പുറപ്പാട് 1:1-22. ഭീഷണിപ്പെടുത്തുന്ന സാഹചര്യങ്ങളുടെയും ഉത്കണ്ഠയുടെയും അനിശ്ചിതത്വത്തിൻ്റെയും നിസ്സംഗതയുടെയും അസുഖകരമായ അനുഭവങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. യിസ്രായേൽ ജനതയും ഇത്തരം തിന്മകളുടെ വകഭേദങ്ങളെ അഭിമുഖീകരിക്കുന്നുണ്ടായിരുന്നു - ഏറ്റവും മോശമായത് മിസ്രയീം ഭരണാധികാരിയായിരുന്ന ഫറവോ ആസൂത്രണം ചെയ്യുകയും പിന്തുണക്കുകയും ചെയ്ത വംശഹത്യയാണ്. ജനിച്ച ഓരോ ആൺകുട്ടിയെയും നദിയിലേക്ക് വലിച്ചെറിയുന്നത് യിസ്രായേല്യർക്ക് വന്നുചേർന്ന കഷ്ടപ്പാടുകളുടെ പരകോടിയായിരുന്നു. അതുമാത്രമല്ല വംശീയ വിവേചനം, അടിമത്തം, നിർബന്ധിത ജോലി, അടിച്ചമർത്തൽ അങ്ങനെ നീളുന്ന മറ്റ് ദുരിതങ്ങൾ. മൂന്നു ഘട്ടങ്ങൾ നമുക്ക് ഇവിടെ വായിച്ചെടുക്കാൻ കഴിയുന്നു.
1. പരമാനന്ദമായ ഭൂതകാലം
(Blissful past) V. 1-7.
യിസ്രായേൽ ജനത മിസ്രയീമിൽ സ്ഥിരതാമസമാക്കിയപ്പോൾ അവരുടെ എണ്ണം എഴുപത് മാത്രമായിരുന്നു. താമസിയാതെ, അവർ പെരുകി ശക്തി പ്രാപിച്ചു, കഠിനമായ ദിവസങ്ങളെക്കുറിച്ച് സ്വപ്നം പോലും കണ്ടിരുന്നില്ല.
2. കൈപ്പേറിയ വർത്തമാനകാലം
(Bitter present) V. 8-16.
പാർശ്വവൽക്കരിക്കപ്പെട്ടവരെയും ന്യൂനപക്ഷങ്ങളെയും അടിച്ചമർത്താൻ വേണ്ടി കളിച്ച രാഷ്ട്രീയ 'ചാണക്യനായിരുനു ഈ ഫറവോ. യിസ്രായേൽ ജനതയെ അടിച്ചമർത്താനും സ്വന്തം ജനങ്ങൾക്ക് നേട്ടമുണ്ടാക്കാനും അദ്ദേഹം വ്യഗ്രത കാണിച്ചിരുന്നു. നമ്മുടെ ഈ കാലവും ആ ദിവസങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമല്ല!
3. പ്രത്യാശയുടെ കിരണങ്ങൾ
(Beam of Hope) V. 17-22.
ശിപ്രാ, പൂവാ - രണ്ട് സ്ത്രീകൾ. അവർ ദൈവജനത്തെ രക്ഷിക്കാനുള്ള ദൈവത്തിൻ്റെ കൈയിലെ ഉപകരണങ്ങളായിരുന്നു. യിസ്രായേൽ ജനതയെ ഒരു വലിയ ജാതിയാക്കാനും അവരെ തൻ്റെ ചാനലായി ഉപയോഗിച്ച് തൻ്റെ ശാശ്വത രക്ഷാപദ്ധതി നടപ്പിലാക്കാനും വേണ്ടി ദൈവം പ്രവർത്തിക്കുകയായിരുന്നു. ദൈവം ഇന്നും അങ്ങനെ തന്നെ! ദൈവം അന്നും ഇന്നും ഇപ്പോഴും നമ്മോട് കൂടെയുണ്ട്! കഠിനമായ എതിർപ്പും കഷ്ടപ്പാടും നാം അനുഭവിച്ചേക്കാം. ഒരിക്കലും മറക്കരുത്, ദൈവം ഇപ്പോഴും നമ്മിലൂടെ അവൻ്റെ ഉദ്ദേശ്യങ്ങൾ നടപ്പിലാക്കുന്ന പരമോന്നതനാണ്.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.