വിശുദ്ധ മത്തായി ശ്ലീഹായുടെ സുവിശേഷം 16:13 - 19 വാക്യങ്ങളില്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവ് സംസാരിക്കുന്നത് ഇപ്രകാരമാണ്:-
'യേശു പീലിപ്പോസിന്റെ കേസറിയ പ്രദേശത്തുവന്നപ്പോള്‍ ശിഷ്യരോട് മനുഷ്യപുത്രനായ ഞാന്‍ ആരാകുന്നു എന്നാണ് മനുഷ്യര്‍ എന്നെക്കുറിച്ചു പറയുന്നത് എന്ന് ചോദിച്ചു. അവര്‍ തന്നോട് അങ്ങ് യോഹന്നാന്‍ സ്‌നാപകനാണ് എന്ന് ചിലരും ഏലിയാ ആണെന്ന് മറ്റുചിലരും ഏറെമിയായോ അല്ലെങ്കില്‍ ദീര്‍ഘദര്‍ശിമാരില്‍ ഒരുവനോ എന്നു വേറെ ചിലരും പറയുന്നുണ്ട് എന്നു പറഞ്ഞു.
എന്നാല്‍ ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത് എന്ന് താന്‍ ചോദിച്ചു. ശെമഓന്‍ കീപ്പാ അങ്ങ് ജീവനുള്ള ദൈവത്തിന്റെ പുത്രനായ മ്ശീഹാ ആകുന്നു എന്ന് ഉത്തരം പറഞ്ഞു.
യേശു ഉത്തരമായി അവനോട്, യൗനായുടെ മകനായ ശെമഓനേ നീ ഭാഗ്യവാന്‍! എന്തെന്നാല്‍ സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവല്ലാതെ ജഡവും രക്തവുമല്ല ഇത് നിനക്ക് വെളിപ്പെടുത്തിയത്. ഞാനും നിന്നോട് പറയുന്നു, നീ 'കീഫോ' ആകുന്നു. ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും. പാതാള വാതിലുകള്‍ അതിന്മേല്‍ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ ഞാന്‍ നിനക്ക് തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തില്‍ കെട്ടപ്പെട്ടതായിരിക്കും. നീ ഭൂമിയില്‍ അഴിക്കുന്നത് സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും എന്ന് പറഞ്ഞു'.
പിതാവാം ദൈവം പരിശുദ്ധ പത്രോസ് അപ്പോസ്തോലന് വെളിപ്പെടുത്തിക്കൊടുത്ത ഈ മര്‍മ്മമാണ് പരിശുദ്ധ സഭയുടെ സത്യവിശ്വാസം. പരിശുദ്ധ പത്രോസ് ശ്ലീഹായുടെ ഈ സത്യവിശ്വാസമാകുന്ന പാറമേല്‍ കര്‍ത്താവായ യേശുക്രിസ്തു അവിടുത്തെ സഭയെ പണിതു.
പരിശുദ്ധ പത്രോസ് - പൗലോസ് ശ്ലീഹന്മാര്‍ സുവിശേഷമറിയിച്ച അന്ത്യോഖ്യായില്‍ വെച്ച് ആദ്യമായി ക്രിസ്തുശിഷ്യന്മാര്‍ ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെട്ടു. അതേ അന്ത്യോഖ്യായില്‍ പരിശുദ്ധ പത്രോസ് അപ്പോസ്‌തോലന്‍ സിംഹാസനം സ്ഥാപിച്ചതിന്റെ ഓര്‍മ്മദിവസമാണ് (ഫെബ്രുവരി 22) പാത്രിയര്‍ക്കാ ദിനമായി ആഘോഷിക്കുന്നത്. സുറിയാനി സഭയുടെ സ്ഥാപകനും, വിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിലെ ആദ്യത്തെ പാത്രിയാർക്കീസും, ബൈബിളിലെ ലേഖനങ്ങളുടെ കർത്താവും, ശ്ലീഹന്മാരിൽ തലവനുമായ വിശുദ്ധ പത്രോസ്, നാലു സുവിശേഷങ്ങളിലും ഒന്നാമതായി സ്മരിക്കപ്പെടുന്നു. ശ്ലീഹായുടെ യഥാർത പേര് 'ശെമവൂൻ' എന്നാകുന്നുവെങ്കിലും പിന്നീട് പത്രോസ് എന്ന പേരിൽ വിളിക്കപ്പെട്ടു. ആയത് 'പാറ' എന്നർത്ഥം വരുന്ന സുറിയാനി വാക്കായ 'കേഫാ' അല്ലെങ്കിൽ 'കീപ്പ' (ലത്തീനിൽ 'പെട്രസ്' എന്നും, ഗ്രീക്കിൽ 'പെട്രോസ്' എന്നും അതെ അർത്ഥത്തിൽ അറിയപ്പെടുന്നു) എന്നതിൽനിന്നും ഉത്ഭവിച്ചതത്രേ. ഈ പേര് യേശുക്രിസ്തു താൻ ആരിലൂടെ സഭയെ സ്ഥാപിക്കുന്നുവോ ആ ആൾക്ക് ദീർഘവീക്ഷണത്തോടെ നൽകിയതാണ് (മത്താ. 16:16-20). ബൈബിളിലെ നാല് സുവിശേഷങ്ങളിലും അപ്പോസ്തോല പ്രവർത്തികളിലും ഇദ്ദേഹത്തിന്റെ ജീവിതം പരാമർശിക്കപ്പെടുന്നു. ഇദ്ദേഹം ഗലീലയിൽ നിന്നുള്ള മുക്കുവനായിരുന്നുവെന്നും പന്ത്രണ്ട് ശിഷ്യന്മാരിൽ മറ്റോരാളായിരുന്ന അന്ത്രയോസ് അദ്ദേഹത്തിന്റ സഹോദരനായിരുന്നുവെന്നും സുവിശേഷത്തിൽ നിന്നും നമുക്ക് മനസിലാക്കാം. ശ്ലീഹന്മാരുടെ തലവനായി യേശുക്രിസ്തു ഇദ്ദേഹത്ത നിയമിച്ചു എന്നത് സുവിശേഷങ്ങളിലും (മത്താ.16:18, യോഹ 21:115-16) ആദിമ സഭാപിതാക്കന്മാരുടെ എഴുത്തുകളിലും (റോമിലെ മോർ ക്ലീമീസ് കൊരീന്ത്യർക്ക് എഴുതിയ ഒന്നാം ലേഖനം) പ്രതിപാദിച്ചിരികുന്നു.
ശ്ലീഹായും സഹോദരനായ അന്ത്രയോസും, സെബദിപുത്രന്മാരും ഒരുമിച്ചു മത്സ്യബന്ധന തൊഴിലിൽ ഏർപ്പെട്ട് ബെത്സൈദക്ക് സമീപം ജീവിച്ചിരുന്നവരായിരുന്നു. സ്നാപക യോഹാന്നാന്റെ ശിഷ്യസമൂഹത്തിൽ ഉൾപ്പെട്ട ആളായിരുന്നു അന്ത്രയോസ്. 'ഇതാ ലോകത്തിന്റെ പാപത്തെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്' എന്ന് സ്നാപകയോഹന്നാൻ യേശുക്രിസ്തുവിനെ സാക്ഷിക്കുന്നത് കേട്ടപ്പോൾ അന്ത്രയോസ് യേശുവിനെ പിന്തുടർന്നു. പിന്നീട് 'ഞങ്ങൾ മ്ശിഹായെ കണ്ടെത്തി' എന്ന് തന്റെ സഹോദരനായ ശെമവൂനോട് പറയുകയും, സഹോദരനേയും കൂട്ടി യേശുവിന്റെ സന്നിധിയിൽ എത്തുകയും ചെയ്യുന്നതായി വേദപുസ്‌തകം നമ്മെ പഠിപ്പിക്കുന്നു. അവരോട് ''ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരീക്കും' എന്ന് യേശു പറഞ്ഞു (മത്തായി. 4:18-19), (മർക്കോസ് 1:16-17).
പത്രോസിനു സ്വന്തമായി ഉണ്ടായിരുന്ന ബോട്ടിലിരുന്ന് ഗന്നസരേത്തു തടാകതീരത്ത് വച്ച് യേശുക്രിസ്തു പതിവായി ജനങ്ങളെ ഉപദേശിച്ചിരുന്നു. ഈ തടാകതീരത്തുള്ള, തന്റെ പരസ്യശുശ്രൂഷയുട നാളുകളിൽ യേശുക്രിസ്തുവിന്റെ പട്ടണമായി അറിയപ്പെടുന്ന കഫർന്നഹൂമിൽ വച്ച് പത്രോസിന്റെ അമ്മായിയമ്മയുടെ അസുഖത്ത സൌഖ്യമാക്കിയത് സമവീഷണസുവിശേഷങ്ങളെല്ലാം തന്നെ രേഖപ്പെടുത്തിയിരിക്കുന്നു. (മത്തായി. 8:14-17) (മർക്കോസ് 1:29-31) (ലൂക്കോസ് 4:38). സുവിശേഷകാരന്മാരായ മത്തായി, മർക്കോസ്, യോഹന്നാൻ എന്നിവർ തങ്ങളുടെ സുവിശേഷത്തിൽ യേശു വെള്ളത്തിനു മീതെ നടക്കുന്നത് വിവരിക്കുന്നു. എന്നാൽ മത്തായി എഴുതിയ സുവിശേഷത്തിൽ ഈ അത്ഭുത സംഭവത്തോടുകൂടിത്തന്നെ വിശുദ്ധ പത്രോസ് അവിടുത്തെ കൽപ്പന അനുസരിച്ച് നടക്കാൻ ശ്രമിച്ചു എന്നുള്ള വിവരങ്ങൾ ചേർത്തിരിക്കുന്നു. (മത്തായി 14:28-31). നാല് സുവിശേഷങ്ങളിലായി സംഭവബഹുലമായി ശ്ലീഹായുടെ ഒരു സജീവചിത്രം നമുക്ക് വെളിവാക്കുന്നു.
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ 16:13-19 വാക്യങ്ങളിൽ യേശു ക്രിസ്തുവും ശേമയോൻ കീപ്പായും തമ്മിൽ നടത്തുന്ന സംഭാഷണം അവിടുത്തെ ദൈവത്വത്തെ ശിഷ്യന്മാർക്കും, ലോകത്തിനും വെളിപ്പെടുത്തിക്കൊടുക്കുവാൻ പിതാവാം ദൈവം കീപ്പായെ തിരഞ്ഞെടുത്തു എന്ന് മനസിലാക്കാം. 'ജനങ്ങൾ മനുഷ്യപുത്രനെക്കുറിച്ച് ആർ എന്ന് പറയുന്നു' എന്ന് യേശു തന്റെ ശിഷ്യരോട് ചോദിക്കുന്നു. ശിഷ്യന്മാർ പല ഉത്തരങ്ങൾ പറഞ്ഞപ്പോൾ വിശുദ്ധ പത്രോസ് മാത്രം ദൈവം വെളിപ്പെടുത്തിയത് ഏറ്റു പറയുന്നു 'നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മ്ശീഹാ ആകുന്നു' എന്ന്. ശ്ലീഹായുടെ ഈ പ്രഖ്യാപനം ക്രൈസ്തവസഭയുടെ വിശ്വാസത്തിന്റെ അടിത്തറയാകുന്ന പാറയായി മാറുകയും ആ പാറമേൽ അവിടുന്ന് സഭയെ പണിയുവാൻ തിരുമനസാകുകയും ചെയ്തു (മത്തായി 16:18) കൂടാതെ യേശുക്രിസ്തുവിന്റെ രൂപാന്തരണം പോലുള്ള സുപ്രധാന സംഭവങ്ങളിൽ പത്രോസിനോപ്പം വലിയ യാക്കോബും, യോഹന്നാനെയും കാണപ്പെടുന്നു. സുവിശേഷങ്ങളിലെ ഒട്ടു മിക്ക സന്ദർഭങ്ങളിലും വിശുദ്ധ പത്രോസ് മുന്നിട്ടു വന്ന് മറ്റുള്ളവർക്ക് വേണ്ടിയും സംസാരിക്കുന്നതായി കാണാം.
അപ്പോസ്തോല പ്രവർത്തികൾ എന്ന പുസ്തകത്തിൽ വിശുദ്ധ പത്രോസ് ശ്ലീഹായെ ഒരു സുപ്രധാന സ്ഥാനത്തു കാണപ്പെടുന്നു. സെഹിയോൻ മാളികയിൽ പെന്തിക്കൊസ്തി നാളിൽ നടന്ന സമ്മേളനത്തിൽ ആധ്യക്ഷം വഹിച്ചു പ്രസംഗിച്ചതു കൂടാതെ പത്രോസിന്റെ മേൽനോട്ടത്തിലത്രേ യൂദാ ഇസ്കറിയോത്തിനു പകരം മത്തിയാസ് ശ്ലീഹായെ തിരഞ്ഞെടുത്തത് (1:15). യോഹന്നാനോടൊപ്പം സന്നിദ്രി സംഘത്തിനു മുമ്പാകെ ഹാജരാകുന്നത്, അവിടെ പ്രസംഗിക്കുന്നത് (4:7-22, 5:18-42), പ്രേഷിതയാത്ര നടത്തിയത്, അനന്യാസ് എന്ന പക്ഷവാതക്കാരനെ സൗഖ്യമാക്കിയത്, തബീഥ എന്ന മരണപ്പെട്ട ശിഷ്യയെ ഉയിർത്തെഴുന്നേൽപ്പിച്ചത് (9:32-41, 10:2) തുടങ്ങി ഒട്ടനവധി കാര്യങ്ങൾ വിശുദ്ധ ശ്ലീഹ നിവർത്തിച്ചതിലൂടെ ആദിമസഭയുടെ നേടുംതൂണായിരുന്നു പത്രോസ് എന്ന് മനസിലാക്കാം. ഹെരോദ് രാജാവിനാൽ വിശുദ്ധ പത്രോസ് ബന്ധിതനായപ്പോൾ മാലാഖയാൽ മോചിതനായതും (അദ്ധ്യായം 12), A.D 50ൽ നടന്ന ശ്ലൈഹീക സുന്നഹദോസിൽ ആധ്യക്ഷം വഹിച്ചതും അപ്പോസ്തോല പ്രവർത്തികളിൽ കാണുന്നു. ശ്ലീഹ തന്റെ സാക്ഷിമരണം ക്രൂശിൽ തലകീഴായി കൈക്കൊണ്ടു എന്ന് രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തെർത്തുല്യൻ, സഭാപിതാവായ ഒറിജനെ ഉദ്ധരിച്ചു തന്റെ സഭാചരിത്രത്തിൽ കൈസറിയായിലെ യൗസെബിയൊസ് എന്നിവർ സാക്ഷ്യപ്പെടുത്തുന്നു. തന്റെ നാഥനെപ്പോലെ ക്രൂശിക്കപ്പെടുവാൻ പോലും തനിക്ക് യോഗ്യത ഇല്ലായെന്ന ശ്ലീഹായുടെ വിശ്വാസത്താൽ അപ്രകാരം ക്രൂശിക്കപ്പെടുന്നു. സുറിയാനി സഭ പത്രോസിനേയും, പൌലോസിനെയും ശേഷം സകല അപ്പോസ്തോലരെയും ഓർത്ത് ശ്ലീഹാ നോമ്പനുഷ്ടിച്ചു ജൂണ് 29നു പെരുന്നാൾ ആഘോഷിക്കുന്നു.
സുറിയാനി സഭയുടെ സ്ഥാപക തലവനും, പ്രഥമ പാത്രിയാർക്കീസ് ബാവയുമായിരുന്നു ശ്ലീഹൻമാരിൽ തലവനായ പത്രോസ് ശ്ലീഹ. ജെറുസലേമിന് പുറത്തേക്ക് പ്രേഷിത പ്രവർത്തനങ്ങളുമായി പല പ്രാവശ്യം പല സ്ഥലങ്ങളിലും വിശുദ്ധ പത്രോസ് യാത്ര ചെയ്തിരുന്നു എങ്കിലും തന്റെ പ്രധാന കർമ്മമണ്ഡലമായി തിരഞ്ഞെടുത്ത സ്ഥലമായിരുന്നു സിറിയയിലെ അന്ത്യോഖ്യ (മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ ജനറൽ ആയിരുന്ന സെലൂക്കസ് നിക്കേറ്ററിനാൽ സ്ഥാപിക്കപ്പെട്ടു). ക്രിസ്തുവർഷം 37ൽ വിശുദ്ധ പത്രോസ് തന്റെ മഹനീയ സിംഹാസനത്തെ അവിടെ സ്ഥാപിച്ചു. പഴയ നിയമത്തിൽ എതൊന്നു മോശയുടെ പേരിൽ അറിയപ്പെട്ടിരുന്നുവോ ആയതു പുതിയ നിയമത്തിൽ വിശുദ്ധ പത്രോസിന്റെ സിംഹാസനം എന്നറിയപ്പെട്ടു. സുറിയാനി സഭ വിശുദ്ധ പത്രോസിനെ വിശുദ്ധ സിംഹാസനത്തിലെ ആദ്യ പാത്രിയാർക്കീസായി കണക്കാക്കുന്നു. അഫ്രേം ദ്വിതീയൻ എന്ന കാനോനീക പാത്രിയാർക്കീസ് വരെ ഇന്നേയോളവും ഈ സിംഹാസത്തിന് കലാകാലങ്ങളിൽ അധികാരിയെ ദൈവം നിയമിച്ച് വിശുദ്ധ സിംഹാസനത്തെ നിലനിർത്തിയിരിക്കുന്നു. പരിശുദ്ധ പത്രോസ് അന്ത്യോഖ്യാ സിംഹാസനത്തിലെ പാത്രിയാർക്കീസും, ബിഷപ്പുമായി സഭയെ ഏഴു വർഷം ഭരിക്കുകയും തുടർന്ന് റോമിലേക്ക് പോവുകയും ചെയ്തു. നേരത്തെതന്നെ അവിടെ വിശ്വാസീസമൂഹത്തെ രൂപപ്പെടുത്തിയിരുന്ന വിശുദ്ധ പൌലോസ് വിശുദ്ധ പത്രോസ് ശ്ലീഹായുടെ സഹായത്തോടെ റോമിൽ സിംഹാസനം സ്ഥാപിച്ചു.
ആദിമ സുറിയാനി സഭാ പിതാക്കന്മാർ എല്ലാം തന്നെ വിശുദ്ധ പത്രോസിനെ സഭയുടെ സ്ഥാപകനായി കണക്കാക്കുകയും, ശ്ലീഹായ്ക്ക് അപ്പോസ്തോലന്മാർക്കിടയിലും, സഭയിലും ഉണ്ടായിരുന്ന ആദ്യത്തെ സ്ഥാനത്തെ പറ്റിയും അധികാരത്തെയും പറ്റിയും വിശദീകരിച്ചിട്ടുമുണ്ട്. അവരിൽ അഗ്രഗണ്യരായിരുന്നു വിശുദ്ധ അഫ്രേം (306 – 373), വിശുദ്ധ അഫ്രഹാത്ത് (270–345), മോര് മാറുഥാസ് (നാലാം നൂറ്റാണ്ട്) എന്നിവർ. വിശുദ്ധ ശ്ലീഹായേയും, ശ്ലീഹായ്ക്ക് കിട്ടിയ കേഫാ എന്ന സ്ഥാനപ്പേരും മേല്പറഞ്ഞ വിശുദ്ധരുടെ സജീവമായ ചിന്തക്കും, വ്യാഖ്യാനങ്ങൾകുംകൂടി വിധേയമായിട്ടുണ്ട്. പഴയനിയമത്തിലെ മ്ശിഹയെപ്പറ്റിയുള്ള പ്രവചനങ്ങളുടെ പ്രതിരൂപമത്രേ കേഫായെന്ന വാക്ക്. പുതിയ നിയമത്തിൽ ഈ വാക്ക് മ്ശിഹാ നേരിട്ട് പത്രോസിനു നൽകുക വഴി തന്റെ പുനരുദ്ധാനത്തിനു ശേഷം സഭയെ പണിയുവാനും, സഭക്ക് തലവനായിരിക്കുവാനും, ഭരിക്കുവാനുമായി യേശു ഭരമേൽപ്പിച്ചു എന്നും മോശ പാറയെ അടിച്ചപ്പോൾ വെള്ളം പുറപ്പെട്ടു, അതിനോട് സാദൃശ്യപ്പെടുത്തി യേശു പത്രോസാകുന്ന പാറയെ ലോകത്തേക്ക് അയക്കുന്നു എന്നും അഫ്രഹാത്ത് എഴുതുന്നു. "Jesus son of Nun set up the stones for a witness in Israel; Jesus our Saviour called Simon Kepha Sarirto and set him as the faithful witness among nations" എന്ന് തുടർന്ന്അ ഫ്രഹാത്ത് പറയുന്നു. ഈ ചിന്തയുടെ അതായത് വിശുദ്ധ പത്രോസ് ആകമാന സഭയുടെ തലവനും, ക്രിസ്തുവിനാൽ നിയമിതനായ ഭരണകർത്താവും കേഫായും എന്ന അടിസ്ഥാനത്തിലത്രേ സുറിയാനി സഭയിലെ പ്രാർത്ഥനകളും, പാട്ടുകളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. പള്ളി കൂദാശകൾ, വിവാഹ കൂദാശകൾ പോലും (വീടിന് ഭരണം ശീമോനും.....) ഇത്തരത്തിൽ പിതാക്കന്മാർ രൂപപ്പെടുത്തി.
ആദിമകാലങ്ങളിൽ സഭയുടെ അടിസ്ഥാനമാകുന്ന പാറയായിരുന്നു വിശുദ്ധ പത്രോസ് എന്നതിൽ സംശയമില്ല. ഇടയന് അടിയേറ്റപ്പോൾ ചിതറിപ്പോയ ആടുകളെ (ശിഷ്യന്മാരെ) തന്റെ പുനരുദ്ധാനത്തിൽ ഒരുമിച്ചു കൂട്ടി ചൈതന്യവത്തായ ഒരു സഭയായി രൂപാന്തരപ്പെട്ടത് വിശുദ്ധ പത്രോസിന്റെ അദ്ധ്യക്ഷതയിലായിരുന്നുവല്ലോ. പഴയനിയമത്തിൽ പിതാവാം ദൈവത്തിന്റെ പ്രതിനിധിയായി മോശ നിബിയെ കാണപ്പെടുമ്പോള്‍ പുതിയ നിയമത്തിൽ പുത്രനാം ദൈവത്തിന്റെ പ്രതിനിധിയായി വിശുദ്ധ പത്രോസ് കാണപ്പെടുന്നു. ഈ പാറമേൽ സ്ഥാപിച്ച സഭയായതുകൊണ്ടത്രേ സുറിയാനി സഭ ഇന്നേയോളവും ദൈവത്താൽ നിലനിർത്തപ്പെട്ടു പോരുന്നത്. നമുക്ക് ദൈവത്തെ സ്തുതിക്കാം..........
പരിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലെ 123- അവകാശി
നി.വ.ദി.മ.മ.ശ്രീ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം II ബാവാ.
A.D. 67ൽ വിശുദ്ധ പത്രോസും AD.68 ൽ വിശുദ്ധ പത്രോസ് വാഴിച്ച എവദ്യോസും സാക്ഷി മരണം പ്രാപിച്ചപ്പോൾ ക്രസ്ത്യാനികളായ യഹൂദരുടേയും വിജാതിയരുടേയും ഭരണം വിശുദ്ധ ഇഗ്നാത്തിയോസ് ഏറ്റെടുത്തു. അങ്ങനെ അന്ത്യോഖ്യായുടെ 3- മത്തെ പാത്രിയർക്കീസായി തീർന്നു.
റോമൻ ചക്രവർത്തിമാർ കൊടിയ പീഡനത്തിന് എതിരാക്കിയട്ടു പോലും തന്റെ വിശ്വാസത്തിൽ നിന്നും വ്യതിചലിക്കുവാൻ വിശുദ്ധൻ തയ്യാറല്ലായിരുന്നു. വിശ്വാസികളെ എപ്പോഴും പ്രാർത്ഥന ഉപവാസം എന്നിവ കൊണ്ട് ശക്തി പ്രാപിച്ച് കഷ്ടതകളെ അതിജീവിക്കുവാനുള്ള ശക്തി ആർജിക്കുവാൻ ഉപദേശിക്കുമായിരുന്നു.
അഗ്നിമയരായ മലാഖമാർ 2 വൃന്ദമായി ദൈവസന്നിധിയിൽ നിന്ന് ദൈവത്തെ സ്തുതിക്കുന്നത് ദർശനത്തിൽ കണ്ട പിതാവ് അത് സഭയിൽ ക്രമീകരിച്ചു. വിശുദ്ധ ഇഗ്നാത്തിയോസ് 7 ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ലേഖനങ്ങളിൽ നിന്നാണ് സഭയിൽ എപ്പിസ്കോപ്പ, കശീശ, ശെമ്മാശൻ എന്നിങ്ങനെ 3 സ്ഥാനങ്ങൾ പുരാതന സഭയിലേ ഉണ്ടായി എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. എല്ലായിപ്പോഴും എപ്പിസ്കോപ്പമാർക്ക് കീഴ്പ്പെട്ട് അനുസരണത്തോടെ ശ്ലൈഹിക പാരമ്പര്യത്തിൽ നിന്നും വ്യതിചലിക്കാതെ വേദവിപരീതികളിൽ നിന്നും അകന്ന് കഴിയണം എന്ന് പിതാവ് എപ്പോഴും ഉത്ബോധിപ്പിച്ചിരുന്നു. വിശുദ്ധ ദൈവമാതാവിന്റെ ഭക്തനായ പിതാവ് മാതാവിന് കത്തുകൾ അയകുമായിരുന്നു.
ദൈവമാതാവിന്റെ നിത്യകന്യകാത്വത്തെ കുറിച്ചും, വിശുദ്ധ കുർബ്ബാന സാക്ഷാൽ കർത്താവിന്റെ ശരീര രക്തങ്ങളാണെന്നും, മരിച്ചവർക്ക് വേണ്ടി പ്രർത്ഥിക്കണമെന്നും നിസ്സംശയം പഠിപ്പിച്ചിരുന്നു. കഷ്ടതകളും ത്യാഗങ്ങളും സഹിക്കേണ്ടി വന്നാലും ക്രസ്തുവിലുള്ള പ്രത്യാശയും വിശ്വാസവും കൈവെടിയരുതെന്ന് ദൈവമാതാവ് വിശുദ്ധ ഇഗ്നാത്തിയോസിനെ ഓർമിപ്പിക്കുമായിരുന്നു.
വിശുദ്ധ ഇഗ്നാത്തിയോസ് തന്റെ ലേഖനനങ്ങളിൽ. കർത്താവ് പിതാവാം ദൈവത്തെ അനുസരിച്ചതു പോലെ വിശ്വാസികൾ പ്രധാന ആചാര്യന് കീഴ്പ്പെട്ട് കഴിയാൻ ഉപദേശിക്കുമായിരുന്നു. പ്രധാന ആചാര്യനോ അദ്ദേഹത്തിന്റെ നിയുക്തനോ അല്ലാതെ സഭാ കാര്യങ്ങളോ കർമ്മങ്ങളോ അനുമതി ഇല്ലാതെ ചെയ്യുന്നത് ദൈവസന്നിധിയിൽ പ്രീതികരമാകില്ല എന്ന് പിതാവ് പഠിപ്പിച്ചു.
A.D.98 ൽ ട്രാജൻ ചക്രവർത്തി വിശുദ്ധനോട് ക്രിസ്തുമതം ഉപേക്ഷിക്കുവാൻ നിർബന്ധിച്ചു. വിശുദ്ധ ഇഗ്നാത്തിയോസ് വഴങ്ങിയില്ല. ശക്തമായി എതിർക്കുകയും ചെയ്തു. തൻമൂലം വിശുദ്ധ ഇഗ്നാത്തിയോസിനെ ബന്ധനസ്ഥനാക്കി റോമിൽ എത്തിച്ചു. വിശുദ്ധനെ സിംഹത്തിന്റെ കുഴിയിൽ ഇട്ടു കൊല്ലുവാൻ കല്പനയായി. തന്റെ നാഥനുവേണ്ടി സാക്ഷി മരണം വഹിക്കയുന്നത് ഭാഗ്യമായി കണ്ടു വിശുദ്ധ ഇഗ്നാത്തിയോസ് സന്തോഷിച്ചു. 40 വർഷം അന്ത്യോഖ്യാ സിംഹാസനത്തെ ഭരിച്ച പിതാവ് A.D.107 ൽ രക്തസാക്ഷി മരണം പ്രാപിച്ചു.
രക്തസാക്ഷിയായ പാത്രിയർകീസ് പരിശുദ്ധ ബാബിലസ്.
അന്ത്യോക്യയിലെ പരിശുദ്ധ പത്രോസിന്റെ ശ്ലൈഹീക സിംഹാസനത്തിലെ പാത്രിയർകീസന്മാരിൽ മറക്കാനാകാത്ത ഒരു പരിശുദ്ധനാണ് മോർ ബാബിലസ്. എ.ഡി 237-ൽ മോർ സെബിനസ് പാത്രിയർകീസിന്റെ പിഗ്മിയായി സിംഹാസനത്തിൽ തിരഞ്ഞെടുക്കപ്പെടുകയും എ.ഡി 251 വരെ സഭയെ ധീരമായി മേയ്ച്ചു ഭരിക്കുകയും ചെയ്തു. പിതാവിന്റെ ജനനത്തെയോ ബാല്യകാലത്തെയോ കുറിച്ച് വ്യകത്മായ ചരിത്രം ലഭ്യമല്ല. പരിശുദ്ധ ഇഗ്നാത്തിയോസ് നൂറോനോക് ശേഷം സഭയുടെ ചരിത്രത്തിലെ ഏറ്റവും മഹാനും വാഗ്മിയും സത്യവിശ്വാസ സംരക്ഷകനും ധൈര്യശാലിയുമായിരുന്നു പരിശുദ്ധ പിതാവ്. പാത്രിയർക്കീസ് ആസ്ഥാനത്തിനു സമീപം വിധവകളെയും, അനാഥരെയും, സംരക്ഷിച്ചിരുന്ന ഉത്തമ ഇടയൻ കൂടിയായിരുന്നു. മതപീഡകൾ കഠിനമായ സമയത്താണ് പരിശുദ്ധ ബാബിലസ് പാത്രിയർക്കീസായി ചുമതലയേൽക്കുന്നത്. ഈ കാലയളവിൽപ്പോലും അനേകം ജനങ്ങളെ ക്രിസ്തുമതത്തിൽ ചേർക്കുവാൻ അദ്ദേഹത്തിനായി. കുട്ടികളായിരുന്നു മോർ ബാബിലസിന്റെ ശിഷ്യന്മാരിൽ കൂടുതലും. വളരെ കഷ്ടപ്പടുകളും വെല്ലിവിളികളെയും ഏറ്റെടുത്തു ദേശമെല്ലാം നടന്നു സഞ്ചരിച്ചു സത്യവിശ്വാസം ജങ്ങളെ പഠിപ്പിച്ചു. വിശ്വാസികൾ പിതാവിനെ വിളിച്ചിരുന്നത് വിശുദ്ധ ഏവൻഗേല്യോയോനിലെ അറിയിപ്പുകളുടെ സന്ദേശകൻ എന്നായിരുന്നു പരിശുദ്ധ ബാബിലസ്.
റോമാസാമ്രാജ്യത്തിന്റെ രാജാവായ ദൊകിയോസ് കൈസറിന്റെ കാലത്തു ക്രിസ്ത്യാനികളെ വളരെ അധികം പീഡിപ്പിച്ചിരുന്ന ഗവർണർ ആയിരുന്നു നുമേറിയൻ, ദൈവാലയം അശുദ്ധമാകുവാൻ ശ്രമിച്ച നുമേറിയനെ പിതാവ് തടയുകയും ദൈവാലയത്തിൽ പ്രവേശനം വിലക്കുകയും ചെയ്തു. അതിൽ കുപിതനായ ഗവർണർ പിതാവിനെയും ശിഷ്യന്മാരെയും ബന്ധപ്പിച്ചു തടവിലാകുകയും ചെയ്തു. സൈന്യധിപനായ തോമറിയാനോസ് പരിശുദ്ധ പിതാവിനോട് നിർബന്ധമായും വിഗ്രഹത്തിനു ബലി നൽകുവാൻ ആവശ്യപ്പെട്ടു. വൃദ്ധനായ മോർ ബാബിലസ് അതിനു കൂട്ടാക്കിയില്ല, മിശിഹായെ ഏറ്റുപറയുകയും ചെയ്തു, ആയതിനാൽ ചങ്ങലകളാൽ ബന്ധിപ്പിച്ചു കാരാഗൃഹത്തിൽ അടക്കുകയും ചെയ്തു. വാർധക്യം മൂലം കൂനി-കൂനി ആണ് വിശുദ്ധൻ കാരാഗൃഹത്തിൽ കഴിഞ്ഞിരുന്നത്, പ്രാർത്ഥനയിൽ മുഴുകിയ പിതാവ് കർത്താവിനെ തള്ളിപ്പറയാൻ കൂട്ടാക്കിയില്ല. ഗവർണറെ ദൈവാലയത്തിൽ കയറാൻ തടസം നിന്നതിനു പരസ്യമായി മാപ്പുപറയാൻ കല്പിച്ചു, അതിനു കൂട്ടാക്കാത്ത പിതാവ് നുമേറിയൻ തന്റെ പാപജീവിതം ഉപേക്ഷിച്ചിങ്കിൽ ശിക്ഷാവിധി നേരിടേണ്ടി വരും എന്ന് ഉപദേശിച്ചു. കുപിതനായ നുമേറിയൻ കഠിനമായി ഉപദ്രവിക്കുകയും പിതാവിനെയും ശിഷ്യന്മാരായ മൂന്ന് പേരെയും ശിരച്ഛേദം ചെയ്തു കൊലപ്പെടുത്തുവാൻ ഉത്തരവ് ഇറക്കുകയും ചെയ്തു. എ.ഡി 251 ൽ പരിശുദ്ധ പിതാവിനെയും മൂന്ന് ശിഷ്യന്മാരെയും ശിരച്ഛേദം ചെയ്തു കൊലപ്പെടുത്തി (മോർ ഉർബാനോസ്, പ്രിലിഡിയാനസ്, എപ്പലോണിയോസ്)
വിശുദ്ധന്റെ ശരീരം വിശ്വാസികൾ അന്ത്യോഖ്യയിൽ കബറടക്കി, എ.ഡി 351 ൽ ഈ കബറിടം വിഗ്രഹാരാധന ചെറുക്കുവാൻ അവരുടെ സ്വാധീനം ചെറുക്കുവാൻ ദഫ്നയിലേക്കു മാറ്റുകയും പിന്നീട് എ ഡി 362 ൽ അന്ത്യോക്യയിലേക്ക് തിരികെ കൊണ്ടുവരുകയും. പിന്നീട് എ.ഡി 360 ൽ പരിശുദ്ധ മിലിത്തിയോസ് പാത്രിയർക്കീസ് സ്ഥാനാരോഹണം ചെയ്തശേഷം വിശുദ്ധന്റെ തിരുശേഷിപ്പുകൾ ആസി നദീ തീരത്തു ഒരു പള്ളി പണിയുകയും അവിടെ സ്ഥാപിക്കുകയും ചെയ്തു. പരിശുദ്ധ ബാബിലസ് പാത്രിയർകിസിന്റെ ഓർമ്മ സുറിയാനി സഭ ജനുവരി 24 ആചരിക്കുന്നു.
മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ ബാവാ.
ദൈവത്താല്‍ നിലനിര്‍ത്തപ്പെട്ടുവരുന്ന അന്ത്യോഖ്യയുടെയും, കിഴക്കൊക്കെയുടെയും വിശുദ്ധ പത്രോസിന്‍റെ ശ്ലൈഹീക സിംഹാസനത്തില്‍ 123മത് പാത്രിയാര്‍ക്കീസ് ആയി നമ്മെ ഭരിക്കുന്ന ഭാഗ്യവാനും, ഇടയനുമായ അഫ്രേം ദ്വിതീയന്‍ എന്ന തിരുനാമമുള്ള നമ്മുടെ ബാവ 1965 മെയ് 3ന് സിറിയയിലെ വടക്കു-കിഴക്കുള്ള കാമിശ്ലി എന്ന പ്രസിദ്ധ പട്ടണത്തില്‍ യേശു കരിം, ഖനിമ കരിം ദമ്പതികളുടെ ഇളയ മകനായി ജനിച്ചു. ഈ കുടുംബമാകട്ടെ തുര്‍ക്കി രാജ്യത്തിലെ മര്‍ദ്ദീനിലുള്ള സുറിയാനി ക്രിസ്ത്യാനികളുടെ പൈതൃകഗേഹമായ തുറബ്ദീനിലെ ഒരു ഗ്രാമമായ Ëhwo (Turkish: Güzelsu)യില്‍ നിന്നും സിറിയയിലേക്ക് കുടിയേറിപ്പാര്‍ത്തവരായിരുന്നു.
പ്രാഥമികവിദ്യാഭ്യാസം കാമിശ്ലി പട്ടണത്തില്‍ നിന്നും നേടിയതിനു ശേഷം 1977ല്‍ വൈദിക വിദ്യാഭ്യാസതുടക്കത്തിനായി ലബനോനിലെ വിശുദ്ധ അഫ്രെമിന്‍റെ നാമത്തിലുള്ള സെമിനാരിയില്‍ ചേര്‍ന്നു. ആയതു 1982ല്‍ പൂര്‍ത്തിയാക്കി സിറിയയിലേക്ക് തിരിച്ചുവന്നു. തുടര്‍ന്ന്‍ ആലപ്പോയിലെ ആര്‍ച്ച്ബിഷപ്പായ മോര്‍ ഗ്രിഗോറിയോസ് യൂഹാന്നോന്‍ എബ്രഹാം തിരുമനസിലെ സെക്രട്ടറിയായി രണ്ടുവര്‍ഷം സേവനമനുഷ്ടിച്ചു. വീണ്ടും വൈദിക വിദ്യാഭ്യാസപഠനത്തിനായി ഈജിപ്തിലെ കെയ്റോയിലുളള കോപ്റ്റിക് സെമിനാരിയില്‍ ചേര്‍ന്നു. 1984 മുതല്‍ 1988 വരെയുള്ള സമയത്ത് തന്‍റെ Bachelor of Arts degree in Divinityയില്‍ ബാവ പൂര്‍ത്തിയാക്കി.
ഡിഗ്രി പഠനസമയത്ത് തന്നെ തന്‍റെ ദൈവവിളിയെ അറിയുകയും, 'ദയറോയോ' ആകുവാനുള്ള തന്‍റെ ആഗ്രഹം സഭയെ അറിയിക്കുകയും ചെയ്തു. അപ്പോള്‍ സ്വീകരിച്ച പേരത്രേ അഫ്രേം എന്നത്. സുറിയാനി സഭയുടെ യശസ്സ് ലോകത്തിന്‍റെ നാലതിരുകളിലും എത്തിച്ച നാലാം നൂറ്റാണ്ടിലെ വിശുദ്ധ അഫ്രേമും, തന്‍റെ മുന്‍ഗാമിയും ഇരുപതാം നൂറ്റാണ്ടിലെ പണ്ഡിതരില്‍ അഗ്രഗണ്യനുമായ അഫ്രേം ബര്‍സൂമും ബാവായുടെ നാമകരണതിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. പിന്നീട് ശെമ്മാശനായും, തുടര്‍ന്ന്‍ വൈദീകനായും വാഴിക്കപ്പെട്ടു. കോപ്റ്റിക് സെമിനാരിയിലെ തന്‍റെ പഠനത്തിനു ശേഷം സഭാസ്ഥാനമായ ദമസ്കോസിലേക്ക് തിരികെ വരുകയും, അപ്പോഴേക്കും പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചിരുന്ന മോര്‍ അഫ്രേം മേജര്‍ സെമിനാരിയില്‍ അദ്ധ്യാപകനായി ശുശ്രൂഷിക്കുകയും ചെയ്തു. ഇതേ കാലയളവില്‍ തന്നെ കാലം ചെയ്ത ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ബാവായുടെ സെക്രട്ടറിയായും സേവനം അനുഷ്ടിച്ചു.
വീണ്ടും 1991ല്‍ സഭയുടെ ഇംഗ്ലണ്ടിലെ പള്ളികളിലേക്ക് പ്രേഷിതവൃത്തിക്കായി ബാവയെ നിയോഗിച്ചു. കൂടാതെ ഉന്നത വിദ്യാഭ്യാസത്തിനായി Maynoothലുളള വിശുദ്ധ പാട്രിക്കിന്‍റെ നാമത്തിലുള്ള വൈദിക സെമിനാരിയില്‍ ചേര്‍ന്നു. രണ്ടു പ്രധാനപ്പെട്ട യോഗ്യതകളായ Licentiate of Sacred Theology (1992)ഉം, Doctor of Divinity (1994)ഉം ഈ സെമിനാരിയില്‍ നിന്നത്രേ ബാവ നേടിയത്. ഡോക്ടറെറ്റിനായി അദ്ദേഹം സമര്‍പ്പിച്ച വിഷയം Symbolism of the Cross in early Syriac Christianity ആണെന്നുള്ളത് സവിശേഷശ്രദ്ധയെ ആകര്‍ഷിക്കുന്നു.
അമേരിക്കന്‍ ഭദ്രാസനത്തിലെ പുണ്യശ്ലോകനായ മോര്‍ അത്താനാസിയോസ് യേശു സാമുവേല്‍ മെത്രാപ്പോലീത്ത 1995ല്‍ കാലം ചെയ്തപ്പോള്‍ ആ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് മുന്‍പ് സഭാസുന്നഹദോസ് ആ ഭദ്രാസനത്തെ The Eastern United States, Los Angeles and Environs & Canada എന്നിങ്ങനെ മൂന്നായി തിരിച്ചു. ആയതില്‍ ആദ്യത്തെ ഭദ്രാസനമായ കിഴക്കേ അമേരിക്കയുടെ പ്രഥമമെത്രാപ്പോലീത്തയായി അഫ്രേം ബാവ അവരോധിതനായി. അഫ്രേം ബാവയുടെ മാതൃഇടവകയായ കാമിശ്ലി മര്‍ത്തമറിയം പള്ളിയില്‍ വച്ച് സാഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ് ബാവയാല്‍ അഫ്രേം ബാവ മോര്‍ സിറില്‍ (കൂറിലോസ്) അഫ്രേം കരിം എന്ന പേരിനാല്‍ 1996 ജനുവരി 28ന് അഭിഷിക്തനായി. അമേരിക്കയിലെ ന്യുജെഴ്സിയിലുള്ള Teaneck വിശുദ്ധ മര്‍ക്കോസിന്‍റെ കത്തീഡ്രലില്‍ വച്ച് 1992 മാര്‍ച്ച് 2ന് സുന്ത്രോണീസോ ശുശ്രൂക്ഷ നടത്തപ്പെടുകയും ചെയ്തു.
ബാവാ തിരുമേനി ഭദ്രാസനാധിപനായിരുന്ന സമയം നടപ്പില്‍ വരുത്തിയ ശ്രദ്ധേയമായ പല പദ്ധതികളും സഭ മുഴുവന്‍ ആദരവിന് പാത്രമായി. പ്രത്യേകിച്ചും സമ്പന്നരാജ്യങ്ങളിലെ യുവാക്കന്മാരുടെ തൊഴിലില്ലായ്മ പോലുള്ള പ്രശ്നങ്ങളും, പ്രായമായവര്‍ അഭിമുഖീകരിക്കുന്ന അവഗണനയും മറ്റും പരിശുദ്ധ ബാവയുടെ ശ്രദ്ധയില്‍പ്പെട്ട വിഷയങ്ങള്‍ ആയിരുന്നു. ആയതിലേക്ക് പ്രത്യേക പരിശീലനം സഭയില്‍ നിന്ന് നല്‍കുവാന്‍ സഭക്ക് സാധിക്കും, കൂടാതെ സഭ തന്നെ ശക്തിപ്പെടും എന്നദ്ദേഹം മനസിലാക്കി. യുവജനങ്ങളെ ഏകോപിപ്പിച്ചു അവര്‍ക്കായി ഒരു Youth Organization രൂപികരിച്ചു. അതിന്‍റെ സമ്മേളനങ്ങളും, കൂട്ടായ്മകളും ക്രമമായും, തുടര്‍ച്ചയായും നടത്തി യുവാക്കളെ ധൈര്യപ്പെടുത്തി. പല സാഹചര്യങ്ങളില്‍ നിന്നും അമേരിക്കയില്‍ എത്തപ്പെട്ടവരുടെ പുതുതലമുറ സഭയില്‍ നിന്നും അകന്ന്‍ പോകാതിരിക്കുവാന്‍ ആരാധനയും, സുറിയാനി ഭാഷയും അവര്‍ക്ക് പരിശീലിക്കുന്നതിനുള്ള ക്രമീകരണം ബാവയുടെ മറ്റൊരു പദ്ധതി ആയിരുന്നു.
ബാവായുടെ മറ്റൊരു പദ്ധതി കുട്ടികള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. കുട്ടികളെ അകമഴിഞ്ഞ് സ്നേഹിക്കുന്ന അവരോടു ഏതു സമയത്തും തുറന്നു ഇടപെടുന്ന സ്വഭാവക്കാരനായ പരിശുദ്ധ ബാവ വളര്‍ന്ന്‍ വരുന്ന ചെറിയ തലമുറയെ പറ്റി വളരെ ബോധവാനായിരുന്നു. നാളത്തെ സഭയുടെ നിലനില്‍പ്പ്, സഭാശ്രേണിയില്‍ അവര്‍ക്കുള്ള സ്ഥാനം എന്നിവയില്‍ ജാഗരൂകനായ ബാവ അമേരിക്കയിലെ മൂന്ന് ഭദ്രാസനങ്ങളിലും ഏകീകൃതമായ സണ്‍ഡേസ്കൂള്‍ സിലബസ് നടപ്പില്‍ വരുത്തി. ബാവ തന്നെ Animals in the Bible എന്ന സചിത്രപാഠപുസ്തകം കുട്ടികള്‍ക്ക് വേണ്ടി രചിച്ചു.
ബാവയുടെ മറ്റൊരു പദ്ധതി വിവാഹിതര്‍ക്ക് വേണ്ടിയുള്ളതായിരുന്നു. അതിനുവേണ്ടി അദ്ദേഹം ഒരു pre-marriage counseling program നടപ്പില്‍ വരുത്തി. പ്രായമായവര്‍ക്ക് വേണ്ടിയുള്ള ഒരു ആരാധനാസമ്മേളനം വര്‍ഷംതോറും നടത്താന്‍ ബാവായ്ക്ക് സാധിച്ചു. ഈ സമ്മേളനങ്ങളില്‍ ഭദ്രാസനമെത്രാപ്പോലീത്തയുടെ സജീവസാന്നിദ്ധ്യം എപ്പോഴും ഉറപ്പുവരുത്താനും, പങ്കെടുക്കുന്നവര്‍ക്ക് നേരിട്ട് സംവേദിക്കുവാനുള്ള അവസരവും ബാവ തയാറാക്കി. അമേരിക്കയിലെ വിവിധ ക്രിസ്തീയ സഭാവിഭാഗങ്ങള്‍ തമ്മില്‍ ഉള്ള ബന്ധത്തിനെ വിലമതിച്ചിരുന്ന അദ്ദേഹം, ആയതിനു ഏറ്റവും കൂടുതല്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചവരില്‍ പ്രമുഖനാണ്. Christian Churches Together എന്ന സംഖടനയുടെ സ്ഥാപകനേതാക്കളില്‍ ഒരാളാണ് അഫ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ.
2014 മാര്‍ച്ച് 21ന് സാഖാ പ്രഥമന്‍ ബാവ കാലം ചെയ്തതിനെത്തുടര്‍ന്ന് മലങ്കരയുടെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ അദ്ധ്യക്ഷതയില്‍ ലബനോനില്‍ കൂടിയ ആകമാന സുറിയാനി സഭയുടെ പരിശുദ്ധ സുന്നഹദോസ് അമേരിക്കയുടെ മോര്‍ സിറില്‍ അഫ്രേം മെത്രാപ്പോലീത്തയെ സഭയുടെ 123മത് പാത്രിയാര്‍ക്കീസ് ആയി തിരഞ്ഞെടുത്തു. ഒന്നര മാസത്തിനു ശേഷം 2014 മെയ് 29ന് ദമസ്കോസിലേ മോര്‍ അഫ്രേം സെമിനാരിയോട് അനുബന്ധിച്ചുള്ള മോര്‍ പത്രോസ് പൌലോസ് ശ്ലീഹന്മാരുടെ കത്തീഡ്രല്‍ പള്ളിയില്‍ വച്ച് സഭയുടെ എല്ലാ മെത്രാപ്പോലീത്തമാരുടെയും സാന്നിദ്ധ്യത്തില്‍ ശ്രേഷ്ഠ തോമസ് പ്രഥമന്‍ ബാവയാല്‍ വാഴിക്കപ്പെട്ടു. ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ എന്ന സ്ഥാനനാമവും നല്‍കപ്പെട്ടു.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ സഭാമക്കളുടെ ഹൃദയത്തില്‍ അദ്ദേഹം സ്ഥാനം പിടിച്ചിട്ടുണ്ട്. മദ്ധ്യേഷ്യയിലെ പ്രത്യേകിച്ച് ഇറാഖിലെയും, സിറിയയിലെയും യുദ്ധസാഹചര്യത്തില്‍ ചിതറപ്പെട്ട തന്‍റെ മക്കളെ ആശ്വസിപ്പിക്കുകയും, അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുവാനും ബാവ ശ്രദ്ധിക്കുന്നു. അവരുടെ ദുരിതാശ്വാസക്യാമ്പുകളില്‍ കടന്നുചെന്നു വിശ്വാസികളുടെ പരിമിതസാഹചര്യത്തില്‍ അവര്‍ക്കൊപ്പം ക്രിസ്തുസ്നേഹത്തെ പ്രകീര്‍ത്തിക്കുന്ന ബാവായുടെ ചിത്രം ഉത്തമഇടയന്‍റെതത്രേ. വലിയ രീതിയില്‍ വിശ്വാസികളുടെ ക്യാമ്പുകളുള്ള മൊസൂളിലെ മോര്‍ മത്തായിയുടെ ദയറയിലും, ഇര്‍ബിലിലും അദ്ദേഹം സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. കൂടാതെ യുദ്ധഭീഷണിയുള്ള സ്ഥലങ്ങള്‍ സഭാതലവന്‍ എന്ന നിലക്കും ഭീഷണികളെ വകവയ്ക്കാതെ പൊയ്ക്കൊണ്ടിരിക്കുന്നു. ദൈവം അദ്ദേഹത്തെ കൂടുതല്‍ ശക്തിപ്പെടുത്തട്ടെ.