[സുറിയാനി സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്തായായിരുന്ന പരുമല മോർ ഗ്രീഗോറിയോസ് തിരുമേനി, പരിശുദ്ധ പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവായ്ക്ക് എഴുതി സമർപ്പിച്ച ശൽമൂസ (ഉടമ്പടി)].
ബാവായും പുത്രനും ജീവനും ശുദ്ധവുമുള്ള റൂഹായുമായ സത്യമുള്ള ഏകദൈവത്തിന്റെ തിരുനാമത്താൽ ബലഹീനനും പാപിയുമായ കൊച്ചി, കണയന്നൂർ കോവിലകത്തും വാമ്പുക്കൽ കണയന്നൂർ പ്രവൃത്തിയിൽ മുളന്തുരുത്തി മുറിയിൽ മുളന്തുരുത്തി പള്ളിയിൽ വൈദീകവൃത്തി, ചാത്തുരുത്തിൽ ഗീവർഗ്ഗീസ് ദയറോയോ ആയ ഞാൻ പാർക്കുന്ന പറവൂർ കിഴക്കേ പള്ളിയിൽവെച്ച് വിശ്വാസത്തോടെ എന്റെ മേൽ തന്നെ ഞാൻ പൂർണ്ണമനസ്സോടും സന്തോഷത്തോടും തൃപ്തിയോടും കൂടി എഴുതിവെയ്ക്കുന്ന ഉടമ്പടിയാണ്.
1. സർവ്വശക്തനായിരിക്കുന്ന ജീവനുള്ള ദൈവത്തിന്റെ മുമ്പാകെയും ദൈവത്തിന്റെ രഹസ്യങ്ങളുടെ ശുദ്ധതയുടെ ശുദ്ധതയായ ഈ മദ്ബഹയുടെ മുമ്പാകെയും കിഴക്ക് ഇന്ത്യയുടെയും മലയാളത്തിന്റെയും നാല് ഭാഗങ്ങളിലുള്ള സുറിയാനിക്കാരുടെ പൂർവ്വിക തലവനായ അന്ത്യാഖ്യായുടെ ശ്ലീഹായ്ക്കടുത്ത സിംഹാസനത്തിന്മേൽ വാഴുന്ന മൂന്നാമത്തെ പത്രോസ് എന്ന ഭാഗ്യമുള്ള ഞങ്ങളുടെ പിതാവും ദൈവത്തിന്റെ മേല്പട്ടക്കാരനുമായ മോറാൻ മോർ ഇഗ്നാത്തിയോസ് പാത്രിയർക്കീസ് ബാവായുടെ ശുദ്ധതയുടെ മുമ്പാകെ ഞാൻ വാഗ്ദത്തം ചെയ്യുന്നു.
2. ദൈവമായ കർത്താവ് തിരുമനസ്സിലേക്ക് ദീർഘായുസ്സ് നൽകി തിരുമനസ്സിലെ ശ്രേഷ്ഠതയെ കാത്തുകൊള്ളുമാറാകട്ടെ.
3. ചൊവ്വാക്കപ്പെട്ട ഈ പട്ടക്കാരുടെ മുമ്പാകെയും സകല ജാതികളുടെയും മുമ്പാകെയും പുകഴ്ത്തപ്പെട്ട ബ്രിട്ടീഷ് തിരുവിതാംകൂർ കൊച്ചി ഈ സർക്കാരിന്റെ മുമ്പാകെയും താഴെകാണിക്കുന്ന പ്രകാരം ഞാൻ വാഗ്ദത്തം ചെയ്യുന്നു.
4. ഞങ്ങളുടെ വിശ്വാസത്തിന്റെ രഹസ്യം ബലഹീനനായ ഞാൻ അറിയിക്കുന്നു. വീണ്ടും സകല നിബിയന്മാരുടെയും വെടിപ്പുള്ള ശ്ലീഹന്മാരുടെ വിശ്വാസത്തിന്മേലും ശുദ്ധമുള്ള മൂന്നു സുന്നഹദോസുകളുടെ വിശ്വാസത്തിന്മേലും ഇളക്കം കൂടാതെ പാർത്തു സ്തുതി ചൊവ്വാകപ്പെട്ട വിശ്വാസം നമ്മോട് പ്രസംഗിച്ചു പഠിപ്പിച്ചു എന്ന സുഖമുള്ള ബാവാന്മാരെയും ഞാൻ കൈക്കൊണ്ട് ബഹുമാനിക്കുന്നു എന്ന് ദൈവത്തിന്റെ മുമ്പാകെ ഞാൻ വിശ്വസിച്ച് ഏറ്റുപറയുന്നു.
5. മുന്നമേ നമ്മുടെ കർത്താവ് യേശുമ്ശിഹായുടെ ശിഷ്യന്മാരായ ശുദ്ധമുള്ള 12 ശ്ലീഹന്മാരെയും മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നീ നാല് ഏവൻഗേലിസ്തന്മാരെയും ശുദ്ധമാന പള്ളിയുടെ അടിസ്ഥാനക്കാരനും വലിയ തച്ചുപണിക്കാരനുമായ ഭാഗ്യവാനായ പൗലോസ് ശ്ലീഹായേയും ഞാൻ കൈക്കൊള്ളുന്നു.
6. തീയ്ക്കടുത്തവനായ മാർ ഇഗ്നാത്തിയോസിനെയും, ദീവന്നാസ്യോസിനെയും, അത്താനാസ്യോസിനെയും യൂലിയോസിനെയും, കുറിലോസിനെയും, ബസ്സേലിയോസിനെയും, ഗ്രീഗോറിയോസിനെയും,
ദിയെസ്കോറോസിനെയും, സേവേറിയോസിനെയും, തിമോത്തിയോസിനെയും, പീലക്സിനോസിനെയും,
അന്തിമോസിനെയും തിരഞ്ഞെടുക്കപ്പെട്ടവരിൽ ഉന്നതപ്പെട്ടവനായ മാർ ബർസൗമ്മയെയും ദൈവത്തിന്റെ ശുദ്ധമുള്ള സുറിയാനി പള്ളിയിൽ അവരെപ്പോലെ ഉണ്ടായവരും ഇനി ഉണ്ടാകുന്നവരുമായ സകല മല്പാന്മാരെയും ഞാൻ കൈക്കൊള്ളുന്നു. ശ്ലീഹായ്ക്കടുത്ത സിംഹാസനത്തിന്മേൽ സ്ഥിരതയോടിരിക്കുന്ന പൊങ്ങപ്പെട്ട മൂന്നാമത്തെ പത്രോസ് എന്ന മോറോൻ മോർ ഇഗ്നാത്തിയോസ് പാത്രിയർക്കീസ് ബാവായുടെ മേല്പട്ടത്തിനു കടപ്പെട്ടിരിക്കുന്നതുപോലെ എല്ലായ്പ്പോഴും ഞാൻ അനുസരിച്ച് അവിടുത്തെ കല്പനകളെ
കൈക്കൊണ്ട് ഞാൻ ചേർന്നുകൊള്ളുന്നു. അവിടുത്തെ വചനങ്ങളിൽനിന്നും കാനോനിക വിധികളിൽ നിന്നും സ്ഥിരപ്പെട്ടിട്ടുള്ള ശട്ടങ്ങളിൽ നിന്നും നടപ്പുകളിൽ നിന്നും അല്പമോ, അധികമോ, ഇടാത്തോട്ടൊ, വലത്തോട്ടൊ ഞാൻ ഒരിക്കലും വിട്ടുമാറുന്നതല്ല. എന്റെ ഈ വാഗ്ദത്തം നമ്മുടെ പിതാവായ അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും വാഗ്ദത്തത്തിനും ശരിയായിരിക്കുന്നു എന്ന് ഞാൻ പൂർണ്ണമായി സമ്മതിക്കുന്നു.
7. ''വൃഥാ നിങ്ങൾ എടുത്ത് നിങ്ങൾ കൊടുപ്പിൻ" എന്നപോലെ പട്ടത്വത്തിനു കാനോന പ്രകാരം യോഗ്യമായവർക്കു മാത്രം പട്ടം കൊടുക്കുന്നതല്ലാതെ യാതൊരു പ്രതിഫലങ്ങളും വാങ്ങി ആർക്കെങ്കിലും പട്ടം കൊടുക്കുകയോ 30 വയസ്സ് തികയുന്നതിന് മുമ്പ് കുർബാനപ്പട്ടം കൊടുക്കുകയോ, പള്ളി ഭരിക്കുന്നതിന് വിവാഹം ചെയ്തവരെയല്ലാതെ, ചെയ്യാത്തവരായ പട്ടക്കാരെ അയയ്ക്കുകയോ വിധവയെ കല്യാണം കഴിച്ച ശെമ്മാശന്മാർക്കു പട്ടം കൊടുക്കുകയോ, കുർബ്ബാനപ്പട്ടം ഏറ്റശേഷം വിധവയെ വിവാഹം കഴിച്ചിട്ടുള്ളതോ കഴിക്കുന്നതായ ആളുകളെയും കുർബാനപ്പട്ടം ഏറ്റിട്ടുള്ളതോ, ഇനി
ഏൽക്കുന്നതോ ആയ ആളുകൾ
പിന്നീട് പുനർവിവാഹം ചെയ്താൽ അവരെയും പട്ടക്കാരായി കൈക്കൊള്ളുകയോ, കൈക്കൊള്ളുന്നതിന്
അനുവദിക്കുകയോ, സമ്മതിക്കുകയോ, ഉത്സാഹിക്കുകയോ, നേരായിട്ടും ന്യായമായിട്ടും തട്ടിപ്പും വഞ്ചനയും കൂടാതെയുള്ള യോഗക്കുറിയോടുകൂടി വരുന്നവർക്കു മാത്രം വേണ്ടുന്ന അന്വേഷണവും പരീക്ഷയും കഴിച്ചല്ലാതെ പട്ടം കൊടുക്കുകയോ അന്ത്യോഖ്യായുടെ ശുദ്ധമാക്കപ്പെട്ട ബാവാമാരാൽ ശപിക്കപ്പെട്ട
വരെയോ, തള്ളപ്പെട്ടവരെയോ ഏതുവിധമെങ്കിലും കൈക്കൊള്ളുകയോ, സമ്മതിക്കുകയോ അവരോടുകൂടെ വല്ല വിധവും സംബന്ധപ്പെടുകയോ സംസർഗ്ഗം ചെയ്യുകയോ ആരോടും പക്ഷപ്രതിപക്ഷം ചെയ്യുകയോ എന്നെ അതതു സമയം അധികാരപ്പെടുത്തുന്നതായ അതിർത്തിക്കകത്തുള്ള ആളുകൾക്കല്ലാതെ പട്ടം മുതലായത് കൊടുക്കുകയോ മറ്റ് അതിർത്തികളിൽ നിന്ന് ഏതുപ്രകാരം വരുന്നവനായിരുന്നാലും അവരെ എന്റെ അതിർത്തിക്കകത്തുള്ള പള്ളിയിൽ വേണ്ടുന്ന അന്വഷണവും മറ്റും കഴിച്ച് ന്യായവും ക്രമവും പാങ്ങും ഉണ്ടെങ്കിലല്ലാതെ ചേർക്കുകയോ, അങ്ങനെ ചേർക്കാത്തവരുടെ ആത്മീയ സംബന്ധമായും മതസംബന്ധമായുമുള്ള യാതൊരു ആവശ്യങ്ങളും ദിഷ്ടതകളും നടത്തുകയോ, നടത്തിക്കുകയോ നടത്താൻ അനുവദിക്കുകയോ മറ്റോ ചെയ്യുകയോ അന്യവിശ്വാസക്കാരിൽ നിന്ന് ഏതെങ്കിലും ഞെരുക്കങ്ങളോ കഷ്ടതകളോ സങ്കടങ്ങളോ ഉണ്ടായാലും അതതുകൾ ഒക്കെ നമ്മുടെ വിശ്വാസത്തിനുവേണ്ടി സഹിക്കുന്നതല്ലാതെയോ, അന്ത്യോഖ്യായുടെ ശുദ്ധമുള്ള മോറാൻ മോർ ഇഗ്നാത്തിയോസ് പാത്രിയർക്കീസ് ബാവായിൽ നിന്ന് ഏതു സ്ഥലത്തേക്കെങ്കിലും പോകുന്നതിനോ, ചെല്ലുന്നതിനോ യാതൊരു സമയമെങ്കിലും കല്പന വന്നാൽ ദീനം കൊണ്ടോ, വാർദ്ധക്യംകൊണ്ടോ എത്ര ക്ഷീണിതനായാലും അതതുകൾ ഒന്നും പ്രമാണിക്കാതെ ഉടനെ കല്പനയാകുന്ന സ്ഥലങ്ങളിലേക്ക് കല്പനപ്രകാരം പോകാതെയോ ചെല്ലാതെയോ ഇരിക്കയോ, ഞാൻ ഏറ്റിട്ടുള്ളതോ ഇനി ഏൽക്കുന്നതോ ആയ പട്ടത്വത്തിന് അധികാരമില്ലാത്തതും പാടില്ലാത്തതും വിരോധിക്കപ്പെട്ടിട്ടുള്ളതുമായ ഒരു മെത്രാൻ മറ്റൊരു മെത്രാനെ വാഴിക്കാം മുതലായ യാതൊരു പ്രവൃത്തികളും ചെയ്യുകയാ ഈ ഉടമ്പടിയിൽ പ്രത്യേകം എടുത്തു പറഞ്ഞിട്ടുള്ള നിശ്ചയങ്ങൾ, നിയമങ്ങൾ, കാനോനിക വിധികൾ ഇതുകൾക്കും മറ്റു വിരോധമായി ഞാൻ നടക്കുകയാ നടത്തിക്കുകയോ പ്രവർത്തിക്കുകയോ മറ്റോ ഒരിക്കലും ഒരുനാളും ഞാൻ ചെയ്യുന്നതല്ല. അഥവാ ചെയ്താൽ ആ പ്രവർത്തി ചെയ്യുന്നവരും ഒരുപോലെ ശപിക്കപ്പെട്ടവരും പ്രാകപ്പെട്ടവരും മഹറോൻ ഏൽക്കപ്പെട്ടവരും ആകുന്നതുപോലെ ഞാനും ആ നാഴിക മുതൽക്ക് ആയിത്തീരുമെന്ന് ഞാൻ എത്രയും പൂർണ്ണമായി വിശ്വസിക്കുന്നു.
കോരഹും, ദാഥാനും, ആബിരോമും അവരോടുകൂടി 250 പട്ടക്കാരും മോശയ്ക്ക് വിരാധമായി ധൂപം വീശിയത് നിമിത്തം ദൈവകോപം അവരുടെമേൽ ഉണ്ടായി. ഭൂമി അതിന്റെ വായ് പിളർന്ന് അവരെ വിഴുങ്ങുകയും ദൈവതിരുമുമ്പിൽ നിന്ന് പുറപ്പെട്ടു എന്ന അഗ്നിയിൽ അവരെയും അവരുടെ പട്ടക്കാരെയും ദഹിപ്പിക്കുകയും ചെയ്തു എന്നുള്ളതും താൻ വിശ്വസിച്ചിരിക്കുന്നു. അപ്രകാരം ചെയ്യുന്നതിന് ദൈവം എന്നെ വിരോധിക്കുമാറാകട്ടെ.
8. ബലഹീനനായ ഞാൻ ഏതു ദിവസത്തിൽ ഈ ഉടമ്പടിയിൽ എടുത്തു പറഞ്ഞിട്ടുള്ള നിശ്ചയങ്ങൾ, നിയമങ്ങൾ കാനോനിക വിധികൾക്കെങ്കിലും ഈ ഉടമ്പടിയിൽ വളരെ ദീർഘമായി പോവുന്നതിനാൽ എടുത്തു പറഞ്ഞിട്ടില്ലാത്തതും പറയാനുള്ളതുമായ യാക്കോബായ സുറിയാനിക്കാരുടെ മറ്റ് അനേകം കാനോന വിധികൾ നിശ്ചയങ്ങൾ നടപ്പുകൾ, ചട്ടങ്ങൾ ഇതുകൾക്കെങ്കിലും തിരുമനസ്സിലെയോ, ഈ സ്ഥാനത്ത് ഇനി അതാതു സമയങ്ങളിൽ വരുന്ന പാത്രിയർക്കീസ് ബാവാമാരുടെയോ വല്ല കല്പനകൾക്കെങ്കിലും പ്രത്യക്ഷമായോ, പരോക്ഷമായോ പ്രകാരത്തിൽ വിരോധമായും വ്യത്യാസമായും പ്രതികൂലമായും നടത്തുകയോ, നടത്തിക്കുകയോ, പ്രവർത്തിക്കുകയോ പ്രവർത്തിപ്പിക്കാതിരിക്കുകയോ, പറയുകയോ ഇപ്രകാരം നടത്തുന്നതിനും പ്രവർത്തിക്കുന്നതിനും പറയുന്നതിനും സഹായിപ്പിക്കുകയം സമ്മതിപ്പിക്കുകയും ഉത്സാഹിപ്പിക്കുകയോ ചെയ്യുകയും ഇതുകളെ കവർന്നും കല്പനകളെ വിട്ടും അതുകൾക്ക് വിരാധമായി നിന്നും പ്രതിമക്കാരനായി നിന്നും വിപരീതമായി മറ്റ് വഴികൾക്ക് പോകുകയോ നമ്മുടെ സുറിയാനി പള്ളിക്കാരുടെ കീഴ്മര്യാദയ്ക്ക് വിപരീതമായി വല്ലതും പ്രവർത്തിക്കുകയോ കൈക്കൊള്ളുകയോ ശുദ്ധമുള്ള മൂന്നു സുന്നഹദോസുകളിലെ വിശ്വാസത്തിനു വിപരീതമായുള്ള വിശ്വാസത്തെ വിശ്വസിക്കുകയോ ചെയ്യുന്നതല്ല. അഥവാ ചെയ്താൽ സാത്താനും കായേനും ദൈവത്താൽ ശപിക്കപ്പെട്ട പ്രകാരം ദൈവത്തിന്റെ വായിൽനിന്നും ശ്ലീഹന്മാരുടെ തലവനായ മാർ പത്രോസ് ശ്ലീഹായുടെയും നമ്മുടെ കർത്താവേശു മിശിഹായുടെ ശ്ലീഹന്മാരായി അവന്റെ സഹോദരന്മാർ 11 പേരുടെ വായിൽനിന്നും തീക്കടുത്തവനായ മാർ ഇഗ്നാത്തിയോസിന്റെയും ശുദ്ധമുള്ള മൂന്നു സുന്നഹദോസുകളിൽ കൂടപ്പെട്ട വിശുദ്ധ പിതാക്കന്മാരുടെയും സുഖമുള്ള റൂഹായാൽ ശ്വാസമിടപ്പെട്ട സകല മല്പാന്മാരുടെ വായിൽ നിന്നും ശുദ്ധമുള്ള മാർ പത്രോസ് ശ്ലീഹായുടെ സമാധികാരിയും കർത്താവേശു മിശിഹായുടെ സത്യത്തിന്റെ വീട്ടധികാരിയുമായി മൂന്നാമത്തെ പത്രോസ് എന്ന പൊങ്ങപ്പെട്ട മോറാൻ മോർ ഇഗ്നാത്തിയോസ് പാത്രിയർക്കീസ് ബാവായുടെയും അന്ത്യോഖ്യായുടെ ശീഹായ്ക്കടുത്ത സിംഹാസനത്തിൽ തന്റെ പിൻവാഴ്പക്കാരായി വരുന്ന സകല മേല് പട്ടക്കാരുടെ വായിൽനിന്ന് ശപിക്കപ്പെട്ടവനും പ്രാകപ്പെട്ടവനും ഞാൻ ആയിത്തീരുന്നതിനും പുറമെ ദൈവത്തിന്റെ വിശുദ്ധ സഭയിൽ നിന്ന് വേർതിരിക്കപ്പെട്ടവനും വിശുദ്ധ രഹസ്യങ്ങളുടെ സംബന്ധത്തിൽ നിന്നും ഞാൻ കൈക്കൊണ്ടിട്ടുള്ള നൽവരത്തിൽ സ്ഥാനങ്ങളിൽ നിന്നും തള്ളപ്പെട്ടവനും അകലപ്പെട്ടവനും ഉന്നതപ്പെട്ടിരിക്കുന്ന മേൽപട്ടത്വത്തിന്റെ വെള്ളനിലയങ്കിയിൽ നിന്നും ഉരിയപ്പെട്ടവനും ഞാൻ ആയിത്തീർന്ന് കർത്താവിന്റെ കോപം എന്റെ മേൽ ആവസിക്കുമാറാകട്ടെ.
9. പിന്നെയും റൂഹായ്ക്കടുത്ത ചൊവുള്ള വിധിയിൽ വിധിപ്പാനായിട്ട് ഭൂമിയിൽ നിങ്ങൾ കെട്ടുന്ന സകലവും ആകാശത്തിലും കെട്ടപ്പെട്ടതായിരിക്കുമെന്ന് ഏവൻഗേലിയോനിൽ കല്പിക്കപ്പെട്ടിരിക്കുന്ന പ്രകാരം ദൈവത്തിൽ നിന്ന് തിരുമനസ്സിലേക്കും നൽകപ്പെട്ടിരിക്കുന്ന അധികാരപ്രകാരം തിരുമുമ്പാകെ നിന്നും എന്നെ വിധിച്ചു സ്ഥാനഭ്രഷ്ടനാക്കി ശപിക്കുന്നതിനു ഞാൻ യോഗ്യനായി തീരുന്നതു കൂടാതെ നിർബന്ധമില്ലാതെ എന്റെ സ്വന്തമനസാലെ ഞാൻതന്നെ എഴുതിയിട്ടുള്ള ഈ പത്രത്തെയെങ്കിലും എന്റെ മേൽപറഞ്ഞ വാഗ്ദത്തങ്ങളിൽ യാതൊന്നിനെയെങ്കിലും ഭേദപ്പെടുത്തുകയോ വ്യത്യാസപ്പെടുത്തുകയോ ചെയ്തുകൊണ്ട് സകല പള്ളികളിൽ നിന്നും എന്നെ തള്ളിക്കളയാനും ഒരുത്തനും എന്റെ വചനം വിശ്വസിക്കാതിരിക്കാനും തക്കവണ്ണം ഞാൻ വ്യാജക്കാരനെന്ന് എന്നെക്കുറിച്ച് പ്രസിദ്ധം ചെയ്യുവാൻ തിരുമനസ്സിലേക്ക് ന്യായമുള്ളതാകുന്നു. ഇപ്രകാരം തിരുമനസ്സുകൊണ്ടോ, ആ സ്ഥാനത്ത് ഇനിവരുന്ന ബാവാമാരോ ചെയ്യുമ്പോൾ തിരുമനസ്സിലേക്കോ ആ സ്ഥാനത്ത് വരുന്നവർക്കോ 2850 ബ്രിട്ടീഷ് ഉറുപ്പിക തന്ന് ഈ പത്രം മടക്കിവാങ്ങി കൊള്ളുകയും ചെയ്യാം.
10. ഇപ്പോൾ ഞാൻ വാഗ്ദത്തം ചെയ്തിരിക്കുന്നതുപോലെ നേരായിട്ട് ഈ വാഗ്ദത്തത്തെ നിവർത്തിപ്പാൻ തന്റെ കൃപയാൽ സഹായിച്ച് ബലപ്പെടുത്തുവാനും ജീവികളെയും മരിച്ചവരെയും വിധിപ്പാനായിട്ട് താൻ എഴുന്നെള്ളി അവനവന്റെ പ്രവർത്തികൾപോലെ നന്മയെങ്കിലും തിന്മയെങ്കിലും, എല്ലാവനും പ്രതിപകരം ചെയ്യുമ്പോൾതന്നെ മുഖപപ്രസാദത്താൽ എഴുന്നേല്പാൻ എനിക്ക് കൃപചെയ്‌വാനായിട്ടും കരുണ ചെയ്‌വാനായിട്ടും ദൈവത്തിന്റെയും നമ്മുടെ കർത്താവശുമിശിഹായുടെയും അനുഗ്രഹങ്ങളിൽ നിന്ന് ഞാൻ അപേക്ഷിക്കുന്നു. വ്യാജക്കാരോട് അല്ലാതെ ചൊവ്വള്ളവരോടു കൂടെ എന്നെ കൂട്ടുവാൻ സംഗതി വരുത്തണമെന്ന് ഞാൻ അപേക്ഷിക്കുന്നു.
11. എന്റെ വാഗ്ദത്തത്തിന് ശുദ്ധമുള്ള മാലാഖമാരും ജീവനുള്ള സ്ലീബായും വന്ദിക്കപ്പെട്ട ഏവൻഗേലിയോനും പട്ടത്വത്തിനടുത്ത ഈ കൂട്ടവും ബഹുമാനപ്പെട്ട ജനവും സാക്ഷി ആയിരിക്കുന്നു എന്ന് ദൈവത്തിന്റെ മുമ്പാകെയും ശുദ്ധമുള്ള തന്റെ ബലിപീഠത്തിന് മുമ്പാകെയും ഞാൻ ഏറ്റുപറയുന്നു ആമ്മീൻ. ബാറെക്മാർ അൽശൂബ്ക്കാനോ,
ക്രിസ്താബ്ദം 1876 വ്യശ്ചികം 27-ാം തീയതിക്ക് കൊല്ലം 1052-ാമാണ്ട് വ്യശ്ചികം 26 ന്.
ഇതിന് സാക്ഷി വടക്കേക്കര മാച്ചാത്തുരുത്തി മുറിയിൽ എടപ്പള്ളി കുളങ്ങര നിന്നും പഠവൂര് കിഴക്കേപള്ളിയിൽ പാർക്കുന്ന വറിയത് ഗീവറുഗീസ് കത്ത : (ഒപ്പ്).
ടി അങ്ങാടി മുട്ടത്തോട്ടിൽ കുമരി പൗലോ വറിയത്. (ഒപ്പ്).
എഴുതിക്കൊടുത്ത ഗീവറുഗീസ് ദയറിയാ (ഒപ്പ്).
പീസുപണം 35.
വാസസ്ഥല പീസുപണം 49
പകർത്തിയ ഗുമസ്താ വിശ്വനാഥയ്യർ (ഒപ്പ്).
ഒത്തുനോക്കുകയും പരിശോധിക്കുകയും ചെയ്ത മൊഗു വേലുപ്പിള്ള പത്മനാഭയ്യർ (ഒപ്പ്).
ഫാ.ഗീർവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി