Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • കുമ്പിടീൽ

സുറിയാനി ക്രിസ്ത്യാനികൾക്ക് കുരിശുവരപോലെതന്നെ മുഖ്യമായ ഒരനുഷ്ഠാനമാണ് പ്രാർത്ഥനയുടെ ഭാഗമായ കുമ്പിടീലും. താഴ്മയും വിനയവും സമർപ്പണവും വിധേയത്വവും പ്രകടിപ്പിക്കാൻ പഴയനിയമകാല പിതാക്കന്മാർ ചെയ്തിരുന്ന ഒരു പ്രവൃത്തിയാകയാൽ (ഉല്പത്തി 17:3) കുരിശുവരയോടൊപ്പം കുമ്പിടീലും പരിശുദ്ധ സുറിയാനി സഭയുടെ ആരംഭം മുതലേ വിശ്വാസികളുടെ ഇടയിൽ ഉണ്ടായിരുന്നിരിക്കണം. "....എന്റെ മുമ്പിൽ എല്ലാ മുഴങ്കാലും മടങ്ങും...." എന്ന് വിശുദ്ധ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. (യെശയ്യാവ്‌ 45:23, റോമർ 14:1). “നാം ചെയ്യുന്ന പാപങ്ങൾക്ക് പ്രായശ്ചിത്തമാകുവാനും ദൈവീക കോപത്തെ ശമിപ്പിക്കുന്നതിനും തന്നിൽനിന്ന് കരുണ പ്രാപിക്കുന്നതിനും വേണ്ടി നമ്മുടെ കാൽമുട്ടുകൾക്ക് വഴക്കമുണ്ടായിരിക്കണ”മെന്ന് കുമ്പിടീലിനെക്കുറിച്ച് മിലാനിലെ വിശുദ്ധ അംബ്രോസ് (ക്രിസ്തുവർഷം 337-397) പറയുന്നു {John.J.Savage (translator), “Saint Ambrose, Hexameron, Paradise, And Cain and Abel” in The Fathers of the Church Vol 42, Fathers of the Church Inc, New York, 1961, page 281}.

സ്തേപ്പാനോസ് സഹദാ താൻ കല്ലെറിയപ്പെടുമ്പോൾ മുട്ടുകുത്തി നിന്നാണ് തന്നെ ഉപദ്രവിച്ചവർക്കുവേണ്ടി പ്രാർത്ഥിച്ചത് (അപ്പൊ. പ്ര 7:60). ഗത്സമന തോട്ടത്തിൽ വച്ച് നമ്മുടെ കർത്താവ് കവിണ്ണുവീണ് പ്രാർത്ഥിച്ചതായി വിശുദ്ധ വചനം പറയുന്നു. (മത്തായി 26:39).

എങ്ങനെ കുമ്പിടണം?

നിന്നുകൊണ്ട് പ്രാർത്ഥിക്കുന്ന പാരമ്പര്യമാണ് സിറിയൻ ഓർത്തഡോക്സുകാർക്കുള്ളത് ആ നില്പിൽ വേണം കുമ്പിടുവാൻ. രണ്ടു കൈകളുടേയും മുഷ്ടികളും, തുടർന്ന് കാൽമുട്ടുകളും, പാദാഗ്രങ്ങളും നിലത്തുകുത്തി, തല കുനിച്ച് മുഖം തറയിൽ മുട്ടിച്ച് കുമ്പിടണം. മുഖം തറയിൽ മുട്ടിക്കുക എന്നു പറഞ്ഞാൽ നെറ്റിയും മൂക്കും തറയിൽ തൊട്ടിരിക്കണം. കൈപ്പത്തി വിടർത്തി തറയിൽ കുത്തിയുള്ള കുമ്പിടീൽ സിറിയൻ ഓർത്തഡോക്സ് പാരമ്പര്യത്തിലില്ല. ഓരോ പ്രാവശ്യവും കുമ്പിട്ടു കഴിഞ്ഞ് എഴുന്നേറ്റ് നിവർന്നു നിന്നിട്ടുവേണം വീണ്ടും കുമ്പിടാൻ. കുമ്പിട്ടു കുരിശുവരയ്ക്കുക എന്നതാണ് ശരിയായ പാരമ്പര്യം {വ.ദി.ശ്രീ.മലങ്കര മല്പാൻ കോനാട്ട് മാത്തൻ കോറെപ്പിസ്കോപ്പ, മലങ്കര ഓർത്തഡോക്സ് സുറിയാനി ക്രിസ്ത്യാനികളുടെ പ്രാർത്ഥനക്രമം, അടിക്കുറിപ്പ് 3, എം.ഒ.സി.പബ്ലിക്കേഷൻസ്, കോട്ടയം, 2005, പേജ് 2}.

നമ്മുടെ കർത്താവിന്റെ തൃപ്പാദങ്ങളെ ചുംബിക്കുന്നതും നമ്മെത്തന്നെ ദൈവസന്നിധിയിൽ താഴ്മയോടെ സമർപ്പിക്കുന്നതുമായ ഒരനുഷ്ഠാനമാണ് കുമ്പിടീൽ എന്ന് വിശുദ്ധ പിതാക്കന്മാർ പറയുന്നു. കൂടാതെ, മനുഷ്യന്റെ (പാപത്തിലേക്കുള്ള) വീഴ്ചയേയും അതിൽ നിന്നുള്ള അവന്റെ ഉയിർത്തെഴുന്നേല്പിനേയും അതു സൂചിപ്പിക്കുന്നു. വീഴ്ചയിൽ നിന്നെഴുന്നേറ്റ് കർത്താവിന്റെ രക്ഷാകരപ്രവൃത്തിയെ അനുസ്മരിക്കുന്നതുകൊണ്ടാണ് കുമ്പിട്ടു കുരിശുവരയ്ക്കുന്നത്. കുമ്പിടുക എന്നത് വിശ്വാസജീവിതത്തിന്റെ ഭാഗമാണെങ്കിലും ശാരീരികാസ്വാസ്ഥ്യമുള്ളവർക്കും മറ്റു ബലഹീനാവസ്ഥയിലുള്ളവർക്കും രോഗികൾക്കും ചില നീക്കുപോക്കുകൾ വിശുദ്ധ സഭ കല്പിച്ചിട്ടുണ്ട്. ഇതിന് ലിഖിത നിയമങ്ങൾ ഏതെങ്കിലുമുള്ളതായി അറിവില്ല.

സിറിയൻ ഓർത്തഡോക്സുകാരുടെ കുമ്പിടീൽ സാഷ്ടാംഗ പ്രണാമമാണ്. എട്ടംഗങ്ങൾ നിലത്തു മുട്ടിച്ചുള്ള ഭയ-ഭക്ത്യാദരവുകൾ പ്രകടിപ്പിക്കലാണ് സാഷ്ടാംഗപ്രണാമം. ഇവിടെ രണ്ടു കൈമുഷ്ടികളും രണ്ടു കാൽമുട്ടുകളും രണ്ടു പാദാഗ്രങ്ങളും നെറ്റിയും മൂക്കും - എട്ട് അംഗങ്ങൾ - തറയിൽ മുട്ടുന്നു. നമ്മുടെ പാരമ്പര്യമനുസരിച്ച് ദൈവതിരുമുമ്പാകെ മാത്രമാണ് ഇങ്ങനെ കുമ്പിടുന്നത്; അങ്ങനെയേ പാടുള്ളൂ എന്ന് വിശുദ്ധ വേദപുസ്തകം പറയുന്നു (വെളിപ്പാട് 19:10, 22:8-9).

വിവിധതരം കുമ്പിടീലുകൾ.

പൊതുവേ പറഞ്ഞാൽ പ്രധാനമായി രണ്ടുതരം കുമ്പിടീലുകൾ വിശുദ്ധ വേദപുസ്തകത്തിൽ കാണാം. കൈ കൂപ്പിയോ മലർത്തിപ്പിടിച്ചോ മുട്ടിന്മേൽ നിൽക്കുക (എസ്രാ 9:5, സങ്കീർത്തനങ്ങൾ 95:6, യെശയ്യാവ്‌ 45:23, മർക്കോസ് 1:40, അപ്പോസ്തോല പ്രവൃത്തികൾ 9:40, ഫിലിപ്പിയർ 2:10 മുതലായവ) എന്നതാണ് ലഘുവായ കുമ്പിടീൽ. എന്നാൽ സാഷ്ടാംഗം കുമ്പിടുന്ന രീതിയാണ് വിശുദ്ധ വേദപുസ്തകത്തിൽ കൂടുതലായി കാണുന്നത് (ഉല്പത്തി 17:3, പുറപ്പാട് 34:8, യോശുവ 7:6, എസ്രാ 10:1, നെഹമ്യാവ് 8:6, ഇയ്യോബ് 1:20, മത്തായി 26:39, വെളിപ്പാട് 7:11 മുതലായവ). സാഷ്ടാംഗം എന്നു പറഞ്ഞാൽ എട്ട് അംഗങ്ങളും കൂടി എന്നർത്ഥം. ഇതുതന്നെ രണ്ടു വിധത്തിലാവാം - ശരീരം മുഴുവനും നിലത്തു തൊടുവിച്ച് കൈകൾ മുന്നോട്ടു നീട്ടി കമിഴ്ന്നു കിടക്കുന്നതും രണ്ടു കാൽ മുട്ടുകൾ, രണ്ടു പാദാഗ്രങ്ങൾ, രണ്ടു മുഷ്ടികൾ, നെറ്റി, മൂക്ക് ഇവ നിലത്തു തൊടുവിച്ച് കുമ്പിടുന്നതും (ചില വിശ്വാസങ്ങളിൽ സാഷ്ടാംഗത്തിന് മറ്റൊരു വിശദീകരമുണ്ടെന്നുള്ളത് - നെഞ്ച്, തല, കൈകൾ, കാലുകൾ, മുട്ടുകൾ, ശരീരം, മനസ്സ്, വാക്ക് - ഇവിടെ വിസ്മരിക്കുന്നില്ല). പൂർണ്ണമായ കുമ്പിടീൽ അല്ലെങ്കിലും തല കുനിച്ച് താഴ്മയും വിധേയത്വവും പ്രകടിപ്പിക്കുന്നതും കുമ്പിടീലിന്റെ ഒരു രീതിയായി കണക്കാക്കപ്പെടുന്നു. {Marcia Ford, Traditions of the Ancients: Vintage Faith Practices for the 21st Century, Broadman & Holman Publishers, Tennessee, 2006, page 141}.

സുറിയാനി സഭയുടെ വിശുദ്ധ കുർബ്ബാനയിൽ കുമ്പിടീലില്ലെങ്കിലും ഇങ്ങനെ തല കുനിച്ചു വന്ദിക്കുന്ന സന്ദർഭങ്ങളുണ്ട്. 1274-ൽ ഫ്രാൻസിലെ ലിയോണിൽ വച്ചു പോപ്പ് ഗ്രിഗറി പത്താമന്റെ അദ്ധ്യക്ഷതയിൽ കൂടിയ റോമൻ കത്തോലിക്കാ സഭയുടെ പതിനാലാമത് സുന്നഹദോസ് (രണ്ടാം ലിയോൺ സുന്നഹദോസ്) നിശ്ചയം 25 {31} പ്രകാരം യേശുവിന്റെ നാമം പറയുന്നിടത്തെല്ലാം, പ്രത്യേകാൽ വിശുദ്ധ കുർബ്ബാന മദ്ധ്യേ, വിശ്വാസികൾ തല കുമ്പിടണമെന്ന് അനുശാസിക്കുന്നു. കത്തോലിക്കാ സഭയിൽ നിന്നു പിരിഞ്ഞുപോയ പല സഭകളും ഈ രീതി പിന്തുടരുന്നുമുണ്ട്.

എപ്പോഴെല്ലാം കുമ്പിടുന്നു?

എല്ലാ യാമപ്രാർത്ഥനകളിലും കൗമാകൾ (ക്രോബേന്മാരുടെ സ്‌തുതി ഉൾപ്പടെ) ചൊല്ലുമ്പോഴും വിശ്വാസപ്രമാണ മദ്ധ്യേ നമ്മുടെ കർത്താവിന്റെ രക്ഷാകര പ്രവർത്തന കാലഘട്ടത്തെ സ്മരിക്കുമ്പോഴും ('സ്വർഗ്ഗത്തിൽ നിന്നിറങ്ങി' മുതൽ 'സ്വർഗ്ഗത്തിലേക്ക് കരേറി' വരെയുള്ള ഭാഗം) ഹാശാ ആഴ്ചയുൾപ്പടെ വലിയ നോമ്പിലും മൂന്നു നോമ്പിലും യാമപ്രാർത്ഥനകൾക്ക് സെദ്റാ വായിക്കുമ്പോഴും ഹാശാ ആഴ്ചയിൽ മെമ്രാകൾക്കും ബോവൂസോകൾക്കും 'ആലോഹൻ റാഹേമ്മേലായ്ൻ കുറിയേലായിസ്സോൻ' (ദേവാ! ദയയുണ്ടാകേണം, നാഥാ! കൃപ തോന്നേണമൻപാൽ) എന്നു ചൊല്ലുമ്പോഴും കുമ്പിടണം.

'ആലോഹൻ റാഹേമ്മേലായ്ൻ കുറിയേലായിസ്സോൻ' എന്നതിന്റെ ശരിയായ മലയാളം അർത്ഥം 'ദൈവമേ! ഞങ്ങളോട് കരുണയുണ്ടാകണമേ, കർത്താവേ! ഞങ്ങളോട് കരുണയുണ്ടാകണമേ' എന്നാണ് [Έλεος – എലിയോസ് (ഗ്രീക്ക്); MofR - റാഹേം (സുറിയാനി) = കരുണ). 'ആലോഹൻ റാഹേമ്മേലായ്ൻ' സുറിയാനിയും 'കുറിയേലായിസ്സോൻ' ഗ്രീക്കും ആണെന്നേയുള്ളൂ. 'ദേവാ! ദയയുണ്ടാകേണം, നാഥാ! കൃപ തോന്നേണമൻപാൽ' എന്ന തർജ്ജമ എങ്ങനെയുണ്ടായി എന്നത് പണ്ഡിതന്മാർ പറയേണ്ട വിഷയമാണ്. കൃപ, കരുണ, അനുഗ്രഹം, ദയ തുടങ്ങിയവ നമ്മുടെ പ്രാർത്ഥനകളിൽ ധാരാളം ഉപയോഗിക്കുന്ന വാക്കുകളാണ്. അതിന് അതിന്റേതായ അർത്ഥങ്ങളും മാനങ്ങളുമുണ്ട്. പൂർണ്ണമായ ഒരു വിശദീകരണം ഇവിടെ ആവശ്യമില്ലെങ്കിലും അതെന്താണെന്ന് വായനക്കാർ അറിഞ്ഞിരിക്കണം. 'കൃപ' എന്നത് നമ്മൾ അർഹിക്കാത്ത നന്മകൾ ദൈവം നമുക്ക് നൽകുന്നതാണ് എന്ന് ഏതാണ്ട് നിർവ്വചിക്കാം. ദൈവത്തെ വഹിക്കാൻ തക്ക നന്മ മനുഷ്യർക്കാർക്കുമില്ല; എന്നാൽ അത് വിശുദ്ധ മറിയാമിനു ലഭിച്ചു എന്നതിനാലാണ് അവളെ 'കൃപ ലഭിച്ചവളേ' എന്ന് വിശുദ്ധ മാലാഖ സംബോധന ചെയ്തത് {ലൂക്കോസ് 1:28. κεχαριτωμένη (kecharitomene - Greek) = favored with grace; gratia plena (Latin), aXTvubyfJ tfylfm (malyaath thaibootho - Syriac) = Full of Grace}. 'കൃപയാലല്ലോ നിങ്ങൾ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്ന'തും (എഫേസ്യർ 2:8) ഈ അർത്ഥത്തിലാണ് കാണേണ്ടത്. 'കരുണ' എന്നാൽ, ദൈവശാസ്ത്രപരമായി, ഒരാൾ അർഹിക്കുന്ന തിന്മകൾ നൽകാതിരിക്കലാണ് എന്നു പറയാം. 'അനുഗ്രഹം' എന്നാൽ അർഹത നോക്കാതെ ആത്മീകമോ ഭൗതീകമോ ആയ നന്മകൾ ലഭിക്കലാണ്. ദൈവം ദുഷ്ടന്മാരുടെ മേലും നല്ലവരുടെ മേലും സൂര്യനെ ഉദിപ്പിക്കുകയും മഴ പെയ്യിക്കുകയും ചെയ്യുന്നു (മത്തായി 5:45). കരുണ, അത് ചെയ്യുന്നയാളുടെ നന്മയുടെ ഭാഗമായി ഉണ്ടാവുന്നതാണ്, അല്ലാതെ ആ ആളുടെ ജോലിയുടേയോ ഉത്തരവാദിത്വത്തിന്റേയോ ഭാഗമായി വരുന്നതല്ല; എന്നാൽ ‘അനുഗ്രഹിക്കുക’ എന്നത് ജോലിയുടെ ഭാഗമാണെന്നു പറയാം. 'ദയ'യെ നിർവ്വചിക്കാൻ അല്പം ബുദ്ധിമുട്ടാണ്; കരുണ കാണിക്കാനുള്ള മനസ്സ് എന്നുവേണമെങ്കിൽ പറയാം. തീത്തോസ് 3:4-5 വായിച്ചാൽ ദയ എന്താണെന്ന് കൃത്യമായി മനസ്സിലാവും. ഏതു വാക്കായാലും അസ്ഥാനത്തുള്ള പ്രയോഗങ്ങൾ ശരിയായ ആശയത്തെ ഇല്ലാതാക്കാനേ ഉപകരിക്കൂ. വാക്കുകൾ സാധാരണ ഉപയോഗിക്കുന്ന ഒരു തലത്തിൽ വിലയിരുത്തിയാൽ മറുവാദമുന്നയിക്കാൻ കഴിഞ്ഞേക്കാം. എങ്കിലും പ്രാർത്ഥനകളിൽ ഈ വാക്കുകൾക്ക് മറ്റൊരർത്ഥം കല്പിക്കാനാവില്ല. വിശുദ്ധ കുർബ്ബാനയിൽ കർത്തൃപ്രാർത്ഥനയ്ക്കു മുമ്പുള്ള ലുത്തിനിയാകളിൽ അവസാനത്തേതിന്റെ പ്രതിവാക്യം "ഉത്തമനായുള്ളോവേ!, കരുണതോന്നി ഞങ്ങളുടെമേൽ അനുഗ്രഹം ചെയ്യണമേ” എന്നാണ് (മലങ്കര ഓർത്തഡോക്സ് സുറിയാനി ക്രിസ്ത്യാനികളുടെ സ്ലീബാ-ക്യംതാ നമസ്കാരം & വി.കുർബ്ബാനക്രമം, എം.ഒ.സി. പബ്ലിക്കേഷൻസ്, കോട്ടയം, 2013, പേജ് 205). ‘കരുണ’ വേണ്ടിടത്ത് ‘അനുഗ്രഹം’ ചേരുകയില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണിത്.

ചിലയാളുകൾ 'ദൈവകൃപയാൽ മത്സരങ്ങളിൽ ഞങ്ങളുടെ സൺഡേസ്‌ക്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു', 'ദൈവത്തിന്റെ കൃപകൊണ്ട് ഇന്ന പരിപാടി നടത്തുവാൻ നമ്മുടെ പള്ളിയെ തെരഞ്ഞെടുത്തു' എന്നെല്ലാം പറയുന്നത് ആത്മീയാർത്ഥത്തിൽ ശരിയല്ല. മറ്റു സൺഡേസ്‌ക്കൂളുകളോടോ പള്ളികളോടോ ദൈവം കൃപ കാണിച്ചില്ല എന്നാണതിന്റെ ധ്വനി. അങ്ങനെ നമ്മൾ പറഞ്ഞാൽ മറ്റുള്ളവരെല്ലാം നിഗളികൾ എന്നു നാം പറയാതെ പറയുകയാണ്. (യാക്കോബ് 4:6 കാണുക).

വലിയ നോമ്പിലും മൂന്നു നോമ്പിലും ഉച്ചപ്രാർത്ഥന (ആറാം മണി) കഴിഞ്ഞ് 'കുറിയേലായിസ്സോൻ' ചൊല്ലി നാല്പതു കുമ്പിടുന്ന ഒരു പാരമ്പര്യമുണ്ട് 'കുറിയേലായിസ്സോൻ ചൊല്ലി നാല്പതു കുമ്പിടുക' എന്ന് പറഞ്ഞാൽ, 'കുറിയേലായിസ്സോൻ' പത്തു പ്രാവശ്യവും 'ഞങ്ങളുടെ കർത്താവേ! ഞങ്ങളോട് കരുണയുണ്ടാകണമേ', 'ഞങ്ങളുടെ കർത്താവേ! ദയവുതോന്നി ഞങ്ങളോട് കരുണയുണ്ടാകണമേ', 'ഞങ്ങളുടെ കർത്താവേ! ഉത്തരമരുളിചെയ്ത് ഞങ്ങളോട് കരുണയുണ്ടാകണമേ' എന്നിങ്ങനെ പത്തു പ്രാവശ്യം വീതവുമാണ് ചൊല്ലേണ്ടത്. വലിയ വെള്ളിയാഴ്ച സ്ലീബാ കുമ്പിടുന്നത് സാധാരണ കുമ്പിടുന്നതുപോലെയാണെങ്കിലും മുഖം തറയിൽ തൊടുവിക്കുന്നതിനു പകരം സ്ലീബായിൽ തൊടുവിക്കുന്നു എന്ന വ്യത്യാസമുണ്ട്. പെന്തക്കൊസ്‌തിയുടെ ശുശ്രൂഷയിൽ മുട്ടിന്മേൽ നിൽക്കുവാൻ പുരോഹിതൻ ആഹ്വാനം ചെയ്യുമ്പോൾ നിലത്തു മുട്ടുകുത്തി 'കുറിയേലായിസ്സോൻ' എന്നു ചൊല്ലുന്നു. ദൈവസന്നിധിയിൽ താഴ്മയോടെ സമർപ്പിച്ച് 'കർത്താവേ!, ഞങ്ങളോട് കരുണയുണ്ടാകണമേ' എന്ന് കരഞ്ഞു പ്രാർത്ഥിക്കുന്ന ഒരു സന്ദർഭമാണിത്; പൂർണ്ണ സമർപ്പണവും ഇവിടെ ആവശ്യമാണ്.

{'വലിയ വെള്ളിയാഴ്ച' എന്ന സുറിയാനി പാരമ്പര്യത്തിലുള്ള പ്രയോഗത്തെ മറ്റുചില സഭകളുടെ സ്വാധീനം മൂലം 'ദുഃഖവെള്ളിയാഴ്ച' എന്ന് സാധാരണ പറയാറുണ്ട്. അത് ശരിയല്ല. നമ്മുടെ പ്രാർത്ഥനാപുസ്തകങ്ങളിലും ഈ പേര് സ്ഥാനം പിടിച്ചിട്ടുണ്ട് എന്നത് ഖേദകരമാണ്. നമ്മുടെ കർത്താവിന്റെ മരണത്തിൽ ദുഃഖിക്കേണ്ട ദിവസമാണെന്ന് തോന്നാമെങ്കിലും അതിലെ ദൈവീക പദ്ധതിയുടെയും വീണുപോയ മനുഷ്യകുലത്തിന്റെ വീണ്ടെടുപ്പിന്റേയും അംശമാണ് ആ ദിവസത്തിന്റെ പ്രത്യേകത. കർത്താവിന്റെ മരണത്തിൽ ദുഃഖിക്കുകയല്ല; മറിച്ച്, തന്റെ പീഢാനുഭവത്തോടും കുരിശുമരണത്തോടും താദാത്മ്യം പ്രാപിക്കുകയാണ് വേണ്ടത്. അതുകൊണ്ടാണ് പിതാക്കന്മാർ അതിനെ 'വലിയ വെള്ളിയാഴ്ച'യെന്നും 'ഹാശാ വെള്ളി' അഥവാ 'പീഢാനുഭവ വെള്ളി'യെന്നുമൊക്കെ വിളിച്ചത്}.

ഞായറാഴ്ചകളിലും മാറാനായ പെരുന്നാളുകളിലും വിശുദ്ധ കുർബ്ബാനയുള്ള ദിവസങ്ങളിൽ അതിൽ സംബന്ധിച്ചശേഷമുള്ള സമയങ്ങളിലും ഉയിർപ്പു ഞായറാഴ്ച മുതൽ പെന്തക്കൊസ്തിവരെയുള്ള ദിവസങ്ങളിലും കുമ്പിടീലില്ല. {ചില പുരോഹിതന്മാർ മൂന്നു നോമ്പിനു ശേഷം വലിയനോമ്പ്‌ തുടങ്ങുന്നതുവരെയുള്ള ദിവസങ്ങളിൽ കുമ്പിടീലില്ല എന്നു പറയുന്നുണ്ട്. എന്നാൽ അതിന്റെ കാരണം വ്യക്തമല്ല. ഈ ദിവസങ്ങളിൽ നോമ്പ് ഇല്ലാത്തതുകൊണ്ട് കുമ്പിടേണ്ട എന്നു ചിന്തിച്ചിട്ടുണ്ടാവാം}. വിശുദ്ധ കുർബ്ബാനയിൽ നമ്മുടെ കർത്താവിന്റെ ഉയിർത്തെഴുന്നേല്പിലുള്ള സന്തോഷപ്രകടനമുള്ളതിനാലും ഉയിർപ്പു മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള സമയം ഉയിർത്തെഴുന്നേറ്റ കർത്താവിന്റെ സാമീപ്യം അനുഭവിക്കുന്നതിനാലും പിന്നീട് പെന്തക്കൊസ്തിവരെയുള്ള ദിവസങ്ങൾ ആശ്വാസദായകനായ പരിശുദ്ധാത്മാവിനു വേണ്ടിയുള്ള കാത്തിരിപ്പിന്റെ ദിവസങ്ങളാകയാലുമാണ് ആ ദിവസങ്ങളിൽ കുമ്പിടീലില്ലാത്തത്.

ഞായറാഴ്ച നമ്മുടെ കർത്താവിന്റെ ഉയിർപ്പു ദിവസമാണ്; ഉയിർപ്പു മുതൽ പെന്തക്കൊസ്തി വരെയുള്ള ദിവസങ്ങളേയും ഈ ഗണത്തില്പെടുത്തിയിരിക്കുന്നു. ഉയിർപ്പ് എന്നു നാം സാധാരണ പറയാറുണ്ടെങ്കിലും അതിന്റെ സുറിയാനി - ഗ്രീക്ക് ഭാഷകളിലെ വാക്കുകളുടെ (ക്യംതോ – atmyq; അനസ്‌റ്റസിസ് - ἀνάστασις) വാച്യാർത്ഥം ‘(വീണ്ടും) എഴുന്നേറ്റു നിൽക്കുക’ എന്നാണ്. അതുകൊണ്ടുകൂടിയാണ് ഈ ദിവസങ്ങളിൽ കുമ്പിടീൽ ഇല്ലാതെ നിന്നുകൊണ്ട് പ്രാർത്ഥിക്കുന്നത്. ഞായറാഴ്ചകളിലും ഉയിർപ്പു മുതൽ പെന്തക്കോസ്തി വരെയുള്ള ദിവസങ്ങളിലും കുമ്പിടീൽ പാടില്ലെന്ന് നിഖ്യാ സുന്നഹദോസ് ഇരുപതാം നിശ്ചയം പറയുന്നു. {Nicodemus the Hagiorite and Agapius the Monk (Authors), Denver Cummings (Translator), The Rudder (Pedalion) of the Metaphorical Ship of the One Holy Catholic and Apostolic Church of the Orthodox Christians, or All the Sacred and Divine Canons, 1st edition, The Orthodox Christian Educational Society, Chicago, 1957, page 196}. ചില വിശ്വാസികൾ ഞായറാഴ്ചകളിൽ വിശുദ്ധ കുർബ്ബാനയിൽ സംബന്ധിച്ച് പള്ളി കഴിയുമ്പോൾ കുമ്പിടുന്നതു കാണാം; വിശ്വാസപരമായി അത് തെറ്റാണ്.

ദിവസക്കണക്ക്.

ഒരു ആരാധനാദിവസം തുടങ്ങുന്നത് സൂര്യാസ്തമയം (സന്ധ്യ) മുതലാകയാൽ (ഉല്പത്തി 1:5, ലേവ്യപുസ്തകം 23:32, ആവർത്തനപുസ്തകം 16:6, നെഹമ്യാവ് 13:15-19, യോഹന്നാൻ 20:1) ഒരു ദിവസത്തെ സന്ധ്യാപ്രാർത്ഥന മുതൽ അടുത്ത ദിവസത്തെ സന്ധ്യാപ്രാർത്ഥനയ്ക്കു മുമ്പുള്ള സമയം വരെയാണ് ഒരു ദിവസമായി പരിശുദ്ധ സഭ കണക്കു കൂട്ടുന്നത്; ആദിമ നൂറ്റാണ്ടു മുതൽ തന്നെ ഈ സമ്പ്രദായമാണ് ദിവസനിശ്ചയത്തിന് സ്വീകരിച്ചിട്ടുള്ളത്. യഹൂദപാരമ്പര്യത്തിൽ നിന്നു വന്ന ഈ ദിവസം കണക്കാക്കുന്ന രീതിയേക്കുറിച്ച് ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജൂത-റോമാ ചിന്തകനും ചരിത്രകാരനുമായിരുന്ന ജോസഫസ് ഇപ്രകാരം പറയുന്നു: "പുരോഹിതൻ ‘പാസ്റ്റോഫോറിയ’ എന്നറിയപ്പെടുന്ന ഉയർന്ന സ്ഥലത്തു നിന്നുകൊണ്ട് എല്ലാ ഏഴാം ദിവസത്തിന്റേയും തുടക്കത്തിൽ മൂവന്തി സമയത്ത് (പ്രകാശം മറയുന്ന സമയം) ജനങ്ങൾ ജോലിയിൽ നിന്നൊഴിഞ്ഞിരിപ്പാനും അടുത്ത വൈകുന്നേരം ദിവസം അവസാനിക്കുന്ന സമയത്ത് വീണ്ടും ജോലിയിൽ പ്രവേശിക്കാനുമുള്ള അറിയിപ്പു നൽകിക്കൊണ്ട് കാഹളനാദം പുറപ്പെടുവിക്കും". {William Whiston (translator), The Complete Works of Flavius Josephus, Thompson & Thomas, Chicago, 1901, p. 634}. ഇങ്ങനെ ദിവസം കണക്കാക്കുന്ന രീതിവച്ച് കുമ്പിടീലും ക്രമീകരിക്കേണ്ടതാണ്. ഉദാഹരണത്തിന് ഞായറാഴ്ച അസ്തമിച്ചുള്ള സന്ധ്യാപ്രാർത്ഥന, ഒമ്പതാംമണി നേരത്തെ പ്രാർത്ഥനയോടുകൂടിയാണ് ആരംഭിക്കുന്നതെങ്കിൽ ആ ഒമ്പതാംമണി നേരത്തെ പ്രാർത്ഥന ഞായറാഴ്ചയുടേതാകയാൽ അതിനു കുമ്പിടീലില്ല. എന്നാൽ സന്ധ്യാപ്രാർത്ഥന തിങ്കളാഴ്ചയുടേതാകയാൽ കുമ്പിടുകയും വേണം. ശനിയാഴ്ച അസ്തമിച്ചുള്ള പ്രാർത്ഥനയിൽ ഒമ്പതാംമണി നേരത്തെ പ്രാർത്ഥനയ്ക്ക് കുമ്പിടണം. എന്നാൽ സന്ധ്യാപ്രാർത്ഥന മുതൽ അടുത്ത ഒമ്പതാംമണി നേരത്തെ പ്രാർത്ഥന വരെ കുമ്പിടീലില്ല; അത് ഞായറാഴ്ചയുടെ പ്രാർത്ഥനയാണ്.

കുമ്പിടീല്‍ യാമ പ്രാര്‍ത്ഥനയില്‍
ഒരു വലിയ നോമ്പിന്‍റെ അടക്കം യാമപ്രാര്‍ത്ഥനയില്‍ കുമ്പിടീല്‍ എത്ര എണ്ണമുണ്ടന്ന് നോക്കുക യാമപ്രാര്‍ത്ഥന ഇങ്ങനെ ഒരു ദിവസം 8 യാമമുണ്ടെങ്കിലും 7 യാമ പ്രാര്‍ത്ഥനകള്‍ പരിശുദ്ധ സഭ ക്രമീകരിച്ചിരിക്കുന്നു 7 യാമ പ്രാര്‍ത്ഥനയിലെ പാതിരാനമസ്കാരം മൂന്നായി തിരിച്ച് പ്രാര്‍ത്ഥന പത്താക്കി മനുഷ്യന്‍റെ ''ദശേന്ദ്രിയങ്ങളെ'' ഉദ്യേശിച്ച് പ്രാര്‍ത്ഥന പത്താകുന്നൂ ഒരെണ്ണം കുറഞ്ഞാല്‍ ഒരിന്ദ്രിയത്തിന് കുറവും കുറ്റകരവും അതായത് ഒരുവീടിന് പത്ത് പുറം വാതിലുണ്ടന്ന് വിചാരിക്കുക 9 എണ്ണവും പൂട്ടി ഒരെണ്ണം തുറന്നിട്ടാല്‍ എന്ത് ഫലം? അതാണ് യാമ പ്രാര്‍ത്ഥനയില്‍ ഒന്ന് കുറഞ്ഞാല്‍ തുറന്ന വാതില്‍ പിശാചിന് പ്രവേശന കവാടമാകും എന്നര്‍ത്ഥം. ഭക്ഷണം നിയന്ത്രണം വലിയ നോമ്പിലും മൂന്ന് നോമ്പിലും മാത്രമല്ല എല്ലാ ബുധനാഴ്ചയും വെളളിയാഴ്ചയും ശ്ലീഹാ നോമ്പിലും ശൂനോയോ നോമ്പില്‍ കാനോനികമല്ലങ്കിലും 8 നോമ്പിലൊക്കെ ഭക്ഷണ  നിയന്ത്രണത്തോടെ പ്രാര്‍ത്ഥനയാണ് പിതാക്കന്മാർ ക്രമീകരിച്ചിരിക്കുന്നത്. അതായത് ആണ്ടില്‍ ഏകദേശം 150 ഓളം ദിവസം ഭക്ഷണ നിയന്ത്രണത്തിലും പ്രാര്‍ത്ഥനയോടുളള ഉപവാസ നോമ്പിലും ആണെങ്കില്‍ എന്ത് ആരോഗ്യ പ്രശ്നം വരാനാണ്? പ്രാര്‍ത്ഥനയുടെ ക്രമീകരണം തന്നെ രണ്ടു രീതിയില്‍ പിതാക്കന്മാർ വ്യാഖ്യാനിക്കുന്നു ഒന്ന് വിത്തുകളെ പ്രതി മറ്റൊന്ന് കര്‍ത്താവിന്‍റെ കഷ്ടാനുഭവവുമായിട്ട് ബന്ധിപ്പിച്ച് എത്രയോ അര്‍ത്ഥവത്തായിയാണ് ഇതെല്ലാം ക്രമീകരിച്ചിരിക്കുന്നത് എന്നാല്‍ പലര്‍ക്കും ഇതറിയില്ല എന്നത് പോട്ടെ, പുശ്ചവുമാണ് അവര്‍ക്ക് ഭക്തിയേയുളളൂ, വിശ്വാസമില്ല അതാണ് കാരണം. വലിയ നോമ്പില്‍ ഉപവാസവും കുമ്പിടീലുമുളളത് 40-ാം വെളളിയാഴ്ചയ്ക്കുളളില്‍ 23 ദിവസം ശനിയാഴ്ചയും ഞായറാഴ്ചയും പാതിബുധനാഴ്ചയും വചനിപ്പ് പെരുന്നാള്‍ ദിവസവും വിശുദ്ധ കുര്‍ബ്ബാനയുളളതിനാല്‍ ഉപവാസവും കുമ്പിടീലുമില്ല. ശനിയാഴ്ചയും ഞായറാഴ്ച വചനിപ്പ് ദിവസവും പെരുന്നാള്‍ ദിവസവും സാധാരണ ദിവസത്തെ പ്രാര്‍ത്ഥനയുമാണ് നടത്താറ്. ഹാശാ ആഴ്ചയിലെ തിങ്കളാഴ്ച മുതല്‍ വെളളിയാഴ്ച വരെ (ദുഃഖവെളളി) കുമ്പിടീലുണ്ട് ദുഃഖ ശനിയാഴ്ച പ്രാര്‍ത്ഥന ഹാശായുടെയാണെങ്കിലും കുമ്പിടീലില്ല  ദുഃഖവെളളിയാഴ്ചയും മാര്‍ച്ച് 25 എന്നിവ ഒരേ ദിവസം വന്നാല്‍ അന്ന് പെരുന്നാള്‍  നമസ്കാരം ചൊല്ലി കുര്‍ബ്ബാന (കാരണം വചനിപ്പ് പെരുന്നാളാണ്) ചൊല്ലണം 9-ാം മണി നടത്തി സ്ലീബാ വന്ദനവിന്‍റെ ക്രമം നടത്തി കബറടക്ക ശുശ്രൂഷ നടത്തിയാല്‍ മതി. 9-ാം മണി കഴിഞ്ഞുളള ഭാഗത്ത് കുമ്പിടീല്‍ മതി എന്നതാണ് പരിശുദ്ധ അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ രീതി. അതനുസരിച്ച് ഏകദേശം 3000 കുമ്പിടീല്‍ മൊത്തം (പ്രൊമ്യോയോനുകള്‍ മുഴുവന്‍ ചൊല്ലിയുളള ശുശ്രൂഷയില്‍ മൊത്തമായിട്ട് വരും) സാധാരണ ജനത്തിന് 2800ഉം ഭക്ഷണനിയന്ത്രണത്തോടെ ഒരാള്‍ നിന്നുകൊണ്ട് പ്രാര്‍ത്ഥനയും ഓരോ കൗമായ്ക്കും (നില്‍ക്കുക എന്നര്‍ത്ഥം) മുട്ട് കുത്തി കൈപ്പത്തി ചുരുട്ടി നെറ്റി തറയില്‍ മുട്ടിച്ച് കുമ്പിടീല്‍ നടത്തുമ്പോള്‍ ശരീരത്തിലെ സകല അവയവങ്ങളും ഒരുപോലെ പ്രവര്‍ത്തിക്കുകയും വലിയ വ്യായാമം ശരീരത്തിന് കിട്ടുന്ന ഗുണമുണ്ടാവുകയും പ്രാര്‍ത്ഥന ആത്മീയ ഉണര്‍വ്വ് നല്‍ക്കുകയും ചെയ്യുന്നു. ഫലമോ, ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും ശമനമുണ്ടാകും. ഒരാണ്ടില്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്ന ദിവസങ്ങളും മോറാനായ ദിവസങ്ങളും (എല്ലാ ഞായറാഴ്ചയും ശനിയാഴ്ചയും മറ്റ് വിശേഷ ദിവസങ്ങളിലും) ഉയിര്‍പ്പിന് ശേഷം പെന്തകോസ്തിവരെയും കുമ്പിടീലില്ല ഏകദേശം ആണ്ടിന്‍റെ പകുതി ദിവസം ബാക്കി പകുതി ദിവസവും കുമ്പിടീലുണ്ട് (മുസ്ലീമുകള്‍ ചെയ്യുന്നത് പോലെയല്ല കുമ്പിടീല്‍ സുറിയാനി സഭ ചെയ്യുന്നത് നിവര്‍ന്ന് നിന്ന ശേഷം മുട്ട് കുത്തി കൈപ്പത്തി ചുരുട്ടി പിടിച്ച് തല തറയില്‍ മുട്ടിച്ചാണ് കുമ്പിടീല്‍ ഓരോ പ്രാവശ്യവും കുമ്പിടീല്‍ കഴിഞ്ഞ് ആള്‍ എണീറ്റ് നിവര്‍ന്ന് നിന്നാണ് കുമ്പിടീല്‍ ആവര്‍ത്തിക്കുന്നത്) അത് പ്രാര്‍ത്ഥനയോടെയാണെങ്കില്‍ അതിന്‍റെ ആത്മീയ ശക്തിയും ശരീര സുഖവും വലുതാണ് സാധാരണ ദിവസം 60 കുമ്പിടീലുണ്ട് നോമ്പില്‍ അത് 100 വലിയ നോമ്പില്‍ ഇങ്ങനെ 60×23=1380, 40×23
= 920 ആകെ 2300 ഹാശാ ആഴ്ച  85×5=425 പ്രൊമിയോനുകള്‍ ചൊല്ലിയാല്‍ 260 എണ്ണം ചേര്‍ത്ത് ഹാശാ ആഴ്ച 5 ദിവസം 425+260=685 അങ്ങനെ വലിയ നോമ്പില്‍ മാത്രം 2300+685= 2985 അതായത് ഏകദേശം 3000 എണ്ണം 3 നോമ്പിന്‍റെ മൂന്ന് ദിവസവും 40×3=120+ 3×60=180 കുമ്പിടീല്‍. ആകെ എല്ലാം ചേര്‍ത്ത് മോറാനായ ദിവസം കിഴിച്ച് 200 ദിവസം 200×60=12000+3000+120=15120 കുമ്പിടീല്‍. ഇത് കൃത്യമായി ചെയ്യുന്നവന് അമിതമായ തീറ്റയും തിന്ന് കൊളസ്ട്രോളും പിടിപ്പിച്ച് കൊച്ചുവെളുപ്പാന്‍ കാലത്ത് തെരുവ് പട്ടി കടിക്കാന്‍ വരുന്നുണ്ടോന്ന് പേടിച്ച് നോക്കി പെരുവഴിയിലിറങ്ങി ''ജോഗിംഗിന്' പോകേണ്ട കാര്യമില്ല.  സുറിയാനി സഭ എത്ര, കൃത്യമായി ശരീരവും മനസ്സും നിയന്ത്രണത്തില്‍ കൊണ്ടുവരാനുതകുന്ന രീതിയില്‍ പ്രാര്‍ത്ഥനയും പ്രവര്‍ത്തിയും ഒരുമിപ്പിച്ച് യാമപ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചു. അത് തിരിച്ചറിയാത്ത വൈദികരും ജനവും ശരീരത്തിന്റെ രോഗം കുറയ്ക്കാന്‍ കസര്‍ത്തോട് കസര്‍ത്ത് തന്നെ. വെണ്ണ വീട്ടിലിരിക്കുമ്പോള്‍ നെയ്യ് തേടി അലയുന്നവന്‍റെ അവസ്ഥയിലായി ജനവും പുരോഹിതന്മാരും.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • എബ്രായരിലെ ക്രിസ്തു.
  • അത്യാഗ്രഹം
  • നാവ് എന്ന തീ
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.
  • സുറിയാനി സഭയും കൊന്തയും.
  • തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • ‘ഓഫ്രത്താ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
  • കന്തീല ശുശ്രൂഷ.
  • വലിയ നോമ്പ് എന്ന വലിയ അനുഭവം
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • വാദെ ദൽമീനോ - ഒരു പഠനം - നടപടിക്രമം.
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • സുറിയാനി സഭയിൽ കിഴക്കിന്റെ പ്രാധാന്യം
  • ഇരുമ്പും വിദ്യയും ഇരിക്കെ കെടും.
  • സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • കുറ്റമെല്ലാം അച്ചനിരിക്കട്ടെ.
  • 72 പദവികള്‍
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • വെളിപ്പാടു പുസ്തകത്തിൽ ഏഴു ഭാഗ്യവാന്മാരെക്കുറിച്ചു പറയുന്നു.
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?
  • ഫെബ്രുവരി 22 ശ്ലീഹന്മാരില്‍ തലവനായ പത്രോസിന്‍റെ അന്ത്യോഖ്യാ സിംഹാസന സ്ഥാപനദിനം. (പാത്രിയര്‍ക്കാ ദിനം)
  • ബൈബിളിലെ അസാധാരണ സംഭവങ്ങൾ.
  • ആരാധനയിലെ അപക്വമായ ആലാപന ശൈലി.
  • കുണ്ടറ സെന്റ് തോമസ് വലിയ പള്ളി (Kundara St.Thomas Church).
  • മാവുർബോ
  • ബൈബിൾ പുസ്തകങ്ങളും വിഷയവും
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • ബർന്നബ്ബാസ് - പ്രബോധനപുത്രൻ.
  • പൗരോഹിത്യ ശ്രേണികൾ.
  • ഭവന ശുദ്ധീകരണം.
  • വലയ വെള്ളിയാഴ്ച
  • പ്രധാന മാലാഖമാർ
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • "ഗാഫോർ"
  • അമാലോക്യരെ തോല്പിപ്പിൻ
  • കൂദാശകൾ 'ഷോ'കളാക്കരുത്

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved