'ഗൂദാ' എന്നാൽ (Goodha=Group) കൂട്ടം, സംഘം എന്നൊക്കെയാണ് അർത്ഥം. (Goodhe (ഗൂദേ) എന്നത് ഏകവചനം). സുറിയാനിയിൽ 'ഗൂദോ' എന്ന് പറയുന്നു. സ്വർഗ്ഗത്തിൽ മാലാഖമാർ രണ്ടു കൂട്ടങ്ങളായി നിന്ന് ഗാനങ്ങൾ ആലപിക്കുന്നതായി പരിശുദ്ധ ഇഗ്നാത്ത്യോസ് നൂറോറോ കണ്ട ഒരു ദർശനത്തെ അടിസ്ഥാനപ്പെടുത്തി ഒന്നാം നൂറ്റാണ്ടു മുതൽ പരിശുദ്ധ സഭയിൽ തുടർന്നുപോരുന്ന ഒരു പാരമ്പര്യമാണ് ഗുദാകളായി പാടണം എന്നത്. അതുകൊണ്ടാണ് ആരാധനാലയത്തിൽ രണ്ടു വശങ്ങളിലും നിൽക്കുന്നവർ മാറി മാറി പാടിക്കൊള്ളണമെന്ന് പഴയ പിതാക്കന്മാർ കല്പിച്ചിരുന്നതും. എന്നാൽ ജനങ്ങളെ വെറും കാഴ്ചക്കാരാക്കി ഈ പാരമ്പര്യ സമ്പ്രദായം ഇന്നത്തെ ഗായകസംഘം കൈയ്യടക്കി. ഗൂദാ (Group) എന്നതിന് പകരം ഒരു Male and Female (Duet) അല്ലെങ്കിൽ ഒരു Male and Female മാറി മാറി (Solo) പാടുന്ന അവസ്ഥയിലെത്തി. ശീമാ നാടുകളിൽ രണ്ടു വശങ്ങളിലും പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന ഒരു മേശയ്ക്കു ചുറ്റും വൃത്താകൃതിയിൽ നിന്നുകൊണ്ട് ഗാനങ്ങൾ ആലപിക്കുന്നതാണ് പതിവ്. പഴയകാലത്തെ് പുസ്തകങ്ങളുടെ ലഭ്യതക്കുറവു കാരണം മേശപ്പുറത്തു വച്ചിരിക്കുന്ന ഒരു പുസ്തകത്തിൽ നോക്കി എല്ലാവർക്കും പാടുന്നതിനും ഈ സമ്പ്രദായം ഏറെ പ്രയോജനമായിരുന്നു. ഈ രീതി നമുക്കും നടപ്പിലാക്കാവുന്നതേയുള്ളൂ. അതായത്, ഒരു പാട്ടിന്റെ ആദ്യ stanza ഗായകസംഘത്തിലെ പുരുഷശബ്ദത്തോടൊപ്പം ശ്രുശ്രൂഷകരും ഇടതു വശത്തു നിൽക്കുന്ന പുരുഷന്മാരും സ്ത്രീശബ്ദത്തോടൊപ്പം വലതുവശത്തു നിൽക്കുന്ന സ്ത്രീകളും പാടുന്നതായിരിക്കും ഉത്തമം. അങ്ങനെ ചെയ്താൽ ആരാധനയിൽ ജനങ്ങളുടെ സജീവ പങ്കാളിത്തവുമുണ്ടാകും. അതാണ് സുറിയാനി സഭയുടെ ആരാധനാ പാരമ്പര്യവും. (തിരുത്തലുകൾ നടപ്പിലാക്കുന്നത് പട്ടക്കാരുടെയോ മേല്പട്ടക്കാരുടെയോ തീരുമാന പ്രകാരമായിരിക്കണം).