നമ്മുടെ മലങ്കര ഇടവകയില്പെട്ട എല്ലാ പള്ളികളിലെയും വികാരിമാരും ദേശത്തു പട്ടക്കാരും പള്ളി കൈക്കാരന്മാരും ശേഷം ജനങ്ങളും കൂടി കണ്ടെന്നാൽ നിങ്ങൾക്കു വാഴ്വ്.
പ്രിയമുള്ളവരെ, നമ്മുടെ വിശുദ്ധ പാത്രിയർക്കീസ് ബാവാ തിരുമനസ്സിക്കലേക്കുള്ള റിശ്ശിസ്സാ ഇതെവരെ എല്ലാവരും ഭക്തിപ്പൂർവ്വം കൊടുക്കുന്നതായി കാണുന്നില്ല. കേസറിനുള്ളത് കേസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുപ്പിൻ എന്നു നമ്മുടെ രക്ഷിതാവ് കല്പിക്കുകയും താൻ അതു കൊടുക്കുകയും കൊടുപ്പികയും ചെയ്തിട്ടുണ്ടല്ലോ. എന്നാൽ രാജാക്കന്മാർക്ക് നികുതി, ഉടമസ്ഥന്മാർക്ക് ഭോഗം, ഗുരുക്കന്മാർക്ക് ദക്ഷിണ പാത്രിയർക്കീസിന് റീശിസ്സാ, റീശ് കഫനൂസായ്ക്ക് കൈമുത്ത് പട്ടക്കാർക്ക് കൈകസൂരി, ഇപ്രകാരമുള്ളതു നീതിയായിട്ടുള്ളതും ദൈവത്താൽ നിയമിക്കപ്പെട്ടതുമാണ്.
ഇവ കൊടുക്കാതിരിക്കുന്നതു അന്യായവും അതിനാൽ ദോഷവും ഗുരുത്വക്കേടും ശാപവും നേരിടുന്നതുമാകുന്നു. ഗുരുവിന്നു കൊടുക്കാതിരുന്നാൽ വൈദ്യനു കൊടുകേണ്ടിവരും. ആവശ്യത്തുങ്കിൽ കൊടുക്കപ്പെടാതിരിക്കുന്നതു ശത്രുക്കൾക്കായി സൂക്ഷിക്കപ്പെടുകയാണ്. കരവും പാട്ടവും കൊടുക്കാതിരുന്നാൽ വിളവു കുറഞ്ഞു പോകും. ഗുരുവിനു ദക്ഷിണ ചെയ്യാതിരുന്നാൽ ഗുരുത്വം ഉണ്ടാകയില്ല. മാതാപിതാക്കന്മാരെ ഭക്തിയായി വിചാരിച്ചു പ്രവൃത്തിക്കാതിരുന്നാൽ ഒരിക്കലും ഗുണം വരികയുമില്ല. അപ്രകാരവും അതിലധികവും ആകുന്നു ആത്മീയ പിതാക്കന്മാരുടേത്. അവരുടെ പ്രാർത്ഥനകളും കുർബ്ബാന മുതലായ കൂദാശകളും എല്ലാം നിങ്ങൾക്കും നിങ്ങൾക്കുള്ള സകലത്തിനും, ആത്മിയപ്രകാരവും ജഡപ്രകാരവും സകല വാഴ്‌വുകളുടെ പൂർണ്ണതയ്ക്കും വർദ്ധനവിന്നും ആയിരിക്കുന്നതാകുന്നു. അതിനായി നിങ്ങൾ ചെയ്യാനുള്ളത് ഏറ്റവും ചുരുക്കവും നിങ്ങൾക്കു ലഭിക്കുന്നവ എണ്ണവും അളവും ഇല്ലാത്തപ്രകാരം അനവധിയും ലോകം അതിന്നു വില മതിയാകാത്തവയുമാണ്.
അതിനാൽ പ്രിയരേ,
നമ്മുടെ പ്രധാന ആത്മീയ ഗുരുവിനുള്ള മേല്പറയപ്പെട്ട അവകാശത്തെ കൊടുക്കാതിരിക്കയോ അതിന്റെ ചുമതലക്കാർ, കൊടുക്കുന്നവരുടെ പുണ്യത്തിന്നു ആക്കിത്തിർക്കാതെ അപഹരിച്ചു തകരാറാക്കി തീർക്കയോ ചെയ്യരുതു. എന്തെന്നാൽ അതു പാപവും കഷ്ടവുമാണ്. റീശീസ്സാ മേലാൽ കൈമുത്തിന്റെ ക്രമത്തിൽ പള്ളി മുതൽപിടിക്കാരൻ എടുത്തു പ്രത്യേകം കണക്കെഴുതി 'സൂക്ഷിച്ച് കല്പന പ്രകാരം ഇവിടെ നിന്നും ആളയക്കമ്പോൾ രസീതു വാങ്ങിച്ചു മുതൽ പിടിയിൽ നിന്നും കൊടുത്തയക്കപ്പെടുകയും വേണം. എന്നാൽ ആയതു കുമ്പസാരത്തോടു കൂടെ തന്നെ പള്ളി നടയിൽ വയ്പ്പിക്കുകയും വേണം. കുമ്പസാരം എന്ന കൂദാശ എത്രയും വലിയതും രക്ഷക്കടുത്തതുമാണു. അതിനെ ധ്രുതിയിലും ക്രമക്കേടിലും ആക്കിത്തീർക്കാതെ നമ്മുടെ വിശുദ്ധ പിതാവിന്റെ കല്പന പ്രകാരം നോമ്പിന്റെ ഈ ദിവസങ്ങളിൽ നടത്തപ്പെടുകയും ഞായറാഴ്ച മുതലായ വിശേഷ ദിവസങ്ങളിൽ ഒരുക്കത്തോടുകൂടെ വന്നു കുർബ്ബാന കൈക്കൊള്ളുകയും വേണം. കുമ്പസാരം മറ്റു ചിലർ ചെയ്യുന്നതു കണ്ടു പഠിച്ചു നമ്മിൽ ചില പട്ടക്കാർ പലരെ ഒരുമിച്ചു കൂട്ടിയിരുത്തി ഒരു പ്രസംഗം പോലെ കഴിച്ചു കൂടുന്നതായി കേട്ട് അതിശയിക്കയും വ്യസനിക്കയും ചെയ്യുന്നു. അങ്ങനെ ഒരിക്കലും ആരും ചെയ്തു കൂടാ. തിരുസഭയുടെ നിയമ പ്രകാരം രഹസ്യമായി പ്രത്യേകം പ്രത്യേകം ഓരോത്തർക്ക് മാത്രം കഴിക്കയല്ലാതെ അത്യാഗ്രഹം കൊണ്ടും അഭക്തി കൊണ്ടും ഈ പരിശുദ്ധ രഹസ്യകൂദാശയെ പരസ്യമായും ക്രമവിരോധമായും പട്ടകാരൻ വിധിക്കപ്പെട്ടു സ്ഥാനഭ്രഷ്ടനായി തീരുകയും ചെയ്യും. ആകയാൽ എല്ലാവരും അവരവരുടെ ചുമതലയിൽ പ്രത്യേകം സൂക്ഷതയുള്ളവരായിരുന്നു കർത്താവിൽ ഭക്തിപൂവ്വം നടത്തികൊൾകയും ചെയ്വീൻ.
നമ്മുടെ രക്ഷിതാവായ യേശുമിശിഹായുടെ കൃപയും വാഴ്‌വും നിങ്ങളെല്ലാവരോടും കൂടെ സദാ വർദ്ധിച്ചിരിക്കുമാറാകട്ടേ. അതു കൃപ 'നിറഞ്ഞിരിക്കുന്ന മാതാവിന്റെയും സകല പരിശുദ്ധന്മാരുടെയും പ്രാർത്ഥനകളാൽ തന്നെ. ആമ്മീൻ.
1899 കുംഭം 26-ന് പറക്കോട്ട് പള്ളിയിൽ നിന്നും.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.