കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സിറിയൻ ഓർത്തഡോക്സ് സഭയിൽ, സാധാരണ ദിവസങ്ങളിൽനിന്നും വ്യത്യസ്ഥമായി കഷ്ടാനുഭവാഴ്ചയിൽ ചില വ്യത്യാസങ്ങളുണ്ട്.
ഓശാന ഞായറാഴ്ച സന്ധ്യ മുതൽ ദുഃഖശനിയാഴ്ച ഒമ്പതാം മണി നമസ്കാരം വരെ കഷ്ടാനഭവാഴ്ചയുടെ പ്രത്യേക ക്രമമാണ് ചൊല്ലുന്നത്. പള്ളമണിയടിക്കുമ്പോൾ പതിവിൽനിന്നും വ്യത്യാസമുണ്ട്. ഒറ്റ മണിയായി മുപ്പത്തിമൂന്നു മണിയടിക്കണം. നമ്മുടെ കര്‍ത്താവിന്റെ രക്ഷാകരമായ കഷ്ടാനുഭവ ആഴ്ചയില്‍ പള്ളിയിൽ മധ്യഭാഗത്ത് നാട്ടിയിരിക്കുന്ന ഗോഗുൽഥായിലെ ചുവപ്പ് തുണി മാറ്റിയിട്ട് അനുതാപത്തിന്റേതായ കറുപ്പ് നിറമാക്കുന്നു. (കഷ്ടാനുഭവാഴ്ചയിൽ ഗോഗുൽഥായിലെ തുണി മാത്രമല്ലാതെ വിരിക്കൂട്ടിന്റെയും മ്കബിലാനകളുടെയും, കാപ്പായുടെയും, ചിത്തോലയുടെയും മറയുടെയും നിറം കറുപ്പായിരിക്കണമെന്ന് നടപടിക്രമത്തിൽ കാണുന്നതുമില്ല. പണ്ടുകാലത്ത് അങ്ങനെ ഒരു പാരമ്പര്യമുള്ളതായും ആർക്കും അറിവില്ല. ദുഃഖവെള്ളിയാഴ്ച വിശുദ്ധ കുർബാനയില്ലാത്തതിനാലും ദുഃഖ / അനുതാപ സൂചകമായി വേണമെങ്കിൽ കറുപ്പ് കാപ്പാ ധരിക്കാമെന്ന് യൂഹാനോൻ സേവേറിയോസ് തിരുമേനി എഴുതിയിട്ടുണ്ട്. എന്നാൽ പഴയ കാലത്തെ മല്പാന്മാരുൾപ്പെടെയുള്ള വൈദികർ ചുവപ്പു കാപ്പായാണ് ഉപയോഗിച്ചിരുന്നത്).
ഗോഗുൽഥായിലെ സ്ലീബായിലെ ചുവന്ന ഊറാറ മാറ്റിയിട്ട് കറുപ്പ് നിറമുള്ള ഊറാറ കെട്ടണം. പാതിനോമ്പിന് പള്ളിയുടെ നടുക്ക് നാട്ടിയിരുന്ന വിശുദ്ധ സ്ലീബാ, ഓശാന കഴിഞ്ഞ് വൈകിട്ടു മുതൽ മദ്ബഹായുടെ താഴെ നമസ്കാരമേശയുടെയും മദ്ബഹായുടെയും ഇടയിൽ നടുക്ക് സ്ഥാപിക്കുന്നു. പെസഹായുടെ കുർബാന സമയത്ത് അല്പം വടക്കോട്ട് മാറ്റി വയ്ക്കുമെങ്കിലും കുർബാനയ്ക്കുശേഷം വീണ്ടും നടക്കുതന്നെ വയ്ക്കണം. കര്‍ത്താവിന്റെ കഷ്ടാനുഭവം സൂചിപ്പിക്കാനാണ് അത്. (പള്ളിയുടെ നടുക്ക് സ്ലീബാ സ്ഥാപിക്കുന്നത് പരസ്യ ശുശ്രൂഷയെ സൂചിപ്പിക്കാനും മദ്ബഹായുടെ തൊട്ടു താഴെ വയ്ക്കുന്നത് കഷ്ടാനുഭവത്തിനെ സൂചിപ്പിക്കാനും ഉയിര്‍പ്പിന് ശേഷം മദ്ബഹായില്‍ വയ്ക്കുന്നത് മഹത്വത്തെ സൂചിപ്പിക്കാനുമാണ്). ഏവന്‍ഗേല്യോന്‍ വായിക്കുന്നതും മദ്ബഹായ്ക്ക് താഴെ നിന്നാണ്. ധൂപക്കുറ്റിയിൽ കുന്തുരുക്കം ഇട്ടശേഷം ശുശ്രൂഷക്കാരൻ കൈമുത്തേണ്ട ആവശ്യമില്ല. (കഷ്ടാനുഭവാഴ്ചയിൽ കൈമുത്തില്ല). ഗോഗുൽഥായിലിരുക്കുന്ന സ്ലീബായെ നോക്കി മൂന്നു തവണ ധൂപക്കുറ്റി വീശിയിട്ട് [മുത്താറില്ല], വണങ്ങിയാൽ മതി. അതിനുശേഷം മൂപ്പുമുറയനുസരിച്ച് വൈദികർക്കും ശുശ്രൂഷകർക്കും പുരുഷന്മാർക്കും സ്ത്രീകൾക്കും ക്രമപ്രകാരം ധൂപം വീശിയിട്ട് വീണ്ടും ഗോഗുൽഥായിലെ സ്ലീബായ്ക്കു നേരെ വീശി വണങ്ങണം.
ഈ സ്ലീബാ തന്നെയാണ് വലിയ വെള്ളിയാഴ്ച (ദുഃഖവെള്ളി) ശുശ്രൂഷകളില്‍ ഉപയോഗിക്കുന്നത്. ഈ ആഴ്ചയില്‍ മേല്പട്ടക്കാരുടെയോ പട്ടക്കാരുടെയോ കൈ മുത്തുന്നില്ല. പരസ്പരം കൈയസൂരി (സമാധാനം) കൊടുക്കുന്നില്ല. വിശുദ്ധ കുര്‍ബാനയില്‍ ‘നിങ്ങൾക്ക് സമാധാനം ഉണ്ടായിരിക്കട്ടേ’ എന്ന് തുടങ്ങുന്ന ഭാഗം ചൊല്ലാറില്ല. ഏവന്‍ഗേല്യോന് മുമ്പും പിമ്പും സമാധാനം (ശ്ലോമോ ല് കുല്‍കൂന്‍) ആശംസിക്കുന്നില്ല. കര്‍ത്താവിന്റെ കഷ്ടാനുഭാവത്തില്‍ ഹൃദയം കലങ്ങി പങ്കാളികളാകുന്നു എന്നതിനെ സൂചിപ്പിക്കാനാണിത്. ഈ സമാധാനം നാം വീണ്ടെടുക്കുന്നത് ഉയിര്‍പ്പ് പെരുന്നാളില്‍ ‘നിങ്ങൾക്ക് സമാധാനം’ എന്ന യേശുവിന്റെ വാക്കുകള്‍ ധ്യാനിച്ച് കൊണ്ടാണ്. ഈ ആഴ്ചയില്‍ നാം മധ്യസ്ഥപ്രാര്‍ത്ഥനകള്‍ ചോല്ലുന്നില്ല. ‘കൃപ നിറഞ്ഞ മറിയമേ!’ എന്ന പ്രാര്‍ത്ഥനയും ഉപയോഗിക്കുന്നില്ല. 'ദൈവമേ! നീ പരിശുദ്ധനാകുന്നു' എന്നതിന് പകരം, ഓരോ ദിവസത്തേക്കും പ്രത്യേകം ക്രമീകരിച്ചിട്ടുള്ള കൗമാകളുണ്ട്. അഗാധ ദുഃഖത്തിന്റെയും അനുതാപത്തിന്റെയും അനുഭവം വരുത്തുന്ന രാഗങ്ങളുള്ള പാട്ടുകളും വായനകളുമാണ് ഈ ആഴ്ചയിലെ ആരാധനയിലെ ഏറ്റവും വലിയ പ്രത്യേകത.
കഷ്ടാനുഭവാഴ്ചയിലെ ഏവൻഗേല്യോൻ.
പെത്ഗോമോ പാടിയതിന്ശേഷം ശുശ്രൂഷക്കാരൻ:- (ബാറെക്മോർ പറയണ്ട) നാം അടക്കത്തോടും ഭയത്തോടും....
പട്ടക്കാരൻ:- ല് മൊറിയോ + ശുബ്ഹോ അലൈൻ വാലായ്കുൻ റഹ്മാവ് ല് ഒൽമ്മീൻ.
ജനം:- ആമ്മീൻ.
പട്ടക്കാരൻ:- ഏവൻഗേല്യോൻ കാദീശോ ഉ മെൻ (മത്തായി/യൂഹാനോൻ) ശ്ലീഹോ.
പട്ടക്കാരൻ:- ഏവൻഗേല്യോൻ കാദീശോ ഉ മെൻ (മർക്കോസ്/ലൂക്കോസ്) മ് സബ്റോനോ.
(ഒന്നിൽ കൂടുതൽ സുവിശേഷങ്ങളിൽ നിന്നും വായിക്കുന്നുണ്ടെങ്കിൽ).
പട്ടക്കാരൻ:- ഏവൻഗേല്യോൻ കാദീശോ ഉ മെൻ (ആദ്യം എഴുതിയിരുക്കുന്ന സുവിശേഷകന്റെ പേരിനുശേഷം 'ഉ ഹബ്റാവ്' എന്ന് ചൊല്ലണം). ഉ ഹബ്റാവ്.
ജനം:- കുറിയേലായിസോൻ.
(ഏവൻഗേല്യോൻ വായന കഴിയുമ്പോൾ).
പട്ടക്കാരൻ:- ല് മൊറിയോ + സെഗ്തോ.
ജനം:- കുറിയേലായിസോൻ.
കഷ്ടാനുഭവ ആഴ്ചയിൽ നോമ്പിലെപ്പോലെ ഉച്ചയ്ക്ക് നാല്പത് കുമ്പിടീലില്ല. സൂത്താറായ്ക്ക് മോർ അഫ്രേമിന്റെ ശയന പ്രാർത്ഥനയും നടത്താറില്ല. നമസ്‌കാര സമയത്ത് മദ്ബഹായുടെ മറ നീക്കുകയോ മദ്ബഹായിൽ തിരി കത്തിക്കുകയോ, കുക്കിലിയോൻ ചൊല്ലുകയോ ധൂപാർപ്പണം നടത്തുകയോ ചെയ്യുന്നില്ല. തിരി കത്തിക്കലും ധൂപാർപ്പണവും പാതിനോമ്പിൽ പള്ളിയകത്ത് ഉയർത്തിയ ഗോഗുൽഥായുടെ മുമ്പിലായിരിക്കണം. ഏവൻഗേല്യോൻ മേശയുടെ സ്ഥാനം മദ്ബഹായ്ക്ക് താഴെ നമസ്കാരമേശയുടെ (വലത്) തെക്കുവശത്തായിരിക്കണം.
കൗമാകൾക്കുള്ള വ്യത്യാസം അതാതു ദിവസത്തിന്റെ പ്രാരംഭത്തിൽ നോക്കി മനസ്സിലാക്കി ചൊല്ലണം. 'ബ്രീക്ക് മൂക്കോകോക്ക് ദഹലോഫൈന്‍'. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്തപ്പെട്ടതാകുന്നു) എന്നത് ഓരോ നമസ്കാരം ആരംഭിക്കുമ്പോഴും കൗമായ്ക്ക് മുമ്പ് ചൊല്ലണം. സെദ്റാ, ബോവൂസാ എന്നിവയുടെ സമയങ്ങളിൽ ധ്യാനപൂർവ്വം കുമ്പിടണം. പ്രാർത്ഥനയിലെ സാധാരണ ഘടകങ്ങൾക്കും പുറമേ സൂഗീസോ, മദ്റോശോ മുതലായ പേരുകളിൽ അറിയപ്പെടുന്ന ദീർഘമായ ഗാനങ്ങൾ ഹാശാ ആഴ്ചയിലെ രാത്രി പ്രാർത്ഥനയോടു ചേർന്ന് വരുന്നുണ്ട്. ഇവ പല ധ്യാനവിഷയങ്ങളും, വർണ്ണനകളും ഉൾക്കൊള്ളുന്നവയാണ്. പ്രാർത്ഥനയുടെ ദൈർഘ്യത്തിനും, അലങ്കാരത്തിനുമാണ് ഇവ ഉപയോഗിക്കുന്നത്. രാത്രി പ്രാർത്ഥനയുടെ സുഗീസോയും മദ്‌റോശോകളും സൗകര്യാർത്ഥം അതതിൻ്റെ തലേദിവസം സൂത്താറാ പ്രാർത്ഥനയിൽ 91-ാം സങ്കീർത്തനത്തിനു മുമ്പ് ചൊല്ലാവുന്നതാണ്. ഇവ ഭാഗികമായോ, മുഴുവനായോ, സമയത്തിന്റെയും സ്ഥലത്തിൻ്റെയും സൗകര്യം അനുസരിച്ചു മാത്രം ഉപയോഗിക്കാം.
പെസഹായ്ക്കും ദുഃഖശനിയാഴ്‌യ്ക്കും രാത്രി പ്രാർത്ഥനയിൽ 'ഹാലേലുയ്യാ' കഴിഞ്ഞ് 'നാം ദൈവത്തിന്റെ മക്കളായിത്തീരുവാൻ', 'മറിയം പറഞ്ഞതെന്തെന്നാൽ' 'സഹോദരന്മാർ ഒരുമിച്ചു വസിക്കുന്നത്' എന്നിവ ചൊല്ലേണ്ടത് പുസ്തകത്തിൽ അതതു സ്ഥാനത്തു കാണിച്ചിട്ടുണ്ട്. കഷ്ടാനുഭവാഴ്ചയിൽ 'കൃപ നിറഞ്ഞ മറിയമേ!' എന്ന പ്രാർത്ഥനയും വിശ്വാസപ്രമാണത്തിനു ശേഷം കുക്കിലിയോനുകളും നടത്തുന്നില്ല. പെസഹായുടെ കുർബ്ബാന കഴിഞ്ഞ് കുമ്പിടലും പാടുള്ളതല്ല.
ഹാശാ ആഴ്ചയിൽ വചനിപ്പ് പെരുന്നാൾ (മാർച്ച് 25) വന്നാൽ അന്ന് ഹാശായുടെ പ്രാർത്ഥനയല്ല ഉപയോഗിക്കേണ്ടത്. പെരുന്നാൾ രീതിയിലുള്ള നമസ്ക്കാരം മതിയാകും. ദുഃഖവെള്ളിയാഴ്ച ആണെങ്കിൽപ്പോലും അന്ന് നിർബന്ധമായും വിശുദ്ധ കുർബാന അർപ്പിക്കണം. കുർബാന കഴിഞ്ഞ് ദുഃഖവെള്ളിയാഴ്ച നമസ്കാരവും സ്ലീബാവന്ദനവും കബറടക്ക ശുശ്രൂഷയും പതിവുപോലെ നടത്തണം.
പെസഹായും ദുഃഖശനിയാഴ്ചയുമുള്ള കുർബാന.
പെസഹാ കുർബ്ബാനയും ദുഃഖശനിയാഴ്ചത്തെ കുർബ്ബാനയും നടത്തുന്നതിന്റെ ക്രമീകരണം ഒന്നുതന്നെയാണ്. പെസഹാ കുർബ്ബാന സാധാരണയായി മൂന്നാംമണിയുടെ നമസ്കാരം കഴിഞ്ഞ് വെളുപ്പിന് നടത്തുന്നു. പട്ടക്കാരൻ മദ്ബഹായിലേക്ക് പ്രവേശിക്കുമ്പോൾ മറവലിക്കുകയും ത്രോണോസിൽ തിരി കത്തിക്കുകയും വേണം. കുർബാനയുടെ ആരംഭത്തിൽ "മറിയം ദീലേത്തോക്', 'ബസ്‌ലുസ് ഏമോ' എന്നിവ കഴിഞ്ഞ് "ദൈവമേ! നീ പരിശുദ്ധനാകുന്നു' എന്നുള്ള കൗമായ്ക്കു പകരം അതതു ദിവസത്തിന്റെ കൗമായാണ് ചൊല്ലേണ്ടത്. ഭൂവിലശേഷം, പൗലോസ് ശ്ലീഹാ ഇവ പതിവുപോലെ ചൊല്ലേണ്ടതാണ്. ഏവൻഗേല്യോൻ വായന, ഹാശായുടെ രീതിയിൽ നടത്തണം. ധൂപക്കുറ്റി വാഴ്ത്തുന്നത് അതതു ദിവസത്തെ കൗമാ ചൊല്ലിയായിരിക്കണം. ശ്ലോമ്മോ (സമാധാനം) ആശംസിക്കുവാൻ പാടില്ല. അതുകൊണ്ട് കൈയസൂരിയും കൊടുക്കുന്നില്ല. കൈയസൂരി ഇല്ലാത്തതുകൊണ്ട് തൽസമയത്തെ ഉത്ബോധനത്തിൽ 'കരുണയുള്ള കർത്താവിന്റെ മുമ്പാകെ നാം തല കുനിക്കണം' എന്നുമാത്രം പറഞ്ഞാൽ മതി. കുർബ്ബാനയിലെ ഗീതഭാഗങ്ങൾ ആ ദിവസത്തേക്കു പ്രത്യേകമായിട്ടുള്ളതോ, ആ ദിവസത്തെ പ്രത്യേക കൗമായോ ഉപയോഗിക്കാം. 'നിന്നാൾ സ്തുതിയോടു രാജമകൾ' ആദിയായ കുക്കിലിയോനുകൾ ചൊല്ലി ധൂപപ്രാർത്ഥനകൾ നടത്തുന്നില്ല. അതിനു പകരം ആ ദിവസത്തെ കൗമാകൾ ചൊല്ലുകയും ധൂപാർപ്പണം നടത്തുകയും ചെയ്യണം. കഷ്ടാനുഭവാഴ്ചയിലെ കുർബാനകളിൽ ശുശ്രൂഷക്കാരൻ വായനകൾ നടത്തുന്നതിന് മുമ്പ് ബാറെക്മോർ പറയേണ്ട.
പട്ടക്കാരൻ മദ്ബഹായിൽ പ്രവേശിക്കുമ്പോഴും, വിശ്വാസപ്രമാണ സമയത്തും കുർബ്ബാനാനുഭവത്തിനു മുമ്പും പതിവുപോലെ മൂന്നു ശുബ്ക്കോനോകളും ചോദിക്കണം. (1. ജീവനുള്ളതും പരിശുദ്ധവുമായ ബലി സഭയ്ക്ക് പൊതുവായിട്ട് അണയ്ക്കുവാനായി ഞാൻ യോഗ്യനായി തീരേണ്ടതിന് എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ. 2. സഹോദരന്മാരെ, ഗുരുക്കന്മാരെ, എന്റെ കുർബാന അംഗീകരിക്കപ്പെടുവാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ. 3. സഹോദരന്മാരെ, വത്സലരേ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ). ഈ ശുബ്ക്കോനോകൾ ചോദിക്കരുതെന്ന് ചില നടപടി ക്രമങ്ങളിൽ പിശകായി അച്ചടിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മലങ്കരയിലുള്ള ഏറ്റവും പഴയ നടപടി ക്രമങ്ങളിലും ഏറ്റവും പുതിയ നടപടി ക്രമങ്ങളിലും ശുബ്ക്കോനോ ചോദിക്കണമെന്നും അത് സമാധന ആശംസപോലെയല്ല എന്നും രേഖപ്പെടുത്തിയിട്ടുമുണ്ട്. ആ ശുബ്ക്കോനോകളുടെ അർത്ഥവും ഈ അഭിപ്രായം ശരി വയ്ക്കുന്നു. പണ്ഡിതാഭിപ്രായവും ഇപ്രകാരമാണ്. “പിതാവായ ദൈവത്തിന്റെ സ്നേഹവും... ഉണ്ടായിരിക്കട്ടെ”. “വലിയവനും നമ്മുടെ രക്ഷിതാവുമായ... ഉണ്ടായിരിക്കട്ടെ”, “വിശുദ്ധിയുള്ളതും മഹത്ത്വമുള്ളതും... ഉണ്ടായിരിക്കട്ടെ”, “സേലൂൻ ബ്ശ്ലോമോ.... എനിക്കു വേണ്ടി പ്രാർത്ഥിക്കുവിൻ” എന്നീ ആശംസകൾ പതിവുപോലെ ചൊല്ലേണ്ടതാണ്. 'മേല്പട്ടക്കാർ പട്ടക്കാരോട്' എന്ന ഗാനം (യാക്കോബിൻ്റെ ബോവുസാ) ഹാശായുടെ രീതിയിൽ ചൊല്ലാം.
ദുഃഖശനിയാഴ്ചയുടെ കുർബ്ബാന ഒമ്പതാംമണിയുടെ നമസ്കാരം കഴിഞ്ഞ് ഉച്ചയോടുകൂടി നടത്തണം. പെസഹായുടെ രീതിയിൽ കുർബ്ബാന നടത്തുകയും കൗമാ അന്നത്തെ കുർബ്ബാനയ്ക്ക് പ്രത്യേകമുള്ളത് ചൊല്ലുകയും വേണം. ദുഃഖ വെള്ളിയാഴ്‌ച കുരിശു കബറടക്കുന്ന ത്രോണോസിലല്ല, മറ്റൊരു ത്രോണോസിലാണ് കുർബ്ബാന ചൊല്ലേണ്ടത്. വാങ്ങിപ്പോയവരുടെ പേരുകൾ കുർബാനയിൽ ഓർക്കകയും കല്ലറയ്ക്കൽ ധൂപാർപ്പണം നടത്തുകയും വേണം.
(ശുശ്രൂഷ സംവിധാന സഹായി പേജ് 78, സിറിയൻ ഓർത്തഡോക്സ് സഭയുടെ കഷ്ടാനുഭവാഴ്ചയിലെ നമസ്കാര ക്രമം പേജ് 429, 430, 431, 432 എന്നീ പുസ്തകങ്ങളിൽ നിന്നും എടുത്തതും, സുറിയാനി ഓർത്തഡോക്സ് സഭയുടെ പഴയ നടപടി ചില ക്രമ പുസ്തകങ്ങളിൽനിന്നും, പണ്ഡിതന്മാരായ പഴയ മല്പാന്മാരിൽനിന്നും അഭിവന്ദ്യ തിരുമേനിമാരിൽനിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ചോദിച്ച് എഴുതിയ ലേഖനമാണ്).
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.