(നോമ്പ് കാലം അഥവാ THE SEASON OF LENTS).
കാലഘട്ടം:-
ദനഹാ പെരുന്നാള്‍ മുതൽ വലിയ നോമ്പിൻ്റെ കൊത്നെ ഞായർ വരെ.
ആരംഭ - അവസാന തീയതികൾ:
ജനുവരി 6 സ്ഥിരമായ തീയതി മുതൽ ഏറ്റവും നേരത്തെയായാൽ ഫെബ്രുവരി 1 വരെ. ഏറ്റവും വൈകിയാൽ മാർച്ച് 4 വരെ. (ഈസ്റ്റർ തീയതി അനുസരിച്ച്).
നിനവേ മൂന്നു നോമ്പും (ഒരു കാലത്തു) കന്യകമാരുടെ മൂന്നു നോമ്പും വന്നു ചേരുന്നതുകൊണ്ടും, വലിയ നോമ്പിന്റെ ആരംഭത്തിലേക്ക് നയിക്കുന്ന കാലഘട്ടമായതുകൊണ്ടും ഈ സീസൺ നോമ്പ് കാലഘട്ടം എന്ന് വിളിക്കപ്പെടുന്നു.
ഈ കാലഘട്ടത്തിൽ ഏറ്റവും കുറഞ്ഞത് 3 ഞായറാഴ്ചകൾ കാണും. ഏറിയാൽ 9 ഞായറാഴ്ചകളും. (കൊഹനെ ഞായർ, അനീദേ ഞായർ എന്നിവ ഉൾപ്പെടുന്നു).
1,2,3,(4,5,6) = ദനഹായ്ക്കു ശേഷം ഒന്നാം ഞായര്‍ മുതൽ ആറാം ഞായർ വരെ വരാം. 7 = മൂന്നു നോമ്പിൻ്റെ പേത്രത്ത ഞായർ. 8 = കൊഹനെ ഞായര്‍. 9 = ആനീദേ ഞായര്‍. ചില വായനപ്പടി പുസ്തകത്തിൽ അഞ്ചാം ഞായർ വരെയുള്ള വായനകൾ മാത്രമേ കാണുന്നുള്ളൂ. ആറാം ഞായർ വളരെ വിരളമായിട്ടേ വരാറുള്ളൂ. അപ്പോൾ അഞ്ചാം ഞായറാഴ്ചയുടെ വായനകൾ ആവശ്യാനുസരണം ആവർത്തിക്കുകയും ചെയ്യാം. {1973-ൽ ഇപ്രകാരം ഉണ്ടായിരുന്നു ഇനി 2052, 2057, 2125... ഇങ്ങനെ അപൂർവ്വമായി ചില വർഷങ്ങളിൽ}.
(വി.സ്തേഫാനോസ് സഹദായുടെ ഓർമ്മ, (മായല്‍ത്തോ), മൂന്നു നോമ്പ്, കൊഹനെ ഞായർ, അനീദെ ഞായർ മുതലായ പ്രധാനപ്പെട്ട വിശേഷ ദിവസങ്ങൾ ഈ കാലയളവിലാണ്).
മൂന്ന് നോമ്പ് - കന്യകമാരുടെ നോമ്പ്. പാമ്പാക്കുട നമസ്കാരക്രമത്തിന്റെ പഴയ പതിപ്പുകളിൽ കന്യകമാരുടെ നോമ്പ് എന്ന ഒരു നോമ്പുകൂടി ഇതേ കാലയളവിൽ രേഖപ്പെടുത്തുന്നുണ്ട്. ഇത് ഇപ്പോൾ നമ്മുടെ സഭ ആചരിക്കുന്നില്ല. ഓരോ വർഷവും ദനഹായ്ക്കുശേഷം വരുന്ന ആദ്യത്തെ തിങ്കൾ, ചൊവ്വ, ബുധൻ എന്നീ മൂന്നു ദിവസങ്ങളിലാണ് ഈ നോമ്പ് ആചരിക്കപ്പെട്ടിരുന്നത്. കൽദായ സഭകൾ ഇപ്പോഴും ഈ നോമ്പ് ആചരിക്കുന്നുണ്ട്. ഈ വർഷത്തെ 2025-ലെ തീയതി ജനുവരി 13,14,15 ആകേണ്ടതാണ്. പല വർഷങ്ങളിലും നിനവേ നോമ്പും കന്യകമാരുടെ മൂന്നു നോമ്പും ഒരുമിച്ചു വരും. ഒരേ തിങ്കൾ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ. ഇതിനെ കന്യകമാരുടെ ബാവൂത്താ [ബൊവൂസോ]; ബാവൂതാ നോമ്പ്; VIRGINS FAST എന്നൊക്കെ വിളിക്കാറുണ്ട്. പഴയ തലമുറയിലുള്ളവർക്ക് ഇത് വാത് നോമ്പായിരുന്നു. ഈ നോമ്പ് ബുധനാഴ്ച ഉച്ച കഴിഞ്ഞ് വിശുദ്ധ കുർബാനയോടെയും, യൗനാ നബിയുടെ ഓർമ്മ വ്യാഴാഴ്‌ച രാവിലെ കുർബാനയോടും നടത്തുന്നു.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.