'പെന്തക്കോസ്തി' എന്ന വാക്കിന്റെ അർത്ഥം 'അൻപതാം' ദിവസം എന്നാണ്. ഉയിർപ്പ് പെരുന്നാൾ കഴിഞ്ഞിട്ടുള്ള 50-ാമത്തെ ദിവസമാണ് പെന്തക്കോസ്തി പെരുന്നാള്‍.
എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും. (യോഹന്നാൻ 16:7).
"അവൻ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന ഏക സ്വഭാവത്തോടും ഏക അധികാരത്തോടും ഏക മനസ്സോടും കുടിയ സത്യേക ദൈവമാകുന്നു. ക്നൂമാ കൂടാതെ അവന് ഒരു നാമമില്ല. ഒരു ക്നൂമാ മറ്റൊരു ക്നൂമായെക്കാൾ ചെറുതോ പ്രായം കൂടിയതോ അല്ല. വലുപ്പത്തിലോ ചെറുപ്പത്തിലോ ക്നൂമാകൾക്ക് അന്തരമോ വ്യത്യാസമോയില്ല. യാതൊരു ക്നൂമായും നാമവും അവന്റെ നിത്യതയിൽ നിന്ന് ചെറുതോ അന്യമോ അല്ല. പിതാവെന്നു പറഞ്ഞാൽ പുത്രനും റൂഹായും അവനിൽ നിന്നുള്ളവരാകുന്നു. പുത്രനെന്നു പറഞ്ഞാൽ പിതാവും റൂഹായും അവൻ മൂലമാകുന്നു അറിയപ്പെടുന്നത്. റൂഹായെന്നു പറഞ്ഞാൽ പിതാവും പുത്രനും അവനിൽ പൂർത്തിയായിരിക്കുന്നു. പിതാവ് ജനകനാകുന്നു ജനിച്ചവനല്ല. പുത്രൻ ജനിച്ചവനാകുന്നു ജനകനല്ല. പരിശുദ്ധ റൂഹാ പിതാവിൽനിന്നു പുറപ്പെടുന്നവനും പുത്രനിൽനിന്ന് എടുക്കുന്നവനും പിതാവിന് സമസ്വഭാവിയും തുല്യ നിത്യതയുള്ളവനും ആകുന്നു ".
“വിശുദ്ധ റൂഹാ എടുക്കുന്നവനാകുന്നു എടുക്കപ്പെടുന്നവനല്ല, അവൻ പൂർത്തീകരിക്കുന്നവനാകുന്നു പൂർത്തീകരിക്കപ്പെടുന്നവനല്ല, സംസാരിക്കുന്നവനാകുന്നു സംസാരിക്കപ്പെടുന്നവനല്ല. ശുദ്ധീകരിക്കുന്നവനാകുന്നു ശുദ്ധീകരിക്കപ്പെടുന്നവനല്ല. ദൈവമാകുന്നു ദൈവമാക്കപ്പെടുന്നവനല്ല. റൂഹാ സ്വയമായി ചലിക്കുന്നു. റൂഹാ സ്വയമായി അധികാരമുള്ളവനാകുന്നു. റൂഹാ സ്വന്തം ശക്തിയാൽ ബലവാനാകുന്നു. റൂഹാ സ്വന്ത മഹത്വത്താൽ മഹനീയനാകുന്നു. റൂഹാ സ്വന്ത പ്രാബല്യത്താൽ പ്രബലനാകുന്നു. റൂഹാ പ്രകാശവും പ്രകാശ ദാതാവുമാകുന്നു”. (പെന്തക്കോസ്തി പെരുന്നാൾ ആണ്ടു തക്സാ).
എന്താണ് പെന്തക്കോസ്തി പെരുന്നാൾ?
പരിശുദ്ധാത്മാവ് അഥവാ, ദൈവാത്മാവ് കൊണ്ടുള്ള സ്നാനമാണ് പെന്തക്കോസ്തി എന്നറിയപ്പെടുന്നത്. പരിശുദ്ധാത്മാവിന്റെ അഭിഷേകം.
1. വിശുദ്ധ മാമ്മോദീസാ വഴി.
2. പെന്തക്കോസ്തി വഴി.
(മത്തായി 3:11). ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളൂ; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാനാകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും. (അപ്പൊ.പ്ര 1:5).
യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു. വെള്ളംകൊണ്ടുള്ള സ്നാനം - വിശുദ്ധ മാമ്മോദീസാ. പരിശുദ്ധാത്മാവുകൊണ്ടുള്ള സ്നാനം - പെന്തക്കോസ്തി.
1. വിശുദ്ധ മാമ്മോദീസ വഴി ലഭിക്കുന്ന പരിശുദ്ധാത്മാവിന്റെ അഭിഷേകം. (ദൈവീക ജീവൻ).
ഏദൻ തോട്ടത്തിൽ വെച്ച് പിതാവാം ദൈവം ഊതിയപ്പോൾ ആദത്തിന്റെമേൽ കടന്നുവന്ന ദൈവീകജീവൻ (പരിശുദ്ധാത്മാവ്) പാപം മൂലം നഷ്ട്ടപ്പെടുത്തിയപ്പോൾ, യേശു തന്റെ കുരിശിലെ രക്തത്താൽ പരിഹാരം ചെയ്തു നമുക്ക് തിരികെ നൽകി. നമ്മളെല്ലാവരും ഈ അഭിഷേകം സ്വീകരിച്ചത് വിശുദ്ധ മാമോദീസായിലാണ്.
2. പെന്തക്കോസ്തി വഴി ലഭിക്കുന്ന പരിശുദ്ധാത്മാവിന്റെ അഭിഷേകം. (ദൈവീക ശക്തി).
ക്രിസ്തീയ ആത്മീയ ജീവിതം നയിക്കുവാനുള്ള ദൈവീകശക്തി ദൈവം നമുക്ക് നൽകുന്നത് പെന്തക്കോസ്തി വഴിയാണ്. പിശാചിന്റെ ശക്തിയെ തടുത്തുനിൽക്കാൻ (പാപരഹിതമായ ജീവിതം നയിക്കുവാൻ) മാനുഷിക ശക്തിക്കു ഒരിക്കലും കഴിയുകയില്ല, അതിനെ തടുത്തു നിൽക്കുവാൻ ഒരു സഹായകൻ അഥവാ ദൈവീക ശക്തി നമുക്കാവശ്യമാണ്. അത് നാം പ്രാപിക്കുന്നത് പെന്തക്കോസ്തിയിലാണ്. നമ്മുടെ നാഥനായ യേശുവിന്റെ സ്വർഗ്ഗാരോഹണം വഴിയും, താൻ പിതാവിനോട് അപേക്ഷിക്കുന്നതിന്റെയും ഫലമായിട്ടാണ് നാം പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നത്.
(യോഹന്നാൻ 16:7). എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും.
നമ്മൾക്കിന്നാ ശ്ലീഹരിലാവാസം ചെയ്ത വിശു-ദ്ധാത്മാവിനെ വന്ദിക്കാം ദേവാ! ദയ ചെയ്തീടണമേ.
ഈ പെരുന്നാൾ പെന്തക്കോസ്തി എന്നത് കൂടാതെ സുവിശേഷ പൂർണ്ണത, വാഗ്ദത്ത നിവൃത്തി, പരിശുദ്ധ റൂഹായുടെ വരവ് എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്. കർത്താവ് തന്റെ ശിഷ്യന്മാരോട് എന്റെ പിതാവിൽ നിന്ന് പുറപ്പെടുന്ന സത്യാത്മാവായി, പിതാവിൽനിന്ന് ഞാൻ നിങ്ങൾക്ക് അയപ്പാനിരിക്കുന്ന ആശ്വാസപ്രദൻ വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷിക്കുകയും സകലവും നിങ്ങളോട് പഠിപ്പിക്കുകയും ചെയ്യും എന്ന് അരുളിചെയ്ത പ്രകാരം ഈ ദിവസത്തിൽ പരിശുദ്ധാത്മാവ് വന്നതിനാൽ "പരിശുദ്ധ റൂഹായുടെ വരവ്" എന്ന് ഇതിനെ വിശേഷിപ്പിക്കുന്നു. താൻ തന്റെ വിശുദ്ധ ശിഷ്യർക്ക് പരിശുദ്ധാത്മാവിനെ പറഞ്ഞയക്കാമെന്ന വാഗ്ദത്തം ഈ ദിവസത്തിൽ നിവർത്തിച്ചതിനാൽ "വാഗ്ദത്ത നിവൃത്തി" എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. ശ്ലീഹന്മാർ പരിശുദ്ധാത്മാവിനെ കൈക്കൊണ്ടതിനാൽ തന്നിൽനിന്ന് കേൾക്കുകയും പഠിക്കുകയും ചെയ്ത സകലത്തിനും പൂർണ്ണത ലഭിച്ചത് ഈ ദിവസത്തിലായതിനാൽ ഇതിനു "സുവിശേഷ പൂർണ്ണത" എന്നും പറയുന്നു. ശ്ലീഹന്മാരുടെമേൽ പരിശുദ്ധാത്മാവ് ഇറങ്ങിയത് ഉയിർപ്പിനുശേഷം അമ്പതാം ദിവസതിലായതിനാൽ "പെന്തക്കോസ്തി" എന്നും പറയുന്നു. യഹൂദാ സഭയിലും പെന്തക്കോസ്തി പെരുന്നാൾ ആചരണമുണ്ടായിരുന്നു. സീനായ് പർവ്വതത്തിൽ വെച്ച് ന്യായപ്രമാണം നൽകപ്പെട്ടതിന്റെ ഓർമ്മയായിട്ടാണ് യഹൂദർ പെന്തക്കോസ്തി പെരുന്നാൾ ആചരിച്ചിരുന്നത്. വിശുദ്ധ ശ്ലീഹന്മാരുടെമേൽ പരിശുദ്ധാത്മാവ് ഇറങ്ങിയതും, ശ്ലീഹർ പരിശുദ്ധ ത്രിത്വ സംബന്ധമായ അറിവിൽ പൂർണ്ണന്മാരായതും, നമുക്ക് പുതിയ ന്യായപ്രമാണം നൽകപ്പെട്ടതും, 'എന്റെ ആത്മാവ് മനുഷ്യനിൽ എന്നേക്കും വസിക്കുകയില്ല' എന്ന ദിവ്യ തീർപ്പ് മായ്ച്ചുകളഞ്ഞതും ഈ ദിവ്യ ദിവസത്തിലായതിനാലും ഈ പെരുന്നാൾ നാം ആചരിക്കുന്നു.
യഹൂദന്മാരുടെ പെരുനാൾ.
മൂന്നു വാർഷിക മഹോത്സവങ്ങളിൽ രണ്ടാമത്തേതാണ് പെന്തക്കോസ്തി. (പുറ, 23:16, ലേവ്യ, 23:15-22, സംഖ്യാ, 28:26-31, ആവ, 16:9-12). മറ്റു രണ്ടു മഹോത്സവങ്ങൾ പെസഹയും കൂടാരപ്പെരുനാളുമാണ്. പെന്തക്കോസ്തി പെരുന്നാൾ മൂന്നുപേരുകളിൽ അറിയപ്പെടുന്നു.
ഒന്ന്; വാരോത്സവം: (പുറ, 34:22, സംഖ്യാ, 28:26, ആവ, 16:10,16, 2ദിന, 8:13). ഉയിർപ്പ് കഴിഞ്ഞ് അമ്പതാം ദിവസമാണ് സുറിയാനി സഭ ഈ ഉത്സവം ആഘോഷിക്കുന്നത്. അതിനാലാണ് അമ്പതാം ദിവസം എന്ന അർത്ഥത്തിൽ ഈ പേരു ലഭിച്ചത്. (ലേവ്യ, 23:15-16).
രണ്ട്; കൊയ്ത്തു പെരുനാൾ: (പുറ, 23:16).
മൂന്ന്; ആദ്യഫല ദിവസം: (സംഖ്യാ, 28:26). പുതിയ ധാന്യം കൊണ്ടുള്ള ആദ്യത്തെ അപ്പങ്ങൾ യാഗപീഠത്തിൽ അർപ്പിച്ചതിനാലാണ് ഈ പേരുണ്ടായത്. സീവാൻ മാസം (മെയ്/ജൂൺ) ആറാം തീയതിയാണ് പെന്തെകൊസ്ത്. പെസഹയ്ക്കു ശേഷം നീരാജനക്കറ്റ അർപ്പിക്കുന്നതിന്റെ ഏഴ് ആഴ്ചയ്ക്കുശേഷമാണിത്. ഉത്സവത്തിന്റെ ദൈർഘ്യം ഒരു ദിവസം മാത്രമാണ്. (ആവ, 16:9-12). ഇതു ഗോതമ്പു കൊയ്ത്ത്തിന്റെ സമാപനത്തെക്കുറിക്കുന്നു.
ഉല്പത്തിയും പ്രാധാന്യവും:
ചരിത്രപരമായ എന്തെങ്കിലും പ്രാധാന്യം ഈ ഉത്സവത്തിനുണ്ടോ എന്ന് ബൈബിൾ വ്യക്തമാക്കുന്നില്ല. എന്നാൽ ആ സമയത്തു അവസാനിക്കുന്ന കൊയ്ത്തിനോടു പെന്തക്കോസ്തിയുടെ ഉത്ഭവം ബന്ധപ്പെട്ടിരിക്കുന്നുവെന്നു മനസ്സിലാക്കാം. പ്രാചീന കാലത്ത് വിജാതീയർ ധാന്യങ്ങളും മൃഗങ്ങളുടെ കടിഞ്ഞൂലുകളും ദേവന്മാർക്കു അർപ്പിച്ചു ആരാധിച്ചിരുന്നു. എന്നാൽ യെഹൂദന്മാർ യഹോവയ്ക്ക് തങ്ങളുടെ ആദ്യവിളവു നൽകി ആരാധിച്ചു. കുറഞ്ഞ പക്ഷം ക്രിസ്തുവിന്റെ കാലം മുതലെങ്കിലും പെസഹയുമായി ബന്ധപ്പെടുത്തി സീവാൻ 6-ാം തീയതിയെ പത്തുകല്പനകൾ നൽകിയ ദിവസമായി യെഹൂദന്മാർ സ്മരിക്കുന്നു. പുറപ്പാടിനുശേഷം അമ്പതാം ദിവസമാണ് കല്പന നൽകിയതെന്നു പുറപ്പാട് 19-ൽ നിന്നും വ്യക്തമാണ്. കല്പന നൽകിയതും പെന്തക്കോസ്തി പെരുനാളും തമ്മിൽ ഒരു ബന്ധമുണ്ടെന്നു ആവർത്തനം 16:12-ൽ കാണുന്ന ന്യായപ്രമാണ ചട്ടങ്ങളുടെ ആചരണ കല്പനയിൽ നിന്നും അനുമാനിക്കാവുന്നതാണ്.
ഉത്സവത്തിന്റെ കാലം:
പെസഹയുടെ ശബ്ബത്തിന്റെ പിറ്റെന്നാൾ മുതൽ അമ്പതാം ദിവസമാണ് പെന്തക്കോസ്തി ആചരിക്കേണ്ടത്. (ലേവ്യ, 23:11,15,16). അല്ലെങ്കിൽ വിളയിൽ അരിവാൾ ഇടുവാൻ ആരംഭിക്കുന്നതു മുതൽ ഏഴു ആഴ്ചവട്ടം എണ്ണി വാരോത്സവം ആചരിക്കണം. (ആവ, 16:9). ഉത്സവം ആഘോഷിക്കുന്നതിനുള്ള തീയതിയുമായി ബന്ധപ്പെട്ട ശബ്ബത്തിന്റെ അർത്ഥം പണ്ടു മുതലക്കെ വിവാദവിഷയമാണ്. സദൂക്യരും ക്രിസ്തുവർഷം എട്ടാം നൂറ്റാണ്ടു മുതലുള്ള കറാത്യരും ശബ്ബത്തിനെ ആഴ്ചയിലെ ഏഴാമത്തെ ദിവസമായി കരുതി. തന്മൂലം പെന്തക്കോസ്തി എല്ലായ്പ്പോഴും ആഴ്ചയുടെ ഒന്നാം നാൾ വരുന്നതിനു ഇടയായി. ലേവ്യർ 23:15-22-നെ വ്യാഖ്യാനിച്ചുകൊണ്ട് കീലും ഡെലിറ്റ്ഷും എഴുതി: ‘ശബ്ബത്തുക്കൾ’ (വാക്യം.15) ആഴ്ചകളെ കുറിക്കുന്നു. തൽഫലമായി ഏഴാമത്തെ ശബ്ബത്തിനു ശേഷമല്ല ഏഴാമത്തെ ആഴ്ചയുടെ പിറ്റേദിവസമാണ് ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റെന്നാൾ (വാക്യം,16). അതിനാൽ രണ്ടാം ദൈവാലയത്തിന്റെ കാലത്തു യെഹൂദന്മാർ നീസാൻ 16-നു ശേഷമുള്ള അമ്പതാം ദിവസം പെന്തക്കോസ്തിയായി ആചരിച്ചു. ലേവ്യർ 23:15-22-ലെ നിർദ്ദേശം അതു തന്നേ. യഹൂദാ നിയമമനുസരിച്ച് അമ്പതാം ദിവസം സിവാൻ 5,6,7 എന്നീ തീയതികളിൽ ഏതെങ്കിലും ഒന്നിലായിരിക്കും.
ആചരണം:
പെന്തക്കോസ്തി ദിവസം ഒരു വിശുദ്ധ സഭായോഗം ഉണ്ടായിരിക്കണമെന്നു ന്യായപ്രമാണം അനുശാസിക്കുന്നു. അന്നു യാതൊരു ജോലിയും ചെയ്യാൻ പാടില്ല. യിസ്രായേൽ സഭയിലെ കഴിവുള്ള എല്ലാവരും വിശുദ്ധസ്ഥലത്തു സന്നിഹിതരാകുകയും ഒരു പ്രത്യേകയാഗം നടത്തുകയും വേണം. (ലേവ്യ, 23:15-22, സംഖ്യാ, 28:26-31). അർപ്പിക്കേണ്ട യാഗങ്ങൾ ഇവയാണ്:
ഒന്ന്; ഭോജനയാഗം, പാനീയയാഗം എന്നിവയോടൊപ്പം പ്രഭാതയാഗവും സന്ധ്യായാഗവും.
രണ്ട്; ഏഴു ചെമ്മരിയാട്ടിൻകുട്ടികൾ, ഒരു കാളക്കുട്ടി, രണ്ടു മുട്ടാട് എന്നിവയുടെ ഭോജനയാഗത്തോടും പാനീയയാഗത്തോടും കൂടിയ ഒരു ഹോമയാഗം. (ലേവ്യ, 23:18, സംഖ്യ, 28:26).
മൂന്ന്; നീരാജനത്തിനു രണ്ടിടങ്ങഴി മാവു കൊണ്ടുള്ള രണ്ടപ്പം കൊണ്ടുവരണം. അതു നേരിയ മാവുകൊണ്ടും പുതിയ ധാന്യംകൊണ്ടും ഉള്ളതായിരിക്കണം. (ലേവ്യ, 23:17).
നാല്; അപ്പത്തോടുകൂടെ ഒരു കോലാട്ടുകൊറ്റനെ പാപയാഗമായും രണ്ടു ആട്ടിൻകുട്ടിയെ സമാധാനയാഗമായും അർപ്പിക്കണം.
മുമ്പുള്ള ഏഴു ആഴ്ചകളിൽ ശേഖരിച്ച കൊയ്തത്തിന്റെ നന്ദിസൂചകമായി ആദ്യഅപ്പം രണ്ട് ആട്ടിൻകുട്ടിയോടൊപ്പം (സമാധാനയാഗം) നീരാജനത്തോടെ യഹോവയുടെ മുമ്പിൽ അർപ്പിക്കും. “നീരാജനത്തിനായി രണ്ടപ്പം നിങ്ങളുടെ വാസസ്ഥലങ്ങളിൽ നിന്നു കൊണ്ടുവരേണം” (ലേവ്യ, 23:17) എന്നതിന് എല്ലാ ഗൃഹനാഥന്മാരും രണ്ടപ്പം കൊണ്ടുവരണമെന്നല്ല പ്രത്യുത, എല്ലാ ജനത്തിനും വേണ്ടിയാണ് ഈ രണ്ടപ്പം സമർപ്പിക്കുന്നത് എന്നാണർത്ഥം. ‘നിങ്ങളുടെ വാസസ്ഥലങ്ങളിൽ നിന്നും’ എന്നതിന്റെ അർത്ഥം സ്വന്തം ആവശ്യത്തിനു ഉണ്ടാക്കിയ അപ്പം എന്നാണ്. ഒരു ശുദ്ധ ഉദ്ദേശ്യത്തിനു പ്രത്യേകം നിർമ്മിച്ച അപ്പമായിരിക്കരുത്. ദൈവത്തിൽ നിന്നും ലഭിച്ച അനുഗ്രഹങ്ങളുടെ ആനുപാതികമായി ഓരോ വ്യക്തിയും സ്വമേധാദാനങ്ങൾ അർപ്പിക്കണം. ഇവ ഹോമയാഗമോ, പാനീയയാഗമോ, ഭോജനയാഗമോ ആകാം. (ആവ, 16:10). പുത്രനും പുത്രിയും ദാസനും ദാസിയും ലേവ്യനും പരദേശിയും അനാഥനും വിധവയും സന്തോഷിക്കുന്ന സമയമാണ് ഈ ഉത്സവകാലം. (ആവ, 16:11). യിസ്രായേൽ ഈജിപ്റ്റിൽ അടിമയായിരുന്നത് ഓർക്കുന്നതിനും ന്യായപ്രമാണം അനുസരിക്കുന്നതിനുമുള്ള സമയമാണിത്. (ആവ 16:12).
ബാബേൽ പ്രവാസാനന്തരം പെന്തക്കോസ്തി ആചരിച്ചത് ഇപ്രകാരമാണ്:
മറ്റുത്സവങ്ങളെക്കാളും പെന്തക്കോസ്തിക്ക് ദൂരസ്ഥലങ്ങളിലുള്ള യഹൂദന്മാർ യരുശലേമിലേക്കു വന്നിരുന്നു. (അപ്പൊ, 2:9-11). പെന്തക്കോസ്തിക്കു തലേനാൾ തീർത്ഥാടകർ യരൂശലേമിൽ പ്രവേശിക്കും. വിശുദ്ധ സഭായോഗത്തിന്റെ സാമീപ്യം വൈകുന്നേരത്ത് കാഹളമൂതി വിളംബരം ചെയ്യും. ആദ്യയാമത്തിൽ യാഗപീഠം ശുദ്ധീകരിക്കുകയും അർദ്ധരാത്രിക്കുശേഷം ആലയത്തിന്റെ കവാടങ്ങൾ തുറന്നിടുകയും ചെയ്യും. പ്രഭാത യാഗത്തിനുമുമ്പു ജനങ്ങൾ കൊണ്ടുവരുന്ന എല്ലാ ഹോമ സമാധാന യാഗങ്ങളെയും പുരോഹിതൻ പരിശോധിക്കും.
യാഗങ്ങളുടെ ക്രമം താഴെപറയുന്നതാണ്:
ഒന്ന്; നിരന്തരമായ പ്രഭാതയാഗം.
രണ്ട്; നിർദ്ദേശിച്ചിട്ടുള്ള ഉത്സവയാഗങ്ങൾ. (സംഖ്യാ, 28:26-30). ലേവ്യരുടെ ഹല്ലേൽ പാടൽ. ഇതിൽ ജനങ്ങളും പങ്കെടുക്കും.
മൂന്ന്; ആദ്യ അപ്പം: ഈ അപ്പം താഴെപ്പറയുന്ന വിധമാണ് തയ്യാറാക്കുന്നത്. മൂന്നു സേയാ പുതിയ ഗോതമ്പ് ആലയത്തിൽ കൊണ്ടുവന്നു പൊടിച്ചു പന്ത്രണ്ടു അരിപ്പയിലൂടെ കടത്തിവിടും. അവശിഷ്ടം വീണ്ടെടുത്ത് ആർക്കും കഴിക്കാം. ഓരോ അപ്പത്തിനും 12 സേയാ മാവു പ്രത്യേകം എടുക്കാൻ ശ്രദ്ധിക്കും. നേരിയ ചൂടുള്ള വെള്ളത്തിൽ പ്രത്യേകം കുഴയ്ക്കുകയും ആലയത്തിൽ വച്ചു തന്നെ പ്രത്യേകമായി ചുടുകയും ചെയ്യും. ഉത്സവത്തിനു മുമ്പുള്ള വൈകുന്നേരത്തോ അതു ശബ്ബത്താണ് എങ്കിൽ രണ്ടു വൈകുന്നേരങ്ങൾക്കു മുമ്പോ അപ്പമുണ്ടാക്കണം. രണ്ടു ആട്ടിൻകുട്ടിയോടൊപ്പം ഈ അപ്പം നീരാജനാർപ്പണത്തിന്റെ ഭാഗമായി മാറുന്നു.
നാല്; സ്വമേധാദാനങ്ങൾ കുടുംബത്തിന്റെ ഭക്ഷണമാണ്. അതിലേക്കു ലേവ്യൻ, വിധവ, പരദേശി, അനാഥൻ, ദരിദ്രൻ എന്നിവരെ ക്ഷണിക്കുന്നു.
