ കുര്യാക്കോസ് സെമിനാരി പള്ളി.
* മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി.
* പെരുമ്പാവൂർ ബെഥേൽ സുലോക്കോ പള്ളി.
* മലേക്കുരിശ് ദയറാ.
* കിഴക്കമ്പലം സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് പള്ളി.
* തൃപ്പുണിത്തുറ നടമേൽ പള്ളി.
* തുരുത്തിപ്ലി സെന്റ് മേരീസ് വലിയ പള്ളി.
* മേയ്ക്കാട് സെന്റ് മേരീസ് പള്ളി.
* നായത്തോട് സെന്റ് ജോൺസ് ചാപ്പൽ.
* മാറാടി സെന്റ് മേരീസ് പള്ളി.
* വെട്ടിത്തറ സെന്റ് മേരീസ് പള്ളി.
* നീലിമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി.
* നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ പള്ളി.
* കടാതി മോർ കൗമാ കുരിശു പള്ളി.
* പുത്തൻകുരിശ് മോർ കൗമാ കുരിശുപള്ളി.
ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ.