സംഗീതം ഒരു ലഹരിയാണ്. ആത്മാവിനെ പ്രണയിക്കുന്ന ഹിമകണം. നീല നിശീഥിനിയേ താരാട്ടാന്‍ കൊതിക്കുന്ന ആര്‍ദ്രമാം കൈ വിരലുകള്‍ നെഞ്ചോട് ചേര്‍ത്ത് മോഹങ്ങളുടെ കളിതൊട്ടിലില്‍ വീണുറങ്ങുന്ന കിനാവുകള്‍ക്ക് കൂട്ടാകും എന്നും ലഹരി പടര്‍ത്തുമീ ദേവ സംഗീതം.
ജപകോടി ഗുണം ധ്യാനം
ധ്യാനകോടി ഗുണോ ലയഃ
ലയകോടി ഗുണം ഗാനം
ഗാനാത്പര തരം നഹിഃ
ഒരു തവണ ഈശ്വരനെ മനസ്സുകൊണ്ടു ധ്യാനം ചെയ്യുന്നത് ഒരു കോടി തവണ മന്ത്രങ്ങൾ ജപിച്ച് ആരാധിക്കുന്നതിനു തുല്യമാണ്. ഒരു തവണ മധുരമായി പാടുകയെന്നാൽ അത് ഒരു കോടി തവണ ധ്യാനം ചെയ്യുന്നതിനു സമമാണ്. സംഗീതത്തെക്കാൾ ശ്രേഷ്ഠമായ ഒന്നിനെയും നാം അറിയുന്നില്ല. ആത്മസാധനയ്ക്കുള്ള ഏറ്റവും ഉത്തമമായ ഉപാധി സംഗീതമല്ലാതെ മറ്റൊന്നല്ലെന്ന് നാം അറിയണം. ഇത് സംഗീതത്തെക്കുറിച്ചുള്ള ഏറ്റവും സത്യസന്ധമായ ഒരു പ്രസ്താവനയാണ്. പ്രപഞ്ചസൃഷ്ടിയോടൊപ്പംതന്നെ നാദമുണ്ടായി. ബ്രഹ്മാണുഭേദനത്തോടൊപ്പമുണ്ടായ സ്ഫോടനം വെറുമൊരു ശബ്ദമായിരുന്നില്ല; മറിച്ച് ഓം എന്ന ശ്രുതിലയത്തോടുകൂടിയ നാദമായിരുന്നു. ഓം എന്ന ഈ നാദംതന്നെയാണ് കർണാടകസംഗീതത്തിന്റെ ആത്മാവ്! പ്രണവമന്ത്രണത്തിലെ സവിശേഷമായ ആ ലയം തിരിച്ചറിഞ്ഞ വേദാചാര്യന്മാർ പഞ്ചഭൂതങ്ങളെയും പ്രകൃതിയിലെ മറ്റു നാദസ്രോതസ്സുകളെയും നിരീക്ഷിച്ചു. ഭൂമിയുടെ ഭ്രമണം, ജലത്തിന്റെ ഒഴുക്ക്, വായുവിന്റെ ഗമനം, ആകാശത്തിന്റെ നിശ്ശബ്ദത, അഗ്നിയുടെ ശീൽക്കാരം ഇവയിലെല്ലാം മനസ്സർപ്പിച്ചു. അവയെ പഠനവിധേയമാക്കി. പലതരം പക്ഷികളും മൃഗങ്ങളും പുറപ്പെടുവിക്കുന്ന ശബ്ദങ്ങളും അവരുടെ ശ്രദ്ധയിൽപ്പെട്ടു. എല്ലാത്തിലും അന്തർലീനമായ വ്യത്യസ്തമായ നാദവിസ്മയങ്ങളെ അവർ തിരിച്ചറിഞ്ഞു. അവയെ വേർതിരിച്ച് ഗവേഷണവിധേയമാക്കി. ഭൂമിയുടെ ഭ്രമണം പുറപ്പെടുവിക്കുന്ന നാദത്തിൽനിന്ന് ഗാന്ധാരസ്വരത്തെ ആവാഹിച്ചെടുത്തു. ജലത്തിന്റെ ഒഴുക്ക് ധൈവതസ്വരത്തിനനുസരിച്ചായിരുന്നു. അതിൽനിന്ന് ധൈവതത്തെ അരിച്ചെടുത്തു.
വായുവിൽനിന്ന് പഞ്ചമസ്വരത്തെയും ആകാശത്തിൽനിന്ന് നിഷാദം, മധ്യമം എന്നീ സ്വരങ്ങളെയും അഗ്നിയിൽനിന്ന് ഷഡ്ജം, ഋഷഭം എന്നീ സ്വരങ്ങളെയും പെറുക്കിയെടുത്തു. ഇപ്രകാരം ഗ്രഹിച്ച നാദങ്ങളെ വീണ്ടും വീണ്ടും ശ്രവിച്ചും ഗ്രഹിച്ചും മനനംചെയ്തും കൂട്ടിയും കിഴിച്ചും കശക്കിയും അവർ സപ്തസ്വരങ്ങളെ വാർത്തെടുത്തു. സപ്തസ്വരങ്ങളിൽനിന്ന് സ്ഫുടംചെയ്തെടുത്ത ദൈവികകലയെ അവർ സംഗീതമെന്ന് വിശേഷിപ്പിച്ചു. സംഗീതമകരന്ദം, സംഗീതദാമോദരം, സംഗീതകല്പദ്രുമം മുതലായ പുരാതനഗ്രന്ഥങ്ങളെ ആധാരമാക്കി നടത്തിയ എന്റെ എളിയ ഗവേഷണത്തിൽനിന്നാണ്, കർണാടകസംഗീതത്തിന്റെ ഉദ്ഭവം ഇപ്രകാരമായിരുന്നിരിക്കണമെന്നു ഞാൻ മനസ്സിലാക്കിയത്. ഇനി പുരാണങ്ങളെ ആധാരമാക്കി പറയുകയാണെങ്കിൽ, സംഗീതത്തിനാധാരം പഞ്ചമുഖനായ ഭഗവാൻ ശിവനാണ്. തന്റെ സദ്യോജാതം എന്ന വദനത്തിൽനിന്ന് അവിടുന്ന് ഭൂമിയെയും ഗാന്ധാരസ്വരത്തെയും സൃഷ്ടിച്ചു. (ഭൂമിയിൽനിന്ന് അവനദ്ധവാദ്യങ്ങൾ ഉദ്ഭവിച്ചതായും സംഗീതദാമോദരത്തിൽ പ്രസ്താവിച്ചുകാണാം). വാമദേവം എന്ന മുഖത്തിൽനിന്ന് ജലത്തെയും ധൈവതസ്വരത്തെയും ഭഗവാൻ സൃഷ്ടിച്ചു (ജലത്തിൽനിന്നുണ്ടായ ശംഖ് അതിദിവ്യമായ ഒരു വാദ്യമാണല്ലോ? ക്ഷേത്രങ്ങളിൽ ദേവതയെ പള്ളിക്കുറുപ്പുണർത്താൻ ശംഖനാദംതന്നെ വേണം). അഘോരം എന്ന മുഖത്തിൽനിന്നാണ് അഗ്നിയുടെ ഉദ്ഭവം. അഗ്നിയിൽനിന്ന് ഷഡ്ജം ഋഷഭം എന്നീ സ്വരങ്ങളെയാണ് ഭഗവാൻ സൃഷ്ടിച്ചത് (അഗ്നിയിൽനിന്നുതന്നെയാണ് കാംസവാദ്യങ്ങൾ സൃഷ്ടിക്കപ്പെട്ടത്. ഉദാ: വെങ്കലംകൊണ്ടുള്ള ഇലത്താളം, ചേങ്ങില). തത്പുരുഷം എന്ന മുഖത്തുനിന്ന് വായുവും പഞ്ചമസ്വരവുമുണ്ടായി (വായുവിൽനിന്ന് കുഴൽ, കൊമ്പ് തുടങ്ങിയ രന്ധ്രവാദ്യങ്ങൾ ഉണ്ടായി). ഈശാനം എന്ന അഞ്ചാമത്തെ മുഖത്തുനിന്ന് ആകാശവും നിഷാദം, മധ്യമം എന്നീ സ്വരങ്ങളുമുദ്ഭവിച്ചു (ആകാശത്തുനിന്നാണ് വീണ, യാഴ് തുടങ്ങിയ തന്ത്രിവാദ്യങ്ങൾ സൃഷ്ടിക്കപ്പെട്ടത്).
'ഏവം സദാശിവപ്രോക്തം ശാസ്ത്രം സംഗീതസംജ്ഞകം ഭരതാദൈയ് മുനിഭിഃ സർ വ താഥ പ്രചാരിതം' എന്നുകൂടി സംഗീതദാമോദരം പ്രസ്താവിക്കുന്നു.
'ഇപ്രകാരം സൃഷ്ടിക്കപ്പെട്ട സംഗീതശാസ്ത്രത്തെ ശിവനിൽനിന്ന് ഭരതൻ, മതംഗൻ തുടങ്ങിയ മുനീശ്വരന്മാർ ഉപദേശമായി സ്വീകരിച്ച് ലോകം മുഴുവൻ പ്രചരിപ്പിച്ചു' എന്നത്രേ! ഇങ്ങനെ പ്രപഞ്ചോത്പത്തിയോളം പുരാതനത്വമുള്ള കർണാടകസംഗീതത്തിനു പ്രതിസന്ധിയോ? ഇല്ല! ഇല്ല! ഇല്ല! സംഗീതത്തെ മാത്രമല്ല, പൗരാണികമായ ഒന്നിനെയും പ്രതിസന്ധിയിൽപ്പെടുത്തുക അത്ര എളുപ്പമല്ല.
പൗരാണികമായ വൈദികസംസ്കാരം ആഴത്തിൽ വേരോടിയിരിക്കുന്ന മണ്ണാണിത്. അതിന്റെ ഒരു ഭാഗമാണ് കർണാടകസംഗീതം. വിദേശികൾപോലും നമ്മുടെ കലകളെ, പ്രത്യേകിച്ച് കർണാടകസംഗീതം, ക്ലാസിക്കൽ നൃത്തരൂപങ്ങൾ എന്നിവയെ ആവേശത്തോടെ സമീപിക്കുന്ന കാലമാണിത്.
മുൻതലമുറയുടെ സങ്കുചിതമായ ചില നിലപാടുകൾ കർണാടക സംഗീതത്തിനു പ്രതിസന്ധിയുണ്ടെന്ന പ്രതീതി ജനിപ്പിച്ചുവെന്നത് വാസ്തവം. എന്നാൽ, പിന്നീട്, സമൂഹത്തിന്റെ കാഴ്ചപ്പാട് മാറിയതോടെ സംഗീതത്തിന് നല്ലകാലം പിറന്നു. സംഗീതത്തിന്റെ മഹത്ത്വം തിരിച്ചറിയുന്ന ഒരു തലമുറയുണ്ടായപ്പോൾ ഏറെ സന്തോഷം തോന്നി. പാടാനറിയുന്നവരെ, അത് ഭാര്യയോ അമ്മയോ സഹോദരിയോ മകനോ മകളോ സുഹൃത്തോ എന്നുനോക്കാതെ പ്രോത്സാഹനവുമായി കൂടെനിന്നവർ എന്നെ അദ്ഭുതപ്പെടുത്തി. അദ്ഭുതം ബഹുമാനമായി മാറി. എങ്കിലും മറ്റുവിഷയങ്ങളെ ഉന്നംവെക്കുന്ന ഒറ്റുകാർ കർണാടകസംഗീതത്തെയും ലക്ഷ്യമിടാതിരുന്നില്ല. മനഃപൂർവമായിരുന്നോ എന്നുറപ്പില്ല; മായം കലർത്തിയും വഴിതിരിച്ചുവിട്ടും മഹത്തായ ഈ പൈതൃകത്തിന്റെ ശോഭകെടുത്താനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. സിനിമാസംഗീതത്തിന്റെ അല്ലെങ്കിൽ പാശ്ചാത്യസംഗീതത്തിന്റെ പ്രഭയിൽ കണ്ണുമഞ്ഞളിച്ചുപോയവർ കർണാടക സംഗീതത്തിനു വേദികളില്ലെന്ന് പറഞ്ഞുപരത്തി. കർണാടസംഗീതത്തിന് ശ്രോതാക്കൾ കുറഞ്ഞതായി അവർ പ്രചരിപ്പിച്ചു. ശ്രോതാക്കൾചമഞ്ഞ് മുൻനിരയിലിരുന്നു വർത്തമാനം പറഞ്ഞും ഉറക്കംതൂങ്ങിയും അത്തരക്കാർ ഗായകനെ/ഗായികയെ നിരുത്സാഹപ്പെടുത്തി. താത്പര്യമില്ലാത്തവർ എന്തിന് ഇത്തരം വേദികളിൽ അധികപ്പറ്റുകളായി ചെന്നുകയറണം?
അപലപനീയമായ മറ്റൊരു കാര്യം, വേദികിട്ടാൻ അപേക്ഷകൊടുക്കണം എന്നതാണ്. ഒരുപക്ഷേ, ഇത് കേരളത്തിൽമാത്രം കേട്ടുകേൾവിയുള്ള ഒന്നാണ്. സീനിയറായിട്ടുള്ള ഗായകർപോലും വേദിക്കായി അപേക്ഷനൽകി കാത്തിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. വേദികിട്ടിയാൽത്തന്നെ പക്കമേളത്തിന്റെ െചലവ് ഗായകർ വഹിക്കേണ്ടിവരുന്ന സ്ഥിതിയുമുണ്ട്. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം എത്ര സങ്കടകരമായ അവസ്ഥയാണത്! അതോടെ, ഉപജീവനത്തിനായി സംഗീതജ്ഞർക്ക് മറ്റുമാർഗങ്ങൾ തേടേണ്ടിവന്നു. അവരെ അംഗീകരിക്കാനോ ആദരിക്കാനോ തയ്യാറില്ലാത്ത മലയാളിസമൂഹത്തിൽ അപ്പോഴും ചെമ്പൈയെപ്പോലെ, ശെമ്മാങ്കുടിയെപ്പോലെ ചിലർ ഉണ്ടായിരുന്നു എന്നത് വാസ്തവം. എങ്കിലും, മഹാരാജപുരം സന്താനത്തിനോ മധുരെ ടി.എൻ. ശേഷഗോപാലിനോ ഡോ. എം. ബാലമുരളീ കൃഷ്ണയ്ക്കോ എം.എൽ. വസന്തകുമാരിക്കോ ലഭിച്ചിരുന്ന സമ്പന്നമായ സദസ്സുകൾ/അംഗീകാരം ഇന്നാട്ടുകാരായ ഗായകർക്ക് ലഭിച്ചിരുന്നില്ല. മലയാളിസമൂഹം അങ്ങനെയാണ്. മുറ്റത്തെ മുല്ലകളെ അവഗണിക്കാൻ ഇത്രത്തോളം വൈഭവമുള്ള (വാശി കാട്ടുന്ന) ഒരു സമൂഹം ലോകത്ത് ഒരിടത്തുമുണ്ടാവില്ല. തരംകിട്ടിയാൽ പിഴുതെറിയും. ഇത് സംഗീതത്തിന്റെ മേഖലയിൽമാത്രം കാണുന്ന ഒരു പ്രവണതയല്ല എന്ന് എടുത്തുപറയട്ടെ. കേരളത്തിലെ സ്ഥിതി ഇങ്ങനെയായിരിക്കുമ്പോഴും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ ഊനമൊന്നും തട്ടാതെത്തന്നെ കർണാടകസംഗീതംനിലനിന്നു. സിനിമയിലൂടെ നേടിയ പ്രശസ്തിയുമായി കർണാടക സംഗീതവേദിയിലെത്തിയ യേശുദാസാകാം ഇവിടെ ഒരു വഴിത്തിരിവിന് കാരണക്കാരനായതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അദ്ദേഹത്തെക്കാൾ മികച്ച കലാകാരന്മാർ ഉണ്ടായിട്ടും യേശുദാസിന്റെ കർണാടകസംഗീതസദിരുകളിൽ ജനം തിങ്ങിനിറഞ്ഞിരുന്നതിന് അദ്ദേഹത്തിന്റെ സിനിമാപശ്ചാത്തലമായിരുന്നു കാരണം.
പൈതൃകമായ മറ്റുപലതിന്റെയും മാറ്റ് തിരിച്ചറിഞ്ഞപോലെ, അവർ സംഗീതത്തിന്റെ മഹത്ത്വവും കാലേകാലേ തിരിച്ചറിഞ്ഞു. അതിനെ ഗൗരവത്തോടെ വീക്ഷിക്കാൻ തയ്യാറായി. സംഗീതജ്ഞരെ അംഗീകരിക്കാനുള്ള സന്നദ്ധത കാട്ടി. അതോടെ കർണാടകസംഗീതത്തിനു തട്ടിയിരുന്ന ക്ഷീണം മാറി. കർണാടകസംഗീതം കുട്ടികൾക്കിടയിൽ ഒരു അഭിനിവേശമായി പടർന്നുകയറുന്ന അദ്ഭുതമാണ് കുറച്ചുകാലമായി നാം കണ്ടുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ, സിനിമാ/ടി.വി. മാധ്യമങ്ങളും ഇക്കാര്യത്തിൽ അവയുടേതായ പങ്കുവഹിച്ചിട്ടുണ്ട്. ചാനലുകളിലെ റിയാലിറ്റിഷോകൾ പ്രചാരംനേടിയതോടെ കൂടുതൽ ആളുകൾ സംഗീതത്തിലേക്ക് ആകർഷിക്കപ്പെട്ടു. കർണാടകസംഗീതത്തിൽ അടിത്തറയുണ്ടെങ്കിൽമാത്രമേ പല സിനിമാഗാനങ്ങളും കുറ്റമറ്റരീതിയിൽ ആലപിക്കാനാവൂ എന്ന് കുട്ടികൾ മനസ്സിലാക്കിയത് സംഗീത റിയാലിറ്റിഷോകളിൽനിന്നാണ്. വിധികർത്താക്കളുടെ വിശകലനപ്രസ്താവനകൾ ഇക്കാര്യത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വിധികർത്താക്കൾ മത്സരാർഥികളെക്കൊണ്ട് വീണ്ടും വീണ്ടും പാടിച്ച് തിരുത്തുന്നതുകാണുമ്പോൾ ഈർഷ്യതോന്നിയേക്കാം. പക്ഷേ, ഈ വിമർശനങ്ങളും തിരുത്തലുകളുമാണ് കുട്ടികളുടെ കഴിവുകളെ സ്ഫുടംചെയ്തെടുക്കുന്നത്; അതുതന്നെയാണ് പലരെയും കർണാടകസംഗീതം പഠിക്കാൻ പ്രേരിപ്പിച്ചത്. വെറുതേ കേൾവിജ്ഞാനംമാത്രം പോരെന്ന് അവർ മനസ്സിലാക്കിയതും അങ്ങനെത്തന്നെ! ഇന്നിപ്പോൾ കർണാടകസംഗീതക്ലാസുകൾ മിക്കതും സജീവമാണ്. സംഗീതജ്ഞർക്കും തിരക്കൊഴിഞ്ഞ നേരമില്ല. കുട്ടികൾ മാത്രമല്ല, മുതിർന്നവരും സംഗീതം ആവേശത്തോടെ പഠിക്കുന്നു; സംഗീതംമാത്രമല്ല നൃത്തവും. അവരെ വിമർശിക്കാതിരിക്കാനുള്ള സംസ്കാരം സമൂഹത്തിനുമുണ്ട്. യൂട്യൂബ് തുടങ്ങിയ ആധുനികമാധ്യമങ്ങളും കർണാടകസംഗീതത്തെ പ്രചരിപ്പിക്കുന്നതിൽ പരോക്ഷമായ പങ്കുവഹിക്കുന്നുണ്ട്. പുതുതലമുറക്കാരായ ഒട്ടേറെ ഗായകർ അസാമാന്യമായ സംഗീതപാടവം തികഞ്ഞവരാണ്. സാമ്പ്രദായികമായ മൃദംഗം, വയലിൻ, ഘടം, മുഖർശംഖ്, ഗഞ്ചിറ തുടങ്ങിയ പക്കമേളങ്ങൾക്കു പുറമേ, കീബോർഡ്, ഗിറ്റാർ, റിഥം ബോക്സ്, ഡ്രംസ്, ജലതരംഗ് മുതലായ സംഗീതോപകരണങ്ങൾ ഒരുക്കുന്ന പശ്ചാത്തലസംഗീതവും ശ്രോതാക്കളെ കർണാടകസംഗീതത്തിലേക്ക് ആകർഷിക്കുന്നു. പശ്ചാത്തലസംഗീതത്തിന്റെ പിൻബലമില്ലെങ്കിലും കർണാടകസംഗീതം ശ്രവണസുഖം പകരും; കാരണം, അതിന്റെ അന്തർധാര ഭക്തിയാണ്.
തമിഴ്നാട്ടിലും ആന്ധ്രയിലുമൊക്കെ തഴക്കം വന്ന ഗുരുനാഥന്മാർപോലും വിദ്യാർഥികളുടെ മനസ്സോടെ സംഗീതക്കച്ചേരികൾ കേൾക്കുന്നു. സ്വന്തം ശിഷ്യരെ കച്ചേരികൾ കേൾക്കാൻ പ്രേരിപ്പിക്കുന്നു. അവർക്ക് വേദികൾ ഒരുക്കിക്കൊടുക്കുന്നു. ത്യാഗരാജസ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രി മുതലായ വാഗേയകാരന്മാരുടെ കൃതികൾമാത്രം ഉൾപ്പെടുത്തുന്ന മത്സരങ്ങൾ കുറച്ചുകാലം മുമ്പ് തുടങ്ങിയതാണ്. മത്സരങ്ങൾ പ്രചാരംനേടിയതോടെ മുത്തയ്യാ ഭാഗവതർ, പുരന്ദരദാസ്, ഭൂദാചാല രാമദാസ്, സ്വാതി തിരുനാൾ തുടങ്ങിയ പലരുടെയും കൃതികൾക്കും പ്രത്യേകം മത്സരവേദികൾ ഉണ്ടായി. മത്സരവേദികളിലെല്ലാം സംഗീതവിദ്യാർഥികൾ ആവേശത്തോടെ പങ്കെടുത്തുപോരുന്നുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കേന്ദ്രങ്ങളായ ഗ്വാളിയർ, ലഖ്നൗ തുടങ്ങിയ സ്ഥലങ്ങളിൽ കർണാടകസംഗീതം ജനസമ്മതി നേടിയിരിക്കുന്നു. ഡൽഹിയിൽപ്പോലും കർണാടകസംഗീതം പുഷ്കലമായി നിലനിൽക്കുന്നുണ്ട് എന്നറിയുമ്പോൾ, പറയൂ, കർണാടകസംഗീതത്തിന് പ്രതിസന്ധിയുണ്ടെന്നു തോന്നുന്നുണ്ടോ?
കർണാടകസംഗീതത്തിന് പ്രചാരംലഭിക്കുന്ന മറ്റൊരു മേഖലയാണ് നൃത്തം. ഭരതനാട്യമായാലും കുച്ചിപ്പുഡിയായാലും പശ്ചാത്തലത്തിൽ കർണാടകസംഗീതം അവിഭാജ്യഘടകമാണ്. മോഹിനിയാട്ടനർത്തകിമാർ സ്വാതി കൃതികളോട് സവിശേഷമായ ഒരു ആഭിമുഖ്യം പുലർത്തുന്നതുകാണാം. ഇനി സമീപനത്തിന്റെ കാര്യം: എന്റെ നിരീക്ഷണത്തിൽ അർപ്പണബോധവും അച്ചടക്കവും തികഞ്ഞവരാണ് ഇന്നത്തെ തലമുറക്കാർ. അവരെ വിലകുറച്ചുകാണാതിരുന്നാൽമാത്രം മതി. സംഗീതത്തിന്റെ കാര്യത്തിൽ മാത്രമല്ല, മറ്റെല്ലാ മേഖലയിലും അവരുടെ സമർപ്പണമനോഭാവവും ശിക്ഷണബോധവും കാണുമ്പോൾ എനിക്കും എന്റെ തലമുറയിൽപ്പെട്ട ബഹുഭൂരിപക്ഷത്തിനും അതുണ്ടായില്ലല്ലോ എന്നൊരു നിരാശാബോധമോ പശ്ചാത്താപമോ ഒക്കെ തോന്നിപ്പോവാറുണ്ട്. ഇതൊക്കെയാണെങ്കിലും ഒന്നുണ്ട്, ഭക്തിയും ഭാവനയും സമ്മേളിക്കുമ്പോൾ മാത്രമേ കർണാടകസംഗീതം ശ്രോതാക്കളുടെ മനസ്സിനെ സ്പർശിക്കൂ. അതിനുകഴിയാതെ വരുമ്പോൾ, കർണാടക സംഗീതം പ്രതിസന്ധിയിലാവും. യുവകലാകാരന്മാർക്ക് പ്രോത്സാഹനം ലഭിക്കാതെ വരുമ്പോൾ, കർണാടകസംഗീതം പ്രതിസന്ധിയിലാവും. മുതിർന്ന ഗായകർപോലും വേദിക്കായി അപേക്ഷനൽകി കാത്തിരിക്കണമെന്ന അവസ്ഥയുണ്ടാവുമ്പോൾ, കർണാടകസംഗീതം പ്രതിസന്ധിയിലാവും. മൗലികതയെ ഒറ്റിക്കൊടുക്കാൻ തുനിയുമ്പോൾ കർണാടകസംഗീതം പ്രതിസന്ധിയിലാവും. ഭാഗ്യവശാൽ പഴമയിൽനിന്നു വ്യതിചലിക്കാതെ തന്നെ നൂതനമായ ആവിഷ്കാരശൈലിയിലൂടെ ശ്രോതാക്കളെ അനുഭൂതിയുടെ വ്യത്യസ്തമായ തലങ്ങളിലേക്ക് ഉയർത്തുന്ന ചില യുവഗായകസംഘങ്ങൾ നമുക്കുണ്ട്. അവരിലാണ് കർണാടക സംഗീതത്തിന്റെ ഭാവി.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.