യെഹൂദ്യ ഉത്സവമായ പെന്തക്കോസ്തി ക്രൈസ്തവമായി തീർന്നതിന്റെ അടിസ്ഥാനം അപ്പൊസ്തോല പ്രവൃത്തികൾ 2-ലെ സംഭവങ്ങളാണ്. അതോടുകൂടി ക്രിസ്തുവിന്റെ ശരീരമായ സഭയുടെ രൂപീകരണത്തിനുവേണ്ടി പരിശുദ്ധാത്മാവു അവരോഹണം ചെയ്തതിന്റെ നിഴലായി പെന്തക്കോസ്തി പെരുന്നാൾ മാറി. ആദ്യഫലക്കറ്റ ചൂണ്ടിക്കാണിക്കുന്നതു ക്രിസ്തുവിന്റെ പുനരുത്ഥാനത്തെയാണ്. അതിന്റെ അമ്പതാം ദിവസമാണ് പെന്തക്കോസ്തി. ആദികാലത്തു പെന്തക്കോസ്തി ദിവസം സ്നാനപ്പെടുന്നവർ ശുഭ്രവസ്ത്രം ധരിച്ചിരുന്നു. അതിനാൽ ഈ ഞായറാഴ്ചയെ ശുഭ്രഞായർ (White Sunday) എന്നു വിളിച്ചു. പെന്തക്കോസ്തിക്കു രണ്ടിടങ്ങഴി മാവുകൊണ്ടുള്ള രണ്ടപ്പമാണ് നീരാജനം ചെയ്യേണ്ടത്. അവ നേരിയ മാവു കൊണ്ടുള്ളതും പുളിപ്പിച്ചു ചുട്ടതുമാണ്. പെന്തക്കോസ്തിക്കു പുളിമാവു ദൈവാലയത്തിൽ സ്വീകാര്യമാണ്. പുളിമാവു കൊണ്ടുണ്ടാക്കിയ രണ്ടു അപ്പം സഭയുടെ ഇരു ഘടകങ്ങളായ യഹൂദന്മാരെയും ജാതികളെയും ചൂണ്ടിക്കാണിക്കുന്നു. സഭ തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ദുഷ്ടതയും തിന്മയുമായ പുളിപ്പു സഭയിലുണ്ട്. (മത്താ, 13:33). എന്നാൽ ഈ പുളിപ്പു ചുടപ്പെട്ടതാണ്. വീണ്ടെടുക്കപ്പെട്ടവരിലുള്ള പാപം ക്രിസ്തുവിൽ വിധിക്കപ്പെട്ടു എന്ന സത്യം ഇതു വെളിവാക്കുന്നു.
പരിശുദ്ധാത്മാവിന്റെ ആവാസത്തിലൂടെ പാപങ്ങളെ മോചിപ്പിക്കാനും, ആകാശത്തിലും ഭൂമിയിലും കെട്ടുവാനും അഴിക്കുവാനുള്ള ആചാര്യത്വാധികാരം ശ്ലീഹന്മാർക്ക് പൂർണ്ണമായും ലഭിച്ചത് പെന്തക്കോസ്തി ദിവസത്തിലാണ്. അവരോട് കല്പിച്ചിരുന്ന തന്റെ സകല വചനങ്ങൾക്കും സമ്പൂർണ്ണത ലഭിച്ചത് അവരുടെമേൽ പരിശുദ്ധ റൂഹാ വന്ന് സകലത്തിലും അവരെ പൂർണ്ണരാക്കിയപ്പോഴായിരുന്നു.
അജ്ഞാനിക്ക് മൂല്യമേകുന്ന നാവുകൾ.
ഈസോപ്പ് കഥകളിലെ ശ്രദ്ധേയമായ കഥകളിൽ ഒന്നാണ് അടിമയായ ഈസോപ്പ്, യജമാനന്റെ ആജ്ഞ അനുസരിച്ച് ഉണ്ടാക്കിയ ഏറ്റവും മികച്ചതും ഏറ്റവും മോശവുമായ രണ്ടു വിഭവങ്ങൾ. ആ രണ്ടു വിഭവങ്ങളും നാവുകൾകൊണ്ട് ഉണ്ടാക്കിയതായിരുന്നു എന്നത് ചിന്തോദ്ദീപകമായ ഒരു പ്രവർത്തിയായിരുന്നു. നാവുകൊണ്ട് നന്മയും തിന്മയും പ്രതിഫലിപ്പിക്കുന്ന ഫലങ്ങൾ പുറപ്പെടുവിക്കുവാൻ കഴിയും എന്നതിനാൽ ആ പ്രവർത്തിയ്ക്ക് അർത്ഥവ്യാപ്തി വളരെയാണ്. നാവുകൾക്ക് പ്രത്യേകസ്ഥാനം നൽകപ്പെട്ടിരിക്കുന്ന ആരാധനാ ദിനമായ പെന്തക്കോസ്തി ദിനത്തിൽ ‘നാവുകൾ’ ചിന്തിക്കപ്പെടേണ്ടത് തന്നെ.
അക്ഷരജ്ഞാനം, സൽസ്വഭാവം, പക്വത എന്നീ ഗുണങ്ങൾ ഒത്തുചേരുന്ന വ്യക്തിത്വങ്ങൾ അപൂർവ്വവും അസാധാരണവുമാണെങ്കിലും ചില അടിസ്ഥാനപരമായ ഘടകങ്ങൾകൊണ്ട് മാത്രമേ അങ്ങനെയുള്ളവർ പിറക്കാറുള്ളൂ. ആവശ്യമായ കരുതലും വിജ്ഞാനവും പോഷകാഹാരവും പ്രദാനം ചെയ്ത് മേല്പറഞ്ഞ സവിശേഷ ഗുണങ്ങൾ പോഷിപ്പിക്കുന്നത് നവജാതശിശുക്കളിൽ തലച്ചോറും തിരിച്ചറിയാനുള്ള കഴിവും വികസിച്ചു തുടങ്ങുന്ന അമ്മയുടെ ഉദരം മുതലേ തുടങ്ങുന്നു. സമൂഹത്തിന് ഉത്തമനാ/യായ സംഭാവനയായി അവനെ/അവളെ വളർത്തുകയും വഴികാട്ടുകയും ചെയ്യേണ്ടതിന് പ്രാരംഭം കുറിക്കേണ്ടത് മാതാപിതാക്കളും കുടുംബവും, അത് ഉറപ്പിക്കേണ്ടത് മുതിർന്ന തലമുറയുമാണ്. പരിശുദ്ധ സഭയുടെയും ക്രിസ്തുശിഷ്യന്മാരുടെയും ക്രമാനുഗതമായ വളർച്ചയും ഏകദേശം സമാനമായ രീതിയിലായിരുന്നുവെന്ന് വേദഗ്രന്ഥത്തിന്റെ ചുരുളുകൾ നമ്മോട് പറയുന്നു. അക്ഷരജ്ഞാനമില്ലാത്തവരായ ശിഷ്യന്മാർ സ്വയം പര്യാപ്തത നേടുന്നതും, ഏകരായി യാത്ര ചെയ്ത് ലോകം കീഴടക്കും വിധം ശ്രേഷ്ഠ വചസ്സുകളെ വിതറും വിധം ഊർജ്ജമുൾക്കൊണ്ടതും യേശുക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷയുടെ അന്തിമഘട്ടത്തിലെന്നോ ശേഷമെന്നോ പറയാവുന്ന നിമിഷങ്ങളിൽ എന്നതും യാഥാർത്ഥ്യമാണ്. ‘ശ്വാസം’ എന്ന അർത്ഥം വരുന്ന ‘റൂഹോ’ എന്ന എബ്രായ വാക്കിൽ നിന്ന് ലോപിച്ചുണ്ടായ റൂഹാ വിവിധ സന്ദർഭങ്ങളിൽ ദൈവ സാന്നിധ്യത്തോടെ കാര്യങ്ങൾ നടപ്പാക്കുന്ന കാര്യസ്ഥനായി ശിഷ്യന്മാരിലുൾപ്പെടെ പ്രവർത്തിച്ചതായി വേദപുസ്‌തകം നമ്മെ ആവർത്തിച്ച് അനുസ്മരിപ്പിക്കുന്നു. ഏദനിൽ മനുഷ്യസൃഷ്ടിയുടെ വേളയിലും, ക്രിസ്തുവിന്റെ ഉയിർപ്പിന് ശേഷം ശിഷ്യന്മാരുടെ മേലും, വിശുദ്ധ മാമോദീസാ വേളയിൽ സ്നാനാർത്ഥികളുടെമേലും ഊതപ്പെട്ട ശ്വാസം, ജീവൻ പ്രദാനം ചെയ്കയും ജീവൻ പ്രോജ്ജ്വലിപ്പിക്കയും ചെയ്യുന്നതും വിശുദ്ധ റൂഹായാലാകുന്നു. ആദിയിൽ ആത്മാവ് വെള്ളത്തിന്മേൽ പരിവർത്തിച്ചുവെങ്കിൽ ക്രിസ്തുവിന്റെ പുനരുത്ഥാനശേഷം അഗ്നി സമാനമായ നാവുകളായി സന്നിഹിതരായവരുടെ മേൽ പറന്നിറങ്ങുകയാണ് ചെയ്യുന്നത്. അജ്ഞാനികളായ ശിഷ്യന്മാരുടെ മേൽ പൊരുന്നി ആവസിച്ച പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ക്രിസ്തീയ സഭയുടെ വളർച്ചയുടെ ചക്രവാളങ്ങൾ വികസിച്ച ദിവസവും ആകയാൽ ‘സഭയുടെ ജന്മദിനം’ എന്ന് ഭക്തിപുരസ്സരം കരുതേണ്ട ദിനവുമാണ് “പെന്തക്കോസ്തി” ദിനം.
അജ്ഞാനികളായ ശിഷ്യന്മാരെ ദൈവികജ്ഞാനത്തിന്റെ നിറവ് കൊണ്ട് പൂർണ്ണരാക്കിയത് പരിശുദ്ധ റൂഹായാണ്. അക്ഷരം എന്ന അക്ഷയ-സമ്പത്ത് വെളിച്ചം പകർന്ന ശിഷ്യന്മാരുടെ മനസ്സുകളിലും വ്യക്തിത്വങ്ങളിലും കൂടിയാണ് പരിശുദ്ധാത്മാവ് പതിഞ്ഞത്. അത്ഭുതകരവും അവിശ്വസനീയവുമായ ആ വെളിപ്പാടിന്റെ സ്മരണയാണ് പെന്തക്കോസ്തി പെരുന്നാൾ. ആ ദിനത്തിൽ പരിശുദ്ധാത്മ സ്പർശനം ലഭിച്ചവരായ അപ്പോസ്തോലന്മാരും അഭിഷിക്തരും സഭയുടെ അസ്തിവാരങ്ങളായും, വിശ്വാസികൾ വചനബന്ധിതമായ ജീവശ്വാസത്തിലൂടെ സഭയുടെ ഭിത്തിയെ ബലവത്താക്കുന്ന കല്ലുകളായും ഇന്നും നിലനിൽക്കുന്നു. ഒരു വിശ്വാസിയുടെ ജീവിതത്തിൽ ഇഴ പിരിയാതെ നിലനിൽക്കേണ്ട ഒരു പുനർ-ജനന-ദിനമാണ് പെന്തക്കോസ്തി. ഈസ്റ്റർ മുതൽ ഗീവർഗ്ഗീസ് സഹദായുടെ പെരുന്നാൾ ഉൾപ്പെടെയുള്ള പെരുന്നാളുകളുടെ മദ്ധ്യേ മുങ്ങിപ്പോകുന്ന ദുര്യോഗം ഈ വിശേഷ ദിനത്തിനുണ്ട്. നമ്മിൽ പലരുടെയും കണ്ണിൽ വീണില്ലെങ്കിലും, ഘനമുള്ള ഇരുമ്പ് വെള്ളത്തിൽ ഇട്ടാൽ എങ്ങനെ എന്ന പോലെ പെന്തക്കോസ്തിയുടെ പ്രാധാന്യം ഒട്ടുമേ കുറയുന്നില്ല. പരിശുദ്ധാത്മാവും പരിശുദ്ധാത്മ-ആവാസവും വെളിപ്പെടുത്തുന്ന, പ്രദാനം ചെയ്യുന്ന വിജ്ഞാന വെളിച്ചത്തെ നിർവ്വീര്യമാക്കുന്ന ഇന്നത്തെ വിവരസാങ്കേതികവിദ്യയുടെ കാലത്ത്, അജ്ഞാനികളെ വിജ്ഞാനികളാക്കിയ പരിശുദ്ധാത്മാവ് ഉറപ്പാക്കുന്ന മനന-പ്രവർത്തനങ്ങൾക്ക് വളരെയേറെ പ്രസക്തിയുണ്ട്. സഭ അതിന് മുൻകൈയെടുക്കുകയും മുൻതലമുറ ആസ്വദിച്ചിരുന്ന, ഉയിർപ്പ് മുതൽ പെന്തക്കോസ്തിവരെ നീളുന്ന ആ ദിനങ്ങളുടെ പ്രാധാന്യം യുവതലമുറയിലേക്ക് പകരേണ്ടതുമാണ്.
അമ്പതിന്റെ ഉത്സവം, പെന്തക്കോസ്തി – ഇടയ്ക്കിടെ കേൾക്കുന്ന വാക്ക്, വർഷത്തിലൊരിക്കൽ മാത്രം കേൾക്കുന്ന സമയത്ത് നമ്മിൽ കുറച്ചു പേരെങ്കിലും ഇടവകയുടെ ക്ഷണം സ്വീകരിച്ച് ഉയിർപ്പിന് ശേഷമുള്ള 50-ാം ദിനത്തിലെ പ്രത്യേക കുർബ്ബാനയിൽ പങ്കെടുക്കാറുണ്ട്. എന്നാൽ, ആ വാക്കുകൊണ്ട് അർത്ഥമാക്കുന്നത് എന്തെന്നും ദൈന്യംദിന ജീവിതത്തിലും ഭാവിയിലും അതിന്റെ പ്രസക്തി എന്തെന്നും തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്. പെന്തക്കോസ്തി’ എന്ന വാക്കിന്റെ വാച്യാർത്ഥം ‘അമ്പതാം ദിവസം’ എന്നാകുന്നു. അമ്പത് എന്ന അക്കത്തിനും സഭാജീവിതത്തിൽ സാരമായ, അവഗണിക്കുവാൻ കഴിയാത്തതായ പ്രാധാന്യമുണ്ട്. 40 ദിവസം നീണ്ട കർത്താവായ യേശുവിന്റെ മേലുള്ള സാത്താന്റെ പരീക്ഷകൾ, 40 ദിവസം നീണ്ട മോശയുടെ 10 കല്പനാ-സ്വീകരണത്തിനായുള്ള തയ്യാറെടുപ്പ്, 40 ദിവസം നീണ്ട ഏലീയാ പ്രവാചകന്റെ ഭക്ഷണം വെടിഞ്ഞുള്ള യാത്രയും അമ്പത് നോമ്പുമായും ഈ കാലാവധിയുമായുമൊക്കെ പ്രത്യക്ഷത്തിൽ ഇഴ ചേർന്ന് കിടക്കുന്നു. എബ്രായയിൽ 'ശവ്വോത്ത്' അഥവാ 'പെന്തക്കോസ്തി' എന്ന വാക്കിന്റെ അർത്ഥം ‘വാരങ്ങളുടെ പെരുന്നാൾ’ എന്നാകുന്നു. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ശേഷം 7 ആഴ്ചകൾക്ക് ശേഷമാണ് പെന്തക്കോസ്തി ആചരിച്ചിരുന്നത് എന്നതും ആ പേര് വരുവാൻ ഒരു കാരണമായിരിക്കാം. അല്ലെങ്കിൽ പെസഹാ ദിനത്തിൽ ദൈവത്തിനായി കതിർക്കുലകൾ സമർപ്പിച്ചതിന് ശേഷം വരുന്ന 50-ാം ദിവസമായിരുന്നു പെന്തക്കോസ്തി ആഘോഷിച്ചിരുന്നത് എന്നും പറയാം. കൃഷി മുഖ്യജീവിത മാർഗ്ഗമായിരുന്ന കാലത്ത് ആദ്യഫലങ്ങളെ കൃത്യമായി ദൈവസന്നിധിയിൽ നൽകുന്നതിൽ അന്നത്തെ വിശ്വാസികൾ ആത്മസംതൃപ്തി കണ്ടെത്തിയിരുന്നു. അതിനായി നീണ്ടുനിൽക്കുന്ന ആഘോഷങ്ങളും ആദിമകാലത്ത് നിലവിലുണ്ടായിരുന്നു. ആ ദിവസം ആരും വെറുംകൈയായി ദൈവസന്നിധിയിൽ വന്നുകൂടായിരുന്നു എന്നത് കൂടാതെ കായ്കനി (ആദ്യഫല-)പ്പെരുന്നാൾ എന്നും അറിയപ്പെട്ടിരുന്ന വിശേഷദിനം, ദൈവത്തോടുള്ള അവരുടെ നന്ദിയും സമർപ്പണവും അറിയിക്കുവാനുമുള്ള അവസരവുമായിരുന്നു. അന്ന് പാപമോചനത്തിനായി ദഹനയാഗവും പാനീയയാഗവും ഒരു ആട്ടുകൊറ്റനെ ബലിയും കഴിക്കേണ്ടതും യഹൂദന്മാരുടെ ആദിമകാലം മുതലുള്ള രീതിയായിരുന്നു. പഴയ നിയമത്തിന്റെ തുടക്കത്തിൽ ഹാബേലിന്റെയും അബ്രഹാമിന്റെയും ത്യാഗങ്ങൾ നാം കാണുന്നു. ഹാബേൽ തന്റെ വിളകളിൽ നിന്ന് ഏറ്റവും മികച്ചത് അർപ്പിക്കുകയും അബ്രഹാം തന്റെ ഏക മകനെ ബലിയർപ്പിക്കുവാൻ സന്നദ്ധനാവുകയും ചെയ്തു. പിതാവായ ദൈവം ഇസ്രായേല്യർക്ക് നൽകിയ ഉത്സവങ്ങളിൽ ഒന്നായ പെന്തക്കോസ്തി പെരുന്നാൾ ഉൾപ്പെടെയുള്ള അവസരങ്ങളിലെല്ലാം ദൈവം നോക്കിയിരുന്നത് ബലിവസ്തുവിന്റെ പൂർണ്ണതയിലും ബലിയർപ്പിക്കുവാൻ വിളിക്കപ്പെട്ടയാളിന്റെ സമർപ്പണത്തിലുമായിരുന്നു. യാഗവസ്തുവിന്റെ ഗുണമേന്മ, അത് വിളക്കാണെങ്കിലും ഹോമയാഗമാണെങ്കിലും പ്രാവാണെങ്കിലും പൂർണ്ണമനസ്സോടെയും കളങ്കമില്ലാത്തവണ്ണവും ഊനമില്ലാത്തതുമായി അർപ്പിച്ചാൽ യാഗം അർത്ഥവത്താകും. [ഈ കാഴ്ചപ്പാടാണ് ആധുനികകാലത്തെ ബലിയർപ്പണത്തിൽ തീർത്തും വികലമാക്കപ്പെട്ടിരിക്കുന്നതും ശക്തി ക്ഷയിച്ചുപോയിരിക്കുന്നതും എന്നത് നാം തിരിച്ചറിയേണ്ടതുണ്ട്]. ദൈവസന്നിധിയിൽ സമർപ്പിക്കുന്നതെന്തും, നമ്മുടെ മക്കളാകട്ടെ, സമയമാകട്ടെ, മറ്റെന്ത് വസ്തുവാകട്ടെ, ദൈവത്തിനായി നൽകുന്ന യാഗവസ്തുവിനെ ശുദ്ധീകരിച്ച് നിർമ്മലമാക്കി നൽകുവാൻ നമുക്ക് തീരുമാനിക്കാം ഈ പെന്തക്കോസ്തി ദിനത്തിൽ.
ഓരോ ഞായറാഴ്ചയും ഓരോ ഈസ്റ്റർ ദിനമായും, അടുത്തടുത്ത ഞായറാഴ്ചകൾക്ക് മദ്ധ്യേയുള്ള ദിനങ്ങൾ പെന്തക്കോസ്തിയ്ക്ക് മുമ്പുള്ള കാത്തിരിപ്പിന്റെ ദിനങ്ങളുമായി കണക്കാക്കി, ആരാധനയ്ക്കായുള്ള കാത്തിരുപ്പ് / തയ്യാറെടുപ്പ് കാലമായി കരുതി പെരുമാറുവാൻ ഈ ഉപേക്ഷയുടെ യുഗം നമ്മെ ഓർമ്മപ്പെടുത്തുന്നു. ഈ പശ്ചാത്തലത്തിലാണ് നാം ഏറെക്കുറെ അവഗണിക്കുന്നതും, മറഞ്ഞിരിക്കുന്നതുമായ, പെന്തക്കോസ്തിയുടെ അത്ഭുത-പുനരു-ജ്ജീവന ശക്തിയെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ടത്. ഇഹലോക ജീവിതവഞ്ചി തുഴഞ്ഞിട്ടും ജീവിത സാഗരത്തിൽ വലയെറിഞ്ഞിട്ടും ജീവിത വിജയം നേടിയിട്ടില്ലാത്തവരും അക്ഷരാഭ്യാസമില്ലാത്തവരുമായ കർത്തൃശിഷ്യന്മാർ യേശുക്രിസ്തുവിന്റെ ദിവ്യ സാന്നിധ്യത്തിലും പരിപാലനത്തിലും അവിശ്വസനീയവും അചിന്തിതങ്ങളുമായ നേട്ടങ്ങൾ നേടിയെടുത്തതിനെപ്പറ്റിയും വിശുദ്ധ വേദപുസ്തകം നമ്മോട് പറയുന്നുണ്ട്. എന്നാൽ നിസ്സാരമെന്ന് കരുതാൻ കഴിയാത്ത ആ നേട്ടങ്ങളുടെ അടിസ്ഥാനം പരിശുദ്ധാത്മാവാണെന്ന് അറിയേണ്ടതും ഈ ദിനങ്ങളിൽ പ്രധാനമാണ്. ശിഷ്യന്മാർക്ക് ക്രിസ്തുവെന്ന ഗുരു കാട്ടിക്കൊടുത്ത വഴിയെ പ്രത്യക്ഷത്തിൽ ശുദ്ധീകരിക്കുകയും ശക്തീകരിക്കുകയും ചെയ്ത പരിശുദ്ധാത്മാവ് അവരുടെ മേൽ ആവസിച്ച സമയം മുതൽ അവർക്ക് കൈവന്ന രൂപാന്തരവും ശ്രദ്ധേയമാണ്. നാവും മനഃശക്തിയും കൊണ്ടു മാത്രം ലോകം കീഴടക്കുന്നവരായി അവർ മാറുന്നതും വിവിധ സ്ഥലങ്ങളിൽ യേശുക്രിസ്തുവെന്ന ഗുരുവിന്റെ ചിന്തകൾ വേരിറങ്ങുന്നതിന് അവർ കാരണമായെന്നതിന്റെ അടിസ്ഥാനവും പരിശുദ്ധ റൂഹായായിരുന്നു.
പരിശുദ്ധാത്മാവ് ശ്ലീഹന്മാരുൾപ്പെടെ സന്നിഹിതരായവരുടെ മേൽ ആവസിക്കുന്നു.
റൂഹായെ ഉൾക്കൊള്ളാൻ തയ്യാറാകാം – ഒരു നിർദ്ദേശം പരിശുദ്ധാത്മാവിന്റെ നിറവുള്ള ദിനം എന്ന നിലയിൽ ദൈവതിരുമുമ്പിലേ ഏത് അനുഗ്രഹകരമായ കർമ്മത്തിന്റെയും തുടക്കം കുറിക്കുവാൻ പെന്തക്കോസ്തി ദിനം വേർതിരിക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും എന്നാണ് അഭിപ്രായം. വിശുദ്ധ കന്യക മറിയാമിന്റെ വിത്തുകൾക്കായുള്ള പെരുനാൾ ദിനമായ ജനുവരി 15 വിത്ത് ഒരുക്കിവയ്ക്കാനും വിതയ്ക്കാനും ഏറ്റവും യോജിച്ച ദിനമായി പിതാക്കന്മാർ കണ്ടിരുന്നു. ആ ദിനങ്ങളിലെ വിളവ് ഏറ്റവും മികച്ചതായിരിക്കും, മികച്ചതായിരുന്നു എന്ന് അഭിമാനത്തോടെ പറയുന്ന അപ്പച്ചന്മാർ നമുക്കുണ്ടായിരുന്നു. പിറന്നുവീണ ശിശുക്കൾക്ക് ‘നൂറും പാലും നൽകുക’, ‘തേനിലരച്ച സ്വർണ്ണം കൊണ്ട് നാവിൽ എഴുതിയ്ക്കുക’ മുതലായ കർമ്മങ്ങൾ നമ്മളുടെ ഇടയിൽ ഇന്നും നിലനിൽക്കുന്നു. അത് കഷ്ടപ്പെട്ടും സഹനത്തിലൂടെയും സ്നേഹം, വിദ്യാഭ്യാസം എന്നിവ നൽകുവാൻ നമ്മുടെ മുൻ തലമുറ സന്നദ്ധരായിരുന്നു എന്നതിന്റെ പ്രതീകാത്മകമായ പ്രതിഫലനമായിരുന്നു ആ ചെയ്തികളിലൂടെ അവർ ലക്ഷ്യമാക്കിയിരുന്നത്. എങ്കിൽ കർത്തൃശിഷ്യന്മാരുടെ കാല്പനിക, പരോക്ഷ-പിന്തുടർച്ചക്കാരായ നാം, നമ്മുടെ മക്കൾക്കായി അക്ഷര സ്പർശം/പരിചയത്തിനുള്ള ദിനമായി പെന്തക്കോസ്തി ദിനത്തെ വേർതിരിക്കാവുന്നതാണ്. ആക്ഷരികമായ സൗഭാഗ്യവും മാധുര്യവും ശിഷ്യന്മാരുടെ നാവിലും മനസ്സിലും ഇറ്റിച്ച ആ ദിവസം തന്നെ ഇന്നത്തെ തലമുറയെ എഴുത്തിനിരുത്തുവാൻ ഏറ്റവും യോഗ്യവും യോജ്യവും. വിശ്വാസവും അനുഷ്ഠാനങ്ങളും ഇഴ ചേർന്ന് കിടക്കുന്ന പെന്തക്കോസ്തി എന്ന ഈ സുവർണ്ണദിനം, തലമുറയുടെ മനസ്സുകളിൽ അക്ഷരാഗ്നി കത്തിക്കുവാനുള്ള ദിനമായി സഭ തന്നെ ക്രമീകരിക്കുന്നത് നന്നായിരിക്കും. മാമോദീസയ്ക്ക് മുമ്പായി, തലതൊട്ടപ്പനോ/അമ്മയോ നോമ്പാചരിച്ച് കുർബ്ബാന അനുഭവം നടത്തി തയ്യാറെടുക്കുന്നതുപോലെ കുടുംബം മുഴുവനായി കുത്യമായ തയ്യാറെടുപ്പോടെയും ഭക്തിയോടെയും ഈ ദിനത്തെ വരവേൽക്കട്ടെ. അതിനായി വേണ്ടത്ര ഗൗരവവും അവബോധവും ഉണ്ടാക്കിയെടുക്കുന്നതും അത്യന്താപേക്ഷിതമാണ്. വളരുന്ന കുഞ്ഞിന്റെ ബൗദ്ധിക തലത്തിൽ ദൈവിക വെളിച്ചമേകുവാനും ഈ നടപടി സഹായിക്കും എന്നാണ് വിശകലനം. ഞായറാഴ്ചയിലെ പ്രഭാത നമസ്കാരം ആരംഭിക്കുന്നതിന് മുമ്പേ കുഞ്ഞുങ്ങളെ ട്യൂഷന് വിടുന്നതിന് അതീവവ്യഗ്രത കാട്ടുന്ന മാതാപിതാക്കളും, ആ പിഞ്ചുകുഞ്ഞുങ്ങളും അറിയുന്നുണ്ടോ ശരീരാത്മമനസ്സുകൾ പുഷ്ടിപ്പെടേണ്ടതിനാവശ്യമായ ഉത്തേജക മരുന്ന് അവർ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന്. സമാനമായ നിരാശാജനകമായ മറ്റൊരു ചര്യയാണ് ആരാധനയിൽ പങ്കെടുത്തുവെന്ന് വരുത്തി, എളുപ്പം വിട്ടുകളയാവുന്ന സൺഡേസ്കൂൾ ക്ലാസ്സുകളുടെ സമയത്ത് ട്യൂഷൻ ക്ലാസ്സുകൾക്കയയ്ക്കുന്ന രീതി. എങ്കിലും അക്ഷരലോകത്തേക്ക് പിച്ച വയ്ക്കുന്ന പിഞ്ചുകുഞ്ഞുങ്ങൾക്ക് കിട്ടേണ്ട അനുഗ്രഹത്തെ ഇതുപോലെയുള്ള അനാവശ്യ-അനർഹ-പ്രലോഭനങ്ങൾ നഷ്ടപ്പെടുത്താതെ ശ്രദ്ധിക്കുവാൻ മാതാപിതാക്കൾക്ക് തിരിച്ചറിവും വിവേകവുമുണ്ടാകട്ടെ. ലോകമപ്പാടെ മാറിയിരിക്കുന്ന, പഠന നടപടികൾ മനസ്സിനും തലച്ചോറിനും വെളിച്ചം പകരുന്നതിലും പ്രാധാന്യം അവയെ പ്രദർശിപ്പിക്കുന്ന സാമൂഹ്യ മാധ്യമങ്ങൾക്ക് നൽകപ്പെടുകയും ആത്മീയകാര്യങ്ങൾ പിന്നോട്ട് തള്ളപ്പെടുകയും ചെയ്യപ്പെടുകയും ചെയ്യുന്ന ഈ അഭിശപ്തകാലത്ത് ഈ നിർദ്ദേശം ഉളവാക്കുന്ന സ്വീകാര്യതയ്ക്ക് പ്രസക്തിയില്ല, അതിനെപ്പറ്റി ആശങ്കപ്പെടേണ്ട കാര്യവുമില്ലല്ലോ. വരും വർഷങ്ങളിലെ പൂജ’ ദിനങ്ങളിൽ സാംസ്കാരികമായി ഉള്ളിൽ ഉയരുന്ന auto alert-ന് പകരം അനേകർ ശക്തി ആർജ്ജിച്ച, പെന്തക്കോസ്തി ദിനത്തിലെ ഉത്തേജക മരുന്നിനെ ഓർമ്മിക്കാനും ആ അവസരത്തിൽ അവരവർക്ക് സമീപിക്കാവുന്ന അഭിഷിക്തന്മാർ വഴി ആ അനുഗ്രഹ ദീപ്തി ഉപയോഗിക്കുവാൻ നമുക്കും കഴിയേണമെന്നാണ് ഒപ്പം നിർദ്ദേശിക്കുവാനുള്ളത്. പഠനം, അക്ഷരം, എന്നിവയിലൂടെ മനസ്സിലും പ്രവർത്തിയിലും ചിന്തകളിലും ഉറയ്‌ക്കേണ്ട മാനസിക-പാകതയും ദൈവിക-പരിപക്വതയും ഇന്നത്തെ തലമുറയിൽ നഷ്ടപ്പെട്ടിരിക്കുന്നുവോ അതോ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവോ എന്ന ആശങ്കയ്ക്ക് ഒരു മറുമരുന്നാകും ഈ നിർദ്ദേശം എന്ന് പ്രത്യാശിക്കുന്നു. പെന്തക്കോസ്തി ദിനം സഭയുടെ നവമുകുളങ്ങൾക്ക് ത്രിയേക ദൈവം അക്ഷര വെളിച്ചം പകർന്നു നൽകുന്ന, അനുഗ്രഹ ദീപ്തിയുടെ ദിനങ്ങളായി തുടർ വർഷങ്ങളിൽ നമുക്ക് കാണുവാൻ കഴിയട്ടെ!
അനുസ്മരിക്കാം പെന്തക്കോസ്തി ശുശ്രൂഷയിലെ അവസാന (മൂന്നാം) പ്രൊമിയോൻ വചനങ്ങൾ : “നിനക്ക് വേണ്ടി ജീവിച്ച്, നിനക്ക് വേണ്ടി പര്യവസാനിക്കുവാൻ ഞങ്ങളെ യോഗ്യരാക്കേണമേ”.
പെന്തക്കോസ്തി പെരുന്നാളിന്റെ ഏവൻഗേല്യോൻ വായനകൾ.
പെന്തക്കോസ്തി പെരുന്നാളിന്റെ മുട്ടുകുത്തൽ ശുശ്രൂഷയടക്കമുള്ള ആറ് ഏവൻഗേല്യോൻ വായനകളും വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ സുവിശേഷത്തിൽ നിന്നു തന്നെയാണ്.
അവയിൽ ഒരെണ്ണം ഒഴികെ മറ്റെല്ലാം 14, 15, 16, അധ്യായങ്ങളിൽ നിന്നാണ് എന്ന് കാണാവുന്നതാണ് (യേശുക്രിസ്തുവിന്റെ വിടവാങ്ങൽ സന്ദേശം എന്നറിയപ്പെടുന്ന ഭാഗങ്ങൾ).
ശേഷിക്കുന്ന ഒരെണ്ണം, വിശുദ്ധ യോഹന്നാന്റെ സുവിശേഷം നാലാമത്തെ അദ്ധ്യായം 13 മുതൽ 24 വരെയുള്ള 12 വാക്യങ്ങളാണ്. ശമര്യക്കാരി സ്ത്രീയും യേശുക്രിസ്തുവും തമ്മിലുള്ള ഐതിഹാസിക സംഭാഷണം. ദൈവശാസ്ത്രത്തിലെ നിതാന്ത സത്യങ്ങൾ ക്രിസ്തു നേരിട്ട് ഒരു പുറജാതി സ്ത്രീയോട് വെളിപ്പെടുത്തുന്ന സവിശേഷ മുഹൂർത്തം.
ഗലീലക്കുള്ള യാത്രാമദ്ധ്യേ, ശമര്യരുടെ നാട്ടിൽ സുഖാർ പട്ടണത്തിനടുത്തു, യാക്കോബിന്റെ കിണറിന്നരികെ, ഒരു നട്ടുച്ച നേരത്തു, യേശുക്രിസ്തുവും ശമര്യക്കാരി സ്ത്രീയുമായി നടന്ന സ്വൈര സംഭാഷണവും സൗഹൃദ സംവാദവും ഗുരുസന്നിധിയിൽ അവൾ സമർപ്പിക്കുന്ന സഹർഷ സപര്യയും താൻ മിശിഹായാണെന്നുള്ള യേശുവിന്റെ ആദ്യത്തെ വെളിപ്പെടുത്തലും ഇവിടെ കാണുന്നു.
മറ്റു പല വിശേഷപ്പെട്ട ക്രിസ്തു സംഭവങ്ങളും പോലെ ഈ അപൂർവ്വസംഗമവും യോഹന്നാൻ ശ്ലീഹാ മാത്രമേ രേഖപ്പെടുത്തിട്ടിട്ടുള്ളൂ.
യേശുക്രിസ്തു ഏതെങ്കിലും ഒരു വ്യക്തിയുമായി നടത്തിയ ഏറ്റവും ദൈർഘ്യമേറിയ സ്വകാര്യ സംഭാഷണവും ഇതുതന്നെ ആയിരുന്നിരിക്കണം.
പക്ഷേ, അതു ആരുമായിട്ടാണ് എന്നത് ഏറെ അത്ഭുതപ്പെടുത്തുന്നു!
തെറ്റിദ്ധരിക്കപ്പെടാവുന്ന സമയത്ത് തെറ്റിദ്ധരിക്കപ്പെടാവുന്ന സ്ഥലത്ത് തെറ്റിദ്ധരിക്കപ്പെടാവുന്ന ഒരു ആവശ്യവുമായി കർത്താവ്, യഹൂദന്മാർ മുറ്റും വെറുക്കുന്ന ശമര്യ ജാതിയിലെ ഒരു അഗമ്യസ്ത്രീയുടെ അടുത്തു ചെന്ന് ഗഹനമായ വേദസത്യങ്ങൾ അവളെ പറഞ്ഞു പ്രബോധിപ്പിക്കുന്നു.
യാക്കോബിന്റെ കിണർ, ജീവജലത്തിന്റെ നിലയ്ക്കാത്ത ഉറവ, കുടിച്ചാൽ പിന്നെ ഒരിക്കലും ദാഹിക്കാത്ത വെള്ളം, ആത്മാവാകുന്ന ദൈവം, സത്യത്തിലും ആത്മാവിലുമുള്ള ആരാധന, എന്നിങ്ങനെയുള്ള ദൂതുകളിൽക്കൂടി കടന്നു അവസാനം അവളോട് സംസാരിക്കുന്ന ആ യഹൂദ പുരുഷൻ-യേശു-തന്നെയാണ് അവൾ കാത്തിരുന്ന മിശിഹാ-വരുമ്പോൾ സകലവും അറിയിച്ചുതരുന്ന വലിയ പ്രവാചകൻ. എന്നിങ്ങനെയൊക്കെ അവളെ പ്രബോധിപ്പിച്ചു കൊണ്ടുള്ള ആ ദീർഘ സംഭാഷണം ജീവചൈതന്യം തുളുമ്പുന്ന വചനധാരയായി തീരുന്നു.
മോറാനായ പെരുന്നാളുകൾ എല്ലാം തന്നെ രക്ഷകന്റെ ഇഹലോക വ്യാപാരങ്ങളിലെ ഏതെങ്കിലും ചരിത്ര സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ്. പെന്തക്കോസ്ത് പെരുന്നാൾ മാത്രം അങ്ങനെയല്ല. അതുകൊണ്ടുതന്നെ രണ്ടാമത്തെ (പുത്രൻ തമ്പുരാന്റെ) മുട്ടുകുത്തലിനു തെരഞ്ഞെടുത്തിരിക്കുന്ന ഈ വേദഭാഗം ഉദാത്തവും ജീവസ്സുറ്റതുമായി അനുഭവപ്പെടുന്നു.
വിശുദ്ധ ദനഹാ പെരുന്നാളിന്റെ വെള്ളം വാഴ്വ് ശുശ്രൂഷയ്ക്കും ശമര്യക്കാരി സ്ത്രീയുടെ സംഭവമാണ് ഏവൻഗേല്യോൻ ഭാഗം
ശമര്യക്കാരി സ്ത്രീ പിന്നീട് കുടുംബസമേതം മാനസാന്തരപ്പെട്ട് ക്രിസ്തുമതം സ്വീകരിച്ചുവെന്നും നീറോ ചക്രവർത്തിയുടെ പീഡന കാലത്ത് തന്റെ രണ്ടു ആണ്മക്കളും സഹോദരിമാരുമൊത്തു ധീര രക്തസാക്ഷിത്വം വരിച്ചു വെന്നും ഐതിഹ്യം. ചില പാശ്ചാത്യ-പൗരസ്ത്യ ഓർത്തഡോക്സ് സഭകൾ അവരെ വിശുദ്ധയായി കണക്കാക്കുന്നു. ഓർമ്മ ഫെബ്രുവരി 26 അല്ലെങ്കിൽ ഉയിർപ്പിനു ശേഷം 4-ാം ഞായറാഴ്ച.
പേര്: St.Photina /St.Photini.
അർത്ഥം: The Enlightened One, The Luminous One.
പുതുഞായറാഴ്ച മുതൽ പെന്തക്കോസ്തിക്കു ശേഷം ഒന്നാമത്തെ ഞായർ വരെയുള്ള 8 ഞായറാഴ്ചകളിലെ വിശുദ്ധ കുർബാനയ്ക്കുള്ള എട്ടു ഏവൻഗേല്യോനുകളിൽ ഏഴെണ്ണവും വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ നിന്നാണ്. നാലാം ഞായറാഴ്ച മാത്രം വിശുദ്ധ ലൂക്കോസിന്റെ സുവിശേഷത്തിൽ നിന്നാണ് വായന.
ഉപസംഹാരം:
ദൈവത്തിന്റെ പരിശുദ്ധ റൂഹാ ഉള്ളിൽ ജ്വലിപ്പിച്ച അഗ്നിശിഖ, ക്രിസ്തുവിന്റെ സുവിശേഷം ലോകത്തിന്റെ എല്ലാ കോണുകളിലും എത്തിക്കുന്നതിന് അപ്പോസ്തോലന്മാരെയും ശിഷ്യന്മാരെയും പ്രാപ്തരാക്കിയപോലെ ഇന്നത്തെ ലോകത്തിന്റെ ഇരുളിൽ വെളിച്ചമാകാൻ നമുക്കും നമ്മുടേതായ പങ്കു വഹിക്കാം. അതിനാവശ്യമായ ശേഷിയും ശേമുഷിയും പെന്തിക്കോസ്തി ദിനം നമ്മളിൽ ഉദിപ്പിക്കട്ടെ, ഉറപ്പിക്കട്ടേ.
അഗ്നിനാവുകളുടെ രൂപത്തിൽ വിശുദ്ധ ശ്ലീഹന്മാരുടെമേൽ ഇറങ്ങിവസിച്ച് ദൈവിക ദാനങ്ങൾകൊണ്ട് അവരെ നിറച്ചവനും, പ്രത്യക്ഷമായി വെളിപ്പെട്ട് പിതാവിനോടും പുത്രനോടും സാരാംശത്തിൽ ഒന്നായി അറിയപ്പെടുന്ന പരിശുദ്ധാത്മാവേ! നിന്റെ നൽവ്വരങ്ങളാകുന്ന സമ്പത്ത് പ്രാപിപ്പാൻ ഞങ്ങളെയും യോഗ്യരാക്കണമേയെന്നു നമ്മുക്ക് പ്രാർത്ഥിക്കാം. ഈ പെന്തക്കോസ്തി പെരുന്നാളിൽ ത്രിയേക ദൈവത്തിലുള്ള വിശ്വാസം ദൃഢമായിരിക്കട്ടെ. സർവ്വശക്തനും പരമകാരുണ്യവാനുമായ സത്യേക ദൈവം വിശ്വസ്തനാണെന്ന് പൂർണ്ണബോധ്യം നമ്മുടെയുള്ളിൽ നിറയട്ടേ.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.