ഈസ്റ്റർ ദിനത്തിൽ വിശേഷാൽ കുട്ടികൾക്ക് നൽകുന്ന സമ്മാനം. ചിത്രപ്പണികളാൽ അലങ്കരിച്ച മുട്ടകളുടെ ആകൃതിയിലുള്ള, ചോക്ലേറ്റ് മിട്ടായികൾ നിറച്ച ചെപ്പുകൾ.
4000 വർഷങ്ങൾക്കു മുമ്പ് മുതലേ മെസോപ്പൊട്ടേമിയൻ പ്രദേശങ്ങളിൽ നവവർഷ പിറവി ദിനത്തിൽ (Nowruz) അലങ്കരിച്ച മുട്ടകൾ സമ്മാനമായി നൽകുന്ന രീതിയിൽ നിന്നാണ് ഈസ്റ്റർ മുട്ടയുടെ ഉത്ഭവം. ആദിമ കാലങ്ങളിൽ പുഴുങ്ങിയ മുട്ടകളിൽ ചുവന്ന ചായം പൂശി കുരിശടയാളം വരച്ചു പരസ്പരം കൈമാറുന്ന രീതി ശീമ രാജ്യങ്ങളിലെ ക്രിസ്ത്യാനികളുടെ ഈസ്റ്റർ ആഘോഷത്തിൽ പ്രധാനമായിരുന്നു. സ്വന്ത രക്തം ചിന്തി മനുഷ്യവർഗ്ഗത്തിനു പുതുജീവൻ നൽകി ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ കുറിക്കുന്ന ഉത്തമ സമ്മാനമായി ഈസ്റ്റർ മുട്ടകൾ പാശ്ചാത്യ രാജ്യങ്ങളിൽ പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നു. കാലക്രമേണ മുട്ടകളിൽ വിവിധ ചിത്രപ്പണികളും ഐക്കണുകളും വരച്ചു തുടങ്ങി, പത്തൊൻപതാം നൂറ്റാണ്ടോടെ മുട്ടകൾ കൃത്രിമ ചോക്ലറ്റ് മുട്ടകൾക്കു വഴിമാറി. റഷ്യയിലും മറ്റു പല യൂറോപ്യൻ രാജ്യങ്ങളിലും തുറസ്സായ സ്ഥലങ്ങളിൽ ഈസ്റ്റർ മുട്ടകൾ വിതറി കൊച്ചുകുട്ടികൾക്കായി Easter Egg Hunting മത്സരങ്ങളും നടത്താറുണ്ട് (നമ്മുടെ നാട്ടിലെ 'മഞ്ചാടികുരു പെറുക്കൽ' മത്സരം പോലെ). എങ്കിലും ധാരാളം ക്രിസ്ത്യാനികൾ വസിക്കുന്ന കേരളത്തിൽ ഈസ്റ്റർ മുട്ടകൾ ഇനിയും വേണ്ടത്ര പ്രചാരം നേടിയിട്ടില്ല.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.