Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • വിശുദ്ധ കുർബാനാനുഭവം

വിശുദ്ധ കുർബാനയെന്നത് നമ്മുടെ കർത്താവിന്റെ തിരുശരീരരക്തങ്ങളാണെന്ന് വളരെ സംക്ഷിപ്തമായി പറയാം. ഗോതമ്പുപൊടികൊണ്ടുണ്ടാക്കിയ അപ്പവും നേർപ്പിച്ച വീഞ്ഞുമാണ് വിശുദ്ധ കുർബാനയ്ക്കുപയോഗിക്കുന്ന വസ്തുക്കൾ. "പരിശുദ്ധ റൂഹാ ആവസിച്ച് ഈ അപ്പത്തെ/കാസായിലെ കലർപ്പിനെ ഞങ്ങളുടെ കർത്താവായ യേശുമിശിഹായുടെ തിരുശരീരം/തിരുരക്തം ആക്കിത്തീർക്കുമാറാകട്ടെ" എന്ന പുരോഹിതന്റെ പ്രാർത്ഥനയോടുകൂടി ഗോതമ്പപ്പവും നേർപ്പിച്ച വീഞ്ഞും കർത്താവിന്റെ തിരുശരീരരക്തങ്ങളായിത്തീരുന്നുവെന്ന് സുറിയാനി ഓർത്തഡോക്സുകാർ വിശ്വസിക്കുന്നു. ഈ പ്രാർത്ഥനയ്ക്കുശേഷം അത് അപ്പമോ വീഞ്ഞോ അല്ല; കർത്താവിന്റെ തിരുശരീരവും തിരുരക്തവുമത്രെ. തുടർന്നുള്ള പ്രാർത്ഥന "കർത്താവേ, ഈ തിരുശരീരരക്തങ്ങൾ അനുഭവിക്കുന്ന സകലർക്കും......." എന്നാണ് തുടങ്ങുന്നത്. പുരോഹിതൻ പ്രാർത്ഥിക്കുക മാത്രമല്ല ചെയ്യുന്നത്, തന്റെ കൈകൾ അപ്പവീഞ്ഞുകളിൽ ഒരു പ്രത്യേകരീതിയിൽ വീശി പരിശുദ്ധാത്മാവിനെ അതിൽ ആവസിപ്പിക്കുന്നു. ഈ പരിശുദ്ധറൂഹാവാസത്തെ Invocation of Holy Spirit എന്ന് ഇംഗ്ലീഷിലും ἐπίκλησις (epiclesis) എന്ന് ഗ്രീക്കിലും Invocatio Spiritus Sanctus എന്ന് ലാറ്റിനിലും aovuRD atYxrk (ക്രൊയ്ത്തൊ ദ്റൂഹോ) എന്ന് സുറിയാനിയിലും പറയുന്നു. സുറിയാനി ഓർത്തഡോക്സ് വിശ്വാസത്തിൽ ഇതൊരു വലിയ രഹസ്യമാണ്. എല്ലാ കൂദാശകളിലും ഇതുപോലൊരു രഹസ്യം ഒളിഞ്ഞിരിക്കുന്നുണ്ട്.

ഗോതമ്പപ്പവും വീഞ്ഞും പരിശുദ്ധാത്മാവാസത്തിലൂടെ വസ്തുമാറ്റം സംഭവിച്ച് അത് യഥാർത്ഥത്തിൽ കർത്താവിന്റെ തിരുശരീരവും തിരുരക്തവുമായി മാറുന്നുവെന്ന് (Transubstantiation) റോമൻ കത്തോലിക്കാ സഭ പഠിപ്പിക്കുമ്പോൾ അപ്പവീഞ്ഞുകൾ കർത്താവിന്റെ തിരുശരീരരക്തങ്ങളായി ഭവിക്കുന്ന ഒരു രഹസ്യ പ്രക്രിയയിൽ (Theory of Mystery) സിറിയൻ ഓർത്തഡോക്സുകാർ വിശ്വസിക്കുന്നു. മാർട്ടിൻ ലൂഥറിന്റേയും (Consubstantiation) ജോൺ കാൽവിന്റേയും (Spiritual Presence) സിദ്ധാന്തങ്ങളെ പിന്തുടരുന്ന പ്രൊട്ടസ്റ്റന്റ് സഭകൾക്ക് മറ്റുചില വീക്ഷണങ്ങളാണുള്ളത്. മറ്റുപല സഭകൾക്കും ഇതേക്കുറിച്ച് വ്യത്യസ്തങ്ങളായ ഉപദേശങ്ങളുണ്ട്.

ആർക്കെല്ലാം വിശുദ്ധ കുർബാന അനുഭവിക്കാം?

വിശ്വാസികൾക്കു നൽകുന്നതിനുവേണ്ടിയാണ് വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നത്. "അനുഭവിച്ചീടുന്നോർക്കായി അനുഷ്ഠിക്കുന്നീ കുർബാന" എന്നു നാം പാടുന്നു (മലങ്കര ഓർത്തഡോക്സ് സുറിയാനി ക്രിസ്ത്യാനികളുടെ സ്ലീബാ-ക്യംതാ നമസ്കാരം & വിശുദ്ധ കുർബാനക്രമം, എം.ഒ.സി. പബ്ലിക്കേഷൻസ്, കോട്ടയം, 2013, പേജ് 187). അതുകൊണ്ട് എല്ലാ വിശ്വാസികൾക്കും അതനുഭവിക്കാം. എന്നാൽ വിശുദ്ധ കുർബാന ആഘോഷിക്കുമ്പോൾ പുരോഹിതൻ പറയുന്നത് ഇപ്രകാരമാണ്: "വിശുദ്ധിയുള്ളവർക്കും വെടിപ്പുള്ളവർക്കും ഈ വിശുദ്ധതകൾ നൽകപ്പെടുന്നു". അതിന്റെ പ്രതിവാക്യം ഇങ്ങനെ: "പരിശുദ്ധനായ ഏക പിതാവും പരിശുദ്ധനായ ഏക പുത്രനും പരിശുദ്ധനായ ഏക റൂഹായുമല്ലാതെ പരിശുദ്ധനില്ല, ആമ്മീൻ" (മലങ്കര ഓർത്തഡോക്സ് സുറിയാനി ക്രിസ്ത്യാനികളുടെ സ്ലീബാ-ക്യംതാ നമസ്കാരം & വിശുദ്ധ കുർബാനക്രമം, എം.ഒ.സി. പബ്ലിക്കേഷൻസ്, കോട്ടയം, 2013, പേജ് 206). അപ്പോൾ പിന്നെ നമുക്കെങ്ങനെ വിശുദ്ധ കുർബാന അനുഭവിക്കാനാകും? വിശുദ്ധിയും വെടിപ്പും പിതാവിനും പുത്രനും പരിശുദ്ധ റൂഹായ്ക്കും മാത്രമുള്ളതാണെങ്കിൽ എങ്ങനെ നമുക്ക് ഈ വിശുദ്ധകൾ ഭക്ഷിക്കുവാൻ കഴിയും?

തുടർന്നുള്ള പട്ടക്കാരന്റെ പ്രാർത്ഥന ശ്രദ്ധിക്കുക: "തന്റെ മനോഗുണത്താൽ ലോകത്തെ സൃഷ്ടിച്ചുണ്ടാക്കിയ പരിശുദ്ധനായ ഏകപിതാവ് നമ്മോടുകൂടെ", "............ ഏകപുത്രൻ നമ്മോടുകൂടെ", "......... ഏകപരിശുദ്ധ റൂഹായും നമ്മോടുകൂടെ". ഈയൊരവസ്ഥയിൽ അതായത്, ത്രീയേക ദൈവം നമ്മിൽ വസിക്കുന്നെങ്കിൽ മാത്രമേ നമുക്ക് വിശുദ്ധരായിരിക്കാൻ കഴിയുകയുള്ളൂ. എങ്കിൽ മാത്രമേ വിശുദ്ധ കുർബാന അനുഭവിക്കാനും പാടുള്ളൂ. അതാണ് വിശുദ്ധ കുർബാന അനുഭവിക്കാനുള്ള യോഗ്യത.

വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നത് നോക്കാം: "അതുകൊണ്ട് അയോഗ്യമായി അപ്പം തിന്നുകയോ കർത്താവിന്റെ പാനപാത്രം കുടിക്കുകയോ ചെയ്യുന്നവൻ എല്ലാം കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ച്‌ കുറ്റക്കാരനാകും". (1.കൊരിന്ത്യർ 11:27). തിരുശരീരരക്തങ്ങളുടെ ആഘോഷത്തിന് തൊട്ടുമുമ്പ് ശുശ്രൂഷക്കാരൻ ആഹ്വാനം ചെയ്യുന്നതിങ്ങനെയാണ്: "ഭയത്തോടും വിറയലോടും നാം സൂക്ഷിക്കണം". മേല്പറഞ്ഞ വ്യവസ്ഥകൾ പാലിക്കുന്ന ഏതൊരു വിശ്വാസിക്കും താൻ പൂർണ്ണ ഒരുക്കത്തോടെയാണ് വന്നിരിക്കുന്നതെന്നു ബോദ്ധ്യമുണ്ടെങ്കിൽ വിശുദ്ധ കുർബാന ഭക്ഷിക്കാം. അല്ലെങ്കിലോ ആയവർ "........ശിക്ഷാവിധി തിന്നുകയും കുടിക്കുകയും ചെയ്യുന്നു". (1.കൊരിന്ത്യർ 11:29). തിരുശരീരരക്തങ്ങൾ അനുഭവിക്കുന്നതിനു മുമ്പായി 'മനുഷ്യൻ തന്നത്താൻ ശോധന ചെയ്യണ’മെന്നാണ് വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നത് (1.കൊരിന്ത്യർ 11:28). ഈ സാഹചര്യത്തിൽ നാം നടത്തുന്ന വിശുദ്ധ കുമ്പസാരം എത്രമാത്രം സത്യസന്ധവും ആത്മാർത്ഥത നിറഞ്ഞതുമായിരിക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

'സ്ത്രീകളുടെ ആർത്തവ സമയത്ത് വിശുദ്ധ കുർബാന അനുഭവിക്കാമോ' എന്ന് പല സ്ത്രീകളും പെൺകുട്ടികളും സംശയമുന്നയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ സഭയിലോ ആത്മീയ സംഘടനകളിലോ എന്തെങ്കിലും ഉപദേശങ്ങൾ കൊടുക്കുന്നതായി അറിവില്ല. ലോകത്തിലെ പല ക്രിസ്ത്യൻ സഭകളും അതിനെ വിലക്കുന്നുണ്ടെങ്കിലും സിറിയൻ ഓർത്തഡോക്സ് സഭയിലെ വൈദികർക്ക് അതിനനുകൂലമായ നിലപാടുള്ളതായിട്ടാണ് മനസ്സിലാവുന്നത്. ഇതേപ്പറ്റി ശ്ലീഹന്മാരുടെ നിയമ സംഹിതയ്ക്കും അനുകൂലാഭിപ്രായമാണുള്ളത്. എങ്കിലും ആദിമസഭയിലെ വിശുദ്ധ പിതാക്കന്മാർക്ക് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണുള്ളത്. ‘മാസമുറ കാലത്ത് സ്ത്രീകൾ പ്രാർത്ഥന, വേദവായന, വിശുദ്ധ കുർബാന എന്നിവയിൽ നിന്നു മാറി നിന്നാൽ ആ സമയത്ത് അവർ പരിശുദ്ധാത്മാവിൽ ശൂന്യരായിപ്പോവുകയും അഥവാ, അവർ ആ സമയത്ത് പെട്ടെന്ന് മരിക്കാനിടയായാൽ പരിശുദ്ധാത്മ നിറവില്ലാതെയും ദൈവത്തിലുള്ള പ്രത്യാശ നഷ്ടപ്പെട്ടവരായും കടന്നു പോകേണ്ടിവരികയും ചെയ്യും’ എന്നു ശ്ലീഹന്മാരുടെ നിയമങ്ങൾ പറയുന്നു. (Irah Chase, The Work Claiming To Be The Constitution Of The Holy Apostles Including The Canons, D. Appleton & Company, Philadelphia, 1847, page 157).

ഒറിഗന്റെ ശിഷ്യനും അലക്സന്ത്രിയായിലെ പാത്രിയർക്കീസുമായിരുന്ന (ക്രിസ്തുവർഷം 248-264) മാർ ദീവന്നാസിയോസ് തന്റെ രണ്ടാം കാനോനിൽ പറയുന്നു: “മാസമുറയിലുള്ള സ്ത്രീകൾ യാതൊരു കാരണവശാലും വിശുദ്ധ മേശയോടടുക്കരുത്, തിരുശരീരരക്തങ്ങൾ തൊടരുത്, പള്ളികളിൽ വരുകയുമരുത്; മറ്റെവിടെയെങ്കിലും പ്രാർത്ഥിച്ചുകൊള്ളണം”. (Philip Schaff , Nicene and Post-Nicene Fathers, Series II, Volume XIV, Christian Classics Ethereal Library, Grand Rapids ,1899, page 1162). എന്നാൽ പുരുഷന്മാരോട് അദ്ദേഹം ഔദാര്യം കാണിക്കുകയും ചെയ്യുന്നു. "മനഃപൂർവമല്ലാത്ത സ്രവമുണ്ടാകുന്ന പുരുഷന്മാർ തങ്ങളുടെ വിവേചനമനുസരിച്ച് പ്രവർത്തിക്കാവുന്നതാണ്". (Philip Schaff, Nicene and Post-Nicene Fathers, Series II, Volume XIV, Christian Classics Ethereal Library, Grand Rapids,1899, page 1163). ഇവിടെ സ്ത്രീപുരുഷ വിവേചനം വളരെ പ്രകടമായി കാണാം. രണ്ടിന്റേയും കാരണം അദ്ദേഹം പറയുന്നുമില്ല. യൂദന്മാരുടെ ഇടയിലുണ്ടായിരുന്ന ‘ശുദ്ധി’, ‘അശുദ്ധി’ എന്ന നിയമത്തിന്റെ (ലേവ്യർ 12:1-5, 15:19-30) അടിസ്ഥാനത്തിലായിരിക്കാം അദ്ദേഹം അങ്ങനെ പറഞ്ഞെതെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. എന്നാൽ ഇത് ശ്ലീഹന്മാരുടെ കാനോന് വിരുദ്ധമായേ കാണാൻ കഴിയൂ.

'ആമോൻ' എന്ന സന്യാസിശ്രേഷ്ഠന് എഴുതിയ കത്തിൽ "മൂക്കിൽ നിന്നു വരുന്ന കഫം പോലെയും വായിലെ തുപ്പൽ പോലെയും പ്രകൃത്യാ ഉള്ള സ്രവങ്ങൾക്ക് എന്തു പാപമോ അശുദ്ധിയോ ആണുള്ളത്" എന്നു നിഖ്യാ സുന്നഹദോസ് വീരനായ അലക്സന്ത്രിയായിലെ തന്നെ വിശുദ്ധ അത്താനാസിയോസ് ചോദിക്കുന്നു. തുടർന്നദ്ദേഹം പറയുന്നു: "മനഃപൂർവ്വമല്ലാതെയുണ്ടാവുന്ന ഏതൊരു ശാരീരികസ്രവവും അതുപോലെതന്നെ പ്രകൃതിയുടെ ആവശ്യങ്ങളാണ്". (Philip Schaff, Nicene and Post-Nicene Fathers, Series II, Volume IV, Christian Classics Ethereal Library, Grand Rapids, 1891, page 1358). സൃഷ്ടിയുടെ ഭാഗമായുള്ള ഒരു സ്രവവും പാപമായോ ദൈവാലയത്തിൽ പോകാതിരിക്കാനോ വിശുദ്ധ കൂദാശകളിൽ പങ്കെടുക്കാതിരിക്കാനോ തക്ക അശുദ്ധിയായോ അദ്ദേഹം കാണുന്നില്ല.

വിശുദ്ധ കുർബാനാനുഭവത്തിന്റെ ഇടവേള.

എത്ര ഇടവേളകളിൽ വിശുദ്ധ കുർബാനയനുഭവിക്കണമെന്നുള്ളത് വിശ്വാസികളുടെയിടയിൽ തീരാത്ത സംശയമായി ഇന്നും നിലകൊള്ളുന്നു. പല സഭകളിലും അങ്ങനെ കൃത്യമായ ഒരു ഇടവേള നിശ്ചയിക്കപ്പെട്ടിട്ടില്ല. വിശുദ്ധ അപ്പൊസ്തോലന്മാരുടെ ആദ്യ കാലങ്ങളിൽ അവർ ദിവസേന പള്ളികളിൽ കൂടിവരികയും വീടുകളിൽ അപ്പം നുറുക്കുകയും ചെയ്തിരുന്നതായി പറയുന്നു (അപ്പോസ്തോല പ്രവൃത്തികൾ 2:46). പിന്നീട് ഇത് ആഴ്ചയിലൊരിക്കലായി മാറി എന്നുവേണം കരുതാൻ (അപ്പോസ്തോല പ്രവൃത്തികൾ 20:7). കാലക്രമത്തിൽ ഈ പതിവിനും മാറ്റം സംഭവിച്ചു; വിശുദ്ധ കുർബാനാനുഭവം വ്യക്തികളുടെ സൗകര്യം പോലെയായി. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പിതാക്കന്മാരുടെ വാക്കുകൾ ശ്രദ്ധിച്ചാൽ ഇക്കാര്യത്തിൽ അന്നും ഒരൈകരൂപ്യം ഇല്ലായിരുന്നുവെന്നു കാണാം.

വിശുദ്ധ ബസ്സേലിയോസ് പറയുന്നു: “എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്'' എന്ന് കർത്താവ് പറഞ്ഞിരിക്കുന്നതിനാൽ എല്ലാ ദിവസവും തന്റെ തിരുശരീരരക്തങ്ങൾ അനുഭവിക്കുന്നത് നല്ലതും ഗുണകരവുമാണ്........ ഞാൻ ആഴ്ചയിൽ നാലു പ്രാവശ്യം അതു ചെയ്യുന്നു, കർതൃദിനത്തിലും ബുധനാഴ്ചയും വെള്ളിയാഴ്ചയും ശാബതുദിനത്തിലും ഏതെങ്കിലും വിശുദ്ധന്മാരുടെ ഓർമ്മയെ അനുഷ്ഠിക്കുന്ന ദിവസമുണ്ടെങ്കിൽ അന്നും”. (Philip Schaff and Henry Wace, Nicene and Post-Nicene Fathers, Series II, Volume VIII, Christian Classics Ethereal Library, Grand Rapids, 1894, page 526).

എന്നാൽ വിശുദ്ധ ജോൺ ക്രിസോസ്റ്റം പറയുന്നു: “ചിലർ (ദയറാക്കാരെ ഉദ്ദേശിച്ച്) വർഷത്തിലൊരിക്കലും മറ്റുചിലർ രണ്ടു പ്രാവശ്യവും വേറെ ചിലർ പലപ്രാവശ്യവും തിരുശരീരരക്തങ്ങളിൽ പങ്കുകൊള്ളുന്നു. എല്ലാവരോടുമായി നമുക്ക് പറയാനുള്ളത് ഇതാണ്: 'ഇതിൽ ഏതു രീതിയാണ് അംഗീകരിക്കേണ്ടത്?.......... ഇതൊന്നുമല്ല, നിർമ്മല മനഃസാക്ഷിയോടും നിർമ്മലഹൃദയത്തോടും സത്യസന്ധതയോടും അത് സ്വീകരിക്കുന്നവർ തുടർച്ചയായി അങ്ങനെ ചെയ്യട്ടെ; അങ്ങനെയല്ലാത്തവർ ഒരിക്കൽപ്പോലുമരുത്”. (Philip Schaff, Nicene and Post-Nicene Fathers, Series I, Volume XIV, Christian Classics Ethereal Library, Grand Rapids, 1889, page 842).

വിശുദ്ധ കുർബാനയിൽ സംബന്ധിക്കുന്ന മഹാപുരോഹിതനോ പുരോഹിതനോ ശെമ്മാശ്ശനോ പുരോഹിതശ്രേണിയിലുള്ള മറ്റാരെങ്കിലുമോ വ്യക്തമായ കാരണം ബോധിപ്പിക്കാതെ അതനുഭവിക്കാതിരുന്നാൽ, സഭയുടെ നേർപന്ഥാവിലുള്ള പോക്കിനെ തടസ്സപ്പെടുത്താതിരിക്കാൻ, അങ്ങനെയുള്ളവരെ മാറ്റിനിർത്തണമെന്ന് വിശുദ്ധ ശ്ലീഹന്മാരുടെ നിയമങ്ങൾ അനുശാസിക്കുന്നു. (Irah Chase, The Work Claiming To Be The Constitution Of The Holy Apostles Including The Canons, D. Appleton & Company, Philadelphia, 1847, page 246). വിശുദ്ധ കുർബാനയിൽ സംബന്ധിക്കുന്ന പുരോഹിത ശ്രേണിയിൽപ്പെട്ട ആർക്കും വിശുദ്ധ കുർബാന അനുഭവിക്കാം; അതിന് കുമ്പസാരവും ഹൂസോയോയും (പാപപരിഹാര പ്രാർത്ഥന) നിർബന്ധമല്ല. എങ്കിലും പലരും, മഹാപുരോഹിതന്മാരുൾപ്പടെ, ഹൂസോയോ പ്രാപിക്കുന്ന പതിവുണ്ട്. കുമ്പസാരിക്കണമെന്നു തോന്നിയാൽ അങ്ങനെയും ചെയ്യും. ഇതിൽ നിന്നെല്ലാം ഒരു കാര്യം വ്യക്തമാവുന്നു: വിശുദ്ധ കുർബാനയുള്ള ദിവസങ്ങളിലെല്ലാം അതനുഭവിക്കാം. അതിനങ്ങനെ കൃത്യമായ ഇടവേളകൾ നിശ്ചയിച്ചിട്ടില്ല. എന്നാൽ ഓരോരുത്തരും തന്നെത്തന്നെ ശോധന ചെയ്തിട്ടു വേണം വിശുദ്ധ കുർബാന ഭക്ഷിക്കുവാൻ.

1.1. വിശുദ്ധ കുർബാനാനുഭവത്തിനുള്ള ഒരുക്കം.

പരിശുദ്ധ സഭയുടെ ഒരു ദിവസം തുടങ്ങുന്നത് സന്ധ്യ മുതലാകയാൽ വിശുദ്ധ കുർബാനയനുഭവിക്കുവാൻ ആ സമയം മുതൽ ഒരുക്കവും ആരംഭിക്കണം. വിശുദ്ധ കുർബാനയനുഭവിക്കുന്നയാൾ സന്ധ്യ മുതലുള്ള യാമപ്രാർത്ഥനകൾ മുഴുവനും തികച്ച് വളരെ അത്യാവശ്യമല്ലാത്ത ലൗകീക കാര്യങ്ങളിലിടപെടാതെ വൈകാതെ അത്താഴം കഴിച്ച് അതിനു ശേഷം വിശുദ്ധ കുർബാനയനുഭവിക്കുന്നതുവരെ ഉപവസിച്ച് വെടിപ്പോടും വിശുദ്ധിയോടും കൂടി വിശുദ്ധ കുർബാനയിൽ സംബന്ധിക്കുകയും തിരുശരീരരക്തങ്ങൾ അനുഭവിക്കുകയും വേണം.

വിശുദ്ധ കുർബാനയനുഭവിക്കുന്നയാൾ തീർച്ചയായും വിശുദ്ധ കുമ്പസാരം നടത്തിയിരിക്കണമെന്നതാണ് വിശുദ്ധ സഭയുടെ നിയമം. എങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിൽ പുരോഹിതൻ പാപപരിഹാരപ്രാർത്ഥന (ഹൂസോയോ) നടത്തി പാപമോചനം കൊടുക്കുന്ന ഒരു രീതിയുണ്ട്. ഇത് കുറുക്കുവഴിയിലൂടെ വിശുദ്ധ കുർബാനയനുഭവിക്കാനുള്ള ഒരു ചടങ്ങല്ല; പ്രത്യുത, സത്യകുമ്പസാരം നടത്തിയിട്ടുള്ള ഒരാൾക്ക് തന്റെ ഇപ്പോഴത്തെ പാപരഹിതാവസ്ഥയെക്കുറിച്ച്‌ വ്യക്തമായ ധാരണയുണ്ടെങ്കിൽ മാത്രം അങ്ങനെ ചെയ്യുവാൻ അനുവദിക്കപ്പെട്ടിരിക്കുന്നു. കുമ്പസാരമെന്നത് ഒരു വിശ്വാസിയുടെ അവകാശമാണെങ്കിലും ഹൂസോയോ എന്നത് ഒരു അനുവാദം മാത്രമാണ്. ഓർക്കുക, എന്തെങ്കിലും പാപം ചെയ്തിട്ടുണ്ടെന്ന് തനിക്കുതന്നെ തോന്നുന്നപക്ഷം വിശുദ്ധ കുർബാനയനുഭവിയ്ക്കുന്നതിനു മുമ്പായി സത്യകുമ്പസാരം നടത്തിയിരിക്കണം.  

1.2. വിശുദ്ധ കുർബാന എങ്ങനെ ഭക്ഷിക്കണം?

"നമ്മുടെ കർത്താവിന്റെ തിരുശരീരരക്തങ്ങളാകുന്ന തീക്കട്ട....." എന്നു പറഞ്ഞുകൊണ്ടാണ് പുരോഹിതൻ വിശ്വാസികൾക്ക് വിശുദ്ധ കുർബാന നൽകുന്നത്. അതുകൊണ്ട് അത് സ്വീകരിക്കുന്നവർ എത്രമാത്രം ശ്രദ്ധാലുക്കളായിരിക്കണമെന്ന് പറയേണ്ടതില്ലല്ലോ. വിശുദ്ധ കുർബാന ചവച്ചരച്ചു വേണം ഭക്ഷിക്കുവാൻ. വിശുദ്ധ യോഹന്നാൻ 6:57-ൽ ഉപയോഗിച്ചിരിക്കുന്ന ‘τρώγων’ (trogon) എന്ന ഗ്രീക്ക് പദത്തിന്റെ വിവർത്തനമാണ് ‘തിന്നുക’ എന്ന മലയാള പദം. ‘τρώγων’ എന്ന് ഗ്രീക്കിൽ പറയുന്നത് ചവച്ച് ഭക്ഷിക്കുന്നതിനെക്കുറിക്കുന്നു (chewing). അങ്ങനെ ചെയ്യുന്നത് പാപമാണെന്നു കരുതുന്നവർ നമ്മുടെയിടയിൽ ധാരാളമുണ്ട്. വ്യക്തമായി ആരും ഒന്നും പറയാത്തതിനാൽ ശരിയായ രീതിയിൽ വിശുദ്ധ കുർബാന ഭക്ഷിക്കുന്നവർ വിരളമാണ്. അവസാന അത്താഴ സമയത്ത് കർത്താവ്, 'ഇതെന്റെ ശരീരമാകുന്നു, നിങ്ങൾ വാങ്ങി ഭക്ഷിപ്പിൻ' എന്നു പറഞ്ഞ് ശിഷ്യന്മാർക്കു കൊടുത്തപ്പോൾ അവർ അത് ചവയ്ക്കാതെ വിഴുങ്ങുകയായിരുന്നില്ലല്ലോ. "എന്റെ പൗരോഹിത്യ ജീവിതത്തിലെ വളരെ നിർഭാഗ്യകരമായ ഒരനുഭവം പറഞ്ഞാൽ, വിശുദ്ധ കുർബാന അനുഭവിക്കുമ്പോൾ അതിനെ പല്ലുകൊണ്ട് തൊടുന്നത് വലിയ തെറ്റാണെന്നും മഹാപാപമാണെന്നും ഒരു ധാരണ കുട്ടികളിൽ വളർത്തിയെടുത്തതായി കാണുന്നുണ്ട്. അതുകൊണ്ടുതന്നെ കുട്ടികൾ വിശുദ്ധ കുർബാനയെ ഭയത്തോടെ സമീപിക്കുന്നു. എന്നാൽ അന്ത്യ അത്താഴത്തിൽ വിശുദ്ധ ശ്ലീഹന്മാർ സാധാരണ ഭക്ഷണം കഴിക്കുന്നതുപോലെയാണ് ആ വിശുദ്ധതയെ ഭക്ഷിച്ചത്”. (Fr.Francis X Weiser S J, Religious Customs in the Family: The Radiation of the Liturgy into Catholic Homes, Tan Books and Publishers, Illinois, 1956, page 4).

കർത്താവിന്റെ ജീവനുള്ള തിരുശരീരരക്തങ്ങളാണ് ഭക്ഷിക്കുന്നതെന്ന് സിറിയൻ ഓർത്തഡോക്സുകാർ വിശ്വസിക്കുന്നു. വിശുദ്ധ കുർബാനയിൽ ഖണ്ഡിപ്പിന്റെ സമയത്ത് തിരുശരീരവും തിരുരക്തവും തമ്മിൽ യോജിപ്പിക്കും. അതിനുശേഷം കാസായിലായാലും പീലാസായിലായാലും അവ തിരുശരീരരക്തങ്ങൾ തന്നെയാണ്. ജീവനുള്ള ശരീരത്തിൽ രക്തമുണ്ട്; അതുപോലെ ജീവനുള്ള രക്തം ജീവനുള്ള ശരീരത്തിലാണ് വസിക്കുന്നതും. വിശുദ്ധ കുർബാന എഴുന്നെള്ളിക്കുമ്പോൾ 'ഞങ്ങൾ ഭക്ഷിച്ചതായ തിരുശരീരവും പാനം ചെയ്തതായ തിരുരക്തവും' എന്ന് പുരോഹിതൻ പറയുന്നത് പീലാസായിൽ തിരുശരീരവും കാസായിൽ തിരുരക്തവും വഹിക്കുന്നതുകൊണ്ടാണ്. എന്നാൽ അവ ജീവനുള്ളവയാകയാൽ ശരീരത്തോടൊപ്പം രക്തമുണ്ടെന്നും രക്തം ശരീരത്തിലുമാണെന്നും അറിഞ്ഞിരിക്കണം. വിശുദ്ധ കുർബാനാനുഭവത്തിനുശേഷം ആ ദിവസം ഉപവാസമില്ല.

1.3. വിശുദ്ധ കുർബാനയുടെ വസ്തുക്കൾ.

അർമീനിയൻ അപ്പോസ്തോലിക് സഭയൊഴിച്ചുള്ള എല്ലാ ഓറിയന്റൽ ഓർത്തഡോക്സ് സഭകളും പുളിപ്പുള്ള ഗോതമ്പപ്പവും (ലഹ്‌മോ - ἄρτον) വെള്ളം ചേർത്തു നേർപ്പിച്ച വീഞ്ഞുമാണ് വിശുദ്ധ കുർബാനയ്ക്കുപയോഗിക്കുന്നത്. അർമീനിയൻ സഭ (കത്തോലിക്കാ സഭയും പ്രൊട്ടസ്റ്റന്റ് സഭകളും ഉൾപ്പടെ) പുളിപ്പില്ലാത്ത അപ്പം ഉപയോഗിക്കുന്നു (Fr.Dr.Joseph Cheeran, Orthodox Aaradhana: Susrooshakalum Susrooshakarum, M.J.D. Publishing House, Kunnamkulam, 2013, page 89). നമ്മുടെ കർത്താവ് 'ഇതെന്റെ ശരീരം' എന്നു പറഞ്ഞ് തന്റെ ശിഷ്യന്മാർക്ക് നൽകിയത് പുളിപ്പുള്ള അപ്പമാണെന്ന് (ἄρτον) വിശുദ്ധ വേദപുസ്തകം പറയുന്നു. തന്നെയുമല്ല, പുളിപ്പുള്ള അപ്പത്തിലൂടെ, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെയാണ് നാം കാണുന്നത്. സുവിശേഷങ്ങളിലെല്ലാം പുളിപ്പില്ലാത്ത അപ്പത്തിന് ἀζύμων (azymōn) എന്ന വാക്കാണുപയോഗിച്ചിരിക്കുന്നത് (മത്തായി 26:17, മർക്കോസ് 14:12, ലൂക്കോസ് 22:7). എന്നാൽ സാധാരണ അപ്പത്തിന് ἄρτον (arton) എന്ന പദമാണുപയോഗിച്ചിട്ടുള്ളത് (മത്തായി 14:17, 15:34, 26:26, മർക്കോസ് 14:22, ലൂക്കോസ് 22:19, യോഹന്നാൻ 13:18, 13:26). സാധാരണ അപ്പം എന്ന് പറഞ്ഞാൽ യൂദസമൂഹത്തിൽ അത് പുളിപ്പുള്ള അപ്പമാണ്. പെസഹ ആചരണത്തിനു മാത്രമേ അവർ പുളിപ്പില്ലാത്ത അപ്പം ഉപയോഗിക്കാറുള്ളൂ. പുളിപ്പില്ലാത്ത അപ്പം ഉപയോഗിക്കുന്നവർക്ക് അവരുടേതായ ന്യായീകരണങ്ങളുമുണ്ടെന്ന വസ്തുത ഇവിടെ മറക്കുന്നില്ല. പുളിപ്പ് എന്നത് പാപത്തിന്റെ അടയാളമായി കാണുന്നതുകൊണ്ടാണ് അർമീനിയൻ സഭ പുളിപ്പില്ലാത്ത അപ്പം ഉപയോഗിക്കുന്നത്.

ശുദ്ധമായ ഗോതമ്പുപൊടി, വെള്ളം, ഉപ്പ്, പുളിപ്പ്, ഒലിവെണ്ണ എന്നിവയാണ് നമ്മുടെ സഭയിൽ വിശുദ്ധ കുർബാനയ്ക്കുള്ള അപ്പം ഉണ്ടാക്കുന്നതിന്റെ ചേരുവകൾ. വിശുദ്ധ കുർബാനയുടെ തലേദിവസം വൈകുന്നേരം, അപ്പമുണ്ടാക്കാൻ ചുമതലപ്പെട്ടയാൾ പ്രാർത്ഥനയോടെ, ആദ്യത്തെ നാലു ചേരുവകളും കൃത്യമായ അനുപാതത്തിൽ ചേർത്ത് ഒരു ഇടത്തരം ഓറഞ്ചിന്റെ വലിപ്പത്തിൽ മാവ് കുഴച്ച് ഉരുളയാക്കി വൃത്തിയുള്ള ഒരു പാത്രത്തിൽ സൂക്ഷിച്ചു വയ്ക്കുന്നു. വിശുദ്ധ കുർബാന ദിവസം രാവിലെ, കുർബാനയപ്പമുണ്ടാക്കുന്ന അച്ചിൽ അഞ്ചാമത്തെ ചേരുവയായ ഒലിവെണ്ണ തേച്ച്, ഉരുളയാക്കി വച്ചിരിക്കുന്ന കൂട്ട് എടുത്ത് അതിന്മേൽ നല്ല വൃത്താകൃതിയിൽ പാകത്തിന് കനത്തിൽ പരത്തി അതൊരു ചട്ടുകത്തിലേയ്ക്ക് പതിപ്പിച്ച് അതിൽ കുരിശാകൃതിയിൽ അഞ്ചു ചെറിയ സുഷിരങ്ങളിട്ട് തീക്കനലിൽ ചുട്ടെടുക്കുന്നു. അഞ്ചു കുത്തുകൾ കർത്താവിന്റെ അഞ്ചു മുറിവുകളെ സൂചിപ്പിക്കുന്നു. രണ്ടപ്പമാണ് സാധാരണ ഉണ്ടാക്കുന്നത്. അതിൽ ഏറ്റവും നല്ലതുനോക്കി പുരോഹിതൻ വിശുദ്ധ കുർബാനയ്ക്കുപയോഗിക്കുന്നു. രണ്ടാമത്തേത് വാഴ്ത്തപ്പെട്ട അപ്പമായി (ബുർക്‌സാ അപ്പം) വിശ്വാസികൾക്ക് നൽകുന്നു. അപ്പം ചുടുന്നതിനു മുമ്പായി മാവ് കുഴച്ചതിൽ നിന്ന് അടുത്ത അപ്പത്തിൽ ചേർക്കാനുള്ള പുളിപ്പിനായി (leaven) ഒരംശം മാറ്റിവയ്ക്കുന്നു. കുർബാനയപ്പമുണ്ടാക്കുന്നതിനെ 'അടിച്ചുകാച്ചുക' എന്ന് സാധാരണ പറയും.

നമ്മുടെ കർത്താവ് അന്ത്യ അത്താഴത്തിൽ തന്റെ ശിഷ്യന്മാർക്കു നൽകിയ അപ്പത്തിന്റെ ഒരു ഭാഗം ചേർത്താണ് വിശുദ്ധ യാക്കോബ് ശ്ലീഹാ തന്റെ ആദ്യ വിശുദ്ധ കുർബാനയ്ക്കുള്ള അപ്പമുണ്ടാക്കിയതെന്നും പിന്നീട് അർപ്പിക്കപ്പെട്ട ഓരോ വിശുദ്ധ കുർബാനയ്ക്കും കഴിഞ്ഞ കുർബാനയിൽ അർപ്പിച്ച അപ്പത്തിന്റെ ഒരംശം ചേർത്താണ് അപ്പമുണ്ടാക്കിയതെന്നും ആ പാരമ്പര്യമനുസരിച്ച് കർത്താവ് തന്റെ ശിഷ്യന്മാർക്കു നൽകിയ അപ്പത്തിന്റെ ഒരു ഭാഗം നാം അനുഭവിക്കുന്ന വിശുദ്ധ കുർബാനയിൽ അടങ്ങിയിരിക്കുന്നുവെന്നുമാണ് വിശ്വാസം. ക്രിസ്തുവർഷം 1685-ൽ മലങ്കരയിൽ വന്ന് കോതമംഗലം മാർ തോമാ ഓർത്തഡോക്സ് (ചെറിയ പള്ളി) പള്ളിയിൽ കബറടങ്ങിയിരിക്കുന്ന യൽദോ മാർ ബസ്സേലിയോസ് ബാവയാണ് അന്ന് നിലവിലുണ്ടായിരുന്ന പത്തീറ (പുളിപ്പില്ലാത്ത അപ്പം) ഉപയോഗം മാറ്റി അമ്മീറ (പുളിപ്പുള്ള അപ്പം) വിശുദ്ധ കുർബാനയ്ക്കുപയോഗിക്കുന്ന രീതി ഇവിടെ നടപ്പിലാക്കിയത്.

ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ. 

Recommended

  • ഊറീമും തുമ്മീമും. (Urim and Thummim).
  • ഒരു സോറി പറഞ്ഞാൽ
  • മാർ റാബാൻ റമ്പാൻ.
  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?
  • കടലുകൾ. (Oceans)
  • സുറിയാനി സഭയുടെ പ്രദക്ഷിണം - ഒരു പഠനം.
  • നീതിമാനായ യൗസേപ്പിനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച
  • വലിയ നോമ്പ് എന്ന വലിയ അനുഭവം
  • അപ്പൊസ്തലന്മാർ
  • സംഗീതം എന്ന ഔഷധം. Music Therapy
  • ഇരുമ്പും വിദ്യയും ഇരിക്കെ കെടും.
  • പെസഹാ പെരുന്നാള്‍
  • വാങ്ങിപ്പോയവർ
  • പെസഹാ ചിന്തകൾ.
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • ജീവവൃക്ഷം. (Tree of life).
  • ചമ്മട്ടി.
  • കുറ്റമെല്ലാം അച്ചനിരിക്കട്ടെ.
  • സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.
  • മുടക്ക്, മഹറം.
  • ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ?
  • നമ്മെ ആദരിക്കുന്ന നല്ല ദൈവം.
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
  • വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.
  • പന്ത്രണ്ട് മാസങ്ങൾ
  • അനുഭവങ്ങളെ മറക്കാതിരിക്കുക.
  • എന്താണ് മൂന്ന് നോമ്പ്?
  • 72 പദവികള്‍
  • "സന്തോഷം ക്രിസ്തീയ ജീവിതത്തിന്റെ അടയാളം".
  • വിശുദ്ധ യാക്കോബ് ബുർദ്ദാന
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • സ്ത്രീകൾ മൂക്ക് കുത്തുന്നത് വേദശാസ്ത്രപരമായി
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • മൂന്നും ചാക്കും നോമ്പും.
  • സുറിയാനി സഭയിൽ കിഴക്കിന്റെ പ്രാധാന്യം
  • മരണത്തെ ആസ്വദിക്കാനാവുക
  • ധ്യാനം
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • വിശുദ്ധ ബൈബിൾ.
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?
  • ശുബ്ക്കോനോ

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved