ക്രിസ്തീയ സഭ വലിയ നിന്ദയിലൂടെ വളർന്നുവന്ന സഭയാണു. യേശുവിന്റെ ശിഷ്യന്മാരെല്ലാം പലപ്പോഴും നിന്ദിക്കപ്പെട്ടു. വളരെയേറെ കഷ്ടം സഹിച്ചു. അപ്പോസ്തലനായ പൗലോസും പലപ്പോഴും നിന്ദിക്കപ്പെട്ടു. എന്നാൽ അവർ എല്ലാം കർത്താവിന്റെ നാമത്തിൽ ഛേതമെന്നെണ്ണി. മോശയും നിന്ദ വഹിച്ചു. എബ്രായർ 11-ാം അദ്ധ്യായം 24 മുതൽ 26 വരെ വാക്യങ്ങളിൽ ഇങ്ങനെ കാണുന്നു.
വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്റെ തൽക്കാല ഭോഗത്തെക്കാളും
ദൈവജനത്തോടുകൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു. പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും മിസ്രയിമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.
ക്രിസ്തുവിന്റെ നിന്ദ വലിയ ധനമായി മോശ ചുമന്നതുകൊണ്ടു സത്യവേദപുസ്തക ത്തിലെ അഞ്ചു പുസ്തകങ്ങളായ "തോറ" മോശ രചിച്ചു. ചില സങ്കീർത്തനങ്ങൾ രചിച്ചു. മാത്രമല്ല മോശ മരിച്ചപ്പോൾ ദൈവം അവനെ അടക്കി. നാമും പലപ്പോഴും നിന്ദകളിലൂടെ കടന്നു പോകേണ്ടി വരും. ദൈവീകവേല ചെയ്യുന്നവർക്കൊക്കെ നിന്ദകൾ ചുമക്കേണ്ടി വന്നിട്ടുണ്ട്. കർത്താവിനു വേണ്ടി നിലകൊള്ളുമ്പോൾ കഷ്ടതകൾ പിന്തുടരാം. ആ സമയങ്ങളിൽ നാം കഷ്ടവും, നിന്ദയും വഹിച്ച കർത്തനെ ഓർക്കേണ്ടതാണ്. ആ പിതാവിന്റെ മക്കളായതു കൊണ്ടു നാമും പിതാവിന്റെ കഷ്ടതയ്ക്കു അവകാശികളാണ്. കാരണം മക്കളെങ്കിലോ അവകാശികളാണ്. ദൈവമക്കൾ കഷ്ടത്തിലൂടെ കടന്നുപോകുമ്പോൾ നിങ്ങളുടെ ദൈവമെവിടെ എന്നു ചോദിച്ചു ജനം നിന്ദിക്കാറുണ്ട്. യേശുവിന്റെ ക്രൂശുമരണസമയത്ത് പടയാളികൾ അവന്റെ മുഖത്തു തുപ്പുകയും കോൽ എടുത്ത് അവന്റെ തലയിൽ അടിച്ചു മുൾകിരീടം തലയിൽ അടിച്ചുകയറ്റി ഹീനമായി നിന്ദിക്കയും പരിഹസിക്കയും ചെയ്തു. മാത്രമല്ല, ഇവൻ ദൈവപുത്രനെങ്കിൽ തന്നെത്താൻ രക്ഷിച്ചു ക്രൂശിൽ നിന്നും ഇറങ്ങിവരട്ടെ എന്നു ആക്രോശിച്ചു.
നിന്ദകളിലൂടെ കടന്നുപോയപ്പോൾ യേശു എന്തു ച്ചെയ്തു? ഒരു കുഞ്ഞാടിനെപോലെ മിണ്ടാതെയിരുന്നു. എന്തിനുവേണ്ടി? നമ്മെ സ്നേഹിച്ചതുകൊണ്ട്. നമ്മുടെ പേർ ജീവപുസ്തകത്തിൽ എഴുതപ്പെടുന്നതിനുവേണ്ടി. നിന്ദകൾ സഹിച്ച യേശുവിനെ പിതാവായ ദൈവം മാനിച്ചു. എവിടെയാണോ തകർക്കപ്പെട്ടതു അവിടെ തന്നെ മരണത്തെ ഭേദിച്ചു യേശു ഉയിർത്തെഴുന്നേറ്റു. ലോകത്തിലെ സകല മഹാന്മാരുടേയും കല്ലറകൾ അടഞ്ഞുകിടക്കുമ്പോൾ യേശുവിന്റെ കല്ലറ മാത്രം തുറന്നു കിടക്കുന്നു. ആ യേശു സ്വർഗ്ഗത്തിലിരുന്നു നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു.
ഏതെങ്കിലും കാരണങ്ങളാൽ നിന്ദയിലൂടെ കടന്നുപോകുന്നുണ്ടോ? ഭയപ്പെടേണ്ട. രഹസ്യത്തിൽ നിന്ദ അനുഭവിക്കേണ്ടിവന്നാൽ പരസ്യമായി നമ്മെ മാനിക്കുന്ന ദൈവമുണ്ടു. നിന്ദയും, പരിഹാസവും നാം വളരാനുള്ള വളവും, വെള്ളവും ആണെന്നോർക്കുക. എവിടെയാണോ നിന്ദിക്കപ്പെടുന്നതു അവിടെവെച്ചു തന്നെ നമ്മെ മാനിക്കുന്ന ഒരു ദൈവമുണ്ട്. ദൈവകല്പനകൾ മുറുകെ പിടിച്ചു ജീവിക്കുമ്പോൾ നിന്ദിക്കപ്പെടുന്നു എങ്കിൽ അവിടെ തന്നെ ദൈവം നമ്മെ മാനിക്കുമെന്നോർക്കുക. ശൗലിന്റെ കുലത്തിലുള്ള ശിമെയി ദാവിദിന്റെ നേരെ ശാപവാക്കുകൾ പറയുകയും അവനെ നിന്ദിക്കയും ചെയ്തു. എന്നാൽ ദൈവം അവനെ ഉയർത്തി. മക്കളില്ലാത്ത ഹന്ന പെനിന്നായുടെ മുമ്പിൽ നിന്ദിക്കപ്പെട്ടു. നിന്ദിക്കപ്പെട്ടപ്പോൾ അവൾ ഹൃദയം നുറുങ്ങി ദേവാലയത്തിലിരുന്നു കരഞ്ഞു. നിന്ദിക്കപ്പെട്ട സ്ഥലത്ത് അവൾക്കു മഹത്വമേകുവാൻ ദൈവം കുഞ്ഞിനെ നൽകി അവളെ മാനിച്ചു. വേദപുസ്തകം മുഴുവനും പരിശോധിച്ചാൽ നിന്ദകൾ സഹിച്ചവരെ ദൈവം മാനിച്ചതായി കാണാം. അതിനാൽ നിന്ദകളും, പരിഹാസങ്ങളും, കഷ്ടങ്ങളും സാരമില്ല. നാം നിന്ദിക്കപ്പെടുമ്പോൾ കർത്താവിന്റെ കഷ്ടത്തിൽ നാം കൂട്ടവകാശികളാകുന്നു. അപ്പോൾ നാം എന്തു ചെയ്യണം? കർത്താവിന്റെ ഭാവം തന്നെ ധരിക്കേണം.
ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതുപോലെ നിങ്ങളും ആ ഭാവം തന്നെ ധരിപ്പിൻ. 1.പത്രോസ് 4:1.
ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരതയുള്ളവരായി അവനോടു എതിർത്തു നില്പിൻ. എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ, തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വക്യപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും. ബലം എന്നെന്നേക്കും അവന്നുള്ളത് ആമേൻ. 1.പത്രോസ് 5: 9-11.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.