ജീവിതത്തിൽ അപ്രതീക്ഷിതമായി പല സംഭവങ്ങളും കടന്നു വന്നേക്കാം. ഉറ്റവരും, ഉടയവരും കൈവെടിയാം. നിന്ദിക്കാം. പരിഹസിക്കാം. ആരോപണങ്ങൾ കൊണ്ടു മൂടാം. ദൈവം അകന്ന് മാറി നിൽക്കുന്നു എന്ന് തോന്നാം. കോരഹ് പുത്രന്മാർ ജീവിതത്തിൽ ധാരാളം പ്രതിസന്ധികൾ നേരിട്ടവരാണ്. ദൈവസാന്നിധ്യമുള്ള ദേവാലയത്തിൽ നിന്നും അവർ വളരെ വിദൂരതയിലായി. ആരാധനയ്ക്കുള്ള സാഹചര്യമില്ല. വിജാതീയരായ ശത്രുക്കൾ അവരെ നിന്ദിച്ച് ഇങ്ങനെ ചോദിച്ചു. നിൻ്റെ ദൈവമെവിടെ? ഉള്ളിൽ ആത്മനൊമ്പരത്തോടെ കോരഹ് പുത്രന്മാർ രചിച്ചതാണ് 42, 43 സങ്കീർത്തനങ്ങൾ. തങ്ങളുടെ ആത്മനൊമ്പരം മൂന്ന്പ്രാവശ്യം കോരഹ് പുത്രന്മാർ ഈ സങ്കീർത്തനത്തിൽ വെളിപ്പെടുത്തുന്നുണ്ട്.ആ നൊമ്പരത്തിന്റെ പ്രതിഫലനം 42-ാം സങ്കീർത്തനം 5,11 വാക്യങ്ങളിലും 43-ാം സങ്കീർത്തനം 5-ാം വാക്യത്തിലും ഇങ്ങനെ നാം വായിക്കുന്നു.
"എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതെന്തു? ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും".
വേദനയ്ക്കും ആത്മനൊമ്പരത്തിനും നിരാശക്കും വിഷാദത്തിനും ഉള്ള ഏകമാർഗ്ഗം ദൈവത്തിൽ പ്രത്യാശ വയ്ക്കുക എന്നതാണ് എന്ന് കോരഹ്പുത്രന്മാർ പറയുന്നു.
"രാത്രിസമയത്തു ഞാൻ അവന്നു പാട്ടു പാടിക്കൊണ്ടിരിക്കും; എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർത്ഥന തന്നേ".
42-ാം സങ്കീ 8-ാം വാക്യം.
ആത്മനൊമ്പരത്തിൽ നിരാശപ്പെട്ട് വിഷാദിച്ച്
ഞരങ്ങാതെ രാത്രിയുടെ യാമങ്ങളിൽ ഉണർന്നിരുന്ന് കർത്താവിന് പാടുവിൻ. മടുത്തുപോകാതെ പ്രാർത്ഥിപ്പിൻ. പൗലോസും, ശീലാസും ചാട്ടവാറിന്റെ പ്രകരം കൊണ്ടുള്ള വേദന സഹിച്ച്, കാൽ ആമത്തിൽ പൂട്ടി കൽത്തുറുങ്കിൽ അടയ്ക്കപ്പെട്ടപ്പോൾ എന്താണ് ചെയ്തത്?
"അർദ്ധരാത്രിക്കു പൗലോസും ശീലാസും പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു"
അപ്പൊ.പ്രവ 16:25.
അപ്പോൾ വലിയ ഭൂകമ്പം ഉണ്ടായി. കാരാഗ്യഹത്തിന്റെ അടിസ്ഥാനം കുലുങ്ങി. ചങ്ങലകൾ അഴിഞ്ഞു. പ്രാർത്ഥനയാലും സ്തുതികളാലും തുറക്കാത്ത ഒരു ബന്ധനവുമില്ല. വിശ്വാസവും പ്രത്യാശയും ഉണ്ടെങ്കിൽ നിരാശയെയും, വിഷാദത്തെയും അതിജീവിക്കുവാൻ കഴിയും.
42-ാം സങ്കീർത്തനത്തിൽ ദൈവത്തിന്റെ സന്നിധിയിലേക്ക് കടന്നുവന്ന് ആത്മനൊമ്പരങ്ങൾ ഇറക്കി വയ്ക്കുവാൻ
ആഗ്രഹിച്ച കോരഹ് പുത്രന്മാർ 43-ാം സങ്കീർത്തനത്തിൽ മൂന്ന് പ്രാർത്ഥനകൾ നടത്തുന്നു. നീതി നടത്തികിട്ടുവാനും, ഭക്തികെട്ടവരും, അനീതിയുമുള്ള മനുഷ്യരിൽ നിന്നും വിടുവിക്കപ്പെടുവാനും, പ്രകാശവും, സത്യവും അയച്ചു കിട്ടുന്നതിനും ആയിരുന്നു അവരുടെ പ്രാർത്ഥന.
"ദൈവമേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഭക്തികെട്ട ജാതിയോടു എന്റെ വ്യവഹാരം നടത്തേണമേ; വഞ്ചനയും അനീതിയുമുള്ള മനുഷ്യങ്കൽനിന്നു എന്നെ വിടുവിക്കേണമേ. നിന്റെ പ്രകാശവും സത്യവും അയച്ചുതരേണമേ". 43-ാം സങ്കീ 1,3 വാക്യങ്ങൾ.
ഇവയെല്ലാം ലഭിക്കണമെങ്കിൽ പ്രകാശവും, സത്യവുമായ യേശുവിലേക്ക് വരണം. യേശു പറയുന്നു.
“ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” യോഹ 8:12.
"യേശു അവനോടു: ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല" യോഹ 14:6.
പ്രകാശവും, സത്യവും ദൈവമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ കോരഹ് പുത്രന്മാർ ആത്മപരിശോധന നടത്തി പറഞ്ഞു. ആത്മാവേ! നീ ഇനി വിഷാദിച്ച് ഞരങ്ങേണ്ട. നിന്റെ ഇരുളടഞ്ഞ ജീവിതത്തിൽ പ്രകാശം നൽകികൊണ്ട് സത്യത്തിന്റെ വഴി കാണിച്ചു കൊണ്ട് ദൈവം കൂടെയുണ്ട്.അതിനാൽ ദൈവത്തിൽ പ്രത്യാശ വയ്ക്കുക. അവനാണ് രക്ഷ. അവനിലാണ് രക്ഷ. അവൻ നമ്മുടെ ദൈവം. ജീവിതത്തിലെ സകല ഭാരങ്ങളും, പ്രയാസങ്ങളും ദൈവസന്നിധിയിൽ ഇറക്കി വയ്ക്കാം. ജീവിതം പ്രാർത്ഥനകളാലും, സ്തുതികളാലും നിറച്ച് ആത്മനിറവാൽ കോരഹ് പുത്രന്മാർ ഉരുവിട്ടപോലെ നമുക്കും ഉറപ്പിച്ച് പറയാം.
"ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും".
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.