ഹാ! ഇന്ന് ഞായറാഴ്ചയല്ലേ. ആരാധന കാണാമെന്നു കരുതി ദേവാലയത്തിൽ പോയതാണ്. ദൈവത്തെ കാണുന്നതിന് പകരം ദൈവത്തേക്കാൾ വലിയ മനുഷ്യനെ കാണുവാൻ സാധിച്ചു. പക്ഷേ ദൈവം അവരെ കാണുന്നുണ്ടോ എന്നൊരു സംശയം. അവർക്കതൊരു പ്രശ്നമല്ലല്ലോ. പിന്നന്താ?
പുറമെ നിന്നു നോക്കിയാൽ മനോഹരം. പള്ളിയുടെ കുരിശിനേക്കാൾ തലയെടുപ്പോടുകൂടി നിൽക്കുന്ന സ്വർണ്ണക്കൊടിമരവും, പൈതൃകം തോന്നിക്കുവാൻ വേണ്ടി പണിഞ്ഞ ചില 'വൈകൃത' നിർമ്മാണ രീതിയും, മുൻവശം മുഴുവനും ഓടു പാകി അതിലൂടെ ഓടിക്കളിക്കാവുന്ന മുറ്റവും, അറിയാതെ ആ മുറ്റത്ത് വണ്ടിയോടിച്ചു കയറ്റിയാൽ, "ഓടടാ" എന്ന് പറഞ്ഞാട്ടാട്ടിയോടിക്കുന്ന സെക്യൂരിറ്റിയും. ആഹാ! സ്വർഗ്ഗതുല്യം.
പുറം കാഴ്ചകളൊക്കെ കണ്ട് ഒരു വിധത്തിൽ പള്ളിയുടെ അകത്തെത്തി. ഉൾവശം മനോഹരമായിരിക്കുന്നു. പള്ളി അകം മുഴുവനും തണുപ്പാണ്. അതും കൊടും തണുപ്പ്. ഹേയ്, അതിന് പേടിക്കേണ്ട, മോർച്ചറിയിൽ വെക്കുമ്പോൾ തണുപ്പിനെ പഴിക്കാതിരിക്കാനുള്ള ട്രയിനിങ്ങായിട്ട് കണ്ടാൽ മതി. ഏ.സിയും ഈസി ചെയറുമുള്ളതുകൊണ്ട് കുമ്പിടണ്ട, കുരിശു വരയ്ക്കണ്ട, ദൂരെക്കാഴ്ച കുറഞ്ഞവർക്ക് വലിയ ടീവിയും, പുസ്തകം നോക്കാൻ പറ്റാത്തവർക്ക് വലിയ പ്രൊജക്ടർ ഡിസ്പ്ലേയും, ദാഹം തീർക്കാൻ ചൂടും തണുപ്പുമുള്ള (മിനറൽ) 'ക്രിമിനൽ' വാട്ടറും. ഇനി നല്ലൊരു കസേര കിട്ടിയാൽ സുഖമായിരുന്ന് പള്ളിയകത്ത് രണ്ടര മണിക്കൂറിൽ നടക്കുന്ന എല്ലാ പെർഫോമെൻസും സൂപ്പറായി കാണാം. വല്ലപ്പോഴുമൊക്കെ എഴുന്നേൽക്കുകയും ഇരിക്കുകയും വേണമെന്നുള്ളതാണ് ആകെയുള്ള ബുദ്ധിമുട്ട്. ഇത്രയും സുഖ സൗകര്യങ്ങളുള്ളതുകൊണ്ട് ആരും ഉറങ്ങിപ്പോകാതിരിക്കാനാകും ഈ രീതി. ദോഷം പറയരുതല്ലോ. ഇതൊരു ടിക്കറ്റ് പ്രോഗ്രാമല്ല, എന്നാൽ സൗജന്യമാണെന്നങ്ങ് തീർത്ത് പറയാനും പറ്റില്ല. കാരണം 'സ്തോത്രകാഴ്ച' എന്ന പേരിൽ 10 രൂപായെങ്കിലും ഇടണം. പിന്നെ എല്ലാവരും ഇടുന്ന നോട്ടിന്റെ മൂല്യമനുസരിച്ചുള്ള നോട്ടും കൈയിൽ കരുതിക്കൊള്ളണം. പേടിക്കേണ്ട, അവിടെ ഇടാനൊന്നുമല്ലന്നേ, ഒരു ധൈര്യത്തിന്. എല്ലാവരും ഇടുന്നതിനനുസരിച്ച് നമ്മളും ഇട്ടാൽ മതി. ഇല്ലെങ്കിൽ നമ്മുടെ സ്റ്റാറ്റസ് വാല്യൂ ഇടിയും. ആ! പിന്നൊരു കാര്യം. ആവേശം കാണിച്ച് ആദ്യമേ അഞ്ഞൂറിട്ട് ഷൈൻ ചെയ്യാനൊനും നിൽക്കണ്ട. നേർച്ചയിടാൻ വരുമ്പോൾ അഞ്ഞൂറിനുള്ളിലൊളിപ്പിച്ചുവെച്ച കുഞ്ഞു പത്തു രൂപായെടുത്ത് കൈവെള്ളയിലിട്ട് ഞെക്കി, ഞെരുടി, സകല വൈര്യാഗ്യത്തോടും ആ നോട്ട് ചുരുട്ടിക്കൂട്ടി ആരും കാണാതെ നേർച്ചപ്പാത്രത്തിൽ അമർത്തി വെക്കണം. അഞ്ഞൂറ് കൈയിലൊളിപ്പിച്ച് പിടിക്കുന്ന മാജിക്ക് പല തവണ വീട്ടിലിരുന്ന് പരിശീലിക്കാനും മറക്കരുത്. മറന്നാൽ ധനനഷ്ടവും മാനനഷ്ടവും ഒരുമിച്ചു വരും. ആ, പോട്ടെ സാരമില്ല, വിഷമിക്കേണ്ട, എന്തായാലും ഇട്ടതിട്ടു, കഷ്ടം; ഇട്ടതു പത്തായാലും ഇട്ടവനു നഷ്ടം. കിട്ടിയവന് നേട്ടം.
പുറത്തിറങ്ങിയാൽ പിരിക്കലും, തിരിക്കലും, കുത്തിത്തിരിക്കലും, ഞെക്കലും, ഞെരുക്കലും, കക്കലും, മുക്കലും, മുടിക്കലും എല്ലാം കാണാനും സഹിക്കാനുള്ള മനക്കരത്ത് വേണം. "എന്നെ ശക്തനക്കുന്നവൻ മുഖാന്തിരം ഞാൻ സകലത്തിലും മതിയായവൻ" എന്ന വാക്യം ഓർത്തുവെച്ചോണം. ഇവ കൂടാതെ ഇക്കണോമിക്സും, പൊളിറ്റിക്സും, മാത്തമാറ്റിക്സും, അകൗണ്ടൻസിയും, കോസ്റ്റിങ്ങും ഒടുക്കം നമുക്കു മൊത്തം 'ലോസ്റ്റിങ്ങും'. പുറത്ത് ഇനിയുമുണ്ട് കാഴ്ചകൾ. ഒരറ്റത്ത് ഈറ്റിങ്ങും, ചാറ്റിങ്ങും, ചീറ്റിങ്ങും, റേറ്റിങ്ങും, മീറ്റിങ്ങും, ബൂസ്റ്റിങ്ങും, എല്ലാം ഇറിറ്റേറ്റിങ്ങാണെങ്കിലും പ്രാക്ടീസായിക്കോണം. മറ്റൊരറ്റത്ത് ലൈനടി, ജോക്കടി, ജാഡയടി, ഡംഭടി, വീമ്പടി, തമ്മിലടി.
ആചാരമല്ലെങ്കിലും ആരാധന കഴിഞ്ഞാൽ ടിഷ്യൂ പേപ്പറും, പേപ്പർ പ്ലേറ്റുമെടുത്ത് അച്ചടക്കത്തോടെ വരിയായി നിന്നാൽ ചോറും, അച്ചാറും, മീൻ ചാറുമൊക്കെ കൂട്ടി ആവോളം ആസ്വദിക്കാനുള്ള ആഹാരവും. സത്യത്തിൽ ഇതിനൊക്കെയല്ലേ പലരും പള്ളിയിൽ വരുന്നത്.
സണ്ടേസ്കൂളോ?
"ഏയ്! അതൊന്നും അങ്ങനെ കാര്യമായിട്ടില്ല. എല്ലാവർക്കും ട്യൂഷനും, ഫാഷനുമൊക്കെയാ. പിന്നെ പ്രാക്ടീസുണ്ട്".
പ്രാക്ടീസോ? എന്തിന്റെ?
ഓ! ക്വയറിന്റെ പ്രാക്ടീസ്. ആള് കുറവാ. മെയിൽ വോയ്സില്ല, ഫീമെയിലും കുറവാ. പഴയതുപയല്ല. പലരും പഠിക്കാൻ പോയി. ചിലരെ കെട്ടിച്ചുവിട്ടു. എങ്കിലും പലരുടെയുമുളളിൽ ഒടുക്കത്തെ ഈഗോയാ. ഈഗോ മീൻസ്, അത്ര വലിയ ഈഗോയൊന്നുമില്ല, അച്ചൻ വിചാരിച്ചാൽ മാറും. ശരിക്കും പാടാനാളുണ്ട്, പക്ഷേ അവരെയൊക്കെ വികാരിയച്ചൻ നേരിട്ട് വീട്ടിൽ പോയി വിളിക്കണം. പറ്റിയാൽ താലപ്പൊലിയുമേന്തി അവരെ പള്ളിയിലേക്കാനയിക്കണം. എല്ലാം അച്ചന്റെ കഴിവു പോലെയിരിക്കും. നല്ല മനസ്സു തോന്നി വാന്നാൽ വന്നു. പക്ഷേ, മറ്റേ (മുൻ വികാരി) അച്ചനുള്ളപ്പോൾ എല്ലാവരും ആക്ടീവായിരുന്നു. ചില പൊളിറ്റിക്സ് കാരണമാ പലരും ക്വയറിൽ നിൽക്കാൻ മടിക്കുന്നത്".
എന്തു പൊളിറ്റിക്സ്?
ഓ! ഒന്നുമറിയാത്ത പോലെ. ചിലരൊക്കെ പാടിയാൽ ചിലർക്ക് സുഖിക്കില്ല.
ആരെ സുഖിപ്പിക്കാനാ പാടുന്നത്?
ഓ! അങ്ങനെ നോക്കിയാൽ നമ്മൾ ചെയ്യുന്ന എല്ലാം ദൈവത്തിന് വേണ്ടിയാണോ? ദൈവത്തെപ്രതി ദൈവത്തിന് വേണ്ടി എന്ന് ചിന്തിക്കൂ. നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ... എന്നല്ലേ പാടുന്നത്? അതായത് ദൈവത്തിന്റെ പേരിൽ എല്ലാ വേലയും കാട്ടിക്കൂട്ടും.
കീബോർഡൊക്കെയുണ്ടോ ക്വയറിന്? ആ! എപ്പൊഴുമില്ല, വായിക്കാനറിയാവുന്നവരില്ല. ഫ്ലോപ്പിയിടും, അതാണ് എളുപ്പം. പിയാനോ പഠിക്കാൻ സമയമില്ല, പഠിപ്പിക്കാൻ നല്ല അദ്ധ്യാപകനുമില്ല, ഓൺലൈനിൽ പഠിക്കാമെന്നു കരുതിയാൽ ഫീസും കൂടുതലാ. പിന്നെ പിയാനോ പഠിക്കാൻ ഉപയോഗിക്കുന്ന സമയം അവർ വേറെ വല്ലതിനും ഉപയോഗിക്കും. സമയക്കുറവാ. പെൻഡ്രൈവ് മതി. ടെക്നോളജി ഇത്രയും വളർന്നു വരുമ്പോൾ ആരാ ഇനിയുള്ള കാലത്ത് ഇതൊക്കെ പഠിക്കുന്നത്.
അവസാനത്തെ സങ്കീർത്തനത്തിൽ കാഹളനാദത്തോടും, വീണയോടും കിന്നരത്തോടും തപ്പിനോടും തന്ത്രിനാദത്തോടും കുഴലിനോടും ഉച്ചനാദമുള്ള, അത്യുച്ചനാദമുള്ള കൈത്താളങ്ങളോടുകൂടെയും ദൈവത്തെ സ്തുതിപ്പിൻ എന്ന് പറഞ്ഞിരിക്കുന്നു. (സങ്കീ.150). പക്ഷേ പ്രഭാതപ്രാർത്ഥന മുതൽ വിശുദ്ധ കുർബ്ബാന കഴിഞ്ഞ് കൈമുത്തുന്നതുവരെ എല്ലാ പാട്ടുകളും പ്രാർത്ഥനകളും മൈക്ക് ഉപയോഗിച്ച് ഉച്ചത്തിൽ പാടുന്നത് വിശ്വാസികളെ പള്ളിയുടെ നാലു ചുമരുകൾക്കുള്ളിൽ നിർത്തി അവരുടെ ശബ്ദപരിമിതിമേലുള്ള കടന്നുകയറ്റം അല്ലേ? ഇതിനുള്ള പരിഹാരം പത്തോ മുപ്പതോ പേർ മാത്രം പങ്കെടുക്കുന്ന ചെറിയ പള്ളികളിൽ മൈക്ക് അത്യാവശ്യമില്ലെങ്കിൽ ഒഴിവാക്കുക, വലിയ പള്ളികളിൽ മൈക്കിൻ്റെ ശബ്ദം കുറയ്ക്കുക, കുർബ്ബാനക്രമത്തിൽ 'ജനം' എന്ന് എഴുതിയിരിക്കുന്ന ഭാഗം എല്ലാം ശുശ്രൂഷകരും ഗായകസംഘവും മൈക്ക് ഉപയോഗിക്കാതെ വിശ്വാസികൾക്കൊപ്പം ചൊല്ലുക എന്നതു മാത്രമാണ്. വിശ്വാസികളായ ജനത്തിന് കുർബ്ബാനയിൽ നേരിട്ട് പങ്കെടുക്കുവാൻ അവസരം കിട്ടുന്നില്ലെങ്കിൽ അവർ പള്ളിയിൽ വന്ന് വെറുതെ നിന്ന് കാലക്രമേണ ആരാധനയിൽ നിന്നും അകന്നു പോകുന്ന അവസ്ഥയുണ്ടാകും. ഹൃദയംകൊണ്ട് വിശ്വസിക്കുകയും വായ്കൊണ്ട് ഏറ്റുപറയുകയും ചെയ്യണം. പഴയനിയമത്തിൽ ദാവീദ് രാജാവും (1.ദിന 23:5), ശലോമോൻ രാജാവും (2.ദിന 5:12-13) ദൈവാലയത്തിൽ സംഗീതക്കാരെ നിയമിച്ചിരുന്നു. എന്നാൽ പുതിയ നിയമത്തിൽ കർത്താവും ശിഷ്യന്മാരും അന്ത്യത്താഴം കഴിഞ്ഞ് സ്തോത്രം പാടിയ ശേഷം ഒലീവുമലേക്കു പുറപ്പെട്ടു പോയി. (വി.മത്തായി 26:30). പുതിയനിയമസഭയിൽ, പ്രത്യേകിച്ച് സുറിയാനി സഭയിൽ, പാട്ടുകൾ പാടുന്നതിനായി 'മ്സ്റോനോ' (പാട്ടുകാർ) ഉണ്ടെങ്കിലും ഗൂദാകളായി എല്ലാവരും ചേർന്നു പാടുന്നതാണ് നമ്മുടെ രീതി. എന്നാൽ മറ്റു പല ക്രിസ്തീയ സഭകളിലൊക്കെ പ്രത്യേക സംഗീതഗ്രൂപ്പുണ്ട്.
നാമെല്ലാവരുമൊത്തൊരുമി-
ച്ചട്ടഹസിച്ചുര ചെയ്യേണം.
എന്നാണ് സുറിയാ നിസഭയിൽ പഠിപ്പിക്കുന്നത്. ആകയാൽ, പള്ളിയിൽ വരുന്ന ആബാലവൃദ്ധം വിശ്വാസികൾ യാന്ത്രികമായി നിൽക്കാതെ, ഒരുമിച്ച്, ഐക്യത്തോടെ, ഏകശബ്ദത്തിൽ, ഭക്തി നിറഞ്ഞ പഴയ ഈണങ്ങളിൽ പാട്ടുകൾ, പ്രതിവാക്യങ്ങൾ, 'സ്വർഗ്ഗസ്ഥനായ പിതാവേ!...' എന്ന പ്രാർത്ഥയൊക്കെ ചൊല്ലി വിശുദ്ധ കുർബ്ബാനയിൽ ഉത്സാഹപൂർവ്വം പങ്കുചേരണം.
മൈക്കില്ലാത്ത, വിശുദ്ധ ത്രോണോസ്സിൽ നടുക്കൊരു തടിക്കുരിശും വെച്ച് ഇരുവശത്തും മെഴുകുതിരികൾ കത്തിച്ച്, മദ്ബഹായിൽ ഫോട്ടോ ഒന്നും വെയ്ക്കാതെ, ദൈവം തന്ന സ്വശബ്ദത്തിൽ, പഴയ ഈണത്തിൽ പാടുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന, പുരോഹിതൻ്റെ ശബ്ദം അവസാനത്തെ നിരയിൽ നിൽക്കുന്നവർക്കും കേൾക്കാവുന്ന, ഒരു 100 പേർക്ക് ആരാധന നടത്താവുന്ന, വിശ്വാസികളുടെ ഒരു ആത്മീയ ശുശ്രൂഷയ്ക്കും ഫീസില്ലാത്ത, സ്വമേധാ സ്തോത്രകാഴ്ച്ച കൊണ്ടുമാത്രം ചെലവുകൾ നടത്തുന്ന, ചെണ്ടമേളം, വെടിക്കെട്ട്, ലൈറ്റ് ഷോ എന്നിവയോടുകൂടിയ ആഘോഷ പെരുന്നാളും റാസയുമില്ലാതെ, പള്ളിയുടെ നാലുവശവും മാത്രം പ്രദക്ഷിണം നടത്തുന്ന, മുറ്റത്ത് ഇന്റർലോക്ക് കട്ടയിടാതെ ചുറ്റും തണൽ മരങ്ങൾ നട്ടുവളർത്തിയ, ആർക്കും ഏതുസമയത്തും വന്നിരുന്ന് പ്രാർത്ഥന നടത്താവുന്ന, എല്ലാ മാസവും ഒന്നാം തീയ്യതികളിൽ (അന്ന് ഞായറാഴ്ച്ച അല്ലെങ്കിൽ) അഥവാ ഇടദിവസങ്ങളിൽ, കുറച്ചുപേരുടെ ആവശ്യമനുസരിച്ച് വിശുദ്ധ കുർബ്ബാന നടത്തുന്ന, പള്ളികെട്ടിടം അകവും പുറവും വെള്ളനിറമുള്ള, ഇടവകപ്പള്ളിയല്ലാത്ത, ഇടവക മെമ്പർഷിപ്പില്ലാത്ത, ചെറിയ ഒരു പ്രാർത്ഥനാ മന്ദിരം (ചാപ്പൽ) സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിൽ, (ട്രസ്റ്റായി) പരിശുദ്ധി പാത്രിയർക്കീസ് ബാവായുടെ അനുവാദത്തോടെ ബാവാ ചുമതലപ്പെടുത്തുന്ന ആകമാന സുറിയാനി ഓർത്തഡോക്സ് സഭയിലെ ഏതെങ്കിലുമൊരു മേല്പട്ടക്കാരന്റെയും നമ്മുടെ വൈദികരുടെയും ചുമതലയിൽ, പരിശുദ്ധ സഭയുടെ അംഗീകാരത്തോടെ നടത്തുവാൻ സാധിക്കുമെങ്കിൽ, സഭാ വഴക്കുകൾ മൂത്തു വരുമ്പോൾ ശാന്തമായ ആരാധനയ്ക്ക് ഇതുപോലുള്ള ചെറു പള്ളികൾ ആവശ്യമായിവരുമെന്നു കരുതുന്നു. ഏതു ഇടവകയിലുള്ളവർക്കും അവിടെ വന്നു പ്രാർത്ഥന നടത്താം. പള്ളി പണിയുന്നവരുടെ ട്രസ്റ്റിന്റെ സ്വന്തം. സുറിയാനി സഭയുടെ എല്ലാവർക്കും അവിടെ ആരാധനാ സ്വാതന്ത്ര്യം. അങ്ങനെയൊരു പള്ളിയുണ്ടെങ്കിൽ ആ പള്ളിയിൽ വരുന്നവർ തികച്ചും ആത്മാർത്ഥമായി പ്രാർത്ഥിക്കാൻ വരുന്നവരാകും.
അനുകരണം, അവതരണം, ആഗ്യം, അഭിനയം തുടങ്ങിയവ തലയ്ക്കു പിടിച്ച ചിലരുണ്ട്. സ്വർഗ്ഗീയ നാദത്തിലുള്ള ഹൂത്തോമോ, മാധുര്യം തുളുമ്പുന്ന ഏവൻഗേലിയോൻ വായന, തേനൂറുന്ന പ്രൊമ്യോൻ-സെദ്റാ, കൊഞ്ചുലോടെയുള്ള അഞ്ചാം തുബ്ദേൻ, വഞ്ചിപ്പാട്ടിന്റെ താളത്തിൽ അൻപുടയോനേ... എന്ന പാട്ട്, ഒന്നര കിലോമീറ്റർ നീളമുള്ള കുറിയേേേ...ലാാായിസോോൻ, അര കിലോമീറ്റർ മാത്രം മൈലേജുള്ള ആ-മ്മീൻ, തുടങ്ങിയ അവതരണ മികവുകൊണ്ട് മാത്രം ജനത്തെ കൈയിലെടുക്കാൻ ശ്രമിക്കുന്ന കത്തനാരും, കപ്യാരും. മദ്ബഹാ മുഴുവനും കളർ ബൾബുകളാൽ മിന്നിത്തിളങ്ങുന്ന പ്രകാശവും ഫോട്ടകൾക്കു ചുറ്റിലും സ്ട്രിപ്പ് ലൈറ്റും, ഓടുന്ന ലൈറ്റും, കറങ്ങുന്ന ലൈറ്റും, ഇടയ്ക്കിടെ മിന്നുന്ന മെഴുകുതിരി ബൾബുകളും, ധൂപക്കുറ്റി കറക്കി വീശി കസർത്തു കാണിക്കുന്ന കപ്യാരു കുട്ടിയും, കമാന്നൊരക്ഷരം മിണ്ടാത്ത പാവം ജനങ്ങളും. ആഹാ! എത്ര മനോഹരമെൻ ദേവാലയം.
ഇക്കാലത്ത് നമ്മുടെ പല പള്ളികളുടെയും മദ്‌ബഹായുടെ കിഴക്കെ ഭിത്തിയിൽ, പരിശുദ്ധ സുറിയാനിസഭയുടെ വിശ്വാസത്തിനും പാരമ്പര്യത്തിനും എതിരായും, വിശുദ്ധ മദ്ബഹായിൽ ഫോട്ടോയും ചിത്രങ്ങളും വയ്ക്കരുത് എന്ന് മാത്രമല്ല, കർത്താവ് കുരിശിൽ കിടക്കുന്ന ഫോട്ടോ ഒരിക്കലും വയ്ക്കരുത് എന്നുമിരിക്കെ, ചിലയിടത്ത് അവിടെ ഫോട്ടോ വെച്ചിരിക്കുന്നു. അല്ലെങ്കിൽ ചിത്രങ്ങൾ വരച്ചിരിക്കുന്നു. ഫോട്ടോകൾ പള്ളിയകത്ത് പ്രാകാരത്തിലെ ഭിത്തികളിൽ വയ്ക്കാമല്ലോ. മരത്തിന്മേൽ തൂങ്ങിക്കിടക്കുന്ന തൻ്റെ നാഥൻ്റെ നഗ്നത കാണാതെ മറയ്ക്കുവാൻ സൂര്യൻ തൻ്റെ കിരണങ്ങളെ ഈ സമയം പിൻവലിച്ചു. (ദുഃഖവെള്ളി പ്രാർത്ഥന). അങ്ങനെ പ്രകൃതിപോലും ഈ അവസ്ഥയിൽ കർത്താവിനെ കാണുവാൻ മടിക്കുമ്പോൾ നമുക്കെങ്ങനെ കുരിശിൽ കർത്താവ് തൂങ്ങി കിടക്കുന്ന ചിത്രം കാണുവാൻ കഴിയും? ഇതോടൊപ്പം കൊലോസ്യർ 3:1-2 (ഭൂമിയിലുള്ളതല്ല, ഉയരത്തിലുള്ളത് ചിന്തിപ്പിൻ), 2.തിമൊത്തി 2:8 (ദാവീദിൻ്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊള്ളുക) എന്നിവ വായിക്കുക. കൂടാതെ വിവാഹം, മാമോദീസ തുടങ്ങിയ മംഗള കർമ്മങ്ങൾ എങ്ങനെ ക്രൂശിതരൂപത്തിൻ്റെ മുമ്പിൽവെച്ചു നടത്തുവാൻ കഴിയും? ചില സഭകൾ ക്രൂശിൽ കിടക്കുന്ന കർത്താവിന് പ്രാധാന്യം കൊടുക്കുമ്പോൾ, പരിശുദ്ധ സുറിയാനിസഭ ഉയിർത്തെഴുന്നേറ്റ കർത്താവിനാണ് പ്രാധാന്യം നൽകുന്നത്. അതിനാൽ നമ്മുടെ പള്ളികളിൽ മാത്രമല്ല, ഭവനങ്ങളിൽപ്പോലും ക്രൂശിൽ കിടക്കുന്ന കർത്താവിൻ്റെ ഫോട്ടോ വയ്ക്കുകയില്ല. എനിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ പ്രശംസിക്കുവാൻ ഇടവരരുത്; അവനാൽ ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. (ഗലാത്യർ 6:14). "മോറാനീശോ കുരിശും നിൻ", "ജയമുള്ള സ്ലീബായുടെ അടയാളം" എന്നിങ്ങനെയാണ് സുറിയാനിസഭ പാടുന്നതും, പഠിപ്പിക്കുന്നതും. എത്ര സ്വർണ്ണ, വെള്ളി കുരിശുകളുണ്ടെങ്കിലും വിശുദ്ധ ത്രോണോസിൽ ഒരു തടിക്കുരിശില്ലാതെ വിശുദ്ധ കുർബ്ബാന അർപ്പിക്കുകയില്ല. ഈ കുരിശുകളിലും ക്രൂശിതരൂപമുണ്ടാവുകയില്ല. വൈദികർ കുർബ്ബാന കഴിഞ്ഞ് പ്രസംഗിക്കുമ്പോൾ, "എന്തുകൊണ്ട് സുറിയാനിസഭ കർത്താവ് കുരിശിൽ തൂങ്ങി കിടക്കുന്ന കുരിശ് ഉപയോഗിക്കുന്നില്ല" എന്ന് വിശ്വാസികളെ പഠിപ്പിക്കുന്നതും നല്ലതാണ്. മദ്ബഹായിലോ പള്ളിയകത്തോ കർത്താവിൻ്റെ ക്രൂശിതരൂപം വെച്ചിട്ടുണ്ടെങ്കിൽ അതും, മദ്ബഹായിൽ മറ്റു ചിത്രങ്ങൾ വെയ്ക്കുകയോ വരയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതും എത്രയുംവേഗം മാറ്റുകയും, യെരുശലേം ദൈവാലയത്തിലും (യേഹെസ്കേൽ 43:4-5), മറുരൂപമലയിലും (വി.ലൂക്കോസ് 9:34) ഇറങ്ങിവന്ന ദൈവീകതേജസ്സിനെ സൂചിപ്പിക്കുമാറു മദ്ബഹായുടെ അകം മുഴുവനും വെള്ളനിറം നൽകുകയും ചെയ്താൽ നന്നായിരിക്കും എന്നും അഭിപ്രായപ്പെടുന്നു.
ദൈവാലയവും നമ്മളും ഒന്നുതന്നെയാണ്. നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ? ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ. ആരും തന്നെത്താൻ വഞ്ചിക്കരുതു; താൻ ഈ ലോകത്തിൽ ജ്ഞാനി എന്നു നിങ്ങളിൽ ആർക്കെങ്കിലും തോന്നിയാൽ അവൻ ജ്ഞാനിയാകേണ്ടതിന്നു ഭോഷനായിത്തീരട്ടെ. ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ. “അവൻ ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു” എന്നും “കർത്താവു ജ്ഞാനികളുടെ വിചാരം വ്യർത്ഥം എന്നറിയുന്നു” എന്നും എഴുതിയിരിക്കുന്നുവല്ലോ. ആകയാൽ ആരും മനുഷ്യരിൽ പ്രശംസിക്കരുതു; സകലവും നിങ്ങൾക്കുള്ളതല്ലോ.
(1.കൊരിന്ത്യർ.3:16-21).
പുരോഹിത ശുശ്രൂഷ: നിങ്ങൾക്കു വേണ്ടി ദൈവം എനിക്കു നൽകിയിരിക്കുന്ന ഉദ്യോഗപ്രകാരം ദൈവവചനഘോഷണം നിവർത്തിക്കേണ്ടതിന്നു ഞാൻ സഭയുടെ ശുശ്രൂഷകനായിരിക്കുന്നു. ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനായി നിറുത്തേണ്ടതിന്നു എന്നിൽ ബലത്തോടെ വ്യാപരിക്കുന്ന അവൻ്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം പോരാടിക്കൊണ്ടു അദ്ധ്വാനിക്കുന്നു. (കൊലോസ്യർ 1:25-29).
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.