വിമർശനങ്ങളും വിയോജിപ്പുകളും നേരിടേണ്ടി വരുമ്പോൾ, ഒരു സൂക്ഷ്മനിരീക്ഷണം നടത്തണം: എത്ര പേർ എതിർപ്പുമായി വരുന്നുണ്ടെന്നറിയാൻ. ഏതു ക്രീയാത്മക പ്രവൃത്തിക്കും എതിരായി ചില ശബ്ദളൊക്കെ വരും. അവർ വിരലിലെണ്ണാവുന്നവരെ കാണുകയുള്ളുവെങ്കിലും, ഏറെ ശബ്ദമുണ്ടാക്കാൻ അറിയുന്നവരായതിനാൽ, ഏറെപ്പേരുടെ പ്രതീതി ജനിപ്പിക്കും. ഒന്നോ രണ്ടോ പേർ സൃഷ്ടിക്കുന്ന വിരുദ്ധ ശബ്ദം കൊണ്ട്, പല നല്ല ആളുകളും, ആശയങ്ങളും ഒളിച്ചിരിക്കുകയോ, ഒളിച്ചോടുകയോ ചെയ്തിട്ടുണ്ട്. തവളകളുടെ ഏക വിനോദം, അരോചക ശബ്ദങ്ങൾ പുറപ്പെടുവിക്കുക എന്നതാണ്. അതവരുടെ ജന്മവാസനയായതിനാൽ, അവരെ പഴിചാരുന്നതിൽ അർത്ഥമില്ല.
പ്രതിയോഗികളാടു പ്രതിക്രയെ ചെയ്യാൻ ഇറങ്ങി പുറപ്പെടുന്നതാണ്, കർമ്മ വീഥികളിൽ കറ പുരളാൻ കാരണം. എല്ലാ സ്വപ്നങ്ങളും എല്ലാവരും ഉൾക്കൊള്ളണമെന്നും, എല്ലാ വ്യവഹാരങ്ങളും, എല്ലാവരും അംഗീകരിക്കണം എന്നുമില്ല. എല്ലാവരുടെയും അംഗീകാരത്തോടെ, ഒരു കാര്യവും ചെയ്യാനുമൊക്കില്ല. എല്ലാ പ്രതിയോഗികളെയും എതിരിടുക സാദ്ധ്യവുമല്ല. എതിരാളികളുടെ ചൂണ്ടക്കൊളുത്തിൽ കൊത്തിയാല്പിന്നെ, ആയുസ്സു മുഴുവൻ അവർക്കെതിരേയുള്ള പ്രതിക്കർമ്മങ്ങളിലായിരിക്കും നമ്മുടെ ശ്രദ്ധമുഴുവൻ. സ്വന്തം വഴികളും, ദൗത്യങ്ങളും, അതോടെ മറക്കേണ്ടി വരികയും ചെയ്തു എന്നു വരാം.
ചില അപശബ്ദങ്ങളെല്ലാം, അങ്ങനെ തന്നെ നിലനിൽക്കാൻ അനുവദിക്കുക. അതു നമ്മുടെ മനോഭാവത്തിനും പ്രവർത്തനത്തിനും കൂടുതൽ മികവു നൽകും. അരോചക ശബ്ദങ്ങളെ അവഗണിക്കാൻ കഴിയാത്തതുകൊണ്ടാണ് കർമ്മയോഗികളായിത്തീരേണ്ട പലരും, കർമ്മ വിഫലരായി തീരേണ്ടി വരുന്നത് ഇരുട്ടിൽ ഭീകരമെന്നു തോന്നുന്ന പല കാര്യങ്ങളും, വെളിച്ചം വീഴുമ്പോൾ, തീർത്തും അപ്രധാനവും അടിസ്ഥാന രഹിതവും ആയിരുന്നെന്നു കാണാനാകും.
ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.