Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?

ആദാമിനെയും ഹവ്വയെയും ആണും പെണ്ണുമായി ഒരു ശരീരത്തിലാണ് ദൈവം സൃഷ്ടിച്ചതെന്ന് പലരും വിശ്വസിക്കുന്നതായി ഞാൻ മുമ്പേ കേട്ടിട്ടുണ്ട്. വർഷങ്ങൾക്കുമുമ്പ് ബാഗ്ലൂരുള്ള ഒരു വലിയ പെന്തെക്കൊസ്ത് സഭയുടെ പാസ്റ്ററും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള മറ്റൊരു പണ്ഡിതനും ഇതു പറഞ്ഞുകേട്ടിട്ടുണ്ട്. അവർ അങ്ങനെ വിശ്വസിക്കാൻ കാരണമായ വാക്യങ്ങൾ നമുക്ക് ഒരോന്നായി പരിശോധിക്കാം: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.” (ഉല്പ, 1:27,28). “ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു” എന്നു പറഞ്ഞിരിക്കയാൽ; ദൈവം അവരെ ഒരു ശരീരത്തിലാണ് സൃഷ്ടിച്ചതെന്നാണ് ഇക്കൂട്ടർ വിചാരിക്കുന്നു. അതിനെക്കുറിച്ച് ബൈബിൾ എന്തു പറയുന്നുവെന്ന് നമുക്കൊന്ന് പരിശോധിക്കാം:

“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” (ഉല്പ, 1:1) എന്നു പറഞ്ഞുകൊണ്ടാണ് ബൈബിൾ ചരിത്രം ആരംഭിക്കുന്നത്. ഒന്നാം വാക്യം ആകാശവും ഭൂമിയും സൃഷ്ടിച്ചതിൻ്റെ സംക്ഷിപ്ത രൂപമായി മനസ്സിലാക്കാം. തുടർന്ന് രണ്ടാം വാക്യംമുതൽ ഇരുപത്തഞ്ചാം വാക്യംവരെയാണ് ആകാശസൈന്യങ്ങളുടെ സൃഷ്ടികളെക്കുറിച്ചും, ഭൂമിയിലെ ജീവജാലങ്ങളെക്കുറിച്ചും വിശദമായി പ്രസ്താവിക്കുന്നത്. അഞ്ചുദിവസംകൊണ്ട് ലോകത്തിൽ മനുഷ്യനൊഴികെയുള്ള സകലതും ദൈവം സൃഷ്ടിച്ചു. തുടർന്ന് 26-28 വരെയുള്ള വാക്യങ്ങളിൽ മനുഷ്യസൃഷ്ടിയെക്കുറിച്ച് ഒരു സംക്ഷിപ്തരൂപം കാണാം: അവിടെ മനുഷ്യനെക്കുറിച്ച് ചില കാര്യങ്ങളും പറയുന്നുണ്ട്: മനുഷ്യൻ്റെ രൂപവും സാദൃശ്യവും, ആകാശഭൂമിയിലുള്ള സകല ജീവജാലങ്ങളുടെയും മേലുള്ള അവൻ്റെ അധികാരം, ആണും പെണ്ണുമായുള്ള അവരുടെ ലിംഗഭേദം, സന്താനപുഷ്ടിയുള്ളവരായി ഭൂമിയിൽ പെരുകുവാനുള്ള അനുഗ്രഹം തുടങ്ങിയവ. ദൈവസൃഷ്ടിയുടെ മകുടമായ മനുഷ്യസൃഷ്ടിയെക്കുറിച്ച് അടുത്ത അദ്ധ്യായത്തിൽ വിശദമായി പ്രതിപാദിച്ചിരിക്കയാൽ, സൃഷ്ടിയുടെ സംക്ഷിപ്ത രൂപമാണ് ഒന്നാം അദ്ധ്യായത്തിലുള്ളതെന്ന് ന്യായമായും മനസ്സിലാക്കാമല്ലോ? രണ്ടദ്ധ്യായവും ചേർത്ത് പരിശോധിക്കുമ്പോഴല്ലേ മനുഷ്യനെ എപ്രകാരമാണ് ദൈവം സൃഷ്ടിച്ചതെന്ന് മനസ്സിലാകുകയുള്ളു. അല്ലെങ്കിൽ, അടുത്ത അദ്ധ്യായത്തിൽ ദൈവം സൃഷ്ടിക്കുന്നത് വേറെ വല്ലവരെയുമാണെന്ന് പറയുമോ?

ഒന്നാം അദ്ധ്യായത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചുവെന്നും അധികാരം നല്കി അനുഗ്രഹിച്ചുവെന്നുമല്ലാതെ, എപ്രകാരമാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് പറഞ്ഞിട്ടില്ല. അത് അടുത്ത അദ്ധ്യായത്തിലാണ്. വാക്യം ഏഴ്: “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.” (ഉല്പ, 2:7). ദൈവം നിലത്തെ പൊടികൊണ്ട് ആദാമിനെ മാത്രമാണ് ആദ്യം സൃഷ്ടിച്ചതെന്ന് ഈ വാക്യം തെളിവുനല്കുന്നു. ആദാമിനെയെയാണ് ദൈവം ആദ്യം സൃഷ്ടിച്ചതെന്ന് പുതിയനിയമത്തിലും തെളിവുണ്ട്: “ആദാം ആദ്യം നിർമ്മിക്കപ്പെട്ടു, പിന്നെ ഹവ്വ.” (1.തിമൊ, 2:13. ഒ.നോ: 1.കൊരി, 15:45). അല്ലാതെ, ആദാമിനെയും ഹവ്വയെയും ഒരുമിച്ചല്ല ദൈവം സൃഷ്ടിച്ചത്.  

അടുത്തവാക്യം: “അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.” (ഉല്പ, 2:8). തോട്ടമുണ്ടാക്കി മനുഷ്യനെ അവിടെ കൊണ്ടുപോയി ആക്കിയെന്നല്ലാതെ, എന്തിനാണവിടെ ആക്കിയതെന്നു പറയാതെ, അടുത്ത ആറ് വാക്യങ്ങളിൽ ഏദെൻ തോട്ടത്തെക്കുറിച്ചാണ് വർണ്ണിക്കുന്നത്. എട്ടാം വാക്യം മാത്രം ഒരാൾ വായിച്ചിട്ട് തനിക്ക് തോന്നിയപോലെ എന്തെങ്കിലും വ്യാഖ്യാനിച്ചുണ്ടാക്കിയാൽ ശരിയാകുമോ? അതുപോലെയാണ് ചിലർ ഒന്നോരണ്ടോ വാക്യം വായിച്ചിട്ട് ആദാമിനെയും ഹവ്വയെയും സയാമീസ് ഇരട്ടകളെപ്പോലെയോ മറ്റൊ സൃഷ്ടിച്ചുവെന്ന് മനസ്സിലാക്കുന്നത്. എന്തിനാണവനെ തോട്ടത്തിൽ ആക്കിയതെന്ന് അറിയണമെങ്കിൽ കുറച്ച് വാക്യങ്ങൾ കഴിഞ്ഞ് എഴുതിയിട്ടുണ്ട്. പതിനഞ്ചാം വാക്യം: “യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻ തോട്ടത്തിൽ വേല ചെയ്‍വാനും അതിനെ കാപ്പാനും അവിടെ ആക്കി.” (ഉല്പ, 2:15). തോട്ടത്തിൽ ആക്കിയതിൻ്റെ കാരണമിതാണ്. അവനെ സൃഷ്ടിക്കുമ്പോഴും തോട്ടം കാപ്പാനും വേല ചെയ്യാനും ഏല്പിക്കുമ്പോഴും അവൻ ഏകനാണെന്നോർക്കണം. അടുത്ത രണ്ട് വാക്യങ്ങൾ ദൈവം അവന് കൊടുത്ത കല്പനയാണ്. (1:16,17). ദൈവം ആദാമിന് കല്പന കൊടുക്കുമ്പോഴും ഹവ്വ ഇല്ലായിരുന്നു. സയാമീസ് ഇരട്ടവാദം പറയുന്നവരൊക്കെ ഏത് ബൈബിളാണ് വായിക്കുന്നതെന്നറിയില്ല.

പതിനെട്ടാം വാക്യം: “അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.” (ഉല്പ, 2:18). ഈ വാക്യം ശ്രദ്ധിക്കുക: “മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല.” ദൈവത്തിൻ്റെ ഈ വാക്ക് ഏകശരീരവാദികളുടെ കരണം നോക്കിയുള്ള അടിയല്ലേ? അടുത്തഭാഗം: “അവനൊരു തുണ ഉണ്ടാക്കിക്കൊടുക്കും.” തുണ ഉണ്ടാക്കിക്കൊടുക്കും എന്ന് ഭാവികാലത്തിലാണ് പറയുന്നത്, ഹവ്വയെ അതുവരെയും  സൃഷ്ടിച്ചിട്ടില്ല. അടുത്ത രണ്ട് വാക്യങ്ങളിൽ ഭൂമിയിലെ സകല മൃഗങ്ങൾക്കും ആകാശത്തിലെ പറവകൾക്കും ആദാം പേരിടുന്നു. തുടർന്നാണ് ഹവ്വയെ സൃഷ്ടിക്കുന്ന പ്രക്രിയ ദൈവം ആരംഭിക്കുന്നത്: “ആകയാൽ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു.” (ഉല്പ, 2:21). ആദാമിൻ്റെ വാരിയെല്ലുകളിൽ ഒരെണ്ണം എടുത്തിട്ടാണ് ഹവ്വയെ സൃഷ്ടിക്കുന്നത്. ആദാമിൽ നിന്നാണ് ഹവ്വ സൃഷ്ടിക്കപ്പെട്ടതെന്ന് പുതിയനിയമവും പറയുന്നു. (1.കൊരി, 11:8). സയാമീസ് വാദികളുടെ ബൈബിളിൽ ഈ വാക്യങ്ങളൊന്നും ഇല്ലേ ആവോ?

അടുത്തവാക്യം: “യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു.” (ഉല്പ, 2:22). അവിടെന്താണ് പറയുന്നത്: ദൈവം അവരെ ഒരുമിച്ചു സൃഷ്ടിച്ചശേഷം വേർപെടുത്തിയെന്നാണോ പറയുന്നത്? അല്ല. എവിടെയോവെച്ച് സൃഷ്ടിച്ചശേഷം ആദാമിൻ്റെ അടുക്കൽ കൊണ്ടുവന്നു എന്നാണ് പറയുന്നത്. അടുത്തവാക്യം: “അപ്പോൾ മനുഷ്യൻ; ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു.” (ഉല്പ, 2:23). ആദാമിനെ സൃഷ്ടിച്ച് വളരെ സമയം കഴിഞ്ഞിട്ട് അവൻ്റെതന്നെ ഒരു വാരിയെല്ലിൽ ഒരെണ്ണമെടുത്ത് ഹവ്വയെ സൃഷ്ടിച്ചാണ് അവൻ്റെയടുക്കൽ കൊണ്ടുവരുന്നത്. ഹവ്വയെനോക്കി ആദാം പറയുന്ന കാര്യമാണ് ക്രിസ്തുവിനെയും സഭയെയും കുറിച്ച് പൗലൊസ് പറയുന്നത്. (എഫെ, 5:30. കെ.ജെ.വി.യിൽ നോക്കുക). ഭൂമിയിലെ സകല ജീവികൾക്കും പേരിട്ട ആദാം തന്നെയാണ് ഹവ്വയെ നാരി (സ്ത്രീ) എന്ന് വിളിക്കുന്നത്. മേല്പറഞ്ഞ സൃഷ്ടിവിവരങ്ങളിൽ ഒരിടത്തും ആദാമിനെയും ഹവ്വയെയും ഒരു ശരീരത്തിലാണ് ദൈവം സൃഷ്ടിച്ചതെന്ന് സൂചനപോലുമില്ലെന്ന് മാത്രമല്ല; വ്യത്യസ്തസമയങ്ങളിൽ വ്യത്യസ്ത ശരീരങ്ങളിലാണ് അവരെ സൃഷ്ടിച്ചതെന്ന് ഏറ്റവും വ്യക്തമാണ്.

അടുത്തവാക്യം: “അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.” (ഉല്പ, 2:24). ഈ വാക്യവും പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്: “അവർ ഏകദേഹമായിത്തീരും” എന്നത്, അവർ അക്ഷരാർത്ഥത്തിൽ ഒരു ശരീരമായി തീരുമെന്നാണോ? അല്ല. പിന്നെന്താണ്? അവിടെ ആദാമിനെയും ഹവ്വയെയും കുറിച്ച് മാത്രമല്ല ദൈവമത് പറയുന്നത്. വാക്യത്തിൻ്റെ ആദ്യഭാഗം: “പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും.” ഈ ഭാഗം ആദാമിനെ കുറിച്ച് മാത്രമാണെങ്കിൽ, ആദാമിന് ഒരമ്മ ഇല്ലാത്തതിനാൽ അമ്മയെക്കുറിച്ച് പറയേണ്ടതില്ലല്ലോ? അപ്പോൾ എന്താണ് അവിടുത്തെ വിഷയം: സന്താനപുഷ്ടിയുള്ളവരായി ഭൂമിയിലൊക്കെയും പെരുകാൻ മനുഷ്യനെ അനുഗ്രഹിച്ച ദൈവം, തൻ്റെ പ്രതിനിധികളായിരുന്ന് ലൈംഗിക ബന്ധത്തിലൂടെ സൃഷ്ടികർമ്മം നടത്താൻ നിയമിച്ചിരിക്കുന്ന വ്യവസ്ഥയായ വിവാഹത്തെക്കുറിച്ച് അഥവാ ദാമ്പത്യജീവിതത്തെ കുറിച്ചാണ് അവിടെ പറയുന്നത്. ഭൂമിയിലെ എല്ലാ മനുഷ്യർക്കും ബാധകമയ കാര്യമാണ് ദൈവം പറയുന്നത്. ക്രിസ്തുവും ഇതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു” എന്നു ഉത്തരം പറഞ്ഞു. (മത്താ, 19:4-6). “ഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ” എന്നു യേശുവിനെ പരീക്ഷിച്ചു ചോദിച്ച പരീശന്മാരോടാണ് യേശുവത് പറയുന്നത്. “ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു.” ക്രിസ്തു പറയുന്നു: ഇരുവരും ഒരു ദേഹമായി തീരും; അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; അവരെ വേർപിരിക്കരുതു. യഥാർത്ഥത്തിൽ ഭർത്താവും ഭാര്യയും ഒരു ദേഹമായിത്തീരും; ഓപ്പറേഷൻ ചെയ്ത് അവരെ വേർപിരിക്കരുതെന്നാണോ പറയുന്നത്? അല്ല. വിവാഹം കഴിക്കുമ്പോൾ ദാമ്പത്യമെന്ന വ്യവസ്ഥയിൽ അവർ ഒന്നാകുന്നതിനെയാണ്, ഒരു ദേഹമാകും എന്നു പറയുന്നത്. ഈ ക്രമീകരണം ദൈവം ചെയ്തതാകയാൽ മനുഷ്യർ വിവാഹമോചനത്താൽ അവരെ വേർപിരിക്കുരുതെന്നാണ് പറയുന്നത്. അപ്പോൾ ദൈവം എങ്ങനെയാണ് ആദാമിനെയും ഹവ്വയെയും ഒരു ശരീരമാക്കി യോജിപ്പിച്ചതെന്ന് മനസ്സിലായില്ലേ? ഇങ്ങനെയൊക്കെ ബൈബിൾ വ്യാഖ്യാനിക്കുകയും പഠിക്കുക്കുകയും ചെയ്യുന്നവർ ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നതിൽ യാതൊരതിശയവുമില്ല.

അടുത്തൊരു വാക്യം: “ആദാമിന്റെ വംശപാരമ്പര്യമാവിതു: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു; സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കയും അവർക്കു ആദാമെന്നു പേരിടുകയും ചെയ്തു.” (ഉല്പ, 5:1). “അവർക്ക് ആദാമെന്ന് പേരിട്ടു” എന്ന് പറഞ്ഞിരിക്കയാൽ, അവർ ഒരു ശരീരത്തിലായിരുന്നു എന്നാണവർ കരുതുന്നത്. പാപം ചെയ്തശേഷം ആദാം തന്നെ സ്ത്രീക്ക് ഹവ്വ എന്നു പേരിടുന്നതായി കാണാം: “മനുഷ്യൻ തന്റെ ഭാര്യക്കു ഹവ്വാ എന്നു പേരിട്ടു; അവൾ ജീവനുള്ളവർക്കെല്ലാം മാതാവല്ലോ.” (ഉല്പ, 3:20). പിന്നെയും, അവർക്ക് ‘ആദാമെന്ന് പേരിട്ടു’ എന്നു പറഞ്ഞിരിക്കുന്നതെന്താണ്? ആദാം എന്ന പദം ബൈബിളിൽ 560-ലേറെ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. സംജ്ഞാനാമമായും (വ്യക്തിയുടെ പേര്) സാമാന്യനാമമായും (മനുഷ്യൻ, മനുഷ്യവർഗ്ഗം) എന്നീ ആശയങ്ങളിലും പ്രയോഗിച്ചിട്ടുണ്ട്. മനുഷ്യൻ എന്ന സാമാന്യ അർത്ഥത്തിലാണ് അധികം പ്രയോഗിച്ചിരിക്കുന്നത്. ആദാം എന്ന പദത്തിന് ചെമ്മണ്ണിൽനിന്ന് എടുക്കപ്പെട്ടവൻ എന്നാണർത്ഥം. ദൈവം മനുഷ്യനെ ഉണ്ടാക്കാൻ തീരുമാനിക്കുന്ന ആദ്യവാക്യം ഉല്പത്തി 1:26 ആണ്: “അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക.” ഈ വാക്യത്തിലെ മനുഷ്യൻ എബ്രായയിൽ ആദാമാണ്. ആദാം ഹവ്വയ്ക്ക് പേരിട്ടു എന്നല്ലാതെ, ദൈവം മനുഷ്യന് ആദാമെന്ന് പേരിട്ടതായും, ആദാമേ എന്ന് വിളിച്ചതായും കാണുന്നില്ല. എബ്രായയിൽ ആദാമെന്നത് മനുഷ്യനെയും മനുഷ്യവർഗ്ഗത്തെയും കുറിക്കുന്ന ഒരു പൊതുനാമമായതിനാലാണ് ഉല്പത്തി 5:1-ൽ അവർക്ക് ആദാമെന്ന് പേരിട്ടുവെന്ന് പറയുന്നത്. അല്ലാതെ, അവർ രണ്ടുപേരും ഒരു ശരീരത്തിൽ ആയതുകൊണ്ടല്ല. അങ്ങനെയല്ലെന്ന് പഴയപുതിയനിയമങ്ങൾ തെളിവായിട്ട് പറഞ്ഞിട്ടുണ്ടല്ലോ?

ചില ചോദ്യങ്ങൾ: “ആദാം ആദ്യം നിർമ്മിക്കപ്പെട്ടു, പിന്നെ ഹവ്വ.” (1.തിമൊ, 2:13). ആദാമിനെ ആദ്യം സൃഷ്ടിച്ചു, പിന്നെയാണ് ഹവ്വയെ സൃഷ്ടിച്ചതെന്ന് പഴയപുതിയനിയമങ്ങൾ ആവർത്തിച്ചു പറഞ്ഞിരിക്കെ, അവരെ ഒരുമിച്ചാണ് സൃഷ്ടിച്ചതെന്ന് പറയാൻ എന്ത് ന്യായമാണുള്ളത്?

“അനന്തരം മനുഷ്യൻ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു.” (ഉല്പ, 4:1). ഒരു ശരീരത്തിൽ ഇരുന്നുകൊണ്ട് ആദാമിന് ഹവ്വയെ എങ്ങനെ പരിഗ്രഹിക്കാൻ കഴിയും?

അവർ ഒരു ശരീരത്തിലാണെങ്കിൽ, അവർക്ക് മക്കളെങ്ങനെ ഉണ്ടായി? (ഉല്പ, 4:1,2). പാപം ചെയ്തശേഷമാണ് മക്കളുണ്ടാകുന്നത്; പ്രകൃത്യാതീതമായാണോ മക്കളുണ്ടായത്?

“ആദാം അല്ല, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ടു ലംഘനത്തിൽ അകപ്പെട്ടതു.” (1.തിമൊ, 2:14). അവർ ഒരു ശരീരത്തിൽ ആയിരുന്നെങ്കിൽ ഹവ്വ മാത്രമെങ്ങനെ വഞ്ചിക്കപ്പെട്ടു?

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി

Recommended

  • സ്ത്രീധനം. (Dowry).
  • പന്ത്രണ്ട് മാസങ്ങൾ
  • പ്രധാന മാലാഖമാർ
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.
  • സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • ജീവവൃക്ഷം. (Tree of life).
  • ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ?
  • നേരം പുലരും മുമ്പേ
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.
  • പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".
  • ഉപവാസം
  • കൃപകൾ ദൈവദാനം. അവയെ നഷ്ടപ്പെടുത്തരുതേ...
  • വിശുദ്ധ യാക്കോബ് ബുർദ്ദാന
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • വിശുദ്ധ നോമ്പുകളുമായി ബന്ധപ്പെട്ട ചില തെറ്റായ പാരമ്പര്യങ്ങൾ.
  • കാലഗണനയുടെ ABCDE.
  • മാനിന്റെ സവിശേഷതകൾ.
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • വിശുദ്ധ മൂറോന്‍.
  • സുറിയാനി ക്രിസ്ത്യാനികളുടെ പേരിടീൽ.
  • സേലൂൻ ബശ്ലോമോ....
  • സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • പൗരോഹിത്യം – സുറിയാനി പാരമ്പര്യത്തിൽ.
  • ഗർബോ (കുഷ്ഠ രോഗിയുടെ) ഞായർ
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • Church Fathers Memorial Day
  • ബൈബിളിലെ അസാധാരണ സംഭവങ്ങൾ.
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • സംഗീതം എന്ന ഔഷധം. Music Therapy
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • കുറ്റമെല്ലാം അച്ചനിരിക്കട്ടെ.
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • ബർന്നബ്ബാസ് - പ്രബോധനപുത്രൻ.
  • മോർ ബാലായി.
  • ഫോൾബ്രെഷ്റ്റ് നാഗൽ.
  • മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്.
  • പെന്തക്കോസ്തി പെരുന്നാൾ
  • കാനവിലെ കല്യാണ വീട്.
  • തിരുശേഷിപ്പുകളപ്പറ്റി
  • മാർഗം കളി

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved