Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ.

(August 10 - 15).

ശുദ്ധമുള്ള ശൂനോയോ നോമ്പ് സമാരംഭിക്കുന്നു. പരിശുദ്ധ ദൈവ മാതാവിന്റെ വാങ്ങിപ്പു പെരുന്നാളിനോട് അനുബന്ധിച്ചുള്ള ഈ നോമ്പ് വിശുദ്ധ സഭയുടെ അഞ്ചു കാനോനിക നോമ്പിൽ ഒന്നാണ്.

'ശൂനോയോ' എന്നാൽ 'വാങ്ങിപ്പ്' എന്നും ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് നീക്കപ്പെടുക, എടുത്തു മാറ്റുക എന്നതാണ് അർത്ഥം. 'സ്വർഗ്ഗാരോഹണം' എന്ന് ഇതിനർത്ഥമില്ല. പുതിയ നിയമ ചരിത്രത്തിൽ സ്വർഗ്ഗാരോഹണം ചെയ്യപ്പെട്ടത് നമ്മുടെ കർത്താവ് മാത്രമാണ്. ഇതാണ് നാം ശുദ്ധമുള്ള സൂലോക്കോ പെരുന്നാളായി ആചരിക്കുന്നത് 'സൂലോക്കോ' എന്നാൽ 'കയറിപ്പോവുക', 'ആരോഹണം' ചെയ്യുക എന്നിങ്ങനെയാണു അർത്ഥം. ആകയാൽ ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ വിശുദ്ധ ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളാണ് സ്വർഗ്ഗാരോഹണ പെരുന്നാളല്ല.

പരിശുദ്ധ അമ്മയുടെ വാങ്ങിപ്പിനെ സംബന്ധിച്ച പാരമ്പര്യം:-

ക്രിസ്താബ്ദം 75 -ാംമാണ്ടിൽ തന്റെ 92-ാം വയസ്സിൽ ദൈവ മാതാവായ വിശുദ്ധ കന്യക മറിയാം അമ്മ എഫേസൂസ്സിൽ വച്ച് മഹാപരിനിര്യാണം പ്രാപിച്ചു. വിശുദ്ധ യോഹന്നാൽ ശ്ലീഹായുടെ കാർമ്മികത്വത്തിൽ എഫേസൂസ് സഭ ഒന്നടങ്കം നമ്മുടെ കർത്താവ് ആരിൽ നിന്ന് തന്റെ ജീവൽപ്രദമായ ശരീരം സ്വീകരിച്ചുവോ ആ ദിവ്യ കന്യകയുടെ ശരീരം ഉചിത ബഹുമാനത്തോടെ കബറടക്കം ചെയ്തു. സുവിശേഷഘോഷണാർത്ഥം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നവരും രക്തസാക്ഷിത്വം വഹിച്ചവരുമായ ശ്ലീഹമാരുടെ ഗണം ഒന്നടങ്കം ഓയാറിൽ എടുക്കപ്പെട്ടവരായി തദവസരത്തിൽ അവിടെ സന്നിഹിതരായിരുന്നു.

വിദൂര ഭാരതത്തിലായിരുന്ന വിശുദ്ധ തോമാശ്ലീഹ മാത്രം എത്തുവാൻ താമസിച്ചു. സഹശിഷ്യന്മാർ ആയതിൽ ഖിന്നരായിരുന്നു. വിശുദ്ധ തോമാ ഓയാറിൽ നിന്നു കടന്നു വരുമ്പോൾ ശിഷ്യന്മാർ എന്തു പറയണം എന്നറിയാതെ മ്ലാനവദനരായി നിന്നു. എന്നാൽ വിശുദ്ധ തോമാശ്ലിഹാ സന്തോഷ ചിത്താനായി കടന്നു വന്ന് പറഞ്ഞു. താൻ ഓയാറിൽ എടുക്കപ്പെട്ടവനായി വരുമ്പോൾ സ്വർഗ്ഗീയ സേനകൾ പരിശുദ്ധ അമ്മയുടെ ശരീരം സ്വർഗ്ഗത്തിലേക്ക് എടുത്തുകൊണ്ട് പോകുന്നതു കാണുകയും മഹാ വിലാപത്തോടെ താൻ കരങ്ങൾ നീട്ടിയപ്പോൾ അമ്മ സ്വന്ത കരങ്ങൾ കൊണ്ട് നെയ്ത് നിത്യം ധരിച്ചിരുന്ന സൂനോറോ (ഇടക്കെട്ട്) അമ്മയുടെ മകൻ തനിക്ക് സമ്മാനിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. ഈ വാക്കുകൾ കേട്ട ശിഷ്യ ഗണം വിശുദ്ധ തോമായോടു കൂടെ തിരുകബർ തുറന്ന് പരിശോധിക്കുകയും സുഗന്ധപൂരിതമായ പേടകം ശൂന്യമായിരിക്കുന്നത് കാണുകയും ചെയ്തു. താൻ ആരിൽ നിന്ന് ശരീരം പ്രാപിച്ചുവോ ആ പരിശുദ്ധ ശരീരം മണ്ണിൽ അഴുകി പോകുവാൻ ഇടയാകാതെ അതിനെ നമ്മുടെ കർത്താവ് സ്വർഗ്ഗത്തിലേക്ക് എടുത്തുകൊണ്ട് പോയ ദിനമാണ് നാം ശുദ്ധമുള്ള ശൂനോയൊ പെരുന്നാളായി കൊണ്ടാടുന്നത്.

A.D. നാലാം നൂറ്റാണ്ടിൽ ക്നായി തോമായൊടൊപ്പം മലങ്കര സന്ദർശിച്ച ഉറഹായുടെ യൗസേഫ് മോർ അയിത്തള്ള (മോർ യൗസേഫ് മെത്രാൻ) ബാവായാൽ സ്ഥാപിക്കപ്പെട്ട കോതമംഗലം മൊർത്ത് മറിയം വലിയ പള്ളിയിൽ 1982-ൽ വിശുദ്ധ ദൈവമാതാവിന്റെ സൂനോറോ (ഇടക്കെട്ടിന്റെ അംശം) സ്ഥാപിച്ചു. ആഗസ്റ്റ് മാസം 10 - 15 വരെ ഇവിടെ ദൈവ മാതാവിന്റെ ശൂനോയോ പെരുന്നാൾ സമുചിതമായി ആഘോഷിച്ചു വരുന്നു. പതിനാലാം തീയതി വൈകിട്ട് സന്ധ്യാനമസ്ക്കാരത്തിനു ശേഷം സൂനോറോ വിശ്വാസികൾക്ക് വണക്കത്തിനായി പേടകത്തിൽ നിന്നും പുറത്തെടുക്കുന്നു. പതിനഞ്ചാം തീയതി വിശുദ്ധ കുർബ്ബാനാനന്തരവും സൂനോറോ വണക്കത്തിനു അവസരമുണ്ട്. നാനാജാതി മതസ്ഥരായ അനേകം പേർ സൂനോറോ വണങ്ങി അനുഗ്രഹം പ്രാപിച്ചു വരുന്നു.

മഹാ പരിശുദ്ധയും, ദൈവപുത്രനെ ലോകത്തിന് വെളിവാക്കിയ മഹാ ഭാഗ്യവതിയുമായ വിശുദ്ധ മറിയാം തന്റെ അൻപത്തിയൊന്നാം (51) വയസ്സിൽ യേറുശലേമിൽ വച്ച് നിത്യതയിലേയ്ക്ക് വാങ്ങിപ്പോയി. തദവസരത്തിൽ കർത്താവിൻ്റെ ശ്ലീഹന്മാർ അവരവരായിരുന്ന സ്ഥലങ്ങളിൽ നിന്നും വിശുദ്ധ മാതാവിൻ്റെ അരികിൽ പരിശുദ്ധാത്മാവിൻ്റെ സഹായത്തോടെ വന്നെത്തി. ഗത്സമന തോട്ടത്തിൽ യേശു തമ്പുരാൻ പ്രാർത്ഥിച്ച സ്ഥലത്ത് മാതാവിനെ ബഹുമതി പൂർവ്വം അവർ സംസ്ക്കരിച്ചു. മൂന്നാം ദിവസം തൻ്റെ പുത്രൻ്റെ കല്പന പ്രകാരം ദൈവമാതാവിന്റെ ശരീരം മാലാഖമാരാൽ വഹിക്കപ്പെട്ട അഗ്നിരഥത്തിൽ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു. തോമാശ്ലീഹാ എത്തിച്ചേർന്നത് ഈ സമയത്തായിരുന്നു. ഇതു കണ്ട് സങ്കടത്തോടെ അനുഗ്രഹത്തിനായി നിലവിളിച്ച മാർ തോമ്മാശ്ലീഹായുടെ കൈയിൽ ദൈവമാതാവിൻ്റെ ഇടക്കെട്ട് വന്നു പതിച്ചു എന്ന് സിറിയൻ ഓർത്തഡോക്സ് സഭയുടെ വിശ്വാസം. ഇതിൻ്റെ ഓർമ്മയാണ് August 15 ന് വിശുദ്ധ ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ/ ശൂനോയോ (The feast of Assumption  Of St.Mary) ആയി പരിശുദ്ധ സുറിയാനി സഭ ആഘോഷിച്ചു വരുന്നത്. പരിശുദ്ധ പത്രോസിൻ്റ സിംഹാസനത്തിൻ കീഴിൽ കാതോലിക്കാ സ്ഥാനത്തേക്കുയർത്തപ്പെട്ട ഔഗേൻ കാതോലിക്കാക്ക് ഈ ഇടക്കെട്ടിൻ്റെ ഒരംശം പരിശുദ്ധ യാക്കൂബ് തൃതീയൻ ബാവാ നൽകുകയും കോട്ടയം ചെറിയ പള്ളിയിൽ സൂക്ഷിച്ചിരുന്ന ഈ സൂനോറോ പൗലോസ് ദിദ്വീയൻ കാതോലിക്കാ 1999 - ൽ ചെറിയ പള്ളിയിൽ സൂനോറോ പുനഃസ്ഥാപിക്കുകയും ചെയ്തു.

പരിശുദ്ധ ഇഗ്നാത്യോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ തിരുമനസ്സ് തന്റെ പ്രഥമ ശ്ലൈഹീക സന്ദർശനത്തിനായി ഭാരതത്തിൽ എഴുന്നള്ളി വന്നപ്പോൾ, വിശുദ്ധ സൂനോറോയുടെ ഒരംശം ഭാഗ്യസ്മരണാർഹനും, പുണ്യശ്ലോകനുമായ ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് രണ്ടാമൻ കാതോലിക്കാ ബാവ തിരുമനസ്സിനെ ഏൽപ്പിക്കുകയും മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയുൾപ്പടെ പല പള്ളികളിലും സൂനോറോയുടെ ഒരംശം സ്ഥാപിക്കപ്പെടുകയും ചെയ്തു. ഇതിൻ്റെ ഒരംശമാണ് 1989 ഏപ്രിൽ 1ന് ചെന്നൈ അണ്ണാനഗർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പളളിയുടെ കുരിശും തൊട്ടിയിലും പൗലോസ് രണ്ടാമൻ ബാവ സ്ഥാപിച്ചത്. നാനാജാതി മതസ്ഥർ ഈ കുരിശും തൊട്ടിയിൽ വന്ന് ഈ സൂനോറോയെ വണങ്ങി പ്രാർത്ഥിച്ചതു മൂലം തങ്ങളുടെ ഉദ്ദിഷ്ഠ കാര്യങ്ങൾ സാധിച്ചിട്ടുണ്ടെന്നും രോഗസൗഖ്യം പ്രാപിച്ചിട്ടുണ്ടെന്നും സാക്ഷ്യം പറഞ്ഞിട്ടുണ്ട്. ഇവരിൽ മഹാഭൂരിഭാഗവും മറ്റ് വിശ്വാസത്തിൽപ്പെട്ടവർക്കും തമിഴ് ക്രിസ്ത്യാനികൾക്കും ആശാകേന്ദ്രമാണ്. മറ്റുള്ള കുരിശും തൊട്ടികളെക്കാൾ ഈ കുരിശും തൊട്ടിക്കു ഒരു പ്രത്യേകതയുണ്ട്. ശ്രേഷ്ഠ ആബൂൻ മോർ ബസ്സേലിയോസ് പൗലോസ് രണ്ടാമൻ കാതോലിക്കാ ബാവയുടെ നിർദ്ദേശമുനുസരിച്ച് ശീമ രാജ്യങ്ങളിൽ ചെയ്തു വരുന്നതുപോലെ  ദൈവമാതാവിൻ്റെ ചിത്രം കിഴക്കോട്ട് ദർശനമായിട്ടാണ് വച്ചിരിക്കുന്നത്. വിശ്വാസികൾ പടിഞ്ഞാറോട്ടു തിരിഞ്ഞു നിന്ന് മാതാവിൻ്റെ മദ്ധ്യസ്ഥതയയിൽ അഭയപ്പെട്ട് പ്രാർത്ഥിച്ചു അനുഗ്രഹം പ്രാപിച്ചു വരുന്നു. (Note: ദൈവമാതാവിൻ്റെ വാങ്ങിപ്പ് വാങ്ങിപ്പ് സംബന്ധിച്ച് വേദപുസ്തക അടിസ്ഥാനത്തിൽ തെളിവ് ചോദിക്കുന്നവർ ലൂക്കോസ് 1.1:4, അപ്പോ. 21.25 വായിക്കുക.

ഓഗസ്റ്റ് പതിനഞ്ചാം തീയതി സഭ ശൂനോയോ പെരുന്നാൾ ആഘോഷിക്കുന്നു. ഇവിടെ ദൈവമാതാവിനെക്കുറിച്ചുള്ള രണ്ടു ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ നമുക്ക് ശ്രമിക്കാം. ആരാണ് കന്യക മറിയാം? എന്താണ് സഭയിൽ മറിയാമിന്റെ സ്ഥാനം? ഒന്നാമതായി മറിയാം ദൈവമാതാവാണ്. ചില ക്രിസ്തീയ സഭകൾ ഇത് അംഗീകരിക്കുന്നില്ല. അറിയൂസിന്റെ വേദവിപരീതം പിന്തുടരുന്ന ഇവർ ആരുതന്നെയായാലും ശപിക്കപ്പെട്ടവർ തന്നെ. സത്യമല്ലാത്തത് ഒന്നുമില്ലാത്ത പുസ്തകമാണ് വേദപുസ്തകം എന്ന് നമ്മൾ വിശ്വസിക്കുന്നു. മറിയാം എലിസബത്തിനെ കാണാൻ ചെല്ലുമ്പോൾ പരിശുദ്ധാത്മാവ് നിറഞ്ഞവളായി എലിസബത്ത് പറയുന്നു "എന്റെ ദൈവത്തിന്റെ മാതാവ് എന്റെ അടുക്കൽ വരുവാൻ എനിക്കെന്തു യോഗ്യത?" പരിശുദ്ധാത്മാവിനാൽ സാക്ഷ്യം ലഭിച്ച എത്ര സ്ത്രീകൾ അല്ലെങ്കിൽ പുരുഷന്മാരുണ്ട് ദൈവമാതാവിനെ എതിർക്കുന്ന സഭകളിൽ? സുറിയാനി ഓർത്തഡോൿസ് സഭ മാതാവിന് നൽകുന്നത് അതുല്യ സ്ഥാനമാണ്. ദൈവം ഇറങ്ങിവസിച്ച മാതാവിനെ രണ്ടാം സ്വർഗ്ഗം എന്നാണ് സഭ വിശേഷിപ്പിക്കുന്നത്. ഇനിയും മറിയാമിനെപ്പോലെ സ്വയം താഴ്ത്തി ഉന്നതിപ്രാപിച്ച മറ്റാരുണ്ട്? 

ലോകത്തിലേക്ക് പാപം വന്നത് ആദ്യ സ്ത്രീയുടെ ചെവികളിലൂടെയായിരുന്നു എന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു സ്ത്രീ സാത്താന്റെ വചനങ്ങൾക്ക് ചെവികൊടുത്തു പാപം ഉള്ളിൽ കടന്നു, കൊലപാതകിക്കു ജന്മം നൽകി (കായീൻ). എന്നാൽ മറ്റൊരു സ്ത്രീ ദൈവത്തിന്റെ വചനത്തിന് ചെവികൊടുത്തു മനുഷ്യരാശിയുടെ രക്ഷയെ പ്രസവിച്ചു (ക്രിസ്തു). ദൈവത്തിന്റെ നീതി നോക്കൂ, ഏതു വഴിയേ പാപം പ്രവേശിച്ചുവോ അതെ വഴിയിലൂടെ രക്ഷയും വന്നു, എത്ര മനോഹരമായ പ്ലാൻ, അവിടെ മുതൽ ശത്രുവിന്റെ പരാജയം തുടങ്ങി. കുരിശിൽ ശത്രുവിന്റെ പരാജയം പൂർണ്ണമായി. ശത്രു ഏതു വഴിയേ ആശുദ്ധിയാക്കിയോ അതെ വഴിയേ ദൈവം വിശുദ്ധിയാക്കി. വചനം ജഢമാകാൻ സ്വയം താഴ്ത്തിക്കൊടുത്ത സ്ത്രീ രത്നം അതിനു നിദാനമായി. 

കൂദാശകളുടെ കൂദാശയായ കുർബ്ബാന പരസ്യമായി ആരംഭിക്കുന്നതെങ്ങനെയാണ്: നിന്നെ പ്രസവിച്ച മറിയാവും നിന്നെ മാമോദീസാ മുക്കിയ യോഹന്നാനും ഞങ്ങൾക്കുവേണ്ടി നിന്നോടപേക്ഷിക്കും എന്ന് ചൊല്ലിക്കൊണ്ടു തുടങ്ങിയാൽ അടുത്തു വരുന്നത് "നിൻ മാതാവ് വിശുദ്ധന്മാരെന്നിവർ തൻ പ്രാർത്ഥനയാൽ... എന്ന മാർ സേവേറിയോസിന്റെ മാനീസാ പാടിക്കൊണ്ടാണ്. പിന്നീട് ശ്രദ്ധിച്ചാലറിയാം എത്രയോ പ്രാവശ്യമാണ് കുർബ്ബാനയിൽ മാതാവിനെ സ്മരിക്കുന്നതും മധ്യസ്ഥതക്കായി പ്രാർത്ഥിക്കുന്നതും. സഭയിൽ ഇതുപോലെ സ്ഥാനം ലഭിക്കുന്ന മനുഷ്യർ മറ്റാരുമില്ല എന്നത് നിസ്തർക്കം. വിനയവതിയായ ഒരെറുമ്പിനെപ്പോലും നോവിക്കാത്ത മാതാവിന് ലോകം നൽകിയതോ? കയ്പ്പും കണ്ണുനീരും മാത്രം. നിന്റെ ഹൃദയത്തിൽക്കൂടിയും ഒരു വാൾ കടക്കും എന്ന വൃദ്ധനായ ശെമയോന്റെ പ്രവചനവും മതാവിൽ നിറവേറുന്നു. നിഷ്കളങ്കനായ തന്റെ പുത്രനെ ഒരു മനുഷ്യനോട് ചെയ്യാവുന്ന എല്ലാ ക്രൂരതകൾക്കും വിധേയനാക്കുമ്പോഴും കിട്ടിയ വചനങ്ങളെല്ലാം ഉള്ളിൽ സംഗ്രഹിച്ച മാതാവ് നമുക്കുവേണ്ടി മകനോട് യാചിച്ചും കൊണ്ട് ദൈവ സന്നിധിയിൽ രാജ്ഞിയായി വസിക്കുന്നു. ഈ ലോകത്തിൽ എത്രമാത്രം താഴ്ത്തപ്പെട്ടുവോ അതിന്റെ ആയിരം ഇരട്ടിയായി സ്വർഗ്ഗത്തിൽ ഉയർത്തപ്പെട്ടിരിക്കുകയാണ് ദൈവമാതാവ്.

ഇപ്രകാരമുള്ള മാതാവിന്റെ പെരുന്നാളിൽ നാം നോമ്പും പ്രാർത്ഥനയുമായി പങ്കെടുത്തു നമ്മുടെ ആത്മീയ വളർച്ചക്കായി ദൈവസാന്നിധിയിലുള്ള അവിടുത്തെ ധൈര്യപൂർവ്വമുള്ള പ്രവേശനത്താൽ ലഭിക്കുന്ന മധ്യസ്ഥതക്കായി അപേക്ഷിക്കാം. 

പരിശുദ്ധ ദൈവമാതാവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കപ്പെടുവാനും അവിടുത്തെ പുത്രനോടൊത്തുള്ള നിത്യ വാസത്തിനുമായി ഞങ്ങൾക്കുവേണ്ടി അവിടുത്തെ പുത്രനോട് അപേക്ഷിക്കേണമേ.

ആഗസ്റ്റ് പതിനഞ്ചും ദൈവമാതാവിന്റെ മുന്തിരിയെ പ്രതിയുള്ള പെരുന്നാളും.

ആഗസ്റ്റ് പതിനഞ്ചാം തീയതി 'മുന്തിരി തണ്ടുകൾക്ക്' വേണ്ടി മാതാവിന്റെ മധ്യസ്ഥതയിൽ അഭയപ്പെട്ടുകൊണ്ട് പെരുന്നാൾ നടത്തുന്ന പാരമ്പര്യം സുറിയാനി സഭയിൽ നിലനിന്നിരുന്നു. ആദിമ നൂറ്റാണ്ടുകളിൽ ആഗസ്ത് 15 മുന്തിരി തണ്ടുകൾക്കു വേണ്ടിയുള്ള മാതാവിനെ പ്രതിയുള്ള പെരുന്നാളാണ് പ്രചാരത്തിൽ  ഉണ്ടായിരുന്നത്. പിന്നീടാണ് വാങ്ങിപ്പിന്റെ പെരുന്നാളിന് കൂടുതൽ പ്രാധാന്യം ലഭിച്ചത് 

വചനമാം ദൈവം ജഡം ധരിച്ചത് കന്യക മറിയാമിൽ നിന്നുമാണ്. കൂടാതെ തിരുശരീരരക്തങ്ങൾ സഭയ്ക്ക് ലഭിക്കുന്നത് അപ്പവീഞ്ഞുകളിൽ നിന്നും. ആയതുകൊണ്ട് വിശുദ്ധ കുർബാനയർപ്പണത്തിന് മുമ്പുള്ള അപ്പവീഞ്ഞുകളെ, വിശുദ്ധ സഭ ദൈവമാതാവായ വിശുദ്ധ മറിയാമിനോട് സദൃശ്യപ്പെടുത്തിയിരിക്കുന്നു.

ഇക്കാരണത്താൽ തന്നെ ഭൂമിയിൽ നമ്മുടെ കർത്താവിന്റെ രണ്ടാമത്തെ വരവ് വരേയ്ക്കും വിശുദ്ധ കുർബാനയർപ്പണത്തിനുള്ള അപ്പവീഞ്ഞുകൾ ലഭ്യമാകാൻ വേണ്ടി, ഗോതമ്പിന്റെ വിത്തുകളെയും, കതിരുകളെയും, മുന്തിരിയെയും സംരക്ഷിക്കുവാൻവേണ്ടി വിശുദ്ധ കന്യകയുടെ മധ്യസ്ഥതയിൽ പെരുന്നാൾ നടത്താൻ അപ്പോസ്തോലിക കാലത്ത് ഒരു തീരുമാനമുണ്ടായി എന്നാണ് ചരിത്രം. എഫേസോസ് ഉൾപ്പെടെയുള്ള ഏഷ്യാമൈനർ ഭാഗത്ത് ആ കാലത്തുണ്ടായ ക്ഷാമവും വരൾച്ചയുമായിരുന്നു ഈ തീരുമാനത്തിന് പിന്നിൽ എന്നും വിശ്വസിക്കപ്പെടുന്നു. 

ഇക്കാര്യങ്ങൾ എഴുതിയ ചുരുളുകളുമായി വിശുദ്ധ യോഹന്നാൻ ശ്ലീഹാ എഫേസോസിൽ എത്തിയ ഉടനെ അവിടെ പനിമഞ്ഞ് (ചാറ്റൽ മഴ) പൊഴിഞ്ഞു എന്നാണ് പാരമ്പര്യം.

ആയതുകൊണ്ട് വിത്തുകളെ പ്രതിയും, കതിരുകളെ പ്രതിയും, മുന്തിരി തണ്ടുകളെ പ്രതിയും വർഷത്തിൽ മൂന്നു പെരുന്നാൾ മാതാവിന്റെ നാമത്തിൽ പരിശുദ്ധ സഭയിൽ നടത്തുന്നു.

വിത്ത് - ഗോതമ്പിന്റെ (ജനുവരി 15)

കതിര്‌ - ഗോതമ്പിന്റെ (മെയ്‌ 15)

ഇവ അപ്പം ഉറപ്പാക്കുന്നു

മുന്തിരിത്തണ്ട് - വീഞ്ഞ്. (ആഗസ്ത് 15) ഉറപ്പാക്കുന്നു.

അഞ്ചാം നൂറ്റാണ്ടിലെ ബേത്ലഹേം പാരമ്പര്യങ്ങളുടെ ആറ് ഗ്രന്ഥങ്ങളിലും, A.D.514-ൽ ജീവിച്ചിരുന്ന മോർ ശെമവൂൻ കൂക്കോയോയുടെ രചനകളിലും വർഷംതോറും നടത്തപ്പെടേണ്ട ഈ മൂന്നു പെരുന്നാളുകളെ സംബന്ധിച്ചുള്ള തെളിവുകൾ കാണുവാൻ സാധിക്കും.

Recommended

  • ശുബ്ക്കോനോ
  • യേശുവിന്റെ വംശാവലി.
  • വിശുദ്ധ ബൈബിൾ.
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • ഉരിയലും ധരിക്കലും.
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • എന്താണ് മൂന്ന് നോമ്പ്?
  • ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.
  • ദൈവമക്കൾ എന്ന് അഭിമാനിക്കുന്നവർ ആണല്ലോ നമ്മൾ ?
  • നാവ് എന്ന തീ
  • അതിഭക്ഷണം
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • വി.കുർബാനയപ്പം
  • "മാനവ സേവ മാധവ സേവ"
  • മലങ്കരയിലെ സിസ്റ്റർ അന്നം
  • മുടക്ക്, മഹറം.
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • സുറിയാനി ക്രിസ്ത്യാനികളുടെ പേരിടീൽ.
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".
  • തിരുവെഴുത്തിലെ കിടക്കകള്‍.
  • ഉപവാസം
  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • ശ്രദ്ധാലുവായിരിക്കുക
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ?
  • ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • തെറ്റു തിരുത്താതെ തെറ്റു ചികയുന്നവര്‍.
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • Nativity Fast begins (ancient date), Wednesday, 15 Nov.
  • എല്ലാ മഹത്വവും ദൈവത്തിന്
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവാ.
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • വലയ വെള്ളിയാഴ്ച

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved