വലിയ നോമ്പിന്റെ തുടക്കം. ഇനിയുള്ള 50 ദിവസങ്ങൾ വലിയ ഒരു യാത്രയാണ്. ഇന്ന് മുതൽ ആ യാത്ര തുടങ്ങുകയാണ്. ശരീരവും മനസ്സും ശുദ്ധീകരിച്ച് കാൽവറിപ്പാതയിലൂടെ ഉയിർപ്പിലേക്കുള്ള യാത്രയാണ് വലിയ നോമ്പ്. യേശുക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷയിലെ സംഭവങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ നമ്മുടെ മനസ്സുകളിൽ മാനസാന്തരത്തിന്റെ അനുഭവങ്ങൾ ആയിരിക്കണം. നാല്പതു ദിവസം ഉപവസിച്ച് സാത്താനെ ജയിച്ച് പരസ്യ ശുശ്രൂഷകളിൽക്കൂടി ജനങ്ങളോടൊപ്പ് ജീവിച്ച് കാൽവറിയിലേക്ക് ക്രൂശെടുത്ത് നടന്ന് നമുക്കായി യാഗമായി തീർന്ന ദൈവപുത്രന്റെ ബലിയിലും ഉയിർത്തെഴുന്നേല്പിലും പങ്കാളികളാകാൻ വലിയ നോമ്പിൽ കൂടി നമുക്ക് കഴിയണം. വർഷങ്ങളായി ക്രൂശിൽ തറയ്ക്കപ്പെട്ട ക്രിസ്തു മാത്രമാണോ നമ്മുടെ ഹൃദയങ്ങളിലുള്ളത്? ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ സ്വീകരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്നുള്ള ചിന്തകൾ കൂടി ഈ നോമ്പുകാലയളവിൽ നമുക്ക് ഉണ്ടാവണം.
സുറിയാനി സഭയിൽ നോമ്പ് തുടങ്ങുന്നത് ശുബ്ക്കോനോ ശുശ്രൂഷയോടുകൂടിയാണ്. ശുബ്ക്കോനോ എന്നതിന് reconciliation എന്നാണ് അർത്ഥം. നിരപ്പിന്റെയും അനുരഞ്ജനത്തിന്റെയും ശുശ്രൂഷയാണ് ശുബ്ക്കോനോ. എല്ലാം തെറ്റുകളും ഏറ്റുപറഞ്ഞ് പരസ്പരം ക്ഷമിക്കുന്ന അനുരഞ്ജനത്തിന്റെ മാർഗ്ഗമാണ് ശുബ്ക്കോനോ ശുശ്രൂഷ. പുരോഹിതർ തങ്ങളോട് ക്ഷമിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടുകൊണ്ട് വിനയത്തോടെ മുട്ടുകുത്തുന്നു. ജനങ്ങൾ അവരോട് ക്ഷമിക്കുന്നതായി പ്രഖ്യാപിക്കുന്നു. കൂടാതെ പരസ്പരം അനുരഞ്ജനപ്പെട്ടുകൊണ്ട് സമാധാനം നൽകി (കൈകൾ പരസ്പരം നൽകി) ശുബ്ക്കോനോ ശുശ്രൂഷകൾ അവസാനിക്കുന്നു. സ്നേഹവും ക്ഷമയും കരുണയുമൊക്കെ ഈ ശുശ്രൂഷയിൽ ഉൾപ്പെട്ടിരിക്കുന്നു.
അമ്പതു നോമ്പ് വലിയ ഒരു യാത്രയാണന്ന് പറഞ്ഞല്ലോ. ആ യാത്രയിൽ നമ്മൾ കാൽവറിയിൽ എത്തുന്നുണ്ട്. കാൽവറിയിൽ ദൈവപുത്രൻ യാഗമായി തീരുന്നുണ്ട്. ആ യാഗത്തിൽ പങ്കാളികളാകാനായി നമ്മൾ നോമ്പിലേക്ക് കടക്കുമ്പോൾ എന്താണ് ചെയ്യേണ്ടത്? മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായത്തിൽ യേശുവിന്റെ ഗിരിപ്രഭാഷണത്തിൽ പറയുന്നത് ശ്രദ്ധിക്കുക.... "ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതുമുണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക". (മത്തായി 5:23-24). ക്ഷമയുടേയും അനുരഞ്ജനത്തിന്റെയും ഓർമ്മപ്പെടുത്തലാണ് യേശു നടത്തുന്നത്. യാഗപീഠത്തിന്റെ മുമ്പിലുള്ള അനുരഞ്ജനമാണ് ശുബ്ക്കോനോയിലൂടെ നിവർത്തിക്കുന്നത്.
അനുരഞ്ജനത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നത് ക്ഷമയാണ്. കാൽവറിമലയിൽ വേദനസഹിക്കാനാവാതെ യേശു പിടയുമ്പോൾ പിതാവിനോട് നടത്തുന്ന നിലവിളി കേൾക്കൂ.... എന്നാൽ യേശു: “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” എന്നു പറഞ്ഞു. (ലൂക്കോസ് 23:34). തന്നെ ക്രൂശിച്ചവരോട് ക്ഷമിക്കേണമേ എന്ന് യേശു നിലവിളിക്കുന്നു. കാൽവറിയിലെ ക്ഷമിക്കൂന്ന സ്നേഹമായിരുന്നു യാഗമായി തീർന്നത്. യേശു പഠിപ്പിച്ച പ്രാർത്ഥനയിലും ക്ഷമയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്, "ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;" (മത്തായി 6:12). നമ്മൾ മറ്റുള്ളവരോട് ക്ഷമിക്കുന്നതുപോലെതന്നെ നമ്മുടെ കടങ്ങളും ദൈവം ക്ഷമിക്കും. ഇതിനോട് അനുബന്ധമായി യേശുപറയുന്നത് കേൾക്കുക, "നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല". (മത്തായി 6:15). മർക്കോസിന്റെ സുവിശേഷം 11-ന്റെ 25 കൂടി ഓർക്കുക. "നിങ്ങൾ പ്രാർത്ഥിപ്പാൻ നിൽക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങൾക്കു ആരോടെങ്കിലും വല്ലതുമുണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ".
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.
ക്ഷമയാണ് അനുരഞ്ജനത്തിന്റെ അടിസ്ഥാനം എന്ന് പറഞ്ഞല്ലോ. യേശുവിന്റെ ന്യായവിധി സമയത്തും യേശു ശത്രുക്കളെ അനുരഞ്ജനപ്പെടുത്തുന്നത് നമുക്ക് കാണാൻ കഴിയും. ശത്രുക്കളായിരുന്ന ഹേരോദാവും പീലാത്തോസും ശത്രുത വെടിഞ്ഞ് സ്നേഹിതരായി തീരുന്നത് യേശുവിന്റെ ന്യായവിധിയോട് അനുബന്ധിച്ചായിരുന്നു. യേശുവിനെ പീലാത്തോസ് ഹേരോദാവിന്റെ അടുത്തേക്ക് അയച്ചതിനെതുടർന്ന് അവരുടെ അവർ തങ്ങളുടെ ശത്രുത മറന്ന് സുഹൃത്തക്കളാകുന്നു. ഹേരോദാവ് യേശുവിനെ തിരിച്ച് പീലാത്തോസിന്റെ അടുക്കലേക്ക് തന്നെ തിരിച്ചയിക്കൂന്നു. "അന്നു ഹെരോദാവും പീലാത്തോസും തമ്മിൽ സ്നേഹിതന്മാരായിത്തീർന്നു; മുമ്പേ അവർ തമ്മിൽ വൈരമായിരുന്നു." എന്ന് ലൂക്കൊസിന്റെ സുവിശേഷം 23 ന്റെ 12-ൽ നമ്മൾ വായിക്കുന്നു.
പരസ്പരം ക്ഷമിച്ച് അനുരഞ്ജനപ്പെട്ട് നമുക്ക് ഒരുമിച്ച് ഈ വലിയ യാത്ര തുടങ്ങാം....... പരസ്‌പര വിട്ടുവീഴ്‌ചയിലൂടെയും, ക്ഷമയിലൂടെയും ബന്ധങ്ങള്‍ ഈടുറ്റതാക്കി മാത്രമേ നമുക്ക് മുന്നോട്ട് പോകാൻ സാധിക്കൂ. അപ്പോൾ മാത്രമേ നമുക്ക് നോമ്പിന്റെ അനുഭവത്തിലേക്ക് പ്രവേശിക്കാൻ കഴിയൂ....