Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • പുതുഞായറാഴ്ച

സംശയം വിശ്വാസത്തെ ഉറപ്പിക്കും. (യോഹന്നാൻ 20:19-31, പുതുഞായറാഴ്ച).
വിശുദ്ധിയുടെ 50 നോമ്പും പുതുക്കത്തിന്റെ ഉയിർപ്പു പെരുന്നാളിന് ശേഷം നാമിതാ ഉയിർപ്പ് പെരുന്നാളിന് ശേഷമുള്ള പുതുഞായറാഴ്ചയിലേക്ക് പ്രവേശിക്കുകയാണ്.

എന്താണ് ഉയിർപ്പിന് ശേഷമുള്ള ഞായറാഴ്ചയ്ക്ക് പുതുഞായറാഴ്ച എന്ന് പിതാക്കന്മാർ പേരിട്ടതെന്ന് ചോദിച്ചാൽ, യേശുതമ്പുരാൻ ഉത്ഥാനം ചെയ്തതും ആദ്യ 2 തവണ ശ്ലീഹന്മാർക്ക് പ്രത്യക്ഷപ്പെട്ടതും രക്ഷയുടെ ദൂത് അറിയിച്ചതും ഞായറാഴ്ചയാണ്. ഉത്ഥിതനായ യേശുവിനെ ശ്ലീഹന്മാർ ആരാധിച്ചതിന്റെ ഓർമ്മയ്ക്ക്‌ ഈ ഞായറാഴ്ചയെ പുതുഞായറാഴ്ച എന്ന് വിളിക്കുന്നു. അതോടൊപ്പം, പരിശുദ്ധനായ മാർത്തോമാ ശ്ലീഹാ കർത്താവിന്റെ തിരുമുറിവുകൾ സ്പർശിച്ചു കൊണ്ട് തന്റെ വിശ്വാസം ഏറ്റു പറഞ്ഞതിന്റെ ഓർമ്മകൂടിയാണ് ഈ ദിവസം ആചരിക്കുന്നത്.

ഈ പുതുഞായറാഴ്ച്ച നമുക്ക് വായിക്കുവാനും ധ്യാനിക്കുവാനും ചിന്തിക്കുവാനുമായി പരിശുദ്ധ പിതാക്കന്മാർ ക്രമികരിച്ചു തന്ന വേദഭാഗം സന്ധ്യ, പ്രഭാതം എന്നി സമയങ്ങളിൽ യോഹന്നാൻ 20:19-25, വിശുദ്ധ കുർബാനയ്ക്ക്‌ യോഹന്നാൻ 20:25-31ആണ്. നമുക്കെല്ലാവർക്കും വളരെ സുപരിചിതമായ വേദഭാഗമാണ്. ഉയിർപ്പിന് ശേഷം ഒരു ഭവനത്തിൽ യഹൂദരെ ഭയന്നു കഴിഞ്ഞിരുന്ന 10 അപ്പസ്തോലന്മാർക്ക് യേശു പ്രത്യക്ഷപ്പെടുകയും തന്റെ മുറിവുകൾ കാണിച്ചു കൊടുത്തുകൊണ്ട് താൻ വചനത്തിൽ പറഞ്ഞത് പോലെ മരണത്തിൽ നിന്നുയിർത്തു എന്ന് അവർക്ക് കാണിച്ചു കൊടുത്തു. അതിന് ശേഷം അവരുടെമേൽ ഊതിക്കൊണ്ട് ''നിങ്ങൾ പരിശുദ്ധ റൂഹായെ കൈകൊള്ളുവിൻ ആരുടേങ്കിലും പാപങ്ങൾ നിങ്ങൾ മോചിച്ചാൽ നിങ്ങൾ മോചിക്കപ്പെട്ടിരിക്കും, പിടിച്ചാലോ അത് പിടിച്ചിരിക്കും" എന്നാൽ യേശു വന്ന സമയത്ത് ഇരട്ട എന്ന് വിളിക്കപ്പെടുന്ന തോമാ ശ്ലീഹാ അവിടെ ഉണ്ടായിരുന്നില്ല. അദ്ദേഹം വന്നപ്പോൾ മറ്റു ശ്ലീഹന്മാർ, തങ്ങൾ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടു, അദ്ദേഹം തന്റെ മുറിവുകൾ ഞങ്ങളെ കാണിച്ചു എന്ന് പറഞ്ഞു. അപ്പോൾ തോമാ ശ്ലീഹാ പറഞ്ഞു; "ഞാൻ അദ്ദേഹത്തെ കാണുക മാത്രമല്ല, അദ്ദേഹത്തിന്റ ആണി പഴുതുകളുള്ള വിരലുകളിൽ ഞാൻ എന്റെ വിരൽ ഇട്ടും അദേഹത്തിന്റെ വിലാപുറത്തു തൊട്ടു നോക്കാതെ താൻ വിശ്വസിക്കുകയില്ല" എന്ന് പറഞ്ഞു. 8-ാം ദിവസം തോമാ ശ്ലീഹായുള്ളപ്പോൾ യേശു തമ്പുരാൻ പ്രത്യക്ഷനാവുകയും തോമാ ശ്ലീഹായോട് തന്റെ തിരുമുറിവുകൾ കണ്ട് സ്പർശിച്ചു കൊണ്ട് തന്റെ വിശ്വാസം രേഖപ്പെടുത്തുക എന്ന് കർത്താവ് ആവശ്യപ്പെട്ടു. തോമാ ശ്ലീഹാ യേശു തമ്പുരാന്റെ മുറിവുകളിൽ സ്പർശിച്ചു കൊണ്ട് "എന്റെ കർത്താവും ദൈവമേ!" എന്ന് പറഞ്ഞു. യേശു തമ്പുരാൻ തോമാ ശ്ലീഹായോട് ഇങ്ങനെ പറഞ്ഞു; "നീ എന്നെ കണ്ടു വിശ്വസിച്ചു, എന്നാൽ എന്നെ കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ". ഈ വേദഭാഗങ്ങൾ പരിശോധിക്കുമ്പോൾ ധാരാളം അമൂല്യമായ മർമ്മങ്ങളും ദൈവിക സന്ദേശങ്ങളും ലഭിക്കുന്നു. ഇവിടെ പ്രധാനമായും സംശയം എന്ന വിഷയത്തെക്കുറിച്ച് ആണെങ്കില്പോലും ആദ്യ വേദഭാഗത്തിന്റ സാരവും, തുടർന്ന് അതിന്റെ മർമ്മങ്ങളും സന്ദേശങ്ങളും വേദപുസ്തകടിസ്ഥാനത്തിൽ ചിന്തിക്കാം.

1. ഭയത്തെ നീക്കി സമാധാനം നൽകുന്ന ക്രിസ്തു.
2. സംശയത്തെ നീക്കി വിശ്വാസത്തെ ബലപ്പെടുത്തുന്ന ക്രിസ്തു.
3. യേശു ക്രിസ്തുവിന്റെ കാഴ്ചപ്പാടിൽ ആരാകണം വിശ്വാസികൾ.

ഒന്നാമത്തെ ഭാഗത്ത് നോക്കുമ്പോൾ സുവിശേഷങ്ങൾ പ്രകാരം യേശു തമ്പുരാനെ ഗത്സിമോൻ തോട്ടത്തിൽ വെച്ച് പിടികൂടിയ നിമിഷം മുതൽ ശ്ലീഹന്മാർ ചിതറിപ്പോയി. യോഹന്നാന്റെ സുവിശേഷ പ്രകാരം കയ്യാഫായുടെ ഭവനം വരെ പത്രോസ് രഹസ്യമായി കർത്താവിനെ പിന്തുടർന്നു. എന്നാൽ യേശു തമ്പുരാനെ കാൽവറിയിൽ ക്രൂശിക്കുന്ന സമയത്ത് യോഹന്നാൻ ശ്ലീഹാ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് കർത്താവ് തന്റെ പീഡകൾക്ക് മുമ്പ് പറഞ്ഞിരുന്നു താൻ യെരുശലേമിൽ വെച്ച് കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർക്കും എന്നും, മരണ ശേഷം ഗലീലയിൽ വെച്ച് കർത്താവിനെ കാണുമെന്നു അദ്ദേഹം പറഞ്ഞു. എന്നാൽ യേശുവിന്റെ മരണം വാസ്തവത്തിൽ ശ്ലീഹന്മാരെ ഏറെ വേദനിപ്പിക്കുകയും മാനസികമായി തളർത്തുകയും ചെയ്തു. മൂന്നാം നാൾ യേശു, താൻ വാഗ്ദാനം ചെയ്തതുപോലും അവർ ഓർത്തില്ല. മർക്കോസ് 16:11,13 ലൂക്കോസ് 24:11,37 എന്നി ഭാഗങ്ങൾ നോക്കുമ്പോൾ, യേശു തമ്പുരാൻ ഉയിർത്തത് മഗ്‌ദലന മറിയം അറിയിച്ചപ്പോഴോ എമ്മാവോസിൽ ക്ലിയോഫോ, യേശു തനിക്കും കൂടെയുള്ള ആൾക്കും അപ്പം നുറുക്കി കൊടുത്തത് തങ്ങളുടെ കണ്ണുകളെ തുറപ്പിച്ചത്, ഇവയൊക്കെ പറഞ്ഞിട്ടും ശ്ലീഹർ വിശ്വസിക്കുവാൻ കൂട്ടാക്കിയില്ല. മേല്പറഞ്ഞവർ പറഞ്ഞത് അവർക്ക് കഥപോലെ തോന്നി. എന്നാൽ യേശു തമ്പുരാൻ അവരുടെയിടയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അവർ ഭൂതത്തെ കണ്ടത് പോലെ തോന്നി. അവർ ഭയപ്പെട്ടു. എന്നാൽ അവരുടെ ഉൾഭയം മനസിലാക്കിയ യേശു, അവരുടെ മനസിലെ ആ വേദനയും അസ്വസ്ഥതയും മാറ്റുവാനായി അവരോട് പറഞ്ഞത് "നിങ്ങൾക്ക് സമാധാനം" എന്നാണ്. യേശുവിന്റെ വാക്കുകൾ അവരുടെ ഹൃദയത്തിൽ ശാന്തി നൽകി. മാത്രമല്ല, അവരുടെ ഭയം മാറ്റുവാനായി തന്റെ കൈയും വിലാപ്പുറവും കാണിച്ചു. ലൂക്കോസ് 24:39-ൽ യേശു പറയുന്നു മനുഷ്യർക്കുള്ള മാംസവും അസ്ഥികളും ആത്മാക്കൾക്കില്ലല്ലോ. അതോടൊപ്പം അവരിൽനിന്ന് അപ്പം, മീൻ എന്നിവ ആവശ്യപ്പെടുന്നതിലൂടെ തന്റെ മനുഷ്യത്വവും ദൈവത്വവും വെളിപ്പെടുത്തിക്കൊണ്ട് ശ്ലീഹന്മാരുടെ ഉള്ളിലെ ഭയം മാറ്റി. യേശു തമ്പുരാൻ അവരെ വിശ്വാസത്തിൽ ഉറപ്പിക്കുകയും, അവരുടെ മനസ്സിൽ സമാധാനം കൊണ്ട് ഉറപ്പിക്കുകയാണ് കർത്താവ് ചെയ്തത്.

സംശയത്തെ നീക്കി വിശ്വാസത്തെ ഉറപ്പിക്കുന്ന യേശു.

ഈ പുതു ഞായറാഴ്ച വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ഓർമ്മ സഭ ആചരിക്കുകയാണ്. അദ്ദേഹം വിശ്വാസം ഏറ്റു പറഞ്ഞതിന്റെ ഓർമ്മയാണ് നാം ആചരിക്കുന്നത്. തോമാ ശ്ലീഹായുമായി ബന്ധപ്പെട്ടു കൊണ്ടുള്ള ഈ വേദഭാഗം നിമിത്തം തോമ ശ്ലീഹയെ "Doubting Thomas" എന്നു വിളിക്കുന്നു. അതായത്, എന്തിനെയും സംശയാലുവുമായി കാണുന്ന രീതിക്ക് ഈ പ്രയോഗം വരുന്നത്. അതിനാൽ തോമാ ശ്ലീഹായുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഈ വേദഭാഗം പലപ്പോഴും വിവാദം സൃഷ്ടിക്കുന്ന ഒന്നാണ്. എന്നാൽ വാസ്തവത്തിൽ ഈ വേദഭാഗം വായിക്കുമ്പോൾ വ്യക്തമായി ഒന്ന് മനസിലാകും. ഈ ഭാഗത്ത് എന്ത് സംഭവിച്ചാലും അതിലൊരു ഗുണമുണ്ട്. അതായത്, നമ്മുടെ ജീവിതത്തിൽ തിന്മ വന്നാലും, നന്മ വന്നാലും അവയിൽ ഒരു നന്മയുണ്ടെന്ന്. നമുക്ക് ഈ വേദ ഭാഗത്തെ ചില പ്രത്യേക വീക്ഷണ കോണുകളിലൂടെ നോക്കിക്കാണണം. അനുകൂല തലങ്ങളിലും പ്രതികൂല തലങ്ങളിൽ നിന്നും. എന്തെന്നാൽ ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ സ്വാർത്ഥ താല്പര്യങ്ങൾക്കും വ്യക്തി താല്പര്യങ്ങൾക്കും വേണ്ടി വളച്ചൊടിക്കുന്നതാണ് വേദവാക്യങ്ങൾ ഈ വേദഭാഗത്തിൽ നിന്നുകൊണ്ട് തോമാ ശ്ലീഹയെ വിമർശിച്ചാൽ അതിന്റെ ദോഷം പിന്നെ പലതിലും അന്ധവിശ്വാസമുണ്ടാവും. എന്നാൽ തോമാ ശ്ലീഹായുടെ ഭാഗത്ത് നോക്കുമ്പോഴല്ല, തോമാ ശ്ലീഹായല്ലാതെ  സാധാരണ മനുഷ്യർ എങ്കിൽ ദൈവ വചനത്തെ അവർ എപ്പോഴും സംശയിക്കും. ചിലപ്പോൾ അവർ നീരീശ്വരവാദികളാവും. അതിനാൽ ചില പ്രത്യേക വീക്ഷണ കോണുകളിലൂടെ, വിശ്വാസിയുടെ, സംശയാലുവിലൂടെ, യേശു തമ്പുരാനിലൂടെ, വിശ്വാസിയുടെ, യേശു തമ്പുരാന്റെ ഉയിർപ്പ് പൂർണ്ണമായും വിശ്വസിക്കേണ്ടതാണ്. അതിൽ ശങ്കയ്ക്ക്‌ സ്ഥാനമില്ലെന്നുള്ള ഒരു വീക്ഷണത്തിലൂടെ നോക്കാം. യേശുവിന്റെ ഉയിർപ്പിലെ സംശയം ശരിയല്ലെന്ന് പറയാൻ കാരണമുണ്ട്. എന്തെന്നാൽ യേശു തമ്പുരാൻ മുൻകൂട്ടി പറഞ്ഞിട്ടുണ്ട് താൻ മരിച്ചാൽ മൂന്നാംനാൾ ഉയിർക്കും യോനായുടെ തിമിംഗലത്തിലെ മൂന്നുദിന വാസം മൂന്നു ദിവസംകൊണ്ട് ശരീരമാകുന്ന ആലയത്തെ പൊളിച്ചു പണിയും എന്ന വാക്കുകൾ. ഇതൊക്ക എപ്പോഴും ശ്ലീഹർ കേൾക്കുന്നതാണ്. അതിനാൽ യേശു മരണശേഷം ജീവനോടെ വന്നതിനാൽ അവന്റെ വരവോടെ അ ഉയിർപ്പിനെ സംശയം കൂടാതെ അംഗീകരിക്കേണ്ടിവന്നു. മരിച്ചവരെ ഉയർപ്പിക്കുവാൻ കഴിയുന്നവന് മരണത്തെ തോല്പിക്കുവാൻ കഴിയുമെന്ന വിശ്വാസം അവരിൽ ഉണ്ടായിരുന്നുവെങ്കിൽ ഒരു പക്ഷേ അവർക്ക് (കാണാതെ തന്നെ) വിശ്വസിക്കുവാൻ കഴിയുമായിരുന്നു. ഇവിടെ ഇവർക്ക് വന്ന പരാജയം, യേശുവിന്റെ വചനങ്ങൾ അവരുടെ ഹൃദയത്തിൽ അധികമില്ലായിരുന്നു. അതിനാൽ അദ്ദേഹം മരിച്ചാൽ ഉയിർക്കുമെന്ന ആ വചനമോ അടയാളങ്ങളോ അവർ ഓർത്തില്ല. കൂടാതെ അപൂർണ്ണ വിശ്വാസമാണ് അവരെ യേശുവിന്റെ ഉയിർപ്പിനെ പ്രതിയുള്ള പൂർണ്ണ വിശ്വാസത്തിൽ നിന്ന് തടഞ്ഞത്. ഇവിടെ നാം യേശുവിനെ കണ്ട മാത്രയിൽ വിശ്വസിച്ചത് തെറ്റാണോ? അല്ല, എന്തെന്നാൽ പഴയ നിയമത്തിൽ എത്രയോ തവണ യഹോവയുടെ മുഖംപോലും കാണാതെ അവന്റെ ശബ്ദം, സാന്നിധ്യം എന്നിവ അറിഞ്ഞു കൊണ്ട് പല വ്യക്തികളും യഹോവയുടെ കല്പന പാലിക്കുകയും അതനുസരിച്ചു ജീവിക്കുകയും, അവർക്ക് അനുഗ്രഹങ്ങൾ ലഭിക്കുകയും ചെയ്തു. ദൈവിക ജീവിതത്തിൽ ഇങ്ങനെയൊരു രീതി നല്ലതെങ്കില്പോലും നമ്മുടെ ജീവിതത്തിൽ ഈ രീതി എപ്പോഴും നല്ലതല്ല. നാം ജീവിക്കുന്നത് വല്ലാത്തൊരു സമൂഹത്തിലാണ്. നാം ഈ തരത്തിൽ അമിത വിശ്വാസം വരുമ്പോൾ അത് അന്ധവിശ്വാസമായി മാറും. അങ്ങനെ വരുമ്പോൾ അതിലുടെ ചിലർ സാമ്പത്തിക നേട്ടത്തിനു മുതലെടുക്കും. പ്രക്സിസിൽ പൗലോസ് പറയുന്ന ചെന്നായ്ക്കൾ ഈ വ്യക്തികളാണ്. ഫിലിപ്പ്യർ 3:18-20, പൗലോസ് പറയുന്നത് അവർ ചെയ്യുന്നത് ആരോഗ്യം വർധിപ്പിക്കുവാനാണെന്ന്. അതിനാൽ ക്രിസ്തുവിൽ ഉറച്ച വിശ്വാസം വേണം. എന്നാൽ എല്ലാത്തിലും അന്ധവിശ്വാസം ആവരുത്. സംശായാലു ഇനി തോമാ ശ്ലീഹായുടെ സംശയം നല്ലതാണോ അതോടൊപ്പം ആദ്യ തവണയിലെ അദേഹത്തിന്റെ അഭാവം നല്ലതാണോ അല്ലയോ തോമാ ശ്ലീഹായുടെ സംശയത്തെ നിരീക്ഷിക്കുന്നതിനു മുമ്പ് അദ്ദേഹത്തെ ഒന്ന് നിരീക്ഷിക്കാം. 'തോമാ' എന്ന വാക്കിന്റെ അർത്ഥം 'ഇരട്ട' എന്നാണ്. ഇരട്ട എന്ന അർത്ഥത്തെക്കുറിച്ച് പണ്ഡിതന്മാർക്കിടയിൽ രണ്ടഭിപ്രായങ്ങളുണ്ട്. അദ്ദേഹത്തിന് ഇരട്ട വിരലുകളുള്ളതുകൊണ്ട്, അല്ലെങ്കിൽ രണ്ടഭിപ്രായങ്ങൾ ഉള്ളതുകൊണ്ട്. എന്തായാലും തോമാ ശ്ലീഹായിലെ ഉറച്ച വിശ്വാസിയെ കാണിക്കുന്നത് ലാസറിന്റെ ഭവനത്തിലേക്ക് യേശു പോകുവാൻ തീരുമാനിക്കുമ്പോൾ മറ്റു ശ്ലീഹർ ആ യാത്രയിൽ പോകുവാൻ വിസമ്മതിക്കുമ്പോൾ തോമാ ശ്ലീഹാ അവരെ ധൈര്യപ്പെടുത്തിക്കൊണ്ട് പറഞ്ഞു. "നമുക്ക് ഗുരുവിനെ അനുഗമിക്കാം, അവന് വേണ്ടി മരിക്കാം". എന്നാൽ ഇവിടെ ഉയിർപ്പ് സമയത്ത് തീർത്തും വ്യത്യസ്ത അഭിപ്രായം അദ്ദേഹം പറയുന്നു. യേശു ആദ്യം ശ്ലീഹർക്ക് പ്രത്യക്ഷപ്പെടുമ്പോൾ തോമാ ശ്ലീഹായുടെ അഭാവത്താൽ അദ്ദേഹത്തിനുണ്ടായ കോട്ടവും നേട്ടവും എന്താണ്? ഇവിടെ നേട്ടമായാലും കോട്ടമായാലും അദേഹത്തിന്റെ ജീവിതത്തിൽ അത് ആത്മിയ നന്മയ്ക്കും ലോകത്തിനു നല്ലൊരു ഗുണപാഠമാണ് ലഭിക്കുന്നത്. ശ്ലീഹയുടെ അഭാവത്താൽ അദ്ദേഹത്തിനുണ്ടായ രണ്ടു നഷ്ടങ്ങളാണ് ആദ്യമേ കണ്ടിരുന്നുവെങ്കിൽ തോമാ ശ്ലീഹായ്ക്ക്‌ സംശയമില്ലാതെ വിശ്വാസപൂർവ്വം വിശ്വാസമേറ്റു പറയാം. മറ്റൊന്ന്, യേശു ആദ്യ തവണയാണ് ശ്ലീഹന്മാരുടെ മോചനാധികാരത്തെ പുതുക്കുകയും അവരുടെ മുഖത്തു ഊതി പരിശുദ്ധ റൂഹായെ അവരിൽ നിറച്ചു. തോമാ ശ്ലീഹാ അവിടെ ഉണ്ടായിരുന്നുവെങ്കിൽ ഈ അനുഗ്രഹങ്ങൾ നേടുമായിരുന്നു. ഇവിടെ ഉയരുന്ന ചോദ്യം; യേശുവിന്റെ മരണ സമയത്ത് മറ്റു ശ്ലീഹന്മാരുടെകൂടെ തോമാ ശ്ലീഹാ ഉണ്ടായിരുന്നോ? അതോ ഇല്ലായിരുന്നോ? അവരുടെകൂടെ കർത്താവിന്റെ മരണശേഷം തൊട്ട് തോമാ ശ്ലീഹാ അവരോട് കൂടി ഉണ്ടായിരുന്നു. മത്തായി, മർക്കോസ്, ലൂക്കോസ് എന്നി സുവിശേഷങ്ങൾ നോക്കിയാൽ യേശു ഉയിർപ്പിന് ശേഷം ഒരേയൊരു തവണയെ ശ്ലീഹരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടതായി കാണാം. എന്നാൽ യോഹന്നാൻ ശ്ലീഹായുടെ സുവിശേഷത്തിൽ തോമാ ശ്ലീഹാ ഉയിർപ്പ് ശേഷം ശ്ലീഹരോടുകൂടെ ഉണ്ടായിരുന്നു എന്ന് ഒരു തെളിവുണ്ട്. അത് രാവിലെയാണ്. എന്തെന്നാൽ മഗ്ദലന മറിയം പത്രോസിനോട് കർത്താവിന്റ ഉയിർപ്പിനെക്കുറിച്ച് പറയുമ്പോൾ എന്ന ഭാഗത്ത്‌ അവിടെ പ്രേത്യകം പറയുന്നുണ്ട്, അവൾ യേശുവിന്റെ ശിക്ഷ്യരോട് പറഞ്ഞു അപ്പോൾ പകൽ ഉണ്ടായിരുന്ന തോമാ ശ്ലീഹാ വൈകുന്നേരം അവിടെയില്ല. എന്തിന്, എങ്ങോട്ട് പോയി എന്ന് പറയുന്നില്ല. എന്നാൽ യേശു സന്ധ്യക്ക് വന്നു എന്നും, തോമാ ശ്ലീഹാ അപ്പോൾ അവിടെയില്ലെന്നും എടുത്തു പറയുന്നുണ്ട്. അപ്പോൾ ശ്ലീഹായുടെ അഭാവത്തെ ഇതിന് മുമ്പ് എടുത്തു പറയാത്തതിനാൽ അദ്ദേഹം അവിടെയുണ്ടെന്നു നമുക്ക് മനസിലാക്കാൻ പറ്റും. എന്നാൽ സന്ധ്യക്ക്‌ മുമ്പ് അദ്ദേഹം മറ്റെങ്ങോട്ടോ പോയി എന്നുവേണം കരുതാൻ. തോമാ ശ്ലീഹായുടെ ഈ അഭാവം ചെറിയൊരു നഷ്ടമാണ്. എന്നാൽ എന്തിലും ഒരു ദൈവനിയോഗമുണ്ടെന്ന് പറയുംപോലെ, തോമാ ശ്ലീഹായ്ക്ക്‌ യേശുവിന്റെ തിരുമുറിവുകൾ സ്പർശിച്ചു കൊണ്ട് തന്റെ വിശ്വാസം ഏറ്റു പറയുവാനും യേശുവിനെ സാക്ഷ്യപ്പെടുത്തുവാനുമുള്ള വലിയ ഭാഗ്യം ലഭിച്ചു. മറ്റാർക്കും ലഭിക്കാത്ത വലിയ ഭാഗ്യം. പുതുഞായർ സെദ്റായിൽ പറയുന്നത് മറ്റുള്ളവരുടെ വിശ്വാസം പിന്തുടരുവാനല്ല, തന്റെതായ ഒരു വിശ്വാസ ഏറ്റുപറച്ചിൽ എന്ന് പറയുന്നു.

ഇനി ശ്ലീഹായെ വിട്ട് സംശയത്തെക്കുറിച്ച് ചിന്തിക്കാം. സംശയം എന്നത് വാസ്തവത്തിൽ ഒരു മാനുഷിക സ്വഭാവമാണ്. ചിലപ്പോൾ സംശയം നല്ലതാണ്. സംശയം ഉണ്ടെങ്കിൽ മാത്രമേ വിശ്വാസത്തെ ഉറപ്പിക്കുവാൻ സാധിക്കൂ. ഉദാഹരണത്തിന് നാം വിദ്യാഭ്യാസ കാലത്ത് ശാസ്ത്ര വിഷയങ്ങൾ പഠിക്കുമ്പോൾ നാം വിഷയ സംബന്ധമായ സംശയങ്ങൾ ഉന്നയിക്കും. എന്തുകൊണ്ട്? പഠിക്കുന്ന വിഷയയത്തെക്കുറിച്ച് കുറിച്ച് കൂടുതൽ അറിയുവാനും അതിന്മേലുള്ള സംശയം മാറുമ്പോൾ നമ്മുടെ ഉള്ളിൽ അറിവ് നിറയുന്നു. അതായത് സംശയത്തിലൂടെ അറിവ് നേടുന്നു. അല്ലെങ്കിൽ അറിവിനെ ഉറപ്പിക്കുവാൻ സംശയം വേണം. നാം സംശയങ്ങൾ ചോദിക്കുമ്പോൾ അതിന്റെ ഉത്തരം ലഭിക്കുന്നതിലൂടെ ഇവിടെ അറിവ് നിറയുന്നപോലെ അവിടെ അറിവിലൂടെ സംശയം മാറ്റുന്നു. സംശയം എന്നത് മനുഷ്യ സഹജമായ വികാരമാണ്. ഇവിടെ തോമാ ശ്ലീഹാ സംശയം വെച്ചതുകൊണ്ട്, അതിന്റെ പേരിൽ ഒരു വിചാരണ ചെയ്യുകയല്ല, മറിച്ച് ഇവിടെയുള്ള സാഹചര്യങ്ങളാണ് ചർച്ച ചെയ്യുന്നത്. ഈ വേദഭാഗത്ത് യേശു തമ്പുരാൻ തോമാ ശ്ലീഹായെ ഒരു സംശായാലു ആയിട്ടല്ല, അതായത് സ്ഥിരം സംശയിക്കുന്ന ഒരു വ്യക്തിയായിട്ടല്ല, ആവിശ്വാസി എന്ന് വിശേഷിപ്പിക്കുന്നത്. മറിച്ച്, സാഹചര്യം നിമിത്തം സംശയം വന്ന വ്യക്തി എന്നാണ്. ബൈബിൾ പരിശോധിച്ചാൽ തോമാ ശ്ലീഹായ്ക്ക്‌ മുമ്പും പിമ്പും സംശയാലുക്കളുണ്ടായിരുന്നു. എപ്പോഴും യഹോവയെ സംശയിച്ച ഇസ്രായേൽ ജനത, സ്കറിയ പുരോഹിതൻ 13 സങ്കീർത്തനത്തിലൂടെ ദാവീദ്, എന്തിന് വിശ്വാസ സ്ഥിരതയില്ലാത്തതുകൊണ്ട് ശിഷ്യഗണത്തെ അല്പവിശ്വാസികൾ എന്നാണ് യേശു വിളിച്ചത്. കർത്താവിന്റ കല്ലറയ്ക്കൽ പോയ സ്ത്രീകൾ യേശു ഉയിർക്കുമെന്ന പ്രതീക്ഷയോടെയല്ല, മരിച്ച യേശുവിനെ കാണാനായിരുന്നു. അവർ യേശുവിന്റെ ഉയിർപ്പിനെ വിശ്വസിച്ചില്ല. എന്തെന്നാൽ ഇത് അസാധ്യമെന്ന് അവർ കരുതി. മത്തായി 28:17, മർക്കോസ് 16:11 ലൂക്കോസ് 24:11എന്നി ഭാഗങ്ങളിൽ ശിക്ഷ്യരിൽ ചിലർ യേശുവിന്റെ ഉയിർപ്പിൽ വിശ്വസിച്ചില്ല. വാസ്തവത്തിൽ തോമാ ശ്ലീഹാ മാത്രമല്ല, ഇവരും അതെ ആവിശ്വാസ ഗണത്തിൽപ്പെടും. ഇവിടെ തോമാ ശ്ലീഹാ യേശുവിന്റെ ഉയിർപ്പിൽ സന്ദേഹം ഉണ്ടായത് അവന്റ മാനുഷിക വികാരം കൊണ്ട് മാത്രമല്ല. അതിൽ ചില ദൈവിക പദ്ധതികൾ നിറവേറനാണ്.

യേശു തമ്പുരാന്റെ ദൈവത്വവും മനുഷ്യത്വവും തോമ ശ്ലീഹയിലൂടെ വെളിപ്പെടുത്താൻ.

ഇരട്ട വിരലുകൾ വേർപെടാൻ.

തോമാ ശ്ലീഹായിലൂടെ സകലരുടെയും സംശയം നീക്കുവാൻ.

തിരുമുറിവുകൾ സ്പർശിച്ചുകൊണ്ട് സുവിശേഷിക്കാൻ ഉൾക്കാഴ്ച്ച നൽകാൻ.

തോമാ ശ്ലീഹാ യേശു തമ്പുരാന്റെ വിലാപ്പുറത്ത് തൊട്ട് വിശ്വാസം ഏറ്റു പറയുമ്പോൾ യേശു മരണത്തെ പരാജയപെടുത്തിയ ദൈവപുത്രനെന്നും, അവനിൽ നിന്നാണ് പാപമോചനം ലഭിച്ചതിന്റെ തെളിവാണ് വെള്ളവും രക്തവും വിലാവും ആ കൈ വിരലുകളും അതോടൊപ്പം തോമാ ശ്ലീഹാ യേശുവിന്റെ ദൈവത്വം മനുഷ്യത്വം എന്നിവയെക്കുറിച്ച് സാക്ഷിക്കുന്നു. ജൂലൈ 3 പ്രുമിയോൻ സെദ്റായിൽ ഇങ്ങനെ പറയുന്നു 'തോമാ ശ്ലീഹായുടെ സാക്ഷ്യത്താൽ ഇരുസ്വാഭാവ വാദികളുടെ വായടയ്ക്കുന്നു'. അതായത് യേശുവിന്റെ അവതാരത്തെ ചോദ്യം ചെയ്യാൻ കഴിയാൻ പറ്റാത്ത തെളിവാണ് തോമ ശ്ലീഹയുടെ സാക്ഷ്യം. തോമാ ശ്ലീഹായുടെ ഉള്ളിലെ ആ വിശ്വാസം എപ്പോൾ പോയി എന്നൊരു ചോദ്യം ഇപ്പോൾ നമ്മളുടെ മനസ്സിൽ ഉയരുന്നുണ്ട്. വാസ്തവത്തിൽ കർത്താവിന്റ മുറിവുകളെ സ്പർശിക്കുന്നതിനു മുമ്പുതന്നെ തോമാ ശ്ലീഹായോട് യേശു തന്റെ മുറിവുകളെ സ്പർശിക്കുവാനും ആവിശ്വാസം മാറ്റുവാൻ പറഞ്ഞപ്പോൾ തന്നെ ശ്ലീഹായ്ക്ക്‌ വിശ്വാസമായി. അത് തന്റെ ഗുരു എന്ന് കാരണം അദ്ദേഹത്തിനല്ലാതെ മറ്റാർക്കും തന്റെ ഉള്ളിലെ ചിന്തകളെക്കുറിച്ച് അറിയില്ല. അദ്ദേഹം മുറിവുകൾ സ്പർശിക്കാതെ തന്നെ വിശ്വസിച്ചു എങ്കിലും മുമ്പ് ശ്ലീഹാ പറഞ്ഞത് കൊണ്ടും, ഭാവയിൽ വേദവിപരീതികളുടെ സംശയം ഉയരാതിരിക്കുവാനായി ശ്ലീഹായെക്കൊണ്ട് തന്റെ മുറിവുകൾ തൊട്ട് വിശ്വാസം സാക്ഷിക്കുവാനും കർത്താവ് കല്പിച്ചു. അപ്രകാരം ചെയ്തപ്പോൾ തോമാ ശ്ലീഹായുടെ ഇരട്ട വിരലുകൾ വേർപ്പെട്ടു എന്നും, അപ്പോളാണ് അദ്ദേഹം എന്റെ കർത്താവും ദൈവമുമേ! എന്ന് പറഞ്ഞത്. ശ്ലീഹായുടെ ഈ ഏറ്റു പറച്ചിലിലുടെ ദൈവം തമ്പുരാൻ വേദവിപരീതികളുടെ വാമൂടി. യേശുവിന്റെ വിലാപ്പുറത്ത് തൊട്ട് വിശ്വാസം ഏറ്റു പറഞ്ഞ തോമാ ശ്ലീഹാ, കർത്താവിന്റെ സുവിശേഷം ഈ ഭാരത മണ്ണിൽ പ്രാഘോഷിക്കുകയും ഏതൊരു വിലാപുറത്ത് തൊട്ട് വിശ്വാസം ഏറ്റു പറഞ്ഞുവോ ആ വിശ്വാസത്തെ പ്രതി ആ വിലാപ്പുറത്ത് കുന്തത്താൽ മുറിവേറ്റ് രക്തസാക്കിയായി. യേശു തമ്പുരാൻ അദ്ദേഹത്തിന്റ തിരുമുറിവുകൾ സ്പർശിക്കുവാൻ തോമാ ശ്ലീഹായ്ക്ക്‌ അനുവാദം നൽകുമ്പോൾ അദേഹത്തിന്റെ ഉള്ളിലെ സംശയമെന്ന ഇരുട്ട് നീക്കി സത്യവിശ്വാസത്തെ പുതുക്കി നൽകി. അദ്ദേഹത്തിന് പുതിയൊരു ഉൾക്കാഴ്ച്ച കർത്താവ് നൽകുന്നു: ആരാണ് യഥാർത്ഥ ആവിശ്വാസി? തോമാ ശ്ലീഹായെ യേശു തമ്പുരാൻ ആവിശ്വാസി ആവാതെ വിശ്വാസിയാവുക എന്ന് പറയുമ്പോൾ എന്താണ് അതിന്റെ അർത്ഥം? വാസ്തവത്തിൽ കർത്താവ് പ്രത്യകഷത്തിൽ തോമാ ശ്ലീഹാ അദ്ദേഹത്തിന്റെ വാക്കുകൾ നിമിത്തം അല്ലെങ്കിൽ അദേഹത്തിന്റെ തീരുമാനത്തെ പ്രതി കർത്താവ് ഇങ്ങനെ വിമർശിച്ചു സംസാരിക്കുമ്പോഴും ഇത് അദ്ദേഹത്തോട് മാത്രമല്ല, തന്റെ ഉയിർപ്പിനെ വിശ്വാസിക്കാത്തിരുന്നവരും ജീവിച്ചിരിക്കുമ്പോൾത്തന്നെ തന്റെ ഉയിർപ്പിന് മുമ്പ് ഗലീലയിൽ കൂടണമെന്ന തന്റെ വാക്ക് കേൾക്കാതിരുന്ന, അല്ലെങ്കിൽ തന്നിൽ അപൂർണ്ണ വിശ്വാസമുള്ള ശ്ലീഹരോടും കൂടിയാണ്. എന്തുകൊണ്ട് ഇങ്ങനെ വിളിച്ചു എന്ന് ചോദിച്ചാൽ ശ്ലീഹർ സാധാരണകാരല്ല. മറിച്ച്, അവർ റൂഹാ നിറഞ്ഞവരും കർത്താവിൽ നിന്ന് താലന്തുകൾ ലഭിച്ചവരും അറിവുള്ളവരും സ്ഥാനംകൊണ്ട് സ്നേഹിതരും തങ്ങൾ കർത്താവിന്റെ കൂടെയുള്ളവർ എന്നതിൽ അഭിമാനിച്ചവരാണ്. എന്നിട്ടും ദുർബല മനസ്സും അപൂർണ്ണ വിശ്വാസം എന്നിങ്ങനെയാൽ തിരുവെഴുത്തുകളോ യേശുവിന്റെ വചനങ്ങളെയോ ഓർക്കാതെ വിശ്വാസം തെറ്റിയവരെപ്പോലെ ഒളിവിൽ കഴിഞ്ഞു. അവരുടെ ആ ഭയത്തോടെയുള്ള ജീവിതത്തെയാണ് യേശു വിമർശിച്ചത്. തന്റെ ഉയിർപ്പിന് ശേഷമുള്ള ദർശനത്താൽ ധൈര്യമുള്ള സുവിശേഷകരാക്കാനാണ് അവരുടെ ചുരുങ്ങിയ വിശ്വാസത്തെ വർധിപ്പിക്കുവാൻകൂടി കർത്താവ് ഇങ്ങനെയൊരു ദർശനം കൊടുത്തത്. പിന്നെ മറ്റൊരു കാരണം കൂടിയുണ്ട്. അത് എത്ര ദർശനം ലഭിച്ചാലും ചിലപ്പോൾ മനുഷ്യൻ പഴയ ജീവിതത്തിലേക്ക് പോകും ആവർത്തനത്തിൽ യഹോവ മോശയോട് പറഞ്ഞു ഈ ജനത കനാനിൽ എത്തിയാലും അവർ എന്നെ മറക്കും. അതുപോലെ ശിക്ഷ്യർ തങ്ങളുടെ സുവിശേഷ ദൗത്യത്തെ എത്രയോ തവണ മറന്നുകൊണ്ട് പഴയ ജീവിതത്തിലേക്ക് പോയി. ഒരിക്കലും യേശു എല്പിച്ച ആ ലക്ഷ്യത്തെക്കുറിച്ച് ചിന്തിച്ചില്ല. പഴയ ജീവിതത്തിലേക്ക് പോയി. അത് ഇപ്പോൾ മാത്രമല്ല, യോഹന്നാൻ 21 കാണുന്നപോലെ ഈ ഭാഗത്തിനു ശേഷവും അവർ സുവിശേഷ ദൗത്യത്തിനു പോകാതെ മീൻ പിടിക്കുവാൻ പോയി. ഇങ്ങനെ വിശ്വാസം, ആത്മിയ ലക്ഷ്യം എന്നിവയിൽ നിന്ന് മാറുന്നവർ എല്ലാം സംശയാലുകളും അല്പവിശ്വാസികളുമാണ്. അത് ശ്ലീഹർ മാത്രമല്ല ഈ സമൂഹത്തിലുള്ള നാമെല്ലാവരും അതില്പെടും. അവിടെ വ്യത്യാസമില്ല. എന്തെന്നാൽ നാമും ദൈവിക കാര്യങ്ങളിൽ വിശ്വാസത്തേക്കാൾ കൂടുതൽ സംശയമുള്ളവരാണ്. മറ്റൊരാൾ രക്ഷ പ്രാപിച്ചാലോ, എന്റെ കാര്യം നേടിയാലോ ഞാൻ കർത്താവിൽ വിശ്വസിക്കും. ഇല്ലെങ്കിൽ ഇല്ല നാം അങ്ങനെ ആവരുത്. മറിച്ച്, ഉറച്ച വിശ്വാസമുള്ളവരും ഉൾക്കാഴ്ചയുള്ളവരുമായി ജീവിക്കണം. അത് ലഭിക്കുവാൻ കർത്താവിനോട് പ്രാർത്ഥിക്കുക. നാം സംശയത്തെക്കുറിച്ച് ഇവിടെ ചർച്ച ചെയ്യുകയാണല്ലോ. സംശയം അമിതമാകരുത്. മറിച്ച് വിശ്വാസത്തെ വർധിപ്പിക്കുവാൻ സംശയം ഉപയോഗിക്കുക.

പ്രിയമുള്ളവരേ, ഈ ദിവസം നമുക്ക് ലഭിക്കുന്ന ചില സന്ദേശങ്ങൾ ഇവയാണ്.

വിശ്വാസത്തെ വർധിപ്പിക്കുവാൻ വേണ്ടി സംശയം ഉപയോഗിക്കുക.

ഭയത്തോടെയല്ല, ഏത് സാഹചര്യത്തിലും ഉറച്ച വിശ്വാസത്തിൽ ജീവിക്കുക.

ദൈവിക വചനങ്ങൾ എപ്പോഴും സ്മരിക്കുക അത് പ്രകാരം ജീവിക്കുക.

ലോക പ്രകാരമുള്ള ഇരുട്ടിൽ നിന്ന് ഉൾക്കാഴ്ച്ചയുള്ളവരായി ജീവിക്കുവാൻ കർത്താവിനോട് അപേക്ഷിക്കുക.

പഴയ മനുഷ്യനാവാതെ ദൈവം നൽകുന്ന കൃപയെ വർധിപ്പിച്ചുകൊണ്ട് എപ്പോഴും വിശുദ്ധിയും പുതുക്കമുള്ളവരുമാവുക.

വിശ്വാസം അന്ധവിശ്വാസം ആവരുത്.

ജീവിതംകൊണ്ട് ക്രിസ്തുവിനെ സുവിശേഷിക്കുക.

മനുഷ്യ ജാതി ബഹുവിധ ചിന്തകൾ വെച്ചു പുലർത്തുന്നു. മാനവ സംസ്ക്കാരത്തിന്റെ, സുദീർഘമായ യാത്രയിൽ മനുഷ്യൻ എന്നോ, എവിടെയോ, അവൻ അന്വേഷിച്ചപ്പോൾ, അവന്റെ സ്രഷ്ടാവ് അവനെ കണ്ടെത്തി. അന്ന് ചില മനസ്സുകൾ ദൈവത്തോട് സംവദിച്ചു.

ബൈബിളിൽ ആദ്യ പുസ്തകത്തിൽ പറയുന്ന ഹാനോക്ക്, നോഹ, മോശ, പിന്നിട് പ്രവാചകന്മാർ, ആ പാതയിൽ സഞ്ചരിച്ചവരാണ്.

രക്ഷകനായ, ദൈവപുത്രനായ മശിഹാ, മരണത്തിന് അതീതമായ ഒരു നിത്യജീവിതത്തെ വാഗ്ദാനം ചെയ്തു. മാനസാന്തരവും സ്വർഗ്ഗരാജ്യവും പ്രസംഗിച്ചു.

മതത്തെ താൽക്കാലിക സുഖഭോഗത്തിന് വിനയോഗിച്ചു വന്നവർക്കു അവരുടെ നിലനില്പിന്, യേശുവിനെ വധിക്കണമായിരുന്നു.

ഇതെല്ലാം അവരുടെ പ്രവാചകന്മാർ പണ്ട് എഴുതിവെച്ചത് നിവൃത്തിയാകുയാണ് എന്ന് മരണശേഷവും പുനരുദ്ധാനത്തിലൂടെ യേശു പഠിപ്പിച്ചു.
        
മരണം എല്ലാവർക്കും എന്നും യഥാർത്ഥ്യമാണ്. മരണശേഷമുള്ള ഉയിർപ്പ്, മരണത്തിന്റെ ഉടമയായ സാത്താനിൽനിന്നും മരണത്തെ ജയിച്ച യേശു മുഖാന്തരമുള്ള വിമോചനം സാധാരണ മനുഷ്യർക്കൊരു സങ്കല്പമോ വെറും വിശ്വാസം മാത്രമോ ആണ്.

എന്നാൽ ആത്മാവായ ക്രിസ്തുവിൽ അന്ത്യദിനം ജീവിക്കുന്നവർക്ക് ഇന്നുവരെ ജീവിച്ചവർ, ഒരു ഒഴുക്കുള്ള നദി കടത്തു കടക്കുന്നതുപോലുള്ള യാത്രയാണ്. പരിചിതമല്ലാത്തതിനാൽ നദിയും ഒഴുക്കും ഭയപ്പെടുത്തുന്നുണ്ട്. അതോടൊപ്പം കടത്തുകാരനിലും, അവന്റെ വള്ളത്തിലും വിശ്വാസവുമുണ്ട്.

ഇക്കരെ യാത്ര ചെയ്യുന്ന നമുക്ക് കടവ് കടക്കണമെന്ന അറിവേയുള്ളൂ, കടന്ന് പരിചയമില്ല. കടന്നവർ ആരും തിരിച്ചു വന്നിട്ടുമില്ല. കാരണം ഇത് പുറകോട്ടുള്ള യാത്രയല്ല മുന്നോട്ടുള്ള യാത്രയാണ്.

ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് പുതുഞായറാണ് ക്രിസ്തു പാതാളത്തിൽ സാത്താന്റെ തടവറയിൽ ആയിരുന്നതും,
മരണക്കടലിൽ നിന്നും രക്ഷപ്പെടാൻ ആഗ്രഹിച്ച ആദാം, നോഹ മുതലായ എല്ലാവരെയും തിരികെ പറുദീസയിൽ തിരികെ പ്രവേശിപ്പിച്ച എട്ടാം നാൾ. ഇന്നൊരു പുതിയ ദിവസം ആരംഭിക്കുന്നു എന്ന് അന്ത്യോഖ്യൻ പിതാക്കന്മാർ എഴുതിയ
പ്രാർത്ഥനകളിൽ കാണുന്നു. പ്രുമിയോൻ, സെദ്റാ പുതുഞായറാഴ്ച പ്രഭാതം ഒന്നാമത്തേതും എട്ടാമത്തേതുമായ ഈ ദിവസം എല്ലാ സൃഷ്ടിക്കും, മാനുഷിക വാക്കുകൾക്കും ആലോചനയ്ക്കും അതീതമായ അതിന്റെ ഗതിക്ക് ആരംഭം നൽകി. ഉൽകൃഷ്ടമായ അതിന്റെ ക്രമീകരണത്തെപ്പറ്റി ശലോമോൻ ഉപമയായി പറഞ്ഞിട്ടുണ്ട്. ഏഴിനും എട്ടിനും ഓഹരി കൊടുക്കണമെന്ന് പറഞ്ഞിരിക്കുന്നു. ഈ ലോകത്ത് ധാർമ്മിക ജീവിതം നയിക്കുമ്പോൾ എട്ടാമത്തെ അന്ത്യനാളിൽ പരത്തിൽ പ്രതിഫലം കിട്ടുന്നു. അവിടെ രാവും പകലും വ്യത്യാസമില്ല. പുതിയ നിശ്ചയത്തോടെ, ഒരു പുതു ചുവടുവെപ്പ് ആകട്ടെ.

പ്രിയമുള്ളവരെ, ഈ പുതുഞായർ നമ്മുടെ ജീവിതത്തിനു പുതിയ തുടക്കവും തോമാ ശ്ലീഹായെപ്പോലെ ഉൾക്കാഴ്ച്ചയുള്ളവരായി തീരുവാൻ ദൈവം തമ്പുരാൻ ഇടയാക്കട്ടേ, എന്ന് പ്രാർത്ഥിച്ച് ആശംസിക്കുന്നു. പരിശുദ്ധ കന്യക മർത്തമറിയം അമ്മയുടെയും സുവിശേഷത്താൽ ക്രിസ്തുവിൽ നമ്മെ ജനിപ്പിച്ച നമ്മുടെ കാവൽ പിതാവായ മാർത്തോമാ ശ്ലീഹായുടെയും ശേഷം വിശുദ്ധരുടെയും മാധ്യസ്ത്ഥത നമുക്ക് കാവലും കോട്ടയും അവരുടെ ആത്മിയ ജീവിതം മാതൃകയാകട്ടേ. ആമ്മീൻ.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ആരാണ് നമ്മുടെ ദൈവം?
  • വിനാഴിക
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • മൊർത് ശ്മൂനിയും ഏഴ് മക്കളും.
  • സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?
  • 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.
  • സംഗീതം മരിക്കില്ല.
  • ഫെബ്രുവരി 22 ശ്ലീഹന്മാരില്‍ തലവനായ പത്രോസിന്‍റെ അന്ത്യോഖ്യാ സിംഹാസന സ്ഥാപനദിനം. (പാത്രിയര്‍ക്കാ ദിനം)
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • രഹസ്യവും കുർബാനയും.
  • സ്തൗമെൻകാലോസ്.
  • യേശു ചോദിച്ച ഏഴ് ചോദ്യങ്ങൾ.
  • കഴുത മറന്നുപോയ സത്യം
  • ഫീറോ (Skull cap)
  • മുടക്ക്, മഹറം.
  • ആദ്യാചാര്യത്വം....
  • വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.
  • എബ്രായരിലെ ക്രിസ്തു.
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം
  • വിശേഷ ദിവസങ്ങളിൽ ക്രിസ്ത്യാനികളുടെ പലഹാരങ്ങൾ
  • ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.
  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
  • വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.
  • ഭവന ശുദ്ധീകരണം.
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.
  • മൊഴിമാറ്റത്തിന്റെ കുഴി.
  • നോമ്പ് എടുക്കുന്നുണ്ടോ?
  • സാറാഫുകൾ
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • മോർ ബാലായി.
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • വാങ്ങിപ്പോയവർ
  • ബൈബിളിലെ പേരുകൾ
  • വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.
  • ബൈബിൾ.
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • ബസ്ക്യൊമോ.
  • ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍.
  • ഭയങ്കര കുർബാനയാണോ! വിശുദ്ധ കുർബാന?
  • വിശുദ്ധ കുർബാനാനുഭവം
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • വെളിപ്പാടു പുസ്തകത്തിൽ ഏഴു ഭാഗ്യവാന്മാരെക്കുറിച്ചു പറയുന്നു.
  • റമ്പാൻ ബൈബിൾ.
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved