Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.

(നമ്മുടെ കർത്താവിന്റെ ദൈവാലയ പ്രവേശനം).

നമ്മുടെ കർത്താവിന്റെ ജനനം കഴിഞ്ഞ് 40 ദിവസത്തിനു ശേഷം യഹൂദ ആചാരപ്രകാരം വിശുദ്ധ യൗസേഫ് പിതാവും വിശുദ്ധ കന്യക മറിയാം അമ്മയും കൂടി യേശു കുഞ്ഞിനേയും എടുത്ത്, ബലിയർപ്പിക്കാനുള്ള രണ്ടു കുറുപ്രാവിനെയും കൊണ്ട് ദേവാലയത്തിൽ പോയി. ദേവാലയത്തിൽ പാർത്തിരുന്ന വിശുദ്ധ ശെമവൂൻ സോബോയും വിശുദ്ധ ഹന്നാ പ്രവാചകിയും അവരെ എതിരേറ്റു. ഈ സംഭവം അനുസ്മരിച്ചാണ് മായൽത്തോ പെരുന്നാൾ ആചരിക്കുന്നത്.

"ദൈവം ഒരുക്കിയ രക്ഷയെ ഞാൻ കണ്ടു". ഇത് പുറജാതികൾക്ക് ഒരുക്കിയ പ്രകാശമാണെന്നുള്ള മോർ ശെമവൂൻ സോബോയുടെ പ്രസ്താവനയുടെ വെളിച്ചത്തിലാണ് ഈ പെരുന്നാൾ (Festival of Candles) മെഴുകുതിരികളുടെ പെരുന്നാളായി ആചരിക്കുന്നത്. യൽദോ, ദനഹ, മായൽത്തോ തുടങ്ങിയ പെരുന്നാളുകൾ എല്ലാം ലോകത്തിന് വെളിച്ചമായിത്തീരാൻ വന്ന ദൈവപുത്രനായ യേശു എന്ന നിത്യപ്രകാശത്തെ ധ്യാനിക്കുന്നതാണ്.

നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ ദൈവത്വം, പ്രവചന പൂർത്തീകരണം, ആത്മസമർപ്പണം എന്നിവയണ് വിശുദ്ധ സഭ നമ്മെ ഉദ്ബോധിപ്പിക്കുന്നത്‌. ത്രിത്വത്തിൽ രണ്ടാമനായ പുത്രൻ തമ്പുരാൻ ഇതാ തന്റെ പിതാവിന്റെ ഭവനത്തിൽ പ്രവേശിച്ച്‌ അവകാശം തിരികെ നേടുന്നു. ന്യായപ്രമാണം അനുസരിച്ച്‌ കടിഞ്ഞൂൽ പുത്രൻ ദൈവത്തിനു വിശുദ്ധനായി സമർപ്പിക്കപ്പെടേണ്ടതിനാൽ മറിയാമും യൗസേഫും ശിശുവായ യേശുവിനെ ദൈവാലയത്തിലേക്ക്‌ കൊണ്ടുവരുന്നതിന്റെ ഓർമ്മയാണ് ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. അവിടെവച്ച്‌ ശിമയോൻ എന്ന വന്ദ്യ വയോധികൻ ആ ശിശുവിനെ കരതാരിൽ വഹിച്ചുകൊണ്ട്‌ ഇവൻ ദൈവമെന്നും ജീവന്റെയും മരണത്തിന്റെയും അധികാരിയെന്നും ഉദ്ഘോഷിക്കുന്നു. വിശുദ്ധങ്ങളായ യൽദോ, ദനഹാ എന്നീ പെരുന്നാളുകളോട്‌ തുല്യ പ്രാധാന്യമുള്ള മോറോനായ പെരുന്നാളായാണ് വിശുദ്ധ സഭ ശുദ്ധമുള്ള മായൽത്തോയെയും കണക്കാക്കുന്നത്‌. പിതാവിനോടുകൂടി ബലികളെ സ്വീകരിക്കുന്നവനും, ന്യായപ്രമാണങ്ങളുടെ നിർമ്മാതാവും ആയിരിക്കെ ജഡം ധരിച്ച വചനമായിരിക്കുന്നവൻ, തന്നേത്തന്നെ ബലികളോടൊപ്പം ദൈവാലയത്തിൽ സമർപ്പിക്കുന്നു എന്നതുപോലെ നാമും നമ്മുടെ സകല നൽവ്വരങ്ങളോടും കൂടെ ദൈവത്തിങ്കൽ സമർപ്പിതരായിരിക്കുവാൻ ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

അജമാടുകൾക്കും കുറുപ്രാവിനും ചെങ്ങാലിക്കും പകരം ഹൃദയങ്ങളെയും ആശകളെയും ജീവിതത്തെ തന്നെയും ദൈവത്തിനു യാഗമായി അർപ്പിച്ച്‌, വൃദ്ധന്മാർക്ക്‌ ശക്തിയും, യുവാക്കൾക്ക്‌ പ്രത്യാശയും, കുടുംബങ്ങൾക്ക്‌ പുതുക്കവും, പൈതങ്ങൾക്ക്‌ സന്തോഷവും, ദുഃഖിതർക്ക്‌ ആശ്വാസവും, സഭയിൽ സമാധാനവും ഉണ്ടാകുവാനായി നമുക്കും പ്രാർത്ഥിക്കാം.

വൃദ്ധനായ ശെമവൂനും ദൈവപുത്രന്റെ കന്യകാ ജനനവും.

വൃദ്ധനായ ശെമവൂൻ, നീതിമാനായ ശെമവൂൻ, ശെമവൂൻ സോബോ, ക്രിസ്തുവിനെ കൈകളിലേന്തിയ ശെമവൂൻ; ‘THEODOCHOS’, Shimeyon the Elder, എന്നൊക്കെ അറിയപ്പെടുന്ന പുതിയ നിയമത്തിലെ ശെമവൂൻ അഥവാ ശിമയോൻ സുറിയാനി സഭാ പാരമ്പര്യമനുസരിച്ച്‌ യെശയ്യാവിൻ്റെ എബ്രായ പ്രവചനങ്ങൾ ഗ്രീക്കിലേക്ക് വിവർത്തനം ചെയ്യാൻ ചുമതലപ്പെടുത്തപ്പെട്ട എബ്രായ പണ്ഡിതന്മാരിൽ ഒരാളായിരുന്നു.

ജസ്റ്റിൻ മാർട്ടിയർ (JUSTIN MARTYR. c.100-165 A.D), ഐറേനിയസ് (c.130-202 A.D) തുടങ്ങിയ ആദ്യകാല സഭാ പിതാക്കന്മാരുടെ രചനകളിൽ കാണപ്പെടുന്ന ഒരു സാക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ആദിമ സഭാ പിതാവും രക്തസാക്ഷിയുമായ ജസ്റ്റിൻ മാർട്ടിയർ [~ AD 100 - 165] Dialogue with Trypho (അധ്യായം 43) എന്ന തൻ്റെ കൃതിയിൽ എഴുതുന്ന വിവരങ്ങളുടെ സംഗ്രഹം ഇപ്രകാരമാണ്:

"യരുശലേം ദേവാലയത്തിൽ വച്ച് ക്രിസ്തുവിനെ കൈകളിൽ എടുത്ത വൃദ്ധനായ ശിമയോൻ തന്നെയായിരുന്നു യെശയ്യാ പ്രവചനം ഹീബ്രു ഭാഷയിൽ നിന്ന് ഗ്രീക്കിലേക്ക് വിവർത്തനം ചെയ്യുവാൻ നിയോഗിക്കപ്പെട്ടവൻ. പ്രവചന‌ം ഏഴാം അദ്ധ്യായം 14-ാം വാക്യത്തിന്റെ   വേദഭാഗത്തെത്തിയപ്പോൾ 'ഇതാ, ഒരു കന്യക ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും എന്ന വാക്യത്തിലെ "അൽമ" (عالمه) എന്ന എബ്രായ പദത്തെ "കന്യക" എന്ന് വിവർത്തനം ചെയ്യാൻ ശിമയോൻ മടിച്ചുവെന്നാണ് ഐതിഹ്യം പറയുന്നത്. അത് 'കന്യക' എന്നാണോ 'യുവതി' എന്നാണോ തർജ്ജമ ചെയ്യേണ്ടത് എന്ന് അദ്ദേഹം സംശയിച്ചു. കന്യക ഗർഭം ധരിക്കുകയില്ലല്ലോ എന്ന് അദ്ദേഹം ന്യായം പറഞ്ഞു. ഈ ഭാഗത്തിൻ്റെ പ്രാവചനിക പ്രാധാന്യത്തെക്കുറിച്ച് ശെമവൂന് അറിയാമായിരുന്നുവെങ്കിലും അദ്ദേഹം തന്റെ സ്വന്തം ബുദ്ധിയിൽ ഉറച്ചുനിന്നു. എന്നാൽ  ആ നിമിഷം തന്നെ, അത് 'കന്യക' എന്ന് വിവർത്തനം ചെയ്യാനും വ്യാഖ്യാനം സർവ്വശക്തനായ ദൈവത്തിനു വിടുവാനും പരിശുദ്ധാത്മാവിന്റെ വെളിപ്പാട് അദ്‌ഭുതകരമായി അദ്ദേഹത്തിനുണ്ടായി. ശെമവൂന്റെ സന്ദേഹം അപ്പോഴും തീർന്നില്ല. ആ അവസരത്തിൽ ഒരു കന്യകയുടെ മകനായി ജനിക്കുന്ന മിശിഹാ എന്ന യിസ്രായേലിന്റെ രക്ഷകനെ കാണുന്നതുവരെ നീ മരിക്കുകയില്ലെന്നും ശിശുവിനെ കണ്ടു നീ തിരിച്ചറിയുമെന്നും സംതൃപ്തനായതിനു ശേഷം നീ സമാധാനത്തോടെ മടങ്ങുമെന്നും പരിശുദ്ധ റൂഹാ ശിമയോനെ അറിയിച്ചു. ഈ പരിശുദ്ധാത്മ വചനമാണ് ലൂക്കോസിന്റെ സുവിശേഷ ഭാഗത്തു നിവൃത്തിയാക്കപ്പെടുന്നത് (2:22-39).

ടോളമി രാജാവിന്റെ നിർദ്ദേശപ്രകാരം ആരംഭിച്ച സെപ്റ്റജിന്റ് പരിഭാഷ പൂർത്തിയാക്കപ്പെട്ടത് ബി.സി രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ  ആയിരിക്കാമെന്നതുകൊണ്ടു   യേശുക്കുഞ്ഞിനെ കൈയിലിടുത്തപ്പോൾ ശെമവൂന്റെ പ്രായം 300 വയസ്സിനു മുകളിൽ 400 വയസ്സിനു താഴെയായിരുന്നു എന്ന് ഊഹിക്കാം.    

ഈ ഐതിഹ്യം ചരിത്രപരമായി പരിശോധിക്കാവുന്നതല്ലെങ്കിലും, ഇത് ക്രൈസ്തവ പാരമ്പര്യത്തിൻ്റെ പ്രാമാണികവും ശാശ്വതവുമായ ഒരു ഭാഗമായി മാറിയിരിക്കുന്നു. യേശു കർത്താവിന്റെ കന്യകാ ജനനത്തെപ്പറ്റിയുള്ള ഏറ്റവും ശക്തമായ പ്രവചനവും.

ഹീബ്രുവിൽ, "കന്യക" എന്നുള്ളതിനുള്ള കൃത്യമായ വാക്ക് "ബേതുല" (בתולה) ആണ്. എന്നിരുന്നാലും, "അൽമാ" (עלמה) എന്ന വാക്ക് പലപ്പോഴും "കന്യക" അല്ലെങ്കിൽ "യുവതി" എന്ന് വിവർത്തനം ചെയ്യപ്പെടാറുണ്ട്. അതിന്റെ അർത്ഥം കൂടുതൽ സൂക്ഷ്മമാണ്. ''ALMAH- അൽമ" എന്നത് സാധാരണയായി 12-നും 25-നും ഇടയിൽ പ്രായമുള്ള വിവാഹപ്രായമെത്തിയ ഗർഭവതിയാകാൻ ശാരീരികക്ഷമതയുള്ള ഒരു യുവതിയെ, സൂചിപ്പിക്കുന്നു. ഒരു "അൽമാ" ഒരു കന്യകയാകാൻ സാധ്യതയുണ്ടെങ്കിലും, ഈ വാക്ക് തന്നെ പൂർണ്ണമായും ആ അർത്ഥം ദ്യോതിപ്പിക്കണമെന്നില്ല.

യെശയ്യാവ് 7:14-ൽ പശ്ചാത്തലത്തിൽ, പ്രവാചകൻ എഴുതുന്നു, "ഇതാ, അൽമാ ഒരു മകനെ ഗർഭം ധരിച്ച് പ്രസവിക്കും", സെപ്‌റ്റുവജിന്റ് (LXX) എന്നറിയപ്പെടുന്ന ഹീബ്രു ബൈബിളിന്റെ ഗ്രീക്ക് വിവർത്തനം "അൽമാ" എന്ന വാക്കിനെ "പാർത്ഥീനോസ്" (παρθénos) എന്ന് പരിഭാഷപ്പെടുത്തുന്നു. ഈ ഗ്രീക്ക് പദം  കന്യക -VIRGIN - എന്ന് തന്നെയാണ് അർത്ഥമാക്കുന്നത്.

ഈ വിവർത്തനം ക്രൈസ്തവ ദൈവശാസ്ത്ര രൂപീകരണത്തിലും ക്രൈസ്തവ വിശ്വാസ പ്രമാണങ്ങളിലും വേദപുസ്തക വ്യാഖ്യാനങ്ങളിലും സഭാചരിത്രത്തിൽ തന്നെയും സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.

ഇപ്പോൾ ചില ആധുനിക ബൈബിൾ  വിവർത്തനങ്ങൾ ALMAH എന്ന വാക്കിനെ ‘യുവതി’ എന്ന് തർജ്ജമ ചെയ്തു ഏശയ്യാ പ്രവചനത്തെ മലിനമാക്കുന്നുണ്ട്.

മായൽത്തോ ക്രമം പരിഭാഷയെപ്പറ്റി.

സുറിയാനി ഓർത്തഡോകേസ് സഭയിൽ മായൽത്തോ പെരുന്നാളിന് പണ്ടു മുതലേ ഒരു പ്രത്യേക ക്രമമുണ്ട്. എന്നാൽ, ക്രമം പൂർണ്ണമായും സുറിയാനി ഭാഷയിലായതിനാൽ മലങ്കരയിൽ അന്നേ ദിവസം പലപ്പോഴും മാറാനായ പെരുന്നാൾ എന്ന നിലയിൽ വിശുദ്ധ കുർബാന മാത്രം ചൊല്ലി അവസാനിപ്പിക്കുകയാണ് പതിവ്. എന്നാൽ ആകമാന സുറിയാനി സഭയുടെ തലവൻ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ ബാവയുടെ 2024-ലെ അപ്പോസ്തോലിക സന്ദർശനത്തിൽ മീനങ്ങാടി കത്തീഡ്രലിൽ വച്ചു മായൽത്തോ പെരുന്നാൾ സുറിയാനി സഭയുടെ ശരിയായ ക്രമത്തിൽ നടത്തി. അപ്പോഴാണ് മലങ്കരയിലെ പലരും മേല്പറഞ്ഞ ക്രമത്തെപ്പറ്റി കൂടുതലായി മനസിലാക്കുന്നത്.

അമേരിക്കയിലെ സുറിയാനിക്കാരുടെ ഉപയോഗത്തിനായി യേശു സാമുവേൽ മോർ അത്താനാസ്യോസ് തിരുമേനി സുറിയാനിയിൽ നിന്നും ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ ക്രമം മലങ്കരയിലെ ഉപയോഗത്തിനായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് പത്തനംതിട്ട അയിരൂർ സ്വദേശിയായ മാന്നാകുഴിയിൽ ശ്രീ.ജേക്കബ് വർഗ്ഗീസാണ്. ആ ക്രമത്തിന്റെ കോപ്പികൾ ഇന്ന് മലങ്കരയിൽ ലഭ്യമാണ്. സുറിയാനിയിലും ഇംഗ്ലീഷിലുമുള്ള ക്രമം അദ്ദേഹം സൂക്ഷ്മമായി പിരിശോധിച്ച് പരിഭാഷപ്പെടുത്തിയാണ് മായൽത്തോ ദിവസത്തെ ഉപയോഗത്തിനായി ലഭ്യമാക്കിയിരിക്കുന്നത്.

മായൽത്തോ നടപടിക്രമം.

കർത്താവിന്റെ ക്രൂശുമരണത്തിന് മുമ്പ് നടന്നതാണ് ദേവാലയ പ്രവേശനം. അതുകൊണ്ട് യൽദോ, ദനഹാ, ഊശാന എന്നീ ശുശ്രൂഷകൾ നടത്തുന്നതുപോലെ (സ്വർഗ്ഗാരോഹണം, പെന്തക്കോസ്തി തുടങ്ങിയ ക്രമങ്ങൾ ക്രൂശുമരണത്തിനുശേഷം നടന്നവയായതിനാൽ അവ ദൈവമാതാവിന്റെ കുക്കിലിയോൻ അഥവാ ബെസ്മൽക്കോ കഴിഞ്ഞ് നടത്തും. മേല്പറഞ്ഞ ശുശ്രൂഷകളൊക്കെ എപ്പോൾ നടത്തണമെന്ന് ആണ്ടുതക്സാകളും നടപടിക്രമങ്ങളും പരിശോധിച്ചാൽ മനസിലാകും. എല്ലാ ക്രമങ്ങളും എപ്പോൾ നടത്തണമെന്ന് പലർക്കും സംശയമുള്ള ഈ വിഷയത്തെപ്പറ്റി വിശദമായ ഒരു ലേഖനം എഴുതുന്നതാണ്. എന്തായാലും ജനങ്ങളുടെ സൗകര്യാർത്ഥം എന്നൊരു രീതി സുറിയാനി സഭയുടെ പാരമ്പര്യത്തിലില്ല. അല്ലെങ്കിൽ അപ്രകാരം നടത്താൻ പ്രാദേശിക സുന്നഹോസിന്റെ അനുവാദ കല്പനയും നിർബന്ധമായും വേണം). പ്രഭാത നമസ്കാരവും തൂയോബോയും കഴിഞ്ഞ് വിശുദ്ധ കുർബാനയ്ക്ക് മുമ്പുതന്നെ മായൽത്തോയുടെ ക്രമം നടത്തണം.

വിശുദ്ധ മദ്ബഹായുടെ മുമ്പിൽ ഒരു പായ വിരിച്ച് വിശുദ്ധ ഏവൻഗേല്യോൻ മേശയിട്ട് അതിന് താഴെ ഒരു തളികയിൽ വാഴ്ത്തുവാനാവശ്യമായ മെഴുകുതിരികൾ വെച്ച് (ഓശാന പെരുന്നാളിലെ കുരുത്തോല പോലെ മായൽത്തോയിൽ മെഴുകുതിരിയാണ് വാഴ്ത്തുന്നത്) ഒരു ശോശപ്പാ കൊണ്ടു മൂടുന്നു. മെഴുകുതിരി വെച്ചിരിക്കുന്ന തളികയുടെ ഇരുവശങ്ങളിലുമായി കത്തിച്ച മെഴുകുതിരികളും ക്രമീകരിച്ച് പ്രദക്ഷിണം ആരംഭിക്കുന്നു.

ഏവൻഗേല്യോൻ മേശയിടുന്നതിന് പകരം നമസ്ക്കാരമേശയിൽ ഒരു വെളള വിരിയിട്ട് അതിന്മേൽ ഒരു ഏവൻഗേല്യോൻ പുസ്തകം വെച്ച് മേല്പറഞ്ഞ രീതിയിൽ തളികയിൽ മെഴുകുതിരികൾ ശോശപ്പാകൊണ്ടു മൂടി ഇരുവശങ്ങളിലും കത്തിച്ച മെഴുകുതിരികളും വെച്ച് ക്രമീകരിച്ചാലും മതി.

പ്രദക്ഷിണം സാധാരണപോലെ ആഘോഷപൂർവ്വം ധൂപക്കുറ്റി, മെഴുകുതിരികൾ, വിശുദ്ധ ഏവൻഗേല്യോൻ, മറുബ്ഹാസാകൾ, കൊടി, മേക്കട്ടി തുടങ്ങിയവയോടുകൂടി പള്ളിയുടെ വടക്കേ വാതിലിലൂടെ പുറത്തേയ്ക്കിറങ്ങി Anti-clockwise ആയി പ്രദക്ഷിണം ചെയ്ത് തെക്കെ വാതിൽ വഴി പള്ളിയകത്ത് പ്രവേശിച്ച് ക്രമം ആരംഭിക്കുന്നു.

ആവശ്യമെങ്കിൽ ഈ പ്രദക്ഷിണം പള്ളിയകത്തുകൂടെ Anti-clockwise ആയി നടത്താവുന്നതാണ്.

പ്രദക്ഷിണത്തിന് ധൂപക്കുറ്റി, കത്തിച്ച മെഴുകുതിരികൾ, മണികൾ, മറുബാസാ എന്നിവയും വേണം. അംശവസ്ത്രധാരിയായ കാർമ്മികൻ ഊറാറ (വെളള ഊറാറയാണ് ഉപയോഗിക്കേണ്ടത്. അല്ലാത്തപക്ഷം ചുവപ്പ് ഊറാറ ഉപയോഗിക്കാം) ചുറ്റിയ ഒരു തടിക്കുരിശ് നെഞ്ചോടു ചേർത്തെടുത്ത് (വൃദ്ധനായ ശെമവൂൻ സോബോ ആ ശിശുവിനെ എടുത്ത പ്രകാരം) ഒരു ശിശുവിനെ എടുക്കന്നവിധം ഇരുകൈകൾകൊണ്ടും എടുത്തുകൊണ്ടും തൽസമയത്ത് എല്ലാവരും ചേർന്ന് പ്രദക്ഷിണഗീതം ആലപിച്ചുകൊണ്ടും ജനമെല്ലാം കാർമ്മികനെ അനുഗമിക്കണം.

പ്രദക്ഷിണം പൂർത്തീകരിച്ചശേഷം കാർമ്മികൻ ഏന്തിയ തടിക്കുരിശ് വെള്ള വിരിയിട്ട് വിരിച്ചൊരുക്കിയ മേശമേൽ വെച്ച് ക്രമം ആരംഭിക്കുന്നു.

ശുബ്ഹോ... ബലഹീനരും, പാപികളും.... സ്ലൂസോ (പ്രാരംഭ പ്രാർത്ഥന), 51-ാം മസ്മൂർ തുടങ്ങിയവ ക്രമപ്രകാരം നടത്തുകയും, കാർമ്മികൻ വിശുദ്ധ കുർബ്ബാനയിലെപ്പോലെ ശോശപ്പാ ആഘോഷിക്കാതെ തന്നെ എടുത്തു മാറ്റി ഇടതുവശത്ത് വയ്ക്കണം. അതിനുശേഷം വരുന്ന പ്രാർത്ഥനകളിൽ കാർമ്മികൻ വിശുദ്ധ കുർബാനയിലെപ്പോലെ കൈകൾ മലർത്തിപ്പിടിച്ചുകൊണ്ട് ബാക്കി ഭാഗങ്ങൾ ചൊല്ലുന്നു. മെഴുകുതിരികൾ വാഴ്ത്തി, ഹൂത്തോമ്മോയും കഴിഞ്ഞ് മേശമേൽ വെച്ചിട്ടുള്ള തടിക്കുരിശെടുത്ത് ബീമായിലോ, വിശുദ്ധ മദ്ബഹായിലോ നിന്നുകൊണ്ട് 'ഹൗദ് മാലാഖേ' ചൊല്ലി, ആകാശത്തിലുള്ള ഞങ്ങളുടെ ബാവാ!... ചൊല്ലി മായൽത്തോ ക്രമം പൂർത്തീകരിച്ച് വിശുദ്ധ കുർബാന ആരംഭിക്കുന്നു.

വാഴ്ത്തിയ മെഴുകുതിരികൾ വിശ്വാസികൾക്കു കൊടുക്കുകയും വിശുദ്ധ കുർബാന പടിഞ്ഞാറോട്ട് എഴുന്നള്ളിക്കുമ്പോൾ വിശ്വാസികൾ അവ കത്തിച്ചു പിടിക്കുകയും വേണം. ബാക്കി വരുന്ന മെഴുകുതിരികൾ വിശുദ്ധ മദ്ബഹായിലെ ഉപയോഗത്തിന് എടുക്കാവുന്നതാണ്. ആവശ്യമെങ്കിൽ വിശ്വാസികൾക്ക് ഭവനത്തിലേക്ക് കൊണ്ടുപോകാം, എന്നാൽ ഭവനത്തിലേക്ക് കൊണ്ടുപോകുന്ന വാഴ്ത്തിയ തിരികൾ ഭക്ത്യാദരവുകളോടെ കൈകാര്യം ചെയ്യുവാൻ വിശ്വാസികൾ പ്രത്യേകം ശ്രദ്ധിക്കണം.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?
  • മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം
  • ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ.
  • ക്രിസ്തു എന്ന നേട്ടം.
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പരിശുദ്ധ സുറിയാനി സഭയിലെ 10 പെരുന്നാളുകൾ.
  • ആഹാസിന്റെ ഘടികാരം. (Clock).
  • മോർ ബാലായി.
  • നസ്രാണിപ്പട
  • തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം
  • കൂദാശകൾ 'ഷോ'കളാക്കരുത്
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • വിശുദ്ധ കുർബ്ബാന. (ഒരു ചെറുപഠനം).
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.
  • ബൈബിളിലെ അസാധാരണ സംഭവങ്ങൾ.
  • വിശുദ്ധ കുർബാനാനുഭവം
  • പട്ടക്കാരോട് ഒരപേക്ഷ.
  • വിശുദ്ധ മദ്ബഹാ.
  • സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.
  • "സന്തോഷം ക്രിസ്തീയ ജീവിതത്തിന്റെ അടയാളം".
  • ഷണ്ഡൻ്റെ മാനസാന്തരം.
  • ചോദ്യം
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • കുരിശ്
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • പരി.റൂഹായുടെ കിന്നരം മോർ അഫ്രേം (A.D 303-373)
  • മൗനം വിദ്വാനു ഭൂഷണം.
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • നിരണം മുതലായ ഇടവകകളുടെ മാർ ഗ്രീഗോറിയോസു മെത്രാപ്പോലിത്തായിൽ നിന്നും.
  • എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?
  • പൗരോഹിത്യം – സുറിയാനി പാരമ്പര്യത്തിൽ.
  • മൊർത് ശ്മൂനിയും ഏഴ് മക്കളും.
  • ആദ്യാചാര്യത്വം....
  • സകല മൗദ്യാനന്മാരുടെയും ഓർമ്മ.
  • ഊറാറ ചുറ്റിയ കുരിശ്.
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • ഏഫോദ്. (Ephod).
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • ഒലിവു മരം (Olea europaea)
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • വലിയനോമ്പ്

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved