പത്തനംതിട്ടയിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ യാത്ര ചെയ്ത് കോന്നി കൊക്കാത്തോട് കാട്ടാമ്പാറയിൽ, ഗോത്രവർഗ്ഗമായ മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട സുനിത എന്ന പെൺകുട്ടിയും ഏഴു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും സന്ദർശിക്കാൻ ഒരു യാത്ര പോയി.
നാല് കാലിൽ കെട്ടി കീറിയ ടാർപ്പാകളിട്ട വീടെന്ന് വിളിക്കാൻ സാധിക്കാത്ത തരത്തിലുള്ള ഒരു കൂര. മുള വെട്ടി നിരത്തി അതിൽ പഴയ ഒരു സാരിയും വിരിച്ച് അമ്മയും കുഞ്ഞും (ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം കീറ്റ് ശീലയിൽ പൊതിഞ്ഞ കുഞ്ഞിനെ അമ്മയോടൊപ്പം കണ്ടു). ഒരു കലം കഞ്ഞി രണ്ടു തവികൾ. തികച്ചും ശുചിത്വമില്ലാത്ത ചുറ്റുപാടിൽ കഴിയുന്ന ജനങ്ങൾ.
നമുക്കൊക്കെ സ്വന്തമെന്ന് പറയാൻ ഒരു പേരെങ്കിലുമുണ്ട്. അവർക്ക് സ്വന്തമായി ഒരു പേരു പോലുമില്ല.
ഊരില്ല, പേരില്ല, പണമില്ല, പദവികളില്ല, പടയാളികളില്ല, പരിഭവമില്ല, പിണക്കമില്ല, പട്ടിണിയുണ്ടെങ്കിലും പറയാൻ യാതൊന്നുമില്ല.
മനുഷ്യർക്ക് ഭൂമിയിൽ ഇങ്ങനെ ഒരവസ്ഥയുണ്ടോ ദൈവമേ!!!!?
ഇന്നലെ രാത്രിയിൽ അവിടെ ആനയുടെ ശല്യമുണ്ടായി എന്ന് അവർ പറഞ്ഞു. കഴിഞ്ഞയാഴ്ച അവരുടെ പട്ടിയെ പുലി പിടിച്ചു. കാട്ടു പന്നിയുടെ ശല്യം മൂലം കൃഷി ചെയ്യാനും സാധിക്കില്ല. കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനും സ്ഥലമില്ല. പൊതുവെ തണുപ്പായതിനാൽ അവർ തീ കൂട്ടിയാണ് രാത്രി കഴിച്ചുകൂട്ടുന്നത്. തണുപ്പകറ്റാൻ ഒരു പുതപ്പു പോലുമില്ല.
എന്തൊക്കെ ആവശ്യമുണ്ട് എന്ന് ചോദിച്ചു. "ഞങ്ങൾക്ക് ഒന്നുമില്ല, എന്തു തന്നാലും വാങ്ങും" എന്നു പറഞ്ഞു.
ഒരു നൈറ്റിയും കുറച്ചു അരിയും മാത്രമാണ് അവർ എന്നോട് ആവശ്യപ്പെട്ടത്. അവർക്കു വേണ്ടുന്ന സഹായങ്ങളും പ്രാർത്ഥനയും നടത്തി അവിടെ നിന്നും യാത്ര തിരിച്ചപ്പോൾ അവരുടെ നിറകണ്ണുകളിൽ വീണ്ടും വരുമോ എന്ന പ്രതീക്ഷയും കണ്ടു. ഇനിയും വരാം എന്നു പറഞ്ഞപ്പോൾ അവർ പുഞ്ചിരിയോടെ ഞങ്ങളെ യാത്രയാക്കി.
പിന്നീട് ഫോറസ്റ്റ് ഗാർഡിനെക്കണ്ട് കാര്യങ്ങൾ അന്വേഷിച്ചു. പൊതുവെ മലമ്പണ്ടാരങ്ങൾ ഒരേ സ്ഥലത്ത് താമസിക്കുന്നവരല്ല. കാടുകളിൽ അലഞ്ഞു ജീവിക്കുന്നവരാണ് എന്ന് ഫോറസ്റ്റ് ഗാർഡ് പറഞ്ഞു തന്നു. താമസിക്കുന്നിടത്ത് ഒരു മരണം നടന്നാൽ ആ സ്ഥലത്ത് നിന്നും ഒഴിഞ്ഞു പോകും. ചിലർക്ക് ഫോറസ്റ്റ് ഡിപ്പാർട്മെന്റിലെ ഏറ്റവും താഴെ കിടയിൽ ഉള്ള ജോലിയുണ്ട്. അവർ മാത്രം സ്ഥിരമായി ഒരു സ്ഥലത്ത് താമസിച്ചിരുന്നു. കേരള ഗവൺമെന്റിന്റെ ആദിവാസികളുടെ ലിസ്റ്റിൽ ഇവരുടെ എണ്ണം വളരെ കുറവയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ആരാലും ശ്രദ്ധ കിട്ടാതെ കിടക്കുന്ന ആളുകളാണ് ഇവർ.
ഇവർക്ക് സഹായം ചെയ്യാനായി അടുത്ത ആഴ്ച വീണ്ടും ഈ കാടു കയറാൻ ആഗ്രഹിക്കുന്നു....
വീട്ടിൽ ഒരു നേരം അനാവശ്യമായി കളയുന്ന ഭക്ഷണം ഉണ്ടെങ്കിൽ ഇവരെപ്പോലെയുള്ളവരെ ഒരു ദിസവം ഊട്ടിക്കാം.
ആഡംബരമായ വസ്ത്രങ്ങളും ധൂർത്തടിക്കുന്ന പണവും നഷ്മാക്കാതെ ഇങ്ങനെയുള്ളവരുടെ വയറു നിറയ്ക്കാൻ ഉപയോഗിക്കുന്നുവെങ്കിൽ അതായിരികും നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യ പ്രവൃത്തി. സഹായിക്കാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക. ഞാൻ വീണ്ടും അവിടെ പോകുന്നുണ്ട്.
ഇനിയുള്ള നമ്മുടെ ഉല്ലാസയാത്രകൾ ഈ കാടുകളിലേക്ക് ആക്കിയാൽ കാനന ഭംഗി ആസ്വദിക്കുക മാത്രമല്ല അതൊരു തീർത്ഥാടന യാത്രയായിമാറും എന്ന കാര്യത്തിൽ സംശയം വേണ്ട. ഈശ്വര കൃപ ലഭിക്കും. നിശ്ചയം.