മുറിയിൽ വെളിച്ചം ഉണ്ടായിരുന്നതിനാൽ, കള്ളൻ അകത്തു കയറാതെ പുറത്തു തന്നെ നിന്നു. അകത്തക്കു് ഒളിഞ്ഞു നോക്കിയപ്പോൾ, ഒരു വയോധിക മേശപ്പുറത്തു നിന്ന്, ഇൻഹേലർ എടുക്കാൻ ശ്രമിക്കുന്നതാണ് അയാൾ കണ്ടതു്. പക്ഷേ, ഓരോ ശ്രമത്തിനിടയിലും, അതു ദൂരേക്കു തെന്നിപ്പോകുന്നു. കളളൻ രണ്ടും കല്പിച്ച്, ജനാലയിലൂടെ കയ്യിട്ടു, അതെടുത്ത് അവർക്കു കൊടുത്തു. കള്ളനാണെന്നു മനസ്സിലായെങ്കിലും, വയോധിക അയാളെ അകത്തേക്കു ക്ഷണിച്ചു. "ഞാൻ ആദ്യമായാണ് ഒരു കള്ളനെ കാണുന്നതു്", അവർ അയാളോടു പറഞ്ഞു.
അയൾ പറഞ്ഞു: "നിവൃത്തികേടുകൊണ്ടാണ്. നാളെ അമ്മയുടെ ഓപ്പറേഷനു പണം വേണം". വയോധിക ഊന്നുവടിയുടെ സഹായത്തോടെ എഴുന്നേറ്റ്, അലമാര തുറന്നു്, കുറച്ചു സ്വർണ്ണമെടുത്ത് അയാൾക്കു കൊടുത്തു. കാലിൽ വീണ കള്ളനെ ചേർത്തു നിർത്തി ആവർ ചോദിച്ചു: "നിനക്ക് എന്നെയും അമ്മയായി കണ്ടു കൂടെ? നീ ഇവിടെ വന്നതുകൊണ്ട്, രണ്ടു ജീവനുകൾ രക്ഷപ്പെട്ടു. എൻ്റെയും നിൻ്റെ അമ്മയുടെയും".
ഏതു വിശുദ്ധനും ഒരിക്കൽ ഒരു പാപിയായിരുന്നിരിക്കാം. ഏതു പാപിക്കും ഒരു വിശുദ്ധനായി തീരാനുമാകും. സാഹചര്യംകൊണ്ടും അറിവില്ലായ്മ കൊണ്ടും അപഥ സഞ്ചാരം നടത്തുന്നവർക്കു തിരിച്ചു വരാനുള്ള സാഹചര്യം എന്നെങ്കിലും സൃഷ്ടിക്കപ്പെടാം. അവിടെ വെച്ച്, ഒരു നിർബ്ബന്ധിത 'U' ടേൺ എടുക്കണം. ഒരു പക്ഷേ, ഏറ്റവും നല്ലതും അവസാനത്തേതുമായ അവസരമായിരിക്കും അത്.
പറ്റിപ്പോയ അബദ്ധങ്ങൾ, ചില പാഠങ്ങൾ പഠിക്കാൻ വേണ്ടിയാകും. ആ പാഠവുമായി,
തിരിഞ്ഞു നോക്കാതെ യാത്ര ചെയ്യണം. മറ്റു പലർക്കും കുടി, ആ പാഠം ഉപകരിച്ചേക്കും.
അല്ലെങ്കിൽ, സ്വന്തം ജീവിതത്തിൽ, പുതിയൊരദ്ധ്യായം ചമയ്ക്കുവാൻ, അതു
സഹായിച്ചെന്നിരിക്കും.
ജന്മം കൊണ്ടു മാത്രം, അച്ഛനോ, അമ്മയോ, സഹോദരനോ, സഹോദരിയോ ആയി രൂപപ്പെടണമെന്നില്ല. അതൊരു സമ്പർക്കപ്പുണ്യമാണ്. എല്ലാവരും ഉപേക്ഷിച്ചെന്നു സ്വയം കരുതുന്നവർ, ആരുമല്ലാത്ത മറ്റു ചിലരുടെ വേണ്ടപ്പെട്ടവർ ആകുന്നുണ്ടെങ്കിൽ, ആരും കാണാതെ അവശേഷിക്കുന്ന നന്മ, എല്ലാവരിലുമുണ്ട്, എന്നാണതിനർത്ഥം. മാറ്റത്തിൻ്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം.
ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി