വാങ്ങിപ്പോയ സകല പട്ടക്കാരുടെ ഓർമ്മയുടെ ഞായറാഴ്ച.
എരിയുന്ന മെഴുകുതിരികള്‍ക്കും പുകഞ്ഞു പൊങ്ങുന്ന കുന്തിരിക്കത്തിനും ഒപ്പം ആത്മാവും മനസ്സും ശരീരവും ക്രിസ്തുവിന്റെ പ്രതിപുരുഷന്‍ എന്ന നിലയില്‍, വിശുദ്ധിയുടെ ബലിപീഠത്തിൽ അര്‍പ്പിച്ചു എനിക്കു വേണ്ടിയും മുഴുവൻ സഭക്കുവേണ്ടിയും ഉരുകിത്തീര്‍ന്ന വിശ്വസ്തനും വിവേകിയുമായ ഭൃത്യന്‍മാരാ യിരുന്നു നമ്മെ നയിച്ച എല്ലാ പട്ടക്കാരും. ഇന്ന് വി.സഭ പൊതുവിൽ അവരെ ഓർത്ത് പ്രാർത്ഥിക്കുകയാണ്.
ജനനം മുതല്‍ മരണംവരെയുള്ള ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍, ഒരു വിശ്വാസിയുടെ ജീവിതത്തെ ഇത്രയേറെ സ്വാധീനിക്കുന്ന മറ്റൊരു ആത്മീയ പുരുഷനെ കണ്ടെത്തുവാന്‍ കഴിയുകയില്ലല്ലോ. നമ്മെ വിശ്വാസവഴിയില്‍ കൂടി സഞ്ചരിക്കുവാന്‍ വേണ്ട വചനം പഠിപ്പിച്ചും ആത്മരക്ഷക്ക് ആവശ്യമായ കൂദാശകള്‍ പരികര്‍മ്മം ചെയ്തും നിത്യജീവ പ്രാപ്തിക്കായി നമ്മെ അര്‍ഹരാക്കുവനുമായി നിയോഗിക്കപ്പെട്ട ഇവരിലെ മാനുഷീകമായ ചെറിയ ബലഹീനതകൾ മാത്രമാണു നാം പലപ്പോഴും ഓർക്കുന്നതും വിധിക്കുന്നതും. എന്നാൽ വി. മാമോദീസ മുതൽ അന്ത്യയാത്രവരെ പ്രാർത്ഥനയുടെ കുട പിടിച്ച് നമുക്ക് കൂട്ടായിരിക്കുന്നതും. ചെറുതും വലുതുമായ കുറവുകൾക്ക് പ്രായശ്ചിത്ത ബലിയർപ്പിച്ച് നമ്മെ നിത്യവും ക്രിസ്തുവിൽ പുതുക്കുന്നതും ഓർത്ത് അവർക്കായി പ്രാർത്ഥിപ്പാൻ നമുക്ക് കടപ്പാടുണ്ട്.
ഈ ദിവസം വി.സഭയോടു ചേർന്ന് നമുക്കും പ്രാർത്ഥിക്കാം.
കര്‍ത്താവേ! നിന്‍റെ വി.മദ്ബഹായുടെ പടികള്‍ ചവിട്ടിയിട്ടുള്ള കാലുകളെ അഗ്നി കനലുകൾ ചവിട്ടുവാന്‍ വിട്ടു കൊടുക്കരുതേ. കര്‍ത്താവേ! നിനക്ക് ആത്മീയ കീര്‍ത്തനങ്ങള്‍ പാടിയിട്ടുള്ള വായ്കളും നാവുകളും അടച്ചു പൂട്ടപ്പെട്ടവയായി ഭവിക്കുവാൻ തക്കവണ്ണം അവയെ നീ മൌനമാക്കരുതേ. നിന്റെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ നോക്കിയിട്ടുള്ള കണ്ണുകള്‍ ചിതലിനും പുഴുവിനും കൂടുകളായി ഭവിയ്ക്കുവാന്‍ അവയെ നീ അന്ധകാര മയമാക്കി തീര്‍ക്കരുതേ. കര്‍ത്താവേ! വിശുദ്ധങ്ങളും വന്ദ്യങ്ങളും ആയ നിന്റെ രഹസ്യങ്ങളെ ആഘോഷിച്ചിട്ടുള്ള കൈകള്‍ അഗ്നി കനലുകളാൽ ചുരുട്ടുമാറു അവയെ നീ വിട്ടുകൊടുക്കരുതെ.🙏