Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • പാതിനോമ്പ്‌

വലിയ നോമ്പിന്റെ ഇരുപത്തിനാലു ദിവസങ്ങൾ നാം പിന്നിട്ട്, ഇരുപത്തിയഞ്ചാം ദിവസത്തിലേക്കു കടക്കുന്നു. പിന്നിട്ട ദിവസങ്ങളിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടം ഇവിടെ ആവശ്യമാകുന്നു. ഈ ദിവസങ്ങളിൽ നമ്മുടെ നോമ്പ് എങ്ങനെയുള്ളതായിരുന്നു? നേരിടേണ്ടി വന്ന പ്രലോഭനങ്ങൾ എന്തൊക്കെയായിരുന്നു? കടന്നു വന്ന പ്രലോഭനങ്ങളെ എത്രമാത്രം അതിജീവിക്കുവാൻ കഴിഞ്ഞു? സാത്താന്റെ പരീക്ഷകളിൽ എവിടെയെങ്കിലും കാലിടറിപ്പോയോ? എന്നീ ചോദ്യങ്ങൾ നമ്മോടു തന്നെ ചോദിക്കേണ്ടതാണ്. ഇവിടെ എന്തെങ്കിലും വീഴ്ച ഭവിച്ചിട്ടുണ്ടെങ്കിൽ ആ സന്ദർഭങ്ങൾ ഏതെന്നു കണ്ടുപിടിച്ച് അനുതാപത്തോടെ ദൈവത്തിങ്കലേക്കു തിരിച്ചു വരുവാൻ ഈ സമയം നമുക്കു ഉപകരിക്കേണ്ടതാണ്. ഇനിയുമുള്ള നോമ്പിന്റെ ദിനങ്ങൾ കുറെക്കൂടെ ശ്രദ്ധയോടെ, നിഷ്ഠയോടെ, പിന്നിടുവാനുള്ള ആത്മബലത്തിനായും അനുഗ്രഹത്തിനായും പ്രാർഥിക്കുവാനുള്ള ദിനമായി മാറണം. അതിനുവേണ്ടിക്കൂടെയാണ് പാതിനോമ്പ് ഒരു പ്രത്യേക ദിനമായി പരിശുദ്ധ പിതാക്കന്മാർ വേർതിരിച്ചിരിക്കുന്നത്. വലിയ നോമ്പിൽ ശനിയും ഞായറും ദിനങ്ങളിൽ മാത്രമേ വിശുദ്ധ കുർബ്ബാന അർപ്പിക്കാറുള്ളൂ. മറ്റുദിനങ്ങൾ ഉപവസിക്കണമെന്നതാണ് കാരണം. എന്നാൽ പാതിനോമ്പു ബുധനാഴ്ചയാണെങ്കിലും വിശുദ്ധ കുർബ്ബാന അർപ്പിക്കണമെന്നു സഭ പഠിപ്പിക്കുമ്പോൾ ആ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാകുന്നു. വിശുദ്ധ കുർബ്ബാന അർപ്പിച്ചും അനുഭവിച്ചും കുറേക്കൂടി ദൈവീക ബന്ധത്തിലായി ആർജ്ജവത്തോടെ ഇനിയുമുള്ള നോമ്പിന്റെ ദിനങ്ങളിലേക്കു കടന്നു ചെല്ലുവാൻ ഈ ദിനത്തിലെ ശുശ്രൂഷകൾ ഉപകരിക്കണം. അതിനു കർത്താവിന്റെ ക്രൂശിനെ നോക്കിക്കൊണ്ടുള്ള ഒരു പ്രയാണമാണ് ആവശ്യം. അതിനായി പള്ളിയുടെ മദ്ധ്യത്തിൽ ഗോഗുൽത്താ സ്ഥാപിച്ച്, അതിൽ കർത്താവിന്റെ ജയമുള്ള വിശുദ്ധ സ്ലീബാ പ്രതിഷ്ഠിക്കുന്നു. സ്ലീബാ ആഘോഷത്തിന്റെ പ്രത്യേക ശുശ്രൂഷയും ക്രമീകരിച്ചീരിക്കുന്നു. ഇതെല്ലാം ഈ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
                                            
പാതിനോമ്പു ഇത്രമാത്രം പ്രാധാന്യത്തോടെ ആചരിക്കുന്നതിന്റെ പ്രസക്തിയെന്ത് എന്ന ചോദ്യം സ്വാഭാവികമാണ്. പാതിനോമ്പിന്റെ പ്രഭാത ഏവൻഗേലിയോനായ വി.യോഹ 7;14 മതലുള്ള വാക്യങ്ങളിൽ അതിന്റെ ഉത്തരം നമുക്ക് ലഭിക്കും. പെരുന്നാൾ പാതികഴിഞ്ഞ ശേഷം യേശു ദേവാലയത്തിൽ ചെന്നു ഉപദേശിച്ചുവെന്നു നാം അവിടെ വായിക്കുന്നു. പെരുന്നാളിന്റ പാതിദിവസത്തിനു അന്നു പ്രാധാന്യം കല്പിച്ചിരുന്നുവെന്നും അതിനായി ആളുകൾ ദേവാലയത്തിൽ എത്തിയിരുന്നുവെന്നും നമ്മുടെ കർത്താവും അതിൽ സംബന്ധിച്ചുവെന്നും ഈ ഭാഗത്തുനിന്നു നമുക്കു വായിച്ചു മനസ്സിലാക്കാൻ കഴിയുന്നു. ക്രിസ്തീയ ആരാധനയുടെ പ്രാഗ്രൂപങ്ങൾ യഹൂദ ആരാധനയിലാണ് നമുക്ക് കാണാൻ കഴിയുന്നത്. ആ ആരാധനയുടെ ചുവടു പിടിച്ച് ആവശ്യമായിവന്ന മാറ്റങ്ങൾ വരുത്തി വളർന്നു വന്നതാണ് ക്രിസ്തീയ ആരാധന. അങ്ങനെ നോമ്പു പോലെ തന്നെ പാതിനോമ്പും പ്രാധാന്യമുള്ളതായി പരിണമിച്ചു. പാതിനോമ്പിന്റെ പ്രാധാന്യം അംഗീകരിക്കുകയും അന്ന് വി.കുർബ്ബാന അർപ്പിക്കുകയും ചെയ്യുന്നതിന്റെ ആവശ്യകത സമ്മതിക്കുകയും ചെയ്യുമ്പോൾ തന്നെ പള്ളികളിൽ ഗോഗുൽത്താ സ്ഥാപിക്കുന്നതിന്റേയും സ്ലീബാ ആഘോഷം നടത്തുന്നതിന്റേയും ആവശ്യമുണ്ടോ എന്നു സംശയിക്കാവുന്നതാണ്. അതിന്റെ ഉദ്ദേശമെന്താണ്? അതുകൊണ്ട് വിശ്വാസികൾക്ക് എന്ത് ആത്മീയ അഭിവൃദ്ധിയാണ് ലഭിക്കുക? എന്നീ ചോദ്യങ്ങളും ഉണ്ടാകാം. ഇങ്ങനെയുള്ള ഒരു ശുശ്രൂഷ ക്രമപ്പെടുത്തുന്നതിനു പരി.പിതാക്കന്മാരെ പ്രേരിപ്പിച്ചതു വി.യോഹ 3;13-21 ആണ്. അത് ഇന്നത്തെ പ്രഭാത ഏവൻഗേലിയോനായി നാം വായിക്കുന്നു. മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതു പോലെ മനുഷ്യപുത്രനേയും ഉയർത്തേണ്ടതാകുന്നു. എന്നു കർത്താവു അവിടെ പറഞ്ഞിരിക്കുന്നതാണു അതിനു ഉപോദ്ബലകമായി കാണുന്നതു. മോശെയുടെ കാലത്തു മരുഭൂപ്രയാണത്തിൽ നടന്ന ഒരു സംഭവമാണിവിടെ പരാമർശിക്കുന്നത്. സംഖ്യാ 21;4-9 ൽ ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നു.
                                          
ഇന്നത്തെ പഴമവായനയിൽ ഇതും ഉൾപ്പെടുന്നു. ഈ സംഭവം വളരെ ശ്രദ്ധാപൂർവ്വം പഠിക്കേണ്ടതാണ്. കാരണം ഇതു പല തെറ്റായ ധാരണകൾക്കും വഴിതെളിച്ചിരിക്കുന്നു. മോശയുടെ നേതൃത്ത്വത്തിൽ മിസ്രയീമിലെ അടിമത്തത്തിൽ നിന്നു വിമോചിതരായി കനാനിലേക്കു പ്രയാണം ചെയ്യുന്ന യിസ്രായേൽ ജനത്തിനു വഴിയിൽ വച്ചു പല പരീക്ഷകളും നേരിടേണ്ടതായി വന്നു. അങ്ങനെയുള്ള ഒരു പരീക്ഷയാണ് ഈ ഭാഗത്തു നാം കാണുന്നത്. നാല്പതു സംവത്സരം നീണ്ട മരുഭൂപ്രയാണത്തെ ആത്മാവു അവനെ പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ മരുഭൂമിയിലേക്കു നടത്തി എന്നു കർത്താവിന്റെ നാല്പതുദിവസത്തെ ഉപവാസത്തോടു ചേർത്തു ചിന്തിക്കുമ്പോഴാണ് അതിന്റെ അർത്ഥം വ്യക്തമാകുന്നത്. യിസ്രായേൽ ജനം അഥാരീം വഴിയായി യാത്ര ചെയ്യുമ്പോൾ തെക്കേ ദേശത്തുവസിച്ചിരുന്ന കനാന്യ രാജാവായ അരാദുരാജാവു യുദ്ധത്തിനു ഒരുങ്ങി. യഹോവ അവരെ യിസ്രായേൽ ജനത്തിന്റെ കരങ്ങളിൽ ഏല്പിച്ചു. അവരുടെ നേർച്ച പോലെ ശപഥാർപ്പിതമയി അവരെ നശിപ്പിച്ചു. പിന്നെ ഏദോംദേശത്തെ ചുറ്റി ഹോർ പർവ്വതത്തിങ്കൽ നിന്നു ചെങ്കടൽ വഴിയായി യാത്ര പുറപ്പെട്ടു. വഴിനിമിത്തം ജനത്തിന്റെ മനസ്സു തളർന്നു. അവർ ദൈവത്തിനും മോശയ്ക്കും വിരോധമായി സംസാരിച്ചു. തന്മൂലം യഹോവ യിസ്രായേൽ ജനത്തിന്റെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു. അവ ജനത്തെ കടിച്ചു. കടികൊണ്ട അനേകർ മരിച്ചു. മോശെ ജനത്തിനുവേണ്ടി പ്രാർഥിച്ചു. യഹോവ മോശയോട്, ഒരു അഗ്നിസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിൽ തൂക്കുക. കടിയേൽക്കുന്നവൻ ആരെങ്കിലും അതിനെ നോക്കിയാൽ ജീവിക്കും എന്നു പറഞ്ഞു. മോശ അപ്രകാരം ചെയ്തു. ജനം ആ അഗ്നിസർപ്പത്തിൽ നോക്കി രക്ഷ പ്രാപിക്കുകയും ചെയ്തു. ഈ സംഭവമാണിവിടെ പരാമർശിക്കപ്പെട്ടിരിക്കുന്നത്. ഇതിനെ വിഗ്രഹാരാധനയായി വിശ്വാസികളാരും പറയുകയില്ല. എന്നാലും, യിസ്രായേൽ ജനം ഒരിക്കൽ കാളക്കുട്ടിയെ ഉണ്ടാക്കി അതിനെ ആരാധിച്ചപ്പോൾ യഹോവ അവരെ ശിക്ഷിച്ചതായി നാം കാണുന്നു. (പുറ 32) പർവ്വതത്തിലേക്കു കയറിപ്പോയ മോശ തിരികെ വരാൻ താമസിച്ചപ്പോൾ പരിഭ്രാന്തരായ ജനത്തിന്റെ ആവശ്യപ്രകാരം അഹരോൻ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, തങ്ങളെ മിസ്രയീമിൽ നിന്നു വിടുവിച്ചുകൊണ്ടു വന്ന ദൈവം എന്ന് പറഞ്ഞു ആരാധിക്കുകയും യാഗം അർപ്പിക്കുകയും ചെയ്തു. യഹോവ കണ്ടു കോപിച്ചു ജനത്തെ മുഴുവൻ നശിപ്പിക്കുമെന്നു മോശെയോടു അരുളിച്ചെയ്തു. ജനത്തിനു വേണ്ടി യഹോവയോടു അപേക്ഷിച്ച മോശ യഹോവയുടെ കോപം ജനത്തിന്റെ മേൽ വരാതിരിക്കാനായി അവരെ ശിക്ഷിച്ചു. ഏതാണ്ട് മുപ്പതിനായിരം പേർ അന്നു കൊല്ലപ്പെട്ടു. ഇതു കല്പന ലംഘനമായി കണ്ട യഹോവതന്നെയാണ് അന്ന് പിച്ചളസർപ്പത്തെയുണ്ടാക്കി കൊടിമരത്തിൽ തൂക്കുവാൻ മോശെയോടു കല്പിച്ചത്. 
                                          
വിഗ്രഹാരാധന എന്താണെന്നു ശരിക്കും മനസ്സിലാക്കിക്കഴിഞ്ഞൊൽ ഈ സംശയം ഇല്ലാതാകും. എന്താണു വിഗ്രഹാരാധന എന്നു അറിയണമെങ്കിൽ യഹോവയായ ദൈവം അതു സംബന്ധിച്ചു മോശ മുഖാന്തിരം നൽകിയ കല്പന ശ്രദ്ധിക്കേണ്ടതാണ്. പുറ 20;3-5 ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്. ഒരു വിഗ്രഹം ഉണ്ടാക്കരുത്. മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലുമുള്ള യാതൊന്നിന്റേയും പ്രതിമയും അരുത്. അവയെ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുതു. ഈ രണ്ടു കല്പനകളും ചേർത്തു പഠിക്കുമ്പോൾ മാത്രമേ അതിന്റെ അർത്ഥം വ്യക്തമാകുകയുള്ളൂ. ആദ്യത്തെ കല്പനയുടെ തുടർച്ചയാണ് രണ്ടാമത്തെ കല്പന. യഹോവയല്ലാതെ അന്യദൈവങ്ങളെ വിഗ്രഹത്തോടു കൂടിയോ വിഗ്രഹമില്ലാതെയോ ആരാധിച്ചാൽ അതു വിഗ്രഹാരാധനയാകുന്നു. എന്തുകൊണ്ട് വിഗ്രഹമുണ്ടാക്കരുതെന്നു പറഞ്ഞതു ഗ്രഹിക്കണമെങ്കിൽ വി.യോഹ 4;24-ൽ ദൈവത്തെ കർത്താവ് വെളിപ്പെടുത്തിയിരിക്കുന്നതു കൂടെ കൂട്ടിവായിക്കണം. ദൈവം ആത്മാവാകുന്നു. അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കണം 'ആത്മാവിനു രൂപമില്ലല്ലോ. രൂപമില്ലാത്ത ദൈവത്തെ രൂപത്തിൽ ആരാധിക്കുന്നതാണ് വിഗ്രഹാരാധന എന്നാണു അതിന്റെ അർത്ഥം. പൗലോസ് ശ്ലീഹാ റോമർക്ക് എഴുതിയത് ശ്രദ്ധിക്കുക, റോമ 1;23 അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു. ക്ഷയമുള്ളതു ശരീരത്തിനാണ്. ദൈവം അക്ഷയനാണെന്നു പറയുമ്പോൾ ശരീരമാല്ലാത്തവൻ എന്നതല്ലോ അർത്ഥം. ശരീരമില്ലാത്ത, തേജസ്സായ ദൈവത്തെ ശരീരത്തിൽ കാണാൻ ശ്രമിക്കുന്നതാണ് വിഗ്രഹാരാധന. രൂപരഹിതനായ ദൈവത്തെ രൂപത്തിൽ കാണാൻ ശ്രമിച്ചതാണ് യിസ്രായേൽ ജനത്തിന്റെ തെറ്റ്. കാളക്കുട്ടിയുടെ പിന്നിൽ അവർ തങ്ങളെ മിസ്രയീമിൽ നിന്നു വിടുവിച്ച ദൈവത്തെയാണ് അവർ ദർശിച്ചതെങ്കിലും അതു വിഗ്രഹാരാധനയായി കണക്കിടുവാൻ കാരണം. പുറ 32;4,5 വാക്യങ്ങൾ അവർ കാളക്കുട്ടിയുടെ പിന്നിൽ യഹോവയെ തന്നെയാണ് കണ്ടത് എന്നു വ്യക്തമായി പറഞ്ഞിരിക്കുന്നു. യിസ്രായേലേ, ഇതു നിന്നെ മിസ്രയീം ദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമാകുന്നു. അഹറോൻ അതു കണ്ടാറെ അതിന്നു മുമ്പാകെ ഒരു യാഗപീഠം പണിതു. നാളെ യഹോവയ്ക്ക് ഒരു ഉത്സവം എന്നു വിളിച്ചു പറഞ്ഞു. എന്നാൽ യഹോവയുടെ കല്പന പ്രകാരം മോശെ നിർമ്മിച്ച പിച്ചളസർപ്പത്തെ അവർ ദൈവമായോ, അതിന്റെ പിന്നിൽ ദൈവത്തെയോ കണ്ടില്ലായെന്നതു കൊണ്ടാണു അതിനെ വിഗ്രഹമായി പരിഗണിക്കാത്തത്.
                                            
ആ പിച്ചളസർപ്പമാകട്ടെ, ദൈവം അവർക്കു നൽകിയ വിടുതലിന്റെ വിമോചനത്തിന്റെ അടയാളം മാത്രമായിരുന്നു. എന്നാൽ അതിലപ്പുറം അതു കർത്താവിൽക്കൂടെ ലോകത്തിനു നൽകിയ രക്ഷയുടെ, വിമോചനത്തിന്റെ മുൻകുറി കൂടെയാണ്. അതുകൊണ്ടു തന്നെയാണ് കർത്താവു ക്രൂശുമരണത്തെ മോശ ഉയർത്തിയ പിച്ചള സർപ്പത്തോടു സാദൃശ്യപ്പെടുത്തിയത്. പാതിനോമ്പിൽ പള്ളിമദ്ധ്യത്തിൽ സ്ഥാപിക്കുന്ന കുരിശും, അതിനു ശേഷം ദുഃഖവള്ളിയാഴ്ച ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന കുരിശും ഉയിർപ്പിന്റെ ശുശ്രൂഷയിലെ കുരിശും വിഗ്രഹമായിട്ടല്ല, അടയാളമായിട്ടാണ് നാം കാണുന്നതും വണങ്ങുന്നതും. മനുഷ്യകുലത്തിന്റെ രക്ഷയ്ക്കു വേണ്ടി കർത്താവു അനുഭവിച്ച കഷ്ടതയുടേയും മരണത്തിന്റേയും സ്മരണ ഉണർത്തുന്ന അടയാളം. അതിനാൽ അതു രക്ഷയുടേയും അനുഗ്രഹത്തിന്റേയും വാഴ്വിന്റേയും മരണത്തിന്മേലുള്ള ജയത്തിന്റേയും അടയാളവും മുദ്രയുമായി നാം കാണുന്നു. അതിൽ കർത്താവിനെയോ അതിന്റെ പിന്നിൽ ദൈവത്തെയോ നാം കാണുന്നില്ല. അതുകൊണ്ടാണ് ക്രൂശിതരൂപം സുറിയാനി ഒാർത്തഡോക്സ് സഭ അംഗീകരിക്കാത്തത്. കുരിശ് ഒന്നിന്റെയും പ്രതിമയോ സാദൃശ്യമോ അല്ലാത്തതിനാൽ അതു വിഗ്രഹവുമാകുന്നില്ല.
                                        
എന്നാൽ ഇതിന്റെ പിന്നിൽ ഒരപകടം ഒളിച്ചിരിക്കുന്നതു നാം കാണേണ്ടതുണ്ട്. അടയാളമായ ഈ കുരിശ് അജ്ഞതമൂലം വിഗ്രഹാരാധനയിലേക്കു കൊണ്ടുചെന്നു എത്തിക്കുവാനുള്ള സാദ്ധ്യതയണ്ട് എന്നു നാം മനസ്സിലാക്കേണ്ടതാണ്. ഈ കുരിശിൾ നാം എപ്പോൾ ദൈവത്തെ കാണുന്നുവോ അപ്പോൾ അതു വിഗ്രഹാരാധനയായി മാറും. എന്നാൽ പിന്നെ അതു ഒഴിവാക്കുകയല്ലേ നല്ലതെന്ന് വേണമെങ്കിൽ ചോദിക്കാം. യഹോവയായ ദൈവം ആദമിനോടു തോട്ടത്തിന്റെ നടുവിൽ നിൽക്കുന്ന വൃക്ഷത്തിന്റെ ഫലം തിന്നരുത് എന്നു കല്പിക്കാതിരുന്നെങ്കിൽ പാപവും തൽഫലമായ മരണവും മശിഹാതമ്പുരാന്റെ മനുഷ്യാവതാരവുമെല്ലാം ഒഴിവാകുമായിരുന്നു എന്നു പറയുന്നതു പോലെയാണ് ഈ സംശയത്തിന്റേയും സ്ഥാനം. യഹോവയായ ദൈവത്തിന്റെ കല്പനയാൽ മോശ ഉണ്ടാക്കിയ പിച്ചള സർപ്പത്തിനും ഈ അപകടം വന്നു ചേർന്നു. കാലം പിന്നിട്ടപ്പോൾ ജനം അതിനെ ആരാധിക്കുവാൻ തുടങ്ങി. ഈ അപകടം മുന്നമേ കാണാൻ കഴിയുന്ന യഹോവ അന്നു അതു നശിപ്പിക്കുവാൻ പറഞ്ഞില്ല. ഉത്തരം ഒന്നു മാത്രമേയുള്ളൂ. അത് യിസ്രായേൽ ജനത്തിനു യഹോവ നൽകിയ രക്ഷയുടേയും വിടുതലിന്റേയും അടയാളമാണ്. വരും തലമുറ ഇതിൽക്കൂടെ ദൈവത്തിന്റെ കാരുണ്യാതിരേകത്തെ തിരിച്ചറിയണമെന്നതായിരുന്നു അതിന്റെ ലക്ഷ്യം അതു പിച്ചളസർപ്പത്തിന്റെ കുഴപ്പമല്ല, മനുഷ്യന്റെ അജ്ഞതയാണ് കാരണം. കുരിശിലും ഈ അപകടം ഒളിഞ്ഞിരിക്കുന്നു എന്നറിഞ്ഞേ മതിയാകൂ. കുരിശു ഒഴിവാക്കുകയല്ല, സത്യം ഗ്രഹിക്കുകയാണ് ഇവിടെ ആവശ്യം. പാതിനോമ്പിൽ ഗോഗുൽഥായിൽ ഉയർത്തി നാട്ടിയ കുരശിൽ കർത്താവു നമുക്കായി നിർവ്വഹിച്ച വലിയ രക്ഷയെയാണ് നാം കാണുന്നത്. കുരിശ് സാത്താനെയും മരണത്തെയും പരാജയപ്പെടുത്തിയ ആയുധമാണ്. സാത്താനെ പരാജയപ്പെടുത്തി കർത്താവ് നമുക്കു ഒരുക്കിത്തന്ന രക്ഷയിലേക്കുള്ള വി.നോമ്പിലെ പ്രയാണം ആ ജയമുള്ള കുരിശിൽ ദൃഷ്ടി പതിപ്പിച്ചു കൊണ്ടായാരിക്കണമെന്ന് വി.സഭ നമ്മെ പഠിപ്പിക്കുന്നു. ഇനിയുമുള്ള നമ്മുടെ യാത്രയിൽ സാത്താൻ നമ്മെ രക്ഷയിൽ നിന്നു അകറ്റിക്കളയാനായി കൊണ്ടുവരുന്ന എല്ലാ പരീക്ഷകളേയും ഈ കുരിശിനാൽ പരാജയപ്പെടുത്തേണ്ടതാണ്. അതുകൊണ്ടുതന്നെ കർത്താവിന്റെ ജയമുള്ള സ്ലീബാ എന്നും ജയത്തിന്റെ അയാളമാണ്. ജീവന്റെ അടയാളമാണ്. അനുഗ്രഹത്തിന്റെയും വാഴ്വിന്റെയും അടയാളമാണ് സത്യവിശ്വാസികൾക്ക് യിസ്രായേൽ ജനത്തെ മിസ്രയീമിലെ അടിമത്തത്തിൽ നിന്നു വിടുവിച്ച കട്ടിളപ്പടികളിൽ പതിച്ച കുഞ്ഞാട്ടിൻ രക്തത്തിന്റെ അടയാളം പോലെ, സത്യവിശ്വാസികളുടെ വിമോചനത്തിന്റെ മുദ്രയാണ് കുരിശ്. അതു പ്രാർത്ഥനയുടെ പ്രതീകമാണ്. ആരാധനയുടെ അടയാളമാണ്. കുരിശു കാണുമ്പോൾ, കുരിശു വരയ്ക്കുമ്പോൾ അപ്പോഴെല്ലാം നമുക്കായി ജീവൻ ബലിയായി അർപ്പിച്ച, രക്ഷ നമുക്കു സൗജന്യമായി നൽകിയ കർത്താവായ യേശു ക്രിസ്തുവിനോടുള്ള ബന്ധം പുതുക്കുകയാണ്. എനിക്കോ നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ കുരിശിൽ അല്ലാതെ പ്രശംസിപ്പാൻ ഇടവരരുത്. എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകൾ കുരിശ് നമുക്കു എങ്ങനെയായിരിക്കണമെന്നു നമ്മെ ഉദ്ബോധിപ്പിക്കുന്നു. വി.യോഹന്നാൻ പഴയനിയമത്തിലെ ഈ സംഭവത്തെ ഒരു അടയാളമായിട്ടും ഒരു പ്രവചനമായിട്ടും ഒരു ഉപമയുടെ രൂപത്തിലുമാണു ഉപയോഗിച്ചിരിക്കുന്നതു. മോശ പാളയത്തിൽ ഉയർത്തിയ പിച്ചളസർപ്പത്തെ ജനം നോക്കി. അവരുടെ ചിന്തകൾ യഹോവയിങ്കലേക്കു തിരിഞ്ഞു. ദൈവത്തിന്റെ രക്ഷയിൽ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്തവർക്കു ജീവൻ ലഭിച്ചു. അതുപോലെ ക്രിസ്തുവും ഉയർത്തപ്പെട്ടു. ജനം അതു തിരിച്ചറിഞ്ഞു അവരുടെ ചിന്തകളും വിചാരങ്ങളും ദൈവത്തിങ്കലേക്കു തിരിക്കുകയും അവനിൽ വിശ്വസിക്കുകയും ചെയ്യുമ്പോൾ രക്ഷയും നിത്യജീവനും കണ്ടെത്തും.
                                         
ഇന്നത്തെ പഴമവായനയിൽപ്പെട്ട സങ്കീർത്തനം 34;5 ശ്രദ്ധിക്കുക. അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി അവരുടെ മുഖം ലജ്ജിച്ചു പോയതുമില്ല. മറ്റൊരു പഴമവായനയായ സഖ 12;6-14 ഇതിനോടു ചേർത്തു ശ്രദ്ധാപൂർവ്വം വായിക്കണം. സംഖ്യ 12;10 'തങ്ങൾ കുത്തിയവനിലേക്കു അവർ നോക്കും എന്നു ദാവീദു ഗൃഹത്തെക്കുറിച്ചും യറുശലേം നിവാസികളെക്കുറിച്ചും നൂറ്റാണ്ടുകൾക്കു മുമ്പു സഖറിയാ പ്രവാചകനിലൂടെ യഹോവയായ ദൈവം അരുളിച്ചെയ്തതു ഭൂമിയുടെ മദ്ധ്യത്തിൽ ഉയർത്തിയ കാൽവറി ക്രൂശിൽ നിവൃത്തിയായിരിക്കുന്നു. മനുഷ്യപുത്രനേയും ഉയർത്തേണ്ടതാകുന്നു എന്ന പ്രയോഗത്തിൽ അത്ഭുതകരമായ ചില സൂചനകൾ നമുക്കു കാണാൻ കഴിയുന്നു. കർത്താവു ഇവിടെ അതു രണ്ടു അർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത് കുരിശിൽ ഉയർത്തപ്പെടും എന്നതാണു ഒരു അർത്ഥം. എന്നാൽ അതു തന്നെ മഹത്വത്തിലേക്കു ഉയർത്തുന്നുവെന്നു മറ്റൊരു അർത്ഥം കൂടയുണ്ടെന്നാണ് വേദപണ്ഡിതന്മാരുടെ പക്ഷം. കാനാവിലെ കല്യാണത്തിലെ അത്ഭുതത്തെക്കുറിച്ചു വി.യോഹന്നാൻ പറഞ്ഞിരിക്കുന്നതു (വി.യോഹ 2;11) യേശു അതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽ വച്ചു ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി എന്നാണ്. കാനാവിൽ വച്ചു ആരംഭിച്ച കർത്താവിന്റെ മഹത്വം പൂർണ്ണമായി വെളിപ്പെട്ടത് കാൽവറി ക്രൂശിലും ഉയിർപ്പിലുമാണ്. ക്രൂശിൽ തന്നെ ഉയർത്തുന്നതിനെ കുറിച്ചു വി.യോഹ 8;28-ൽ നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിയ ശേഷം എന്നും, വി.യോഹ 12;32-ൽ ഞാനോ ഭൂമിയിൽ ഉയർത്തപ്പെട്ടാൽ എല്ലാവരേയും എങ്കലേക്കു ആകർഷിക്കും. എന്നും തന്റെ ക്രൂശാരോഹണത്തെക്കുറിച്ചു കർത്താവു പറഞ്ഞതു ഇതിനോടു ചേർത്തു ചിന്തിക്കുക. ക്രൂശിൽ ഉയർത്തപ്പട്ടതു മൂലം കർത്താവ് മഹത്വത്തിലേക്ക് ഉയിർത്തപ്പെടുകയായിരുന്നു എന്ന് അപ്പൊ.പ്ര 2;23-ൽ അവൻ ദൈവത്തിന്റെ വലത്തുഭാഗത്തേക്കു ആരോഹണം ചെയ്തു. എന്നും അപ്പൊ.പ്ര 15;31ൽ 'ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കൈയാൽ ഉയർത്തിയിരിക്കുന്നു. എന്നും ഫിലി 2;9-ൽ അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകല നാമത്തിനും മേലായ നാമം നൽകി. എന്നും ഈ ക്രൂശുമരണത്തിലൂടെ ഉയർത്തപ്പെട്ട മഹത്വത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നു. കർത്താവിനു ക്രൂശു മഹത്വത്തിലേക്കുള്ള വഴിയായിരുന്നു. ക്രൂശു ഒഴിവാക്കിയിരുന്നുവെങ്കിൽ മഹത്വവും നഷ്ടപ്പെടുമായിരുന്നു. ഇതു നമുക്കും ബാധകമാണ്. നാമും കുറുക്കുവഴികൾ തേടിയാൽ, കുരിശ് പരിത്യജിച്ചാൽ മഹത്വം നഷ്ടമാകും. If there is no cross,there is no crown എന്ന ചൊല്ലുപോലും കർത്താവിന്റെ ക്രൂശുമരണത്തിലൂടെ ഉണ്ടായ മഹത്വത്തിൽ നിന്നുമുണ്ടായതാണ്.
                                         
കുരിശിലൂടെ ദൈവം വെളിപ്പെടുത്തിയ വലിയ സ്നേഹമാണ് 15 മുതലുള്ള വാക്യങ്ങളിൽ നാം വായിക്കുന്നത്. കുരിശിൽ നാം ദർശിക്കുന്നതു മനുഷ്യകുലത്തോടുള്ള ദൈവത്തിന്റെ അദമ്യമായ ദിവ്യസ്നേഹമാണ്. ആ ദൈവസ്നേഹം എങ്ങനെയുള്ളതാണെന്നും അതെങ്ങനെ എല്ലാവർക്കും സ്വായത്തമാക്കൊമെന്നും ഇവിടെ വെളിപ്പെടുത്തുന്നു. ഒരു മനുഷ്യനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കണമെന്നുതാണ് സ്നേഹസ്വരൂപനായ ദൈവത്തിന്റെ ഉദ്ദേശ്യം. അതിനുവേണ്ടി ദൈവം അനുഷ്ഠിച്ച ത്യാഗമാണ് കുരിശിൽ വെളിപ്പെടുന്നത്. ആരും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു ദൈവം തന്റെ ഏകജാതനെ നൽകി എന്നതാണ് ആ വലിയ സ്നേഹത്തിന്റെ പ്രത്യേകത. മനുഷ്യ സ്നേഹത്താൽ പിതാവാം ദൈവം തന്റെ ഏകജാതനിലൂടെ ഒരുക്കിയ സൗജന്യമായ രക്ഷ പ്രാപിക്കണമെങ്കിൽ അവനിൽ വിശ്വസിക്കണം. കർത്താവു പറയുന്നു. വി.യോഹ 3;18 'വിശ്വസിക്കുന്നവനു ന്യായവിധിയില്ല, വിശ്വസിക്കാത്തവന് ഏകജാതനായ പുത്രനിൽ വിശ്വസിക്കാത്തതിനാൽ ന്യായവിധി വന്നുകഴിഞ്ഞു. വി.യോഹന്നാൻ ശ്ലീഹാ പറയുന്നു. 1.യോഹ 3;1 'കാണ്മീൻ നാം ദൈവമക്കളെന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്രവലിയ സ്നേഹം നൽകിയിരിക്കുന്നു വിശ്വാസം എന്നതുകൊണ്ടു എന്താണു അർത്ഥമാക്കുന്നതു. വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്തകാര്യങ്ങളുടെ നിശ്ചയവുമാകുന്നു.(എബ്രാ 11;1) എന്ന പൗലോസ് ശ്ലീഹായുടെ നിർവ്വചനംകൊണ്ടു മാത്രം വിശ്വാസം പൂർണ്ണമാകുന്നില്ല. ദൈവമുണ്ട് എന്നു വിശ്വസിച്ചതു കൊണ്ടോ, യേശു നമ്മുടെ രക്ഷകനാണെന്നും, അവനിൽക്കൂടെ മാത്രമേ രക്ഷപ്രാപിക്കുവാൻ കഴിയുകയുള്ളൂ എന്നും വിശ്വസിച്ചതു കൊണ്ടും വിശ്വാസം പൂർണ്ണമാകുകയില്ല. അവൻ നമ്മെ സ്നേഹിക്കുന്നു, അവൻ നമ്മെ തള്ളിക്കളകയില്ല ഉപേക്ഷിക്കുകയുമില്ല, അവൻ നമുക്കായി കരുതുന്നു, നമ്മുടെ പാപങ്ങൾ മോചിക്കുന്നു എന്ന സംശയരഹിതമായ വിശ്വാസത്തോടെ നമ്മെത്തന്നെ പൂർണ്ണമായി സമർപ്പിക്കുമ്പോഴാണ് വിശ്വാസം പൂർണ്ണമാകുന്നത്. തന്റെ ഏകജാതനായ പുത്രനെ നമ്മുടെ രക്ഷയ്ക്കായി നൽകിയ പിതാവാം ദൈവത്തിന്റെ സ്നേഹത്തിലും, പുത്രൻ തമ്പുരാൻ നമുക്കു നൽകിയ രക്ഷയിലും വിടുതലിലും, അതാൽ ഉറച്ചു നിൽക്കുവാൻ നമുക്കു ശക്തി പകരുന്ന പരിശുദ്ധ റൂഹായിലുമുള്ള അചഞ്ചലമായ വിശ്വാസത്തിൽ നമ്മെ ദൈവകരങ്ങളിൽ സമർപ്പിക്കുന്നതണ് വിശ്വാസം. വിശ്വാസത്തിലൂടെ നമുക്കു ലഭിക്കുന്നതു നിത്യജീവനാണെന്ന് ഈ വാക്യങ്ങൾ വ്യക്തമാക്കുന്നു. ക്രിസ്തുവിന്റെ കാൽവറിയിലെ പരമയാഗം നമ്മെ ദൈവത്തോടു നിരപ്പാക്കുന്നു. പാപംമൂലം ദൈവത്തിൽനിന്നു അകന്നു മരണത്തിനു അധീനരായിതീർന്ന മനുഷ്യകുലത്തെ ദൈവത്തോടു നിരപ്പാക്കുകയായിരുന്നുവല്ലോ മനുഷ്യാവതാര ലക്ഷ്യം. പൗലോസ് ശ്ലീഹാ എഫേ 2;14-16 ൽ പറയുന്നു. അവൻ ഇരുപക്ഷത്തേയും ഒന്നാക്കി ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്തിൽ നീക്കി വേർപാടിന്റെ നടുച്ചുവർ ഇടിച്ചു കളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു ഇരുപക്ഷത്തേയും തന്നിൽ ഒരേ പുതുമനുഷ്യനായി സൃഷ്ടിപ്പാനും ക്രൂശിന്മേൽ വച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തേയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നെ. പാപം ചെയ്ത മനുഷ്യൻ ദൈവത്തിൽനിന്നും അകന്നു. ദൈവത്തിൽനിന്നും അകന്ന മനുഷ്യൻ മനുഷ്യനിൽനിന്നും അകന്നു. ഇനിയും ദൈവത്തോടു മനുഷ്യൻ അടുക്കണമെങ്കിൽ ആദ്യം മനുഷ്യനോടു അടുക്കണം. ദൈവത്തോടും മനുഷ്യരോടുമുള്ള നിരപ്പാകലിന്റെ ഫലമാണ് നിത്യജീവൻ. ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും സമാധാന ചിത്തരായി ജീവിക്കുമ്പോഴാണു നിത്യജീവന്റെ അവകാശിയായി ഭവിക്കുന്നത് അവിടെ ആകുലമില്ല, വ്യാകുലമില്ല, ചിന്താഭാരമില്ല, സന്തോഷവും സമാധാനവും മാത്രം. നിത്യജീവൻ എന്നതു അങ്ങേലോകത്തിലെ മാത്രം ഒരനുഭവമല്ല. ഈ ലോകത്തിൽ വച്ചുതന്നെ നാം അതിന്റെ അവകാശിയായി തീരുന്നു, തീരണം. ആ നിത്യജീവനിലേക്കുള്ള പ്രയാണത്തിൽ നമുക്കു വഴികാട്ടിയായി കർത്താവിന്റെ വിജയ സ്ലീബാ എന്നും നിലനിൽക്കണം. വി.നോമ്പ് നമ്മുടെ കർത്താവിന്റെ രക്ഷാകരമായ കഷ്ടാനുഭവത്തിലേക്കും ഉയിർപ്പിലേക്കും നമ്മെ പങ്കാളികളാക്കുവാൻ ഒരുക്കുന്നതാകയാൽ ക്രൂശിൽ നോക്കിയുള്ള യാത്ര അനിവാര്യമാണ്. പാതിനോമ്പും അതിന്റെ ശുശ്രൂഷകളും ഗോഗുൽത്തായും അതിൽ ഉയർത്തുന്ന കുരിശും ഈ സത്യം നമ്മെ അനുസ്മരിപ്പിക്കുന്നു. വി.സ്ലീബായെ വന്ദിക്കുന്നതിലൂടെയും ജയത്തിന്റെ അടയാളമായി നമ്മുടെ നെറ്റിത്തടത്തിൽ മുദ്രണം ചെയ്യുന്നതിലൂടെയും കുരിശിനെ ആഭരണമായി ധരിക്കുന്നതിലൂടെയും ദൈവം ആ കുരിശിലൂടെ നമുക്കു ഒരുക്കിതന്ന രക്ഷയിലേക്കു പ്രയാണം ചെയ്യുകയാണെന്ന ഓർമ്മ മാഞ്ഞുപോകാതെ നമ്മുടെ മനസ്സിലും ചിന്തയിലും വചാരത്തിലും ഹൃദയത്തിലും നിലനിൽക്കുവാൻ ഇടയാകണം. അതിനു സന്ധ്യ സ്ലൂസോയിലെ ഈ പ്രാർത്ഥന ദൈവസന്നിധിയിൽ സമർപ്പിക്കാം.
                          
ശക്തിയിൽ പരാക്രമനും യുദ്ധത്തിൽ പ്രബലനും ആകൽക്കറുസായോടു പോരാട്ടവും യുദ്ധവുംചെയ്തു ബലഹീനതയുള്ള ഞങ്ങളുടെ കുലത്തിനു ജയം നൽകിയവനായ കർത്താവേ! നോമ്പും പ്രാർത്ഥനയും മൂലം അവന്റെ തന്ത്രങ്ങളേയും നിഗളങ്ങളേയും ഞങ്ങളോടുള്ള അവന്റെ അഹങ്കാരത്തേയും ജയിച്ചു നിന്റെ വലത്തേതിന്റെ രക്ഷയെ സ്തുതിപ്പാൻ ഞങ്ങൾക്കു ശക്തി നൽകേണമേ. കർത്താവേ! പാപങ്ങളിൽ നിന്നു ഒഴിഞ്ഞു നോമ്പു നോക്കുവാനും ദുഷ്ടതകളിൽ നിന്നു പിന്തിരിയുവാനും ഹൃദയത്തിൽ നിന്നും അന്യായത്തിന്റെ ബന്ധനങ്ങളെ അഴിക്കാനും വഞ്ചനയുടെ കെട്ടുകളെ ഛേദിപ്പാനും ഞങ്ങൾക്കു ശക്തി നൽകേണമേ. കർത്താവേ! സ്വർഗ്ഗീയ കാര്യങ്ങളിൽ ഞങ്ങളോടു യുദ്ധം ചെയ്യുന്ന അപ്രത്യക്ഷ ദുരാത്മാക്കളോടു ശക്തിയുക്തം പോരാടുവാനും ക്രോധത്തെ കീഴ്പ്പെടുത്തുവാനും വൃഥാസ്തുതിയെ വെറുപ്പാനും ഞങ്ങളുടെ ആഗ്രഹങ്ങളെയെല്ലാം നിന്നിൽ വെയ്പ്പാനും ഞങ്ങൾക്കു ശക്തി നൽകേണമേ. ആമ്മീൻ

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
  • അനുഭവങ്ങളെ മറക്കാതിരിക്കുക.
  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
  • ഭയങ്കര കുർബാനയാണോ! വിശുദ്ധ കുർബാന?
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം
  • മൗനം വിദ്വാനു ഭൂഷണം.
  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • വിശുദ്ധ മദ്ബഹാ.
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • നോമ്പ് എടുക്കുന്നുണ്ടോ?
  • ആരാധനാ വർഷത്തിലെ കൂദോശ്-ഈത്തോ ഞായർ.
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.
  • ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.
  • എബ്രായലേഖന മുന്നറിയിപ്പുകൾ.
  • കുരിയാക്കോസ് സഹദാ
  • ഈസ്റ്റർ മുട്ടകൾ (Easter Eggs)
  • സഭായോഗങ്ങളിൽ വൈകിയെത്തുന്നവർ
  • സ്തൗമെൻകാലോസ്.
  • എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?
  • ഏഴിന്റെ പ്രാധാന്യം
  • ഊറാറ ചുറ്റിയ കുരിശ്.
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • ഫീറോ (Skull cap)
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • സേലൂൻ ബശ്ലോമോ....
  • യേശു പണിയുന്നു.
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?
  • അപ്പോക്രിഫാ.
  • വിശ്വാസ സംരക്ഷകരാവുക.
  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
  • സിറിയൻ ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ
  • ദമസ്‌കോസ്‌ (Damacus - City of Jasmine)
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?
  • ബാറെക്മോര്‍
  • ബർന്നബ്ബാസ് - പ്രബോധനപുത്രൻ.
  • ചമ്മട്ടി.
  • വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കാസായും പീലാസായും എടുത്ത് പടിഞ്ഞാറോട്ട് വരുമ്പോൾ ജനം കൈകൂപ്പിയാണോ നിൽക്കേണ്ടത്?
  • അന്നദാനം മഹാ ദാനം".
  • കൊഹനേ ഞായർ.
  • ദൈവപ്രസവിത്രിയുടെ ജനനം – സെപ്റ്റംബർ 8 [Birth of Theotokos] കർത്താവിന്റെ അമ്മ.
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • വിശുദ്ധ നോമ്പുകളുമായി ബന്ധപ്പെട്ട ചില തെറ്റായ പാരമ്പര്യങ്ങൾ.
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ

Footer menu

  • Contact

Copyright © 2025 qodumutho.com - All rights reserved