Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ആരാധനാ വർഷത്തിലെ കൂദോശ്-ഈത്തോ ഞായർ.

1] ഈ ആരാധന വർഷത്തിലെ [Liturgical Year 2022-23] അവസാനത്തെ ദിവസമാണ് ഇന്ന് 4.11.2023.

2] നാളെ 5.11.2023 കൂദൊശ് ഈത്തോ ഞായറാഴ്ച പുതിയ ആരാധന വർഷം 2023-24 ആരംഭിക്കുന്നു.

3] മറ്റു വാർഷിക കലണ്ടറുകളിൽ സാധാരണ വർഷത്തിന് 365 ദിവസവും അധിവർഷത്തിനു 366 ദിവസവുമാണുള്ളത്.

എന്നാൽ പരിശുദ്ധ സഭയുടെ ആരാധനവർഷത്തിന് 364 ദിവസമേയുള്ളൂ. അധിവർഷത്തിന് 371 ദിവസവും. ഇന്ന് തീരുന്ന ആരാധനാവർഷത്തിന് 371 ദിവസമുണ്ട്. ഇനി ആരാധനാവർഷത്തിന് അധിദിവസങ്ങൾ വരിക 2027കൂദോശ് ഈത്തോ (ഒക്ടോബർ 31 ഞായർ) മുതൽ 2028 (നവംബർ 5 ഞായർ) കൂദോശ് ഈത്തോ വരെയുള്ള ആരാധനാ വർഷത്തിൽ ആയിരിക്കും.

4] ഇപ്പോഴത്തെ സംവിധാനമനുസരിച്ചു ഒക്ടോബർ 29-നു ശേഷം വരുന്ന ആദ്യ ഞായർ ആണ് പരിശുദ്ധ സഭയുടെ ആരാധന വർഷം ആരംഭിക്കുന്നത്.

(ഒക്ടോബർ 30,31 എന്നീ തീയതികൾ   ഞായറാഴ്ചയായി വന്നാൽ അന്നോ, ഇല്ലെങ്കിൽ നവംബർ മാസത്തിലെ ആദ്യ ഞായറാഴ്ചയോ കൂദോശ് ഈത്തോ എന്ന് ചിലർ കുറെക്കൂടി വ്യക്തമാക്കി വിവരിച്ചു പറയും).

7] കൂദോശ്-ഈത്തോ ഞായറാഴ്ച [സന്ധ്യ/കുർബാന] വായിക്കുന്ന ഏവൻഗേലിയോൻ വേദശാസ്ത്ര പ്രകാരം വളരെ പ്രധാനപ്പെട്ടതും മഹത്വമേറിയതും ഘനഗംഭീരവും ആഴമേറിയ സത്യങ്ങൾ ഉൾക്കൊള്ളുന്നതുമായ  സുവിശേഷഭാഗമാണ്.

വിശുദ്ധ മത്തായി 16:13 മുതലുള്ള വാക്യങ്ങൾ. ശ്ലീഹന്മാരിൽ തലവനായ പത്രോസ് ശ്ലീഹായുടെ വിശ്വാസപ്രഖ്യാപനവും യേശുമിശിഹാ അവിടെ വച്ച് സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകളും പരിശുദ്ധ സഭയുടെ ഭരണവും പ്രത്യേക അധികാരങ്ങളും അവന് ഭരമേല്പിക്കുകയും ചെയ്യുന്നതായ കാര്യങ്ങളാണ് ഇവിടെ  വായിക്കുന്നത്. വിശുദ്ധ പത്രോസ് ശ്ലീഹായുടെ പ്രാമുഖ്യവും പ്രഥമസ്ഥാനവും അവന്റെ സിംഹാസനത്തിനു മാത്രം അവകാശപ്പെട്ട വിശേഷ അധികാരങ്ങളും കർത്താവായ യേശുക്രിസ്തു ഇവിടെ ഉറപ്പിച്ചു കൊടുക്കുന്നു.

8] ഈ സത്യം വെളിപ്പെടുത്തുന്നത് "(പരിശുദ്ധാത്മാവിൽക്കൂടി) സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രേ'' എന്ന് ക്രിസ്തു പ്രസ്ഥാവിക്കുന്നതിനാൽ അവിടെ വിശുദ്ധ ത്രിത്വം അദൃശ്യമായി പ്രത്യക്ഷപ്പെട്ടു വിശുദ്ധ പത്രോസിന്റെ അപ്പോസ്തോലിക പ്രാമുഖ്യം (PETER'S PRIMACY) വെളിപ്പെടുത്തി ഉറപ്പിച്ച് പ്രഖ്യാപിക്കുന്നുവെന്ന് മനസ്സിലാക്കാം. 

9] ഈ ഭാഗത്തിൽ നിന്ന് തന്നെയാണ്, മേല്പട്ട സ്ഥാനാഭിഷേകം, പള്ളി ശിലാസ്ഥാപനം, പള്ളി കൂദാശ, എന്നീ സന്ദർഭങ്ങളിലും ഏവൻഗേലിയോൻ വായിക്കുക.

10] അന്നത്തെ ശ്ലീഹാവായനകൾ ഹൂദോസ് ഈത്തോ ഞായറാഴ്ചയും ആവർത്തിക്കുന്നു.

കൂദേശ് - ഈത്തോ അഥവാ സഭയുടെ ശുദ്ധീകരണം.

ഒക്ടോബർ 30-ാം തീയതിയോ അതുകഴിഞ്ഞോ വരുന്ന ആദ്യ ഞായറാഴ്ച്ച പരിശുദ്ധ സുറിയാനി ഓർത്തഡോക്സ് സഭ കൂദോശ്‌ - ഈത്തോ ആയി ആചരിക്കുന്നു. സഭയുടെ ആരാധനാ വർഷം ആരംഭിക്കുന്നത്‌ കൂദോശ്‌ ഈത്തൊയിലൂടെയാണ്. 

ഏവൻഗേല്യോൻ ഭാഗം വിശുദ്ധ മത്തായി 16:15 - 23 വരെയുളള വാക്യങ്ങൾ.

15-ാം വാക്യം. “നിങ്ങളോ എന്നെ ആർ എന്നു പറയുന്നു?" എന്നു അവൻ  ചോദിച്ചതിന്നു ശിമോൻ പത്രൊസ്: "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു" എന്നു ഉത്തരം പറഞ്ഞു.

ശ്ലീഹന്മാരിൽ തലവനായ പത്രോസ്‌ ഏറ്റുപറഞ്ഞ വിശ്വാസത്തിൽ താനാകുന്ന മൂലക്കല്ലിന്മേൽ ക്രിസ്തുനാഥൻ പണിതുയർത്തിയ തിരുഗാത്രമാകുന്ന വിശുദ്ധസഭ തന്റെ നിത്യമാം വിശുദ്ധിയിൽ നിലനിൽക്കുവാനായി താൻ തന്റെ ജീവനെ അവൾക്കായി ബലിയർപ്പിച്ചു. വിരലിന്മേൽ മോതിരമായി തിരുമെയ്‌രക്തങ്ങളെ അണിയിച്ച്‌ താൻ തനിക്കായ്‌ വേർത്തിരിച്ച ഈ മണവാട്ടി, കറയും ചെളിയുമന്യേ പുതുക്കപ്പെട്ടു എന്നും തന്റെ മണവാളനായി ഒരുങ്ങിയിരിക്കേണ്ടതിന്റെ ആവശ്യകതയെ കൂദോശ്‌ ഈത്തൊ പെരുന്നാൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

മത്തായി 16:17. യേശു അവനോടു: “ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു. 

18. നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു. 

19. സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും” എന്നു ഉത്തരം പറഞ്ഞു.

'ശീമോൻ' എന്ന വാക്കിനു ഞാങ്ങണ'' (ഓട) എന്നും 'പത്രോസ്‌' എന്നതിനു 'പാറ' എന്നുമാണു അർത്ഥം. ഇതാണു ശരിക്കും എനിക്കും നിനക്കും സഭയിലൂടെ ഉണ്ടാകേണ്ട രൂപാന്തരം. യൗനാന്റെ പുത്രനായ കാറ്റിലാടുന്ന ഞാങ്ങണയായ ശീമോനേ ദൈവപൈതലാക്കി നീറോയുടെ പീഢയിലും പതറാത്ത കേഫായാക്കിത്തീർത്ത വിശ്വാസം അത്‌ സ്വർഗ്ഗസ്ഥനായ ദൈവത്തിൽ നിന്ന് നീ പ്രാപിക്കണം. അപ്പോൾ പാതാള ഗോപുരങ്ങൾ നിനക്ക്‌ മുന്നിൽ പരാജയമടയും. നിനക്ക്‌ ദൈവം ദാനമായി നൽകിയ സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ തുരുമ്പിച്ച്‌ ഉപയോഗശൂന്യമായി നശിക്കാതെ വിശുദ്ധ കൂദാശകളിലൂടെ പ്രാർത്ഥനയിലും ഉപവാസത്തിലും കൂടെ ആയതിനെ ഉപയുക്തമാക്കുവാൻ നമുക്ക്‌ സാധിക്കണം. നാം ഈ ഭൂമിയിൽ ക്രിസ്തുവിന്റെ സ്ഥാനപതികൾ (Ambassador) ആണെന്നത് മറക്കരുത്‌. 

നമ്മേ സൃഷ്ടിച്ച്‌ ഇന്നയോളം കാത്തു പരിപാലിച്ച നമുക്കായി താതന്റെ സമക്ഷം മേശയൊരുക്കി കാത്തിരിക്കുന്ന ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കുവാൻ അവിടുന്ന്  നമ്മെ അനുഗ്രഹിക്കട്ടെ.

Declaration of True Faith by St.Peter- പത്രോസിന്റെ ഏറ്റുപറച്ചിൽ ക്രൈസ്‌തവ  ദൈവശാസ്ത്രത്തിൽ.

“അങ്ങ് ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ മ്ശീഹായാകുന്നു’’ -You are the Messiah, the Son of the living God.’ 

1. അത് ക്രൈസ്തവ സഭയുടെ ഏറ്റവും സൂക്ഷ്മമായ വിശ്വാസപ്രമാണമാണ്‌. - MICRO CREED. 

2. അത് പിതാവായ ദൈവം അപ്പോസ്തോലന്മാരുടെ തലവനായ വിശുദ്ധ പത്രോസിനു  നേരിട്ട് വെളിപ്പെടുത്തി കൊടുത്തതാണ്.

3. അത് മനുഷ്യാവതാരം ചെയ്ത ദൈവപുത്രനെപ്പറ്റിയുള്ള സമ്പൂർണ്ണമായ സാക്ഷ്യപ്പെടുത്തലാണ്.

4. കർത്താവിന്റെ മാമോദീസാ സമയത്തും,  തേജസ്സ്കരണ സമയത്തും, യവന്മാർ തന്നെ കാണാൻ വന്നപ്പോഴും [യോഹ 12:28] പിതാവായ ദൈവം ക്രിസ്തു തന്റെ പ്രിയപുത്രനാണെന്നു അശരീരി മുഖാന്തിരം പ്രഖ്യാപിച്ചു, മഹത്വീകരിച്ചു. എന്നാൽ ഇവിടെ  അത് അപ്പോസ്തോലന്മാരിൽ തലവനായ പത്രോസിനു നേരിട്ട് വെളിപ്പെടുത്തി. മേല്പറഞ്ഞ മൂന്നു സന്ദർഭങ്ങളിലും വിശുദ്ധ ത്രിത്വത്തിന്റെ നിഴൽ കാണുന്നതുപോലെ ഇവിടെയും പിതൃ-പുത്ര സജീവ ബന്ധവും ‘ജീവനുള്ള ദൈവം’ എന്ന വിശേഷണവും കാണുന്നുണ്ട്. സകലത്തെയും ജീവിപ്പിക്കുന്ന ദൈവമാണ് പരിശുദ്ധ റൂഹാ.

5. വിശുദ്ധ പത്രോസിന്റെ പ്രഥമസ്ഥാനവും നേതൃത്വവും സ്വർഗ്ഗത്തിൽ നിന്നുള്ളതാണ്. അത് യേശുക്രിസ്തു ഇവിടെ പരസ്യപ്പെടുത്തുകയും വിശുദ്ധ മത്തായി  അടക്കമുള്ള ശിഷ്യന്മാർ  അംഗീകരിക്കുകയും ചെയ്യുന്നു.

6. പഴയ നിയമ ഇസ്രായേലിനു അബ്രാഹാം എന്നപോലെ [ഏശായ 51:2] പുതിയ നിയമ ഇസ്രായേലിനു പത്രോസ് പാറയാകുന്നു.

7. കെട്ടുവാനും അഴിക്കുവാനുമുള്ള  താക്കോൽ. ഏശായാ 22:21-23 വരെയുള്ള  വാക്യങ്ങളാണ് ഇവിടെ സ്മരിക്കപ്പെടുന്നത്  എന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. നിന്‍റെ അങ്കി ഞാൻ അവനെ ധരിപ്പിക്കും. നിന്‍റെ കച്ചകൊണ്ട് അവന്‍റെ അരകെട്ടും. നിന്‍റെ അധികാരം എടുത്തു ഞാൻ അവന്‍റെ കയ്യിൽ ഏല്പിക്കും. അവൻ യറൂശലേം വാസികൾക്കും യഹൂദാ ഗൃഹത്തിന്നും ഒരു പിതാവായിരിക്കും. ഞാൻ ദാവീദ് ഗൃഹത്തിന്‍റെ താക്കോൽ അവന്‍റെ തോളിൽ വയ്ക്കും. അവൻ തുറന്നാൽ ആരും അടയ്ക്കുകയില്ല. അവൻ അടച്ചാൽ ആരും തുറക്കുകയുമില്ല. ഉറപ്പുള്ള സ്ഥലത്ത് ഒരു  ആണി പോലെ ഞാൻ അവനെ തറയ്ക്കും. അവൻ തന്‍റെ പിതൃഭവനത്തിന്നു മഹിമയുള്ള ഒരു സിംഹാസനം ആയിരിക്കും.

8. യേശുക്രിസ്തുവിന്റെ കാലത്തു ശാസ്ത്രിമാർ തങ്ങളുടെ വേദാധ്യയനകാലം  വിജയകരമായി പൂർത്തീകരിക്കുമ്പോൾ  അവരുടെ ബിരുദദാന ചടങ്ങിൽ ഒരു താക്കോലാണ് ഓരോരുത്തനും സമ്മാനമായി കൊടുത്തിരുന്നത്. വേദം വായിക്കാനും വ്യാഖ്യാനിക്കാനുമുള്ള  അവകാശത്തിന്റെയും അധികാരത്തിന്റെയും പ്രതീകം കൂടിയാണത്. ഇവിടെ ക്രിസ്തുവിന്റെ വചനങ്ങൾ  വ്യാഖ്യാനിക്കാനുള്ള അധികാരംകൂടി പത്രോസിനു നൽകി എന്ന് ധരിക്കാം. അതുകൊണ്ടാണ് വിശുദ്ധ ഗ്രന്ഥം. വ്യാഖ്യാനിക്കുള്ള അധികാരം പരിശുദ്ധ സഭക്കാണെന്നു പറയുന്നത്.

9. ‘ദൈവത്തിന്റെ പുത്രൻ’ എന്ന  പ്രയോഗത്തിലെ പുത്രൻ എന്ന പദത്തിന് ഗ്രീക്ക് ഭാഷയിൽ ഉപയോഗിച്ചിരിക്കുന്ന HUIOS എന്ന ഗ്രീക്ക്പദത്തിന്റെയും നിഖ്യാ വിശ്വാസപ്രമാണത്തിലെ ‘ഏക സാരാംശമുള്ള' എന്ന പദത്തിന്റെ [Homoousion] യും ഗ്രീക്ക് മൂലം ഒന്നു തന്നെയാണ്.

10. വിശുദ്ധ പത്രോസിന്റെ വിശ്വാസ പ്രഖ്യാപനത്തെ പരിശുദ്ധ സഭയുടെ  പണ്ഡിതന്മാർ The Micro Creed എന്നു വിശേഷിപ്പിക്കാറുണ്ട്.

11. 'സഭ' എന്ന പദം ക്രിസ്തു രണ്ട് അവസരങ്ങളിൽ മാത്രമേ ഉപയോഗിച്ചതായി സുവിശേഷങ്ങളിൽ കാണുന്നുള്ളൂ. വിശുദ്ധ മത്തായി 16:18; 18:17 എന്നീ ഭാഗങ്ങളിൽ.

12. ആദ്യ സന്ദർഭത്തിൽ കർത്താവ്  പണിയാൻ പോകുന്ന സഭയെപ്പറ്റിയും രണ്ടാമത്തെ സന്ദർഭത്തിൽ പണിയപ്പെട്ട സഭയിലെ ശിഷ്യന്മാരുടെ ദൗത്യത്തെപ്പറ്റിയുമാണ് പ്രസ്താവിച്ചിരിക്കുന്നത എന്ന് മനസ്സിലാക്കാം.

13. പരിശുദ്ധ സഭയുടെ തക്സാകളിലും ആരാധനാക്രമങ്ങളിലും കൂദാശ ക്രമങ്ങളിലും പെരുന്നാൾ വായനകളിലും മറ്റു ശുശ്രൂഷകളിലുമെല്ലാം പിതാക്കന്മാർ പരിശുദ്ധ അപ്പോസ്തോലനാകുന്ന പാറ മേലാണ് ക്രിസ്തു തന്റെ സഭയെ പണിതിരിക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

14. കത്തോലിക്കാ സഭയും ഈ വിധമാണ്  വിശദീകരിക്കുന്നത് എങ്കിലും അവർ  റോമിലെ പാപ്പായുടെ അപ്രമാദിത്വം വിശദീകരിക്കുവാനാണ് ഈ വാക്യങ്ങൾ ഉപയോഗിക്കുന്നത്. അത് ആ സഭയെ  അപകടരമായ അവസ്ഥകളിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ സുറിയാനി സഭ  'അപ്രമാദിത്വം' എന്ന ആശയം പരിശുദ്ധ പാത്രിയർക്കീസിൽ ആരോപിക്കുന്നില്ല.

ശുദ്ദീകരണം എങ്ങനെ?

ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നെ. (വി.മത്താ.16:13-23).

പൗരസ്ത്യ സഭകളുടെ ആരാധന സംവൽസരത്തെ ഏഴ് കാലങ്ങളായി തിരിച്ചിരിക്കുന്നു. സഭയുടെ ശുദ്ധീകരണം/കൂദാശ് ഈത്തൊ എന്ന കാഴ്ചപ്പാടോടുകൂടിയാണ് ആരാധന കാലം ആരംഭിക്കുന്നത്. 

ശുദ്ധീകരണകാലം, അറിയിപ്പുകാലം, ദനഹ കാലം, നോമ്പുകാലം ഇങ്ങനെ വ്യത്യാസപ്പെടുത്തിയിരിക്കുന്ന ഈ കാലഗണനയിൽ ആദ്യത്തെതാണ്കൂദാശ് ഈത്തൊ ഞായറാഴ്ച. ദൈവത്തിനായി വേർതിരിക്കപ്പെട്ടതിനാൽ വിശുദ്ധം അഥവാ 'കാദേശ്' എന്ന  സംജഞ സ്വീകരിക്കപ്പെടുന്ന പരിശുദ്ധ സഭയുടെ,  ഈത്തോ, എന്ന പദത്തിന് 'ഭവനം' എന്ന അർത്ഥമുള്ളതിനാൽ പരിശുദ്ധ സഭയെ ദൈവഭവനം എന്ന പരിഗണനയിലാണ് സമീപിക്കുന്നത്. 

ശുദ്ധീകരണത്തിനായി വേർതിരിക്കപ്പെട്ടിരിക്കുന്ന കാലത്തിലെക്കാണ് ആരാധന സമൂഹം പ്രവേശിക്കുന്നത്. 

ദൈവം വസിക്കുന്ന ഇടമാണ് ദേവാലയം. അഥവാ കുറച്ചുകൂടി  വിശാലമായ അർത്ഥത്തിൽ സഭ എന്നത്. 

1.കൊരി.3:16-17. "നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവം നിങ്ങളിൽ വസിക്കുന്നുവെന്നും അറിയുന്നില്ലയോ"?. ഇന്നത്തെ വേദവായനയോട് കുറേക്കൂടി ചേർത്തുവയ്ക്കാൻ കഴിയുന്ന വാചകങ്ങളാണ് പരിശുദ്ധനായ പൗലോസ് ശ്ലീഹ ഇനിയും പറയുവാൻ പോകുന്നത്. അതെന്താണ്? "ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ. നിങ്ങളും അങ്ങനെ തന്നെ". 

ശുദ്ധീകരണ പെരുന്നാളിലെ വേദവായന ഭാഗത്തിന്റെ ധ്യാനം, അന്നുമുതൽ, തുടർന്നുവരുന്ന മുഴുവൻ ആരാധന നിമിഷങ്ങളുടെയും ജീവിത ക്രമീകരണത്തിന് നമ്മെ പ്രേരിപ്പിക്കുന്നതാണ്. ശുദ്ധീകരിക്കപ്പെടുന്ന അനുഭവത്തിൽ നിന്ന് വേണം പ്രതിഷ്ഠിക്കപ്പെടുന്ന ആ പടിയിലേക്ക് പ്രവേശിക്കുവാൻ. അതിനുശേഷം മാത്രമേ മനുഷ്യചരിത്രം ഇന്നുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത നവം നവങ്ങളായ അനുഭവങ്ങൾക്ക് സാക്ഷികൾ ആകുവാൻ വിശ്വാസ ജീവിതത്തിന് കഴിയുകയുള്ളൂ. പ്രാർത്ഥന വേളകളിൽ മാലാഖമാർ സന്നിഹിതരാകുന്നു, കന്യക ഗർഭിണിയാകുന്നു. അങ്ങനെയങ്ങനെ വിസ്മയ കാഴ്ചകളുടെ പെരുന്നാളുകളിലേക്കുള്ള പ്രവേശനത്തിന് വേദം ആവശ്യപ്പെടുന്ന ഏറ്റവും പ്രധാനമായ മാനദണ്ഡം ഒന്നുമാത്രമാണ്; ശുദ്ധീകരണം. ആന്തരികവും ബാഹ്യവുമായ ശുദ്ധീകരണം. 

എന്തുകൊണ്ട് ശുദ്ധീകരിക്കപ്പെടണം? 

സഭയെന്നത് കേവലം ഒരാൾക്കൂട്ടമല്ല മറിച്ച്, അത് വിളിച്ചു വേർതിരിക്കപ്പെട്ട ഒരു സമൂഹമാണ്. വിളിച്ചവന്റെ ഗുണങ്ങളെ ഘോഷിക്കുവാൻ നിയോഗിക്കപ്പെട്ട രാജകീയ പുരോഹിത വർഗ്ഗം. അതുകൊണ്ടുതന്നെ ആ വ്യതിരക്തത സാമൂഹ്യബന്ധങ്ങളിൽ സഭ പുലർത്തേണ്ടതായിട്ടുണ്ട്.

എഫെ. 4:1-6 വരെയുള്ള വാക്യങ്ങൾ പറയുന്നത്, വിളിക്കപ്പെടുവാനായിട്ടാണ് കർത്താവിനോട് ബന്ധിക്കപ്പെട്ടിരിക്കുന്നത് എന്നാണ്. (Called to be bound to the Lord)

പൗലോസ് ശ്ലീഹ വിളിക്കപ്പെട്ടവനാണ്. (അപ്പോസ്തോല പ്രവർത്തികൾ 9: 4-6) ദൈവവിളിക്ക് ശേഷം ശൗലിനുണ്ടായ വ്യത്യാസമാണ് പൗലോസ് എന്ന ആളത്വം.

'ശൗൽ' എന്ന വാക്കിന് എബ്രായ ഭാഷയിൽ 'ചോദ്യം ചെയ്യുന്നവൻ' എന്നുകൂടി അർത്ഥമുണ്ട്. 'പൗലോസ്' എന്നതിനാവട്ടെ 'ചെറിയവൻ /വിനയാന്വിതൻ' എന്നാണ് ലത്തീൻ ഭാഷാന്തരം. ഞാൻ അപ്പോസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ. (1.കോരി.5:9).

വിളിക്കപ്പെട്ടവർ വിനയമുള്ളവരാകണം എന്നാണ് പൗലോസിന്റെ ഓർമ്മപ്പെടുത്തൽ. 

ഒരുവൻ ക്രിസ്തുവിനായാൽ അവൻ പുതിയ സൃഷ്ടിയാകുന്നു എന്നത് വിളിക്കപ്പെട്ടവരുടെ പൊതു സ്വഭാവമായാണ് തിരുവചനം സൂചിപ്പിക്കുന്നത്. (1.കോരി.5:17). അതുകൊണ്ടുതന്നെ ഇനി വെളിപ്പെടേണ്ടത് ഞാനല്ല ക്രിസ്തുവാണ്. 

നമ്മുടെ കർത്താവിന്റെ ആത്യന്തിക സ്വഭാവം വിശുദ്ധിയായതിനാൽ അവന്റെ ശരീരമാകുന്ന സഭയിലെ അംഗങ്ങളുടെ സ്വഭാവവും അതുതന്നെയായിരിക്കണം. (സങ്കീർത്തനം 30:4,97:12).

ഈ കൂദോശ്  ഈത്തോ പെരുന്നാളിൽ ക്രിസ്തു സ്വഭാവത്തിലേക്ക് പുനരാനയിക്കപ്പെടുവാനായി നമ്മൾക്ക് പ്രാർത്ഥിക്കാം.

ഞാൻ (നിനക്ക്) ആരാണ്?

ശുദ്ധീകരിക്കപ്പെട്ട ഒരു സമൂഹം നിരന്തരം വിധേയപ്പെടേണ്ട ഒരു ചോദ്യമാണിത്; 

ഞാൻ ആരാണ്? 

അതോടൊപ്പം ഓരോ നിമിഷവും ദൈവമുമ്പാകെ ചോദിക്കേണ്ട ഒരു ചോദ്യവും കൂടിയാണിത്. അവൻ എനിക്ക് ആരാണ്?

ഇതിനോട് ചേർന്നു വരുന്ന പ്രസക്തമായ ചില അന്വേഷണങ്ങൾ, മറ്റുള്ളവർ ദൈവത്തെപ്പറ്റി എന്താണ് ചിന്തിക്കുന്നത്? 

ദൈവസ്വരൂപവും സാദൃശ്യവുമായി സൃഷ്ടിക്കപ്പെട്ട എന്നിലൂടെ ക്രിസ്തുവിനെ പങ്കുവെക്കാൻ കഴിയുന്നുണ്ടോ?

ഞാൻ മറ്റുള്ളവരുമായി പങ്കുവെക്കുന്ന ക്രിസ്താനുഭവം എന്താണ്? എന്നിവയും കൂടിയാണ്.

ക്രിസ്തീയ ജീവിതം നിരന്തരമായ അന്വേഷണത്തിന്റെ ജീവിതമാണ്. 

സങ്കീർത്തനം 27:8 ദൈവമുഖം അന്വേഷിക്കുവാനുള്ള ഓർമ്മപ്പെടുത്തലുകൾ തരുന്നുണ്ട്. 

ആരാധനാ ജീവിതത്തിന്റെ ലക്ഷ്യവും ഇതുതന്നെയാണ്. സത്യാന്വേഷണം എന്നൊക്കെ വിശേഷിക്കപ്പെടുന്നത് 

ഈ തിരയലിന്റെ മറു പേരാണ്. 

റോമർ 12:1, നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി എന്ന് ശ്ലീഹാ പറയുന്നതിന്റെ പൊരുൾ, സങ്കീർത്തനം 17:2-ൽ നമ്മൾ കാണുന്നുണ്ട് ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ എന്നാണ് അവിടെ വായിക്കുന്നത്. 

അപ്പോൾ ദൈവത്തെ അന്വേഷിക്കുക എന്നതാണ് ആരാധനയുടെ അടിസ്ഥാന തത്വം. 

അകലങ്ങളിൽ എവിടെയോ ഇരിക്കുന്ന ഒരാൾ അല്ല ദൈവം, മറിച്ച് നിരന്തരമായ ആരാധന അനുഭവത്തിലൂടെ ഞാൻ അറിയേണ്ട സാന്നിധ്യമാണ്. ഓരോ ആരാധനയ്ക്കുമുള്ള ഒരുക്കത്തിൽ ഇത് സ്വയം ചോദിച്ചു കൊണ്ടേയിരിക്കുക.

അലക്സാണ്ടർ ക്ലിമ്മീസ് പിതാവ് പറയുന്നു; 

We know that God is. But, not what He is. 

ദൈവമുണ്ട് എന്നതൊരു അറിവാണ്. എന്നാൽ അവൻ എനിക്ക് ആരാണ് എന്നത് കേവലം അറിവല്ല. അത് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഉരുവായി വരണ്ട ഒരു ബോധ്യമാണ്. അറിവുകൾ നിരന്തരം വ്യത്യാസപ്പെടാം/ പുതുക്കപ്പെടാം. എന്നാൽ, ബോധ്യം എന്നത് ഉറച്ചു പോകുന്നതാണ്. 

ഈ ബോധ്യമില്ലായ്മയുടെ പരിണിതഫലമാണ് വി.മത്തായി 16:23-ൽ കാണുന്നത്. ഇവിടെ ക്രിസ്തു പത്രോസിനെ ശകാരിക്കുന്നത് സാത്താൻ എന്ന് വിളിച്ചു കൊണ്ടാണ്. നോക്കുക, തൊട്ടുമുമ്പ് 16:17-ൽ ഭാഗ്യവാൻ എന്ന് വിളിച്ച് അവനെ അഭിനന്ദിച്ച ക്രിസ്തു, ശരിയായ രീതിയിൽ തന്നെ അറിയാതെ പോകുന്ന പത്രോസിനെ സാത്താൻ എന്ന് വിളിക്കുന്നു. 

'ഞാൻ നിനക്ക് ആരാണ്' എന്ന ക്രിസ്തുവചനത്തിന്റെ ശരിയായ മറുപടി നൽകുന്നതും ശുദ്ധീകരണ അനുഭവത്തിന്റെ പ്രാഥമിക പടികളുടെ സൂചനയാണ്.

Recommended

  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • നമ്മെ ആദരിക്കുന്ന നല്ല ദൈവം.
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • ഇരുപത്തുനാലു മൂപ്പന്മാർ.
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • നാല്പതാം വെള്ളിയുടെ പ്രാധാന്യം എന്താണ്?
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • കൂദാശകൾ 'ഷോ'കളാക്കരുത്
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • ക്രിസ്ത്യാനിക്ക് വിവാഹം കൂദാശയോ അതോ റിയാലിറ്റി ഷോയോ ???
  • Church Fathers Memorial Day
  • അപ്പോക്രിഫാ.
  • സുറിയാനി ക്രിസ്ത്യാനികളുടെ പേരിടീൽ.
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • നമ്മൾ നക്ഷത്രത്തെ വരയ്ക്കുമ്പോൾ അധികവും 5 മൂലകൾ ഉള്ളത് വരയ്ക്കുന്നത് എന്തുകൊണ്ട് ?
  • ആരാധനാ വർഷത്തിലെ കൂദോശ്-ഈത്തോ ഞായർ.
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • ആരാധനയിലെ അപക്വമായ ആലാപന ശൈലി.
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • സംഗീതം എന്ന ഔഷധം. Music Therapy
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • വിശ്വാസ സംരക്ഷകരാവുക.
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • വിശുദ്ധ മദ്ബഹാ.
  • കാലഗണനയുടെ ABCDE.
  • വലയ വെള്ളിയാഴ്ച
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • റമ്പാൻ.
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.
  • ചെറുതായവരെ കരുതുക.
  • ഉപമകൾ.
  • സ്ത്രീകൾ മൂക്ക് കുത്തുന്നത് വേദശാസ്ത്രപരമായി
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ
  • പരിശുദ്ധ പത്രോസ്‌ ശ്ലീഹാ മുതൽ ഇപ്പോഴത്തെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ വരെ.
  • പിച്ചള സർപ്പം.
  • സാറാഫുകൾ
  • വിശുദ്ധ കുർബ്ബാന. (ഒരു ചെറുപഠനം).
  • വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ പോകുന്നത്.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved