സിറിയൻ ഓർത്തഡോക്സ് സഭയിൽ, സാധാരണ ദിവസങ്ങളിൽനിന്നും വ്യത്യസ്ഥമായി കഷ്ടാനുഭവാഴ്ചയിൽ ചില വ്യത്യാസങ്ങളുണ്ട്.
കഷ്ടാനുഭവ ആഴ്ചയിൽ നോമ്പിലെപ്പോലെ ഉച്ചയ്ക്ക് നാല്പത് കുമ്പിടീലില്ല. സൂത്താറായ്ക്ക് മോർ അഫ്രേമിന്റെ ശയന പ്രാർത്ഥനയും നടത്തുന്നില്ല. നമസ്‌കാര സമയത്ത് മദ്ബഹായുടെ മറ നീക്കുകയോ മദ്ബഹായിൽ തിരി കത്തിക്കുകയോ, കുക്കിലിയോൻ ചൊല്ലുകയോ ധൂപാർപ്പണം നടത്തുകയോ ചെയ്യുന്നില്ല. തിരി കത്തിക്കലും ധൂപാർപ്പണവും പാതിനോമ്പിൽ പള്ളിയകത്ത് ഉയർത്തിയ ഗോഗുൽത്തായുടെ മുമ്പിലായിരിക്കണം. ഏവൻഗേല്യോൻ മേശയും മദ്ബഹായിൽനിന്ന് താഴെയിറക്കിവച്ചു വേണം ഉപയോഗിക്കുവാൻ. കൈകസ്തൂരിയോ കൈമുത്തോ പാടില്ല.
കൗമാകൾക്കുള്ള വ്യത്യാസം അതതു ദിവസത്തിന്റെ പ്രാരംഭത്തിൽ നോക്കി മനസ്സിലാക്കി ചൊല്ലണം. പ്രുമിയോൻ, ബോവൂസാ എന്നിവയുടെ സമയങ്ങളിൽ ധ്യാനപൂർവ്വം കുമ്പിടണം. പ്രാർത്ഥനയിലെ സാധാരണ ഘടകങ്ങൾക്കും പുറമേ സൂഗീസോ, മദ്റോശോ മുതലായ പേരുകളിൽ അറിയപ്പെടുന്ന ദീർഘമായ ഗാനങ്ങൾ ഹാശാ ആഴ്ചയിലെ രാത്രി പ്രാർത്ഥനയോട് ചേർന്ന് വരുന്നുണ്ട്. ഇവ പല ധ്യാനവിഷയങ്ങളും, വർണ്ണനകളും ഉൾക്കൊള്ളുന്നവയാണ്. പ്രാർത്ഥനയുടെ ദൈർഘ്യത്തിനും, അലങ്കാരത്തിനുമാണ് ഇവ ഉപയോഗിക്കുന്നത്. രാത്രി പ്രാർത്ഥനയുടെ സുഗീസോയും മദ്‌റോശോകളും സൗകര്യാർത്ഥം അതതിൻ്റെ തലേദിവസം സൂത്താറാ പ്രാർത്ഥനയിൽ 91-ാം സങ്കീർത്തനത്തിനു മുമ്പ് ചൊല്ലാവുന്നതാണ്. ഇവ ഭാഗികമായോ, മുഴുവനായോ, സമയത്തിന്റെയും സ്ഥലത്തിൻ്റെയും സൗകര്യം അനുസരിച്ചു മാത്രം ഉപയോഗിക്കാം.
പെസഹായ്ക്കും ദുഃഖശനിയാഴ്‌യ്ക്കും രാത്രി പ്രാർത്ഥനയിൽ 'ഹാലേലുയ്യാ' കഴിഞ്ഞ് 'നാം ദൈവത്തിന്റെ മക്കളായിത്തീരുവാൻ', 'മറിയം പറഞ്ഞതെന്തെന്നാൽ' 'സഹോദരന്മാർ ഒരുമിച്ചു വസിക്കുന്നത്' എന്നിവ ചൊല്ലേണ്ടത് പുസ്തകത്തിൽ അതതു സ്ഥാനത്തു കാണിച്ചിട്ടുണ്ട്. കഷ്ടാനുഭവാഴ്ചയിൽ 'കൃപ നിറഞ്ഞ മറിയമേ!' എന്ന പ്രാർത്ഥനയും വിശ്വാസപ്രമാണത്തിനു ശേഷം കുക്കിലിയോനുകളും നടത്തുന്നില്ല. പെസഹായുടെ കുർബ്ബാന കഴിഞ്ഞ് കുമ്പിടലും പാടുള്ളതല്ല.
ഹാശാ ആഴ്ചയിൽ വചനിപ്പ് പെരുന്നാൾ (മാർച്ച് 25) വന്നാൽ അന്ന് ഹാശായുടെ പ്രാർത്ഥനയല്ല ഉപയോഗിക്കേണ്ടത്. പെരുന്നാൾ രീതിയിലുള്ള നമസ്ക്കാരം മതിയാകും. ദുഃഖവെള്ളിയാഴ്ച ആണെങ്കിൽപ്പോലും അന്ന് നിർബന്ധമായും വിശുദ്ധ കുർബാന അർപ്പിക്കണം. കുർബാന കഴിഞ്ഞ് ദുഃഖവെള്ളിയാഴ്ച നമസ്കാരവും സ്ലീബാവന്ദനവും കബറടക്ക ശുശ്രൂഷയും പതിവുപോലെ നടത്തണം.
പെസഹായും ദുഃഖശനിയാഴ്ചയുമുള്ള കുർബാന.
പെസഹാ കുർബ്ബാനയും ദുഃഖശനിയാഴ്ചത്തെ കുർബ്ബാനയും നടത്തുന്നതിന്റെ ക്രമീകരണം ഒന്നുതന്നെയാണ്. പെസഹാ കുർബ്ബാന സാധാരണയായി മൂന്നാംമണിയുടെ നമസ്കാരം കഴിഞ്ഞ് വെളുപ്പിന് നടത്തുന്നു. പട്ടക്കാരൻ മദ്ബഹായിലേക്ക് പ്രവേശിക്കുമ്പോൾ മറവലിക്കുകയും ത്രോണോസിൽ തിരി കത്തിക്കുകയും വേണം. കുർബാനയുടെ ആരംഭത്തിൽ "മറിയം ദീലേത്തോക്', 'ബസ്‌ലുസ് ഏമോ' എന്നിവ കഴിഞ്ഞ് "ദൈവമേ! നീ പരിശുദ്ധനാകുന്നു' എന്നുള്ള കൗമായ്ക്കു പകരം അതതു ദിവസത്തിന്റെ കൗമായാണ് ചൊല്ലേണ്ടത്. ഭൂവിലശേഷം, പൗലൂസ് ശ്ലീഹാ ഇവ പതിവുപോലെ ചൊല്ലേണ്ടതാണ്. ഏവൻഗേല്യോൻ വായന, ഹാശായുടെ രീതിയിൽ നടത്തണം. ധൂപക്കുറ്റി വാഴ്ത്തുന്നത് അതതു ദിവസത്തെ കൗമാ ചൊല്ലിയായിരിക്കണം. ശ്ലോമ്മോ (സമാധാനം) ആശംസിക്കുവാൻ പാടില്ല. അതുകൊണ്ട് കൈക്കസ്‌തൂരിയും കൊടുക്കുന്നില്ല. കൈക്കസ്തൂരി ഇല്ലാത്തതുകൊണ്ട് തൽസമയത്തെ ഉത്ബോധനത്തിൽ 'കരുണയുള്ള കർത്താവിൻറെ മുമ്പാകെ നാം തല കുനിക്കണം' എന്നുമാത്രം പറഞ്ഞാൽ മതി. കുർബ്ബാനയിലെ ഗീതഭാഗങ്ങൾ ആ ദിവസത്തേക്കു പ്രത്യേകമായിട്ടുള്ളതോ ആ ദിവസത്തെ പ്രത്യേക കൗമായോ ഉപയോഗിക്കാം. "നിന്നാൾ സ്തുതിയോടു രാജമകൾ' ആദിയായ കുക്കിലിയോനുകൾ ചൊല്ലി ധൂപപ്രാർത്ഥനകൾ നടത്തുന്നില്ല. അതിനു പകരം ആ ദിവസത്തെ കൗമാകൾ ചൊല്ലുകയും ധൂപാർപ്പണം നടത്തുകയും ചെയ്യണം.
പട്ടക്കാരൻ മദ്ബഹായിൽ പ്രവേശിക്കുമ്പോഴും, വിശ്വാസപ്രമാണ സമയത്തും കുർബ്ബാനാനുഭവത്തിനു മുമ്പും പതിവുപോലെ ശുബ്‌ക്കോനോ ചോദിക്കണം. “പിതാവായ ദൈവത്തിന്റെ സ്നേഹവും... ഉണ്ടായിരിക്കട്ടെ”. “വലിയവനും നമ്മുടെ രക്ഷിതാവുമായ ... ഉണ്ടായിരിക്കട്ടെ”, “വിശുദ്ധിയുള്ളതും മഹത്ത്വമുള്ളതും... ഉണ്ടായിരിക്കട്ടെ”, “സേലൂൻ ബശ്‌ലോമോ പ്രാർത്ഥിക്കുവിൻ” എന്നീ ആശംസകൾ പതിവുപോലെ ചൊല്ലേണ്ടതാണ്. 'മേല്പട്ടക്കാർ പട്ടക്കാരോട്' എന്ന ഗാനം (യാക്കോബിൻ്റെ ബോവുസാ) ഹാശായുടെ രീതിയിൽ ചൊല്ലാം.
ദുഃഖശനിയാഴ്ചയുടെ കുർബ്ബാന ഒമ്പതാംമണിയുടെ നമസ്കാരം കഴിഞ്ഞ് ഉച്ചയോടുകൂടി നടത്തണം. പെസഹായുടെ രീതിയിൽ കുർബ്ബാന നടത്തുകയും കൗമാ അന്നത്തെ കുർബ്ബാനയ്ക്ക് പ്രത്യേകമുള്ളത് ചൊല്ലുകയും വേണം. ദുഃഖ വെള്ളിയാഴ്‌ച കുരിശു കബറടക്കുന്ന ത്രോണോസിലല്ല, വേറെ ത്രോണോസിലാണ് കുർബ്ബാന ചൊല്ലേണ്ടത്.
(സിറിയൻ ഓർത്തഡോക്സ് സഭയുടെ കഷ്ടാനുഭവാഴ്ചയിലെ നമസ്കാര ക്രമം 429, 430, 431, 432 എന്നീ പേജുകളിൽ നിന്നും എടുത്തത്).
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.