സർവ്വശക്തനായ ദൈവം പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും ആറു ദിവസത്തിനുള്ളിൽ സൃഷ്ടിച്ചശേഷം ഏഴാം ദിവസം തന്റെ പ്രവൃത്തികളിൽനിന്നു വിരമിച്ചു വിശ്രമിച്ചു. എല്ലാ ഏഴാമത്തെയും ദിവസം ശബ്ബത്തായി അനുഷ്ഠിക്കണമെന്ന് ദൈവം തന്റെ ജനത്തിനു നൽകിയ കല്പനകളിൽ അനുശാസിക്കുന്നു. മിസ്രയീമ്യ അടിമത്തത്തിൽനിന്നുള്ള വിമോചനത്തിന്റെ അനുസ്മരണമായി ആഘോഷിക്കപ്പെടുന്ന പെസഹ അഥവാ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ഏഴു ദിവസം നീണ്ടുനിൽക്കുന്നതായിരുന്നു. ഏഴു വാരത്തിനുശേഷം ആഘോഷിക്കപ്പെടുന്ന പെന്തിക്കോസ്തപ്പെരുന്നാളിന്റെ അഥവാ വാരോത്സവപ്പെരുന്നാളിന്റെ ദൈർഘ്യവും ഏഴു ദിവസമായിരുന്നു. ആണ്ടിന്റെ ഏഴാം മാസത്തിലാണ് കാഹളനാദപ്പെരുന്നാൾ യിസ്രായേൽമക്കൾ ആഘോഷിച്ചിരുന്നത്. എല്ലാ ഏഴാമത്തെയും വർഷം ശബ്ബത്തുവർഷമായി അനുഷ്ഠിക്കണമെന്നും ഏഴു പ്രാവശ്യം ഏഴു ശബ്ബത്തുവർഷങ്ങൾ തുടർച്ചയായി അനുഷ്ഠിച്ചശേഷം (49 വർഷം) അമ്പതാമത്തെ വർഷം ജൂബിലി വർഷമായി ആചരിക്കണമെന്നും ദൈവം തന്റെ ജനമായ യിസ്രായേൽ മക്കളോടു കല്പിച്ചു.