ചില വിശേഷദിവസങ്ങളില്‍ പ്രത്യേകതരം പലഹാരങ്ങള്‍ ഉണ്ടാക്കണമെന്നും അത് ഭക്ഷിക്കുമ്പോള്‍ അത് എന്തിനാണെന്നും മാതാപിതാക്കള്‍ പിന്തലമുറയ്ക്ക് പറഞ്ഞുകൊടുക്കണമെന്നും കുന്നംകുളത്തെ ക്രിസ്ത്യാനികൾ നിശ്ചയിച്ചിരുന്നു.
1. പുട്ട് (പൂട്ട്).
പള്ളിപ്പെരുന്നാളിന്റെ സന്ധ്യാ നമസ്ക്കാരം കഴിഞ്ഞ് വന്ന് ഭക്ഷണം കഴിച്ച ശേഷം ഈ പലഹാരം കഴിക്കണം. പുട്ടിന്റെ അടുക്കുപോലെ തുടർച്ചയായി ഞങ്ങള്‍ ഈ പെരുന്നാള്‍ ആഘോഷിച്ചുകൊള്ളാം എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
2. പാച്ചോറ്.
പഴയകാലങ്ങളില്‍ വിവാഹസദ്യയില്‍ ആദ്യം പാച്ചോറും ഇളനീരും (ജീരകമിട്ട് ചക്കര ഉരുക്കിയത്) ആണ് വിളമ്പിയിരുന്നത്. അറിവിന്റേയും ശക്തിയുടേയും റൂഹായെ പ്രാപിക്കുക എന്നർത്ഥമാക്കുന്നു. മാമോദീസ, കല്ല്യാണം, ദനഹാ പെരുന്നാള്‍, അതുപോലെ ശിഷ്യന്മാർ റൂഹായെ പ്രാപിച്ച ദിവസമായ പെന്തക്കോസ്തി പെരുന്നാളിനും ഈ പലഹാരമുണ്ടാക്കി കഴിക്കണം.
3. വെള്ളപ്പം.
കർത്താവിന്റെ ജനനപ്പെരുന്നാളിന് ഉണ്ടാക്കേണ്ട പലഹാരം. നാം പ്രകാശത്തിന്റെ മക്കളാണെന്ന് സൂചിപ്പിക്കുന്നു.
4. കള്ളപ്പം.
വലിയ നോമ്പിന്റെ തലേദിവസം (പേത്രത്തോ) കള്ളൊഴിച്ച് ഈ പലഹാരം ഉണ്ടാക്കണം. നോമ്പ് വീടുന്നതുവരെ കള്ള് പോലുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കരുതെന്ന് ഓർമ്മിപ്പിക്കുന്നതിനായി ഇങ്ങനെ ചെയ്യുന്നു.
5. ഇണ്ടേറി.
അമ്പതു നോമ്പിന്റെ പകുതിനോമ്പ് ദിവസം ബുധനാഴ്ച ഉണ്ടാക്കേണ്ട പലഹാരം. ആദാമിനെ കബറടക്കിയ സ്ഥലത്താണ് കർത്താവിന്റെ കുരിശ് നാട്ടിയതെന്നും കർത്താവിന്റെ ശരീരത്തില്‍ നിന്നും രക്തം താഴേക്ക് ഒഴുകിയപ്പോള്‍ കുരിശിനടിയിലുണ്ടായിരുന്ന പാറ നടുപിളർന്ന് രക്തവും വെള്ളവും ആദാമിന്റെ വായിലേക്ക് ഇറ്റിറ്റുവീണുവെന്നുമുള്ള വിശ്വാസത്തിൽ നിന്നുമാണ് ഇത് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് പാറ പോലുള്ള ഇണ്ടേറി ഉണ്ടാക്കി മുറിക്കാതെ നടുപിളർത്തി കഴിക്കണം.
6. കൊഴുക്കട്ട.
വലിയ നോമ്പിലെ നാല്പത്തൊന്നാം (ശനിയാഴ്ച) ഉണ്ടാക്കേണ്ട പലഹാരം. അമ്പതു നോമ്പിന്റെ ആദ്യ നാല്പത് ദിവസം കർത്താവ് നോമ്പ് നോറ്റതിനേയും പിന്നീടുള്ള പത്ത് ദിവസം കർത്താവിന്റെ കഷ്ടാനുഭവത്തേയും ഓർത്ത് നമ്മള്‍ നോമ്പ് അനുഷ്ഠിക്കുന്നു. കർത്താവ് നാല്പത് ദിവസം നോമ്പ് നോറ്റ് വീടിയതുപോലെ നാമും നാല്പത് ദിവസം നോമ്പ് നോറ്റ് വീടണം. എന്നാൽ പിന്നീടുള്ള പത്ത് ദിവസം കർത്താവിന്റെ കഷ്ടാനുഭവത്തെയും ഓർത്ത് നമ്മൾ നോമ്പ് അനുഷ്ഠിക്കുന്നതുകൊണ്ട് അതുവരെ അനുഷ്ഠിച്ചു വന്ന നോമ്പിന്റെ തീക്ഷണത ഒട്ടും കുറയ്ക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്. കൊഴുക്കട്ടയ്ക്കുള്ളില്‍ നാളികേരത്തോടൊപ്പം തെങ്ങിൻ ചക്കരയോ പനംചക്കരയോ ചേർക്കുന്നു. ചക്കര കള്ളിൽ നിന്നാണല്ലോ ഉണ്ടാക്കുന്നത്. കൊഴു എന്നാൽ 'മഴു' എന്നർത്ഥം. 'ഭൂമിയെ കൊഴു പിളർന്ന് ചിതറിക്കുന്നതുപോലെ പാതാള വാതുക്കല്‍....' (സങ്കീ:140) നോമ്പിനെ മുറിക്കാന്‍ ഉപയോഗിക്കുന്നത് എന്നർത്ഥത്തിലാണ് കൊഴുക്കട്ട എന്ന പേര് ഈ പേര് പലഹാരത്തിന് ഉണ്ടായത്.
7. പീച്ചിപ്പൊടി.
വലിയ നോമ്പിലെ നാല്പതാം ദിവസം ഉണ്ടാക്കേണ്ട പലഹാരം. നാല്പതാം ദിവസത്തെ കാണിക്കുവാന്‍ നാലു വിരല്‍ ഉപയോഗിച്ച് ഉണ്ടാക്കണം.
പീച്ചിപ്പൊടിയുണ്ടാക്കാൻ കൊഴുക്കട്ടയ്ക്ക് കുഴയ്ക്കുന്നതുപോലെ മാവ് കുഴച്ച് തേങ്ങാ ചിരകിയതും, ഉപ്പും, കുരുമുളകുപൊടിയും ചേർത്ത് നന്നായി ഇളക്കിയിട്ട് വലതു കൈയിൽ മാവെടുത്ത്, കുഴച്ചു വച്ചിരിക്കുന്ന തേങ്ങാപ്പീര അതിന് നടുവിൽ നിറച്ച് നാലു കൈവിരലുകൾകൊണ്ട് അമർത്തി ഇഡലി പാത്രത്തിൽ വെച്ച് പുഴുങ്ങിയെടുക്കും. (ഇത് വടക്കൻ പരവൂർ രീതിയാണ്).
8. അവലോസ് പൊടി
വലിയ നോമ്പ് വീടുന്ന ദിവസം ഉണ്ടാക്കേണ്ട പലഹാരം. അരി പൊടിച്ചതും ചിരകിയ തേങ്ങയും നല്ലപോലെ യോജിപ്പിച്ച് ഉരുളിയിലിട്ട് അടുപ്പിനടുത്ത് ചൂട് സഹിച്ച് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇരുന്ന് എടതടവില്ലാതെ ഇളക്കിയാലെ അടിയിൽ പിടിക്കാതെ അവിലോസ് പൊടി തയ്യാറാവുകയുള്ളൂ. അത് കഠിനവും നിരന്തരവുമായ പ്രവർത്തിയാണ്. അതുപോലെ നിരന്തരമായ പ്രാർത്ഥനകൊണ്ടും കഠിന ഉപവാസം കൊണ്ടും കർത്താവ് പിശാചിനെ ജയിച്ചതുപോലെ നമ്മൾക്കും പിശാചിനെ ജയിക്കുവാൻ സാധിച്ചതിനെ സൂചിപ്പിക്കുന്നു.
9. പെസഹാ അപ്പവും പാലും.
പെസഹാ ദിവസം തയ്യാറാക്കുന്ന പ്രത്യേക ഒരു വിഭവമാണ് അപ്പവും അത് മുക്കി കഴിക്കാനുള്ള പാലും.
10. പിടിയും കോഴിക്കറിയും.
ഈസ്റ്റർ ദിവസം നോമ്പ് വീടാനായി തയ്യാറാക്കുന്ന ഒരു പ്രധാനപ്പെട്ട വിഭവമാണ് പിടിയും കോഴിക്കറിയും.
11. ഈസ്റ്റർ മുട്ട.
ഈസ്റ്റർ ദിനത്തിൽ പുഴുങ്ങിയ മുട്ടകൾ കൊടുക്കുന്നത് ഇന്നും പല രാജ്യങ്ങളിലും നിലനിൽക്കുന്ന ഒരു രീതിയാണ്. ചിലയിടത്ത് ഈസ്റ്റർ ആശംസകൾ എഴുതിയ പുഴുങ്ങിയ മുട്ടകളും കൈമാറാറുണ്ട്.
ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.