1) യേശു നാല്പതു ദിവസം ഉപവസിച്ചതിന്റെ അവസാന ദിവസത്തിന്റെ ഓർമ്മയാണ്.
2) നാല്പതുദിവസം പ്രാർത്ഥനയിലും ഉപവാസത്തിലും കഴിഞ്ഞിരുന്ന യേശുവിനെ നാല്പതാം ദിവസം വെള്ളിയാഴ്ച്ച പ്രലോഭിപ്പിക്കുവാനും പരീക്ഷിക്കുവാനുമായി വചനത്തെ വളച്ചൊടിച്ചു സാത്താന്‍ യേശുവിനെ പരീക്ഷിച്ചതിന്‍റെ ഒർമ്മയാണ്.
3) എല്ലാ പരീക്ഷണങ്ങളെയും അതിജീവിച്ചു യേശു സാത്തന്‍റെമേല്‍ ആധിപത്യം സ്ഥാപിച്ച ദിവസമാണ്.
4) സാത്താനും അവന്‍റെ അനുയായികളും ഇന്നും വചനത്തെ വളച്ചൊടിച്ചു ദുര്‍വ്യാഖ്യാനം ചെയ്തു സഭയേയും സഭാതനയരേയും ചതിക്കുഴിയിൽ ചാടിക്കുവാന്‍ സാധിക്കുമെന്നുള്ള വ്യാമോഹത്തില്‍ ഓടിനടക്കുന്നുണ്ട്. ജാഗരൂഗരായിരിക്കണമെന്നും അതിനെതിരായി ഉപവാസവും പ്രാര്‍ത്ഥനയുമാകുന്ന ആയുധമെടുക്കണമെന്നും ഓര്‍മ്മിപ്പിക്കുന്നു.
സിറിയൻ ഓർത്തോഡോക്സ് സഭാ വിശ്വാസവീഥിയിലും മിഴിവോടെയും വ്യക്തതയോടെയും വരച്ചു ചേർക്കപ്പെട്ടിട്ടുള്ള ഒരു സംഖ്യയാണ് 40. സഭയുടെ ആത്മീയ-നീലാകാശത്ത് ക്രിസ്തുവിന്റെ വെളിച്ചം വിതറുന്നതിനും കാരണമായതിൽ 40 എന്ന രണ്ടക്ക സംഖ്യയ്ക്ക് വളരെ പ്രധാന പങ്കുണ്ട്. ഇഹലോകജീവിതത്തിലെ ദൈവീക ഇടപെടലുകൾ വെട്ടിത്തുറന്ന ആത്മീയവഴിത്താരയിൽ സഞ്ചരിക്കുന്ന പലർക്കും പ്രത്യക്ഷത്തിൽ അത് രുചിച്ചറിയുവാൻ കഴിഞ്ഞിരിക്കും എന്നത് വ്യക്തമാക്കുന്ന ഉദാഹരണങ്ങളാണ് പഴയ നിയമത്തിലെ ജലപ്രളയത്തിന് മുമ്പത്തെ 40 ദിവസങ്ങൾ നീണ്ട പേമാരി, 40 ദിനങ്ങൾ നീണ്ട, മോശയുടെ സീനായ് പർവ്വതത്തിലെ ദൈവത്തോടൊപ്പമുള്ള സഹവാസം, നിനുവേ നഗരവാസികൾക്ക് പ്രായശ്ചിത്തത്തിനായി നൽകപ്പെട്ട 40 ദിനങ്ങൾ എന്നിവ. മേല്പറഞ്ഞ പഴയനിയമവൃത്താന്തങ്ങളിലെ ദൈവസാന്നിദ്ധ്യത്തിന് സമാന്തരമായി പുതിയ നിയമത്തിൽ കാണപ്പെടുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ കർത്താവായ യേശുക്രിസ്തുവിനോടുള്ള പരീക്ഷകന്റെ സംവാദം.
40 ദിനങ്ങൾ നീണ്ട ആത്മീയ പരിപോഷണവേളയ്ക്ക് ശേഷം യേശുക്രിസ്തുവിന് പരീക്ഷകനായ സാത്താനെ മുഖാമുഖമായി നേരിടേണ്ടി വന്നതും, ആ കൂടിക്കാഴ്ചയിലൂടെ മനുഷ്യകുലത്തിനായി നേടിയെടുത്തവയെ വെളിപ്പെടുത്തിയതും, നാം പിന്തുടരേണ്ടതുമായ ദൈവീക താലന്തുകളെയും സ്മരിക്കുന്നത് “40-ാം വെള്ളിയാഴ്ച” ശുശ്രൂഷയിലാണ്.
പരീക്ഷകനുമായുള്ള ആ ഏറ്റുമുട്ടൽ ശാരീരികമോ വാക്കുകൾ കൊണ്ടുള്ളതോ ആയിരുന്നില്ല. എന്നാൽ വർത്തമാനകാലത്ത് മനുഷ്യമനസ്സുകളുടെ ഉള്ളറകളിൽ ആത്മീയമുത്തുകൾക്ക് പകരം സ്ഥാനം പിടിച്ചിരിക്കുന്ന കളങ്കങ്ങളെ വെളിപ്പെടുത്തുകയും അവയെ ശുദ്ധീകരിക്കുവാനും വെടിപ്പാക്കുവാനുമുള്ള ആഹ്വാനങ്ങളായിരുന്നു. ആ – നാം പലപ്പോഴും അവഗണിക്കുന്ന – ആ മഹൽദിനത്തെ ഭക്തിപുരസ്സരം, സമർപ്പണത്തോടെ നമുക്കും നമ്മുടെ വരുംതലമുറയ്ക്കും സമീപിക്കുവാൻ സഹായകമാകുന്ന ചില അവശ്യഘടകങ്ങളെ പങ്ക് വെയ്ക്കുന്നു:
പാപബോധത്തിന്റെയും പ്രലോഭനങ്ങളുടെയും ദിശമാറ്റങ്ങളുടെയും മേൽ യേശുക്രിസ്തുവെന്ന രക്ഷകൻ മനുഷ്യകുലത്തിനായി നേടിയെടുക്കുന്ന വിജയമാണ് ഈ ദിനത്തിൽ നാം സ്മരിക്കുകയും, ഉൾക്കൊള്ളുകയും ചെയ്യുന്നത്. യേശുക്രിസ്തു യോർദ്ദാനിൽ മാമോദീസ ഏൽക്കുകയും [വി.മത്തായി 3:13-17] പരസ്യശുശ്രൂഷയ്ക്ക് മുന്നോടിയായി ത്രിത്വത്തിന്റെ അനുഗ്രഹസ്പർശം ഏറ്റുവാങ്ങുകയും ചെയ്തശേഷമാണ് സാത്താനെ നേരിടുന്നത്,
40 ദിവസങ്ങൾ ഉപവാസം നടത്തിയശേഷം ശരീരം കൊണ്ട് ക്ഷീണിതനായ യേശുക്രിസ്തുവിന് ദൈവവചനമെന്ന ആത്മാവിന്റെ വാൾ കൊണ്ട് ആത്മവീര്യത്തോടെ സാത്താനെ നിരായുധനാക്കുവാൻ കഴിഞ്ഞത് പോലെ [വി. മത്തായി 4:1-11] ദൈനംദിനജീവിതത്തിൽ ആത്മനിറവുള്ളവരാകുക എന്ന നിശ്ചയം നമ്മുടെ മനങ്ങളിൽ ഉറയ്ക്കേണ്ട ദിനം കൂടിയാണ് ഇത്. താബോർ - മലയിൽ മറുരൂപപ്പെട്ട യേശുവിനെപ്പോലെ, ഉപവാസത്തിനും രഹസ്യങ്ങൾ വെളിപ്പെട്ടതിന് ശേഷവും ആത്മീയമായി, പരിശുദ്ധാത്മാവിൽ രൂപാന്തരം പ്രാപിക്കുക എന്ന് പിതാവായ ദൈവം അഭിലഷിക്കുന്ന ദിനം കൂടിയാണ് നാല്പതാം വെള്ളിയാഴ്ച.
കർത്താവിന്റെ സഹനം സാത്താന്യശക്തിയെ അതിജീവിച്ചത് മൂലം ലഭ്യമായ ആത്മീയനൽവരങ്ങൾ എന്നിവ ലൗകികവെല്ലുവിളികളെ തരണം ചെയ്യുവാൻ ആത്മ - ശരീര - മനസ്സുകളിൽ വിന്യസിച്ചുകൊണ്ട് പ്രയാണം ചെയ്യുവാൻ നമുക്ക് ആഹ്വാനം നൽകുകയും ചെയ്യുന്ന ദിനമാണ് നാല്പതാം വെള്ളി.
വലിയ നോമ്പിനെ രണ്ടു ഭാഗങ്ങളായി തിരിച്ചാൽ അതിന്റെ ആദ്യഭാഗം ‘നാല്പതാം വെള്ളിയാഴ്ച വരെയും’, രണ്ടാം ഭാഗം ‘ഉയിർപ്പ് വരെയുള്ള അടുത്ത 10 ദിവസങ്ങളുമാണ്’. നോമ്പിന്റെയും ഉപവാസത്തിന്റെയും ശ്രദ്ധയോടെയും തീക്ഷ്ണതയോടെയുള്ള സമീപനം വേണ്ടതായ 40 ദിനങ്ങൾ; പിന്നാലെ കർത്താവിന്റെ പീഡാനുഭവത്തെ സ്മരിക്കുന്ന 10 ദിനങ്ങൾ! പൂർണ്ണമായ പ്രതിബദ്ധതയും, പങ്കാളിത്തവും, മനസ്സൊരുക്കവുമില്ലാതെ നാം കടന്നുപോകുന്ന നോമ്പിന്റെ ദിനങ്ങൾ അർത്ഥശൂന്യമായിപ്പോകാതെ ശ്രദ്ധിക്കേണ്ടത് വിശ്വാസികൾ എന്ന നിലയിൽ അത്യാവശ്യമാണ്. പ്രത്യേക പ്രാർത്ഥനകൾ, കുമ്പിടീൽ, ഉപവാസം എന്നിവ പൂർണ്ണ സമർപ്പണത്തോടെ നടത്തുവാൻ ശ്രദ്ധിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. ഏറ്റവും പ്രധാനം ശാരീരികമായ നടപടികളിൽ അവ ഒതുങ്ങാതെ, അവയെ പ്രഖ്യാപനങ്ങളിൽ ഒതുക്കാതെ [പരീക്ഷകനെപ്പോലെ], വേദഗ്രന്ഥത്തിന്റെ വിസ്മയങ്ങളിൽ നിന്ന് പഠിക്കുന്നവരും അവയിൽ ജീവിക്കുന്നവരുമായി [ക്രിസ്തുവിനെപ്പോലെ] ഈ കഷ്ടാനുഭവദിനങ്ങളിൽ നമ്മെ തന്നെ പരിവർത്തനം നടത്തപ്പെടുവാൻ സ്വയം സമർപ്പിക്കാം. 40-ാം വെള്ളിയാഴ്ച പ്രദാനം ചെയ്യുന്ന ആത്മീയ - മധുരഫലം, നമുക്കും നമ്മുടെ കുടുംബാംഗങ്ങൾക്കും ക്രൈസ്തവസമൂഹത്തിനും മധുരവും മാതൃകയും കൈമാറുവാൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കയും ചെയ്യാം.
നാല്പതു എന്ന സംഖ്യയുടെ പ്രാധാന്യം.
1) നോഹയുടെ കാലത്തു നാല്പതു രാവും പകലും മഴയുണ്ടായി.
2) ഇസ്രായേൽക്കാര്‍ നാല്പതുവർഷം മന്നാ ഭക്ഷിച്ചു ജീവിച്ചു. (പുറ.16:35).
3) മോശ നാല്പതു രാവും പകലും മലമുകളില്‍ ദൈവത്തോടൊപ്പമായിരുന്നു. (ഉല്പ. 24:18).
4) ദാവീദ് നാല്പതു വർഷം ഇസ്രായേൽക്കാരെ ഭരിച്ചു. (2 ശമു 5:4).
5) നിനിവേ നിവാസികള്‍ക്കു അനുതപിക്കുവാന്‍ ദൈവം നാല്പതു ദിവസം കൊടുത്തു (യോനാ 3:4).
6) ഉയിര്‍പ്പിനുശേഷം യേശു നാല്പതു ദിനരാത്രങ്ങള്‍ ഭൂമിയിലുണ്ടായിരുന്നു. (അപ്പൊ. 1:3).
ഇങ്ങനെ നോക്കുമ്പോള്‍ നാല്പതിനു വളരെ പ്രാധാന്യം കാണുന്നുണ്ട്. അതിനാല്‍ നമുക്കു ഈ അടുത്തെ വെള്ളിയാഴ്ച്ച നാല്പതാം വെള്ളി ആഘോഷിക്കുമ്പോൾ നോമ്പിന്‍റെ ആദ്യഘട്ടം അവസാനിക്കുന്നു. അടുത്ത പത്തുദിവസം നമ്മളുടെ കർത്താവിന്റെ ഓശാന, പെസഹാ, കർത്താവിന്റെ കഷ്ടാനുഭവവും കുരിശുമരണവും ഓർത്തുകൊണ്ട് ഉയിർപ്പിനായി നാം ഒരുങ്ങണം. ഉയിര്‍പ്പിനുള്ള ഒരുക്കമായി ഉപവാസവും പ്രാര്‍ഥനയും കൂടുതല്‍ ശക്തമാക്കുകയും വര്‍ജ്ജന തീക്ഷ്ണതയോടെ ചെയ്യാനും മറക്കാതിരിക്കാം. അങ്ങനെ യേശുവിനോടുകൂടി നമുക്കും ഉയിര്‍ത്തെഴുന്നേൽക്കണം.
ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.