ഓരോരുത്തരുടേയും വിശ്വാസത്തിന് പല അളവുകളാണുള്ളത്. വിശ്വാസത്തിനെ നാല് തലങ്ങളായി തിരിക്കാം. അല്പവിശ്വാസം, വിശ്വാസം, വലിയ വിശ്വാസം, അതിവിശുദ്ധ വിശ്വാസം.
1) അല്പവിശ്വാസം.
യേശു ശിഷ്യരുമായി പടകിൽ പോകുമ്പോൾ യേശു പടകിന്റെ അമരത്ത് തലയിണ വച്ച് ഉറങ്ങുകയായിരുന്നു. ഒരു പടകിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് അമരം. അമരത്ത് യേശുവുണ്ടെങ്കിൽ ശിഷ്യർക്ക് ഭയപ്പെടേണ്ട കാര്യമില്ലായിരുന്നു. കാരണം യേശു മയങ്ങാതേയും ഉറങ്ങാതേയും നമ്മെ പരിപാലിക്കുന്നവനാണ്. കാറ്റും കൊടുങ്കാറ്റും ആഞ്ഞടിച്ചപ്പോൾ ശിഷ്യരുടെ വിശ്വാസം പതറിപ്പോയി അവർ ഭയപ്പെട്ടു നിലവിളിച്ചു "നാഥാ! ഞങ്ങൾ നശിച്ചു പോകുന്നതിൽ നിനക്ക് വിചാരം ഇല്ലേ" എന്ന് പറഞ്ഞു. യേശു ഉണർന്ന്, കാറ്റിനേയും കടലിനേയും ശാന്തമാക്കി. പ്രതിസന്ധികളിൽ പതറിപ്പോകുന്നതാണ് അല്പവിശ്വാസം.
2) വിശ്വാസം.
രക്തസ്രവമുള്ള സ്ത്രീ യേശുവിന്റെ തൊങ്ങൽ തൊട്ടാൽ തനിക്ക് സൗഖ്യം ലഭിക്കുമെന്ന് വിശ്വസിച്ച് പുരുഷാരത്തിനിടയിലൂടെ പിറകിൽക്കൂടി വന്ന് അവൻ്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു. യേശു തിരിഞ്ഞ് അവളോട് പറഞ്ഞു.
“മകളെ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു” എന്നു പറഞ്ഞു; ആ നാഴികമുതൽ സ്ത്രീക്കു സൗഖ്യം വന്നു". മത്തായി 9:22.
3) വലിയ വിശ്വാസം.
യേശു സോർ, സീദോൻ എന്ന പ്രദേശത്തേക്ക് വന്നപ്പോൾ ഒരു കനാന്യസ്ത്രീ വന്ന് അവനോട് കർത്താവേ! ദാവീദ് പുത്രാ! എന്നോട് കരുണ തോന്നണമേ, എൻ്റെ മകൾക്ക് ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്ന് നിലവിളിച്ചു പറഞ്ഞു. യേശു ഒരു വാക്കും അവളോട് പറഞ്ഞില്ല. അവൾ അവൻ്റ പിന്നാലെ നിലവിളിച്ചുകൊണ്ടുവന്നു. അപ്പോൾ യേശു അവളോട് ഇസ്രായേൽ ജനത്തിനു വേണ്ടിയാണ് താൻ വന്നിരിക്കുന്നത് എന്നും മക്കളുടെ അപ്പം നായ്ക്കുട്ടികൾക്ക് കൊടുക്കാറില്ല എന്നും പറഞ്ഞപ്പോൾ അവൾ ഇങ്ങനെ പറഞ്ഞു.
"അതേ, കർത്താവേ! നായ്ക്കുട്ടികളും ഉടയവരുടെ മേശയിൽനിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു. യേശു അവളോടു: “സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടേ” എന്നു ഉത്തരം പറഞ്ഞു. ആ നാഴികമുതൽ അവളുടെ മകൾക്കു സൗഖ്യം വന്നു". മത്തായി 15:27,28.
ശപിക്കപ്പെട്ട പാരമ്പര്യമുള്ള വംശത്തിൽ പിറന്നവളാണ് കനാന്യസ്ത്രീ. ഈ ശാപം കനാന്യർക്ക് വന്നത് നോഹയുടെ കാലത്താണ്. നോഹ വീഞ്ഞു കുടിച്ച്, ലഹരി പിടിച്ചുറങ്ങിയപ്പോൾ നോഹയുടെ വസ്ത്രം നീങ്ങി കിടന്നു.കനാൻ്റെ പിതാവായ ഹാം തൻ്റെ പിതാവിന്റെ നഗ്നതയെ അനാവ്രതമാക്കി. നോഹ ലഹരി വിട്ടുണർന്നപ്പോൾ ഹാം ചെയ്തത് അറിഞ്ഞു അവൻ്റെ മകനായ കനാനെ ശപിച്ചു. അങ്ങനെ ശാപം ഏറ്റുവാങ്ങിയ വംശത്തില്പെട്ട കനാന്യ സ്ത്രീ യേശുവിനെ ദാവീദ് പുത്രനെന്ന് സംബോധന ചെയ്തു. മാത്രമല്ല, യേശുവാകുന്ന നുറുക്കപ്പെടുവാൻ പോകുന്ന അപ്പത്തിൻ്റെ അവകാശിയായി തീരുകയും ചെയ്തു. കനാന്യ സ്ത്രീയിൽ യേശു കണ്ടത് വലിയ വിശ്വാസം.
4) അതിവിശുദ്ധ വിശ്വാസം.
വിശ്വാസതലങ്ങളുടെ പരമോന്നത പദവിയാണ് അതിവിശുദ്ധ വിശ്വാസം. അല്പവിശ്വാസികളാകാതെ നാം വിശ്വാസികളാണം. വിശ്വാസത്തിൽ ഒതുങ്ങാതെ വലിയ വിശ്വാസത്തിന് ഉടമകളാകണം. അവസാനം നമ്മിൽ അതിവിശുദ്ധ വിശ്വാസമുണ്ടാകണം.
"നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മിക വർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും നിത്യജീവന്നായിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണയ്ക്കായി കാത്തിരുന്നുകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ. യൂദാ 1:20,21.
ഈ വിശ്വാസം നമ്മിലുണ്ടായാൽ നാം ദൈവമഹത്വം ദർശിക്കും പഴയനിയമ ആരാധനയിൽ ആലയത്തിൽ പ്രാകാരം വിശുദ്ധ സ്ഥലം, അതിവിശുദ്ധ സ്ഥലം എന്ന മൂന്ന് സ്ഥലങ്ങളുണ്ടായിരുന്നു. അതിവിശുദ്ധ സ്ഥലത്ത് മഹാപുരോഹിതന് മാത്രമല്ലാതെ മറ്റാർക്കും പ്രവേശനമില്ലായിരുന്നു. കർത്താവിന്റെ ദേഹമെന്ന തിരശ്ശീല കീറിയപ്പോൾ ദേവാലയത്തിലെ തിരശ്ശീലയും കീറപ്പെട്ടു. അതിവിശുദ്ധ വിശ്വാസമുള്ളവർ ദൈവത്തിന്റെ കൃപാസനത്തിലേക്ക് കടന്നുവരും. അവിടെ കർത്താവിന്റെ സാന്നിധ്യമിറങ്ങും. ഇന്ന് നാം അകലം പാലിക്കേണ്ടവരല്ല. കർത്താവ് എല്ലാവർക്കും സമീസ്ഥനാണ്. അതിവിശുദ്ധ വിശ്വാസത്തിലേക്ക് കടന്നു വന്നാൽ പ്രതിസന്ധികളാകുന്ന മഹാപർവ്വതങ്ങൾ തകർന്നു വീഴും. പ്രശ്നങ്ങളാകുന്ന മലകൾ കടലിൽ ചാടും. ചെങ്കടലിൽ വഴിയുണ്ടാകും. യരീഹോ മതിലുകൾ തകരും. ഈ ലോകത്തിലെ ഒരു അന്ധകാര ശക്തിക്കും ഒരു പ്രതികൂലത്തിനും നമ്മെ തോല്പിക്കുവാൻ കഴികയില്ല. അതിനാൽ അതിവിശുദ്ധ വിശ്വാസം പ്രാപിച്ച് ദൈവമഹത്വം ദർശിക്കാം.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.