നമ്മുടെ യുവതലമുറ സഭാ വിശ്വാസത്തിൽ നിന്നും വ്യതിചലിക്കാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്. സുറിയാനി സഭയിൽ കൃത്യമായി അതാത് ദിവസങ്ങളിൽ വായിക്കേണ്ട സുവിശേഷ ഭാഗങ്ങളുണ്ട്. എന്നാൽ ഇന്ന് എന്താണ് നടക്കുന്നത് മതിലിൽ വചനം, കടയിൽ വചനം, എല്ലാം വചനത്തിൽ തന്നെ. ബൈബിളിന്റെ കച്ചവട സാധ്യത മനസ്സിലാക്കി വ്യക്തി ഗ്രൂപ്പുകൾ പള്ളികൾ എല്ലാം കൈപ്പിടിയിലാക്കി. ആളുകളെ എല്ലാം വചനം തെറ്റായി വ്യാഖ്യാനിച്ച് ഒരോ വ്യക്തി കൂട്ടായ്മകളിൽ ചാടിക്കുന്നു.
നമ്മുടെ വിശ്വാസവും, സെദ്റോകളും വേണ്ടവിധം പഠിപ്പിക്കുന്നില്ല. ഇതൊക്കെ ആരോട് പറയാനാ? ഏതാണ്ട് 10% വൈദികർ ഒഴികെ എല്ലാ വൈദികരും കത്തോലിക്ക Charismatic പ്രസംഗത്തിന്റെ അടിമകളായി. ഏറെക്കുറെ എല്ലാ സമാജവും പഠിപ്പിക്കുന്നത് വചന ദുർവ്യാഖ്യാനമാണ്. വാട്സാപ്പിൽ രാവിലെ മുതൽ വചനം ഷെയറിങാണ്. എന്താ, എന്തിനു പറഞ്ഞതാ, സാഹചര്യം എന്താ ഒന്നും അറിയാതെ കുത്തിയിരുന്ന് വചനം കൊണ്ട് group നിറയ്ക്കുവാ.
ദൈവമാതാവിനെക്കുറിച്ച് തെറ്റായി പഠിപ്പിക്കാൻ തിരുത്തിയ സത്യവേദപുസ്തകമാണ് വൈദികരടക്കം പലരും കൊണ്ടു നടക്കുന്നത്.
പ്രിയ പുരോഹിതരേ? Sunday School പുസ്തകത്തിലുള്ളതുപോലെയല്ല, ആഴത്തിൽ സുറിയാനി വിശ്വാസം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നു. ത്രിത്വ വിശ്വാസം എന്താണ്? Miaphysitism? പാരമ്പര്യങ്ങൾ? കൂദാശകളെക്കുറിച്ച്?
സെദ്റോകളിലെ ഉള്ളടക്കം?
പെരുന്നാളുളെക്കുറിച്ച്? നോമ്പുകളെ കുറിച്ച്? നമസ്കാരങ്ങളെ കുറിച്ച്
(ശീമ നമസ്കാരം? പെങ്കീസ നമസ്കാരം)
തക്സകളെ കുറിച്ച്? ആരാധന ഗീതങ്ങൾ? നിറങ്ങൾ? നിങ്ങൾക്ക് ഒരു vedio അല്ലേൽ ഒരു പുസ്തകം (വിശുദ്ധ കുർബാന, വിശുദ്ധ മാമോദിസ തുടങ്ങിയ കൂദാശകളെക്കുറിച്ചുള്ള പുസ്തകം 5 പേരും 5 രീതിയിലാ എഴുതിയിരിക്കുന്നത്). അങ്ങനെ ഒരോ വിഷയവും പറഞ്ഞു തരാൻ കഴിയുമോ?
സിനഡിൽ തീരുമാനമെടുത്ത് സഭയുടെ പാരമ്പര്യം, വിശ്വാസം മാത്രം പ്രസംഗിക്കാൻ കല്പന കൊടുക്കുമോ? സാധാരണ വിശ്വാസികളുടെ അപേക്ഷയാണ്. ധ്യാന കേന്ദ്രങ്ങളിൽ സുറിയാനി വിശ്വാസം മാത്രം പ്രസംഗിക്കപ്പെടട്ടെ. അച്ചന്മാർ സുറിയാനി പാരമ്പര്യം, വിശ്വാസം, കൂടുതലായി പ്രസംഗിക്കട്ടെ. വിശ്വാസികൾക്ക് കൂടുതൽ പഠിക്കാൻ ആഗ്രഹമുണ്ട്. വേലി തന്നെ വിളവ് തിന്നുന്നു. സത്യം വിളിച്ചു പറയുന്നവർക്ക് താഴെ പറയുന്ന വിശേഷണങ്ങൾ നൽകും.
1 പാരമ്പര്യം നിഷേധിക്കുന്നവൻ.
2 മുൻഗാമികളുടെ പഠിപ്പിക്കൽ നിഷേധിക്കുന്നവൻ.
3 വിശ്വാസമില്ലാത്തവൻ.
4 ദൈവഭയമില്ലാത്തവൻ.
5 മാമൂലുകളെ ധിക്കരിക്കുന്നവൻ.
6 ആത്മീയത ഇല്ലാത്തവൻ.
7 പ്രോട്ടസ്റ്റന്റ് ദൈവശാസ്ത്രം പറയുന്നവൻ.
ഈ മാഫിയകൾ സുഖിപ്പിച്ചു നിർത്തി പ്രോസ്പിരിറ്റി ഗോസ്പ്പൽ പ്രസംഗിച്ച് മയക്കി നിർത്തിയിരിക്കുന്ന പോഴന്മാരായ, ഭക്തി മൂത്ത് അന്ധന്മാരായ, വിശ്വാസി കുഞ്ഞാടുകൾ സത്യം പ്രഘോഷിക്കുന്നവനെ പഞ്ഞിക്കിടും. ഇതു കണ്ട് മറ്റുള്ളവർ ധൃതംഗ പുളകിതരാവും.
സഭ ക്രിസ്തുവിന്റെ ശരീരമാണ്. സഭയുടെ ശിരസ്സ് ക്രിസ്തുവാണ്. സഭ ക്രിസ്തുവിന്റെ മണവാട്ടിയാണ്. തന്റെ സഭയാകുന്ന മണവാട്ടിയെ ക്രിസ്തു തന്റെ ജീവനും രക്തവും മറുവിലയായി നൽകി വിലയ്ക്കു വാങ്ങിയതാണ്. അതിന്റെ ഭരണം ക്രിസ്തു പത്രോസിനെ ഏല്പിച്ചു. ഈ സഭ ക്രിസ്തുവിന്റെ പുതിയ ഇസ്രയേലാണ്. തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമാണ്. ഈ സഭ മാത്രം ബൈബിളിനും മുമ്പുള്ളതാണ്. ഈ സഭയാണ് കലർപ്പില്ലാത്ത സമ്പൂർണ്ണ ബൈബിൾ ലോകത്തിന് ആദ്യമായി നൽകിയത്. ഈ സഭ സുറിയാനി ഓർത്തഡോക്സ് സഭയാണ്. അത് A.D.37- ൽ അന്ത്യോഖ്യയിൽ വിശുദ്ധ പത്രോസിനാൽ സ്ഥാപിതമായി. ഈ സഭയ്ക്കുവേണ്ടിയാണ് ശിഷ്യന്മാർ രക്തസാക്ഷികളായതും, പീഡകളനുഭവിച്ചതും, പ്രവർത്തിച്ചതും. ഈ അന്ത്യോഖ്യാ സഭയുടെ പ്രവാചകനും, ഉപദേഷ്ടാവുമായിരുന്നു ശൗൽ എന്ന വിശുദ്ധ പൗലോസ് അപ്പോസ്തോലൻ. (അ.പ്ര 13:1-9) അതിനാൽ പുതിയ നിയമത്തിലെ 4 സുവിശേഷങ്ങൾ (രണ്ടെണ്ണം ശിഷ്യന്മാരുടെയും, രണ്ടെണ്ണം അറിയിപ്പുകാരുടെയും) വിശുദ്ധ പത്രോസിന്റെ 2 ലേഖനങ്ങൾ, പൗലോസിന്റെ 14 ലേഖനങ്ങൾ, വെളിപ്പാട് എല്ലാം തന്നെ അന്ത്യോഖ്യാ സഭയുടെ പിതാക്കന്മാരാൽ വിരചിതമായി.
അതിനാൽ സുറിയാനി ഓർത്തഡോക്സ് (അന്ത്യോഖ്യാ) സഭയെക്കുറിച്ച് പഠിപ്പിക്കുക, പഠിക്കുക എന്നാൽ അത് ക്രിസ്തുവിനെക്കുറിച്ച് പഠിക്കുക, പഠിപ്പിക്കുക എന്നാണ്. കാരണം ക്രിസ്തുവും തന്റെ സഭയും ഒന്നാണ്. അതിനാൽ ഒരുവന് ക്രിസ്തുവിനെ അറിയണമെങ്കിൽ തന്റെ സഭയിലേക്കുവരണം. കാരണം ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ തുടർച്ച സഭയിലാണ്. Church is the continuation of the incarnation of JESUS CHRIST ആ സഭയുടെ വിശുദ്ധ മാമോദീസാ ഏൽക്കണം, ആ സഭയുടെ കൂദാശകളെക്കുറിച്ച് പഠിക്കണം, അവ ഏൽക്കണം അമൂല്യവും ദൈവത്തിൽ നിന്നും, തന്റെ ശിഷ്യന്മാർ വഴിയും ആ സഭയ്ക്കു മാത്രം ലഭിച്ചിട്ടുള്ള അതിന്റെ Liturgy യെക്കുറിച്ച് എത്രത്തോളം അറിവുണ്ടാക്കാമോ, അത്രത്തോളം അറിവു സമ്പാദിക്കണം. അതിനാൽ ക്രിസ്തുവാകുന്ന - തന്റെ സഭയാകുന്ന - പാറമേൽ വിശ്വാസമാകുന്ന അടിത്തറ ബലപ്പെടുത്തിയശേഷം ഓരോ വചനത്തിന്റെയും interpretation - വ്യാഖ്യാനം സുറിയാനി സഭ നൽകിയിട്ടുള്ളത് പഠിക്കുകയും, പഠിപ്പിക്കുകയുമാണ് വേണ്ടത്.
അതിനാൽ സ്വാർത്ഥതക്കും, ദ്രവ്യത്തിനു വേണ്ടിയും, നിലകൊള്ളുന്നവർ വേദവിപരീതങ്ങളുമായി പൊരുതുന്ന ഈ കാലത്ത് മഹത്തരമായ പരിശുദ്ധ അന്ത്യാഖ്യാ സുറിയാനി സഭയെക്കുറിച്ചുള്ള അറിവ് - മറ്റു സഭകളിൽ നിന്നും വ്യത്യസ്ഥമായ ആ സഭയുടെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചുള്ള പഠനം അത്യന്താപേക്ഷിതമാണ്.
സ്വത്തല്ല, വിശ്വാസമാണ് സംരക്ഷിക്കപ്പെടേണ്ടത്.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.