വിരിച്ചൊരുക്കിയ മാളികയിലാണ് കർത്താവ് പെസഹാ ആചരിച്ചത്. സത്യത്തിൽ വിരിക്കൂട്ടിന് വെളളത്തുണി മതി. പിൽക്കാലത്ത് മൂന്നു നിറങ്ങൾക്കും ഓരോ വ്യാഖ്യാനം കൊടുത്ത് വെളള, പച്ച, ചുവപ്പ് എന്നീ രീതിയിലായി. ഇപ്പോൾ സഭ അതാണ് പിൻതുടരുന്നത്.
എന്നാലും വിരിക്കൂട്ട് കറുപ്പാക്കുന്ന ഈ പാരമ്പര്യമൊക്കെ, ആര്? എന്ന്? എവിടുന്ന് തുടങ്ങി? കാസായിലും പീലാസായിലും ഇടുന്ന മ്കബിലാനകൾ ഏതാണെന്നു പോലും തിരിച്ചറിയാൻ പറ്റില്ലല്ലോ. ഇങ്ങനെ കുറെ കാലങ്ങൾ പിൻതുടർന്നാൽ ഇതും ആചാരമായി മാറും. കഷ്ടാനുഭവാഴ്ചയിൽ ഗോഗുൽഥായിലെ തുണി മാത്രമല്ലാതെ വിരിക്കൂട്ടിന്റെയും മ്കബിലാനകളുടെയും, കാപ്പായുടെയും, ചിത്തോലയുടെയും, മറയുടെയും നിറം കറുപ്പായിരിക്കണമെന്ന് നടപടിക്രമത്തിൽ കാണുന്നതുമില്ല. ദുഃഖവെള്ളിയാഴ്ച വിശുദ്ധ കുർബാനയില്ലാത്തതിനാലും ദുഃഖ / അനുതാപ സൂചകമായി വേണമെങ്കിൽ കറുപ്പ് കാപ്പാ ധരിക്കാമെന്ന് യൂഹാനോൻ സേവേറിയോസ് തിരുമേനി എഴുതിയിട്ടുണ്ട്. എന്നാൽ പഴയ കാലത്തെ മല്പാന്മാരുൾപ്പെടെയുള്ള വൈദികർ ചുവപ്പു കാപ്പായാണ് ഉപയോഗിച്ചിരുന്നത്.
ഓശാനയ്ക്ക് പച്ച കാപ്പാ, പെസഹാ, ഹേവോറോ ദിനങ്ങളിൽ വെളള കാപ്പാ, (മൂറോൻ കൂദാശയ്ക്ക് അതിന്റെ പ്രധാന ഘട്ടത്തിൽ വെളള കാപ്പാ വേണമെന്ന് പഴയ കൈയെഴുത്തു പ്രതികളിലുൾപ്പെടെയുള്ള ക്രമങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്) ഉയിർപ്പ്, ജനനപ്പെരുന്നാൾ എന്നീ ദിവസങ്ങളിൽ ചുവപ്പ് കാപ്പാ, ദൈവമാതാവിന്റെ പെരുന്നാളുകൾക്ക് വയലറ്റ് കാപ്പാ എന്നിവ ധരിക്കാറുണ്ട്. മുൻ വർഷങ്ങളിലെ ശുശ്രൂഷകളിൽ അഭിവന്ദ്യ തിരുമേനിമാരിൽ ചിലരൊക്കെ ധരിച്ചിരുന്ന കാപ്പായുടെ നിറങ്ങൾ യൂട്യൂബിലുള്ളത് ശ്രദ്ധിച്ചാൽ മനസ്സിലാകും. വിലകൂടിയ തുണി കൊണ്ടുണ്ടാക്കുയ കാപ്പായിൽ കറുപ്പൊഴികെ മറ്റെല്ലാനിറവും കുർബാനയിൽ ഉപയോഗിക്കാം. സുറിയാനി ഓർത്തഡോക്സ് സഭയിൽ ഇപ്രകാരമാണെങ്കിലും ഗ്രീക്ക്, കോപ്റ്റിക്ക് സഭകളുടെ നടപടി ക്രമത്തിൽ ഓരോ സന്ദർഭത്തിലും ഉപയോഗിക്കേണ്ടുന്ന നിറങ്ങളെപ്പറ്റി പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.
യഹോവ മോശെയോടു അരുളിച്ചെയ്തു; എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു നിൻ്റെ സഹോദരനായ അഹരോന്നു വേണ്ടി മഹത്വത്തിന്നും അലങ്കാരത്തിന്നുമായി വിശുദ്ധവസ്ത്രം ഉണ്ടാക്കേണം. അതിന്നു പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ എടുക്കേണം. (പുറപ്പാടു 28:1-5). സുറിയാനി ഓർത്തഡോക്സ് സഭയിൽ അനുതാപത്തിൻ്റെ സൂചനയായി പുരോഹിതർ കറുത്ത കുപ്പായം ധരിക്കുന്നു. സാധാരണ വസ്ത്രമായി കമ്മീസും വെള്ള പാൻസും ധരിക്കുമെങ്കിലും (കറുപ്പ് കാസക്കല്ലാതെ വെളള കാസക്ക് സുറിയാനി സഭയുടെ ഔദ്യോഗിക വേഷമല്ല, അത് പ്രൊട്ടസ്റ്റന്റുകാരുടേതാണ്. മാത്രമല്ല, വെള്ള കാസക്ക് ഒരു പട്ടംകൊടയിലും കൂദാശ ചെയ്ത് നൽകിയിട്ടുമില്ല. ലഭിക്കാത്തത് എന്തിന് ധരിക്കണം? ലഭിച്ച കറുപ്പ് കാസക്ക് എന്തുകൊണ്ട് യാത്രാ വേളകളിൽ ധരിക്കുന്നതുമില്ല?) പ്രാർത്ഥനകൾ നടത്തുമ്പോൾ ഔദ്യോഗിക വേഷമായ കറുത്ത കുപ്പായം ധരിക്കുന്നു. വിശുദ്ധ കുർബ്ബാനയ്ക്കു കയറുമ്പോൾ ഇതിനു പുറത്ത് വെള്ള നിറമുള്ള കുപ്പായവും അതിനു മുകളിൽ വിവിധ നിറമുള്ള ഹമ്നീഖോയും കൈയ്യുറയും കാപ്പയും ധരിക്കുന്നു. എന്നാൽ ഇക്കാലത്ത് പെസഹാ, ദുഃഖവെള്ളി, ദുഃഖശനി എന്നീ ദിവസങ്ങളിൽ കറുത്ത ഹമ്നീഖോയും കാപ്പയും ധരിക്കുന്നതായി കണ്ടു വരുന്നു, പ്രത്യേകിച്ച് ശവസംസ്കാര ശുശ്രൂഷയിലും ശുശ്രൂഷയിലും. ഇങ്ങനെ ചെയ്യാമോ? ഇതൊക്കെ അനുവദനീയമെങ്കിൽ ഇത് അനുകരിച്ച് വിശ്വാസികളും, ധൂപക്കുറ്റി എടുക്കുന്ന ശുശ്രൂഷകനും കറുത്ത വസ്ത്രങ്ങൾ ധരിച്ച് ഈ ശുശ്രൂഷകളിൽ പങ്കെടുക്കാമോ? ദുഃഖം പ്രകടിപ്പിക്കുവാനുള്ള മാർഗ്ഗമാണോ കറുത്ത നിറമുള്ള വസ്ത്രം? കറുത്ത ഹമ്നീഖോ ധരിച്ച് വിശുദ്ധ ഏവൻഗേലിയോൻ വായിക്കുന്നത് ശരിയോ? ഇതൊക്കെ ആകാമെങ്കിൽ സാധാരണ ഞായറാഴ്ച്ചകളിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കുമ്പോൾ കറുത്ത ഹമ്നീഖോയും കറുത്ത കാപ്പയും ധരിക്കാമോ? മഹത്വത്തിന്നും അലങ്കാരത്തിനുമായുള്ള വിശുദ്ധവസ്ത്രം ഇങ്ങനെ കറുപ്പാക്കി മാറ്റുന്നത് അനുവദനീയമോ? ഉചിതമായ നടപടി വരുമെന്നു കരുതി ഈ കാര്യം മല്പാന്മാർക്കും പണ്ഡിതാഭിപ്രായങ്ങൾക്കും വിടുന്നു.
എങ്കിലും പ്രധാനപ്പെട്ട എല്ലാ സമയത്തും ചുവപ്പ് നിറമുള്ളത് ധരിക്കുന്നതാണ് ശരിയെന്ന് മല്പാന്മാർ പഠിപ്പിക്കുന്നു. കറുപ്പൊഴികെ വിശേഷപ്പെട്ട പട്ടുനൂൽകൊണ്ടു നിർമ്മിച്ച മറ്റു നിറങ്ങളിലുള്ള കാപ്പായെ വിലക്കിയിട്ടുമില്ല.
മലങ്കരയിൽ നിന്നു വിദേശത്തു പോയ വൈദികർ കറുപ്പ് കാപ്പായിടുന്നത് കണ്ടിട്ട് സിറിയയിലെ ചില വൈദികരും കാര്യയമറിയാതെ അനുകരിക്കാൻ തുടങ്ങിയതാണ് എറ്റവും അത്ഭുതം തോന്നുന്നത്.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.