Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • വിശുദ്ധ നോമ്പുകളുമായി ബന്ധപ്പെട്ട ചില തെറ്റായ പാരമ്പര്യങ്ങൾ.

നമ്മുടെ സഭയുടെ കാനോനിക നോമ്പുകൾ 6 എണ്ണമാണ്. അവ യഥാക്രമം; 
1. യൽദോ നോമ്പ്, 
2. വലിയ നോമ്പ്, 
3. ശ്ലീഹന്മാരുടെ നോമ്പ്, 
4. ശൂനോയോ നോമ്പ്, 
5. നിനുവേ നോമ്പ്, 
6. ബുധൻ, വെള്ളി ദിവസങ്ങളിലുള്ള നോമ്പ് എന്നിവയാണ്. 

എന്നാൽ ഇതിൽ അവസാനത്തെ 4 എണ്ണം ആചരിക്കുന്നതിൽ പല തെറ്റായ കീഴ്വഴക്കങ്ങൾ, വേദശാസ്ത്രപരവും ആരാധനപരവുമായ പിഴവുകൾ നമുക്ക് സംഭവിക്കുന്നുണ്ട്. ആയതിനാൽ വളരെ കുറച്ചു മാത്രം ഈ കാര്യം ഈ ലേഖനത്തിൽ പരാമർശിക്കട്ടെ. കൂടുതൽ വ്യക്തതയും, റഫറൻസുകളുമുള്ള ഒരു ലേഖനം പിന്നീടൊരിക്കൽ എഴുതാൻ ശ്രമിക്കുന്നതാണ്.

തെറ്റ് സംഭവിക്കുന്നത് പ്രധാനമായും നോമ്പിന്റെ വേദശാസ്ത്രപരമായ ഒരു തത്വത്തിലാണ്. പരിശുദ്ധ സഭ നോമ്പ് ആചരിക്കുന്നത് വിശുദ്ധ ത്രിത്വത്തിന്റെ പുകഴ്ചയ്ക്കും മഹത്വത്തിനും വേണ്ടി മാത്രമാണ്. ഈ തത്വം മേല്പറഞ്ഞ അവസാന മൂന്നു നോമ്പുകളിൽ പാലിക്കപ്പെടുന്നുണ്ടോ എന്നുള്ളത് നമ്മൾ സ്വയം പരിശോധന നടത്തേണ്ടിയിരിക്കുന്നു.

സഭയിലുളവായ ആദ്യ കാനോനിക നോമ്പ് 'ശ്ലീഹന്മാരുടെ നോമ്പാണ്'. 'ശ്ലീഹന്മാരുടെ നോമ്പ്' പറഞ്ഞു പറഞ്ഞ് 'ശ്ലീഹാ നോമ്പ്' ആവുകയും പിന്നീട് ഓരോ ശ്ലീഹന്മാരെ ഓർക്കുന്ന, അവരുടെ പുകഴ്ച കൊണ്ടാടുന്ന ഒരു നോമ്പായി പരിണാമം സംഭവിക്കുകയും ചെയ്തു. യഥാർത്ഥത്തിൽ ശ്ലീഹന്മാരുടെ നോമ്പ് പരിശുദ്ധ റൂഹായുടെ നൽവ്വര ദാനങ്ങൾക്കുള്ള കൃതജ്ഞതയായിട്ട് എടുക്കുന്ന ഒരു നോമ്പാണ്. ഈ നോമ്പ് പത്രോസ് ശ്ലീഹായാൽ സ്ഥാപിതം എന്നു പാരമ്പര്യം പറയുന്നു. ഇതിന്റെ ദൈർഘ്യമെന്നത് പൂർവ്വകാലത്ത് 50 ദിവസം വരെയും, എന്നാൽ പിന്നീട് 3 ദിവസമാക്കി പുനഃക്രമീകരിച്ചിട്ടുള്ളതാണ്. ഇത് നോമ്പ് വെട്ടിക്കുറച്ചതല്ല; മറിച്ച്, സഭയുടെ ആകെയുള്ള കാനോനിക നോമ്പുകൾ ആചരിക്കുന്നതിൽ ഉണ്ടായിരുന്ന അശാസ്ത്രീയ കീഴ്വഴക്കങ്ങൾ മൂലം വിശ്വാസികൾ നേരിട്ട കാഠിന്യം കണക്കിലെടുത്ത് പരിശുദ്ധ ആകമാന സുന്നഹദോസ് വിശദമായി പഠിച്ച് ചർച്ചചെയ്ത് പുനഃക്രമീകരണം ചെയ്തു തന്നതാണ്.

യഥാർത്ഥത്തിൽ 'നിനുവേ നോമ്പ്' പ്രേഷിതവേലയുടെ പിന്മാറ്റത്തിൽ നിന്നും സഭയുടെ പൊതുവായ പാപസ്വഭാവത്തിൽ നിന്നും അനുതപിച്ച് മാനസാന്തതരപ്പെട്ട് ദൈവത്തിൽ ശരണപ്പെടുവാനുള്ളതാണ്. എങ്കിലും, തെറ്റായ കീഴ്വഴക്കങ്ങൾ മൂലം ഇപ്പോൾ ഈ നോമ്പ് യൗനാൻ നിബിയുടെ ഓർമ്മ മാത്രമായി മാറിയിരിക്കുന്നു. തിങ്കളാഴ്ച രാവിലെ ആരംഭിച്ച് ബുധൻ ഉച്ച നമസ്കാരം കഴിഞ്ഞ് 40 കുമ്പിടീൽ പൂർത്തിയാക്കിയ ശേഷം വിശുദ്ധ കുർബാനയോടെ പൂർത്തിയാക്കേണ്ടതാണ്. വ്യാഴാഴ്ച യൗനാൻ നിബിയുടെ ഓർമ്മ നടത്തുന്നു. അതായത്, നോമ്പ് സത്യദൈവത്തെ പുകഴ്ത്തി മഹത്വം കൊടുത്തുകൊണ്ടുള്ള അനുതാപത്തിന്റെയും വ്യാഴാഴ്ച പെരുന്നാൾ യൗനാ നിബിയുടെ ഓർമ്മയുടേതുമാകുന്നു. നിനുവേ നോമ്പും അതിന്റെ വിശുദ്ധ കുർബാനയും, യൗനാ നിബിയുടെ ഓർമ്മ കുർബാനയും രണ്ടും രണ്ടാണ്, അതു രണ്ടായിതന്നെ നടത്തണം. പക്ഷേ, അടുത്തടുത്തുള്ള ദിവസങ്ങളിലായിരിക്കണം.

ബുധൻ, വെള്ളിയാഴ്ച നോമ്പുകളും ഇതുപോലെയാണ് അവസാനിക്കുന്നത്. അന്നേ ദിവസം ഉച്ച നമസ്കാരം പൂർത്തിയാക്കിയ ശേഷമുള്ള വിശുദ്ധ കുർബാനയോടെയാണ് നോമ്പ് പൂർത്തിയാകുന്നത്. യഥാർത്ഥത്തിൽ അന്നേ ദിവസം രാവിലെ വിശുദ്ധ കുർബാന ചൊല്ലാൻ പാടില്ലെന്നുള്ളതാണ് സത്യം. കാരണം, വിശുദ്ധ കുർബാനയ്ക്കു ശേഷം ഉപവാസമില്ലെന്നതുകൊണ്ടുതന്നെ. എല്ലാ നോമ്പും അതിന്റെ സന്ധ്യയിലാണ് തുടങ്ങുന്നതെങ്കിലും വ്രതാനുഷ്ഠാനങ്ങൾ പ്രഭാതത്തിലാണ് ആരംഭിക്കുന്നത്. അതായത്, ചൊവ്വ അസ്തമിച്ചുള്ള രാത്രിയിലും, വ്യാഴം അസ്തമിച്ചുള്ള രാത്രിയിലും വ്രതമില്ല. ബുധൻ, വെള്ളി പ്രഭാതം മുതൽ പരമാവധി അടുത്ത സന്ധ്യയ്ക്ക് മുമ്പ് നോമ്പ് പൂർത്തിയാക്കുന്നു. കർമ്മങ്ങളുടെ ആന്തരീക അർത്ഥം ഗ്രഹിക്കാതെപോയ ചില മല്പാന്മാരുടെ തെറ്റായ പഠിപ്പിക്കലുകൾ മൂലം ഇവയെല്ലാം ഇപ്പോൾ വികലമായ ആരാധനാ പാരമ്പര്യങ്ങൾക്ക് വഴിയൊരുക്കിയിട്ടുമുണ്ട്. ചൊവ്വ രാത്രിയിലും, വ്യാഴം രാത്രിയിലും വ്രതമില്ലാതിരിക്കെ, വ്രതമുണ്ടെന്നു പഠിപ്പിച്ചതുമൂലം ചൊവ്വ, വ്യാഴം ദിവസങ്ങൾ വിവാഹ കൂദാശയില്ലാതായതുൾപ്പെടെ അനേകം പാർശ്വഫലങ്ങൾ നോമ്പാചരണ പിഴവു മൂലം ആവിർഭവിച്ചിട്ടുണ്ട്. ശീമയിലും മലങ്കരയിലുമുള്ള മല്പാന്മാരുടെ പഠിപ്പിക്കൽ ഇതിനു വഴി തെളിച്ചു.

[എല്ലാ നോമ്പുകളും ദയറാക്കാരും അൽമായരും ഒരേപോലെയല്ല നോക്കുന്നത്. പലപ്പോഴും പല പുസ്തകങ്ങളിലും കാണുന്നത് ദയറാക്കാരുടെ നോമ്പനുഷ്ഠാന രീതിയാണ്. വിവാഹിതരായ പട്ടക്കാർക്കും അൽമായർക്കും ഒരേ രീതിയിലാണ് നോമ്പ്.

Scholar Bar Hebraeus (+1286) states: “Fasting has three degrees: General, special and exclusive. One may practice general fasting by refraining completely from eating or drinking during daytime and in the evening one eats cereals and beans or one might practice it by refraining from eating meat and animal products during the day."

ഇതിൽ General degree ആണ് സാധാരണ അൽമായർക്ക് വേണ്ടി നിർദ്ദേശിച്ചിട്ടുള്ളത്.

പകൽ സമയം മാത്രമാണ് ഉപവാസം, അല്ലെങ്കിൽ വർജ്ജനം ഇതിൽ നിർദ്ദേശം ചെയ്തിട്ടുള്ളൂ. അതുകൊണ്ട് ഏകദിന നോമ്പിൽ അൽമായർക്കു പ്രഭാതം മുതൽ സായാഹ്നം വരെയുള്ള ഉപവാസവും വർജ്ജനവും മാത്രമേയുള്ളൂ. എന്നാൽ തുടർച്ചയായ ദിവസങ്ങളിൽ വരുന്ന നോമ്പിൽ പ്രഭാതത്തിൽ ആരംഭിച്ച് നോമ്പ് വീടൽവരെയും വർജ്ജനമുണ്ട്; ഉപവാസം പകൽ മാത്രവും].

'ശൂനോയോ നോമ്പ്' എന്നുള്ള പേരുപോലും മറ്റൊരു വലിയ തെറ്റാണ്. ഇപ്പോൾ ഔദ്യോഗിക നാമം അങ്ങനെയാണെങ്കിലും യഥാർത്ഥത്തിൽ ശൂനോയോ നോമ്പ് എന്നൊരു നോമ്പ് മുമ്പെങ്ങുമില്ലായിരുന്നു. നമ്മുടെ കർത്താവിന്റെ രൂപാന്തരീകരണവുമായി ബന്ധപ്പെട്ടുള്ള ഒരു നോമ്പായിരുന്നു അത്. മുൻകാലങ്ങളിൽ ഈസ്റ്റർ കഴിഞ്ഞുവരുന്ന 13-ാമത്തെ ഞായറാഴ്ചയായിരുന്നു രൂപാന്തീകരണം നടത്തിയിരുന്നത്. ഇത് പുതിയ കലണ്ടർ പ്രകാരം ഓഗസ്റ്റ് 6 നും 19 നും ഇടയ്ക്ക് വരുമായിരുന്നു. അതുകൊണ്ട് രണ്ടു പെരുന്നാളുകൾ; അതായത് രൂപാന്തരീകരണ പെരുന്നാളും, ശൂനോയോ പെരുന്നാളും, ഇവ ഒരുമിച്ച് ഒരേ കാലത്ത് നടത്തപ്പെട്ടു. പിന്നീട് രൂപാന്തരീകരണ പെരുന്നാൾ ഓഗസ്റ്റ് 6-ൽ നടത്തുന്നതിന് നിശ്ചയം ചെയ്തു. എന്നാൽ ഇതിനോടകം നോമ്പ് എന്നത് ദൈവമാതാവിന്റെ വാങ്ങിപ്പിന്റെ പെരുന്നാളുമായി ദൃഢമായി ബന്ധപ്പെട്ടു പോവുകയും പ്രത്യേക ആരാധനാ ക്രമങ്ങൾ രൂപപ്പെടുകയും ചെയ്തു. ഇവിടെ യഥാർത്ഥത്തിൽ വലിയൊരു പിഴവ് സംഭവിച്ചു. അതായത്, കത്തോലിക്കാ സഭയുടെപോലെ നമ്മൾ ദൈവമാതാവിന്റെ പേരിൽ നോമ്പാചാരങ്ങൾ തുടങ്ങി. ഇത് നമ്മുടെ ഡോക്ടറിനൽ തത്വത്തിനോട് തന്നെ വൈരുദ്ധ്യം കാണിക്കുന്നുണ്ട്. എന്താണ് യഥാർത്ഥത്തിൽ നമ്മൾ ആചാരിക്കുന്ന ശൂനോയോ നോമ്പ്? ഇത് യഥാർത്ഥത്തിൽ നമ്മുടെ കർത്താവിന്റെ രൂപാന്തരീകരണത്തിന്റെ പുകഴ്ചയ്ക്കുള്ളതാണ്. അതായത്, വിശുദ്ധ ത്രിത്വത്തിൽ ഒരുവൻ കന്യകയിൽ നിന്നും ജഡം ധരിച്ച് പൂർണ്ണമനുഷ്യനായി എങ്കിലും അവന്റെ ദൈവത്വത്തിൽ യാതൊരു കുറവും സംഭവിച്ചിട്ടില്ലായിരുന്നുവെന്നു നമ്മെ ഓർമ്മിപ്പിക്കുന്ന നോമ്പ്. കർത്താവിന്റെ പൂർണ്ണദൈവത്വവും പൂർണ്ണമനുഷ്യത്വവും ഓർമ്മിപ്പിക്കുന്ന നോമ്പ്, വിശുദ്ധ കന്യകയിൽ വിശുദ്ധ ത്രിത്വം പ്രവർത്തിച്ച രക്ഷാകര നടപടികളെയോർത്ത് വിശുദ്ധ ത്രിത്വത്തിന്റെ പുകഴ്ചയ്ക്കും മഹത്വത്തിനും വേണ്ടി കൊണ്ടടുന്ന നോമ്പ്. വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പിന്റെ ഓർമ്മ കൊണ്ടാടുന്ന നോമ്പായി മാത്രം അബദ്ധവശാൽ ഈ നോമ്പ് മാറ്റപ്പെട്ടു.

കൊത്നെ ഞായറാഴ്ച അസ്തമിക്കുമ്പോഴുള്ള രാത്രി വ്രതമുണ്ടോ? എന്ന് വലിയ നോമ്പ് ആരംഭിക്കുമ്പോൾ ചിലർ ചോദിക്കുന്നൊരു സംശയമാണ്. മുമ്പ് സൂചിപ്പിച്ച പ്രകാരം യഥാർത്ഥത്തിൽ നോമ്പിന്റെ ക്രമത്തിൽ നമസ്ക്കാരം തുടങ്ങുമെങ്കിലും വ്രതം ആരംഭിക്കുന്നത് തിങ്കളാഴ്ച പ്രഭാത നമസ്കാരത്തെ തുടർന്നുള്ള ശുബ്ക്കോനോ ശുശ്രൂക്ഷയ്ക്ക് ശേഷം മാത്രമാണ്. ഇതേ തത്വമാണ് എല്ലാ നോമ്പിലും പാലിക്കുന്നത്. വീണ്ടും, മറ്റൊരു ചോദ്യം. മരണമടഞ്ഞവർക്കുവേണ്ടി നോമ്പ് ആചാരിക്കുന്നുണ്ടോ? എന്നുള്ളതാണ്. ഉത്തരം: കേരളത്തിൽ അങ്ങനെയൊരു പാരമ്പര്യമുണ്ട്. (ശീമയിൽ ഇപ്പോൾ ഉണ്ടെന്നും ഇല്ലന്നും പറഞ്ഞു കേൾക്കുന്നു. സത്യം അറിയാൻ അവിടെയുള്ളവരോട് തിരക്കേണ്ടിയിരിക്കുന്നു). എന്നാൽ സുറിയാനി സഭയുടെ വേദശാസ്ത്ര തത്വങ്ങൾ പ്രകാരം, വാങ്ങിപ്പോയവർക്കുവേണ്ടി നോമ്പില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ പ്രാർത്ഥന, കുർബാനകളിൽ എന്നിവയിൽ മുടങ്ങാതെ നാം അവരെ ഓർക്കേണ്ടതാണ്. കാനോൻ പ്രകാരം 3,9,30,40 ദിവസങ്ങളിലും വാർഷികത്തിലും ആനീദെ ഞായറാഴ്ചയിലും അവരെ ഓർത്തു വിശുദ്ധ കുർബാനയർപ്പിക്കണം. എന്നാൽ വാങ്ങിപ്പോയവരെയോർത്ത് ഉപവാസമോ, നോമ്പോ മുമ്പെങ്ങുമില്ലായിരുന്നു. കുറേ നൂറ്റാണ്ടുകളായിട്ട്, പ്രത്യേകിച്ച് ഉദയംപേരൂർ സുന്നഹദോസ് കാലങ്ങൾക്കു ശേഷം മലങ്കരയിൽ ഇങ്ങനെ ഒരു പാരമ്പര്യമുണ്ട്. പാലക്കുന്നത്ത് അത്താനാസിയോസിന്റെ നവീകരണ ശ്രമങ്ങളിൽ ഈ നോമ്പ്, ഉപവാസം എടുത്തു കളയാൻ ശ്രമിച്ചത് വൻ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. യഥാർത്ഥത്തിൽ ഇത് ഇവിടെ നിലനിൽക്കുന്നുണ്ട്, മാതൃസഭയിൽ ആചാരിക്കുന്നുണ്ടോ എന്നുള്ളത് അന്വേഷണം നടത്തി കണ്ടു പിടിക്കേണ്ടിയിരിക്കുന്നു.

ഒരു വാക്ക്; മറ്റു രണ്ടു നോമ്പുകളെപ്പറ്റിയും പറയട്ടെ. ജനനപ്പെരുന്നാൾ നോമ്പ് 1. കർത്താവിന്റെ ജഡധാരണ അത്ഭുതങ്ങൾ ധ്യാനിക്കുന്നു. 2. തന്റെ ഏകജാതനായ പുത്രനെ ലോകത്തിനു നൽകുവാൻ തക്കവണ്ണം നമ്മെ സ്നേഹിച്ച് അവനെ ജഡം ധരിക്കുവാൻ അയച്ച പിതാവാം ദൈവത്തോടുള്ള കൃതജ്ഞത.

ഇതുപോലെ വലിയ നോമ്പ് ആചരിക്കുന്നത് പുത്രനോടുള്ള കൃതജ്ഞതയായിട്ടാണ്, 1. നമുക്ക് വേണ്ടി വിജനതയിൽ 40 നാൾ നോമ്പ് നോറ്റ കർത്താവിന്റെ നോമ്പിൽ ഓഹരി പ്രാപിക്കുവാൻ, 2. അവൻ നമുക്ക് വേണ്ടി അനുഭവിച്ച കഷ്ടതയിൽ ഓഹരി പ്രാപിക്കുവാൻ.

എന്റെ ലേഖനങ്ങൾ വായിച്ച നമ്മുടെ സഭയിലെ ഒരു മാന്യ വ്യക്തിയുടെ വിമർശനം കൂടി ചേർത്തുകൊണ്ടു ഞാൻ ഉപസംഹരിക്കട്ടെ. അദ്ദേഹം എനിക്കയച്ച മെസ്സേജിൽ ഇപ്രകാരം കുറിച്ചിരിക്കുന്നു, "ഇപ്പോൾ ഏകദേശം പൂർണ്ണമായും അങ്ങ് ഒരു പ്രൊട്ടസ്റ്റന്റ് ആയിക്കഴിഞ്ഞു. ഇനി ഒരു വിശ്വാസ സ്നാനത്തിന്റെ കുറവും കൂടിയേയുള്ളൂ. ഒരു കണക്കിന് നല്ലതാണ്. ഓർത്തഡോക്സി ഒരു പഴയ ആശയമാണെന്നാണ് പല ഓർത്തഡോക്സ് പുരോഹിതർക്കും. ഇതിൽ വ്യത്യാസം ഞാൻ കണ്ടത് ചില സാധാരണ വിശ്വാസികൾക്കും പിന്നെ നന്നായി ഓർത്തഡോക്സി പഠിച്ചു 80-ാം വയസ്സിൽ സഭയിൽ ചേർന്ന സെബാസ്റ്റ്യൻ ബ്രൂക്ക് പോലെയുള്ള ആളുകളിലുമാണ്". അതുകൊണ്ട് എന്റെ ലേഖനങ്ങൾ വായിക്കുന്ന എല്ലാവർക്കും ഇത് ഒരു മുന്നറിയിപ്പായിട്ട് എടുക്കാൻ ഞാൻ അപേക്ഷിക്കുന്നു. എന്റെ ലേഖനം അതുപോലെ നിങ്ങൾ വിശ്വസിക്കരുത്. മറിച്ച്, നന്നായി അന്വേഷിച്ച് പഠിച്ച് പരിശുദ്ധ സഭയുടെ പഠിപ്പിക്കലാണോ എന്നുറപ്പ് വരുത്തിയശേഷം അംഗീകരിക്കാൻ തയ്യാറായാൽ മതി.

നമ്മുടെ ലേഖനം അവസാനിപ്പിക്കട്ടെ, പരിശുദ്ധ സഭയിൽ നോമ്പ്, ഉപവാസം ഒരിക്കലും മണ്മയരായ മനുഷ്യരുടെ ഓർമ്മയ്ക്കോ പുകഴ്ചയ്ക്കോ വേണ്ടി നടത്താറില്ല; മറിച്ച് അതു ദൈവത്തിന്റെ പുകഴ്ചയും മഹത്വവുമാണ് ലക്ഷ്യം വയ്ക്കുന്നത്. ശൂനോയോ നോമ്പ് യഥാർത്ഥത്തിൽ കർത്താവിന്റെ രൂപാന്തരീകരണത്തിന്റെ പുകഴ്ചയും മഹത്വവുമാണ് ലക്ഷ്യം വയ്ക്കുന്നത്. അതിൽ ദൈവമാതാവായ വിശുദ്ധ കന്യക മറിയമിൽക്കൂടിയുള്ള വിശുദ്ധ ത്രിത്വത്തിന്റെ അത്ഭുത പ്രവർത്തികൾ ധ്യാനിക്കുന്നു. ശ്ലീഹന്മാരുടെ നോമ്പ് പരിശുദ്ധ റൂഹയോടുള്ള കൃതജ്ഞതയാണ്. ബുധൻ, വെള്ളി നോമ്പുകൾ പ്രഭാതത്തിൽ ആരംഭിച്ച് സായാഹ്നത്തിൽ പൂർത്തിയാക്കുന്നു.

നോമ്പ് സ്നേഹം നിറഞ്ഞതാകുന്നു. ദൈവം സ്നേഹം ആകുന്നു. നോമ്പ് നമ്മിൽ ദൈവത്തോടുള്ള സ്നേഹം നിറയ്ക്കുന്നു.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്.
  • മാവുർബോ
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • മൊഴിമാറ്റത്തിന്റെ കുഴി.
  • ഇരുമ്പും വിദ്യയും ഇരിക്കെ കെടും.
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • വാദെ ദൽമീനോ - ഒരു പഠനം - നടപടിക്രമം.
  • മോർ കൗമ - വിലാപ സന്യാസിയായ മോർ ശെമവൂൻ കൗമ.
  • ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ.
  • ശുബ്ക്കോനോ
  • സംഗീതം മരിക്കില്ല.
  • കുറ്റമെല്ലാം അച്ചനിരിക്കട്ടെ.
  • പന്ത്രണ്ട് മാസങ്ങൾ
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • കടലുകൾ. (Oceans)
  • ഒലിവു മരം (Olea europaea)
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • വിശുദ്ധ കുർബാനാനുഭവം
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും
  • യൽദോ പെരുന്നാൾ നടപടി ക്രമം.
  • മെഴുകുതിരികളുടെ തീനാളം അണയാതിരിക്കട്ടെ.
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • വലയ വെള്ളിയാഴ്ച
  • കയ്പ്പിനെ മധുരമാക്കുന്ന ദൈവം.
  • സുറിയാനി സഭയുടെ പ്രദക്ഷിണം - ഒരു പഠനം.
  • ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.
  • അനുഭവങ്ങളെ മറക്കാതിരിക്കുക.
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • ദൈവമക്കൾ എന്ന് അഭിമാനിക്കുന്നവർ ആണല്ലോ നമ്മൾ ?
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • ഇരുപത്തുനാലു മൂപ്പന്മാർ.
  • ചോദ്യം
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.
  • വിശുദ്ധ കുർബ്ബാന. (ഒരു ചെറുപഠനം).
  • നോമ്പ്.
  • 72 പദവികള്‍
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • 72 അറിയിപ്പുകാരുടെ ഓർമ്മ.
  • ആരാധനയിലെ അപക്വമായ ആലാപന ശൈലി.
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved