വിശുദ്ധ മദ്ബഹായിൽ പ്രവേശിക്കുന്നതിന് മുമ്പ് ശുശ്രൂഷക്കുപ്പായം ധരിച്ചിരിക്കണം.
കുപ്പായത്തിനടിയിൽ വെള്ള വസ്ത്രം ധരിക്കണം.
കുപ്പായം ധരിക്കുമ്പോഴും, ത്രോണോസും മദ്ബഹായും മുത്തുമ്പോഴും അതാത് പ്രാർത്ഥനകൾ മനഃപാഠമായി ചൊല്ലാൻ അറിഞ്ഞിരിക്കണം.
സന്ധ്യാനമസ്ക്കാരത്തിന് മുമ്പ് മദ്ബഹാ വൃത്തിയാക്കണം.
വിശുദ്ധ കുർബാനയ്ക്ക് പ്രഭാതനമസ്ക്കാരം ആരംഭിക്കുന്നതിന് മുമ്പ് ദേവാലയത്തിൽ എത്തണം.
വിശുദ്ധ മദ്ബഹായിലേക്ക് തെക്കുവശത്തുകൂടി പ്രവേശിക്കുക, വടക്കുവശത്തുകൂടി ഇറങ്ങുക.
ത്രോണോസിന്റെ മുമ്പിലൂടെ കുറുകെ കടക്കരുത്.
തിരി കത്തിക്കാതെ മറ വലിക്കുകയോ, മറയിടാതെ തിരി കെടുത്തുകയോ ചെയ്യരുത്.
വിശുദ്ധ മദ്ബഹായിൽ ഉപയോഗിക്കുന്ന തൂവാലകൾ, വിരികൾ, സോപ്പ്, പാത്രങ്ങൾ എന്നിവ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കരുത്.
കല്ലറകളിലോ, ഭവനകൂദാശയിലോ ധൂപം വീശുമ്പോഴും നിർബന്ധമായും ശുശ്രൂഷക്കുപ്പായം ധരിക്കണം.
പട്ടക്കാരൻ വിശുദ്ധ കുർബ്ബാന അനുഭവിച്ചു കഴിയുന്നതുവരെ മദ്ബഹായിൽ ശുശ്രൂഷക്കാരും ഉണ്ടായിരിക്കണം.
പട്ടക്കാരൻ കപ്പാ മാറുന്നതിന് മുമ്പ് ശുശ്രൂഷകർ കുപ്പായം ഊരിയിട്ട് മദ്ബഹാ വിട്ട് പുറത്തു പോകരുത്.
ശുശ്രൂഷകൻ ഒരു ദിവസം ഒരു കുർബാനയിൽ മാത്രമേ പങ്കെടുക്കാവൂ.
തബ്ലൈത്താ വയ്ക്കാതെ വിശുദ്ധ കുർബാനയ്ക്കായി വിരിച്ചൊരുക്കരുത്.
വിരിക്കൂട്ടം, കാസാ-പീലാസാ, കാപ്പാ ആദിയായവ മദ്ബഹായാട് ചേർന്നുള്ള ചമയപ്പുരയിലോ അലമാരയിലാ, മദ്ബഹായിലേ അലമാരയിലോ സൂക്ഷിക്കുക.
കാപ്പാ ത്രോണോസിന്മേൽ വയ്ക്കുകയോ, ത്രോണോസിന്റെ മുമ്പിൽ നിന്ന് കുപ്പായം ധരിക്കുകയോ ചെയ്യരുത്.
വിശുദ്ധ മാമോദീസായ്ക്ക് ആവശ്യമായ സാമഗ്രികൾ മാമോദീസാ മുറിയിലെ അലമാരയിലോ, മദ്ബഹായിലെ അലമാരയിലോ സൂക്ഷിക്കുക.
ജനനപ്പെരുന്നാൾ - മുൻകൂട്ടി കരുതേണ്ടവ.
തീജ്വാലയ്ക്കായി കുന്തുരുക്കം. പ്രദക്ഷിണത്തിന് മെഴുകുതിരികൾ. കുരിശാകൃതിയിൽ കുഴി. തീ കത്തിക്കുന്നതിന് വിറക്. തീജ്വാലയ്ക്കായി ഒാശാനയിലെ വാഴ്ത്തിയ ഒാലകൾ. മൂന്ന് തീപ്പന്തങ്ങൾ. പ്രദക്ഷിണത്തിനാവശ്യമായ കുട, കൊടി, സ്ലീബാ. പ്രദക്ഷിണത്തിൽ കാർമ്മികന് പിടിക്കാൻ മരക്കുരിശ്.
ശുശ്രൂഷയിൽ ശ്രദ്ധിക്കേണ്ടവ.
പ്രദക്ഷിണത്തിനായി കാപ്പ ധരിക്കുന്നതിന് കാർമ്മികനെ സഹായിക്കുക. പ്രദക്ഷിണത്തിന് മുമ്പ് തീജ്വാലയിൽ ഇടേണ്ട കുന്തുരുക്കം കാർമ്മികന് വാഴ്ത്തുന്നതിനായി നൽകുക. കുഴിയുടെ തെക്ക്-കിഴക്ക് ഭാഗത്ത് നിന്ന് വായിക്കേണ്ട ലേഖനം ക്രമീകരിക്കുക. പ്രദക്ഷിണത്തിന്റെ ഏവൻഗേലിയോൻ മദ്ധ്യേ തീജ്വാല തെളിയിക്കേണ്ടിവരുമ്പോൾ തീപ്പന്തങ്ങൾ കാർമ്മികന് നൽകുക. സ്ലീബാ ആഘോഷത്തിനാവശ്യമായ ക്രമീകരണങ്ങൾ നടത്തുക.
ദനഹാ (ഉദയം) - മുൻകൂട്ടി കരുതേണ്ടവ.
ഗ്ലാസ്സ് ഭരണി കഴുകി വൃത്തിയായി വയ്ക്കുക. ഭരണിയുടെ വായ്ഭാഗത്ത് വയ്ക്കുവാൻ മരക്കുരിശ്. ഭരണി മൂടുവാൻ ശാശപ്പാ. ഭരണിയുടെ വക്കോളം നിറയ്ക്കുവാനുളള വെള്ളം. നമസ്ക്കാരമേശമേൽ വിരിക്കുവാൻ വെള്ളത്തുണി. പ്രദക്ഷിണത്തിനാവശ്യമായ കുട, കൊടി, സ്ലീബാ മുതലായവ.
ശുശ്രൂഷയിൽ ശ്രദ്ധിക്കേണ്ടവ.
തൂയാബൊയ്ക്കുശേഷം പ്രദക്ഷിണത്തിനായി ഒരുങ്ങുക. പ്രദക്ഷിണത്തിൽ വെള്ളപ്പാത്രം പിടിക്കുന്നത് ശുശ്രൂഷകനെങ്കിൽ അതിനായി ക്രമീകരിക്കുക. പ്രദക്ഷിണാനന്തരം വെള്ളപ്പാത്രം നമസ്ക്കാരമേശയിൽ വയ്ക്കുമ്പോൾ മുമ്പിൽ കുരിശും ഇരുവശങ്ങളിൽ തിരികളും വയ്ക്കുക. ധൂപം വീശുന്നയാൾ ശ്രദ്ധാപൂർവ്വം കാര്യങ്ങൾ ചെയ്യുക.
ശാശപ്പാ ആഘാഷം, കയ്യാവസിപ്പ്, മറ്റ് പ്രധാന സമയങ്ങൾ എന്നിവയിൽ മറുവഹ്സ, കൈമണി എന്നിവ കിലുക്കുക. ശുശ്രൂഷാവസാനം മാമോദീസാത്തൊട്ടിയിൽ സ്ലീബാവച്ച് അതിന്റെ അഗ്രങ്ങളിൽ കുപ്പിയിലെ ജലം ഒഴിക്കുന്നതിനായി മാമോദീസാത്തൊട്ടി നേരത്തെ തുറന്നിടുക. വിശുദ്ധ കുർബ്ബാനാനന്തരം വാഴ്ത്തപ്പെട്ട ജലം വിശ്വാസികൾക്ക് നൽകുവാനായി ക്രമീകരണം ചെയ്യുക.
ശുബ്ക്കാനൊ ശുശ്രൂഷ.
ഉച്ചനമസ്ക്കാരത്തിന്റെ അവസാനം മാർ സേവേറിയോസിന്റെ മാനീസയും കൗമയും കഴിഞ്ഞ് നടത്തുന്നു. പ്രൊമിയോൻ, എത്രോ, ഏവൻഗേലിയോൻ എന്നിവ വായിക്കുന്ന സമയത്ത് ധൂപം വീശുക. പ്രധാന കാർമ്മികൻ ക്ഷമാപണം നടത്തുമ്പാൾ ശുശ്രൂഷകരും ജനങ്ങളും മുട്ടുകുത്തി ക്ഷമാപണം നടത്തണം. ശുശ്രൂഷയുടെ അവസാനം കാർമ്മികൻ, ശുശ്രൂഷകർ, ജനങ്ങൾ പരസ്പരം സമാധാനം നൽകുന്നു.
പാതിനോമ്പ് - മുൻകൂട്ടി കരുതേണ്ടവ.
ഗോഗുൽത്താ, ചുവന്നവിരി, ഊറാറ, മറുവഹ്സകൾ, തിരികൾ. സന്ധ്യാപ്രാർത്ഥനയ്ക്ക് മുമ്പ് ഗോഗുൽത്തായിൽ ചുവന്ന വിരിയിട്ട് ക്രമീകരിച്ച് വയ്ക്കുക. പ്രദക്ഷിണത്തിനാവശ്യമായ കുട, കൊടി, സ്ലീബ മുതലായവ കരുതുക.
ശുശ്രൂഷയിൽ ശ്രദ്ധിക്കേണ്ടവ.
സന്ധ്യാപ്രാർത്ഥനയുടെ കൗമാ കഴിഞ്ഞ് ഊറാറ ചാർത്തി കുരിശ് ഗോഗുൽത്തായിൽ വയ്ക്കേണ്ടത് വൈദികനാണ്. വിശുദ്ധ കുർബ്ബാനയിൽ ദൈവമാതാവിന്റെ കുക്കിലിയോൻ കഴിഞ്ഞ് പ്രദക്ഷിണത്തിനായി ഒരുങ്ങുക. പ്രദക്ഷിണാനന്തരം സ്ലീബാ ആഘോഷം നടത്തി ഗോഗുൽത്തായിൽ കുരിശ് സ്ഥാപിച്ചു കഴിഞ്ഞാൽ ഇരുവശത്തും തിരി കത്തിക്കണം. ഗോഗുൽത്തായ്ക്ക് അരികിൽ നിന്ന് സ്ലീബായുടെ കുക്കിലിയോൻ ചൊല്ലിയുള്ള ധൂപാർപ്പണവുമുണ്ട്. പിന്നീട് ത്രോണോസിൽ ഒരു തിരി കത്തിക്കുമ്പോൾ ഗോഗുൽത്തായിലും ഒരു തിരിയും, ഒന്നിലധികം തിരികൾ കത്തിക്കുമ്പോൾ ഗോഗുൽത്തായിലെ രണ്ടു തിരികളും കത്തിക്കേണ്ടതാണ്. ധൂപം വീശുമ്പോഴെല്ലാം ഗോഗുൽത്തായുടെ നേരെ വീശി വണങ്ങണം. പള്ളിയിലേക്ക് പ്രവേശിക്കുമ്പോഴും തിരികെ പോകുമ്പോഴും ഗോഗുൽത്താ മുത്തണം.
നാൽപ്പതാം വെള്ളി.
നമസ്ക്കാരം നോമ്പിന്റേത്; പാതിബുധന്റെ രീതിയിൽ പ്രത്യേക ശുശ്രൂഷയൊന്നുമില്ല.
ഒാശാന (സ്തുതി) - മുൻകൂട്ടി കരുതേണ്ടവ.
കുരുത്തോലകൾ, പൂക്കൾ കാർമ്മികന് പിടിക്കുവാൻ തടിക്കുരിശ്. പ്രദക്ഷിണത്തിനാവശ്യമായ കുട, കൊടി, സ്ലീബാ മുതലായവ. നമസ്ക്കാരമേശ / (മദ്ബഹായിൽ ക്രമീകരിക്കുന്ന പ്രത്യേക മേശ) - യിൽ വിരിക്കുവാൻ വെള്ളത്തുണി.
ശുശ്രൂഷയിൽ ശ്രദ്ധിക്കേണ്ടവ.
ഏവൻഗേലിയോൻ, പ്രദക്ഷിണം ആദിയായവയിൽ പൂക്കൾ വിതറുന്നതിനുള്ള ക്രമീകരണം.
പ്രദക്ഷിണത്തോടുകൂടി ശുശ്രൂഷ ആരംഭിക്കുന്നു; അതിനായി കുരുത്തോലകൾ വിതരണം ചെയ്യുക. പ്രദക്ഷിണം പടിഞ്ഞാറെ വാതിൽക്കൽ എത്തുമ്പാൾ ഏവൻഗേലിയോൻ വായന; ഇതിനായി വിശ്വാസികൾ കിഴക്കാട്ട് തിരിഞ്ഞ് നിൽക്കണം. പ്രദക്ഷിണം തിരികെയെത്തുമ്പോൾ കുരുത്തോലകൾ തിരികെ വാങ്ങി നമസ്ക്കാരമേശയിൽ വയ്ക്കുക.
നമസ്ക്കാരമേശയിൽ കുരിശിന്റെ ഇരുവശങ്ങളിലും രണ്ടുതിരികൾ കത്തിച്ച് ശുശ്രൂഷ ആരംഭിക്കണം.
വേദഭാഗവായന, ലുത്തിനിയാ വായന ഇവയ്ക്കായി ക്രമീകരണം ചെയ്യുക.
കാർമ്മികൻ കയ്യാവസിക്കുമ്പോഴും, വാഴ്ത്തുമ്പോഴും മണി, മറുവഹ്സാ എന്നിവ കിലുക്കണം. കാർമ്മികൻ ത്രോണോസിലും ഗോഗുൽത്തായിലും മറ്റും കുരുത്താല അലങ്കരിക്കുന്നതിന് സഹായിക്കുക. ബാക്കി വരുന്ന കുരുത്താലകൾ ജനനപ്പെരുന്നാളിലെ തീജ്വാലയ്ക്കായി സൂക്ഷിക്കുക.
കഷ്ടാനുഭവ ആഴ്ച -ശുശ്രൂഷയിൽ ശ്രദ്ധിക്കേണ്ടവ.
ഗോഗുൽത്തായിലെ ചുവന്ന വസ്ത്രം മാറ്റി കറുപ്പാക്കുക. ഗോഗുൽത്താ, ഏവൻഗേലിയോൻ മേശ എന്നിവ മദ്ബഹായുടെ താഴെ ക്രമീകരിക്കുക.
ഏവൻഗേലിയോൻ വായനയ്ക്കായി ഹമ്നീക്ക, ചെരുപ്പുകൾ എന്നിവ കരുതുക. ഹാശായുടെ പ്രത്യേക കൗമകൾ ദിവസത്തിനും യാമത്തിനുമനുസരിച്ച് മാറി മാറി ചൊല്ലുന്നു.
സമാധാനാശംസ, കൈമുത്ത്, കൈകസ്തൂരി, ത്രോണോസ്-ഗോഗുൽത്താ മുത്തൽ എന്നിവയില്ല.
കുക്കിലിയോന് പകരമായി ഹാശായുടെ കൗമ ചൊല്ലുന്നു. ഏവൻഗേലിയോന്റെ പ്രത്യേക പ്രതിവാക്യം മനസ്സിലാക്കുക. ലേഖന വായനയിൽ ആഹായ്, ഹാബീബായ് സംബാധനകൾ ചൊല്ലാറില്ല.
യാമപ്രാർത്ഥനകൾക്ക് മദ്ബഹായുടെ മറ തുറക്കാറില്ല. ധൂപം വീശിത്തുടങ്ങേണ്ടത് ഗോഗുൽത്തായെ വണങ്ങിയാണ്. ശവസംസ്ക്കാരം നടത്തേണ്ടി വന്നാൽ കൗമയ്ക്കും കുക്കിലിയോനും പകരം
അതാത് ദിവസത്തെ ഹാശായുടെ കൗമ ചൊല്ലണം.
പെസഹാവ്യാഴം.
ഹ്മീറയ്ക്കായി നേരത്തെ കുഴച്ചുവയ്ക്കണം. രാത്രി പ്രാർത്ഥനയുടെ മൂന്നാം കൗമ കഴിഞ്ഞ് ഹാലേലുയ്യാ.... ചൊല്ലുമ്പോൾ ഗോഗുൽത്തായിൽ തിരി കത്തിക്കണം.
പ്രഭാതപ്രാർത്ഥനയുടെ ആരംഭത്തിൽ കാർമ്മികൻ മദ്ബഹായിലേയ്ക്ക് പ്രവേശിക്കുമ്പോൾ മറ തുറന്നാൽ മതി.
തൂയോബൊയിൽ അനുഗ്രഹത്തിനുള്ള പേരുകൾ മാത്രം നൽകിയാൽ മതി.
വെളിവുനിറഞ്ഞാരീശോ.... (കർത്താവേ! നിൻ.... ഒഴികെ) ചൊല്ലാം. നിന്നെ പ്രസവിച്ച മറിയാം..., നിൻ മാതാവ് വിശുദ്ധന്മാർ... ഉണ്ട്.
കൗമാ – പെസഹായുടെ പ്രത്യേക കൗമയാണ്; മോദിപ്പിച്ചരുളുക.... എന്നത് മുതൽ ജനങ്ങൾ ചൊല്ലിയാൽ മതി. നാഥാ! തേ സ്തുതിയും.... പാടേണ്ടതില്ല. ഭൂവിലശേഷം, പൗലാസ്ശ്ലീഹാ... പാടണം. ഏവൻഗേലിയോനുമുമ്പുള്ള ഗീതം, നാം അടക്കത്താടും ഭയത്താടും.... എന്നിവ ചൊല്ലണം. ഏവൻഗേലിയോൻ ഹാശായുടെ പ്രത്യേകരീതിയിൽ. ധൂപക്കുറ്റി വാഴ്വിന് പെസഹായുടെ പ്രത്യേക കൗമയാണ്.
സമാധാന ആശംസയും, സമാധാനം കൊടുക്കലുമില്ല; പകരം കരുണയുള്ള കർത്താവിന്റെ മുമ്പാകെ നാം തല കുനിക്കണം എന്നത് ചൊല്ലണം.
തുബ്ദേനുകളുണ്ട്. കുക്കിലിയോനു പകരം പെസഹായുടെ കൗമാ ചൊല്ലുന്നു. വിശുദ്ധ കുർബ്ബാന പടിഞ്ഞാറാട്ട് എഴുന്നള്ളിക്കുമ്പോൾ "സ്തുതി ദൈവത്തിന്"പകരം - പെസഹായാൽ മൂന്ന് പ്രാവശ്യം ചൊല്ലുക; തിരികെ കിഴക്കാട്ട് പോകുമ്പോൾ "ഭൂവാകെ നമിക്കും" എന്നതിന്
പകരം - നാഥാ! തേ സ്തുതിയും പാടുക. കൈമുത്തില്ല. തുടർന്നുള്ള അന്നത്തെ യാമപ്രാർത്ഥനകളിൽ കുമ്പിടാറില്ല.
ദുഃഖവെള്ളി - മുൻകൂട്ടി കരുതേണ്ടവ.
കബറടക്കത്തിന് - 5 മീറ്റർ വെള്ളത്തുണി, ഒരു റോൾ പഞ്ഞി, കുന്തുരുക്കം - സാമ്പ്രാണിക്കട്ട, പനിനീർ, സെന്റ്, കയ്പ്പുനീരിന് വിനാഗിരി, ചെന്നിനായകം, കാടി (അരി മൂന്നാമത് കഴുകിയത്), ചെറുനാരങ്ങ, പാത്രം, ജെഗ്ഗ്. ചെന്നിനായകം തലേദിവസം വെള്ളത്തിലിടുക.
[രണ്ടാമത്തെ പ്രദക്ഷിണം പള്ളിക്ക് വെളിയിലൂടെയെങ്കിൽ പള്ളി സാധനങ്ങൾ ക്രമീകരിക്കുക].
കയ്പ്പുനീര് ഉണ്ടാക്കുന്ന വിധം.
5 litre കാടിവെള്ളത്തിൽ 400 gm ചെന്നിനായകം വെള്ളത്തിലിട്ടതും, ഒരു കുപ്പി വിനാഗിരിയും പുളിക്കനുസരിച്ച് നാരങ്ങാനീരും ചേർത്ത് തയ്യാറാക്കുന്നു. (പൊട്ടുപാവയ്ക്കാ നീര് കയ്പ്പ് വർദ്ധിപ്പിക്കാൻ ചിലയിടങ്ങളിൽ ചേർക്കാറുണ്ട്).
ഒന്നാം പ്രദക്ഷിണം.
മൂന്നാം മണിയുടെ ഏവൻഗേലിയോൻ കഴിഞ്ഞാൽ കാർമ്മികന് അംശവസ്ത്രം നൽകണം. വെള്ളത്തുണി കാർമ്മികന്റെ വലത്തെ തോളിൽ സ്ലീബാ വഹിക്കുന്നതിനായി വിരിച്ച് കൊടുക്കുക. കുട, കൊടി ആദിയായ പള്ളി സാധനങ്ങൾ ഉപയോഗിക്കില്ല. നാല് ദിക്കുകളിലുള്ള ഗദ്യഭാഗവായനയ്ക്കായി പുസ്തകം പിടിച്ച് കൊടുക്കുക.
പ്രദക്ഷിണം ദേവാലയത്തിൽ തിരികെയെത്തി ഗോഗുൽത്തായിൽ സ്ലീബാ നാട്ടിക്കഴിഞ്ഞാൽ ഇരു വശങ്ങളിലും തിരി കത്തിക്കേണ്ടതില്ല.
സ്ലീബാ വന്ദനവ്.
കാർമ്മികന് അംശവസ്ത്രം ധരിക്കുവാൻ നൽകണം. ഒമ്പതാം മണി നമസ്ക്കാരം കഴിഞ്ഞ് ഗോഗുൽത്തായിൽ നിന്ന് വെള്ളത്തുണിയെടുത്ത് നമസ്ക്കാരമേശയുടെ തെക്ക് വടക്കായി വിരിച്ച്, സ്ലീബാ അതിൽവച്ച് ഇരുവശങ്ങളിലും കത്തിച്ച തിരിവച്ച് ശുശ്രൂഷ ആരംഭിക്കുന്നു.
മറ വലിച്ചും / സ്ലീബാ ആഘോഷസമയത്ത് മാത്രം മറ വലിച്ചും ശുശ്രൂഷ നടത്തുന്ന പതിവുമുണ്ട്.
ഏവൻഗേല്യോന് ശേഷം സ്ലീബാ മുത്തുവാൻ വിശ്വാസികൾക്ക് അവസരം ക്രമീകരിക്കുക.
സ്ലീബാ വന്ദനവിന്റെ സമയത്ത് കുന്തുരുക്കം പുകയ്ക്കുന്നതിനായി അത് ക്രമീകരിക്കുക.
രണ്ടാം പ്രദക്ഷിണം.
പള്ളിയ്ക്കുള്ളിലൂടെയാണ് പ്രദക്ഷിണമെങ്കിൽ ധൂപക്കുറ്റി, മെഴുകുതിരി, മറുവഹ്സ, വലിയ മണി എന്നിവ ഉപയോഗിക്കണം.
പ്രദക്ഷിണാനന്തരം സ്ലീബാ ആഘോഷം കബറടക്കം.
കയ്പ്പുനീരിന്റെ പാത്രം, പനിനീർ, പഞ്ഞി, കുന്തുരുക്കം, സാമ്പ്രാണിക്കട്ട, സ്പ്രേ, മൂന്ന് കുരുത്താലകൾ എന്നിവയും ക്രമീകരിക്കുക.
കബറിനുള്ളിൽ ധൂപം അർപ്പിക്കുവാൻ ക്രമീകരണം ചെയ്യുക. കബറിനുള്ളിൽ വയ്ക്കുവാൻ വിശുദ്ധ വേദപുസ്തകം, ധൂപക്കുറ്റി, മറുവഹ്സാ, കത്തിക്കാത്ത രണ്ടു തിരികൾ (with stand) കരുതണം.
മുദ്ര വയ്ക്കുന്നുണ്ടെങ്കിൽ ഉരുകിയ മെഴുക് കരുതണം.
കബറിന് മുമ്പിൽ കെടാവിളക്ക് ഉയിർപ്പ് വരെ വയ്ക്കുക.
മദ്ബഹായുടെ മറ ഞായറാഴ്ച സന്ധ്യ വരെ തുറക്കരുത്.
കബറടക്കിയ ത്രോണാസിൽ ശനിയാഴ്ച കുർബ്ബാന പാടില്ല.
കയ്പ്പുനീർ ജനങ്ങൾക്ക് നൽകുവാനുള്ള ക്രമീകരണം ചെയ്യുക.
കബറടക്കത്തിന് ശേഷം ദേവാലയത്തിൽ പ്രാർത്ഥനകൾക്കും മറ്റും ധൂപമർപ്പിക്കുമ്പോൾ ആദ്യം കബറിങ്കൽ ധൂപം അർപ്പിക്കുക.
ദുഃഖശനി.
പെസഹായുടെ ക്രമീകരണങ്ങൾ തന്നെ.
ദുഃഖശനിയുടെ കൗമാ ചൊല്ലുന്നു.
വാങ്ങിപ്പായവരുടെ പേരുകൾ പ്രത്യേകം ഒാർക്കുന്നു.
കർത്താവേ! നിൻ രക്ത ശരീരങ്ങൾ.... ചൊല്ലാം.
സെമിത്തേരിയിൽ പ്രൊമിയോൻ വായിച്ച് ധൂപാർപ്പണം നടത്തുന്നു.
ഉയിർപ്പ് - മുൻകൂട്ടി കരുതേണ്ടവ.
സന്ധ്യാ പ്രാർത്ഥനയ്ക്ക് മുമ്പെ മദ്ബഹായിലെ കറുത്ത വസ്ത്രങ്ങൾ മാറ്റി ചുവന്ന വസ്ത്രം ഇടുക.
ഗോഗുൽത്തായിൽ ചുവന്ന വസ്ത്രമിട്ട് മദ്ബഹായുടെ വടക്ക് ഭാഗത്ത് വയ്ക്കുക.
ഗോഗുൽത്തായിലിടാൻ ചുവന്ന ഊറാറയും ചുവന്ന പട്ടും കരുതുക.
ത്രോണോസിൽ പുതിയ തിരികൾ വയ്ക്കുക.
പ്രദക്ഷിണത്തിന് ചെറിയ തിരികൾ കരുതുക.
ശുശ്രൂഷയിൽ ശ്രദ്ധിക്കേണ്ടവ.
നമസ്ക്കാരം ക്യംതായുടേതാണ് ചൊല്ലുന്നത്.
ധൂപക്കുറ്റി വീശേണ്ടി വരുമ്പോൾ കബറിങ്കൽ വീശിയതിനുശേഷം ത്രോണോസിൽ വീശണം.
ഉയിർപ്പിന്റെ രഹസ്യ ശുശ്രൂഷ.
രാത്രി പ്രാർത്ഥനയുടെ മൂന്നാം കൗമ ആരംഭിച്ചതിനുശേഷം മദ്ബഹായിൽ പ്രവേശിക്കുന്ന കാർമ്മികന് അംശവസ്ത്രം നൽകുക.
തുടർന്ന് കബറിങ്കൽ ധൂപം അർപ്പിക്കുന്നതിനായി കാർമ്മികന് ധൂപക്കുറ്റി നൽകുക.
കെടാവിളക്ക് നീക്കി കബറിലെ സാധനങ്ങൾ മാറ്റുമ്പോൾ സഹായം നൽകുക. തുടർന്ന് കാർമ്മികൻ കബറിൽ നിന്ന് കുരിശെടുത്ത് ത്രോണോസിൽ വച്ചൊരുക്കി, ഊറാറയിട്ട് ചുവന്ന പട്ട് കൊണ്ട് മൂടി ഗോഗുൽത്തായിൽ വയ്ക്കുകയും, ഗോഗുൽത്താ ത്രോണോസിന്റെ മുമ്പിൽ വയ്ക്കുകയും ചെയ്യുന്നു. ഇരുവശങ്ങളിലും തിരികൾ കത്തിച്ച് മറുവഹ്സ വയ്ക്കണം.
രഹസ്യപ്രാർത്ഥന നടത്തുന്ന
കാർമ്മികന് ധൂപക്കുറ്റി നൽകണം.
ജനങ്ങളും ശുശ്രൂഷകരും കുറിയേലായിസ്സോൻ മാറി മാറി ചൊല്ലണം.
തുടർന്ന് പ്രഖ്യാപനം നടത്തുമ്പാൾ ത്രോണോസിലെ തിരികളെല്ലാം കത്തിച്ചിരിക്കണം.
പ്രഖ്യാപനാനന്തരം ഹാലേലുയ്യാ.... ചൊല്ലി നമസ്ക്കാരം തുടരുന്നു.
സ്ലീബാ ആഘോഷത്തിന്റെ പരസ്യ ശുശ്രൂഷ.
തൂയോബൊയ്ക്ക് ശേഷം മറ വലിച്ച് ശുശ്രൂഷ ആരംഭിക്കുന്നു.
ഗോഗുൽത്തായിലെ കുരിശെടുത്ത് രഹസ്യത്തിന്റെ വടക്ക് ഭാഗത്ത് വയ്ക്കുന്നു.
ത്രോണോസിന്റെ ഇരുവശങ്ങളിലും കത്തിച്ച തിരികൾ വേണം.
ശുശ്രൂഷാ മദ്ധ്യേയുള്ള പ്രദക്ഷിണത്തിന് പള്ളി സാധനങ്ങൾ കരുതണം.
വിശ്വാസികൾ തിരി കത്തിച്ച് പിടിക്കണം.
പ്രദക്ഷിണം ദേവാലയത്തിൽ പ്രവേശിച്ചതിനുശേഷം കുരിശ് കാർമ്മികൻ ത്രേണോസിൽ വയ്ക്കുന്നു.
വേദഭാഗവായനകളും അതിനെത്തുടർന്ന് സ്ലീബാ ആഘോഷവുമാണ്.
പിന്നീട് സമാധാനം കൊടുക്കുന്നു; കാർമ്മികൻ മുത്തിയതിനുശേഷം
ശുശ്രൂഷകർ മൂപ്പുമുറയനുസരിച്ച് ത്രോണോസ്, സ്ലീബാ, ഏവൻഗേല്യോൻ എന്നീ ക്രമത്തിൽ മുത്തി കാർമ്മികന്റെ കൈ മുത്തി വലതുവശത്ത് നിന്ന് മറ്റു ശുശ്രൂഷകർക്ക് സമാധാനം കൊടുക്കുന്നു. അവസാനം മുത്തുന്ന ശുശ്രൂഷകൻ വിശ്വാസികൾക്ക് സമാധാനം കൊടുക്കുന്നു. തുടർന്ന് കുരിശ്, ഗോഗുൽത്തായിൽ വച്ച് വിശുദ്ധ കുർബ്ബാന ആരംഭിക്കുന്നു.
വിശുദ്ധ കുർബ്ബാനയ്ക്കുശേഷം കുരിശും ബൈബിളും മുത്തി വിശ്വാസികൾ പിരിയുന്നു.
സ്വർഗ്ഗാരാഹണം.
ശുശ്രൂഷാസമയം കുക്കിലിയോന്റെ മദ്ധ്യത്തിൽ.
ദേവാലയത്തിനു ചുറ്റുമുള്ള പ്രദക്ഷിണത്തിനായി പള്ളി സാധനങ്ങൾ നേരത്തെ ക്രമീകരിച്ച് വയ്ക്കുക.
ഗോഗുൽത്തായിൽ നിന്ന് കാർമ്മികൻ കുരിശെടുത്ത് പ്രദക്ഷിണത്തിനായി ഒരുങ്ങുമ്പോൾ ധൂപക്കുറ്റി, തിരികൾ, മറുവഹ്സാ, കൈമണി ആദിയായവ ക്രമീകരിക്കുക.
പ്രദക്ഷിണാനന്തരം സ്ലീബാ ആഘോഷം. സ്ലീബാ ആഘോഷത്തിന് ശേഷം സ്ലീബാ ത്രോണോസിൽ വച്ച് കാർമ്മികൻ വിശുദ്ധ കുർബാന പൂർത്തീകരിക്കുന്നു.
പെന്തിക്കാസ്തി.
ശുശ്രൂഷാസമയം കുക്കിലിയോന്റെ മദ്ധ്യത്തിൽ. (വെള്ളത്തിന്മേൽ പ്രത്യേക പ്രാർത്ഥനകളില്ല).
മുൻകൂട്ടി കരുതേണ്ടവ.
വെള്ളം നിറച്ച പാത്രം, തളിക്കുവാൻ തണ്ട്, വെള്ളം നിറയ്ക്കുവാൻ ജെഗ്ഗ്.
മൂന്ന് ശുശ്രൂഷയുടെയും വേദഭാഗവായനകൾ.
ശുശ്രൂഷയിൽ ശ്രദ്ധിക്കേണ്ടവ.
ഒരു പാത്രമെങ്കിൽ - ഒന്ന്, രണ്ട് ശുശ്രൂഷകളുടെ തളിപ്പിനുശേഷം പാത്രത്തിൽ വെള്ളം നിറക്കയ്ണം.
മൂന്ന് പാത്രമെങ്കിൽ ഒന്നാം ശുശ്രൂഷയ്ക്ക് നടുക്കിരിക്കുന്ന പാത്രം രണ്ടാം ശുശ്രൂഷയ്ക്ക് വടക്കുവശത്തെ പാത്രം അതിൽ ആദ്യത്തെ മിച്ചമുള്ള വെള്ളം ചേർക്കുന്നു.
മൂന്നാം ശുശ്രൂഷയ്ക്ക് തെക്കുവശത്തെ പാത്രം.
മുട്ടുകുത്തുന്ന സമയത്ത് കുറിയേലായിസ്സോൻ ശുശ്രൂഷകരും ജനങ്ങളും മാറി മാറി ചൊല്ലണം.
വെളളം തളിപ്പിന് ഒരു ശുശ്രൂഷകൻ വെള്ളപാത്രം പിടിച്ചുകൊടുക്കണം.
വിശുദ്ധ മാമോദീസ.
മുൻകൂട്ടി കരുതേണ്ടവ.
ചൂടുവെള്ളവും പച്ചവെള്ളവും.
ഏവൻഗേലിയാൻ വായനയ്ക്കുുള്ള തിരികൾ.
സ്നാനാർത്ഥിയുടെ ശിരസ്സിലണിയിക്കുവാനുള്ള കിരീടം.
മാമോദീസാത്തൊട്ടിയിൽ ആഘോഷിക്കുവാനുള്ള ശോശപ്പ.
തൈലപാത്രം.
കൈതുടയ്ക്കുവാനുള്ള തൂവാല, സോപ്പ്
മാമോദീസാത്തൊട്ടി നേരത്തെ വെടിപ്പാക്കണം.
ശുശ്രൂഷയിൽ ശ്രദ്ധിക്കേണ്ടവ.
വിശുദ്ധ മൂറാൻകുപ്പി കൈകാര്യം ചെയ്യേണ്ടത് കാർമ്മികനാണ്.
കയ്യാവസിപ്പ്, ത്രിത്വനാമത്തിലുള്ള മുദ്ര, മൂറോൻകുപ്പി ആഘോഷം ആദിയായ സമയങ്ങളിൽ കൈമണി കിലുക്കണം.
ആവശ്യമായ സന്ദർഭങ്ങളിൽ കുറിയേലായിസ്സോൻ ചൊല്ലണം.
കാർമ്മികന് പുസ്തകം പിടിച്ച് കൊടുക്കുവാൻ ഒരു ശുശ്രൂഷകൻ വേണം.
മാമോദീസാത്തൊട്ടിയിൽ ശുശ്രൂഷകൻ വെള്ളം ഒഴിക്കുമ്പോൾ വലത് കൈയിൽ ചൂടുവെള്ളവും ഇടത് കൈയിൽ പച്ചവെള്ളവും കരുതണം.
ഒന്നിലധികം മാമോദീസായുണ്ടെങ്കിൽ വാഴ്ത്തിയ വെള്ളം മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റണം.
തന്റെ ശരീരത്തിൽ വിശുദ്ധ മൂറോൻ പറ്റാതിരിക്കാൻ കുഞ്ഞിനെ പൊതിഞ്ഞിരിക്കുന്ന തുണിയോടുകൂടി എടുക്കണം.
ത്രോണോസിന്റെ നാല് കോണുകളിലും കുഞ്ഞിനെ മുത്തിക്കണം.
കുഞ്ഞിന് വിശുദ്ധ കുർബ്ബാന നൽകുമ്പോൾ കാർമ്മികനെ സഹായിക്കണം. (മാമാദീസാ തൊട്ടിയില്ലാത്ത പള്ളികളിൽ പ്രത്യേക പാത്രം ഉപയോഗിച്ച് നടത്താം, വാഴ്ത്തപ്പെട്ട ജലം ആരും ചവിട്ടാത്ത സ്ഥലത്ത് ഒഴിക്കണം).
വിവാഹം.
മന്ത്രകോടി, മിന്ന്, മാല, മോതിരം എന്നിവ ക്രമീകരിക്കുക. (വടക്കുവശം മണവാളന്റെ / തെക്ക് മണവാട്ടിയുടെ).
കാർമ്മികന് അംശവസ്ത്രം നൽകുക.
പ്രാർത്ഥന തുടങ്ങുമ്പോൾ തിരി കത്തിച്ച് മറ വലിക്കുക.
ആവശ്യമായ സമയങ്ങളിൽ ധൂപാർപ്പണം നടത്തുക.
മോതിരങ്ങളിലും മാലകളിലും കൈ ആവസിപ്പിക്കുമ്പോഴും ഏവൻഗേലിയാന്റെ പ്രതിവാക്യത്തിനും കൈമണി കിലുക്കുക.
ഏവൻഗേലിയാൻ വായനയ്ക്കായി നമസ്ക്കാര മേശമേൽ തിരി കത്തിച്ചുവയ്ക്കണം.
കിരീടവാഴ്വിന്റെ ശുശ്രൂഷ ആരംഭിക്കുന്നതിന് മുമ്പ് മണവാട്ടിയുടെ മൂടുപടം നീക്കുവാൻ നിർദ്ദേശം നൽകുക.
ഭവനശുദ്ധീകരണം.
ചെറിയ സ്ലീബാ, മെഴുകുതിരികൾ (with stand), ഹമ്നിക്ക, ധൂപക്കുറ്റി, കരി, കുന്തുരുക്കം, കൂദാശക്രമം ആദിയായവ കരുതണം.
പ്രധാനമുറിയിൽ വിരിച്ചൊരുക്കിയ മേശയിൽ സ്ലീബായും ഇരുവശങ്ങളിലുമായി കത്തിച്ച തിരികളും വയ്ക്കുക.
പാത്രത്തിൽ വെള്ളവും തളിക്കുവാൻ തണ്ടും വേണം.
ധൂപാർപ്പണസമയത്ത് വീടിന്റെ എല്ലാ മുറികളിലും ധൂപം വീശണം.
ഏവൻഗേലിയോൻ സമയത്ത് മെഴുകുതിരികൾ പിടിക്കണം.
കാർമ്മികന് അഭിമുഖമായി ഭവനത്തിൽ നിന്ന് ഒരാൾ വെള്ളപ്പാത്രം പിടിക്കണം.
വിശുദ്ധ തൈലാഭിഷേകം.
മുൻകൂട്ടി കരുതേണ്ടവ.
തൈലം, ചെറിയ സ്ലീബാ, മെഴുകുതിരികൾ (with stand), ഹമ്നിക്ക, ധൂപക്കുറ്റി, കരി, കുന്തുരുക്കം, കൂദാശക്രമം ആദിയായവ.
കാർമ്മികന് കൈ കഴുകുവാൻ വെള്ളം, സോപ്പ്, പാത്രം കരുതണം.
വിശുദ്ധ കുർബാന ഈകൂടെ നൽകുന്നുവെങ്കിൽ വിശുദ്ധ വേദപുസ്തകം മേശയിൽ വയ്ക്കണം.
വിശുദ്ധ കുർബാനയോടൊപ്പം നൽകുവാനായി വെള്ളം, ഗ്ലാസിൽ കരുതണം.
ശുശ്രൂഷയിൽ ശ്രദ്ധിക്കേണ്ടവ.
തൈലം പൂശുന്ന സമയത്ത് കാർമ്മികന് പുസ്തകം പിടിച്ച് കൊടുക്കണം.
തൈലം പൂശിയതിനു ശേഷം കാർമ്മികന് കൈ കഴുകുവാൻ സഹായിക്കുക.
തൈലാഭിഷേകം കഴിഞ്ഞാണ് വിശുദ്ധ കുർബാന നൽകുന്നത്.
രോഗിയുടെ മുറിയിൽ വിരിച്ചൊരുക്കിയ മേശമേൽ സ്ലീബായും ഇരുവശങ്ങളിലുമായി കത്തിച്ച തിരികളും വയ്ക്കുക.
ധൂപം രോഗിയുടെ മുറിയിൽ മാത്രം വീശിയാൽ മതി.
വിശുദ്ധ യാക്കോബ് ശ്ലീഹായുടെ ലേഖനം വായിക്കണം.
ഏവൻഗേല്യോൻ സമയത്ത് ഇരുവശങ്ങളിലും തിരി പിടിക്കണം.
ശവസംസ്ക്കാരം.
മുൻകൂട്ടി കരുതേണ്ടവ.
ഹമ്നിക്ക, ധൂപക്കുറ്റി, കരി, കുന്തുരുക്കം, പുസ്തകം ആദിയായവ.
വിലാപയാത്ര നടന്നാണെങ്കിൽ കുരിശ്, കൈമണി, കറുത്തകൊടി, കുട, മേക്കട്ടി.
മൃതശരീരം വയ്ക്കുവാൻ പള്ളിയ്ക്കകത്ത് മേശ.
മൃതശരീരത്തിൽ ഒഴിക്കുവാൻ തൈലം, മണ്ണ്-കുന്തുരുക്കം ചേർത്ത്.
ശുശ്രൂഷയിൽ ശ്രദ്ധിക്കേണ്ടവ.
ദേവാലയത്തിൽ മൃതശരീരം എത്തുമ്പോൾ ദുഃഖമണിയടിക്കണം.
ശ്ലീഹാവായന, ഏവൻഗേലിയോൻ വായന - ക്രമീകരണങ്ങൾ ചെയ്യുക.
രണ്ടുപേർ ലുത്തിനിയ വായിക്കണം.
മുഖശീല ഇടുന്നതിന് മുമ്പ് മൃതശരീരം പെട്ടിയിൽ ഇറക്കിവയ്ക്കുവാൻ നിർദ്ദേശം നൽകുക.
സെമിത്തേരിയിൽ ധൂപപ്രാർത്ഥനയ്ക്കായി സ്ലീബാ, മെഴുകുതിരികൾ, ധൂപക്കുറ്റി കരുതുക.
വിശുദ്ധ കുർബ്ബാനയ്ക്ക് കുഴച്ചുവയ്ക്കുമ്പോഴും അടിച്ചുകാച്ചുമ്പോഴും ശുശ്രൂഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
ചമയപ്പുരയിലോ, മാമോദീസാ മുറിയിലോ ആകാം.
പാത്രങ്ങൾ, ചട്ടുകങ്ങൾ മുതലായവ കഴുകി സൂക്ഷിക്കുക.
മാവ് സൂക്ഷിക്കുവാൻ പ്രത്യേകം ഭരണി വേണം.
കുഴയ്ക്കുവാനുള്ള പാത്രം പരന്നതായിരിക്കണം.
കുഴച്ചമാവ് ഉരുട്ടി വയ്ക്കുന്നതിനും, അല്ലാത്തപ്പോൾ പുളിപ്പ് സൂക്ഷിക്കുന്നതിനും
അടപ്പോടുകൂടിയ ചെറിയ പാത്രം ആവശ്യമാണ്.
വലിയ ഒാട്ടുചട്ടുകം കൂടാതെ, ഹ്മീറാ ഇളക്കിയെടുക്കുവാൻ മറ്റൊരു ചെറിയ ചട്ടുകം വേണം.
ഒലിവെണ്ണ, ഉപ്പ്, ഗോതമ്പുമാവ് ഇവ കേടുകൂടാത്തത് ഉപയോഗിക്കണം.
കുഴച്ചുവച്ചാൽ മിനിമം 8 മണിക്കൂർ വേണം മാവ് പുളിക്കുവാൻ.
കുഴച്ചുവയ്ക്കുമ്പാൾ സങ്കീർത്തനം 51 ചൊല്ലണം.
അടിച്ചുകാച്ചുമ്പോൾ കർത്തൃപ്രാർത്ഥനയും, കർത്താവരുളി ചെയ്തു ഞാൻ...... ഗീതവും ചൊല്ലാം.
ഉപയോഗിച്ച പാത്രങ്ങൾ കഴുകിയ വെള്ളം ആരും ചവിട്ടാത്തിടത്ത് ഒഴിക്കണം.
നമസ്ക്കാര സമയത്ത് അടിച്ച് കാച്ചരുത്.
അപ്പത്തിന്റെ അംശം ചട്ടുകത്തിൽ പറ്റിയിരുന്നാൽ അത് ഇളക്കി തീക്കനലിൽ ഇട്ടതിന് ശേഷം ചട്ടുകം കഴുകണം.
(ഇനിയും ധാരാളം കാര്യങ്ങൾ വിശദമായി എഴുതുവാനുണ്ട്).
ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ.