ജീവിതത്തിൽ കഷ്ടങ്ങളും പ്രയാസങ്ങളുമുണ്ട്. എന്നാൽ അവയെല്ലാം അല്പസമയത്തേക്ക് മാത്രം എന്നും അവയെല്ലാം തമ്പുരാൻ പുകഴ്ച്ചക്കും, തേജസ്സിനും, മാനത്തിനുമായി മാറ്റും എന്നും 1.പത്രോസ് 1-ാം അദ്ധ്യായം 6,7 വാക്യങ്ങളിൽ പറയുന്നു.
അല്പനേരത്തേക്കുള്ള കഷ്ടങ്ങളെയെല്ലാം നേരം പുലരുന്നതിനു മുമ്പ് ഉല്ലാസഘോഷങ്ങളാക്കും. നേരം പുലരുന്നതിന് മുമ്പ് കർത്താവ് ഇറങ്ങിവന്ന ഒരുപാട് സന്ദർഭങ്ങൾ വേദപുസ്തകത്തിൽ നാം കാണുന്നു.
നേരം പുലരും മുമ്പ് ദാവീദിനേയും ജനത്തേയും ദൈവം രക്ഷിച്ചതായി 2.ശമുവേൽ. 17-ാം അദ്ധ്യായത്തിൽ നാം വായിക്കുന്നു.
ദാവീദിനെതിരെ വന്ന സിംഹത്തേയും, കടുവയേയും, ഗോല്യാത്തിനേയും ശൗലിനേയും, ഫെലിസ്ത്യരേയും നേരിട്ട ദാവീദിന് മകനായ അബ്ശലേം എതിരായപ്പോൾ വീട് വിട്ട് ഇറങ്ങേണ്ടി വന്നു. അബ്ശലോമിൻ്റെ ആളുകൾ ദാവീദിനെ പിന്തുടർന്നപ്പോൾ ഒരു വീട്ടുകാരി ദാവീദിനെ കിണറ്റിൽ ഇറക്കി മൂടുവിരി എടുത്ത് കിണറിൻ്റെ വായിൽ വിരിച്ചു. ഇങ്ങനെ മകനിൽ നിന്നും അഹീഥോഫെലിൽ നിന്നും രക്ഷപ്പെട്ടു.
"ഉടനെ ദാവീദും കൂടെയുള്ള ജനമൊക്കെയും എഴുന്നേറ്റു യോർദ്ദാൻ കടന്നു; നേരം വെളുക്കുമ്പോഴെക്കു യോർദ്ദാൻ കടക്കാതെ ഒരുത്തൻ പോലും ശേഷിച്ചില്ല. എന്നാൽ അഹീഥോഫെൽ തന്റെ ആലോചന നടന്നില്ല എന്നു കണ്ടപ്പോൾ കഴുതപ്പുറത്തു കോപ്പിട്ടു കയറി തന്റെ പട്ടണത്തിൽ വീട്ടിലേക്കു ചെന്നു വീട്ടുകാര്യം ക്രമപ്പെടുത്തിയശേഷം കെട്ടി ഞാന്നു മരിച്ചു; അവന്റെ അപ്പന്റെ കല്ലറയിൽ അവനെ അടക്കംചെയ്തു". 2.ശമൂവേൽ17:22,23.
ജീവിതത്തിൽ ഉറക്കം വരാത്ത രാത്രികൾ ഉണ്ടാകാം. നേരം പുലരുമ്പോൾ നമ്മുടെ പരാജയം ശത്രു കാണുവാൻ ദൈവം ഇടവരുത്തുകയില്ല. മാത്രമല്ല ദുഷ്ടശക്തി തകർന്നടിയുന്നത് നാം കാണുകയും ചെയ്യും.
യേശുവിന്റെ ശിഷ്യന്മാർ കടലിൽ കൂടി യാത്രചെയ്യുമ്പോൾ വലിയ കാറ്റും തിരമാലകളും ഉണ്ടായി. ഒന്നാം യാമത്തിലും, രണ്ടാം യാമത്തിലും, മൂന്നാം യാമത്തിലും യേശു വന്നില്ല.
"രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു". മത്തായി 14:25.
നേരം പുലരുന്നതിന് മുമ്പ് യേശു വന്നു. തൻ്റെ ശിഷ്യരുടെ മരണം ലോകം കാണുവാൻ യേശു ഇടയാക്കിയില്ല.
ദൈവം നമുക്ക് പല പ്രയാസങ്ങളും അനുവദിക്കാം. ദൈവം എന്താണ് മാറി നിൽക്കുന്നതെന്ന് നമുക്ക് തോന്നാം. എന്നാൽ നാലാം യാമത്തിൽ തന്നെ നേരം പുലരും മുമ്പേ കർത്താവ് വരും. നമ്മുടെ പരാജയം ലോകം കാണുന്നതിന് ദൈവം അനുവദിക്കയില്ല.
യേശുവിന്റെ ശിഷ്യന്മാർ കർത്താവിന്റെ മരണശേഷം പിന്മാറി പോയി. പത്രോസും കൂട്ടരും പഴയ മീൻപിടുത്തത്തിലേക്ക് പോയി. രാത്രി മുഴുവനും യേശുവിനെ കൂടാതെ അദ്ധ്വാനിച്ചപ്പോൾ അവർക്ക് ഒന്നും കിട്ടിയില്ല. എന്നാൽ നേരം വെളുക്കുന്നതിന് മുൻപേ യേശു കരയിൽ നിന്നു. പടകിൻ്റെ വലതുഭാഗത്ത് വല വീശുവാൻ പറയുകയും അവർക്ക് വല വലിപ്പാൻ കഴിയാത്ത വിധം മീൻ ലഭിക്കുകയും ചെയ്തു. യേശു അവർക്ക് പ്രാതൽ ഒരുക്കികൊടുത്തു.
തൻ്റെ ശിഷ്യർ പരാജയപ്പെട്ട് പഴയപണിയിലേക്ക് പോകുന്നത് ലോകം കാണുവാൻ തമ്പുരാൻ ഇടവരുത്തിയില്ല. പകരം കർത്താവിന്റെ കുഞ്ഞാടുകളെ മേയ്ക്കുന്ന ഇടയന്മാരായി അവർ മാറി.
മിസ്രയീമിൽ നിന്നും യിസ്രായേൽ ജനത്തെ
ചെങ്കടൽ കടത്തിയതും നേരം പുലരുന്നതിന് മുമ്പ്. യരുശലേമിൽ നിന്നും എമ്മാവൂസിലേക്ക്പോയ ശിഷ്യന്മാരെ തിരിച്ച് യരുശലേമിലേക്ക് കൊണ്ടുവരുന്നതും നേരം പുലരുന്നതിന് മുമ്പ്. അവരുടെ പിന്മാറ്റം ലോകം കാണുവാൻ ദൈവം ഇടവരുത്തിയില്ല.
നമ്മുടെ ദൈവം നമ്മെ തന്നെ നോക്കി കൊണ്ടിരിക്കുന്നു. കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.
ഒന്നും, രണ്ടും,മൂന്നും യാമങ്ങളിൽ ദൈവം മാറി നിന്നു എന്ന് വരാം. എന്നാൽ നാലാം യാമത്തിൽ നേരം പുലരുന്നതിന് മുൻപേ കർത്താവ് വരും. കാര്യം സാധിപ്പിച്ചു തരും.കർത്താവിൽ തളരാതെ ആശ്രയിപ്പിൻ. ഉറച്ച് വിശ്വസിപ്പിൻ.
"സന്ധ്യയിങ്കൽ കരച്ചിൽ വന്ന് രാപാർക്കും. ഉഷസ്സിലോ ആനന്ദഘോഷം വരുന്നു". 30-ാം സങ്കീ 5-ാം വാക്യം.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.